കേരളത്തിലെ വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനം കണ്ട് ചിരിച്ചുമണ്ണുകപ്പുന്ന എന്നെപ്പോലുള്ള എത്രയെത്ര സ്ത്രീകള്‍ !.ആര്‍ത്തവകാലത്തെ പിരിമുറുക്കം നേരിടാന്‍ മൂന്നു നാളത്തെ അവധി പ്രഖ്യാപിക്കുകയാണ് കേരളം. ആദ്യം കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കാണ് ലോട്ടറിയടിച്ചത്. ഇനി കേരളത്തിലെ മറ്റു ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ എല്ലാ യൂണിവേഴ്‌സിറ്റികളും തങ്ങളുടെ വിദ്യാര്‍ത്ഥിനികളെ ' ഭാഗ്യവതി 'കളാക്കും. ആര്‍ത്തവാവധി പരിഗണിച്ച് 75 ശതമാനത്തിനു പകരം 73 ശതമാനം ഹാജര്‍ മതി അവര്‍ക്കു പരീക്ഷ എഴുതാന്‍. എന്തൊരു സൗമനസ്യം അല്ലേ..!.സ്ത്രീ ശ്ക്തീകരണമാണേ്രത ഈ അവധി.
എല്ലാമാസവും അവര്‍ക്ക് മുടങ്ങാതെ ആര്‍ത്തവം വന്നെന്ന് മറ്റുള്ളവര്‍ക്ക് ഉറപ്പാക്കാനുള്ള തന്ത്രം എന്നൊക്കെ ചിന്തിക്കുന്നവരും ഇന്നാട്ടില്‍ ഉണ്ടേ. രാധികയെ മൂന്നു നാളായി കണ്ടില്ലല്ലോ ,അവള്‍ക്ക് പീരിയഡ്‌സാവും എന്നൊക്കെ ആണ്‍സഹപാഠികള്‍ പറഞ്ഞു രസിക്കട്ടെ. മാഗി ഈ മാസം മൂന്നുദിവസം അവധിയെടുത്തില്ല, അപ്പോ അവള്‍ക്ക് മാസമുറ വന്നില്ലാരിക്കും, എന്തോ പണി ഒപ്പിച്ചുകാണും എന്നൊക്കെ കമന്റുപറയാനുള്ള അവസരം സര്‍ക്കാരായി കല്‍പ്പിച്ചു കൊടുക്കാന്‍ പോകയാണ്. ആര്‍ത്തവ ദിനങ്ങളില്‍ പെണ്‍കുട്ടികള്‍ അര്‍മാദിക്കട്ടെ. ആണ്‍കുട്ടികള്‍ അസൂയപ്പെടട്ടെ. കാരണം ആ പാവത്തുങ്ങള്‍ക്ക് മാസമുറ ഇല്ലല്ലോ !.
ഒരു മാസമുറയില്‍ തട്ടി പേടിച്ചു സമ്മര്‍ദ്ദപ്പെട്ട് ചത്തുപോകുന്ന പെണ്‍കുട്ടികളാണോ കേരളത്തിലുള്ളത്. ഭൂമിയില്‍ സ്ത്രീ ഉണ്ടായ കാലം മുതല്‍ അവള്‍ക്കൊപ്പമുള്ള സഹയാത്രികയാണ് മാസമുറ. പത്തുപന്ത്രണ്ടു വയസ്സു മുതല്‍ ഒപ്പം തുടങ്ങുന്ന യാത്ര അമ്പതുകളോടെ അവസാനിക്കുന്നു. പെണ്ണിനെ പെണ്ണാക്കുന്ന മായാജാലക്കാരിയാണ് ആര്‍ത്തവം. അവളെ അമ്മയാക്കുന്നതില്‍ അതു വഹിക്കുന്ന പങ്ക് എത്ര വലുതാണ്. ആര്‍ത്തവം അത്ര സുഖകരമല്ല. അത് സത്യം. ആ ദിനങ്ങളില്‍ കഠിമായ വയറുവേദനയും ശാരീരിക അസ്വസ്ഥതകളും സ്വാഭാവികം. എന്നു വച്ച് ആരേലും പേടിച്ചോടുന്നുണ്ടോ .ഇല്ല. ആര്‍ത്തവത്തെ പേടിച്ച് ഗര്‍ഭപാത്രം എടുത്തുകളഞ്ഞ ഒരു പെണ്ണിനെയും നമ്മള്‍ക്കറിയില്ല. പ്രസവം ലോകത്തിലെ ഏറ്റവും വലിയ വേദനയാണ്. എന്നു വച്ച് പേടിച്ച് പ്രസവമേ വേണ്ട എന്നു വയ്ക്കുന്ന എത്ര പെണ്ണുങ്ങളുണ്ട് ?. ആര്‍ത്തവ അസ്വസ്ഥതകളും പ്രസവവേദനയുമൊക്കെ സ്ത്രീകളുടെ കൂടപ്പിറപ്പാണ്.അത് അവര് ഒപ്പം കൊണ്ടുനടക്കും. അത് ഏതാണ്ട് വലിയ ബാലികേറാമലയാണെന്നുള്ള രീതിയില്‍ ഒരോ പ്രഖ്യാപനങ്ങള്‍ ആശാസ്യകരമല്ല.
യൂണിവേഴ്‌സിറ്റികളിലെ വിദ്യാര്‍ത്ഥിനികള്‍ക്കുമാത്രമാണ് ഇപ്പോള്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അതെന്താ അവര്‍ക്കു മാത്രമേ മാസമുറയുള്ളോ. ആ ദിവസങ്ങളില്‍ പിരിമുറുക്കവും മാനസ്സിക സമ്മര്‍ദ്ദങ്ങളും വലയ്ക്കുന്നുണ്ടത്രേ. പള്സ്സ്- ടുവരെയുള്ള കുട്ടികളെ അതു വലയ്ക്കില്ലേ. പത്തുവയസ്സിലൊക്കെ ആര്‍ത്തവം തുടങ്ങുന്ന കാലമാണിത്. അവര്‍ക്കാര്‍ക്കും ഈ പ്രശ്‌നങ്ങളുണ്ടാവില്ലെന്നാണോ.. ആ വേദനയും ബുദ്ധിമുട്ടുമൊക്കെ നേരിട്ടാണ് ഈ പൈതങ്ങള്‍ സ്‌കൂളില്‍ പോകുന്നത്. അല്ല, യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ പഠിക്കുന്നവര്‍ക്കേ ആര്‍ത്തവ പിരിമുറുക്കമുണ്ടാവുകയുള്ളോ ?. എത്ര പരിഹാസ്യമാണിത്. ഏറ്റവും സമ്മര്‍ദ്ദം അനുഭവിക്കയും ആത്മഹത്യയില്‍വരെ അഭയം തേടുകയും ചെയ്യുന്ന സമയമാണ് പത്താം ക്‌ളാസ്സിലെ പരീക്ഷക്കാലം. പിന്നെ പ്‌ളസ്സ് -ടു,എന്‍ട്രന്‍സ് കോച്ചിംഗ് ഘട്ടം. ഇതെല്ലാം പിന്നിട്ടവരാണ് ബിരുദ വിദ്യാര്‍ത്ഥികള്‍. മാസമുറക്കാലത്തെ അസ്വസ്ഥതകളെ കൊണ്ടുനടന്ന് അവര്‍ക്കൊരു തഴക്കം വന്നിട്ടുണ്ടാവും. ആര്‍ത്തവകാലത്തെ പിരിമുറുക്കം പരിഹരിക്കാന്‍ യൂണിവേഴ്‌സിറ്റികള്‍ മൂന്നുനാള്‍ അവധി നല്‍കുമ്പോള്‍ നീതികിട്ടാതെ രണ്ടാംകിട പൗരന്‍മാരായി മറ്റു കുട്ടികള്‍ മാറുകയല്ലേ സത്യത്തില്‍.
എന്തിനാണ് ഇപ്പോള്‍ ഇങ്ങനെയൊരു അവധി. ആരുടെ കണ്ടുപിടുത്തമാണിത്. സ്ത്രീയെ അബലകളാക്കി ചിത്രീകരിക്കുന്ന സമീപനമല്ലേ ഇത്. സ്‌പോര്‍ട്‌സ് താരങ്ങള്‍ ആ ദിവസങ്ങളില്‍ പ്രാക്ടീസ് ചെയ്യാതെ കുത്തിയിരിക്കുമോ. ചുമടെടുക്കുന്ന സ്ത്രീകള്‍ നമ്മള്‍ക്കിടയിലുണ്ട്. ആര്‍ത്തവ ദിനങ്ങളില്‍ തൊഴിലുചെയ്യാതിരുന്നാല്‍ അടുപ്പില്‍ തീ പുകയില്ലെന്ന സത്യം അവര്‍ക്കറിയാവുന്നതുകൊണ്ട് എന്നത്തെപ്പോലെ അന്നും അവര്‍ ചുമടെടുക്കും.. പകല്‍ മുഴുവന്‍ ട്രാഫിക്ക് നിയന്ത്രിച്ച് നട്ടുച്ചയുടെ ചൂടും വാഹനങ്ങളുടെ പുകയുമേറ്റ് നടുറോഡില്‍ സമ്മര്‍ദ്ദത്തോടെ ജോലിചെയ്യുന്ന പോലിസുകാരികളുണ്ട്. ആര്‍ത്തവ ദിനങ്ങളില്‍ പിരിമുറുക്കം കുറയ്ക്കാന്‍ സര്‍ക്കാര്‍ അവര്‍ക്ക് അവധി നല്‍കുമോ.. ഓഫീസുകളിലെ വനിതാ ജീവനക്കാര്‍ക്ക് ആര്‍ത്തവമില്ലേ, അവര്‍ക്കും പിരിമുറുക്കം ഇല്ലേ. അതു കുറയ്ക്കാന്‍ അവര്‍ക്കും അവധി നല്‍കുമോ...
പിറകോട്ടു നടന്ന് ഇരുണ്ട കാലത്തിലേക്കു ചേക്കേറാന്‍ മലയാളിസ്ത്രീയെ പഠിപ്പിക്കുകയാണോ ... സ്ത്രീ അബലയാണെന്നു വരുത്തി തീര്‍ക്കാനുള്ള ശ്രമം. തീണ്ടാരിക്കാലത്ത് അടുക്കളയില്‍ കയറാന്‍ അനുവദിക്കാത്ത ആ പഴയ കാലത്തേക്കുള്ള മടക്കയാത്രയിലാണോ നമ്മള്‍.. ഇന്ദിരാഗാന്ധിയും ഝാന്‍സിറാണിയും ജീവിച്ച നാടാണിത്. പിരിമുറുക്കങ്ങളെ കൊണ്ടുനടന്ന് രാജ്യഭരണം നടത്തിയ മഹതികള്‍. അവര്‍ക്കൊന്നുമില്ലാരുന്നോ ആര്‍ത്തവവുംആ നാളുകളിലെ അസ്വസ്ഥതകളും. വിമാനം പറപ്പിക്കുന്ന വനിതാ പൈലറ്റുമാര്‍ക്കില്ലേ ആര്‍ത്തവം. അതുകൊണ്ട് ആ മൂന്നു ദിവസങ്ങളില്‍ അവര്‍ ഡ്യൂട്ടിയില്‍ കയറാതിരിക്കുമോ. ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കു മാത്രം എന്താ കൊമ്പുണ്ടോ..
കേരളത്തിലെ പെണ്‍കുട്ടികള്‍ ഇപ്പോള്‍ നേരിടുന്ന പ്രശ്‌നം ആര്‍ത്തവകാല വേദനയെന്നാണോ വരുത്തിത്തീര്‍ക്കുന്നത്.. രാസലഹരി നമ്മുടെ കാമ്പസ്സുകളെ ഉന്നം വച്ചുകഴിഞ്ഞു. കഴിഞ്ഞ ആഴ്ച കൊച്ചിയില്‍ പൊലിസ് കസ്റ്റഡിയിലായ പെണ്‍കുട്ടി ടൂവീലറില്‍ രാത്രിമുഴുവന്‍ രാസലഹരി ആവശ്യക്കാര്‍ക്കെത്തിച്ചുകൊടുത്ത് പണം ഉണ്ടാക്കുകയായിരുന്നു. കൗമാരപ്രായക്കാരെ ലഹരിക്കടിമകളാക്കുന്ന വന്‍ സംഘംതന്നെ കേരളത്തില്‍ പ്രവര്‍ത്തനക്ഷമമാണ്. അതിനൊപ്പം തൊഴിലില്ലായ്മ, സെക്‌സ്മാഫിയയുടെ കെണി, ഇങ്ങനെ നൂറുകൂട്ടം പ്രശ്‌നങ്ങളില്‍ പുകയുന്ന കേരളത്തിലെ ചെറുപ്പക്കാരികളെ ആര്‍ത്തവാവധി കൊണ്ട് സംതൃപ്തരാക്കാന്‍ കഴിയുമോ.. മാസമുറക്കാലത്ത് സാനിറ്ററി പാഡ് വാങ്ങാന്‍ പണമില്ലാത്ത നൂറുകണക്കിന് പെണ്‍കുട്ടികളും ഇന്നാട്ടിലുണ്ട്. പഴന്തുണികളില്‍ നിന്നൊരു മോചനം അവര്‍ക്കു നല്‍കാനുള്ള നടപടി സ്വീകരിച്ചിരുന്നെങ്കില്‍..
ഒമ്പതുമാസത്തെ ഗര്‍ഭ ഭാരവും അസ്വസ്ഥതകളും ലോകത്തിലെ ഏറ്റവും വലിയ വേദനയായ പ്രസവവേദനയും പുഷ്പം പോലെ നേരിടാന്‍ സ്വയമേ സജ്ജരാണ് സ്ത്രീകള്‍. അവര്‍ക്കാണോ ആര്‍ത്തവകാല പേടി ?.ഇത് വെടിക്കെട്ടുകാരന്റെ പട്ടിയെ ഉടുക്കുകൊട്ടി പേടിപ്പിക്കാന്‍ നോക്കുന്ന പോലെയാണ്.
# Jolly adimathra- article