Image

എല്ലാം തട്ടിപ്പുകൾ (നടപ്പാതയിൽ ഇന്ന്- 65: ബാബു പാറയ്ക്കൽ)

Published on 19 January, 2023
എല്ലാം തട്ടിപ്പുകൾ (നടപ്പാതയിൽ ഇന്ന്- 65: ബാബു പാറയ്ക്കൽ)

വലിയ തട്ടിപ്പുകാരൻ എന്ന് മാധ്യമങ്ങൾ വിശേഷിപ്പിച്ച പ്രവീൺ റാണയെ പോലീസ് അറസ്റ്റ് ചെയ്‌തു. ഇവർ ഇന്ത്യയുടെ ഭാവിയെയാണ് നശിപ്പിച്ചത്. ഇപ്പോൾ ഒരു ഡോളറിന് 82 രൂപ വിനിമയ നിരക്കിൽ നിൽക്കുമ്പോൾ ഇന്ത്യ അമേരിക്കയെക്കാൾ സാമ്പത്തികമായി എത്ര ദുർബ്ബലമാണെന്നു പറയേണ്ടതില്ലല്ലോ. എന്നാൽ നാളെ ഒരു രൂപയ്ക്ക് 82 ഡോളർ ലഭിക്കുന്ന ഒരാവസ്ഥയുണ്ടായാൽ ഇന്ത്യയുടെ നില എവിടെയായിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ? അതു സംഭവിക്കില്ല എന്നല്ലേ എല്ലാവരും പറയുക! എന്നാൽ അത് യാഥാർഥ്യമാക്കാനാണ് പ്രവീൺ റാണ കഠിനാദ്ധ്വാനം ചെയ്‌തത്‌. എന്നാൽ, മലയാളികൾ വിടുമോ? എല്ലാവരും പറഞ്ഞു അയാൾ തട്ടിപ്പുകാരനാണെന്ന്. 


അയാൾക്ക് ഒരു ബിസിനസിന് കുറച്ചു തുക സമാഹരിക്കേണ്ടതുണ്ടായിരുന്നു. ആകർഷകമാം വിധം പലിശ അയാൾ വാഗ്‌ദാനം ചെയ്‌തു. ബാങ്കിൽ നാലു ശതമാനം മാത്രം പലിശ ലഭിക്കുമ്പോൾ റാണ വാഗ്‌ദാനം ചെയ്തത് 48 ശതമാനം പലിശയാണ്. ഇത്ര എളുപ്പത്തിൽ പണം സമ്പാദിക്കാമെങ്കിൽ എന്തിന് അമാന്തിക്കണം? ഔദ്യോകികമായി 152 കോടി അങ്ങനെ ഇയാൾ സമാഹരിച്ചത്രേ. അനൗദ്യോഗികമായി അത് 500 കോടിയോളം വരുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. 
ഏറ്റവും ഒടുവിൽ പിടിക്കപ്പെടുമെന്നുറപ്പായപ്പോൾ അയാൾ ഒളിവിൽ പോയി. പാറമടയിൽ പാത്തിരുന്ന റാണയെ പോലീസ് പൊക്കി. ഇപ്പോൾ മാധ്യമങ്ങൾ ചോദിക്കുന്ന ചോദ്യം, 'മലയാളികൾ ഇത്ര പൊട്ടന്മാരാണോ?' എന്നാണ്. ഇത് കേട്ടാൽ തോന്നും പ്രവീൺ റാണയാണ് ആദ്യമായി മലയാളികളെ കബളിപ്പിച്ച ആൾ എന്ന്. ഇത് കാലങ്ങളായുള്ള തുടർക്കഥയിലെ ഒരദ്ധ്യായം മാത്രമാണെന്ന കാര്യം എന്തേ എല്ലാവരും മറക്കുന്നു? 
ആട്, മാട്, മാഞ്ചിയം, എവറസ്റ്റ്, പോപ്പുലർ അങ്ങനെ എത്ര എത്ര കബളിപ്പിക്കൽ പദ്ധതികൾക്കാണ് മലയാളികൾ തല വച്ചു കൊടുത്തിരിക്കുന്നത്? കൂടുതൽ വേഗം ധനികനാകണമെന്നുള്ള അത്യാഗ്രഹമാണ് ഇവരുടെയൊക്കെ കക്ഷത്തിൽ തല വച്ചുകൊടുക്കാൻ മലയാളികളെ പ്രേരിപ്പിക്കുന്നത്. ഭാര്യയുടെ കെട്ടുതാലിയും കുട്ടികളുടെ അരഞ്ഞാണച്ചരടും വരെ വിറ്റ് കിട്ടുന്ന പണം ഇങ്ങനെ നിക്ഷേപിക്കുന്നു. ഒടുവിൽ എല്ലാം നഷ്ടപ്പെട്ടു കഴിയുമ്പോൾ അതിനും പരിഹാരം കണ്ടു വച്ചിട്ടുണ്ട്. ആത്മഹത്യ!


മലയാളികളോടാ കളി എന്നൊരു ചോദ്യവും!
ഇനി മറ്റൊരു സംഭവത്തിലേക്കു വിരൽ ചൂണ്ടട്ടെ. കോഴിക്കോട് ഒരു പള്ളിയിൽ ഒരാൾ ഒരു മെഴുകുതിരിയുടെ സെറ്റ് സംഭാവനയായി നൽകി. ചുമതലപ്പെട്ടവർ അത് ആദ്യഫലമായി ലേലത്തിൽ വച്ചു. സംഘാടകൻ പറഞ്ഞു, 'ഇതിന്റെ വില 1500 രൂപയാണ്. എന്നാൽ ആരെങ്കിലും അതിൽ കൂട്ടി വിളിച്ചാൽ അവരുടെ പേരിൽ പള്ളിയിൽ അത് രേഖപ്പെടുത്തും. അത് ബലിപീഠത്തിൽ വയ്ക്കാനാണ്. അവിടെയിരുന്നാൽ അത് നൽകുന്ന ആളിന് അനുഗ്രഹം ഒഴുകിക്കൊണ്ടേയിരിക്കും’ എന്ന്. കേൾക്കാത്ത താമസം, ഒരാൾ ഉടനെ 2000 രൂപ എന്ന് വിളിച്ചുപറഞ്ഞു. പിന്നെ ഒരു പോക്കായിരുന്നു. രണ്ടു മിനിറ്റുകൊണ്ട് അത് അഞ്ചു ലക്ഷത്തിലെത്തി! പിന്നെ നീട്ടിയില്ല. അഞ്ചു ലക്ഷം കൊടുത്ത് ഒരാൾ അതിന്റെ ദാതാവായി. അദ്ദേഹം എന്താണ് ചിന്തിക്കുന്നത്? ഇത്രയും കൊടുത്തതു കൊണ്ട് സ്വർഗ്ഗരാജ്യത്തിൽ അദ്ദേഹത്തിന് പ്രത്യേകം സൗകര്യങ്ങൾ നിക്ഷേപമായി ഏർപ്പെടുത്തിയിരിക്കുന്നു എന്നല്ലേ?  
എല്ലാ മതങ്ങളുടെയും ദേവാലയങ്ങളിൽ ഇതിനു വ്യത്യാസമില്ല. എന്തുകൊണ്ടാണ് ആളുകൾ ദേവാലയത്തിനു വാരി കോരി കൊടുക്കുന്നത്? അതുവഴി ഈശ്വരന്റെ പ്രത്യേക പ്രീതിക്ക് പാത്രമായി വലിയ അനുഗ്രഹങ്ങൾ അവർ പ്രതീക്ഷിക്കുന്നു. അതാണ് മതം അവരെ പഠിപ്പിച്ചിരിക്കുന്നത്. 


എന്താണ് മെഴുകുതിരികൾ ദേവാലയങ്ങളിൽ ഉപയോഗിക്കുന്നതിന്റെ അർഥം? പന്ത്രണ്ടാം നൂറ്റാണ്ടു മുതലാണ് മെഴുകുതിരിയുടെ ഉപയോഗം ദേവാലയങ്ങളിൽ പരക്കെ ആരംഭിക്കുന്നത്. വിശുദ്ധ കുർബ്ബാനയുടെ ആരംഭത്തിൽ ആദിമ നൂറ്റാണ്ടുകളിൽ പീഡനം അനുഭവിച്ചു രക്തസാക്ഷിയായവരെ സ്മരിക്കാൻ വേണ്ടിയാണ് മെഴുകുതിരികൾ ബലിപീഠത്തിൽ അർപ്പിച്ചിരുന്നത്. അതുപോലെ, ആദിമകാലങ്ങളിൽ ക്രിസ്തീയ പീഢനം നിലനിന്നിരുന്ന കാലത്ത് എണ്ണവിളക്കിന്റെയോ മെഴുകുതിരിയുടെയോ വെട്ടത്തിൽ ഗുഹകളിലും രാത്രികാലങ്ങളിലുമാണ് പലയിടത്തും ആരാധന നടത്തിയിരുന്നത്. ഈ പാരമ്പര്യത്തെ ഓർക്കാനും ദേവാലയത്തിൽ ആരാധനയ്ക്കു മുൻപ് മെഴുകുതിരികൾ കത്തിച്ചിരുന്നു. 


'ഞാൻ ലോകത്തിന്റെ പ്രകാശം ആകുന്നു' എന്ന യേശുവിന്റെ വചനവും ഇതിന്റെ അടിസ്ഥാനമാക്കി ചിലർ ഇതിന്റെ പശ്ചാത്തലം സ്ഥാപിച്ചു. മെഴുകുതിരി ക്രിസ്‌തീയ ജീവിതത്തിന്റെ പ്രതീകമായിട്ടാണ് ചിലർ വിശദീകരിക്കുന്നത്. മറ്റുള്ളവർക്കു പ്രകാശം ചൊരിഞ്ഞു സ്വയം  ജീവിതം എരിഞ്ഞു തീരുക എന്നത് ക്രിസ്തുസ്നേഹത്തിന്റെ സാക്ഷ്യമാണ്. എന്നാൽ പിന്നീട് അതിനു നാനാർത്ഥങ്ങൾ നൽകി മെഴുകുതിരിയുടെ ഉപയോഗം വാണിജ്യവൽക്കരിക്കപ്പെട്ടു. മരിച്ചവരുടെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാനും പരീക്ഷകളിൽ വിജയിക്കാനും രോഗശാന്തിക്കു വേണ്ടിയും മറ്റ് ഉദ്ദിഷ്ടകാര്യസാധ്യത്തിനുവേണ്ടിയും മെഴുകുതിരികൾ കത്തിക്കേണ്ടതാണെന്നു വിശ്വാസികളോട് പറഞ്ഞതനുസരിച്ച്‌  ഈ സമ്പ്രദായം പരക്കെ സ്വീകാര്യമായി. ദേവാലയങ്ങളിലെ മെഴുകുതിരിയുടെ ഉപയോഗം മാത്രം ഇന്ന് എത്രയോ കോടികളുടെ ബിസിനസ്സാണ്!


മത നേതാക്കൾ വിശ്വാസികളോടു പറയുന്നത് ഇത് തന്നെയാണ്. നിങ്ങൾ ഞങ്ങളിൽ എത്രയും കൂടുതൽ നിക്ഷേപിക്കുന്നുവോ അത്രയും കൂടുതൽ സൗകര്യങ്ങൾ നിങ്ങൾക്കു മരണാനന്തരം സ്വർഗ്ഗത്തിൽ ലഭിക്കും. പ്രവീൺ റാണ പറഞ്ഞതുപോലെ 48 ശതമാനമല്ല, അൻപതും അറുപതും നൂറും മേനിയാണ്! പാവം വിശ്വാസികൾ അത് വിശ്വസിച്ചു കൊണ്ട് നിക്ഷേപിക്കുന്നു. കൂണു പോലെ മുളച്ചിരിക്കുന്ന ധ്യാനകേന്ദ്രങ്ങളും രോഗശാന്തി ശുശ്രൂഷകരും എല്ലാം പറയുന്നത് ഒന്നു തന്നെ. ശബരിമലയിൽ നേർച്ചയായി അർപ്പിക്കുന്ന കോടികളും പരുമലയിൽ അർപ്പിക്കുന്ന ലക്ഷങ്ങളും തിരുപ്പതിപോലെയുള്ള ക്ഷേത്രങ്ങളിൽ നിക്ഷേപിക്കുന്ന ശത കോടികളും എല്ലാം ഇങ്ങനെ വലിയ 'റിട്ടേൺസ്' പ്രതീക്ഷിച്ചു നിക്ഷേപിക്കുന്നവയാണ്. 


ഇതേ തിയറിയാണ് ആൾദൈവങ്ങളും വച്ചു പുലർത്തുന്നത്. അവരെ അന്ധമായി വിശ്വസിക്കുന്നവർ കഠിനാധ്വാനം ചെയ്‌തും പട്ടിണി കിടന്നും  സമ്പാദിക്കുന്ന സ്വത്തൊക്കെ അവർക്കു കൊണ്ടുപോയി നൽകുന്നു, മരണാനന്തര ജീവിതം സമ്പുഷ്ടമാക്കാം എന്ന ഉറച്ച വിശ്വാസത്തിൽ. പ്രവീൺ റാണയെപ്പോലുള്ളവർ പിടിക്കപ്പെടുന്നു. ആൾ ദൈവങ്ങളോ മത നേതാക്കളോ പിടിക്കപ്പെടുന്നില്ല. ഇവർ തമ്മിലുള്ള വ്യത്യാസം ഒന്നേയുള്ളൂ. പ്രവീൺ റാണയുടെ നിക്ഷേപകർ ജീവിച്ചിരിക്കുമ്പോൾ തന്നെ തട്ടിപ്പു തിരിച്ചറിയുന്നു. എന്നാൽ മരണാനന്തര മോക്ഷത്തിൽ നിക്ഷേപിച്ചവരാരും 'അവർ വാക്കു പാലിച്ചില്ല' എന്ന പരാതിയുമായി ഇതുവരെ വന്നിട്ടില്ല. പണം നഷ്ടപ്പെട്ടവർക്ക് പരാതിയില്ലെങ്കിൽ പിന്നെ കേസെടുക്കാനും വകുപ്പില്ലല്ലോ! 


ഇത് തന്നെയാണ് രാഷ്ട്രീയക്കാരും ചെയ്യുന്നത്. കിറ്റ് കൊടുത്തിട്ട് 'നിങ്ങൾ ഞങ്ങൾക്ക് വോട്ടു ചെയ്‌തു ജയിപ്പിക്കുക. ഞങ്ങൾ വന്നാൽ എല്ലാം ശരിയാകും. നിങ്ങളുടെ കഷ്ടപ്പാടുകളെല്ലാം മാറും' എന്ന വാഗ്‌ദാനം വിശ്വസിച്ചു ജനങ്ങൾ വോട്ടു ചെയ്‌തു ജയിപ്പിക്കുന്നു. അധികാരം കയ്യിൽ കിട്ടിക്കഴിഞ്ഞാൽ ജനങ്ങൾക്ക് മനഃസമാധാനം വേണമെങ്കിൽ പാർട്ടി പത്രം മാത്രം വായിക്കണം എന്ന അവസ്ഥയാകും. എല്ലായിടത്തും ജനങ്ങൾ കബളിപ്പിക്കപ്പെടുകയാണ്. തിരിച്ചറിയാൻ കഴിയാതെ പോകുന്നത് മലയാളിയുടെ അത്യാർത്തി ഒന്നുകൊണ്ടു മാത്രമാണ്. അപ്പോൾ പിന്നെ ‘അനുഭവിച്ചോ’ എന്നല്ലാതെ എന്താ പറയുക!

# Nadappathayil Innu-babu parackel

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക