Image

ഗദ്ദാമ (ചിഞ്ചു തോമസ്)

Published on 29 January, 2023
ഗദ്ദാമ (ചിഞ്ചു തോമസ്)

സ്വന്തം നാടും വീടും ഉപേക്ഷിച്ച് അകലങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകളുണ്ട്. വീട്ടുജോലി ചെയ്യുന്ന സ്ത്രീകൾ.

 പിറന്നു വീഴുന്ന തന്റേതല്ലാത്ത കുഞ്ഞുങ്ങളെ സ്വന്തം കുഞ്ഞിനെപ്പോലെ നോക്കുന്ന സ്ത്രീകൾ. അവരെ കൈപിടിച്ചു നടക്കാൻ പഠിപ്പിക്കുന്ന സ്ത്രീകൾ.തലയുറയ്ക്കാത്ത കുഞ്ഞുങ്ങളുടെ സമയമനുസരിച്ച് ഉറങ്ങുകയും ഉണരുകയും ചെയ്യുന്നവർ. അമ്മമാർ, എന്നാൽ അമ്മമാർ ആയിട്ടില്ലാത്തവർ. വൃത്തിയായി ഒന്ന് മുടി ചീകാൻ സമയമില്ലാത്തവർ. ഒരിക്കൽ കുഞ്ഞുങ്ങളിൽനിന്നും ദൂരെ മാറ്റപ്പെടുന്ന സ്ത്രീകൾ.

ചിലർ പ്രായമായവരെ നോക്കുന്നവർ. അവർ എന്തിനൊക്കെയോആട്ടും തുപ്പും അനുഭവിക്കുന്നവർ. ചിലപ്പോൾ അവർ സുന്ദരികൾ ആയതുകൊണ്ടാകാം!  ചിലർ ആ സൗന്ദര്യം കൊണ്ട് ബുദ്ധിമുട്ടുന്നവർ. എഴുന്നേറ്റു നടക്കാൻ കഴിയാത്ത മുതുക്കന്മാർ വീൽചെയർ ഉപേക്ഷിച്ച് ഗദ്ദാമമാരുടെമേത്തുചാഞ്ഞ് ആസ്വദിക്കുന്നവർ. അവർ ദുഃഖത്തോടെ ജോലി ചെയ്യുന്ന ഗദ്ദാമമാർ. തിരിച്ച് ഒരക്ഷരം ശബ്ദിക്കാത്തവർ.

ചിലർ മുഖത്ത് സന്തോഷം ഇല്ലാത്ത പ്രായത്തിലും കൂടുതൽ പ്രായം തോന്നിക്കുന്ന സ്ത്രീകൾ. അവരിൽ ചിലർ ചിന്തകൾ വിദൂരങ്ങളിലേക്ക് പറത്തി വിട്ട് ആത്മാവില്ലാത്ത ശരീരങ്ങൾ. അവരുടെ ചിന്ത എന്തിനെക്കുറിച്ചാകുമെന്ന് ഊഹിക്കാം. അവർ അകലെ വെച്ചിട്ട് വന്ന വേണ്ടപ്പെട്ട എന്തിനെയോ കുറിച്ചാണ്‌. തിരിച്ചു പോകാം എന്ന് വിചാരിച്ച സമയം കഴിഞ്ഞിട്ടും ഒന്നും ആകാത്ത സ്ത്രീകൾ. വേണ്ടപ്പെട്ടതൊക്കെ അരികിൽനിന്ന് കാണാൻ പോലും ആരാലോ വിലക്കപെട്ടവർ. ആർക്കൊക്കെയോജീവിതം ആസ്വദിക്കാനായി പണം ഉണ്ടാക്കുന്ന അടിമകൾ. 

ചിലർ പാവങ്ങൾ, ഒന്ന് പൊട്ടിക്കരയാൻ വെമ്പുന്ന ഹൃദയത്തോടെ മറന്നുപോയ ചിരി വിടർത്തുന്നവർ. എന്താണ് അവർ പറയാതെ പറയുന്നത് എന്ന് നമുക്ക് ചിന്തിക്കാൻ പോലും കഴിയില്ല. ചിലർ ഒട്ടും സന്തോഷമില്ലാതെ, വേറെ വഴിയില്ലാതെ, പോകാൻ ഇടമില്ലാതെ യജമാനന്മാരുടെ കൂടെ ജീവിക്കുന്നവർ. 

ചിലർ സന്തുഷ്ടർ. അവരുടെ മുഖം വിളിച്ചു പറയും അവരുടെ യജമാനന്മാരുടെ മര്യാദ. അങ്ങനെയുള്ളവർ ഭാഗ്യം ചെയ്തവർ. അങ്ങനെ ഭാഗ്യം ചെയ്യാൻ എന്ത് വേണം എന്ന് ചോദിച്ചാൽ അറിയില്ല. 

പ്രത്യേക വസ്ത്രങ്ങൾ ധരിച്ച്  നടക്കുന്ന ഗദ്ദാമമാർ ഉണ്ട്. പിങ്ക് നിറത്തിലോ നീല നിറത്തിലോ പാന്റും ഷർട്ടും ഒരു ഭംഗിയുമില്ലാതെ തയ്പ്പിച്ച് ധരിക്കുന്നവർ. ധരിക്കേണ്ടിവരുന്നവർ. കൂട്ടത്തിൽ ഗദ്ദാമയെ തിരിച്ചറിയാനാണിത്. ഒരുതരത്തിലും വീട്ടുകാരി എന്ന് സംശയത്തിന്റെ ആനുകൂല്യം പോലും കിട്ടികൂടാ എന്ന് ചിന്തിക്കുന്നവരുടെ വളഞ്ഞ ബുദ്ധിയിൽ ഉണ്ടായ വസ്ത്രമാണത്.

ചിലർ പുറത്ത് യജമാനന്മാരുടെ കൂടെ ഭക്ഷണം കഴിക്കാൻ പോകുമ്പോൾ പേരിന് മാത്രം ഭക്ഷണം കഴിക്കേണ്ടി വരുന്നവർ. ചിലപ്പോൾ യജമാനൻ ഭക്ഷണം കഴിക്കുന്നത് നോക്കി ഇരിക്കേണ്ടി വരുന്നവർ. എന്തിന് നോക്കി ഇരിക്കാൻ ഇവരെ കൊണ്ടുനടക്കുന്നു എന്ന് ആലോചിച്ചാൽ- ആ സമയം കുട്ടികളെ നോക്കാൻ ആള് വേണമെല്ലോ! കൊണ്ട് വരാതെ തരമില്ല. 

ചിലർ തിരിച്ചു പോകാൻ നാടോ വീടോ ഇല്ലാത്തവർ. ചിലർ എല്ലാം ഇട്ടെറിഞ്ഞ്‌ വന്നവർ പൂത്ത പണവുമായി തിരിച്ചു പോകാൻ കൊതിക്കുന്നവർ. പൂത്ത പണവുമായി ഗദ്ദാമ നാട്ടിൽ പോയി എന്ന് കേട്ടിട്ടില്ല. പോകുന്നവർ ഉണ്ടാകും. പാസ്പോർട്ട് പിടിച്ചു വെച്ച് ഏജന്റ്മാരാൽ വിലക്കപ്പെട്ട ഗദ്ദാമമാരെ കുറിച്ചാണ്‌ കേട്ടിട്ടുള്ളത്. അടിമയായതുകൊണ്ട് ഒരുനേരം മാത്രം ആഹാരം കഴിച്ചിരുന്നവർ. മറ്റുള്ളവർ കഴിച്ചതിന്റെ ബാക്കി കഴിക്കേണ്ടി വന്നവർ. വെറും അടിമകൾ. ശരീരം മുഴുവൻ അടിപ്പാടുകളുള്ള വെറും അടിമകൾ.
നാട്ടിലെ ഒരു എഞ്ചിനീയർക്കു കിട്ടുന്ന ശമ്പളമാണേ. എങ്കിലും ഗദ്ദാമ ലക്ഷപ്രഭു ആയത് കേട്ടിട്ടില്ല. ഗദ്ദാമ വല്യ ഒരു ഉദ്യോഗമായി ആരും പറഞ്ഞു കേട്ടിട്ടുമില്ല. ചിലർ അങ്ങനെയാണ്. മറ്റുള്ളവരുടെ വളർച്ചയ്ക്ക്  വളമാകുന്നവർ. ആരാലും അറിയപ്പെടാത്തവർ.

# Gaddama- Article by Chinchu Thomas

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക