മൂന്നുമുതല്‍ അഞ്ചുവരെയുള്ള സാക്ഷികളുടെ മൊഴികള്‍ സമാനമായി മാത്രമേ അഡ്വ. രാമന്‍ മേനോന് തോന്നിയുള്ളു. ഒരേ കാര്യങ്ങള്‍, ഒരേ രീതിയില്‍ അഥവാ ഒരേ ശൈലിയില്‍ അവര്‍ കോടതി മുമ്പാകെ പറഞ്ഞു. മാര്‍ക്കോസിന്റെ മൊഴിയില്‍ മാത്രം ഒരു വൈരുദ്ധ്യം മേനോനു കണ്ടെത്താന്‍ കഴിഞ്ഞു. ജൂദാസ് ചുംബനം കൊണ്ട് യേശുവിനെ കാണിച്ചുകൊടുത്തു എന്ന് മറ്റു രണ്ടുപേരും പറഞ്ഞപ്പോള്‍ തികച്ചും വ്യത്യസ്തമായ ഒരു കഥയാണ് മാര്‍ക്കോസിനു പറയാനുണ്ടായിരുന്നത്. തന്നെ അന്വേഷിച്ചു വന്ന ആള്‍ക്കൂട്ടത്തോട് യേശുദേവന്‍ തന്നെ നിങ്ങള്‍ ആരെ അന്വേഷിക്കുന്നു എന്ന് ചോദിച്ചുവത്രേ! നസ്രേത്തുകാരനായ യേശുവിനെ എന്ന് ആള്‍ക്കൂട്ടം പറഞ്ഞപ്പോള്‍ നിങ്ങള്‍ അന്വേഷിക്കുന്നയാള്‍ ഞാന്‍ തന്നെ എന്നു യേശു സ്വയം പരിചയപ്പെടുത്തിയെന്നാണ് മാര്‍ക്കോസിന്റെ ഭാഷ്യം.
മറിയാ ഫെര്‍ണാണ്ടസ് തെല്ലൊരസ്ഥതയോടുകൂടിയാണ് അന്ന് ഉണര്‍ന്നത്. കഴിഞ്ഞ രാത്രി സേവിച്ച വീര്യം കൂടിയ വീഞ്ഞിന്റെ മത്തുകൊണ്ടായിരിക്കാം. എവിടെയാണ് കിടക്കുന്നത് എന്നുപോലും ഓര്‍മ്മിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. ശരീരത്തില്‍ അനുഭവപ്പെട്ട വേദന അവരെ വര്‍ത്തമാനകാലത്തിലേക്ക് കൊണ്ടുവന്നു.
താഴെ കിടന്നിരുന്ന സില്‍ക്ക് വസ്ത്രം അലക്ഷ്യമായി വാരി പുതച്ചശേഷം അവര്‍ ഒരു സിഗരറ്റിനു തീ കൊളുത്തി. ഒരേ സമയം സന്തോഷവതിയും ദു:ഖിതയുമായിരുന്നു അവള്‍. താന്‍ ജോലി ചെയ്യുന്ന കമ്പനിക്കുവേണ്ടി കോടികളുടെ ഒരു പ്രോജക്ട് നേടിയെടുക്കുവാന്‍ കഴിഞ്ഞതില്‍ അവള്‍ക്കു ചാരിതാര്‍ത്ഥ്യമുണ്ടായിരുന്നു. ദേഹമാസകലം അവള്‍ക്ക് വേദന തോന്നി. അല്ലെങ്കിലും, ഈ അറബികള്‍ വളരെ പരുഷമായേ പെരുമാറുകയുള്ളു. തനിക്കു ലഭിച്ച വിലകൂടിയ സമ്മാനങ്ങള്‍ വാരിയുടെത്ത് തന്റെ മുറിയിലേക്കു പോകാന്‍ അവള്‍ വട്ടം കൂട്ടി. സിംഗപ്പൂരിലെ സ്വപ്നനക്ഷത്ര ഹോട്ടലിലായിരുന്നു അവള്‍. ഉച്ചയോടെ അവള്‍ക്കു തന്റെ കോര്‍പ്പറേറ്റ് ഓഫീസിലെത്തിയേ മതിയാവൂ. കമ്പനിയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസറായ അവള്‍ക്ക് മറ്റു പ്രധാനപ്പെട്ട കസ്റ്റമേഴ്‌സിനെ കണ്ടു അവരുടെ ബിസ്സിനസ്സും നേടിയെടുക്കേണ്ടതുണ്ടായിരുന്നു. നഗരങ്ങളില്‍ നിന്നു നഗരങ്ങളിലേക്കുള്ള പ്രയാണം കൊണ്ട് തിരക്കേറിയതായിരുന്നു അവളുടെ ജീവിതം.
കതകില്‍ ചെറുതായി മുട്ടുന്ന ശബ്ദം കേട്ട് അവള്‍ സ്തംഭിച്ചു നിന്നു. താന്‍ ഈ മുറിയില്‍ ഉണ്ട് എന്ന കാര്യം രഹസ്യമായിരുന്നു. മറ്റൊരു പേരിലായിരുന്നു അവര്‍ ഹോട്ടലില്‍ തങ്ങിയിരുന്നത്. മാത്രവുമല്ല, ശല്യപ്പെടുത്തരുതെന്നുള്ള ബോര്‍ഡും മുറിയുടെ പുറത്ത് പ്രദര്‍ശിപ്പിച്ചിരുന്നു. ആരായിരിക്കും പുറത്ത്? പെട്ടെന്ന് തന്റെ വസ്ത്രങ്ങള്‍ ധരിച്ച് വാതില്‍ തുറന്ന അവള്‍ തികച്ചും അപരിചിതനായ ഒരു വ്യക്തിയെ ആണ് കണ്ടത്.
മഗ്ദലനയില്‍ 12-ാം വാര്‍ഡില്‍ 14-ാം നമ്പറില്‍ താമസിച്ചിരുന്ന മറിയ?
മറിയ ആഗതനെ ഒന്നു കൂടി വീക്ഷിച്ചു. താന്‍പോലും മറുന്നുകഴിഞ്ഞിരുന്ന തന്റെ ഭൂതകാല വാസസ്ഥലം പറയുന്ന അപരിചിതനെ അവള്‍ സംശയത്തോടെ നോക്കി. 'ഒരു സമന്‍സുണ്ട്. ജറുസലേമിലെ രണ്ടാം നമ്പര്‍ ഖആകസ്‌പെഷ്യല്‍ കോടതിയില്‍ അടുത്ത മാസം 15-ാം തീയതി'.
അപരിചിതന്‍ നീട്ടിയ രണ്ടു പേപ്പറുകളിലൊന്നില്‍ ഒപ്പിട്ടു നല്‍കിയശേഷം, തനിക്കു ലഭിച്ച കവര്‍ പൊട്ടിച്ചു വായിച്ച മറിയ, യേശു എന്ന വാക്കു കണ്ട് അറിയാതെ പറഞ്ഞുപോയി.
“Oh! Jesus, He was a nice chap”.