Image

വാതായനങ്ങൾ (കവിത: ചിഞ്ചു തോമസ്)

Published on 24 January, 2023
വാതായനങ്ങൾ (കവിത: ചിഞ്ചു തോമസ്)

നിങ്ങളെ മോഹിക്കുന്ന നയനങ്ങൾ എനിക്കുണ്ട് 
അവയെ നിങ്ങളിൽനിന്ന് മറയ്ക്കുക മാത്രം വഴി.

സിരകളെ ഉന്മാദിയാക്കുന്ന ചിരികണ്ട്,
കൈവിട്ടുപോയ മനസ്സുണ്ട്.
നിങ്ങളിൽ അണയാൻ കൊതിക്കുന്ന പലതുണ്ട്, 
എന്റെ ഇമകൾ പൂട്ടി വയ്ക്കുക മാത്രം വഴി.

നയനങ്ങൾ വാതായനങ്ങൾ,
അതെന്റെ ഹൃദയത്തിലേക്ക് തുറക്കുന്ന കവാടങ്ങൾ.
അവ അടയ്ക്കുകയല്ലാതെ തരമില്ല,
നിങ്ങളെ മറക്കാൻ മറ്റു വഴികളില്ല.  

സ്നേഹിക്കുകയല്ലാതെ വേറൊന്നും ഹൃദയത്തിനറിയില്ല. 
വെറുത്തുനോക്കാൻ പറഞ്ഞിട്ടും അനുസരണയില്ലാത്തൊരു ഹൃദയം!
നിങ്ങൾക്ക് വേണ്ടാത്തൊരുഹൃദയം!
അവിടേക്കുള്ള വാതായനങ്ങൾ പൂട്ടുന്നു.

ഏത് നിമിഷവും നിങ്ങൾക്കത് തുറക്കാം ഒന്നിനും കാക്കാതെ, 
പെട്ടെന്ന് നിങ്ങൾ തുറന്നു വന്നാൽ  ഞാൻ പേടിച്ചുപോകയില്ല.
എന്തെന്നാൽ നിങ്ങളെ മാത്രമേ ഞാൻ കാക്കുന്നുള്ളൂ,
നിങ്ങൾക്കായി മാത്രമേ ആ വാതിൽ വെച്ചിട്ടുള്ളൂ.

ഇനിയും പിറക്കില്ല ഭൂമിയിൽ,
അടുത്ത ജന്മം കാണാം എന്ന് പറയേണ്ട.
കാത്തിരിക്കും നിശബ്ദയായ് ഭൂമിയുടെ ഒരറ്റത്ത്,
നിങ്ങൾ തുറക്കാതെ തുറക്കാത്ത വാതായനങ്ങളുമായ്.

#Poem by- Chinchu Thomas

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക