'എഴുപത്തോ, ഏറിയാല്‍ എണ്‍പതു മാത്രം നീളുമായസ് അതു നിനച്ചാല്‍ കഷ്ടത മാത്രം' വാര്‍ദ്ധക്യവും മരണവുമെല്ലാം അനിവാര്യമായ സത്യമാണ്.
പ്രായമേറുന്തോറും നമുക്ക് വേണ്ടപ്പെട്ടവരുടെ എണ്ണം കുറഞ്ഞു കൊണ്ടിരിക്കും- മാതാപിതാക്കളും അതിനു മുമ്പുള്ള തലമുറയുമൊക്കെ എന്നേ നമ്മോട് വിടപറഞ്ഞു. ഈയടുത്ത കാലത്ത് നമുക്കറിയാവുന്ന, നമ്മളോട് അടുത്ത് ഇടപഴകയിരുന്ന എത്രയോ അമേരിക്കന്‍ മലയാളികളാണ് നമ്മേ വിട്ടുപിരിഞ്ഞത്.
സമകാലികരായ പലരും ക്ഷീണിതരും അവശരും ഒക്കെയായി ഒതുങ്ങിക്കൂടി. പലരും ഡ്രൈവിംഗ് പാടെ നിര്‍ത്തി- പ്രത്യേകിച്ച് പ്രതികൂല കാലാവസ്ഥയിലും, രാത്രിയിലും- ദീര്‍ഘദൂര യാത്ര മിക്കവരും ഒഴിവാക്കി.
യുവതലമുറയ്ക്ക് അവരുടെ തിരക്ക് മൂലം മാതാപിതാക്കളുടെ കാര്യങ്ങള്‍ നോക്കാന്‍ സമയവും സൗകര്യവുമില്ല- 'ബേബി സിറ്റിംഗ്' എന്ന ജോലി കഴിഞ്ഞാല്‍ പിന്നെ അവരുടെ ആവശ്യം ഒട്ടുമില്ല. ഈ ഘട്ടത്തില്‍ പലരുടേയും ജീവിതപങ്കാളിയും പ്രതീക്ഷിക്കുന്നതിനു മുമ്പ് നമ്മെ പിരിഞ്ഞുപോയിരിക്കാം- അപ്പോഴാണ് ഏകാന്തതയും ശൂന്യതയും പിടിമുറുക്കുന്നത്.
വാര്‍ദ്ധക്യമേറുന്തോറും സമൂഹം നിങ്ങളെ മറന്നുതുടങ്ങും. എത്ര വലിയ മഹാനായിരുന്നെങ്കിലും വയസ്സായി കഴിഞ്ഞാല്‍ നിങ്ങള്‍ വൃദ്ധരില്‍ ഒരുവനായിക്കഴിഞ്ഞു. അതുവരെ ഉണ്ടായിരുന്ന പ്രശസ്ത വലയമെല്ലാം ഇല്ലാതാകും. യുവതലമുറയ്ക്ക് മുന്‍ഗണന കൊടുത്തുകൊണ്ട് ഒരു മൂലയിലേക്ക് മാറി നില്‍ക്കാന്‍ മാനസികമായി തയാറെടുക്കണം. ഇനിമുതല്‍ നിങ്ങളുടെ ഇരിപ്പിടം കാണികളോടൊപ്പമാണ്. ഒരു നല്ല കാഴ്ചക്കാരനും കേള്‍വിക്കാരനും ആകാന്‍ ശ്രമിക്കുക.
പ്രായമായിക്കഴിയുമ്പോള്‍, പ്രതിരോധിക്കാന്‍ കഴിയാത്ത രോഗങ്ങളും അസുഖങ്ങളുമൊക്കെ ഒഴിവാക്കാനാവാത്ത കൂട്ടുകാരെപ്പോലെ കൂടെക്കൂടും. ഒരു രോഗങ്ങളും അലട്ടാത്ത ശാന്തസുന്ദരമായ വാര്‍ദ്ധക്യം സ്വപ്നം കാണുന്നത് വെറുതെയാണ്. മിതമായ വ്യായാമങ്ങളും, ചിട്ടയായ ഭക്ഷണവും ശീലിച്ച് വാര്‍ദ്ധക്യത്തെ സന്തോഷത്തോടെ സ്വീകരിക്കുവാന്‍ തയാറെടുക്കുക.
അറുപതിനു ശേഷമുള്ള യാത്രയില്‍ വഞ്ചകരും തട്ടിപ്പുകാരും അവസരം പാര്‍ത്തിരിക്കും. പെട്ടെന്ന് പണമുണ്ടാക്കാനുള്ള കുറുക്കുവഴികള്‍, ആയുസ് കൂട്ടാനും, അസുഖങ്ങള്‍ മാറ്റാനുമുള്ള ഒറ്റമൂലികള്‍.
ഈയവസരത്തിലാണ് ആത്മീയതട്ടിപ്പുകാര്‍ നിങ്ങളെ ഏറ്റവുമധികം ചൂഷണം ചെയ്യുന്നത്. 'രോഗശാന്തി'യാണ് അവരുടെ തുറുപ്പ് ചീട്ട്. സൂക്ഷിക്കുക- അല്ലെങ്കില്‍ പണം പോകുന്ന വഴി അറിയില്ല.
അമ്മയുടെ അടുത്തേക്ക് പിറന്നുവീണ നിങ്ങള്‍ അനവധി അനുഭവങ്ങളില്‍കൂടെ കടന്നു വീണ്ടും മറ്റുള്ളവര്‍ ശുശ്രൂഷിക്കേണ്ട അവസ്ഥയിലെത്തുന്നു. ഒരു വ്യത്യാസം മാത്രം- അന്നു നിങ്ങളെ സ്‌നേഹത്തോടെ പരിചരിക്കുവാന്‍ അമ്മയുണ്ടായിരുന്നെങ്കില്‍ ഇന്നു ആരുംതന്നെ അടുത്ത് ഉണ്ടാകണമെന്നില്ല. ഏതെങ്കിലുമൊരു നേഴ്‌സിംഗ് ഹോമില്‍ ഒരു ബന്ധവുമില്ലാത്ത ഏതെങ്കിലുമൊരു നഴ്‌സായിരിക്കും ഒരുപക്ഷെ അവസാന നാളുകളില്‍ നിങ്ങളെ പരിചരിക്കുന്നത്. പരാതികളില്ലാതെ, അവരുടെ സേവനത്തിനു നന്ദിയുള്ളവരായിരിക്കുക.
പ്രായമായെന്നു കരുതി മറ്റുള്ളവരേക്കാള്‍ അറിവുള്ളവരും ശ്രേഷ്ഠരുമാണെന്ന് കരുതരുത്. മറ്റുള്ളവരുടെ പ്രശ്‌നങ്ങളിലോ, നിങ്ങളുടെ മക്കളുടേയോ, കൊച്ചുമക്കളുടേയോ പ്രശ്‌നങ്ങളില്‍ ഇടപെടരുത്. അവസാനം കറങ്ങിത്തിരിഞ്ഞ് കുറ്റം നിങ്ങളുടെ തലയില്‍ വരും. ഗര്‍വും അഹങ്കാരവും ഒഴിവാക്കി വിനയത്തോടെ ജീവിക്കാന്‍ പഠിക്കണം.
അമിതമായി സമ്പാദിക്കാനുള്ള ആര്‍ത്തി ഒഴിവാക്കുക- നമുക്കുവേണ്ടി നാം അന്തസായി ജീവിക്കണം. അതില്‍ പിശുക്ക് കാണിക്കരുത്.
ജീവിതയാത്രയുടെ അവസാനമെത്തുമ്പോഴേയ്ക്കും പ്രകാശം മങ്ങി മങ്ങി ഇരുട്ട് മൂടി തുടങ്ങും. മുമ്പോട്ടുള്ള വഴി അവ്യക്തമാകാന്‍ തുടങ്ങും. തുടര്‍ന്നുള്ള യാത്രയും ദുഷ്‌കരമാവും. അതുകൊണ്ട് അറുപതിലെത്തുമ്പോള്‍ തന്നെ നമുക്കതിലൊക്കെ സന്തോഷിക്കുവാന്‍ പഠിക്കണം. ജീവിതം ആഘോഷിക്കാന്‍ തുടങ്ങണം.
ഇവിടെ മരിച്ചുപോയവരെക്കുറിച്ച് ഒരു തിരിഞ്ഞുനോട്ടം നടത്തുക. നല്ലതുപോലെ ആസ്വദിച്ച് ജീവിച്ചവന്‍ ബുദ്ധിമാന്‍. അല്ലാത്തവര്‍ വെറുതെ വന്നു, വെറുതെ പോകുന്നവര്‍- (കടപ്പാട്)
# Raju Mylaapra Article