Image

 നിറമില്ലാത്ത ചോക്ളേറ്റ് (കഥ: നൈന മണ്ണഞ്ചേരി)

Published on 15 January, 2023
 നിറമില്ലാത്ത ചോക്ളേറ്റ് (കഥ: നൈന മണ്ണഞ്ചേരി)

ട്രെയിനിൽ തിരക്കു കുറവായിരുന്നു.തോരാതെ പെയ്യുന്ന മഴ കാരണം ഷട്ടർ താഴ്ത്തിയിട്ടിരിക്കുകയായിരുന്നു.മഴ തിമർത്തു പെയ്യുന്നുണ്ടെങ്കിലും  അകത്ത് വല്ലാത്ത ചൂടു  തോന്നി.പതിയെ ഷട്ടർ പൊക്കിയപ്പോൾ മഴത്തുള്ളികൾ അകത്തേക്ക് ഇരച്ചു കയറി.എതിർ വശത്തിരുന്ന വൃദ്ധൻ അസ്വസ്ഥതയോടെ കൈകൾ ഉയർത്തി ഷട്ടർ താഴ്ത്തിയിടാൻ ആംഗ്യം കാട്ടി.തെല്ലു നീരസത്തോടെയാണേങ്കിലും അയാൾ ഷട്ടർ താഴ്ത്തി.അപ്പോഴാണ് അയാൾ  ആ വൃദ്ധനെ ശ്രദ്ധിക്കുന്നത്.ഇയാൾ ഒറയ്ക്കേ ഉള്ളോ, ഈ പ്രായത്തിൽ രാത്രി ട്രെയിനിൽ അയാൾ എങ്ങോട്ട് പോകുന്നു...അയാളുടെ മനസ്സിൽ സംശയങ്ങൾ നിറഞ്ഞു.കുറെ കഴിഞ്ഞപ്പോൾ മഴ കുറഞ്ഞു. വന്നു.

വല്ലാതെ വിശക്കുന്നുണ്ട്.അയാൾ ബാഗിൽ കരുതിയിരുന്ന ചോറ് പൊതി അഴിച്ചു.അപ്പോഴാണ്  വൃദ്ധനെ വീണ്ടും നോക്കുന്നത്,ഇതു വരെ ഒരു തുള്ളി വെള്ളം പോലും അയാൾ കുടിച്ചു കണ്ടില്ല. ചോറാണെങ്കിൽ  രണ്ടു പേർക്ക് കഴിക്കാനുള്ളതുണ്ട്.ബാഗിൽ ഉണ്ടായിരുന്ന പേപ്പർ പ്ളെയിറ്റ് എടുത്തു പകുതി ചോറ് അയാളുടെ സീറ്റിനരുകിൽ വെച്ചു.അയാൾ വേണ്ടെന്ന് ആംഗ്യം കാട്ടി.എങ്കിലും അതിനും മേലെയായിരുന്നു അയാളുടെ വിശപ്പും ദാഹവുമെന്ന് അയാളുടെ ദുർബ്ബലമായ ആംഗ്യത്തിൽ നിന്ന് മനസ്സിലായി.,അതു കൊണ്ടു തന്നെ അയാൾ പിന്നെ ഒന്നും പറയാതെ ചോറു വാരി കഴിച്ചു.

വെള്ളം നീട്ടിയപ്പോഴും എതിർത്തൊന്നും പറാതെ അയാൾ വാങ്ങി..

അയാൾക്ക് ഇറങ്ങാനുള്ള സ്ഥലം ആയപ്പോഴേക്കും വൃദ്ധൻ തളർന്ന് ഉറങ്ങാൻ തുടങ്ങിയിരുന്നു. അയാളുടെ അടുത്തു ചെന്ന് പറഞ്ഞു .’’ഞാൻ അടുത്ത സ്റ്റേഷനിൽ ഇറങ്ങും അമ്മാവന് എവിടെയാണിറങ്ങേണ്ടത്””

ചോദ്യം വ്യക്തമാകാതിരുന്നിട്ടാണോ,എന്തോ അയാൾ മറുപടിയൊന്നും പറഞ്ഞില്ല.

സ്റ്റേഷൻ അടുത്തപ്പോൾ അയാൾ എഴുന്നേറ്റു.’’സ്റ്റേഷനിൽ ആരെങ്കിലും വിളിക്കാൻ വരുമോ?’’  അതെ എന്ന അർത്ഥത്തിൽ വൃദ്ധൻ തലയാട്ടി.പിന്നെ മടിയിൽ നിന്ന് എന്തോ എടുത്ത്  കയ്യിൽ തന്നു.ചുളുങ്ങിത്തുടങ്ങിയ കടലാസിൽ പൊതിഞ്ഞ രണ്ടു മിഠായികൾ..ചോദ്യ ഭാവത്തിലുള്ള അയാളുടെ നോട്ടം കണ്ടാകാം വൃദ്ധൻ പറഞ്ഞു ’’ഇന്നെന്റെ മകന്റെ ജന്മദിനമാണ്..ഞാൻ അവന് വേണ്ടി പ്രാർത്ഥിക്കാൻ അടുത്ത സ്റ്റേഷനിലെ അമ്പലത്തിൽ പോയിട്ട് വരികയാ,നിങ്ങളും അവന് വേണ്ടി പ്രാർത്ഥിക്കണം’’

അപ്പോഴേയ്ക്കും  ഇറങ്ങാനുള്ള സ്റ്റേഷനെത്തി.ട്രെയിൻ പതിയെ ട്രാക്കിനോട് ചേർന്നു നിന്നപ്പോൾ അയാളിറങ്ങി.വെറുതെ തിരിഞ്ഞു നോക്കുമ്പോഴുണ്ട് ആ വൃദ്ധൻ തൊട്ടു പുറകെ നടന്നു വരുന്നു.’’അമ്മാവന് ഇവിടെയായിരുന്നോ ഇറങ്ങേണ്ടത്,എന്നിട്ട് പറഞ്ഞില്ലല്ലോ..?’’

 വൃദ്ധൻ ഒപ്പം വരാൻ അയാൾ നടത്തം പതിയെയാക്കി.’’മോൻ വിളിക്കാൻ വരുമോ?,ഇവിടെ നിന്ന് ഒത്തിരി ദൂരമുണ്ടോ  വീട്ടിലേക്ക്?’’

ചോദ്യങ്ങൾക്ക് മറുപടിയൊന്നും പറയാതെ തളർന്നിട്ടെന്ന പോലെ അയാൾ നിന്നു.’’മോൻ നിൽക്കണമെന്നില്ല,അവിടെയാണ് ഞാൻ താമസിക്കുന്നത്.’’ അയാൾ ചൂണ്ടിക്കാണിച്ച റെയിൽവേ പാളത്തിനപ്പുറം കാണുന്ന കെട്ടിടത്തിന്റെ ബോർഡ് അയാൾ വായിച്ചു ’’അഗതി മന്ദിരം;’’

അവിശ്വസനീയതയോടെ അയാൾ വൃദ്ധനെ നോക്കി.’’ വർഷങ്ങളായി ഞാൻ അവിടത്തെ അന്തേവാസിയാണ് മോനെ,ആകെ പുറത്തു പോകുന്നത് എന്റെ മകന്റെ ജന്മദിനത്തിന് അടുത്ത സ്റ്റേഷനിലെ അമ്പലത്തിൽ പ്രാർത്ഥിക്കാൻ മാത്രം..ഒരു ട്രെയിന് ഇവിടുന്ന് അങ്ങോട്ട് പോകും,അടുത്ത ട്രെയിന് തിരിച്ച് ഇങ്ങോട്ടും വരും..’’

‘’മകൻ എവിടെയാണ്?അവന്റെ ജന്മദിനമായിട്ട് അവനോടൊപ്പമല്ലേ ആഘോഷിക്കേണ്ടത്..’’

അൽപ്പ നേരത്തെ നിശബ്ദതയ്ക്ക് ശേഷം അയൾ പറഞ്ഞു.   ’’ മകൻ ഇവിടെത്തന്നെയുണ്ട്.അവൻ  വീട്ടിൽ  കുടുംബ സമേതം ആഘോഷിക്കുന്നുണ്ടാവും,എന്നോട് എന്തൊക്കെ കാണിച്ചാലും എനിക്ക് വെറുക്കാൻ കഴിയില്ലല്ലോ?എന്റെ ആകെയുള്ള മകനല്ലെ..’’ 
അതു പറഞ്ഞു തീരുമ്പോഴേക്കും അയാളുടെ വാക്കുകൾ ഇടറി.’’എന്നാൽ മോൻ പൊയ്ക്കോ,എനിക്ക് നടന്നു പോകാനേയുള്ളു..’’ പാളം കടന്ന് അഗതി മന്ദിരത്തിലേക്ക് പതിയെ പതിയെ നടന്നു പോകുന്ന അയാളെ നോക്കി നിൽക്കുമ്പോൾ   അയാളുടെ കണ്ണുകൾ നിറഞ്ഞു.

# story by naina mannancheri

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക