Image

വാഴക്കുല (രാജു മൈലപ്രാ)

Published on 30 January, 2023
വാഴക്കുല (രാജു മൈലപ്രാ)

വിലക്കയറ്റം, ക്രമസമാധാനനിലത്തകര്‍ച്ച, ഗുണ്ടാവിളയാട്ടം ഇതൊന്നുമല്ല ഇപ്പോള്‍ കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങള്‍. യുവജനങ്ങളുടെ ക്ഷേമത്തിനായി അഹോരാത്രം ഓടിനടക്കുന്ന ഊര്‍ജസ്വലയായ ഒരു യുവതി അനേക വര്‍ഷത്തെ ഗവേഷണത്തിനുശേഷം സമര്‍പ്പിച്ച പ്രബന്ധത്തിന് 'ഡോക്ടറേറ്റ്' നല്‍കിയതിനെ ചുറ്റിപ്പറ്റിയാണ്. ഈ പ്രബന്ധം സുസൂക്ഷ്മം പരിശോധിച്ചാല്‍ ചില 'സാങ്കേതിക പിഴവുകള്‍' മാത്രമാണ് അതിലുള്ളതെന്ന് മനസിലാകും. പ്രബന്ധം കോപ്പിയടിച്ചതാണെന്നുള്ള ഒരു ആരോപണവുമുണ്ട്. കോപ്പിയടികളുടെ ഒരു ആകെത്തുകയാണല്ലോ ഈ ജീവിതം. 

(പി.എച്ച്.ഡിക്കുവേണ്ടി സമര്‍പ്പിച്ച ഗവേഷണ പ്രബന്ധത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു). 

'മലയാളത്തിന്റെ പ്രിയ കവികളായ വൈലോപ്പള്ളി ശ്രീധനര മേനോനും, ചങ്ങമ്പുഴ കൃഷ്ണപിള്ളയും ജനിച്ചത് ഒരേ വര്‍ഷമാണ്. എന്നാല്‍ ഇവര്‍ തമ്മിലുള്ള ബന്ധം അത്ര സ്മൂത്ത് ആയിരുന്നില്ല. ഒരാള്‍ മേനോനും മറ്റേയാള്‍ പിള്ളേച്ചനും ആയിരുന്നു എന്നുള്ളതാണ് പ്രധാന കാരണം. വൈലോപ്പപ്പിള്ളിക്ക് മാമ്പഴത്തിനോടാണ് താല്പര്യമെങ്കില്‍, ചങ്ങമ്പുഴയ്ക്ക് പ്രിയം വാഴക്കുലയായിരുന്നു. 

ഇങ്ങനെയിരിക്കെ ചങ്ങമ്പുഴ, വര്‍ക്കി മാപ്ലയുടെ പറമ്പിലെ കുടികിടപ്പുകാരനായിരുന്ന മലയപ്പുലയന്റെ മാടത്തിന്റെ മുറ്റത്ത് ഒരു വാഴ നട്ടു. മലയപ്പുലയന്റെ പെണ്ണുംപിള്ളയ്ക്കും, പിള്ളേര്‍ക്കും പെരുത്ത സന്തോഷമായി. ആ വാഴ വളര്‍ന്നു വലുതായി, കുലച്ചു കുലയായി. പഴമായി, അതു തിന്നുകാര്യമോര്‍ത്തപ്പോള്‍ പുലയക്കിടാങ്ങളുടെ വായില്‍ വെള്ളമൂറി. അവര്‍ ചങ്ങമ്പുഴ പിള്ളേച്ചനെ വാനോളം പുകഴ്ത്തി. പറഞ്ഞു പറഞ്ഞ് ഈ വാഴക്കുലയുടെ കാര്യം നാടാകെ പാട്ടായി. 

ഇതു വൈലോപ്പള്ളി മേനോനു അത്ര സുഖിച്ചില്ല. ഇതിനിടയ്ക്ക് മറ്റൊരു സംഭവമുണ്ടായി. വര്‍ക്കി മാപ്ലയുടെ ഭാര്യ മറിയാമ്മച്ചേടത്തിയുടെ ജിമിക്കി കമ്മല്‍, വര്‍ക്കി മാപ്ല കട്ടോണ്ടുപോയി. ഇതിന്റെ വാശിക്ക് മറിയാമ്മച്ചേടത്തി, വര്‍ക്കി മാപ്ല ഒളിച്ചുവച്ചിരുന്ന ബ്രാണ്ടി കുടിച്ചുപൂസായി. 

എന്നാല്‍ ഇതു സത്യമല്ല- കേരളത്തിലെ എല്ലാ അമ്മമാരും ജിമിക്കി കമ്മല്‍ ധരിക്കുന്നവരല്ല. അങ്ങിനെയുണ്ടെങ്കില്‍ തന്നെ, അതിന്റെ വിഷമത്തില്‍ അപ്പന്റെ ബ്രാണ്ടിക്കുപ്പിയെടുത്ത് കുടിച്ചു തീര്‍ക്കുന്ന അമ്മമാരും കേരളത്തിലില്ല. പിന്നെ എന്തുകൊണ്ടാണ് ഈ ജിമിക്കി കമ്മല്‍ ഇത്ര ഹിറ്റായത്. ഇതൊരു മുതലാളിത്വ, ബൂര്‍ഷ്വാ പിന്തിരിപ്പന്‍, നയ സംസ്‌കാരം നമ്മുടെ നാട്ടിലേക്ക് കടത്തി വിടുവാനുള്ള അമേരിക്കന്‍ സാമ്രാജ്യ ശക്തിയുടെ ഹിഡന്‍ അജണ്ടയാണ്. ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി ഇവിടെ സ്ഥാപിച്ച്, നമ്മുടെ വിലപ്പെട്ട സാമ്പത്തിക നയരേഖകള്‍ ഹൈജാക്ക് ചെയ്യുവാന്‍ നടത്തിയ ശ്രമത്തെ നമ്മള്‍ സമരം ചെയ്ത് പരാജയപ്പെടുത്തിയ കാര്യം ഇത്തരുണത്തില്‍ സ്മരണീയമാണ്. 

വാഴക്കുല വിളഞ്ഞ് പഴുക്കാറായപ്പോള്‍, ഒരു ദിവസം പാതിരാ നേരത്ത്, ഒരു കൈയ്യില്‍ എരിയുന്ന പന്തവും, മറ്റേ കൈയ്യില്‍ ഊരിപ്പിടിച്ച വാളുമായി വൈലോപ്പള്ളി, മലയപ്പുലയന്റെ മുറ്റത്തെത്തി, കുലവെട്ടി. ഒരു പ്രത്യേക രീതിയില്‍ ഉണ്ടായ ശബ്ദം കേട്ട് മുറ്റത്തേക്ക് ചാടിയ മലയപ്പുലയന്‍ ഈ കാഴ്ച കണ്ട് കോപാകുലനായി. 

'താനെന്ത് പോക്രിത്തരമാണടോ കാണിച്ചത്' പുലയന്‍ കത്തി ജ്വലിക്കുകയാണ്. 
'എന്റെ പൊന്ന് മലയപ്പുലയാ- താന്‍ ചൂടാകാതെ. ഞാന്‍ വേണ്ട പരിഹാരം ഉണ്ടാക്കാം-'
'പുലയനും പറയനുമൊക്കെ പണ്ട്. ഇനി താന്‍ ഇതാവര്‍ത്തിച്ചാല്‍ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നു പറഞ്ഞ് ഞാന്‍ 'മനുഷ്യാവകാശ കമ്മീഷനില്‍' കേസുകൊടുക്കും. മിസ്റ്റര്‍ മലയന്‍, അല്ലെങ്കില്‍ മലയന്‍ സാര്‍- ഇനി അങ്ങനെ വിളിച്ചാല്‍ മതി.'
'ഒരബദ്ധം പറ്റിയതാ. മിസ്റ്റര്‍ മലയന്‍സാറെ! ദയവായി ക്ഷമിക്കണം'.
'ക്ഷമിച്ചിരിക്കുന്നു. പക്ഷെ ഒരു കാര്യം. ഒരു ഏരിയായിലെ ഒരു കുലയും വെട്ടാന്‍ നിങ്ങള്‍ക്ക് അധികാരമില്ല.വെട്ടിയത് വെട്ടി. അതുകൊണ്ട് നോക്കുകൂലി തന്നിട്ട് കുലയും കൊണ്ടുപോകണം മിസ്റ്റര്‍ മേനോന്‍.'

അങ്ങിനെ വൈലോപ്പള്ളി ശ്രീധര മേനോന്‍, മലയപ്പുലയന് നോക്കുകൂലി കൊടുത്ത് 'വാഴക്കുല' തന്റെ സ്വന്തമാക്കി. അങ്ങിനെ എന്റെ അനേക നാളത്തെ ഗവേഷണ ഫലമായി ഇനിമുതല്‍ 'വാഴക്കുല'യുടെ അവകാശം ചങ്ങമ്പുഴ കൃഷ്ണപിള്ളയ്ക്കല്ല, മറിച്ച് വൈലോപ്പള്ളി ശ്രീധരമേനോനാണെന്ന് സംശയലേശമെന്യേ തെളിയിച്ചിരിക്കുന്നു. 

(ഈ പ്രബന്ധം അംഗീകരിച്ച് ഡോക്ടറേറ്റ് നല്‍കിയ ശേഷം സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ്):
നമ്മുടെ യുവജനങ്ങളുടെ ആവേശമായ ഈ തീപ്പൊരി യുവതിയെ ഒരു ലക്ഷം രൂപാ പ്രതിമാസ ശമ്പളവും, മറ്റ് ആനുകൂല്യങ്ങളും നല്‍കി 'യുവജന കമ്മീഷന്‍ ചെയര്‍മാനായി' നിയമിച്ചിരിക്കുന്നു. ഈ പ്രബന്ധം ഉടന്‍തന്നെ സിലബസില്‍ ഉള്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്യുന്നു.) 

Join WhatsApp News
Dr. Thinker 2023-01-30 11:27:24
ആക്ഷേപ ഹാസ്യത്തിനു ഒരു ഉദാത്ത മാതൃക. 'രാജാവ് കള്ളനെങ്കിൽ മന്ത്രിമാർ എല്ലാവരും കൊള്ളക്കാരയിത്തീരും' എന്നതാണ് ഇന്ന് കേരളത്തിലെ അവസ്ഥ. ചിന്താ ജെറോമിനും, പ്രിയ വർഗീസിനും ഇനിയും ഉന്നത പദവികൾ കിട്ടിക്കൊണ്ടേയിരിക്കും. മിക്കവാറും എല്ലാ ഇടതു രാഷ്ട്രീയക്കാരുടെ ഭാര്യമാർക്കും വളഞ്ഞ വഴിയിലൂടെ ഉന്നത പദവികൾ ലഭിച്ചു കഴിഞ്ഞു.
Foman 2023-01-30 12:05:53
FOKANA should give an award to Chintha Jerome also and invite her to the convention. She is a good motivational speaker. She could be an inspiration to the Kerala Youth in America.
Jayan varghese 2023-01-30 13:18:55
ഇത് പുത്തരിയൊന്നുമല്ല. ഇവിടെയും നാട്ടിലുമായി എത്രയെത്ര പെരുച്ചാഴികൾ ഇതിനകം പന്തം കണ്ടിരിക്കുന്നു !
ഭേഷ്, ഭേഷ് 2023-01-30 13:18:57
ഭേഷ്, ഭേഷ്
Just A Reader 2023-01-30 13:31:40
Now, we can extrapolate from this incident as to what kind of Ph.Ds are being granted to the new generation kids.
Thomas Kariyavattom Phd 2023-01-30 15:19:08
പിണറായി രാജാവ് വാണരുളുന്ന കേരളത്തിൽ, വിദ്യാഭ്യാസം കൈയാളുന്നത് ശിവൻകുട്ടി മന്ത്രി. മുഹമ്മദ് ആലിയും, മേഴ്‌സിയും കേരളത്തിന്റെ അഭിമാനം ആണെന്ന് പറഞ്ഞ ജയരാജൻ സകാവ്‌. ചിന്തയെ ന്യകിരിക്കുവാൻ അദ്ദേഹം ന്യായികരണുമായി രംഗത്തു ഇറങ്ങിയിട്ടുണ്ട്. ചിന്തിച്ചാൽ ഇതൊരു ചെറിയ ഗർഭം മാത്രമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഇനി എന്തെല്ലാം കാണാനിരിക്കുന്നു.
K-Model 2023-01-31 00:44:32
ഒരു കോൺഗ്രസ് അനുഭാവിയുടെ വിലാപം. കേരളത്തിലെ ജനങ്ങളെ ഒരു തരത്തിലും ബാധിക്കാത്ത ഒരു നിസ്സാര കാര്യം വലുതാക്കി കാണിച്ചു പിണറായി സർക്കാരിനെ താറടിച്ചു കാണിക്കുവാൻ നടത്തുന്ന ഈ ശ്രമം കൊണ്ട് ഒരു ചുക്കും സംഭവിക്കില്ല. കേന്ദ്ര ഗവണ്മെന്റിന്റെ സർവ്വേ പ്രകാരം, വിദ്യഭ്യാസം, ആരോഗ്യം, ക്രമസമാധാനം, തൊഴിൽ സൗഹാർദം, എന്നീ മേഖലകളിൽ എല്ലാം കേരളം ഒന്നാമതാണ്. ആരും അസൂയപ്പെട്ടിട്ടു ഒരു കാര്യവുമില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക