Image

ഗണേശ കറിപൗഡറുകൾ (ബാംഗ്ലൂര്‍ ഡേയ്‌സ് -ഹാസ്യനോവല്‍-31: ജോണ്‍ കുറിഞ്ഞിരപ്പള്ളി)

Published on 22 January, 2023
ഗണേശ കറിപൗഡറുകൾ (ബാംഗ്ലൂര്‍ ഡേയ്‌സ് -ഹാസ്യനോവല്‍-31: ജോണ്‍ കുറിഞ്ഞിരപ്പള്ളി)

റിലയബിൾ ഫൈനാൻസിയേഴ്‌സിലെ അനുഭവം ഞങ്ങളെ ഞെട്ടിച്ചുകളഞ്ഞു എന്ന് പറയുന്നതാണ് ശരി.അവിടത്തെ ജോലിക്കാരിൽ രണ്ടുമൂന്നു പേർ  ഞങ്ങളുടെ ഉപദേശം കേട്ട് അവർ കൊടുത്തിരുന്ന ഡെപ്പോസിറ്റ് തിരിച്ചുവാങ്ങി.ഡെപ്പോസിറ്റ് തിരിച്ചുവാങ്ങിയവരെ മാനേജർ രാജു ജോലിയിൽനിന്നും പിരിച്ചുവിട്ടു.ജോലി നഷ്ടപ്പെടും എന്ന് പേടിച്ചു്  ബാക്കിയുള്ളവർ കാശ് തിരിച്ചു് ചോദിക്കാൻ മടിച്ചു.ജോലി നഷ്ടപ്പെടുന്നവരെ സഹായിക്കാൻ ഞങ്ങൾക്ക് കഴിയുമായിരുന്നില്ല. 

പിന്നെ എന്ത് സംഭവിച്ചു എന്നറിയില്ല.മൂന്നുമാസം കഴിഞ്ഞു ഒരു ദിവസം കാലത്തു് ജോലിക്കാർ വരുമ്പോൾ സ്ഥാപനം പൂട്ടിക്കിടക്കുന്നു. 

കിട്ടിയ ഡെപ്പോസിറ്റും ഓഫീസിലെ ഒരു പെൺകുട്ടിയുമായി അയാൾ മുങ്ങി.

"എളുപ്പത്തിൽ കാശുണ്ടാക്കാം.പിന്നെ കുറച്ചുകഴിയുമ്പോൾ ഒളിച്ചു താമസിക്കേണ്ടിവരും എന്നോർക്കുമ്പോഴാ ഒരു പേടി."ജോർജ്‌കുട്ടി തമാശയായി പറഞ്ഞു.

നാട്ടുകാരുടേയും  പോലീസിൻറെയും പിടിയിൽ എന്നെങ്കിലും വീഴാതിരിക്കില്ല.എല്ലാവരേയും എല്ലാകാലത്തും കബളിപ്പിക്കാൻ കഴിയില്ല.

"അപ്പോൾ നമ്മൾ നമ്മുടെ കറി  മസാലക്കൂട്ടുകൾ  നിർമ്മിക്കുന്ന  ബിസ്സിനസ്സ് ആരംഭിക്കുന്നു."ജോർജ്‌കുട്ടി പറഞ്ഞു. 

ജോർജ്‌കുട്ടിക്ക് പരിചയമുള്ള ഒരാൾ അത്തരം ഒരു കമ്പനി നടത്തുന്നുണ്ട്.രാജാജിനഗറിലുള്ള ഗണേശ കറിപൗഡർസിൻറെ ഉടമസ്ഥൻ  ജോർജ്‌കുട്ടിയുടെ  പരിചയക്കാരനാണ്.ഗണേശ കറിപൗഡറിലെ ഒരു മാർക്കറ്റിംഗ് മാനേജറെ ജോർജ്‌കുട്ടിക്ക് പരിചയം ഉണ്ടായിരുന്നു.അയാൾ  ഫാക്ടറി ഉടമയെ പരിചയപ്പടുത്തിക്കൊടുത്തു.സംഭാഷണമദ്ധ്യേ അയാൾ ഞങ്ങളെ  അവരുടെ നിർമ്മാണ യൂണിറ്റ് കാണുന്നതിന് ക്ഷണിച്ചിരുന്നു.

അവരുടെ ഉപദേശം സ്വീകരിച്ചു് ടെക്നോളജി മനസ്സിലാക്കി നിർമ്മാണ യൂണിറ്റ് ആരംഭിക്കാനാണ് ഞങ്ങളുടെ പരിപാടി.അങ്ങനെ ഞങ്ങളും  വ്യവസായസംരംഭകർ ആകാൻ പോകുന്നു.ഭാഗ്യമുണ്ടെങ്കിൽ ഞങ്ങൾ വളർന്ന് വലിയ കോർപറേറ്റ് മുതലാളിമാരായി മാറും എന്നകാര്യത്തിൽ ഞങ്ങൾക്ക് യാതൊരു സംശയവും ഉണ്ടായിരുന്നില്ല.

പറഞ്ഞിരുന്ന സമയത്തുതന്നെ ഞങ്ങൾ എത്തിച്ചേർന്നെങ്കിലും എന്തോ അത്യാവശ്യം പ്രമാണിച്ചു് ഫാക്ടറി ഉടമ  പുറത്തുപോയിരിക്കുകയായിരുന്നു.

അവിടത്തെ ഒരു ജോലിക്കാരൻ ,നാഗരാജ്, ഞങ്ങളെ കാത്തിരിക്കുകയായിരുന്നു.ഞങ്ങൾ വന്നാൽ ഫാക്ടറി നടന്നുകാണിക്കാൻ നാഗരാജിനെ മുതലാളി ചുമതലപ്പെടുത്തിയിരുന്നു.

ഞങ്ങളെ കണ്ടയുടനെ അയാൾ ഒരു ചോദ്യം ,"നിങ്ങൾ ബസ്സിലാണോ വന്നത്?"

"അതെ".

നാഗരാജ്  പറഞ്ഞു,"ബിസ്സിനസ്സിന് ആദ്യം വേണ്ടത് ഒരു ബൈക്കാണ്. കൃത്യ സമയത്തു കസ്റ്റമേഴ്‌സിനെ കാണണം. പ്രോഡക്ട് വിൽക്കണം അങ്ങനെ പല പരിപാടികൾ ബൈക്ക് ഉണ്ടെങ്കിലേ നടക്കൂ."അയാൾ ബിസ്സിനസ്സ് മാനേജ്‌മെന്റിൽ അതിസമർത്ഥനാണ് എന്ന രീതിയിൽ ഞങ്ങൾക്ക് ക്ലാസ്സ് എടുക്കുകയാണ്.

അയാൾ പറയുന്നതിനെല്ലാം ഞങ്ങൾ തലകുലുക്കി.തലകുലുക്കി ഞങ്ങളുടെ കഴുത്തിന് വേദന എടുത്തു തുടങ്ങിയിരുന്നു.ആവശ്യം ഞങ്ങളുടേതാണല്ലോ.

അതുകൊണ്ട് അയാളെ മുഷിപ്പിക്കാതിരിക്കാൻ ഞാനും ജോർജ്‌കുട്ടിയും മത്സരിച്ചു് തലകുലുക്കികൊണ്ടിരുന്നു.

നാഗരാജ്  ഞങ്ങളെ ഫാക്ടറിയുടെ മുൻ ഭാഗത്തായി മൂന്നു നാലുസ്ത്രീകൾ  മസാലക്കൂട്ടുകൾ പാക്കിങ് നടത്തുന്ന സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി.ഫാക്ടറി എന്ന് പറഞ്ഞാൽ തകരഷീറ്റുകൾ കൊണ്ട് മേഞ്ഞ ഒരു ഷെഡ്ഡ്.

കാണാൻ നല്ല ഭംഗിയുള്ള പാക്കിങ് പേപ്പറുകൾ ഒരു ഭാഗത്തു് അടുക്കി വച്ചിട്ടുണ്ട്.തീരെ വൃത്തിയില്ലാത്ത  ചുറ്റുപാടുകളിൽ മുഷിഞ്ഞ വേഷധാരികളായ സ്ത്രീകൾ ആണ് അവിടെ പാക്കിങ് ജോലികൾ ചെയ്യുന്നത്.നല്ല വർണ്ണ കടലാസുകളിൽ പായ്ക്ക് ചെയ്ത് വച്ചിരിക്കുന്ന സാധനങ്ങൾ ഒരാൾ ഒരു ടെമ്പോ വാനിൽ കയറ്റിക്കൊണ്ടിരിക്കുന്നു.

അത് മാർക്കറ്റിൽ വില്പനക്ക് കൊണ്ടുപോകാനുള്ള തയ്യാറെടുപ്പിലാണ്.

"വരൂ നമ്മൾക്ക് ഇത് തയ്യാറാക്കുന്നത് കാണണ്ടേ?"

ഞങ്ങൾ നാഗരാജിൻറെ  പിന്നാലെ നടന്നു.ഷെഡിൻറെ  ഒരുഭാഗത്തു് മൂന്നുനാല്  പൊടിക്കാനുപയോഗിക്കുന്ന മെഷീനുകൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.

"വരൂ."അയാൾ വിളിച്ചു.

"നമ്മൾക്ക് പൗഡറുകൾ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം."

ഒരു മുറിയിൽ മുളക് മഞ്ഞൾ  മല്ലി മുതലായ സാധനങ്ങൾ ചാക്കിൽ കെട്ടിവച്ചതും  അല്ലാതെയും എല്ലാം ആയി ചിതറികിടപ്പുണ്ട്.ആകെക്കൂടി വൃത്തിഹീനമായ അന്തരീക്ഷം. നിലത്തും ചാക്കിലും എല്ലാം ആയി പൊടിക്കാനുള്ള സാധങ്ങൾ കൂടികിടക്കുന്നു.ഇങ്ങനെയൊക്കെയാണെങ്കിലും  മുളകിൻറെ എരുവ് കരണമായിരിക്കും അവിടെ എലികളെ കാണുകയുണ്ടായില്ല. 

മുളക് പൊടിക്കുന്നതിനടുത്തായി ധാരാളം ചുടുകട്ടകൾ കൂട്ടിയിട്ടുണ്ട്.ഇഷ്ടികകൾ ഉണ്ടാക്കുന്ന  സ്ഥലത്തുനിന്നും പൊട്ടിയ ഇഷ്ടികകൾ ശേഖരിച്ചു വച്ചിരിക്കുകയാണ്.മുളക് പൊടിക്കുന്ന ആൾ കുറച്ചു മുളക് വാരി മെഷീനിലേക്ക്  ഇട്ടു. അതിനു ശേഷം ചുടുകട്ടയുടെ രണ്ടു വലിയ കഷണങ്ങൾ അതിലേക്കിട്ടു.ഇഷ്ടികപ്പൊടി മുളകുപൊടിയുമായി കലർന്ന് വരുന്നു."

"പെർഫെക്റ്റ് കളർ മാച്ചിങ്."ഞാൻ പറഞ്ഞു.

"ഞങ്ങൾ ഫിഫ്റ്റി ഫിഫ്റ്റി ആയി മുളകും ഇഷ്ടികപ്പൊടിയും മിക്സ് ചെയ്യും."

"എന്ത് ക്രൂരതയാണ് നിങ്ങൾ കാണിക്കുന്നത്?"

"ഇപ്പോൾ വറ്റൽ മുളകിന് എന്ത് വിലയുണ്ട്?"നാഗരാജ് ചോദിച്ചു.

"നാല്പത്തഞ്ചുരൂപ."

"ഞങ്ങൾ മുളക് പൊടി വിൽക്കുന്നത് കിലോ 40 രൂപക്കാണ്."

ഒന്നും  മിണ്ടാതെ ഞങ്ങൾ അടുത്ത മെഷീനിലേക്ക് ചെന്നു.അവിടെ മല്ലി പൊടിക്കുകയാണ്.മല്ലി വാരി മെഷീനിൽ    ഇട്ടിട്ടു അയാൾ ഒരു കുട്ടയിൽ നിന്നും എന്തോ സാധനം അതിൻ്റെ കൂടെ വാരിയിട്ടു.

"അതെന്താ?"

"കുതിരയുടെ ഉണങ്ങിയ  ചാണകം ആണ്. മല്ലി പൊടിയുടെ കൂടെ ചേർത്താൽ തിരിച്ചറിയാൻ കഴിയില്ല. ഇവിടെ അടുത്ത് കുതിരലായം ഉണ്ട്. അവിടെ നിന്നും കൊണ്ടുവരും."

"പെർഫെക്റ്റ് കളർ മാച്ചിങ്."ജോർജ്‌കുട്ടി പറഞ്ഞു.

ഞങ്ങൾക്ക് രണ്ടുപേർക്കും ഛർദ്ദിക്കണം  എന്ന് തോന്നിത്തുടങ്ങിയിരുന്നു.ഇവിടെ നിന്നും എങ്ങനെയും രക്ഷപ്പെട്ടാൽ മതിയെന്നായി.

ഞങ്ങൾ പുറത്തേക്ക് നടക്കാൻ തുടങ്ങിയപ്പോൾ അയാൾ പറഞ്ഞു,"ഏറ്റവും ലാഭമുള്ള ബിസിനസ്സ് ചായപ്പൊടി ഉണ്ടാക്കുന്നതാണ്.അത് കാണണ്ടേ?"

"ഏതായാലും അതുംകൂടി കണ്ടുകളയാം ",ഞങ്ങൾ പരസ്പരം പറഞ്ഞു.

ചായക്കടകളിൽനിന്നും പഴയ ചായച്ചണ്ടി വാങ്ങികൊണ്ടുവന്ന് ഉണക്കി ചാക്കുകളിൽ നിറച്ചു വച്ചിരിക്കുകയാണ്.അത്  റെഡ് ഓക്സയിടുമായി  മിക്സ് ചെയ്യും. കാഴ്ചക്ക് നല്ല ഒന്നാന്തരം ചായ.

"ഉയരം കൂടിയാലും കുറഞ്ഞാലും നല്ല ചായകിട്ടും".ഒരു ചായ പരസ്യത്തെ അനുകരിച്ചു് അയാൾ പറഞ്ഞു.

"റെഡ് ഓക്സയിഡ്  പെയിന്റിംഗ് ജോലിക്കാർ പ്രൈമർ ആയി  ഉപയോഗിക്കുന്നതല്ലേ?മാരക വിഷമല്ലേ?"

"അതിനെന്താ നമ്മൾ ഉപയോഗിക്കുന്നില്ലല്ലോ.നാട്ടുകാർ ഉപയോഗിക്കുന്നതിന് നമ്മൾ എന്തിന് വേവലാതിപ്പെടണം?".നാഗരാജ് ഞങ്ങളെ സമാധാനിപ്പിച്ചു.

"വൃത്തികെട്ട അന്തരീക്ഷത്തിൽ അതിലും വൃത്തികെട്ട മനുഷ്യർ യാതൊരു തത്വദീക്ഷയും ഇല്ലാതെ നിർമ്മിച്ച് മാർക്കറ്റ് ചെയ്യുന്ന സാധനങ്ങൾ,വിലക്കുറവുമാത്രം നോക്കി വാങ്ങിക്കുന്ന സാധാരണക്കാരുടെ സ്ഥിതി എന്തായിരിക്കും?"ഞങ്ങൾ തമ്മിൽ പറഞ്ഞു.

"ബേജാർ ബേഡാ  സാർ ." വിഷമിക്കേണ്ട എന്ന് .

ഞങ്ങളുടെ മൗനം കണ്ട്  നാഗരാജ് പറഞ്ഞു "ഇരിക്കൂ സാർ,ചായ കുടിച്ചിട്ടുപോകാം."

ഞങ്ങൾ പരസ്പരം നോക്കി,ചിരിക്കുന്നതുകണ്ട്‌ അയാൾ പറഞ്ഞു,"ഈ ചായപൊടിയല്ല സാർ ,ഇത് കടയിൽനിന്നും വരുത്തുന്നതാണ് സാർ.ഞങ്ങൾ ഇവിടെയുണ്ടാക്കുന്ന പ്രൊഡക്ടുകൾ ഉപയോഗിക്കാറില്ല."

ഞങ്ങൾക്ക് മതിയായി.

രണ്ട് വ്യവസായസംരംഭകരുടെ സ്വപ്നങ്ങളാണ് ആദുഷ്ടൻ തകർക്കുന്നത് എന്ന് അയാൾക്ക് മനസ്സിലാകില്ലല്ലോ.

# Bangalore days-31

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക