Image

പരാജയപ്പെട്ട പരിശ്രമങ്ങൾ (കവിത: ജയൻ വർഗീസ്)

Published on 28 January, 2023
പരാജയപ്പെട്ട പരിശ്രമങ്ങൾ (കവിത: ജയൻ വർഗീസ്)

കാറൽ മാർക്സിൻ 
മനസ്സിൽ കത്തിയ 
സായുധ വിപ്ലവ ജ്യോതികളിൽ 
തകർന്നു വീണൂ 
ചങ്ങല മനുഷ്യൻ 
സ്വതന്ത്രരായീ നാടുകളിൽ 

അടിമച്ചങ്ങല 
യറുത്തു മാറ്റിയ 
തവകാശത്തിൻ ചെങ്കൊടിയായ് 
പറന്നു പാറി 
തലമുറ മണ്ണിൽ 
തുടർന്നു ജീവിത താളങ്ങൾ

വിശപ്പിൽ വീണവർ 
തെരഞ്ഞു റൊട്ടികൾ 
ശവപ്പറമ്പിൻ പുതു മണ്ണിൽ  
മരിച്ചു വീണത് 
കണ്ടവർ മതിലുകൾ 
പൊളിച്ചെടുക്കീ സംസ്ക്കാരം. 

ഒരിക്കൽ യേശു 
പറഞ്ഞു വച്ചത് 
നടപ്പിലായീ നാടുകളിൽ. 
കുതിച്ചു പായും 
ശാസ്ത്രക്കുതിര- 
ക്കുളമ്പുണർത്തീ സംഗീതം ! 

ഉദിച്ചുയർന്നൊരു 
പുലരികൾ നമ്മളി- 
ലുടച്ചു വാർത്തൂ സ്വപ്‌നങ്ങൾ, 
കുതിച്ചു പാഞ്ഞു 
വരുത്തും മാനവ 
സമത്വ ജീവിത മോർത്തൂ നാം. 

നടപ്പിലായി -
ല്ലൊന്നും കാലം 
തിരിച്ചു പോയത് കണ്ടൂ നാം. 
ഉയിർത്തെണീറ്റ 
ഫിനിക്‌സുകൾ വീണു 
കെടാത്ത ജീവിത വഹ്നികളിൽ !

ഒരിക്കൽ കാലുകൾ 
തളഞ്ഞ ചങ്ങല 
ചുഴറ്റി നിൽപ്പൂ തൊഴിലാളി. 
ഒരിക്കൽ സാന്ത്വന -
മുതിർന്ന കുരിശുകൾ 
മറിച്ചു വിറ്റൂ മതഭ്രാന്തർ

അറുത്തു വീഴ്ത്തിയ 
ചോരപ്പുഴകളി -
ലടുത്ത മനുഷ്യന് സംഗീതം, 
ഒരുക്കി വച്ചത് 
കണ്ടൂ, കണ്ണീർ 
തുടച്ചു മാർക്‌സും, കർത്താവും !

നടപ്പിലായിലൊന്നും 
പക്ഷെ, നശിക്കു - 
കില്ലീ  സ്വപ്‌നങ്ങൾ  
വരും, വരാതെ
വരില്ലാ ‘ ഗോദോ ‘ * 
പുണർന്നു നിൽക്കാം സ്വപ്‌നങ്ങൾ !

******************************

    ഒരുവന്റെ ജീവിതം അപരന് സംഗീതമാവുമെന്ന് മാർക്സിസം.
    ‘ waiting for godot ‘ by Samuel Beckett, the great french dramatist.

Join WhatsApp News
വിദ്യാധരൻ 2023-01-31 14:36:04
"കാറൽ മാർക്സിൻ മനസ്സിൽ കത്തിയ സായുധ വിപ്ലവ ജ്യോതികളിൽ തകർന്നു വീണൂ ചങ്ങല മനുഷ്യൻ സ്വതന്ത്രരായീ നാടുകളിൽ " ഇത് നിങ്ങളുടെ മനസ്സിൽ ആളിക്കത്തുന്ന നടക്കാത്ത സ്വപ്ങ്ങളുടെ തീ നാളങ്ങൾ മാത്രമാണ് . സാധാരണ മനുഷ്യന്റെ കാലുകളിൽ ചങ്ങലകൾ മുറുകുക മാത്രമേ ചെയ്തിട്ടുള്ളു . മാർക്സിസത്തിന്റെ ഈറ്റില്ലങ്ങളായ ചൈനയും റഷ്യയും ഏകാധിപത്യത്തിന്റെ പിടിയിലാണ് . സ്വാതന്ത്ര്യ കാംക്ഷികളെ തടവിലിട്ട് കഠിനമായി ജോലി ചെയ്യുതിപ്പിക്കുകയും മാരകമായ വിഷം കുത്തി വച്ച് കൊല്ലുകയും ചെയ്യുന്ന ചൈന, റഷ്യ, നോർത്ത് കൊറിയ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ ഭരണ കർത്താക്കൾ കാറൽ മാർക്സിന്റെ സ്വപ്നങ്ങളെ കാറ്റിൽ പരത്തുന്നവരാണ് . ഞാൻ പറഞ്ഞതിന്റെ ഉത്തരം നിങ്ങൾ തന്നെ പറയുന്നു "നടപ്പിലായിലൊന്നും പക്ഷെ, നശിക്കു - കില്ലീ  സ്വപ്‌നങ്ങൾ  വരും, വരാതെവരില്ലാ ‘ ഗോദോ ‘ * പുണർന്നു നിൽക്കു സ്വപ്‌നങ്ങൾ " നശിച്ചുപോയി കാറൽ മാർക്‌സും അവന്റെ സ്വപനോം വിടരാതെ. കുതിയ്ക്കയാണീ ലോകം ഇപ്പോൾ മാർക്സിനെ വിറ്റു കാശാക്കി. നടക്കയില്ല ഇവിടൊരു ചുക്കും ചുമ്മാ സ്വപ്നം നീയും കണ്ടോളു വിദ്യാധരൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക