Image

പഴത്തോട്ടത്തിനു സ്‌ട്രോബറി റെഡ്, തറപറ്റി കാബേജ്, വെളുത്തുള്ളിക്കു ഭൗമ സൂചിക (കുര്യന്‍ പാമ്പാടി)

കുര്യന്‍ പാമ്പാടി Published on 28 January, 2023
 പഴത്തോട്ടത്തിനു സ്‌ട്രോബറി റെഡ്, തറപറ്റി കാബേജ്, വെളുത്തുള്ളിക്കു ഭൗമ സൂചിക (കുര്യന്‍ പാമ്പാടി)

വയനാട്ടില്‍ സാമൂഹ്യ പ്രവര്‍ത്തനം നടത്തുന്ന കാലത്താണ് കോട്ടയംകാരനായ എബ്രഹാമിനും   കണ്ണൂര്‍  പെരിങ്ങോമില്‍ കുടിയേറ്റ കുടുംബത്തിലെ അംഗമായ ഭാര്യ സാറാമ്മക്കും മോഹം ഉദിച്ചത്. ശിഷ്ടകാലം  തണുപ്പുള്ള ഒരു പ്രദേശത്ത് പോയി കൃഷി ചെയ്തു ജീവിക്കുക.

പഴത്തോട്ടത്തെ സ്‌ട്രോബറി കര്‍ഷകന്‍ എബ്രഹാം ജോസ്

ഷില്ലോങ്ങിലെ മാര്‍ട്ടിന്‍ ലൂഥര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് മാസ്റ്റേഴ്‌സ് ഉള്ള  എബ്രഹാം മൂന്നാറില്‍ നിന്ന് അമ്പത് കി മീ കിഴക്കു കൊടൈക്കനാലിന്റെ പടിഞ്ഞാറേ ചെരിവിലെത്തി. പഴത്തോട്ടം എന്ന മലയോരത്ത് വേനല്‍ക്കാലത്തും അരുവി ഒഴുകുന്ന ഒരേക്കര്‍ സ്ഥലം അഞ്ചു വര്‍ഷം മുമ്പ് 'പൊന്നും വില'' കൊടുത്തു സ്വന്തമാക്കി. ഇപ്പോള്‍ ഏഴേക്കറില്‍ കൃഷിയുണ്ട്.

വിളവെടുത്തു പായ്ക്കു ചെയ്യുന്ന സാറാമ്മ

സമുദ്രനിരപ്പില്‍ നിന്ന് 5300--8000 അടി മുകളില്‍ ഉച്ചതിരിയുമ്പോഴേ കോടമഞ്ഞു പരക്കും. പകല്‍ കാട്ടാനയുടെ  ചിന്നംവിളിയും രാത്രിയില്‍ കേഴമാന്റെ അട്ടഹാസവും കേള്‍ക്കാം. പത്തു കി മീ പോയാല്‍ സ്വിറ്റ് സര്‍ലണ്ടിനെ തോല്പിക്കുന്ന പ്രകൃതി ഭംഗിയുള്ള കുറിഞ്ഞി ഉദ്യാനത്തിലെത്താം. അവിടെ കേരളാതിര്‍ത്തിയിലെ ക്ലാവര നിന്ന് കൊടൈക്കനാലിനു ബസ് കിട്ടും.

ഉരുളക്കിഴങ്ങു പാടം; മുതുവാന്‍ അയല്‍ക്കാരി; കുടുംബം

പിജെ ജോസഫ് വിദ്യാഭ്യാസമന്ത്രിയായിരുന്നപ്പോള്‍ 1987ല്‍  ഉദ്ഘാടനം ചെയ്ത ചാവറ കുര്യാക്കോസ് ഏലിയാസ് സ്‌കൂള്‍ ഇന്ന് ഹൈസ്‌കൂള്‍ ആണ്. ഉദ്ഘാടന വേളയില്‍ മന്ത്രി പ്രഖ്യാപിച്ചു കൊച്ചിയില്‍ നിന്ന് കോവിലൂര്‍ വഴി കൊടൈക്കനാലിലേക്കു പുതിയൊരു ഹൈവേ നിര്‍മ്മിക്കുമെന്ന്. കുറെ എര്‍ത് വര്‍ക്ക് നടന്നതല്ലാതെ അത് ഒന്നുമായില്ല. തമിഴ് വംശജരായ നാട്ടുകാര്‍ ഇന്നും മലമുകളിലെ ഊടുവഴിയിലൂടെ നടപ്പു തുടരുന്നു.

മലയാളത്തില്‍ ഒപ്പുമായി പഞ്ചാ. പ്രസി. ഗണപതിയമ്മാള്‍, കാബേജ് കൃഷി

മൂന്നാര്‍-കൊടൈക്കനാല്‍ യാത്രയിലെ ഇടത്താവളം എന്ന നിലയില്‍ വട്ടവട, കോവിലൂര്‍,  കൊട്ടാക്കമ്പൂര്‍, പഴത്തോട്ടം, ചിലന്തിയാര്‍ മേഖലയെ വികസിപ്പിക്കാന്‍ ടൂറിസം വകുപ്പ് മുന്‍കൈ എടുത്താല്‍ അദ്ഭുതകരമായ  പുതിയൊരു ടൂറിസം സര്‍ക്യൂട്ട് നിലവില്‍ വരും. കുമളി വഴിയോ മൂന്നാര്‍, ഉടുമല്‍പേട്ട   വഴിയോ കൊടൈക്കനാലില്‍ എത്തുന്നതിനേക്കാള്‍ എത്രയോ എളുപ്പം! 

പ്രസിഡന്റ് പൈനാവില്‍ മീറ്റിങ്ങിനു പോകുന്നു 

മനോഹരമായ ആ വഴികളിലൂടെ കാല്‍നടയായി രണ്ടുതവണ കൊടൈക്കനാലില്‍ പോയആളാണ് ഞാന്‍. കുവൈറ്റിലെ പ്രവാസി ഉഴവൂര്‍ ഇലവുങ്കല്‍ ജോയി കൂട്ടിനുണ്ടായിരുന്നു.  ഒരു തവണ അതിര്‍ത്തിയിലെ ക്ലാവര വരെ നടന്നു അവിടെനിന്നു ബസില്‍ 40 കി മീ അകലെ കൊടൈയില്‍ എത്തി കുമളി വഴി കോട്ടയത്തേക്കു പോയി. മറ്റൊരിക്കല്‍  കുമളി ചുരം ഇറങ്ങി കൊടൈ വഴി ക്ലാവരയില്‍ ബസ് ഇറങ്ങി   നടന്നു വന്നു. കടവരയില്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന കുറിഞ്ഞി ഉദ്യാനം കീറിമുറിച്ചുള്ള യാത്രയില്‍ ക്ഷീണം അറിഞ്ഞതേയില്ല.  

മലച്ചെരിവുകളിലെ കൃഷിയിടങ്ങള്‍

ദേവികുളം താലൂക്കില്‍ ശൈത്യകാല കൃഷിക്ക് പേരുകേട്ട വട്ടവട പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡ് ആണ് പഴത്തോട്ടം. ബ്രിട്ടീഷ് വാഴ്ച്ചക്കാലത്ത് ആപ്പിളും ഓറഞ്ചും ഉപ്പേടെ പഴവര്‍ഗങ്ങള്‍ വിളഞ്ഞിരുന്ന മേഖല ആയിരുന്നതിനാല്‍ പഴത്തോട്ടം എന്ന് പേര് വീണു. ഇന്നവിടെ ഓറഞ്ചോ ആപ്പിളോ സാമ്പിളിന് പോലുമില്ല. കോവിലൂരും മൂന്നാറും കാന്തല്ലൂരും ത്രികോണമായി കിടക്കുന്നു. മൂന്നാര്‍ വഴി 80 കിമീ അകലെ കാന്തല്ലൂരില്‍ എല്ലാമുണ്ട്.  

മന്നാടിയാരുടെ ഇളമുറ ഹരി ടൂറിസത്തിലേക്ക്, ശങ്കരിയുമായി കല്യാണം;  കണ്‍വിക  മകള്‍

വട്ടവട പഞ്ചായത്ത് ആസ്ഥാനമായ കോവിലൂരില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ ദൂരമേയുള്ളു പഴത്തോട്ടത്തിന്. പഴത്തോട്ടം എന്ന പേരിന്റെ ബലത്തില്‍ എബ്രഹാമും ലിസിയും സ്‌ട്രോബറിയിലാണ് തുടങ്ങിയത്. ദേശിയ പ്രശസ്തനായ സുഭാഷ് പാലേക്കറുടെ സിദ്ധാന്തങ്ങളില്‍ ആകൃഷ്ടനായി ചില ശില്പശാലകളില്‍  പങ്കെടുത്തിട്ടുണ്ട്. തന്മൂലം രാസവളമോ കീടനാശിനിയോ കൂടാതുള്ള കൃഷിമാത്രമേ ചെയ്യൂ എന്ന് തീരുമാനിച്ചു.

ഭൗമസൂചിക പട്ടം കിട്ടിയ വട്ടവട വെളുത്തുള്ളി

ഹിമാചലില്‍ ഷിംലയില്‍ നിന്ന് കൊണ്ടുവന്ന മേല്‍ത്തരം വിത്ത് പാകി കിളിര്‍പ്പിച്ചു വാരം കോരി നട്ടു. പന്നി മാന്‍ തുടങ്ങിയ വന്യ  ജന്തുക്കളില്‍ നിന്ന് രക്ഷപ്പെടാന്‍ ചുറ്റിനും പ്ലാസ്റ്റിക് വല കൊണ്ട്  വേലികെട്ടി. തുള്ളി നന പരീക്ഷിച്ചു. 'മൂന്നാം മാസം സ്‌ട്രോബെറിക്ക് പൂവിട്ടു, കായായപ്പോള്‍ ഉണ്ടായ കുളിരു ഇന്നും മാറിയിട്ടില്ല,' ലിസി എന്ന് വിളിപ്പേരുള്ള സാറാമ്മ പറയുന്നു.

പഴത്തോട്ടം മെമ്പര്‍ മനോഹരന്‍ റിസോര്‍ട്ടിനു  മുന്നില്‍, കുറിഞ്ഞി ഉദ്യാനം മുകളില്‍

'വട്ടവട ഗ്രീന്‍സ്' എന്ന ബ്രാന്‍ഡില്‍  വാട്‌സ് ആപ്പ് ഗ്രൂപ് ഉണ്ടാക്കി ഓണ്‍ലൈനി ലൂടെ വില്പന ആരംഭിച്ചു. ഓര്‍ഗാനിക്  ആയതിനാല്‍ കേരളത്തില്‍ ഉടനീളം ആവശ്യക്കാരുടെ  ശൃംഖല ഉണ്ടാകാന്‍ കഴിഞ്ഞു.  വിളവെടുക്കാന്‍ കൂട്ട് നിന്ന ലിസി  മുബൈയില്‍ നിന്ന് വരുത്തിയ സ്‌ട്രോബറി ചിത്രങ്ങള്‍ ഉള്ള കാര്‍ഡ്‌ബോര്‍ഡ് ബോക്‌സുകളില്‍ പഴം അടുക്കി എറണാകുളത്തും കോട്ടയത്തും തിരുവല്ലയിലും നേരിട്ട് സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെ വിതരണം തുടങ്ങി. 

കോവര്‍കഴുതയില്ലാതെ ഒന്നും നടക്കില്ല

ഉല്‍പ്പാദനവും ആവശ്യക്കാരും കൂടുകയും കുറയുകയും ചെയ്യുന്നതനുസരിച്ച് വിലകൂട്ടുകയും കുറയ് ക്കുകയും ചെയ്യുന്ന പ്രവണതയുണ്ട്. 'എന്നാല്‍ ഞങ്ങള്‍ എന്നും ക്ലിപ്തമായ വിലയേ ഈടാക്കുന്നുള്ളു. ഇന്നത്തെ വില കിലോക്ക് 500 രൂപ'. പൂനെയില്‍ നിന്ന് 200 ഗ്രാമിന് 50   രൂപ വച്ച് (കിലോക്ക് 250 രൂപ) വരുത്തുന്ന സ്‌ട്രോബെറിയുമായി മത്സരിച്ച് ജയിക്കുന്നു. കാരണം ഇത് ഓര്‍ഗാനിക് ആണ്.

റൂട്ട്--മൂന്നാര്‍--കോവിലൂര്‍ -കൊടൈക്കനാല്‍

ഏഴേക്കര്‍ ഉള്ളതിനാല്‍ കാബേജൂം കാരറ്റും വെളുത്തുള്ളിയും ബീന്‍സും  ബ്രോക്കോലിയും അവക്കാഡോയും ഔഷധ സസ്യങ്ങളും പാഷന്‍ ഫ്രൂട്ടും ആത്ത വര്‍ഗ്ഗത്തില്‍ പെട്ട ചെറിമോയും കൃഷി ചെയ്യുന്നുണ്ട്. പലേക്കര്‍ പറയും പോലെ ഹൈറേഞ്ചിന് പറ്റിയ ഒരു പശുവിനെ കൊടൈക്കനാലില്‍ നിന്ന് വാങ്ങി പരിപാലിക്കുന്നു, അതിന്റെ ചാണകവും മൂത്രവുമുമാണ് പ്രധാന വളം. പത്തില  കഷായം തളിച്ച് കീടങ്ങളെ അകറ്റുന്നു. മുട്ടക്കോഴികള്‍  ഉണ്ട്. ഒരു പടുതാക്കുളത്തില്‍ തിലാപ്പിയ മീനും.

വെച്ചൂര്‍ പശു പോലെ വലിപ്പം കുറഞ്ഞ പശു ആയതിനാല്‍ മൂന്നു ലിറ്റര്‍ പാലേ കിട്ടൂ. സ്വന്തം ആവശ്യത്തിനു ധാരാളം.  സ്ഥലം വാങ്ങാന്‍ മുടക്കിയ വലിയ തുകയും കൃഷിച്ചെലവും അദ്ധ്വാനവും ഒക്കെ കണക്കാക്കിയാല്‍ വമ്പിച്ച ലാഭം കൊയ്യാന്‍ ആകുന്ന പണിയല്ല കൃഷി.  പക്ഷെ എന്നും വിയര്‍ത്തു പണി ചെയ്യുന്നതിനാല്‍ സുഖമായി ഉറങ്ങാന്‍ കഴിയുന്നുണ്ട്' കൊച്ചുമോന്‍ എന്ന എബ്രഹാം പറയുന്നു.

പഴത്തോട്ടത്തില്‍ അവര്‍ ഏറെക്കുറെ സ്വയം പര്യാപ്തമാണ്. അരിയും ഗോതമ്പും പഞ്ചസാരയും ഉപ്പും ഒഴിച്ചെല്ലാം അവിടുണ്ട്. അതിശൈത്യമായതിനാല്‍ ചക്കയും മാങ്ങയും തേങ്ങയുമൊന്നും കിട്ടില്ലെന്നേ ഉള്ളു. ഉഷ്ണമാപിനി പലപ്പോഴും 10-14  വരെ താഴ്ന്നു നില്‍ക്കും..

എബ്രഹാം--സാറാമ്മമാര്‍ക്ക്  രണ്ടു പെണ്മക്കള്‍. ഐറിന്‍ ആന്‍ ഭര്‍ത്താവ് ജോസ് മേമനയുമൊത്തു ന്യൂയോര്‍ക്കിലെ ലോങ്ങ് ഐലന്‍ഡില്‍. അവര്‍ക്കു എമിയ, എസ്ര മക്കള്‍. സഹോദരി ഐവിയ മരിയ ഭര്‍ത്താവ് മെല്‍വിനുമൊത്ത് ബാംഗളൂരില്‍. ആക്സ്സഞ്ചറിലെ ഉദ്യോഗനാണ് മെല്‍വിന്‍.

പതിനയ്യായിരം ജനം വസിക്കുന്ന വട്ടവട പഞ്ചായത്തില്‍ രണ്ടായിരത്തില്‍ കുറയാതെ ശീതകാല കൃഷിക്കാരുണ്ടെന്നു പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എം.ബി. ഷാജു പറയുന്നു. കോവിലൂര്‍, കൊട്ടാക്കമ്പുര്‍, വട്ടവട വില്ലേജുകളില്‍ പെട്ട ഇവര്‍ കാബേജ്, കോളിഫ്ളവര്‍, ഉരുളക്കിഴങ്ങു,  കാരറ്റ്, ബീറ്റ് റൂട്ട്, വെളുത്തുള്ളി, മല്ലി, ബീന്‍സ്,  സൂചിഗോതമ്പു എന്നിങ്ങനെ എല്ലാം കൃഷി ചെയ്യുന്നു. വട്ടവട-കാന്തല്ലൂര്‍ വെളുത്തുള്ളിക്ക് ഭൗമസൂചികാ പട്ടം ലഭിച്ചിട്ടുണ്ട്. കാലാവസ്ഥ ചതിക്കാതിരുന്നാല്‍ രക്ഷയായി.

പഞ്ചായത്തു ഭരിക്കുന്ന യുഡിഎഫ്  പ്രസിഡന്റ് ബി. ഗണപതി അമ്മാള്‍ (57) ഇത്തരമൊരു ശരാശരി കൃഷിക്കാരിയാണ്.തമിഴ് മീഡിയത്തില്‍ നാലാംക്ലാസ് വരെയേ പഠിച്ചിട്ടുള്ളു. പഞ്ചായത്തിലെ മഹാഭൂരിപക്ഷം വരുന്ന പട്ടികജാതിക്കാരിയാണ്. മലയാളത്തില്‍ ഒപ്പിടാന്‍  അറിയാമെന്നു ഒരു മുറിക്കടലാസില്‍ എഴുതി അടിവരയിട്ടുകൊണ്ടു  അമ്മാള്‍ പറഞ്ഞു. പേരിലെ 'ബി' എന്ന  ഇനിഷ്യല്‍ ഭര്‍ത്താവ് ബാലനില്‍ നിന്ന് കൈക്കൊണ്ട താണ്.

അറുപതു സെന്റ് സ്ഥലം സ്വന്തമായുണ്ട്. 'ഞങ്ങള്‍ പഞ്ചപാവങ്ങള്‍ ആണ്. ഒന്നിച്ച് എല്ലാത്തരം കൃഷിയും ചെയ്യുന്നു.  കഷ്ടിച്ചു കഴിഞ്ഞു പോകാം. ഒരു മകനും മകളും. മകളെ കെട്ടിച്ചു വിട്ടു. മുപ്പതു മൂട് കാബേജ് ഉണ്ട്. അതില്‍ നിന്ന് മുന്നൂറു ഇലയെങ്കിലും കിട്ടേണ്ടതുണ്ട്. അഞ്ചുകിലോ തൂക്കമുള്ള  ഒന്നിന് നൂറു രൂപ വച്ച് 30,000 കിട്ടണം. ഓണക്കാലത്ത് കിലോക്ക് 20 രൂപ കിട്ടിയതാണ്.  പക്ഷെ ഇത്തവണ വില ഇടിഞ്ഞു. കിലോക്ക് അഞ്ചു രൂപ!

സംസ്ഥാന ഗവര്‍മെന്റ് വക ഹോര്‍ട്ടി കോര്‍പ്  പച്ചക്കറി സംഭരിക്കാത്തതാണ് വിലയിടിവിന് പ്രധാന കാരണം.  വിളവെടുക്കാന്‍ ആളെ വയ്ക്കണം. കൃഷിയിടത്തില്‍ നിന്ന് കോവര്‍ കഴുതയുടെ ചുമലിലേറ്റി വാഹനം എത്തുന്ന വഴിയില്‍ എത്തിക്കണം. എല്ലാറ്റിനും ചെലവാണ്. കിലോക്ക് അഞ്ചു രൂപയാണെങ്കില്‍ വിളവെടുത്തിട്ടു കാര്യമില്ല. കനത്ത മഞ്ഞു വീഴ്ചയുള്ളതിനാല്‍ കാബേജ് തോട്ടത്തില്‍ നിന്ന് ചീയുകയേ മാര്‍ഗമുള്ളൂ എന്ന് ഗണപതി അമ്മാള്‍.

കൃഷിയുണ്ടെങ്കിലും  വട്ടവടയില്‍ ആര്‍ത്തുവളരുന്ന ടൂറിസത്തിലേക്കു കൂടി വഴിമാറിച്ചവുട്ടിയ ആളാണ് ഹരിഹരന്‍. അഞ്ഞൂറ് വര്ഷം മുമ്പ് മധുരയില്‍ നിന്ന് കേരളത്തിലേക്ക് കുടിയേറിയ മന്നാടിയാര്‍ വര്‍ഗ്ഗത്തിലെ ഇള മുറക്കാരന്‍. നൂറ്റാണ്ടുകള്‍ ഇവിടെ ഭരണം കയ്യാളിയ വര്‍ഗം. അച്ഛന്‍ ഗോവിന്ദര്രാജ്,  അമ്മ മൈനാവതി. ഇരുവരും പഞ്ചായത്ത് മെമ്പര്‍മാര്‍ ആയിരുന്നു. അച്ഛന്‍ പ്രസിഡന്റും അമ്മ  വൈസ് പ്രസിഡന്റുമായി. 37 എത്തിയ ഹരി ഒരു ഹോംസ്റ്റേ നടത്തുന്നു. ഏതാനും മഡ് ഹൗസുകളും ഉണ്ട്.

ഈയിടെ 'മൈനാപ്പ' എന്നപേരില്‍ ഒരു സ്റ്റേഷനറികടയും തുറന്നു. കൊടൈക്കനാലില്‍ നിന്ന് വിവാഹം ചെയ്തു കൊണ്ടുവന്ന ശിവശങ്കരിക്കാണ്  മേല്‍നോട്ടം. ഫിസിക്‌സില്‍ എംഎസ്സി,  ബിഎഡ് ആണ്. കുറേക്കാലം സ്‌കൂളില്‍ പഠിപ്പിച്ചിരുന്നു. ഒരു പെണ്‍കുട്ടി ഉണ്ടായപ്പോള്‍  മതിയാക്കി ഫുള്‍ടൈം വീട്ടമ്മയായി. കണ്‍വികയ്ക്കു  ആറുവയസ്സായി. കന്യാസ്ത്രീകള്‍ നടത്തുന്ന ലൊറേറ്റോ സ്‌കൂളില്‍  ചേര്‍ത്തു. 

ശൈത്യകാലമാണ് വട്ടവട,  കോവിലൂര്‍,  കൊട്ടാക്കമ്പൂര്‍, പഴത്തോട്ടം,  ചിലന്തിയൂര്‍  മേഖലയുടെ ഐശ്വര്യമെന്നു ഹരിക്കു ബോധ്യമുണ്ട്. അവിടത്തെ തണുപ്പ് തേടിയാണ് സഞ്ചാരികളുടെ പ്രവാഹം. അതിനനുസരിച്ചുകൊള്ളാവുന്ന ഭക്ഷണ ശാലകലോ ശുചിമുറികളോ ഇനിയും ആയിട്ടില്ല. ആലുവ, എറണാകുളം, പെരുമ്പാവൂര്‍  മേഖലകളില്‍ നിന്നും എത്തുന്ന ബസുകള്‍ തിരിയുന്ന കോവിലൂര്‍  ജംക്ഷനിലെ കുടുംബശ്രീ കാന്റീന്‍ ആണ് ഏറെ പോപ്പുലര്‍.

കടലാസ്സ് നിര്‍മ്മിക്കാന്‍ അസംസ്‌കൃത വസ്തുവായ യുക്കാലി വര്‍ഗ്ഗത്തില്‍ പെട്ട ഗ്രാന്‍ഡീസ് ആണ് പച്ചക്കറിയെ കവച്ചു വയ്ക്കുന്ന വ്യാപക കൃഷി. മറുനാട്ടുകാരാണ് ഉടമകള്‍ ഭൂരിഭാഗവും. മരം മുറിച്ച് കൊണ്ടുപോകുന്ന ലോറികളും മലമുകളില്‍ നിന്ന് തടി  നിരത്തിലേക്ക് കൊണ്ടുവരുന്ന ജീപ്പുകളും കാട്ടിനിടയിലൂടെ സിമന്റു, അരി, പലചരക്കുകള്‍  ചുമ്മിക്കൊണ്ടുപോകുന്ന കോവര്‍ കഴുതകളും കൂടി പെരുവഴിയാകെ പെരുമ്പറ കൊട്ടുന്നു. അതിനിടെ ഗതിമുട്ടിയ ടൂറിസ്റ്റുകളും.

വട്ടവട-പഴത്തോട്ടം  റോഡ് തകര്‍ന്നു തരിപ്പണമായി കിടക്കുന്നു. ടൂറിസ്റ്റുകള്‍ ശപിച്ചു കൊണ്ട് വന്നു പോകുന്നു. വരവും കുറഞ്ഞു. കാല്‍ നൂറ്റാണ്ടായി യുഡിഎഫിനൊപ്പം കാലുറപ്പിച്ചു നില്‍ക്കുന്ന ആളാണ് പഴത്തോട്ടം മെമ്പര്‍ സി. മനോഹരന്‍. കഴിഞ്ഞ തവണ ഭാര്യ സരസ്വതി ആയിരുന്നു അംഗം. അഞ്ചേക്കറില്‍ കൃഷിയുണ്ട്. പൊതുക്കാ ര്യം  മൂലം കൃഷിയില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ല.

ഇനി ഗ്രാന്റിസ് കൃഷി അനുവദിക്കില്ല എന്ന സര്‍ക്കാരിന്റെ പ്രഖ്യാപനവും കുറിഞ്ഞി ഉദ്യാനത്തിന്റെ പേരിലുള്ള പട്ടയ, തണ്ടപ്പേര്‍ പരിശോധനയും തകൃതി. കഴിഞ്ഞ ദിവസം പരിശോധക്ക് നേതൃത്വം നല്‍കാന്‍ നൂറു കിമീ അകലെ ഇടുക്കി ജില്ലാ സ്ഥാനമായ പൈനാവില്‍ നിന്ന് കലക്റ്റര്‍ ഷീബ ജോര്‍ജ് നേരിട്ടെത്തി. പഞ്ചായത്തു പ്രസിഡന്റ് ഗണപതിയമ്മാള്‍ തൊട്ടടുത്തിരുന്നു നിര്‍വികാരിയായിരുന്നു എല്ലാം കണ്ടു. കാബേജിന്റെ വിലത്തകര്‍ച്ചയാണ് അവരുടെ ഉള്ളിലെ എരിയുന്ന തീ.

 

 

Join WhatsApp News
George mampara 2023-01-29 16:56:32
A good summary of the farming/ tourism matters in the munnar region. Kodaicanal connection too. Satisfactory in many ways.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക