പ്രിയപ്പെട്ടവരുടെ സങ്കടങ്ങളിലും സന്തോഷങ്ങളിലും ഒപ്പം നിന്നിരുന്ന ഉഷ, തനിക്ക് ബാധിച്ച ക്യാൻസറിനെ അവൾ പോരാടി തോൽപ്പിക്കുമെന്ന് തന്നെയാണ് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, 2022 ജനുവരി 30 ന് തന്റെ പോരാട്ടങ്ങൾ അവസാനിപ്പിച്ച് അവൾ രോഗത്തിന് കീഴടങ്ങി.. ഞങ്ങൾക്ക് ഓർമ്മിക്കാൻ ഒരു ആയുഷ്കാലത്തിന്റെ മധുരതരമായ ഓർമ്മകൾ ബാക്കിവച്ചിട്ടാണ് അവൾ കാലയവനികക്ക് പിന്നിലേക്ക് മറഞ്ഞത്. ഒരു വർഷം തികയുബോളും ആ മരണം വിശ്വസിക്കാനാവാതെ ഇരുട്ടിൽ തപ്പുകയാണ് ഞങ്ങൾ.
ഉഷയുടെ മരണം ഒരു സ്വപ്നം എന്നാണ് ധരിച്ചത്, ഓരോ രാത്രിയിലും കണ്ണുതുറക്കുബോൾ ഞാൻ കണ്ടത് ഒരു സ്വപ്നമാവണെ എന്ന് വീണ്ടും വീണ്ടും പ്രാർത്ഥിക്കാറുണ്ടായിരുന്നു. പക്ഷേ ഓരോ തവണയും എന്റെ അരികിൽ തപ്പിനോക്കുബോൾ ഞാൻ കണ്ടത് ഒരു സ്വപ്നമല്ല എന്ന് വിശ്വസിക്കുകയും മനസ്സിനെ വിശ്വസിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. പിറ്റേദിവസവും ഇത് തന്നെ ആവർത്തിച്ച് ഇപ്പോൾ വർഷം ഒന്ന് കടന്ന് പോകുന്നു.
പാതി അനാഥനാക്കി അപ്രതീക്ഷിതമായാണ് അവൾ കടന്നു പോയത് . സ്നേഹവും സംരക്ഷണവും ആവോളം തന്നു ഞങ്ങൾക്ക് ഇടയിൽ അവൾ നിറഞ്ഞു നിന്നിരുന്നു.! ഞങ്ങൾക്ക് ആ സ്നേഹവും കരുതലും നഷ്‌ടമായിട്ട് ഒരു വർഷം തികയുന്നു. ഇപ്പോഴും ആ ശൂന്യത വലുതായി വരുന്നു എന്ന് മാത്രം .
കഴിഞ്ഞ ഒരു വർഷമായി ഓരോ പുലരിയിലും കാണാൻ കൊതിച്ചതും ഓരോ നിനവിലും നെഞ്ചിൽ നിനച്ചതും എല്ലാം നിന്നെ കുറിച്ച് മാത്രമാണ്. നമ്മുടെ പൂത്തോട്ടത്തിൽ വിരിഞ്ഞ പൂവുകൾ നമ്മെ മാടി വിളിക്കുന്നു, ചിത്ര ശലഭങ്ങൾ നമ്മുക്കകമ്പടി സേവിക്കാൻ ഒരുങ്ങിയിരിക്കുന്നു. നിന്റെ കൂട്ടുകാരായ ഓരോ പക്ഷികളും നമ്മുക്കായി മധുര ഗീതങ്ങൾ പാടുന്നു. എന്നിലെ എന്നെ മറന്ന് നിന്നിലലിയാൻ വെമ്പുന്നു എൻ ഹൃദയം പക്ഷേ നിന്നെ മാത്രം കണ്ടെത്തുവാൻ കഴിയുന്നില്ല. ഞാൻ ഓരോ നക്ഷത്രകുട്ടങ്ങളിലും നിന്നെ തിരഞ്ഞു , എല്ലാ സ്വപ്നങ്ങളിലും പരതി നോക്കി. പക്ഷേ നിന്നെ മാത്രം കണ്ടെത്തുവാൻ കഴിയുന്നില്ല.
ആകാശത്തിനുകീഴില് വിലമതിക്കാനാവാത്ത എന്തൊക്കെ നമ്മൾ നേടിയെടുത്താലും നഷ്‌ടപ്പെട്ടതിന്നോളം വരില്ല അതൊന്നും. കഴിഞ്ഞു പോയ കാലം ഒരുപാട് മനോഹരമായാ നിമിഷങ്ങൾ കൊണ്ട് അത്ര ധന്യമായിരുന്നു. എനിക്കാ ഓർമ്മകൾക്ക് ഒരു ജൻമത്തിന്റെ വില തന്നെയാണ്. അതു കൊണ്ടു തന്നെ ആ ജന്മത്തിലെ, മധുരിക്കുന്ന ആ ഓർമ്മകൾ താങ്ങായെടുത്ത് താലോലിക്കാൻ ശ്രമിക്കുന്നതും , ആ മധുരിക്കുന്ന ഓർമ്മകൾ വീണ്ടും വീണ്ടും ഓർക്കുവാൻ ശ്രമിക്കുന്നതും.
നിന്റെ മിഴികളുടെ ആ നോട്ടം.. ..നിന്റെ ചിരിയിൽ ഉള്ള ആ കുസൃതി.. നീ പിണങ്ങുമ്പോൾ ഉള്ള ആ മുഖം... എന്നോട് കാണിച്ച സ്നേഹം , നിന്നോടൊപ്പമുള്ള യാത്രകൾ, ആ ദിനങ്ങൾ ഒന്നും മറക്കില്ല ഞാൻ അവസാനശ്വാസം വരെ.
സ്ത്രീയും പുരുഷനും; ഒരേ നാണയത്തിന്റെ രണ്ടു വശങ്ങൾ ആണ് . സ്ത്രീയുടെ അസാന്നിധ്യത്തിൽ പുരുഷനും പുരുഷന്റെ അസാന്നിധ്യത്തിൽ സ്ത്രീയും അപൂർണ്ണമാണ് എന്നതാണ് സത്യം, അതുകൊണ്ടു തന്നെ ഒന്ന് നഷ്‌ടപ്പെട്ടാൽ മറ്റൊന്നിന് അത് അത്രയധികം വേദനിക്കും.
നഷ്ട്ടമായത് എല്ലാം എന്നെങ്കിലും എനിക്ക് നേടി എടുക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ എന്റെ ഏറ്റവും വലിയ നഷ്ട്ടമായ നിന്നെ തേടി ആയിരിക്കും ഞാൻ ആദ്യം വരുന്നത്... എന്നേയും കാത്ത് നീ.. ദൂരത്ത് ഇരിപ്പുണ്ടെന്ന് എനിക്കറിയാം, കാരണം നിന്റെ ചിരി എത്രയോ തവണ ഞാന് സ്വപ്നങ്ങളിൽ കണ്ടിരിക്കുന്നു. എനിക്ക് സ്വപ്‌നങ്ങൾ ഒരുപാടുണ്ടായിരുന്നു, എൻറെ സ്വപ്നസുന്ദരിക്ക് മാത്രമായി..പക്ഷെ ജീവിതത്തിന്റെ തിരക്കഥ എഴുതിയത് ഞാനല്ലല്ലോ...എങ്കിലും ഉള്ളിന്റെ ഉള്ളിൽ പ്രതീക്ഷകൾ ഏറെ ബാക്കിയുണ്ട്....ഇനിയും.... എന്റെ മരണം വരെ എനിക്ക് സമയം ഉണ്ട്...... അതുംകഴിഞ്ഞ് അടുത്ത ജന്മത്തിനായ് ഞാൻ കാത്തിരിക്കും... ഒരു വേഴാമ്പലിനെപ്പോലെ....
അടുത്ത ജന്മത്തിലെങ്കിലും നീ എന്റെ പെണ്ണായി പിറക്കണം, എനിക്ക് നിന്റെ മാറിൽ തല ചായച്ചുറങ്ങണം, നിൻ മുഖം കണി കണ്ടുണരണം, നിലാവെളിച്ചത്തിലെന്നുമേ നിന്നിലലിഞ്ഞു ചേരണം, ഒരു വണ്ടായി വന്നു നിൻ മധു നുകരണം, നിന്റെ സൗന്ദര്യം കണ്ടുകൊണ്ടിരിക്കണം......കാണാൻ ബാക്കി വെച്ച സ്വപ്നങ്ങളെല്ലാം ഒരുമിച്ചിരുന്നു കാണണം.... പോകാൻ കൊതിച്ചയിടങ്ങളിലേക്കെല്ലാം ഒരുമിച്ചു യാത്ര തിരിക്കണം.... പറയാൻ ബാക്കി വെച്ച പ്രണയം കണ്ണുകളിൽ നോക്കി പറയണം... പിന്നെ പിന്നെ ഈ ജന്മത്തിൽ കഴിയാതെ പോയ കുറെ കാര്യങ്ങൾ ചെയ്തു തീർക്കുവാൻ ഉണ്ട് .....
ആരും ആര്‍ക്കും സ്വന്തമല്ല, സ്വന്തമായി ഈ ഭൂമിയില്‍ ആർക്കും ഒന്നും തന്നെയില്ല. പക്ഷേ ആര്‍ക്കും ആരെയും സ്നേഹിക്കാം.... ഇഷ്ട്ടമില്ലെങ്കിലും സ്നേഹിക്കാം.. അതിരുകളില്ലാതെ സ്നേഹിക്കാം... അത് ഒന്നും ഇല്ലാത്തവർക്ക് ദൈവം തന്ന ഒരു വരദാനമാണ്....ഇരുട്ടിന്റെ കൂട്ടിലേക്ക് ഇത്തിരി വെട്ടവുമായി വന്ന മിന്നാമിനുങ്ങ്. കിനാവള്ളിയില്‍ പൂത്ത മോഹമുല്ലയുടെ പുഞ്ചിരിപ്പൂവ് അതു മാത്രമായിരുന്നോ നീ... അല്ല നീ നൽകിയ മിന്നാമിനുങ്ങിൻ വെട്ടത്തിലാണ് എൻറെ ജീവൻറെ തുടിപ്പുകൾ ഞാൻ കണ്ടത്. ഞാൻ എന്നെ കണ്ടറിഞ്ഞത്.
ചിലർ പറയും കാലം മായ്കാത്ത മുറിവുകൾ ഇല്ലെന്ന്... പക്ഷേ ചില അനുഭവങ്ങൾ കാലത്തിനും അതീതമാണു.... അതിൽ നിന്നും മോക്ഷം പ്രാപിക്കണമെങ്കിൽ നമ്മൾ മണ്ണോട് ചേരണം... അത് എന്തുകൊണ്ടാണെന്നൊന്നും എനിക്കറിയില്ലാ... പക്ഷെ അതാണു യാഥാർഥ്യം....
നമ്മുടെ ജീവിതം എത്ര നിസ്സാരം ആണെന്നും ആ നിസ്സാരതയിൽ ജീവിതം എങ്ങനെ ആസ്വദിക്കാം എന്നും ഒരു ജീവിതത്തിലൂടെ തന്നെ കാണിച്ചു തന്ന ഒരു ജീവിതം ..... ആ ജീവിതം കടന്നു പോയപ്പോൾ .......! , കേട്ടറിഞ്ഞതും പിന്നെ ഞങ്ങൾ കണ്ടറിഞ്ഞതും അനുഭവിച്ചറിഞ്ഞതും ......ഏടുകളായി മനസ്സിൽ തുളുമ്പുന്നു .... അത് എത്ര എഴുതിയാലും മതിയാവില്ല ........
സ്വർഗം ഉണ്ടോ എന്നറിയില്ല ...ഉണ്ടെങ്കിൽ എന്റെ ഭാര്യയുള്ള ഞങ്ങളുടെ വീടായിരുന്നു ആ സ്വർഗം !
പുനർജന്മം ഉണ്ടോ എന്നറിയില്ല ഉണ്ടെങ്കിൽ വീണ്ടും അവളുടെ ഭർത്താവായി തന്നെ ജനിക്കണെ എന്ന പ്രാർത്ഥനയോടെ ....!!!
# Article by Sreekumar Unnithan