Image

എന്റെ ഓര്‍മ്മകള്‍-1 : സാവിത്രി മണ്ണഴി  

Published on 29 January, 2023
എന്റെ ഓര്‍മ്മകള്‍-1 : സാവിത്രി മണ്ണഴി  

ആമുഖം
ഞാന്‍ എഴുതിയ ചില ഓര്‍മ്മക്കുറിപ്പുകള്‍ ചേര്‍ത്ത് എഴുത്തുകുത്തുകള്‍ എന്ന പേരില്‍ അപ്പുവും ആര്യയും ചേര്‍ന്നൊരു ബ്ലോഗ് ഉണ്ടാക്കി.
ഇപ്പോള്‍ ആ ബ്ലോഗില്‍ വലിയ മാറ്റങ്ങള്‍ ഒന്നും വരുത്താതെ, അതിനെ ഒരു പുസ്തകരൂപത്തില്‍ ആക്കുന്നു. ഇതിന് ഒരു ആത്മകഥയുടേയോ കഥയുടേയോ ഭാഷയോ ചട്ടക്കൂടോ ഇല്ല. ഒരു ഡയറി എഴുതുന്നപോലെ എന്റെ ചില ഓര്‍മ്മകളും തോന്നലുകളും പറഞ്ഞുകേട്ടതുമായ കാര്യങ്ങള്‍ എഴുതി; ഇപ്പോള്‍ അത് ഒരു പുസ്തകമാക്കുന്നു. തെറ്റുകളും കുറവുകളും ഉണ്ടാവും. അത് എല്ലാവരും സദയം ക്ഷമിക്കുക. പിന്നെ ഇത് പുസ്തകരൂപത്തില്‍ ആക്കാന്‍ ആര്യയേയും അപ്പുവിനേയും സഹായിച്ച ഉണ്ണി (മുട്ടത്തുകാട്ടില്‍), കുട്ടന്‍ (അനില്‍ ദേശമംഗലം), ഉണ്ണി (നാരായണന്‍ ദേശമംഗലം) കുഞ്ചു (വാസുദേവന്‍ കിള്ളിമംഗലം) ഇങ്ങനെ ഒരുപാടുപേര്‍ ഉണ്ട്. എല്ലാവര്‍ക്കും എന്റെ ഹൃദയത്തില്‍നിന്നുള്ള നന്ദി.
എന്ന്
സാവിത്രി മണ്ണഴി.
ആമുഖം (2)
(ഇത് ബ്ലോഗ് തുടങ്ങിയപ്പോള്‍ അതിനുവേണ്ടി എഴുതിയതാണ്)
എന്റെ ഇല്ലമായ കിള്ളിമംഗലത്തെ കുടുംബസംഗമം 2013 ജനുവരി 12, 13 തീയതികളില്‍ കിള്ളിമംഗലത്തെ തറവാട്ടില്‍ വെച്ച് ഭംഗിയായി നടന്നു. ആ സമയത്ത് ഞാന്‍ പഴയ കാരണവന്മാരെപ്പറ്റി ഓര്‍ത്തു; പഴയ കാലത്തെപ്പറ്റിയും.…
അപ്പോള്‍ തോന്നി കുറച്ചെഴുതാം എന്ന്. അങ്ങനെ ഞാന്‍ കുറച്ചൊക്കെ എഴുതി; അപ്പു (ഹേമയുടെ മകന്‍) അത് 'ഫേസ്ബുക്കി'ല്‍ ഇട്ടു. അത് വായിച്ചശേഷം എന്റെ പേരക്കുട്ടികള്‍ക്കും മറ്റു ചില ബന്ധുമിത്രാദികള്‍ക്കും കൂടുതല്‍ അറിയണം എന്ന ആവശ്യപെടലും, ഇതൊക്കെ വരുംതലമുറകള്‍ക്കു പഴയ കാര്യങ്ങള്‍ അറിയുവാന്‍ ഉപകരിക്കും എന്ന തിരിച്ചറിവും കാരണം ഞാന്‍ കുറച്ചൊക്കെ എഴുതി; 'എന്റെ ഓര്‍മ്മകള്‍' എന്ന പേരില്‍. അത് കഴിഞ്ഞപ്പോള്‍ അപ്പു, മുത്തശ്ശനെ പറ്റി മുത്തശ്ശന്‍ (എം.എസ്സ്.) എഴുതണം എന്നായി. മറ്റു പലരും എം.എസ്സ്. നോട് എഴുതാന്‍ പറയാറുണ്ടായിരുന്നു. എം.എസ്സ്. അതൊന്നും കേള്‍ക്കില്ല. 'എന്നെ കുറിച്ചൊക്കെ ആര്‍ക്കാ അറിയാന്‍ താല്‍പ്പര്യം' എന്നും പറഞ്ഞു മടിപിടിക്കും. ഒരിക്കല്‍ അപ്പു പറഞ്ഞു 'മുത്തശ്ശന്‍ കേള്‍ക്കുന്നില്ല; എന്നാല്‍ അമ്മമ്മതന്നെ മുത്തശ്ശനെകുറിച്ചും എഴുതൂ' എന്ന്. അങ്ങനെ കുട്ടികളുടെ നിര്‍ബന്ധം കാരണം ഞാന്‍ എഴുതിത്തുടങ്ങാം എന്നു കരുതി. എം.എസ്സ്.നും അത് താല്പര്യമായി, എം.എസ്സ്. പറഞ്ഞു 'ഞാന്‍ പറഞ്ഞുതരാം സാവിത്രി എഴുതികൊള്ളു' എന്ന്. അങ്ങനെ എം.എസ്സ്. പറഞ്ഞുതുടങ്ങിയത് ഞാന്‍ എഴുതിത്തുടങ്ങി. പക്ഷേ അത് പൂര്‍ത്തിയാക്കാന്‍ എം.എസ്സ്. കൂടെയില്ല. എന്നിരുന്നാലും എം.എസ്സ്.ന്റെ ഓര്‍മ്മകള്‍ എന്റെ കണ്ണില്‍കൂടിക്കണ്ട് ഞാന്‍ വീണ്ടും എഴുതിത്തുടങ്ങുന്നു. ചിലരൊക്കെ പറയുകയുണ്ടായി കുറച്ചുകൂടി വിസ്തരിച്ചെഴുതു എന്ന്. ഇടയ്ക്കു എനിക്കും അങ്ങനെ തോന്നി. പക്ഷെ എനിക്ക് തോന്നുണു അങ്ങനെയായാല്‍ അത് എന്റെ എഴുത്തല്ലാതെയാവും എന്ന്. ശാരീരിക അസ്വാസ്ഥ്യങ്ങളില്‍ നിന്നും, ഒറ്റക്കിരിക്കുമ്പോള്‍ മനസ്സിനെ അലട്ടുന്ന ചിന്തകളില്‍നിന്നും ഒരു മോചനമാണ് ഈ എഴുത്തുകുത്തുകള്‍. അതിനാല്‍ ഇത് ഞാന്‍ സാധാരണ പറയണപോലെന്നെ എഴുതാമെന്ന് വിചാരിച്ചു.
ഇപ്പോള്‍ അപ്പുവും ആര്യയും (അപ്പുവിന്റെ ഭാര്യ) ഈ എഴുത്തുകുത്തുകള്‍ ഒക്കെ 'എഴുത്തുകുത്തുകള്‍' എന്ന പേരില്‍ത്തന്നെ ഒരു ബ്ലോഗ് ആക്കാം എന്ന് പറയുന്നത് കേട്ടപ്പോള്‍ എനിക്കും സന്തോഷമായി.
എല്ലാരുടെയും സ്‌നേഹാനുഗ്രഹങ്ങള്‍ പ്രതീക്ഷിക്കുന്നു.

സ്‌നേഹപൂര്‍വം
സാവിത്രി മണ്ണഴി

ഒന്ന്
എന്റെ ഇല്ലമായ കിള്ളിമംഗലത്തെ കുടുംബസംഗമം ഇക്കഴിഞ്ഞ (2013) ജനുവരി 12, 13 തീയതികളില്‍ കിള്ളിമംഗലത്തെ തറവാട്ടില്‍ വെച്ച് ഭംഗിയായി നടന്നു. ഇത്രയും ഭംഗിയായി നടക്കുമെന്ന് ആരുംതന്നെ വിചാരിച്ചിരിക്കയില്ല. 2011 ഡിസംബറില്‍ നടത്താനായിരുന്നു ആദ്യം ഉദ്ദേശിച്ചിരുന്നത്. അതിനുവേണ്ട തയ്യാറെടുപ്പുകള്‍ 'ളമാശഹ്യ ൃേലല' തയ്യാറാക്കുക, മഹാമാഹോപാധ്യായന്‍ മുത്തപ്ഫന്റെ 'ശതകോടി' എന്ന പുസ്തകം പ്രകാശനം ചെയ്യുക എന്നിവയ്ക്കായി എന്റെ അനുജന്മാര്‍ (അനുജന്മാര്‍ എന്നതുകൊണ്ട് അച്ഛന്റെയും അപ്ഫന്മാരുടെയും മക്കള്‍ എന്നാണ് ഉദ്ദേശിച്ചത്) വളരെയധികം അദ്ധ്വാനിച്ചു. പുസ്തക പ്രസിദ്ധീകരണം ചിന്മായമിഷന്‍കാര്‍ ഏറ്റെടുത്തു. അതിനു കലാമണ്ഡലം മുന്‍ വൈസ് ചാന്‍സിലര്‍ ശ്രി കെ.ജി. പൗലോസ് സര്‍ സഹായിച്ചു.
'Family tree' യില്‍ മുത്തച്ഛന്റെയും നാലു തലമുറ മുന്‍പ് മുതല്‍ക്കുള്ളവരെ ഉള്‍പ്പെടുത്താന്‍ പറ്റി, അതിനും പലരും സഹായിച്ചു. ഇക്കാര്യങ്ങള്‍ എല്ലാം കുടുംബയോഗത്തില്‍ വിസ്തരിച്ചു പറയുകയുണ്ടായി. കുടുംബയോഗത്തിലേക്ക്, കിള്ളിമംഗലത്ത് മുത്തച്ഛന്റെ അമ്മാത്ത് അല്ലെങ്കില്‍ മുത്തശ്ശിയുടെ അമ്മാത്ത് ആയിട്ടുള്ളവരെ എല്ലാം ക്ഷണിക്കുകയുണ്ടായി. ഉദ്ഘാടനം കഴിഞ്ഞ് പങ്കെടുത്തവരെല്ലാം സ്വയം പരിചയപ്പെടുത്തുകയും (ഒരു കുടുംബത്തിലെ അംഗങ്ങള്‍ ഒരുമിച്ചു) അവരുടെ ഫോട്ടോ എടുക്കുകയും ചെയ്തു. കൂടാതെ വന്നവരെല്ലാം ഉള്‍പ്പെടുന്ന ഗ്രൂപ്പ് ഫോട്ടോയും എടുത്തു.
രാത്രിയില്‍ കിള്ളിമംഗലത്തെ ആത്തേമ്മാരോളുടെയും, മഹളേരും മരുമക്കളും അടങ്ങുന്ന ടീമിന്റെയും കൈകൊട്ടിക്കളിയും, കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.
രണ്ടാം ദിവസമാണ് മുത്തപ്ഫന്റെ പുസ്തകത്തിന്റെ പ്രകാശനം ഉണ്ടായത്. അതിനു മുന്‍പ് ഇപ്പോഴത്തെ കാരണവന്മാരെ ആദരിക്കുന്ന ചടങ്ങുണ്ടായി. അപ്ഫന്മാരും ചെറിയമ്മമാരും ഇച്ചമ്മമാരും വേദിയില്‍ ഇരുന്നു. അതിനടുത്ത തലമുറയിലെ മൂത്ത ആള്‍ എന്ന നിലയില്‍ എന്നെയാണ് അവരെ ആദരിക്കാന്‍ നിയോഗിച്ചത്. വേദിയില്‍ വീഴാതെ കഴിയണമല്ലോ എന്ന പേടിയായിരുന്നു എനിക്ക്. അവരുടെയെല്ലാം കാല്‍ക്കല്‍ കുമ്പിട്ടു അനുഗ്രഹം വാങ്ങണം എന്നുണ്ടായിരുന്നു. എനിക്കുവേണ്ടി മാത്രമല്ല, അനുജന്മാര്‍ക്കും അനുജത്തിമാര്‍ക്കും (എന്റെ അച്ഛന്റെയും അപ്ഫന്മാരുടെയും ഇച്ചമ്മമാരുടെയും മക്കളായ), അവരുടെ മക്കള്‍ക്കും പേരക്കുട്ടികള്‍ക്കും പേരക്കുട്ടികളുടെ കുട്ടികള്‍ക്കും അങ്ങനെ വരുന്ന തലമുറകള്‍ക്ക് എല്ലാം വേണ്ടി; എന്റേത് ഉള്‍പ്പെടെ. എന്നാല്‍ ഒന്നും പറയേണ്ടെന്നും ഉപഹാരം കൊടുത്താല്‍ മാത്രം മതി എന്നും പറഞ്ഞതുകൊണ്ട് ഞാന്‍ ഒന്നും പറഞ്ഞതുമില്ല, ചെയ്തതുമില്ല. എന്റെ താഴെയുള്ള കൃഷ്ണനെയും ശാലിനിയെയും ഞാന്‍ പേരെ വിളിക്കാറുള്ളു; അതിനാല്‍ അവരെ ആദരിച്ചപ്പോള്‍, ശാലിനി വികാരാധീനയായി പെട്ടെന്നെഴുന്നേറ്റു എന്നെ കെട്ടിപ്പിടിച്ചു. ആ സമയത്ത് കുഞ്ചു വാസുദേവന്‍, ഞാന്‍ ആണ് കിള്ളിമംഗലം തറവാട്ടില്‍നിന്ന് ആദ്യമായി ടടഘഇ പാസ്സായ പെണ്‍കുട്ടി എന്നും ആദ്യത്തെ ടീച്ചര്‍ എന്നും പറഞ്ഞു.


ആ സമയത്ത് ഞാന്‍ പഴയ കാരണവന്മാരെപ്പറ്റി ഓര്‍ത്തു; പഴയ കാലത്തെപ്പറ്റിയും.…
അച്ഛന്റെ മുത്തശ്ശനേയോ മുത്തപ്ഫന്മാരെയോ ഞാന്‍ കണ്ടിട്ടില്ല; പറഞ്ഞുകേട്ട അറിവേ ഉള്ളൂ.
മഹാമഹോപാധ്യായന്‍ മുത്തപ്ഫന്‍, ഞാന്‍ ജനിക്കുന്നതിനു രണ്ടു കൊല്ലം മുന്‍പാണ് മരിച്ചത്. അദ്ദേഹത്തിന്റെ മരണത്തെപ്പറ്റി അച്ഛന്‍ ഒരു ശ്ലോകം എഴുതിയിട്ടുണ്ട്. അതിങ്ങനെയാണ്:
'നൂറും പിന്നെ സ്സഹസ്രം പുനരൊരു നവവും
ചേര്‍ന്നൊരാ വര്‍ഷമദ്ധ്യെ
ഏറും പുണ്ണ്യങ്ങള്‍ തിങ്ങീടിന ശുഭമകരപ്പത്തി-
ലാറാം ദിനത്തില്‍
പാരം പാണ്ഡിത്ത്യമാര്‍ന്നീദിന ശുകകുല ധരണീ
ദേവ നാരായണാഖ്യന്‍
കാറിന്നുള്ളില്‍ കലേശന്‍ പടി ഹഹഹ
തിരക്കുള്ളിലയ്യോ മറഞ്ഞു'
അദ്ദേഹത്തിന് കിട്ടിയ വീരശൃംഖല ഞാന്‍ കണ്ടിട്ടില്ല; ഇല്ലത്ത് കടം വന്നപ്പോള്‍ അവ ഉരുക്കി തൂക്കി വിറ്റുവത്രേ. എന്നാല്‍ വീരാളിപ്പട്ടു ഞാന്‍ കണ്ടിട്ടുണ്ട്; ഇളം ചുവപ്പു നിറത്തില്‍ നിറയെ കസവ് തുന്നിപ്പിടിപ്പിച്ച ആ പട്ട്, നവരാത്രിക്കാലത്ത് ഗ്രന്ഥങ്ങള്‍ അതില്‍ പൊതിഞ്ഞാണ് പൂജയ്ക്ക് വെച്ചിരുന്നത്. ഇല്ലത്ത് അനവധി ഗ്രന്ഥങ്ങള്‍ ഉണ്ടായിരുന്നു. പിന്നീട് ആ ഗ്രന്ഥങ്ങളെല്ലാം വായനശാലക്കോ മറ്റോ സംഭാവന ചെയ്തു.
അത് സ്വീകരിക്കാന്‍ ശ്രീ കെ.പി. കേശവമേനോന്‍ വന്നിരുന്നു. സംസ്‌കൃതം പഠിക്കുന്നവര്‍ക്ക് റഫറന്‍സ് ഗ്രന്ഥമായി ഉപയോഗിക്കാമെന്ന് വെച്ചിട്ടാണ് അങ്ങനെ കൊടുത്തത്. ഇപ്പോള്‍ കേട്ടത് ആ ഗ്രന്ഥങ്ങള്‍ മദ്രാസ് സര്‍വകലാശാലയില്‍ ആണെന്നാണ്.
മുത്തപ്ഫന്റെ ഒരു മകന്റെ മകന്‍ (പേര് വി. മാധവമേനോന്‍) എന്റെ കൂടെ ടി.ടി.സി.യ്ക്ക് പഠിച്ചിരുന്നു, അന്നൊന്നും അയാള്‍ക്ക് മുത്തപ്ഫനുമായുള്ള ബന്ധം എനിക്ക് അറിയില്ലായിരുന്നു. ചെറിയ മുത്തപ്ഫന്റെ എണ്‍പത്തിനാലാം പിറന്നാളിന്, മുത്തപ്ഫന്റെ സ്ഥലത്തു വെച്ച് അയാളെ കണ്ടപ്പോള്‍ മാത്രമാണ് (അയാള്‍ അവിടെ വരാനുള്ള കാരണം ചോദിച്ചപ്പോള്‍) ചെറിയ മുത്തപ്ഫനാണ് പറഞ്ഞത് അയാള്‍ മഹാമഹോപാധ്യായന്‍ മുത്തപ്ഫന്റെ മകന്റെ മകനാണെന്ന്.
ചിറ്റണ്ട വെള്ളത്തെരിയിലെ ആണ് മാധവമേനോന്‍. വടക്കാഞ്ചേരി ഹൈസ്‌ക്കുളിലെ അധ്യാപകനായിരുന്നു. മുത്തപ്ഫന്റെ ഒരു പുസ്തകം പ്രസിദ്ധപ്പെടുത്തുന്നതിനെപ്പറ്റിയും വ്യാസകോളേജില്‍ മുത്തപ്ഫന്റെ പേരില്‍ ഒരു ഹാള്‍ തുടങ്ങുന്നതിനെപ്പറ്റിയും ഒക്കെ അയാള്‍ പറയുമായിരുന്നു. പക്ഷെ അതൊന്നും നടന്നില്ല. അയാള്‍ പ്രമേഹരോഗി ആയിരുന്നു. അധികം താമസിയാതെ അയാള്‍ മരിച്ചു.

തുപ്പനപ്ഫന്‍ എന്ന മുത്തപ്ഫന്‍ കാര്യങ്ങള്‍ നോക്കി നടത്തുന്ന ആളായിരുന്നുവത്രെ. അദ്ദേഹം തെക്കേ പത്തായപ്പുരയുടെ മുകളില്‍ ഇരുന്നു വിഹഗവീക്ഷണം നടത്തുമത്രേ. ഒരിക്കല്‍ മൂന്നും കൂടിയ തോട്ടില്‍ക്കൂടി ഇല്ലത്തേക്ക് സാമാനങ്ങള്‍ കൊണ്ടുവരുമ്പോള്‍, ഒരു പണിക്കാരി ഒരു നാളികേരം മടിയില്‍ ഒളിപ്പിക്കുന്നത് അദ്ദേഹം കണ്ടു. ഇല്ലത്ത് വന്നപ്പോള്‍ മടിയില്‍ ഒളിപ്പിച്ച ആ നാളികേരംകൂടി അവിടെ വെയ്ക്കുവാന്‍ പറഞ്ഞുവത്രേ. ഇത് പണിക്കാര്‍ പറഞ്ഞു കേട്ട കഥയാണ്. കിള്ളിമംഗലത്തു സ്‌കൂള്‍ തുടങ്ങിയതും ഇദ്ദേഹമാണ്. ഇദ്ദേഹത്തിന്റെ ഫോട്ടോ സ്‌കൂളില്‍ അനാച്ഛാദനം ചെയ്തത് അച്ഛന്‍ ആണ്.
ഇനി എന്റെ മുത്തച്ഛനെപ്പറ്റി പറയട്ടെ;
മുത്തച്ഛനെ എനിക്ക് വളരെ ഇഷ്ടമായിരുന്നു. അദ്ദേഹം ചായ കുടിക്കാന്‍ വരുമ്പോള്‍ ഞാനും അടുത്തു ചെന്നിരിക്കും. കുഞ്ഞിച്ചമ്മ (വരിക്കാശ്ശേരി ഇച്ചമ്മ)യുമുണ്ടാകും. അദ്ദേഹത്തിന്റെ ചായയില്‍നിന്ന് ഒരോഹരി വാങ്ങിക്കഴിക്കാനാണ് അടുത്തു ചെന്നിരിക്കുന്നത്. ഞങ്ങള്‍ക്ക് ഓരോ ഗ്ലാസില്‍ കുറേശ്ശെ ഒഴിച്ച് തരും. ദിവസവും ഇതു തന്നെ ആയിരുന്നു പതിവ്. ഒരു ലോട്ട നിറച്ചു ചായയുണ്ടാകും. ഒരു ചുട്ട പപ്പടവും. അതാണ് മുത്തച്ഛന്റെ പ്രാതല്‍. ഞങ്ങള്‍ക്ക് കുറേശ്ശെ തന്നാലും മുത്തച്ഛന് തികയുമായിരിക്കും. അന്ന് അതൊന്നും ഓര്‍ത്തിട്ടില്ലായിരുന്നു. ഞങ്ങള്‍ കുട്ടികള്‍ക്ക് ചായയും കാപ്പിയും ഒന്നും ഇല്ലായിരുന്നു. പ്രാതല്‍, ഊണായിരുന്നു. മുത്തച്ഛന്‍ നാലിറയത്ത് ഇരുന്നു ഭാഗവതം വായിച്ചു അര്‍ത്ഥം പറയുന്നതാണ് പിന്നെയുള്ള ഓര്‍മ്മ. തിരൂപ്പാടുമാഷും (സംസ്‌കൃതം മാഷ്) ചെറിയ മുത്തപ്ഫനും ചിലപ്പോള്‍ കേള്‍ക്കാനിരിക്കും. ഇല്ലത്തെ ആത്തേമ്മാരോളും പള്ളിശീരി അമ്മയും പഞ്ഞാളില്‍നിന്നു വരുന്ന ആരെങ്കിലും ഒക്കെ കേള്‍ക്കാനുണ്ടാകും. എനിക്ക് കേട്ടിരിക്കാനുള്ള ക്ഷമയൊന്നും ഉണ്ടായിരുന്നില്ല.


മുത്തച്ഛന്റെ അടുത്തു ചില കുട്ടികള്‍ സംസ്‌കൃതം പഠിക്കാന്‍ വരാറുണ്ടായിരുന്നു. വേങ്ങാനെല്ലുരില്‍നിന്നുള്ള ഒരു പട്ടരു കുട്ടിയെ ഞാന്‍ ഓര്‍ക്കുന്നു. പഠിപ്പും കഴിഞ്ഞു ഭക്ഷണം കഴിച്ചതിനുശേഷേ മടങ്ങിപ്പോവു. കുറെ ഉണ്ടിട്ടു ഒന്ന് ഞെളിഞ്ഞാല്‍ അത്രയും കൂടി ചോറു ചെല്ലും; എന്നൊക്കെ കാവപ്ഫന്റെ അമ്മ പറയുന്നത് കേട്ടിട്ടുണ്ട്. ഞാന്‍ സ്‌കൂളില്‍ ചേര്‍ന്നതിനുശേഷം സംസ്‌കൃതത്തില്‍ എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ മുത്തശ്ശനോട് ചോദിയ്ക്കാന്‍ ചെല്ലും. അപ്പോള്‍ മുത്തച്ഛന്‍ പറയുന്നത് 'മുത്തശ്ശനു സ്‌കൂളിലെ സമ്പ്രദായം ഒന്നും അറിയില്ല' അതൊക്കെ ചെറിയ മുത്തപ്ഫനോട് ചോദിച്ചാല്‍ മതി എന്നാണ്, ചെറിയ മുത്തപ്ഫനോട് ഞാന്‍ ചോദിക്കാറുമില്ല. ഞങ്ങള്‍ വലുതായ ശേഷം പിന്നീടുള്ള ചെറിയ കുട്ടികളും മുത്തശ്ശന്റെ ചായ മേടിച്ചു കുടിക്കുമായിരുന്നു. മുത്തച്ഛന്റെ കൈയില്‍ എപ്പോഴും വിശറി ഉണ്ടായിരിക്കും. വിശറിയും വീശിക്കൊണ്ടാണ് നടപ്പ്.
ഓരോ പുതിയ ക്ലാസ്സിലെത്തുമ്പോഴും പഴയ കൊല്ലത്തെ നോട്ടുപുസ്തകത്തിന്റെ എഴുതാത്ത പേജുകള്‍ എടുത്തു തുന്നി പുസ്തകമുണ്ടാക്കി തരാനും മുത്തശ്ശന് ഇഷ്ടമായിരുന്നു. എല്ലാവരും ഭാഗിച്ചു പോയതിനുശേഷം മുത്തശ്ശന്‍ കിടപ്പിലായപ്പോള്‍, ഉണ്ണ്യപ്ഫന്റെ മകന്‍ വാസുദേവന്‍ ആയിരുന്നു മുത്തശ്ശന്‍ വിളിക്കുമ്പോഴൊക്കെ ഓടിച്ചെന്നു വേണ്ടത് ചെയ്തുകൊടുത്തിരുന്നത്. എന്റെ അനിയന്റെ വേളി ആലോചന തുടങ്ങിയപ്പോള്‍, വേഗം ഒന്നും ശരിയാവാത്തത് കൊണ്ട് വേളി കഴിയാന്‍ ഇത്ര ബുദ്ധിമുട്ടോ എന്ന് മുത്തച്ഛന്‍ ചോദിക്കുകയുണ്ടായത്രേ. അനിയന്റെ വേളി കഴിഞ്ഞു അധികം താമസിയാതെ മുത്തശ്ശന്‍ മരിച്ചു. ഹെമറേജ് ആയിരുന്നു. മൂക്കില്‍ക്കൂടി ചോര ഒലിച്ചുകൊണ്ടിരുന്നു. മരിക്കുമ്പോള്‍ ഞാനും അടുത്തുണ്ടായിരുന്നു.
തുടരും 

#memmories- article by Savithri Mannazhi

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക