Image

ഓര്‍മ്മകള്‍ : (കവിത :ദീപ ബിബീഷ് നായര്‍)

ദീപ ബിബീഷ് നായര്‍ Published on 19 January, 2023
ഓര്‍മ്മകള്‍ : (കവിത :ദീപ ബിബീഷ് നായര്‍)

ചെമ്മണ്‍ വിരിച്ചൊരാ പാതയ്ക്കിരുവശം
ചെമ്പകം പൂത്തു തളിര്‍ത്തു നില്‍ക്കേ
എന്തിനോ വേണ്ടിയെന്‍ മാനസം പിന്നിലെ
ചിന്തകളെല്ലാമഴിച്ചുവിട്ടു

ആര്‍പ്പുവിളിച്ചു കൊണ്ടാരോ വരുന്നുണ്ട്
ആകെ കലപിലയാണു തമ്മില്‍
കുട്ടിയും കോലും കളിയ്ക്കാനവരതാ
കെട്ടു പൊട്ടിച്ചപോലെത്തിയല്ലോ

റോഡിന്‍ നടുവില്‍ കൊടികള്‍ പറത്തിയാ
കുട്ടി നേതാക്കള്‍ നടക്കണുണ്ടേ
നാടിന്റെ നാളത്തെ വാഗ്ദാനമാണവര്‍
നീളത്തിലെന്തോ പുലമ്പണുണ്ട്

മുട്ടൊപ്പം പാവാട ചുറ്റിയ കുട്ടികള്‍
കല്ലുകളിയ്ക്കുന്നൊരോരത്തായി
അഞ്ചുകല്ലിന്‍കൂട്ടം തേടിയെടുത്തവര്‍
അഞ്ചാറുവട്ടം കളിച്ചിടുന്നു

ദൂരെയോ കാളവണ്ടിക്കൂട്ടമൊന്നായി
മെല്ലെയടുത്തു വരികയല്ലോ
കോവിലിനപ്പുറം പാടത്തില്‍ കൊയ്ത്തു
കഴിഞ്ഞൊരാ നെല്ലും നിറച്ചു കൊണ്ടേ

പമ്പരം കൈയ്യിലായേറ്റിക്കൊണ്ടു കുഞ്ഞു
കുട്ടികളൊക്കെ കളിപ്പതുണ്ട്
തട്ടിത്തടഞ്ഞവര്‍ താഴെയോ വീണിട്ടും
തട്ടുകൂടാതെ കളിക്കണുണ്ട്

പായല്‍ പിടിച്ച കുളത്തില്‍ കളിച്ചതാ
ചാടിത്തിമിര്‍ക്കുന്നു കൂട്ടരെല്ലാം
രാവും പകലുമറിയാത്ത ബാല്യത്തിന്‍
നേരായ ചിത്രങ്ങള്‍ക്കെന്തു ഭംഗി

മുന്നിലായാരോ വിളിക്കുന്ന കേട്ടു ഞാന്‍
ഞെട്ടിത്തരിച്ചങ്ങുണര്‍ന്ന പോലെ
ആരുമില്ലീവീഥിയോ വെറും ശൂന്യമി-
ന്നോര്‍മ്മകള്‍ ചുറ്റും പരന്നതല്ലോ

 ദീപ ബിബീഷ് നായര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക