Image

CC 8/AD 36    ജൂദാസ് ഇസ്‌ക്കാരിയോത്ത് (നോവല്‍ അധ്യായം-13: സലിം ജേക്കബ്)

Published on 26 January, 2023
CC 8/AD 36    ജൂദാസ് ഇസ്‌ക്കാരിയോത്ത് (നോവല്‍ അധ്യായം-13: സലിം ജേക്കബ്)

അരമനയിലെ കോണ്‍ഫറന്‍സ് മുറിയില്‍ സമുദായംഗങ്ങളുടെ ഒരു ആലോചനായോഗം ഫാ. ജോണ്‍സന്റെ നേതൃത്വത്തില്‍ ചേര്‍ന്നു. സമുദായാംഗങ്ങളില്‍ ഗവണ്‍മെന്റില്‍ ഉന്നത അധികാരങ്ങള്‍ കൈയ്യാളുന്നവരേയും പണച്ചാക്കുകളേയും പിതാവിന്റെ അടുത്തയാളുകളേയും മാത്രം ഉള്‍പ്പെടുത്തിയ ആ യോഗം അന്നവിടെ നടത്തേണ്ടി വന്നതിന്റെ ആവശ്യകത വിശദീകരിച്ചുകൊണ്ട് ഫാ. ജോണ്‍സണ്‍ സംസാരിച്ചു തുടങ്ങി. 'വന്ദ്യപിതാവേ, ക്രിസ്തുവില്‍ പ്രിയപ്പെട്ടവരേ, നമ്മുടെ പിതാവിന് ദേഹാസ്വാസ്ഥ്യം ഉണ്ടെങ്കിലും അത്യാവശ്യമായി നിങ്ങളെ വിളിപ്പിച്ചത് നമ്മുടെ സമുദായത്തിന്റെ അടിത്തറ തന്നെ ഇളകിയേക്കാവുന്ന ഒരു വിപത്തിനെ നേരിടുന്നതിനുവേണ്ടിയാണ്. നിങ്ങള്‍ക്കെല്ലാമറിയാവുന്നതുപോലെ JBI രണ്ടാംകോടതിയില്‍ കഴിഞ്ഞ ഒരു മാസമായി ജൂദാസിന്റെ വിചാരണ നടന്നുകൊണ്ടിരിക്കുകയാണല്ലോ. സാക്ഷികളുടെ വിസ്താരം ഏറെക്കുറെ കഴിഞ്ഞിരിക്കുന്നു. നിരപരാധികള്‍ ശിക്ഷിക്കപ്പെടരുത് എന്ന് സഭയ്ക്ക് നിര്‍ബന്ധമുണ്ട്. മാത്രവുമല്ല, കുറ്റവാളി ശിക്ഷിക്കപ്പെടുകയും വേണം'. അതിഥികള്‍ക്ക് വിളമ്പിക്കൊണ്ടിരുന്ന വീഞ്ഞ് കുടിക്കാന്‍ സമയം കൊടുക്കുവാനെന്നവണ്ണം ഫാദര്‍ ജോണ്‍സണ്‍ തന്റെ സംസാരം കുറച്ചുനേരത്തേക്കു നിര്‍ത്തി. മാത്രമല്ല തന്റെ സംസാരം തുടരുന്നതിനുമുമ്പ് അദ്ദേഹവും തന്റെ ഗ്ലാസ്സില്‍ നിന്നും രണ്ടു കവിള്‍ കുടിക്കുകയും ചെയ്തു. 'അതുകൊണ്ട് സുഹൃത്തുക്കളെ, നമ്മള്‍ ഇവിടെ കൂടിയിരിക്കുന്നത് ഈ കേസിന്റെ വിധിയുടെ വരുംവരായ്കളെക്കുറിച്ച് ആലോചിക്കുന്നതിനായാണ്. നമ്മുടെ വിശ്വാസങ്ങളെയും നമ്മുടെ സഭയെയും തന്നെ ഇത് എങ്ങനെ ബാധിക്കും എന്ന് നമ്മള്‍ ചിന്തിച്ചേ മതിയാവൂ. ഈ കേസിന്റെ വിചാരണയെക്കുറിച്ചും അതിന്റെ വിധിന്യായം സഭയ്ക്കും ക്രിസ്തീയ വര്‍ഗ്ഗത്തിനുതന്നെയും വരുത്തിയേക്കാവുന്ന പ്രത്യാഘാതങ്ങളെയും കുറിച്ച് നിങ്ങളോട് സംസാരിക്കുന്നതിന് നമ്മുടെ അതിഥിയായി എത്തിയിരിക്കുന്ന JBIഡി.വൈ.എസ്.പി. ശ്രീ കൃഷ്ണന്‍ ഹോംസിനെ ഞാന്‍ ക്ഷണിക്കുന്നു'.

വന്ദ്യനായ പിതാവേ, സുഹൃത്തക്കളെ', കണ്ഠശുദ്ധിവരുത്തിക്കൊണ്ട് ഹോംസ് പറഞ്ഞു തുടങ്ങി. 'ഒരു ക്രിസ്ത്യാനിയല്ലെങ്കിലും ക്രിസ്ത്യന്‍ മതത്തിനും നമ്മുടെ പിതാവിനും സംഭവിച്ചേക്കാവുന്ന തകര്‍ച്ചയില്‍ ഉത്കണ്ഠയുള്ളതുകൊണ്ടാണ് ഇന്ന് ഞാന്‍ നിങ്ങളുടെ മുന്‍പില്‍ നില്‍ക്കുന്നത്. ഫാദര്‍ ജോണ്‍സണ്‍ പറഞ്ഞതുപോലെ നമ്മളെല്ലാവരും വിചാരിക്കുന്നതിനേക്കാള്‍ ഗുരുതരമായ ഭവിഷ്യത്ത് ജൂദാസിന്റെ കേസില്‍ ഉണ്ടായേക്കാം'. 

ഒരു നിമിഷം നിര്‍ത്തിയശേഷം അദ്ദേഹം തുടര്‍ന്നു. 'ക്രിസ്തീയത നിലകൊള്ളുന്നത് അടിസ്ഥാനപരമായി രണ്ടു വിശ്വാസപ്രമാണങ്ങളുടെ മുകളിലാണ്. ഒന്ന്, യേശു ദൈവപുത്രനാണ്. രണ്ട്, ജൂദാസ് ഒറ്റുകൊടുത്തതുകൊണ്ടു മാത്രമാണ് അദ്ദേഹത്തെ ക്രൂശിക്കാന്‍ സാധിച്ചത് '. 

താന്‍ പറഞ്ഞുവരുന്നതിന്റെ ഗൗരവം മറ്റുള്ളവര്‍ ഉള്‍ക്കൊള്ളുവാനായി സംസാരം ഒരു മിനിറ്റ് നിര്‍ത്തിയശേഷം തുടര്‍ന്നു. 

 'ഈ രണ്ടു സത്യങ്ങള്‍ക്കെതിരേ സംശയത്തിന്റെ പുകപടലം ഉയര്‍ന്നാല്‍ പോലും അതു വരുത്തിയേക്കാവുന്ന ഭവിഷ്യത്ത് ക്രിസ്തീയ സമൂഹത്തിനും സഭയ്ക്കും താങ്ങാവുന്നതിലും അധികമായിരിക്കും. ജൂദാസിനു ശിക്ഷ ലഭിക്കാതിരുന്നാല്‍ ഇതു സംഭവിക്കുക തന്നെ ചെയ്യും. യേശുവിനെ ഒറ്റുകൊടുത്തിട്ടില്ല എന്നാണെങ്കില്‍ അദ്ദേഹത്തിന് അമാനുഷിക ശക്തിയില്ലായിരുന്നു എന്നും അദ്ദേഹം ദൈവപുത്രനല്ല എന്നും ജനങ്ങള്‍ ചിന്തിച്ചേക്കും. ഇനി യേശുവിനെ ഒറ്റിയത് ജൂദാസല്ല എന്നാണെങ്കില്‍ പിന്നെ അതാര് എന്ന ചോദ്യം സ്വാഭാവികമാണ്. അങ്ങനെ വുരമ്പോള്‍ ഇത്രയും കാലം പുണ്യവാളന്മാര്‍ എന്നു സഭ പഠിപ്പിച്ചിരുന്നവരില്‍ ഒരാള്‍ സംശയത്തിന്റെ നിഴലിലാകും. അതു സഭയുടെ വിശ്വാസ്യത തന്നെ നഷ്ടപ്പെടുത്തും. ഈ പുണ്യവാളന്മാരുടെ പേരില്‍ ശതകോടിക്കണക്കിനുള്ള ആസ്തികള്‍ സഭയ്ക്കുണ്ട്. സംശയിക്കപ്പെടുന്ന പുണ്യവാളന്റെ അഥവാ പുണ്യവാളന്മാരുടെ പേരിലുള്ള സ്ഥാപനങ്ങളില്‍ ജനകീയ കൈയ്യേറ്റം വരെ സംഭവിക്കാം. അതുകൊണ്ടുതന്നെ പ്രസ്തുത കേസില്‍ ജൂദാസ് ശിക്ഷിക്കപ്പെടണം എന്നത് സഭയുടെ ഇപ്പോഴത്തെ ഏറ്റവും വലിയ ആവശ്യമാണ് '.
    
തുടര്‍ന്നു നടന്ന വിഭവസമൃദ്ധമായ സദ്യയ്ക്കിടയില്‍ യുഗങ്ങളായി ഭരണകക്ഷിക്ക് സമുദായം നല്‍കിവന്നിരുന്ന താങ്ങും വരാന്‍പോകുന്ന ഇലക്ഷനും എല്ലാം ചര്‍ച്ച ചെയ്യപ്പെട്ടു. ക്രിസ്തീയതയുടെ നിലനില്‍പ്പിനെതന്നെ ബാധിക്കുന്ന ഈ പ്രമാദമായ കേസ് കൈകാര്യം ചെയ്യാന്‍ നിയമിതനായ ക്രിസ്ത്യാനിയല്ലാത്ത ന്യായാധിപന്റേയും രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി രാജീവ് സീസറിന്റെ പ്രൈവറ്റ് സെക്രട്ടറിയും സമുദായംഗവുമായ ജോര്‍ജ്ജിന്റെയും പേരുകള്‍ പരാമര്‍ശിക്കപ്പെട്ടു. തീന്‍മേശ ഒഴിഞ്ഞപ്പോള്‍ അംഗങ്ങള്‍ ഒരു കാര്യത്തില്‍ ഉറച്ച തീരുമാനമെടുത്തിരുന്നു. എന്തുവില കൊടുത്തും കേസ് സഭയ്ക്കനുകൂലമാക്കുക. കേസിനാവശ്യമായ പണം സമാഹരിക്കുന്നതിനും രാഷ്ട്രീയക്കാരെ സ്വാധീനിക്കുന്നതിനും തുടര്‍നടപടികള്‍ക്കുമായി ഫാ. ജോണ്‍സനെ ചുമതലയേല്‍പ്പിച്ചുകൊണ്ട് അരമനയിലെ ആ അനൗദ്യോഗിക യോഗം പിരിഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക