മഞ്ഞുകാലം പോലെയാകെ തണുക്കവേ-
വന്ന് പോകുന്നുണ്ട് വാക്ക്
കാറ്റിനെ കൈയില്‍ കുടഞ്ഞിട്ട് പോകുന്ന
ആറ്റുവക്കിന്‍ പടിക്കെട്ടില്‍!
ആമ്പലിന്‍ പൂവുമായ് പണ്ട് ബാല്യത്തിനെ
ആറ്റിക്കുറുക്കുന്ന നേരം
പിന്നില്‍ നിന്നെയ്തവര്‍ തല്ലിക്കൊഴിച്ചിട്ട-
മഞ്ഞുപൂവൊന്നുണ്ട് മണ്ണില്‍
സ്വപ്നങ്ങളെല്ലാമുടഞ്ഞ് പോയെങ്കിലും-
ചിത്രം വരയ്ക്കുന്ന വാക്ക്
വാക്കില്‍ നിന്നോരോ മുഖങ്ങളും മായുന്ന-
ഗോത്രപ്പകപ്പുറപ്പാടില്‍
നിത്യം പലായനം ചെയ്യുന്ന ദിക്കുകള്‍
കത്തിച്ച് തീര്‍ക്കുന്ന കാലം
മഞ്ഞുകാലത്തിന്റെ ചില്ലയില്‍ പാടുവാന്‍
ഒന്നുമില്ലെന്നൊരു പക്ഷി!
കൂടിന്റെ നാലകത്തോരോ പരാതിയും
നീറിപ്പിടഞ്ഞുനില്‍ക്കുമ്പോള്‍
പാടാത്ത പാട്ടുകള്‍ കേള്‍ക്കുവാനെന്ന പോല്‍-
വാതിലില്‍ മുട്ടുന്ന വാക്ക്!
വാക്കേ! ഇതാണിന്ന് മഞ്ഞുകാലം ധ്യാന-
ലീനം ഒരല്പം ഇരിക്കൂ
നമ്മള്‍ക്ക് വീണ്ടും പുനര്‍ജനിക്കാം പോയ-
ജന്മത്തിലെ വാശി പോലെ
നമ്മള്‍ക്ക് വീണ്ടും തളിര്‍ക്കാം മഴയ്ക്കുള്ളില്‍-
ഒന്നിച്ചിരുന്ന് പാടാം
ഓരോ ഋതുക്കളും ഭാഷയില്‍, പൂക്കളില്‍
വേറിട്ട് നില്‍ക്കുന്ന പോലെ.
ഈ ധ്യാനവും, മഞ്ഞുകാലവും മെല്ലെ നാം
ഭൂമിയോടൊപ്പം സഹിക്കാം...
==========================================