Image

ഓട്ടൻതുള്ളൽ (കവിത: ദീപ ബിബീഷ് നായർ)

Published on 15 January, 2023
ഓട്ടൻതുള്ളൽ (കവിത: ദീപ ബിബീഷ് നായർ)

ഉണ്ടുരചെയ്യാനിന്നൊരു കാര്യം
പണ്ടേ ചൊല്ലാൻ വൈകിയതാണേ

കേരം വിളയും നമ്മുടെ നാട്ടിൽ
നേരിൻ വിത്തുകൾ കാണാനുണ്ടോ?

പഴമൊഴി പലതും ഉണ്ടെന്നാലും
പറയാതെങ്ങനെ പോകാനിവിടെ?

പറയുംനേരമറിഞ്ഞില്ലെന്നാൽ
ചൊറിയും നേരമതറിയും പലതും

ശിവ .. ശിവ .
പുതുപുതുവാർത്തകൾ ചൂടപ്പം പോൽ
വിറ്റഴിയുന്നു ,വാശിയിലല്ലോ

താടിവളർത്തും കക്ഷികൾ പലരും
കോടികൾ നേടും കഥയാണല്ലോ

കെട്ടിച്ചമയും നർത്തനവേദിയിൽ
മട്ടൻ തിന്നാമെന്നൊരു കൂട്ടർ

പഴയതുമാറി പുതിയതു വന്നാൽ
പലതും മാറും, വേറൊരു കൂട്ടർ

മാറ്റം നല്ലതുവേണം ഉലകിൽ
നാറ്റം വയ്ക്കാതല്ലോ വേണം

പുലികൾ, നരികൾ, പന്നിക്കൂട്ടം
കാട്ടാനകളോ നാട്ടിലിറങ്ങി

വഴികൾ തോറും പട്ടിക്കൂട്ടം
വട്ടു പിടിച്ചതു പോലെ നടപ്പൂ

കൂട്ടം ചേർന്നവരൊന്നായല്ലോ
കടിപിടിയാണൊരു രക്ഷയുമില്ല

കാലം മാറീ നാട്ടിൽ പൊതുവേ
കോലം കെട്ടു നടക്കണു പലരും

കടകൾ, പീടിക നാട്ടിൽ മുഴുവൻ
കഞ്ചാവിന്നൊരു പുളിമുട്ടായി

നാക്കിലലിച്ചു കളിക്കാം വേണേൽ
നാക്കിന്നടിയിലൊളിപ്പിച്ചിടാം

ബോധവുമില്ലാ ഫ്രീക്കന്മാർക്കോ
വെള്ളമടിക്കാൻ ഫ്രീക്കികൾ വേറെ

കയ്യേലുള്ളൊരു കളറിൻ ഫോണിൽ
തോണ്ടി നടക്കും വ്യാധിയുമുണ്ടേ

പണ്ടൊരു കാലത്തൊറ്റയൊരുത്തൻ
മിണ്ടി നടന്നാൽ ഭ്രാന്തവനല്ലോ

ഇന്നോ...,
ഇന്നോ മിണ്ടാതൊന്നു നടന്നാൽ
മണ്ടച്ചാരവനെന്നൊരു വയ്പും

ഇന്നീക്കാണും കലികാലത്തിൽ
മുന്നിൽ നടക്കാനെന്തും ചെയ്യാം......

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക