വിദ്യാര്‍ത്ഥിസമരത്തെ തുടര്‍ന്ന് കേരളത്തില്‍ നിര്‍ത്തലാക്കിയ ഏക കോളജ്
നരിയമ്പാറ ദേവസ്വം ബോര്‍ഡ് കോളജാണ്. 1968-ല്‍ തുടങ്ങി. 1978-ല്‍ പൂട്ടി.
കോളജ് പൂട്ടുന്നതില്‍ ഒരു ഒരു പങ്ക്, ഒരുപക്ഷെ ഒരു പ്രധാന പങ്കുവഹിച്ച
വ്യക്തിയാണ് ഈയുള്ളവന്‍. അതിന്റെ അഹംഭാവമൊന്നും ഇതേവരെ തോന്നിയിട്ടില്ല!
(കേട്ടു തഴമ്പിച്ച ഒരു തമാശ പറഞ്ഞുവെന്നേയുള്ളൂ.) കുറച്ചു ദുഖമുണ്ടുതാനും.
ഇടുക്കി ജില്ലയില്‍ ഇപ്പോഴൊരു പ്രധാന പട്ടണമായ കട്ടപ്പനയ്ക്കടുത്തുള്ള
ഗ്രാമമാണ് നരിയമ്പാറ. സഹ്യാദ്രി നിരകള്‍ ഗ്രാമത്തിന്റെ അതിര്‍ത്തിയില്‍
തലയുയര്‍ത്തി നില്‍ക്കുന്നു.
അതില്‍ ഒരു മലയുടെ മുകള്‍ഭാഗം ഇടിച്ചുനിരത്തി കെട്ടിടങ്ങള്‍ നിര്‍മ്മിച്ച്
(ഷെഡ് പോലെയുള്ളവ) 1968 ജൂണില്‍ പ്രീഡിഗ്രി ക്ലാസുകള്‍ തുടങ്ങി. അന്തരിച്ച
വണ്ടങ്കല്‍ ഭാസി എന്ന മഹാരഥന്റെ കഠിന പ്രയത്‌നങ്ങള്‍ പൂവണിഞ്ഞതാണ് ആ
സ്ഥാപനം. അതായത് ദേവസ്വം ബോര്‍ഡിനെകൊണ്ട് ആ പട്ടിക്കാട്ടില്‍ വന്ന് കോളജ്
തുടങ്ങാന്‍ പ്രേരിപ്പിച്ചത് അദ്ദേഹത്തിന്റെ സാമര്‍ത്ഥ്യം ഒന്നുകൊണ്ടു
മാത്രമാണ്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന പ്രാക്കുളം ഭാസിക്ക്
നരിയമ്പാറയില്‍ ആനയും അമ്പാരിയും സഹിതം സ്വീകരണമൊരുക്കിയത് പത്രത്തില്‍
വായിച്ചത് ഓര്‍ക്കുന്നു. സ്‌നേഹോഷ്മളമായ ആ സ്വീകരണമൊക്കെ കോളജ് തുടങ്ങാന്‍
പ്രേരണയായിരിക്കാം.
കട്ടപ്പന സെന്റ് ജോര്‍ജ് ഹൈസ്‌കൂളില്‍ നിന്ന് എസ്.എസ്.എല്‍.സി പാസായ
എനിക്ക് (1968) നരിയമ്പാറ കോളജ് ഉപരിപഠനത്തിനു വേദിയായി. ദാരിദ്ര്യം നിറഞ്ഞ
അന്നത്തെ സാഹചര്യത്തില്‍ കോളജ് അവിടെ വന്നിരുന്നില്ലെങ്കില്‍ എന്റെ പഠനം
പത്താം ക്ലാസൊടെ അവസാനിക്കേണ്ടതായിരുന്നു. ബസ് സര്‍വീസ് വല്ലപ്പോഴുമുള്ള
കാലം. ഇടയ്ക്കിടയ്ക്ക് ജീപ്പ് സര്‍വീസുണ്ട്. അതില്‍ ജനത്തെ
കുത്തിനിറയ്ക്കും. മലയുടെ താഴെ വരെ പോകും. പിന്നീട്
മല നടന്നു കയറണം. വളഞ്ഞുപുളഞ്ഞ ഹെയര്‍പിന്‍ വളവുകള്‍, ചെമ്മണ്ണ് പാത.
എങ്കിലും പിന്നീടതിലൂടെ സൈക്കിളില്‍ ഞങ്ങളുടെ സഹപാഠി വാസു (മുഴുവന് പേര്
മറന്നുപോയി) കുന്നിറങ്ങിയത് നെഞ്ചിടിപ്പോടെ ഇപ്പോഴും ഓര്‍ക്കുന്നു.
ആളെ കൂത്തി നിറച്ച ജീപ്പിലൊന്നിലാണ് ഞാനും എന്റെ പിതാവും അഡ്മിഷനു വേണ്ടി പോയത്. മലയുടെ താഴെ ജീപ്പിറങ്ങി. ഒടുവില്‍ വല്ല വിധേനയും നടന്ന് മലമുകളിലെത്തി. പ്രിന്‍സിപ്പല്‍
ശ്രീധരന്‍നായരെ കണ്ടു. കണക്കിന് മാര്‍ക്ക് തരക്കേടില്ലാതെ
ഉണ്ടായിരുന്നതിനാല്‍ ഫസ്റ്റ് ഗ്രൂപ്പ് എടുക്കാന്‍ പറഞ്ഞെങ്കിലും നേരത്തെ
തന്നെ അല്‍പ സ്വല്‍പം രാഷ്ട്രീയം തലയ്ക്ക് പിടിച്ചിരുന്നതിനാല്‍ തേര്‍ഡ്
ഗ്രൂപ്പില്‍ ചേക്കേറി.
നൂലുപോലെ നിരന്തരമായി പെയ്യുന്ന മഴ, നാല്‍പ്പതാം നമ്പര്‍ എന്നോ മറ്റോ പേര്
അക്കാലത്തുണ്ട്. അതിനു പുറമെ മഞ്ഞ്. മഞ്ഞു മൂടുമ്പോള്‍ താഴെ നിന്ന് കോളജ്
കാണാന്‍ വിഷമം.
ചെളി നിറഞ്ഞ വഴിത്താരകളില്‍ ഞങ്ങള്‍ വിദ്യാര്‍ത്ഥികളും,
വിദ്യാര്‍ത്ഥിനികളും മൈലുകള്‍ താണ്ടിവന്ന് കഠിനമായ മല ചവുട്ടി.
മിക്കവര്‍ക്കും ചെരിപ്പില്ല. ചെളിയില്‍ നടക്കുന്നതിനുള്ള വിഷമതയാണു പ്രധാന
കാരണം. ചെരിപ്പ് വാങ്ങാന്‍ മാത്രം പണമുള്ളവര്‍ ചുരുക്കവും.
ഒന്‍പതു പത്തു മൈലെങ്കിലും നടന്നാണ് ഞാന്‍ കോളജിലെത്തുന്നത്. മലയൊന്നും
പ്രശ്‌നമല്ലാത്ത യുവത്വം. പക്ഷെ മുറുമുറുപ്പ് തുടങ്ങിയത് പുറത്തു നിന്നുവന്ന
അദ്ധ്യാപകരില്‍ നിന്നാണ്. കടുത്ത തണുപ്പുള്ള കാലാവസ്ഥ. താമസിക്കാന്
വേണ്ടത്ര സൗകര്യമില്ല. പൂര്‍ണ്ണ ഗര്‍ഭിണിയായ ഒരു അദ്ധ്യാപിക വലിയ വയറുമായി
മല കയറുന്നത് ഇന്നും ഓര്‍ക്കുന്നു.
വിദ്യാര്‍ത്ഥികള്‍ ഞങ്ങള്‍ മിക്കവരും വേറെ കോളജുകളൊന്നും
കണ്ടിട്ടുള്ളവരല്ല. അവിടുത്തെ സ്ഥിതിയെപ്പറ്റിയും നിശ്ചയമില്ല. കേരളത്തില്‍
ഇതേപോലെ അസൗകര്യത്തില്‍ മലമുകളില്‍ ഒരു കോളജില്ലെന്നും അങ്ങനെയൊന്നു
വന്നാല്‍ വിദ്യാര്‍ത്ഥികള്‍ അത് അടിച്ചു തകര്‍ക്കുമെന്നുമാണ് അദ്ധ്യാപകരില്‍ നിന്നു കിട്ടിയ സൂചന.
പോരെ പൂരം. ചോര തിളച്ചു നില്‍ക്കുന്ന പ്രായം. വിദ്യാര്‍ത്ഥികള്‍ക്ക്
കരുത്തും ശക്തിയുമുള്ള കാലഘട്ടമാണ്. സ്വാതന്ത്ര്യ സമരത്തിന്റേയും വിമോചന
സമരത്തിന്റേയുമൊക്കെ ഹാങ്ങോവര്‍ അടിന്തരാവസ്ഥ വരെ നിലനിന്നിരുന്നുവെന്നതും
മറക്കാതിരിക്കുക.
എന്തായാലും ശൂരന്മാരായ ഞങ്ങളും സംഘടിച്ചു. ആദ്യവര്‍ഷത്തെ കോളജ് ഇലക്ഷനില്
ഇംഗ്ലീഷ് അസോസിയേഷന്റെ (1969) നേതാവാണ് ഞാന്‍. ആകെ വിദ്യാര്‍ത്ഥികളുടെ
എണ്ണം 250-ല്‍ അധികം വരില്ല. അസോസിയേഷന്‍ നേതാവ് എന്ന നിലയില്‍
വിദ്യാര്‍ത്ഥികളെ ഇളക്കി വിടുന്നതില്‍ ഞാന് മുന്നിലുണ്ടായിരുന്നു.
അദ്ധ്യാപകരില്‍ നിന്നായിരിക്കാം ഇതിനു പ്രചോദനം കിട്ടിയത്.
ആ വര്‍ഷം ഏതാനും ദിവസത്തെ പഠിപ്പുമുടക്ക് നടന്നുവെന്നാണ് ഓര്‍മ്മ. കോളജ്
മലമുകളില്‍ നിന്ന് താഴെ കൊണ്ടുവരണം എന്നതായിരുന്നു ഡിമാന്‍ഡ്. ലാബറട്ടറി
പോയിട്ട് മൂത്രപ്പുര പോലും ഇല്ല എന്നൊക്കെ ഞങ്ങള്‍ ആവേശ പൂര്‍വം
ചൂണ്ടിക്കാട്ടി. ഏതാനും മൈലകലെ കാഞ്ചിയാറിലും മറ്റും അന്ന് നിരപ്പായ സ്ഥലം
ലഭിക്കുക പ്രയാസമായിരുന്നില്ല. ദേവസ്വം ബോര്‍ഡ് വിചാരിച്ചാല്‍ നിഷ്പ്രയാസം
നടക്കാവുന്ന കാര്യം.
എന്തായാലും ആദ്യവര്‍ഷം സമരം എങ്ങനെ തീര്‍ന്നുവെന്ന് വ്യക്തമായ
ഓര്‍മ്മയില്ല. അടുത്ത വര്‍ഷം (1969-70) രണ്ടാമത്തെ ബാച്ചുകൂടി കോളജിലെത്തി.
മുന്‍ എം.എല്‍.എ ഇ.എം ആഗസ്തി ആ ബാച്ചിലായിരുന്നു. കൂടുതല്‍ കുട്ടികള്‍
എത്തിയതോടെ ഞങ്ങള്‍ക്ക് ശൗര്യം കൂടി. വാശിയില്‍ നടന്ന കോളജ് ഇലക്ഷനില്
ഞാന് ചെയര്‍മാനും പിന്നീട് അയ്യപ്പന്‍കോവില്‍ പഞ്ചായത്ത്
പ്രസിഡന്റായിരുന്ന ജോര്‍ജ് ജോസഫ് പടവില്‍ സെക്രട്ടറിയുമായി.
കോളജ് യൂണിയന്റെ ഉദ്ഘാടനത്തിനു കൊണ്ടുവന്ന സാഹിത്യകാരനും ബസേലിയോസ് കോളജ്
പ്രൊഫസറുമായിരുന്ന അന്തരിച്ച സി.ജെ. മണ്ണുമ്മൂട് നടത്തിയ പ്രസംഗത്തില്‍
കോളജിലേക്കുള്ള യാത്ര എടുത്തു പറഞ്ഞു. വേറെ എവിടെയാണെങ്കിലും കോളജ് ഇങ്ങനെ
നിലനില്‍ക്കില്ലായിരുന്നു എന്നുകൂടി അദ്ദേഹം സൂചിപ്പിച്ചു. കരഘോഷത്തോടെയാണ്
വിദ്യാര്‍ത്ഥികള്‍ അത് ഏതിരേറ്റത്.
കോളജ് അദ്ധ്യാപകരില്‍ പലരും പുതിയ നിയമനമായിരുന്നു. എന്നു പറഞ്ഞാല്‍ കോളജ്
പഠനം കഴിഞ്ഞയുടന്‍ നിയമനം കിട്ടിയവര്‍. അവരിലും ചൂടന്മാര്‍.
അദ്ധ്യാപകര്‍ക്ക് താമസിക്കാന്‍ കാര്യമായ സൗകര്യമില്ല. നല്ല ഭക്ഷണം
കിട്ടാന്‍ ഹോട്ടലൊന്നും അടുത്തില്ല. ഇടുക്കി ജില്ലയ്ക്ക് പുറത്തുനിന്നും
വരുന്ന അവര്‍ക്ക് അന്നത്തെ തണുപ്പും നിരന്തരമുള്ള മഴയുമൊന്നും
പിടിക്കുന്നുമില്ല. എല്ലാറ്റിനുമുപരി മലചവിട്ടും.
പൊതുവില്‍ വിദ്യാര്‍ത്ഥികളിലും അദ്ധ്യാപകരിലും അമര്‍ഷം പുകയുന്നു.
മാനേജ്‌മെന്റ് അതറിയുന്നുണ്ടോ എന്നു സംശയം. കോളജില്‍ പോകുന്ന വഴിക്കു
ചിലപ്പോള്‍ ഭാസി ചേട്ടനെ കാണും. അദ്ദേഹം ലോഹ്യം ചോദിക്കാന്‍ വന്നാലും
ധിക്കാരം പറയുകയോ, കൂവുകയോ ഒക്കെയാണ് ഈയുള്ളവനും കൂട്ടരും ചെയ്തിരുന്നത്.
തന്ത്രപരമായും സൗഹൃദത്തോടെയും കൈകാര്യം ചെയ്താല്‍ ഞങ്ങളൊന്നും അത്ര വലിയ
പ്രശ്‌നക്കാരൊന്നുമല്ലെന്നു മനസിലാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞതുമില്ല.
പൊന്‍കുന്നം സ്വദേശിയായ അദ്ദേഹത്തിനൊപ്പം അവിടെനിന്നുള്ള ചില അനുചരര്‍
എപ്പോഴുമുണ്ടായിരുന്നു. ചട്ടമ്പികള്‍ എന്നു ഞങ്ങള്‍ കരുതിയവര്‍. ഒരുനാള്‍
അവരുമായി ഏതാനും വിദ്യാര്‍ത്ഥികള്‍ വാക്കേറ്റം നടത്തി. കുമളിയില്‍ നിന്നു
വരുന്ന വിജയന്‍ എന്ന വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു.
സംഭവസമയത്ത് ഞാന്‍ ഉണ്ടായിരുന്നില്ല. എങ്ങനെയാണ് വഴക്ക് ഉണ്ടായതെന്ന്
വിജയന് പറഞ്ഞത് ഇപ്പോള്‍ ഓര്‍മ്മയില്‍ വരുന്നില്ല. പരുക്ക്
കാര്യമായിട്ടില്ലായിരുന്നെങ്കിലും കോട്ടയത്ത് മെഡിക്കല്‍ കോളജില്‍
കൊണ്ടുപോകണമെന്ന് ഞങ്ങള്‍ അഠിച്ചു. പ്രശ്‌നം വഷളാക്കുക എന്നതായിരുന്നു
ഞങ്ങളുടെ ആഗ്രഹം. ചില അദ്ധ്യാപകരുടെ ഉപദേശവും. അതനുസരിച്ച് വിജയനെ
കോട്ടയത്ത് ജനറല്‍ ആശുപത്രിയിലാക്കി.
വിജയനു കുത്തേല്‍ക്കുന്നതിനു ഒന്നോ രണ്ടോ ദിവസം മുമ്പ് ഭാസിച്ചേട്ടന്‍ കോളജില്‍ വന്നു. പ്രിന്‍സിപ്പല്‍ സ്ഥലത്തില്ല. വിദ്യാര്‍ത്ഥികള്‍
എല്ലാവരും കൂടി അദ്ദേഹത്തെ വളഞ്ഞു. ചിലര്‍ മീശയില്‍ പിടിച്ചു വലിക്കാനും
ദേഹോപദ്രവത്തിനും മുതിര്‍ന്നു എന്നാണു ഓര്‍മ്മ. (ഞാനല്ല!) ഒരു കോളജ് കൊണ്ടു
വന്നു എന്ന കുറ്റത്തിനു കിട്ടിയ പ്രതിഫലം! പ്രിന്‍സിപ്പലിന്റെ
ചാര്‍ജുണ്ടായിരുന്ന ഗോപിനാഥന്‍ നായര്‍ സാര്‍ 'നീയൊന്നും ഗുണംപിടിക്കത്തില്ല'
എന്നു ശപിച്ചതും ഓര്‍ക്കുന്നു.
അതിന്റെ പ്രതികാരമാണ് വഴക്കും കുത്തു കേസുമായി മാറിയത്. പകരം
ഞങ്ങള്‍ക്കെതിരെ ഒരു പൊലീസ് കേസായിരുന്നെങ്കിലോ? കോളജ് ഇന്നും അവിടെ
ഉണ്ടാകുമായിരുന്നു എന്നു പിന്തിരിഞ്ഞു നോക്കുമ്പോള്‍ തോന്നുന്നു.
കുത്തിനേത്തുടര്‍ന്നു കോളജ് അടച്ചു. ഇതേ തുടര്‍ന്ന് പ്രചാരണവും
മീറ്റിംഗുമൊക്കെയായി വിദ്യാര്‍ത്ഥികള്‍ ഞങ്ങള്‍ രംഗത്തിറങ്ങി.
കട്ടപ്പനയില്‍ നടന്ന മീറ്റിംഗില്‍ അന്നത്തെ കെ.എസ്.യുവിന്റെ കോട്ടയം ജില്ലാ
പ്രസിഡന്റായിരുന്ന തിരുവഞ്ചൂര് രാധാകൃഷ്ണനെ കൊണ്ടുവന്നു. അന്നു കോട്ടയം
ജില്ലയുടെ ഭാഗമായിരുന്നു നരിയമ്പാറ. ഇടുക്കി ജില്ലയുണ്ടായത് പിന്നെയും
ഒരുവര്‍ഷമെങ്കിലും കഴിഞ്ഞാണ്. (1971ല്‍?) തിരുവഞ്ചൂരിന്റെ തകര്‍പ്പന്‍
പ്രസംഗം നാട്ടുകാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നന്നേ ബോധിച്ചു. ഞാന്‍
ഇടതുപക്ഷക്കാരനായിരുന്നെങ്കിലും കക്ഷി രാഷ്ട്രീയം ആര്‍ക്കും അന്നൊരു
വിഷയമായിരുന്നില്ല.
മാസങ്ങള്‍ തന്നെ കോളജ് അടഞ്ഞു കിടന്നു. മാനേജ്‌മെന്റിന്റെ വകയായി
വിദ്യാര്‍ത്ഥികള്‍ക്കെതിരേയും അദ്ധ്യാപകര്‍ക്കെതിരേയും ചില മാധ്യമ
വാര്‍ത്തകള്‍ കോട്ടയത്തു നിന്നിറങ്ങുന്ന ചില അന്തിപ്പത്രങ്ങളില്‍ വന്നു.
ഒടുവില്‍ പ്രശ്‌നം തീര്‍ക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത്
സെക്രട്ടറിയേറ്റിനു മുന്നില്‍ ധര്‍ണ്ണ നടത്താന്‍ തീരുമാനിച്ചു.
അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും സംയുക്തമായി ധര്‍ണ്ണ എന്നതായിരുന്നു
ലക്ഷ്യം.
അതിനിടയില്‍ അന്നത്തെ കോട്ടയം ജില്ലാ കളക്ടര്‍ ടി.എന്‍. ജയചന്ദ്രനും പോലീസ്
സൂപ്രണ്ടായിരുന്ന അന്തരിച്ച എന്‍. കൃഷ്ണന്‍ നായരും (പിന്നീടു ഡി.ജി.പി)
കോളജിലെത്തി ഒരു അനുരഞ്ജന ചര്‍ച്ച നടത്തി. പക്ഷെ പ്രശ്‌നങ്ങള്‍
തീര്‍ന്നില്ല. തുടര്‍ന്നാണ് സെക്രട്ടറിയേറ്റ് ലക്ഷ്യമിട്ടത്.
ഇതേ തുടര്‍ന്ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രി സി.എച്ച് മുഹമ്മദ് കോയ
ചര്‍ച്ചയ്ക്കു വിളിച്ചു. മാസങ്ങള്‍ പിന്നിട്ടതിനാല്‍ എങ്ങനെയും സമരം
തീര്‍ന്നാല്‍ മതിയെന്ന സ്ഥിതിയിലായിരുന്നു അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും.
സി.എച്ചിന്റെ സൗഹൃദത്തിലും നിറഞ്ഞ ചിരിയിലും ഞങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍
വീണു പൊയി! വലിയ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ആ ചിരിക്കാകുമെന്നു തോന്നി.
എന്തോ ചില ഉറപ്പൊക്കെ കിട്ടിയെന്നു തോന്നുന്നു. അതില്‍ വലിയ കാര്യമൊന്നും
ഇല്ലെന്നറിയാമായിരുന്നു. ചര്‍ച്ച കഴിഞ്ഞ് പോരാറാകുമ്പോള്‍ എന്നോട്
പ്രത്യേകിച്ച് നന്നായി പഠിക്കണമെന്ന് ഉപദേശിക്കുകയും ചെയ്തു.
അന്നൊക്കെ പഠനം രണ്ടാമത്തെ കാര്യവും രാഷ്ട്രീയവും നേതൃത്വവുമൊക്കെ
ഒന്നാമത്തെ കാര്യവുമായിരുന്നു. മിക്ക ദിവസവും ക്ലാസില്‍ കയറുകയുമില്ല.
പരീക്ഷ വന്നപ്പോഴാണ് സമരവീര്യമൊക്കെ മറന്നത്. കാര്യമായി ഒന്നും അറിയില്ല.
തോല്‍ക്കാന്‍ സാധ്യത. നാണക്കേടാകും. എന്തായാലും അറിയാവുന്നതും
അറിയാത്തതുമൊക്കെ എഴുതിപ്പിടിപ്പിച്ചു പേജുകള്‍ നിറച്ചുവെച്ചു. മാര്‍ക്ക്
ഇടുന്നവര് അതു വായിച്ചുകാണില്ല. അതിനാല്‍ വല്ലവിധേനയും പരീക്ഷ വിജയിച്ചു.
ഇത്തരമൊരു സമരം ഇന്നായിരുന്നെങ്കില്‍ നടക്കുമായിരുന്നോ? കോളജ് ദേവസ്വം
ബോര്‍ഡിന്റേതാണ്. നടത്തുന്നത് ഹൈന്ദവ നേതാക്കള്‍. സമരക്കാര്‍ മിക്കവരും
ക്രിസ്ത്യാനികള്‍. പോരെ വര്‍ഗ്ഗീയമായി കാണാന്‍? അന്നു പക്ഷെ അങ്ങനെയൊരു
കാര്യം ആരും ചിന്തിച്ചില്ല.
എന്നെ ചെയര്‍മാനായി തെരഞ്ഞെടുത്തപ്പോള്‍ നെടുങ്കണ്ടത്തുനിന്നും വരുന്ന
മാധവന് നായര്‍ എന്ന സുഹൃത്തിനോട് നാട്ടുകാരിലൊരാള്‍ ചോദിച്ചു. ഒരു ഹിന്ദു
കോളജില്‍ ഒരു ഹിന്ദുവിനെയല്ലേ ചെയര്‍മാനാക്കേണ്ടിയിരുന്നതെന്ന്.
മാധവന്‍നായര്‍ അയാളെ പറഞ്ഞ ചീത്ത മറ്റു സുഹൃത്തുക്കള്‍ പറഞ്ഞറിഞ്ഞത്
ഇപ്പോഴും ഓര്‍ക്കുന്നു. തന്റെയൊക്കെ മനസിലെ ചെളി കഴുകിക്കളയാനാണ് മാധവന്
നായര്‍ ഉപദേശിച്ചത്. അന്ന് 18-19 വയസു മാത്രമായിരുന്നു ഞങ്ങളുടെയൊക്കെ
പ്രായം എന്നു കൂടി ഓര്‍ക്കുക.
നരിയമ്പാറ കോളജ് വിട്ടശേഷം മാധവന്‍നായരെ കണ്ടിട്ടില്ല. ഇപ്പോള്‍
എവിടെയായിരിക്കും? വിശാലമായ ആ മനസ്ഥിതിയില്‍ മാറ്റം ഉണ്ടായിട്ടുണ്ടാകുമോ?
മൂന്നാം വര്‍ഷമാണ് സ്ഥിതിഗതികള്‍ പാടെ മാറിയത് (1971-72.) എം.വി ജോസ്
എന്നൊരു കേരളാ കോണ്‍ഗ്രസ് അനുഭാവി ആണ് ചെയര്‍മാനായത്. സമരവും പ്രശ്‌നവും
തുടരുന്നതിനിടയില്‍ കുന്നേല്‍ ബേബി എന്നൊരാള്‍ കുത്തേറ്റു മരിച്ചു. വീണ്ടും
കോളജ് അടച്ചു. നരിയമ്പാറയില്‍ ഇ.എം. ആഗസ്തിയും, എം.വി ജോസും നിരാഹാരം
അനുഷ്ഠിച്ചു. അങ്ങനെ പ്രശ്‌നം കൂടുതല്‍ വഷളായി.
നിരന്തരമായ സമരവും പ്രശ്‌നങ്ങളും കൂടി മാനേജ്‌മെന്റിനു സ്ഥിരം തലവേദന.
ഒടുവില് 1978-ല്‍ കോളജ് അടച്ചുപൂട്ടി. പിന്നെ കട്ടപ്പനയില്‍ ഒരു സര്‍ക്കാര്‍
കോളജ് വന്നു.
നാലു പതിറ്റാണ്ടുകള്‍ക്കുശേഷം തിരിഞ്ഞുനോക്കുമ്പോള്‍ കുറച്ചേറെ ദുഖമുണ്ട്.
ഹൈറേഞ്ചിനു പുറത്തുനിന്നും വന്ന അദ്ധ്യാപകര്‍ക്ക് ആ നാടിനോട് പ്രത്യേക
മമതയൊന്നുമില്ല. പക്ഷെ ഞങ്ങള്‍ മണ്ണിന്റെ മക്കളാണല്ലോ? കോളജ് കുന്നിന്റെ
മുകളിലായിരിക്കാം. കോഴിക്കോട് ഗുരുവായൂരപ്പന് കോളജ് കുന്നിന്റെ മുകളിലാണ്.
കോളജിലേക്ക് വഴി ഉണ്ടാക്കാവുന്നതേയുള്ളൂ. മാനേജ്‌മെന്റിനു തന്നെ സുബുദ്ധി
തോന്നി കോളജ് മറ്റൊരു സ്ഥലത്തേക്ക് മാറ്റിക്കൂടായ്കയുമില്ലായിരുന്നു. ഒരു
കോളജ് ഒരു നാട്ടില്‍ വന്നാല്‍ ആ നാടിന്റെ മുഖച്ഛായ തന്നെ മാറും. എത്ര
വിഷമതകള്‍ സഹിച്ച് എത്ര കടമ്പ കടന്നാണ് ഭാസിച്ചേട്ടന് ആ നേട്ടം കൈവരിച്ചത്?
പക്ഷെ എത്ര നിസാരമായി ഞങ്ങളതിനെ ഇല്ലാതാക്കി. അന്നദ്ദേഹം അല്‍പ്പംകൂടി
തന്ത്രപൂര്‍വ്വം പെരുമാറിയിരുന്നെങ്കില്‍ എന്ന് ഇന്ന് ഓര്‍ത്തുപോകുന്നു.
കാലേ കൂട്ടി തന്നെ പോലീസ് ഇടപെട്ടിരുന്നുവെങ്കിലും സ്ഥിതി മാറുമായിരുന്നു.
പക്ഷെ അത് വിപ്ലവ വീര്യം നിറഞ്ഞ കാലമായിരുന്നല്ലോ.