Image

പത്താം ക്ലാസ്സിലെ രണ്ടാം ബഞ്ചിലിരുന്നവർ ( കവിത : ഷലീർ അലി )

Published on 28 January, 2023
പത്താം ക്ലാസ്സിലെ രണ്ടാം ബഞ്ചിലിരുന്നവർ ( കവിത : ഷലീർ അലി )

രണ്ടാമത്തെ കൊച്ചിന് പാലൂട്ടുമ്പോഴാണ് തെരേസടെ തെക്കേ ജനാലയിൽ 
ഒരു ശൂ വിളി നിന്നു കിതച്ചത്..

പട്ടം കണക്കെ 
അരികിലേക്ക് പാളിപ്പതിച്ച്
ജാനറ്റൊരു ജന്മത്തെ 
ശ്വാസമപ്പാടെ വലിച്ചെടുത്ത് വിറച്ചു.. 

പാട്ടുകാരൻ കെട്ട്യോന്റെ 
പുതിയ കാമുകിയെ കണ്ടുപിടിച്ച 
ക്ഷീണമാവുമെന്നോർത്തു 
ചിരിയടക്കിയിരിക്കുമ്പോഴാണ് 
മീൻ മണക്കുന്നൊരു പത്രത്തുണ്ട് നീട്ടി
ചളുക്കൻ വളകളുള്ള ഇടം കൈകൊണ്ട്
ജാനറ്റ് കണ്ണു തുടച്ചത്..

മരുഭൂമിയിലെ ആക്സിഡന്റ്
വാർത്തയിലെ മരണ ചിത്രങ്ങളിലൊന്നിൽ
വിരൽ വെച്ച് അവള് മൂക്കു ചീറ്റി..
ഇവനെന്റെയാർന്നെടീയെന്നു വാ പൊത്തി..
ഇൻസ്റ്റഗ്രാമിലെ കളർചിത്രങ്ങൾ
മരം നിറയെ കുടഞ്ഞിട്ടു

ഒറ്റ നോട്ടമേ നോക്കിയുള്ളൂ.. 
തെളിഞ്ഞിട്ടും തെളിയാത്തൊരു
ചിരിയെ കണ്ടുള്ളൂ..
പെട്ടെന്നൊരു അലർച്ച ഉള്ളിൽ നിന്നറിയാതെ നിലവിട്ടു
കുഞ്ഞ് ,മുലക്കണ്ണിൽ കടിച്ചെന്നു 
കണ്ണു നിറഞ്ഞൊരു കള്ളം പറഞ്ഞ്
ഓടി അകം കടക്കുമ്പോ
ജാനറ്റ് പിന്നിൽ നിന്ന് വിളിച്ചു കാണും
കൂട്ടു കരയാൻ കാത്തു കാണും
കേട്ടില്ല....

തെരേസ വാതില് കുറ്റിയിട്ടു 
പത്താം ക്ളാസിലേക്കോടി
രണ്ടാം ബെഞ്ചിലിരുന്നു
അവൻ തൊട്ടരികിൽ വന്നിരുന്നു
എന്നത്തേയും പോലെ ഇഷ്ടം പറഞ്ഞു
അവളന്നും ചിരിച്ചു..
അവനന്നും ചോക്കലേറ്റ് കൊടുത്തു, 
വാങ്ങിച്ചു ബാഗിൽ വച്ചു..
ചോക്കലേറ്റ് കാടുകളിലൂടെ
തെരേസ തിരിച്ചു നടന്നു..

കരയുന്ന കുഞ്ഞിന്റെ വായടച്ചു
കണ്ണുകളിറുക്കിയടച്ച്
ഉള്ളുരുകുന്ന ചൂടിനെ 
കീഴ്ചുണ്ടിൽ കടിച്ചമർത്തി..

അവള് പിന്നെയും ഞെട്ടിയെണീറ്റു
ജാനറ്റ് പാട്ടുകാരന്റെ 
തന്തക്കും തള്ളക്കും വിളിച്ചു 
പുലയാട്ട് പാടിയ പാതിരാത്രിയിലും
കുഞ്ഞുറക്കെ കരഞ്ഞു
പിഞ്ചു മോണകൾ പിന്നെയും
പലകുറി മുലക്കണ്ണ് മുറിച്ചു...

നേരാണ്... 
മനുഷ്യരിലൊക്കെയും
ശവത്തിലും മുള പൊട്ടുന്ന
ഓർമ്മക്കൂണുകളുണ്ട് 
ഒരിക്കലതിലേയ്ക്കൊരു വെള്ളിടി വെട്ടും..
പിടഞ്ഞുയിർക്കവേ 
പഴയൊരു മഴ വന്നു വഴുക്കി വീഴും
അന്നിന്റെ നിറങ്ങളിലേക്കവ
കലങ്ങിപ്പടരും... 
നേരങ്ങൾ കൊണ്ട് നേർത്ത് നേർത്ത്
മറവിയിലേക്കങ്ങനെ 
മാഞ്ഞു പോവും.... !!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക