Image

ഇവിടെ ഒരു കോളജ് ഉണ്ടായിരുന്നു:  നരിയംപാറ ഡി.ബി.എസ് കോളജ് പൂർവ വിദ്യാർത്ഥികൾ ഒത്തുകൂടിയപ്പോൾ 

Published on 28 January, 2023
ഇവിടെ ഒരു കോളജ് ഉണ്ടായിരുന്നു:  നരിയംപാറ ഡി.ബി.എസ് കോളജ് പൂർവ വിദ്യാർത്ഥികൾ ഒത്തുകൂടിയപ്പോൾ 

കട്ടപ്പന, ഇടുക്കി ജില്ല: നരിയംപാറയിൽ  നാലര പതിറ്റാണ്ട് മുൻപ് പൂട്ടിപ്പോയ ദേവസ്വം ബോര്‍ഡ് ശബരിഗിരി കോളജിലെ  (ഡി.ബി.എസ്)  ആദ്യ  രണ്ടു പ്രീ ഡിഗ്രി  ബാച്ച് വിദ്യാര്‍ഥികളുടെ സംഗമം  വികാരനിര്‍ഭരമായി. കോളജ് തുടങ്ങിയ 1968 മുതല്‍ 1972 വരെ ആദ്യ  രണ്ട്  ബാച്ചുകളില്‍ പഠിച്ചിരുന്നവര്‍ ഒന്നിച്ചുവന്നപ്പോള്‍ ഓര്‍ക്കാനും പറയാനും ഒരുപാട് കാര്യം.

അന്ന് നിക്കറിട്ടും   പാവാടയും ബ്ലൗസുമിട്ടും   എത്തിയ കൗമാരക്കാര്‍ ഇപ്പോൾ  വൃദ്ധനും വൃദ്ധയുമായി പഴയ വിദ്യാലയത്തിന്റെ നടുമുറ്റത്തെത്തിയപ്പോള്‍ അവിടെ വിദ്യാലയമില്ല. നടുമുറ്റവുമില്ല. കാടിനുള്ളില്‍ കുറെ മതില്‍ക്കെട്ടുകള്‍ മാത്രം. വിദ്യാര്‍ത്ഥിസമരത്തെ തുടര്‍ന്ന് കേരളത്തില്‍ നിര്‍ത്തലാക്കിയ ഏക  കോളജാണിത്. 1968-ല്‍ തുടങ്ങി. 1978-ല്‍ പൂട്ടി. ഇടുക്കി ജില്ലയില്‍ ഇപ്പോഴൊരു പ്രധാന പട്ടണമായ കട്ടപ്പനയ്ക്കടുത്തുള്ള ഗ്രാമമാണ് നരിയമ്പാറ. സഹ്യാദ്രി നിരകള്‍ ഗ്രാമത്തിന്റെ അതിര്‍ത്തിയില്‍ തലയുയര്‍ത്തി നില്‍ക്കുന്നു.

അതില്‍ ഒരു മലയുടെ മുകള്‍ഭാഗം ഇടിച്ചുനിരത്തി കെട്ടിടങ്ങള്‍ നിര്‍മ്മിച്ച് (ഷെഡ് പോലെയുള്ളവ) 1968 ജൂണില്‍ പ്രീഡിഗ്രി ക്ലാസുകള്‍ തുടങ്ങി. അന്തരിച്ച വണ്ടങ്കല്‍ ഭാസി എന്ന മഹാരഥന്റെ കഠിന പ്രയത്‌നങ്ങള്‍ പൂവണിഞ്ഞതാണ് ആ സ്ഥാപനം.  
നൂലുപോലെ നിരന്തരമായി പെയ്യുന്ന മഴ, നാല്‍പ്പതാം നമ്പര്‍ എന്നോ മറ്റോ പേര് അക്കാലത്തുണ്ട്. അതിനു പുറമെ മഞ്ഞ്. മഞ്ഞു മൂടുമ്പോള്‍ താഴെ നിന്ന് കോളജ് കാണാന്‍ വിഷമം.

ചെളി നിറഞ്ഞ വഴിത്താരകളില്‍  വിദ്യാര്‍ത്ഥികളും, വിദ്യാര്‍ത്ഥിനികളും മൈലുകള്‍ താണ്ടിവന്ന് കഠിനമായ മല ചവുട്ടി. മിക്കവര്‍ക്കും ചെരിപ്പില്ല. ചെളിയില്‍ നടക്കുന്നതിനുള്ള വിഷമതയാണു പ്രധാന കാരണം. ചെരിപ്പ് വാങ്ങാന്‍ മാത്രം പണമുള്ളവര്‍ ചുരുക്കവും.

തുടങ്ങി വൈകാതെ തന്നെ മലയിൽ നിന്ന് കോളജ് താഴെക്ക്  മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ടുള്ള സമരവും തുടങ്ങി.  ഒടുവിൽ അത്  കോളജ്‌  തന്നെ നിർത്തലാക്കുന്നതിൽ കലാശിച്ചു. 

'നാലു പതിറ്റാണ്ടുകള്‍ക്കുശേഷം തിരിഞ്ഞുനോക്കുമ്പോള്‍  കുറച്ചേറെ ദുഖമുണ്ട്. ഹൈറേഞ്ചിനു പുറത്തുനിന്നും വന്ന അദ്ധ്യാപകര്‍ക്ക് ആ നാടിനോട് പ്രത്യേക മമതയൊന്നുമില്ല. പക്ഷെ വിദ്യാർത്ഥികളായ  ഞങ്ങൾ  മണ്ണിന്റെ മക്കളാണല്ലോ?  ഒരു കോളജ് ഒരു നാട്ടിൽ  വന്നാൽ  ആ നാടിന്റെ മുഖച്ഛായ തന്നെ മാറും. എത്ര വിഷമതകൾ  സഹിച്ച് എത്ര കടമ്പ കടന്നാണ് ഭാസിച്ചേട്ടന് ആ നേട്ടം കൈവരിച്ചത്?'  

അദ്ദേഹത്തിന്റെ ശാപമെന്നോണം പിന്നീടുണ്ടായ സർക്കാർ കോളേജൊന്നും ഉയരങ്ങളിലെത്തിയില്ല...

പണ്ട്  അനായാസം നടന്നുകയറിയ തട്ടകത്തിലേക്ക് ഏങ്ങിവലിഞ്ഞും കിതച്ചും എത്തിപ്പെട്ട ഒരുപറ്റം പൂര്‍വ വിദ്യാര്‍ഥികള്‍. അരനൂറ്റാണ്ടിന്റെ പിന്നിലേക്കൊരു പ്രയാണം. എവിടെയോ കൈമോശം വന്ന കൗമാരകാലത്തേക്കൊരു തിരിച്ചുപോക്ക്. എഴുപതുകളുടെ അസ്‌കിത മറക്കാതെ മലകയറിയവര്‍.

എല്ലാവരും മറന്നുവെങ്കിലും ഞങ്ങളാരും മറക്കാത്ത, ഞങ്ങളുടെ ഹൃദയത്തിലെ ആഴത്തിലുള്ള മുറിവായി എന്നും നിലകൊള്ളുന്ന പ്രിയപ്പെട്ട ഡി.ബി.എസ് കോളജ്.

നരിയമ്പാറ മല കുറച്ചുകൂടി വളര്‍ന്നുവെന്നു തോന്നി. ഞങ്ങൾക്ക് പ്രായം കൂടിയത് കൊണ്ട് തോന്നുന്നതായിരിക്കാം.  പണ്ട് ചെമ്മണ്ണായിരുന്ന റോഡ് ഇപ്പോള്‍ ഭൂരിഭാഗവും ടാറിട്ടിട്ടുണ്ട്. പക്ഷെ ചെറിയ വാഹനം കയറിപ്പോകാന്‍ തന്നെ വിഷമം. പണ്ട് മുണ്ട് മടക്കിക്കുത്തി ചെരിപ്പാടാത്ത  കാലുകള്‍ വലിച്ചുവച്ച് അനായാസം മലകയറിയത് ഓര്‍മ്മവന്നു. വള്ളക്കടവില്‍ നിന്നും മറ്റും വരുന്നവര്‍ മലയുടെ മറ്റൊരു വശത്തുള്ള ചെങ്കുത്തായ പാറയില്‍ അള്ളിപ്പിടിച്ച്  കയറി ദൂരം ലാഭിച്ചിരുന്നു. ഇന്നു അതൊക്കെ കാണുമ്പോള്‍ പേടി തോന്നുന്നു . ഭാഗ്യത്തിന് അന്ന് ആര്‍ക്കും ഒരുപകടവും ഉണ്ടായില്ല.

ഇപ്പോൾ നരിയംപാറ കുന്നിന്റെ മുകളിൽ  കോട്ട പോലെ ഉയർന്നു  നിൽക്കുന്ന മതിലുകൾ . കാടു കയറിയ പ്രദേശത്ത്  പ്രദേശത്ത് പുരാതന സംസ്‌കാരത്തിന്റെ അവശിഷ്ടം പോലെ കരിങ്കല്ലില്‍ പണിത ഓര്‍മ്മച്ചിത്രങ്ങള്‍. ഒരിക്കല്‍ ആരവമുയര്‍ന്ന, കളിചിരി മുഴങ്ങിയ കുന്നിന്‍ മുകളില്‍ കാറ്റിന്റെ മൂളല്‍ മാത്രം. മലയെ മൂടിക്കിടക്കുന്ന മഞ്ഞ് എവിടെപ്പോയി. തോരാതെ പെയ്തിരുന്ന നാല്‍പ്പതാം നമ്പര്‍ നൂല്‍മഴ ഇനി വരില്ലേ?

മലമുകളില്‍ ചെന്നപ്പോള്‍ ചിരിക്കണോ കരയണോ എന്നറിയാതെ കുഴങ്ങി. കൗമാരത്തിന്റെ ഉശിരില്‍ തകര്‍ത്തു മേഞ്ഞ കര്‍മ്മ ഭൂമിയാണ്. 'കര്‍മ്മഫലം'കൊണ്ട് കൈവിട്ടുപോയ സരസ്വതി ക്ഷേത്രമാണ്.

കോളജ് ഇല്ലാതായെങ്കിലും തങ്ങളുടെ മനസുകളില്‍ കോളജ് എന്നുമുണ്ടായിരുന്നു. അവിടെ നിന്നുള്ള ഓര്‍മ്മകള്‍ അത്ര  മധുരിക്കുന്നവയായിരുന്നില്ല. എങ്കിലും അവ മറവിയിലേക്ക് പോയില്ല.

അര നൂറ്റാണ്ടിനുശേഷം വീണ്ടും മല കയറണമെന്ന മോഹം സാക്ഷാത്കരിക്കാന്‍ മുന്നിട്ടിറങ്ങിയത് പുര്‍വ വിദ്യാര്‍ഥിയും മുന്‍ എംഎല്‍എയുമായ ഇ.എം. ആഗസ്തിയാണ്. ആദ്യ ജനറല്‍ സെക്രട്ടറിയായിരുന്ന ജോര്‍ജ് ജോസഫ് പടവില്‍, രാഷ്ട്രീയ നേതാവ് കൂടിയായ കെ.ജെ.  കുട്ടിയച്ചന്‍ തുടങ്ങിയവരും സജീവമായി.

പല സതീർഥ്യരും  കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിരുന്നു. പലർക്കും കൊച്ചുമക്കളും അവരുടെ മക്കളുമായി.  കഴിയുന്നത്ര പേരെ  തേടി പിടിച്ചു.  പത്രത്തില്‍ വാര്‍ത്ത കൊടുത്തു. വാട്‌സ് ആപ് ഗ്രൂപ്പുണ്ടാക്കി. ഒടുവില്‍ ജനുവരി 20 -ന് മുപ്പതോളം പേര്‍ ആഗസ്തിയുടെ ഇരുപതേക്കറിലെ വസതിയില്‍ ഒത്തുകൂടി. കണ്ടപ്പോള്‍ മിക്കവര്‍ക്കും അന്യോന്യം തിരിച്ചറിയാനാവുന്നില്ല. ഓര്‍മ്മയില്‍ നിന്നുള്ള ചില വളപ്പൊട്ടുകള്‍ ചികഞ്ഞെടുത്തപ്പോള്‍ പലര്‍ക്കും പഴയ കാലത്തിന്റെ ടണലിനപ്പുറമുള്ള കാലത്തിന്റെ ചില മിന്നലാട്ടങ്ങള്‍. അന്നത്തെ കുസൃതികളും അധ്യാപകരെപ്പറ്റിയുള്ള ഓര്‍മ്മകളും.

തുടര്‍ന്ന് എല്ലാവരും മലമുകളിലേക്ക്. സഹ്യാദ്രിയുടെ ഒരു വമ്പൻ  ശിഖരത്തില്‍ കോളജ് സ്ഥാപിച്ചത് ഒരബദ്ധമായില്ലേ എന്ന് ഇപ്പോഴും തോന്നി. കോളജ് ഇല്ലാതാക്കാന്‍ ശ്രമിച്ചത് അതിലും വലിയ അബദ്ധവും.

അവിടെ ഒരു കോളജ് വന്നില്ലായിരുന്നെങ്കില്‍ പഠനം പത്താംക്ലാസില്‍ അവസാനിപ്പിക്കുമെന്നായിരുന്നു പലരും പറഞ്ഞത്. അന്നത്തെ ദാരിദ്ര്യം മിക്കവരും  എടുത്തുപറഞ്ഞു. മാത്രമല്ല വലിയ കോളജുകളിലൊക്കെ പ്രവേശനം കിട്ടാനുള്ള മാര്‍ക്കും മിക്കവർക്കും  ഉണ്ടായിരുന്നില്ല. അന്ന് ഹൈറേഞ്ചിലുള്ളവര്‍ക്ക് പഠനം ഒരു സര്‍ക്കസ് പോലെ ആയിരുന്നു. കുന്നും മലയും ചെളിയും താണ്ടി മൈലുകള്‍ നടന്നുള്ള അഭ്യാസം. അതിനിടയില്‍ ഹോം വര്‍ക്ക് ചെയ്യാന്‍ പോലും സമയം കിട്ടിയോ എന്നു സംശയം. എന്നിട്ടും വിജയശതമാനം ഒട്ടും  മോശമല്ലായിരുന്നു.

മല  കയറുമ്പോൾ ഓർത്തു, അവിടെ വച്ച് ഒരു പ്രേമ ബന്ധവും ഉണ്ടായില്ല! വലിയ പ്രേമകഥകളൊന്നും കേട്ടതുമില്ല.  അതിനു തക്ക മാനസികാവസ്ഥ ആയിരുന്നില്ല മിക്കവർക്കും. ജീവിത പ്രാരാബ്ധങ്ങളും കോളജിലെത്തിപ്പെടുന്ന തത്രപ്പാടും  ഒക്കെ കഴിയുമ്പോൾ പ്രേമത്തെപ്പറ്റി ചിന്തിക്കാൻ എവിടെ സമയം. അതിനു പുറമെ ധാർമ്മികമായി  ഉന്നതനിലവാരം പുലർത്തുന്ന കാലവുമായിരുന്നു  അത്. സ്ത്രീയും പുരുഷനും സംസാരിക്കുന്നതു പോലും സംശയത്തോടെ ജനം കാണുന്ന കാലം. 

മലമുകളിൽ ഇപ്പോൾ  ഒരു ക്ഷേത്രം ഉയർന്നു   നിൽക്കുന്നു. കോളജ് ഇല്ലാതാക്കാൻ നടത്തിയ സമര  പാപങ്ങൾ പൊറുക്കാൻ അവിടെ പ്രാർത്ഥിച്ചു...

ആ ഭാഗത്തു പണ്ട് പുറം  ജോലിക്കാരുടെ ഒരു ഷെഡ് ഉണ്ടായിരുന്നു. ജോലിക്കാരിൽ ഒരാൾ ഇടിമിന്നലേറ്റ് മരിച്ചു. ആരെന്നറിയാത്ത അയാളെ  എവിടെയോ സംസ്കരിച്ചു. ഏതാനും മാസം കഴിഞ്ഞപ്പോൾ ഒരു  അദ്ധ്യാപകൻ അവിടെ നിന്ന് അസ്ഥികൂടം ശേഖരിച്ചു  ലാബിൽ കൊണ്ട് വന്നു വച്ചു.

ഞങ്ങളിൽ പലരും പഠിച്ച  കട്ടപ്പന ഹൈസ്‌കൂളിലും ഒരു അസ്ഥികൂടമുണ്ടായിരുന്നു. അതിനിപ്പോൾ അറുപതു വര്ഷം   പ്രായം കൂടിക്കാണും! ആദ്യം അതു കണ്ടത് അറുപതുകളിലാണ്.  അതൊരു സ്ത്രീയുടേതാണെന്ന് ഇടുപ്പെല്ല് ചൂണ്ടിക്കാട്ടി പരേതനായ തോമസ് ജോസഫ് സാർ (പിന്നീട് എം.എൽ.എ) പറഞ്ഞു തന്നത് ഓർക്കുന്നു.

നരിയംപാറ മലയിൽ നിന്ന് നോക്കുമ്പോൾ കട്ടപ്പനയും ചുറ്റുപാടും അപൂർവ മനോഹരം. നാലുപാടും മലകൾ. താഴേക്കു നോക്കുമ്പോൾ അഗാധമായ ഗർത്തം. പക്ഷ മരങ്ങൾ ഉള്ളത് കൊണ്ട് പേടി തോന്നില്ല. ഗ്രാൻഡ് കാനിയനിൽ പോയപ്പോൾ കണ്ട ഗർത്തം പോലെ. ഇവിടെ ഇവിടെ പക്ഷെ  ഭീതി തോന്നില്ല എന്ന് മാത്രം. എന്തുകൊണ്ടും വലിയൊരു ടുറിസ്റ് കേന്ദ്രമാക്കാൻ എല്ലാ യോഗ്യതയും ചേർന്നതാണ് നരിയംപാറ കുന്ന്.

മല  കയറാൻ ഭാസിച്ചേട്ടന്റെ പുത്രനും പിന്നീട് അവിടെ വിദ്യാർത്ഥിയുമായ മുരളിയും  ഉണ്ടായിരുന്നു. ഞങ്ങളോടൊന്നും ഒരു വെറുപ്പോ വിദ്വെഷമോ  അദ്ദേഹത്തിനില്ലായിരുന്നു. സമരവും മറ്റും നടക്കുമ്പോൾ അദ്ദേഹം സ്‌കൂൾ വിദ്യാർത്ഥി ആയിരുന്നു. ഓരോന്നും ഓരോ കാലത്തിന്റെ സൃഷ്ടി എന്നദ്ദേഹവും പറഞ്ഞു.

ഭാസിച്ചേട്ടന്റെ ഓർമ്മക്കായി ഒരു സ്മാരകം നിമ്മിക്കണമെന്ന് ആഗസ്തി പറഞ്ഞത് എല്ലാവും അംഗീകരിച്ചു. അത്രയെങ്കിയിലും അദ്ദേഹത്തിന്റെ ഓർമ്മയ്ക്ക് ചെയ്യേണ്ടത് കടമയാണെന്ന് ഏവരും സമ്മതിച്ചു .

കോളജ് ഇല്ലെങ്കിലും കോളജ് കാലത്തേ ഓർമ്മകൾ എഴുതി അയച്ചാൽ അതൊരു പുസ്തകമാക്കാമെന്ന മറ്റൊരു പ്രോജക്ടും മുന്നോട്ടു വച്ചു.

കോളജിലെ മറ്റു ബാച്ചുകളിലെ വിദ്യാർത്ഥികളെ കൂടി സംഘടിപ്പിച്ച വീണ്ടുമൊരു ഒത്തുകൂടൽ നടത്താനും തീരുമാനിച്ചു.

ഇനിയും ഞങ്ങൾ വരുമെന്ന വാഗ്ദാനത്തോടെ ഞങ്ങൾ മലയിറങ്ങി...

എഴുത്തുകാരനായ കാഞ്ചിയാര്‍ രാജന്‍, കോളജ് യൂനിയന്റെആദ്യ ചെയര്‍മാനായ ജോര്‍ജ് ജോസഫ്, രണ്ടാമത്തെ ചെയര്‍മാന്‍ എം.വി. ജോസ്,കെ.എ. അബ്രഹം, അഡ്വ. കെ.ജെ. ജോസഫ്, അഡ്വ. കെ.ജെ. സിറിയക്ക്, കേശവന്‍ കുട്ടി, കുലശേഖരന്‍, എം.ജെ. ത്രേസ്യാമ്മ, മേരിക്കുട്ടി ജോസഫ്, സി.ടി. മേരിക്കുട്ടി, എലിസബത്ത്, എന്‍.കെ. സുധര്‍മ്മ, എന്‍.കെ വിജയമ്മ, എം. സുകുമാരന്‍, ഫിലിപ്പോസ്, കെ.ഡി. ദേവസ്യ, പി.എം. ദേവസ്യ, കെ.എം. തോമസ്, രാജു, മാത്യു സേവിയര്‍ തുടങ്ങിയവരും പങ്കെടുത്തവരില്‍ ഉള്‍പ്പെടും

see also: https://emalayalee.com/vartha/127773

ഇവിടെ ഒരു കോളജ് ഉണ്ടായിരുന്നു:  നരിയംപാറ ഡി.ബി.എസ് കോളജ് പൂർവ വിദ്യാർത്ഥികൾ ഒത്തുകൂടിയപ്പോൾ 
ഇവിടെ ഒരു കോളജ് ഉണ്ടായിരുന്നു:  നരിയംപാറ ഡി.ബി.എസ് കോളജ് പൂർവ വിദ്യാർത്ഥികൾ ഒത്തുകൂടിയപ്പോൾ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക