Image

ഒരു വാക്കു പോലും പറയാതെ.. (ഓർമ്മ: നൈന മണ്ണഞ്ചേരി)

Published on 19 January, 2023
ഒരു വാക്കു പോലും പറയാതെ.. (ഓർമ്മ: നൈന മണ്ണഞ്ചേരി)

 പ്രശസ്ത നോവലിസ്റ്റായിരുന്ന രാജലക്ഷ്മിയുടെ 58 ആം ചരമ വാർഷികത്തിന്റെ ഓർമ്മപ്പെടുത്തൽ ഇ മലയാളിയിൽ വായിച്ചപ്പോഴാണ് അകാലത്തിൽ കടന്നു പോയ മറ്റൊരു കവയിത്രിയുടെ ചരമദിനമായിരുന്നല്ലോ കഴിഞ്ഞ ദിവസം എന്നോർമ്മിച്ചത്,മരിച്ചു കഴിഞ്ഞുമാത്രം കവയിത്രിയാണെന്ന് തിരിച്ചറിഞ്ഞ പ്രിയ കവി നന്ദിത.നന്ദിതയുടെ 23ആം ചരമ ദിനമായിരുന്നു ജനുവരി 17.

 1969 മെയ് 21ന്  വയനാട് ജില്ലയിലെ മടക്കിമലയിൽ ശ്രീധരമേനോന്റെയും പ്രഭാവതി മേനോന്റെയും മകളായാണ് നന്ദിത ജനിച്ചത്..പഠനത്തിൽ മികവു പുലർത്തിയ. നന്ദിത വയനാട്ടിൽ തന്നെ അദ്ധ്യാപികയായി ജോലിയിൽ പ്രവേശിച്ചു.ഒരു ജനുവരി പതിനേഴാം തീയതി പതിവു പോലെ അത്താഴവും കഴിഞ്ഞ് കിടക്കാൻ പോകുന്നതിനു മുമ്പ് അമ്മയോട് നന്ദിത പറഞ്ഞു.’’അമ്മേ,എനിക്കൊരു ഫോൺ വരും,അത് ഞാൻ തന്നെ അറ്റൻഡ് ചെയ്തോളാം..’’

 പക്ഷേ ആ ഫോൺ കോൾ വന്ന ശേഷമാണോ എന്നറിയില്ല  അർദ്ധരാത്രി മകളെ അന്യേഷിച്ചെത്തിയ അമ്മ കണ്ടതാകട്ടെ സാരിത്തുമ്പിൽ ജീവിതമൊടുക്കിയ മകളെയും .മകളുടെ മരണ ശേഷം ഏറെ നാളുകൾ കഴിഞ്ഞാണ് ഒരു ഡയറിയിൽ കുറിച്ചിട്ട നന്ദിതയുടെ കവിതകൾ അച്ഛനും അമ്മയും കണ്ടെത്തുന്നത്.ആ കവിതകൾ പ്രശസ്ത നിരൂപകനായ ഡോ..എം.എം.ബഷീറിനെ അവർ കാണിച്ചു.അദ്ദേഹം മുൻ കൈ എടുത്താണ് ‘’നന്ദിതയുടെ കവിതകൾ’’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്.

 ചോര കിനിയുന്ന പ്രണയവും മരണത്തിന്റെ ഗന്ധവും നിറഞ്ഞു നിൽക്കുന്നവയാണ് നന്ദിതയുടെ കവിതകൾ.കവയത്രി ജീവിച്ചിരുന്നപ്പോൾ ഈ കവിതകളൊന്നും വായിക്കാൻ കഴിഞ്ഞില്ലല്ലോ എന്നതാണ് അനുവാചകന്റെ ദു:ഖം.ഇന്നും അനുവാചകർ നെഞ്ചിലേറ്റിയ കവിതകളായി നന്ദിതയുടെ കവിതകൾ നില കൊള്ളുന്നു.

എന്തിനുവേണ്ടി നന്ദിത മരണത്തെ പ്രണയിച്ചെന്നോ മരണത്തെ സ്വയം വരിച്ചെന്നോ എന്നത് ഇന്നും ദൂരൂഹമായ സമസ്യയായി നില നിൽക്കുന്നു.ആ കവിതകളിൽ മരണത്തിന്റെ ഒരു ആവരണം എപ്പോഴും പൊതിഞ്ഞു നിൽക്കുന്നു.ജന്മദിനത്തെപാറി തന്റെ ജന്മദിനത്തിൽ നന്ദിത കുറിച്ച വരികൾ നോക്കൂ.

‘’എന്റെ ജന്മദിനം എന്നെ അസ്വസ്ഥതയാക്കുന്നു..

അന്ന്..ഇളം നീല വരകളുള്ള വെളുത്ത കടലാസ്സിൽ

നിന്റെ ചിന്തകൾ പോറി വരച്ച്

എനിക്ക് നീ ജന്മദിന സമ്മാനം തന്നു.

തീയായിരുന്നു നിന്റെ തൂലിക തുമ്പിൽ

എന്നെ  ഒരുക്കാൻ പോന്നവ..

അന്ന് തെളിച്ചമുള്ള പകലും നിലാവുള്ള രാത്രിയുമായിരുന്നു.’’

  ഇംഗ്ളീഷിലും മലയാളത്തിലും നന്ദിത കവിതകൾ എഴുതി.ഡയറിയിലെ വിവരങ്ങളിൽ നിന്നും മനസ്സിലാകുന്നത് .1987ൽ ഇംഗ്ളീഷിലാണ് നന്ദിത ആദ്യത്തെ കവിതയെഴുന്നത് എന്നാണ്. മരണാഭിമുഖ്യം ഓരോ കവിതളിലും കാണാം.1989ൽ എഴുതിയ ഒരു കവിത നോക്കൂ..

’’പുറത്തു നിന്ന് ഇഴഞ്ഞെത്തുന്ന അന്തി വെളിച്ചം

എന്തിനെന്നെ വിലക്കുന്നു.

വിദ്വേഷം നിറഞ്ഞ കണ്ണുകൾക്ക് താഴെ

പുഞ്ചിരിക്കുന്ന ചുണ്ടുകളില്ലാത്തൊരു ലോകത്തിലേക്ക്

എനിക്ക് രക്ഷപെടണം…

ഞാൻ യാത്രയാരംഭിക്കട്ടെ,എന്റെ വേരുകൾ തേടി..’’

  നന്ദിതയുടെ വരികളിലൂടെ കടന്നുപോകുമ്പോൾ എന്തിനാണ് ഈ കവയത്രി ഇത്ര വേഗം ജീവിതം അവസാനിപ്പിച്ചു കളഞ്ഞതെന്ന് ഒരു നഷ്ടബോധത്തോടെ നമ്മൾ ചിന്തിച്ചു പോകും.അകാലത്തിൽ പറന്നു പോയ ആ ചിത്രശലഭത്തെ ഓർത്ത് ഒരു തുള്ളി കണ്ണു നീരെങ്കിലും നാം പൊഴിക്കാതിരിക്കില്ല.എല്ലാവർക്കും അവൾ എത്ര മാത്രം പ്രിയപ്പെട്ടവളായിരുന്നതു കൊണ്ടാണല്ലോ ഇന്നും എല്ലാ ജനുവരി 17നും നന്ദിത പഠിപ്പിച്ചിരുന്ന കോളേജിൽ മുടങ്ങാതെ അനുസ്മരണം സംഘടിപ്പിച്ചു വരുന്നത്.

കുറച്ചു നാൾ മുമ്പ് നന്ദിതയുടെ ജീവിതം സിനിമയാക്കാൻ ഒരു ശ്രമം നടന്നപ്പോൾ അതിലേക്കായി നന്ദിതയെപ്പറ്റി ഒരു ഗാനം എഴുതിക്കൊടുക്കാൻ സംവിധായകൻ എന്നോട് പറഞ്ഞു..

’’ഒരു വാക്കു പോലും പറയാതെ.

മനസ്സിന്റെ കിളി വാതിലടയ്ക്കാതെ

ഒരു മഞ്ഞു തുള്ളി തൻ നനവായി

എവിടേയ്ക്കു പോയെന്റെ പ്രിയ തോഴീ..’’
                എന്ന് തുടങ്ങുന്ന ഗാനം എഴുതി കൊടുക്കാൻ എനിക്ക് അധികം ആലോചിക്കേണ്ടി വന്നില്ല.അത്രമേൽ എനിക്ക് മാത്രമല്ല മലയാളികൾക്കാകെ പ്രിയപ്പെട്ടവളായിരുന്നല്ലോ അകാലത്തിൽ പറന്നു പോയ നന്ദിതയെന്ന ആ ചിത്രശലഭം.. 

# Novalist Rajalexmi death anniversory

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക