ചിലമ്പഴിച്ച് നർത്തനമാടുന്ന കണ്ണകിയെപ്പോലെ
പാലക്കാടന്ന് കാറ്റുകാലം ശക്തമായിരുന്നു.രാത്രിയൊന്ന് മയങ്ങി വരുമ്പോഴേക്കും ആഴിത്തിരമാലകൾ ഉയർന്നു വരുന്നത് പോലെയുള്ള ഹുങ്കാരശബ്ദങ്ങളും ,ആസ്ബസ്റ്റോസിട്ട മേൽക്കൂരയിലേക്ക് ഒടിഞ്ഞു വീഴുന്ന മരച്ചില്ലകളും മീരയുടെ രാത്രികളെ നിദ്രാവിഹീനങ്ങളാക്കി.
പിന്നെ പിന്നെയവൾ മുറിഞ്ഞു പോകുന്ന നിദ്രയുടെ
വളപ്പൊട്ടുകളെ ചേർത്ത് വയ്ക്കുവാൻ മെനക്കെടാതെയായി.
കാറ്റിനോടൊപ്പം അരിച്ചെത്തുന്ന തണുപ്പ് വക വയ്ക്കാതെ ജനൽപ്പാളികൾ മലർക്കെ തുറന്നിട്ട് നിർജനമായ നടപ്പാതയിലൂടെ മേഞ്ഞു നടക്കുന്ന നിലാവെളിച്ചവും കണ്ണുകളിലേക്കാവാഹിച്ച് പുറത്തേക്ക് നോക്കി നിൽക്കുന്നത് അവളൊരു ശീലമാക്കി.
വീടിന് കുറച്ചപ്പുറത്തുള്ള കനാൽ റോഡിൽ നൈറ്റ് ഷിഫ്റ്റും കഴിഞ്ഞു വരുന്ന രഘുവിന്റെ സ്കൂട്ടറിന്റെ ശബ്ദം കാതുകളിലെത്തുന്ന നിമിഷം വരെ ആ നിൽപ്പ് തുടരും.
"അർദ്ധരാത്രി ജനലും തുറന്നിട്ട് ജനലരികിലിങ്ങനെ നിൽക്കല്ലേ.ഒരു കള്ളൻ വന്ന് മാല പൊട്ടിച്ചാലും നീയറിയില്ലല്ലോ."രഘുവിന്റെ
പതിവ് വഴക്കുകൾക്ക് മുൻപിൽ ബധിരയായി
നിൽക്കുമ്പോഴും അവളുടെ മനസ്സും , കർണ്ണങ്ങളും
കനാലിനടുത്തുള്ള കോളനിയിലായിരിക്കും .
കഞ്ചിക്കോടുള്ള കമ്പനികളുടെ രാത്രി ഷിഫ്‌റ്റ്
കഴിയുമ്പോഴാണ് അവിടെ ജീവിതം തുടങ്ങുന്നത്.
അവൾക്കേറ്റവും ഇഷ്ടമുള്ള ഇളയരാജാ ഗാനങ്ങൾ
ഒഴുകിയെത്തുന്നത് ആ സമയത്താണ്.മൂക്കറ്റം
കള്ളും കുടിച്ച് വന്ന് ചില കണവന്മാർ പൊണ്ടാട്ടിയെ
തല്ലിച്ചതക്കുന്നതിന്റെ ശബ്ദരേഖകൾ ഇടക്ക് അലോസരപ്പെടുത്തും.എങ്കിലും തമിഴ് ഈരടികളുടെ മാസ്മരികമായ അലകൾക്കൊപ്പം ഉയരുന്ന രഘുവിന്റെ കൂർക്കം വലിയുടെ താളത്തിലലിഞ്ഞ് മെല്ലെ അവളും ഉറക്കത്തിലേക്ക് വീഴും.
നീല വർണ്ണത്തിലുള്ള ആകാശത്ത് നിന്നും പെയ്തിറങ്ങുന്ന മനോഹരമായ രണ്ട് വലിയ കുന്നുകളുടെ താഴ്‌വാരത്തിലായിരുന്നു ആ കൈത്തോട്ഒഴുകിയിരുന്നത്. മലമ്പുഴ ഡാമിൽ നിന്നും കൃഷിയിടങ്ങളിലേക്ക് ജലസേചനത്തിനായുള്ള ജലവുംവഹിച്ചു കൊണ്ടൊഴുകുന്ന കൈത്തോടിനിരുവശവും പണ്ട് പാടശേഖരങ്ങളായിരുന്നു. കേരളത്തിന്റെ നെല്ലറയെന്നാണ് പാലക്കാട് അറിയപ്പെടുന്നത്..പക്ഷേ അവിടെയും കൃഷിയിടങ്ങളെ തരിശുഭൂമികളാക്കി കോൺഗ്രീറ്റ് കാടുകൾ വേരുകൾ പടർത്തിക്കഴിഞ്ഞിരിക്കുന്നു.
ജോലി കിട്ടി പാലക്കാട് ചേക്കേറിയകാലത്ത് രഘു വാങ്ങിയിട്ടതാണ് പാടശേഖരത്തിലെ അഞ്ച് സെൻറ് സ്ഥലം.ഇന്നാ പാടശേഖരം മണ്ണടിച്ച് പൊക്കി വലിയൊരു ഹൗസിംഗ് കോളനിയായി മാറുകയാണ്.
രഘുവിന്റെ അച്ഛന് പെൻഷനായ ശേഷമാണ് ഒരു ചെറിയ വീട് തല്ലികൂട്ടാനായത്.വാടക വീടുകളിനിയും താമസിക്കരുതെന്നൊരു വാശി രഘുവിനുണ്ടായിരുന്നു.
വിവാഹത്തിന് മുൻപ് തന്നെ അരിച്ചു കൂട്ടിയ സമ്പാദ്യവും .ബാങ്ക് ലോണുമെല്ലാം ചേർത്താണയാൾ തന്റെ സ്വപ്നക്കൂടൊരുക്കിയത്.കെ.എൽ.യു കിട്ടാനൊക്കെ കുറച്ച് ബുദ്ധിമുട്ടേണ്ടി വന്നെങ്കിലും
ഏറെ അഭിമാനത്തോടെയും ,നിറഞ്ഞ സംതൃപ്തിയോടെയുമാണയാൾ മീരയെ സ്വന്തം വീട്ടിലേക്ക് കൈപിടിച്ച് കയറ്റിയത്.
ഒരു ബാങ്ക് മാനേജരും ,കുടുംബവുമാണ്'
തൊട്ടയൽപക്കത്തുള്ളത്.
മതിലിനപ്പുറത്തായി പുതിയൊരു വീട് ഉയർന്നുവരുന്നുണ്ട്. ഒരു ദിവസം വാർക്കപ്പണിക്ക് സഹായികളായി വന്ന സ്ത്രീകളിലാരുടെയോ കുട്ടിയെ സാരി കൊണ്ടുള്ള ഒരു തൊട്ടിലിൽഅടുത്തുള്ള മരത്തണലിൽ ഉറക്കിക്കിടത്തിയിരുന്നു.കുഞ്ഞുണർന്ന് വല്ലാതെകരഞ്ഞപ്പോൾ മീര വീട്ടിൽ നിന്നിറങ്ങിച്ചെന്ന് തൊട്ടിലാട്ടിക്കൊടുത്തു.കുഞ്ഞിന്റെ അമ്മ ഇതൊന്നുമറിയാതെ തിരക്കിട്ട പണിയിലായിരുന്നു.
"ഇവരൊരു എഞ്ചിനീയറുടെ ഭാര്യയല്ലേ.ഒട്ടന്റെ
കുട്ടിയെ തൊട്ടിലാട്ടേണ്ട കാര്യമുണ്ടോ.അയാളുടെ
ഉദ്യോഗപ്പദവി നോക്കേണ്ടേ" .ഈ വിധം അപവാദങ്ങൾ കോളനിയിലെ താമസക്കാർക്കിടയിൽ വളരെ വേഗം പ്രചരിച്ചു.അതിന് മുൻകൈ എടുത്തത് ബാങ്ക് മാനേജരുടെ ഭാര്യയാണെന്നറിഞ്ഞപ്പോൾ അവരുമായുള്ള സൗഹൃദം വേണ്ടെന്ന് തന്നെ രഘു
തീരുമാനമെടുത്തു..
"നീ ചെയ്തത് ഒരിക്കലുമൊരു തെറ്റല്ല. ആ കൊച്ച്
കരഞ്ഞ് കരഞ്ഞൊടുവിൽ തൊട്ടിലിൽ നിന്നും താഴെ വീണെങ്കിലോ.ഇനിയിങ്ങനെ മനുഷ്യത്വമില്ലാത്ത വർത്തമാനം പറയുന്നവരുടെ വീട്ടിലേക്കൊന്നും പോയേക്കരുത്"മീരയെ അയാൾ
താക്കീതും ചെയ്തു.
വീടിനു മുറ്റത്തൊരു പൂന്തോട്ടമുണ്ടാക്കിയും ,വൈകുന്നേരങ്ങളിൽ കനാൽ തീരത്ത് പോയിരുന്നുമെല്ലാം രഘു ഓഫീസിലായിരിക്കുന്ന സമയങ്ങളെ അവൾ മടുപ്പില്ലാതെ നീക്കി.
ഞായറാഴ്ചകളിൽ രഘു അവളെയും കൂട്ടി മലമ്പുഴക്ക് പോകും . രണ്ടറ്റവും ചെത്തി മിനുക്കിയ
കനാലിന്റെ വശത്തുള്ള ചെമ്മൺ പാതയിലൂടെയുള്ള സ്കൂട്ടർയാത്ര അവർക്കിരുവർക്കും ഏറെയിഷ്ടവുമാണ്. എത്രയൊതുക്കിയാലും പറന്നു കളിക്കുന്ന തലമുടി ഇടക്കിടക്ക് മാടിയൊതുക്കി
രഘുവിനോട് പറ്റിച്ചേർന്ന് സ്കൂട്ടറിൽ അവളിരിക്കും.
ഡാം തുറന്നു വിടുന്ന സമയമായാൽ കനാലിൽ
കളിച്ച് തിമിർക്കുവാൻ ധാരാളം കുട്ടികൾ കാണും.
തമിഴ് തൊഴിലാളികളുടെ കോളനിയെത്തുമ്പോൾ
അവളറിയാതെ മിഴികൾ അങ്ങോട്ട് പാറിപ്പോകും .
മൂക്കളയൊലിപ്പിച്ച് നഗ്നരായ ഇളയത്തുങ്ങളെ
ഒക്കത്തേന്തി നടക്കുന്ന ചപ്രത്തലമുടിക്കാരികളായ
ബാലികമാരുടെ കണ്ണുകളിൽ വിശപ്പിന്റെ അഗ്നിനാളം കത്തിജ്വലിക്കുന്നത് കാണാം.
ആണുങ്ങളും ,പെണ്ണുങ്ങളും കുടിലുകളുടെ
മുറ്റത്തിട്ട കയറ്റുകട്ടിലുകളിൽ പടഞ്ഞിരുന്ന് കള്ളു
മോന്തുന്നുണ്ട്. ബ്ലൗസ്സിടാതെ സാരി കൊണ്ട് മാറു മറിച്ചിട്ടുള്ള തമിഴ്സിനിമകളിലെ തൈക്കിളവി കഥാപാത്രങ്ങളെപ്പോലുള്ള വൃദ്ധകളെ കാണുമ്പോൾ രഘു ഊറിച്ചിരിക്കും.
"ഇവർക്കൊന്നും നമ്മളെപ്പോലെ വീടു പണിയണം,
പിള്ളേരെ പഠിപ്പിക്കണം എന്നൊന്നുമുള്ള ചിന്തകളൊന്നുമില്ല. അന്നന്ന് കിട്ടുന്നത് കൊണ്ട് തിന്നുക , കുടിക്കുക അത്രയൊക്കെയേയുള്ളൂ.",രഘുവിന്റെ വാക്കുകൾ അത്ഭുതത്തോടെ അവൾ കേട്ടിരിക്കും. പിറക്കുവാൻ പോകുന്ന കുഞ്ഞിനെക്കുറിച്ച് അവരിരുവരും ആകാശത്തോളം സ്വപ്നങ്ങൾ കാണാറുണ്ട്. കൊടുമുടികൾക്കുമപ്പുറത്തേക്ക് പ്രതീക്ഷകളുടെ വലകൾ നെയ്യാറുണ്ട്.
"ഈ കോളനിയെല്ലാം ഒഴിപ്പിക്കുവാനായി നോട്ടീസ്
കൊടുത്തിരിക്കുകയാണ്.ഇവരൊന്നും ഇവിടെ നിന്നും മാറിത്താമസിക്കത്തില്ലെന്ന വാശിയിലുമാണ്.സിനിമകളിലൊക്കെ കാണാറുള്ളത് പോലെ ഇവർക്കും രജനികാന്ത്
സ്റ്റൈലിലൊരു നേതാവുണ്ട്. കാശിച്ചാമി. കാശിയുടെ ബലത്തിലാണ് എല്ലാവരുമിവിടെ പിടിച്ചു നിൽക്കുന്നത്.
ചില സായാഹ്നങ്ങളിൽ തലയെടുപ്പോടെ നടന്നു പോകുന്ന ബലിഷ്ഠകായനായ ഒരു യുവാവിനെ കണ്ടിട്ടുണ്ട്.ആരേയും കൂസാത്ത അയാളുടെ മുഖത്തെ ശൗര്യംശ്രദ്ധിച്ചിട്ടുമുള്ളതാണ്.അയാളായിരിക്കണം കാശി.അവളോർത്തു.
"അതെന്തിനാണ് ഇവരെ ഇവിടെ നിന്നും ഒഴിപ്പിക്കുന്നത്"ആകാംക്ഷയോടെ അവൾ ചോദിച്ചു.
"ഇതിലേ ഒരു ഹൈവേ വരാൻ പദ്ധതിയുണ്ട്.സ്ഥലം
എം.എൽ.എ യുടെ അഭിമാനപ്രശ്നമായി മാറിയിരിക്കുകയാണത്.നല്ല ഗുണ്ടാ സെറ്റപ്പൊക്കെയുള്ള ആളാണ്. ഉദ്ദേശിച്ച കാര്യം നടപ്പാക്കിയിട്ടേ അയാളടങ്ങുകയുള്ളൂ..എന്തും സംഭവിക്കാം."രഘു പറയുന്നത് കേട്ട് അവളുടെ ഉള്ളിൽ ഭീതിയുടെ ഒരു മിന്നൽപ്പിണർ പാഞ്ഞു പോയി.
ശിവരാത്രി കഴിഞ്ഞതോടെ കാറ്റൊന്ന് ശമിച്ച മട്ടായി.
കടിഞ്ഞൂൽക്കനിയെ ഉദരത്തിൽ പേറുന്നതിന്റെ തളർച്ചയിൽ മീര ഉച്ചമയക്കത്തിലേക്ക് വഴുതി വീഴാനൊരുങ്ങുമ്പോളാണ് കോളനിയിൽ നിന്നും വലിയ അലമുറയും ,ബഹളവും കേട്ടത്.
കാര്യമെന്താണെന്ന് അറിയുവാനുള്ള ആകാംക്ഷയിൽ വാതിൽ തുറന്ന് മീര പുറത്തേക്കിറങ്ങുവാനൊരുങ്ങി.അപായമണി മുഴങ്ങും പോലെ ഫോൺ ബെല്ലടിച്ചതപ്പോഴാണ്.
"പുറത്തേക്കൊന്നും ഇറങ്ങല്ലേ മീരേ. കാശിയെ ആരോ വെട്ടിക്കൊന്നു. "ഭയം നിറഞ്ഞ സ്വരത്തിൽ പിന്നെയും എന്തൊക്കെയോ രഘു പറയുന്നുണ്ടായിരുന്നു. ഒന്നുമവൾ കേൾക്കുന്നുണ്ടായിരുന്നില്ല. അവളറിയാതെ മിഴികൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
കണ്ണീരുണങ്ങാത്ത കനാൽ തീരവും ,കോളനിയും
അന്ന് നിശബ്ദമായിരുന്നു. രാത്രിയുടെ കരിമ്പടക്കെട്ടിനുള്ളിൽ പ്രകൃതി പോലും വിതുമ്പിക്കരയുന്നുണ്ടെന്ന് അവൾക്ക് തോന്നി.
രഘു അന്ന് പതിവിലും നേരത്തെയെത്തി .അവളെ കരവലയത്തിലൊതുക്കി തലയിൽ തലോടിക്കൊണ്ട്
കുറച്ച് സമയം ഒന്നുമുരിയിടാനാവാതെ അയാൾ നിന്നു, ആരുമല്ലാത്തൊരാളുടെ വേർപാട് വ്രണിതമാക്കിയ മനസ്സോടെ അവർ നേരത്തേ ഉറങ്ങുവാൻ കിടന്നു.
"തീ..തീ കടവുളേ കാപ്പാത്തുങ്കോ"
വലിയ അലർച്ചകളും ,നിലവിളികളും മുഴങ്ങുന്നുണ്ട്. അഗ്നി ആകാശത്തോളം വളർന്ന് വലിയ നാവു നീട്ടി കോളനിയാകെ
വിഴുങ്ങുകയാണ്.വലിയ പൊട്ടിത്തെറികളുമൊക്കെ
ഉയരുന്നുണ്ട്.എത്ര പേരുടെ ജീവൻ പൊലിഞ്ഞു കാണണം.എത്ര പിടി സമ്പാദ്യങ്ങൾ എരിഞ്ഞടങ്ങി ചാമ്പലായി മാറിക്കാണണം.പാവങ്ങളുടെ കണ്ണീരിനന്ന് ആരും മറുപടി നൽകിയില്ല.പകിടകളിച്ചവരും , ജയിച്ചവരും മാധ്യമങ്ങളുടെ താളുകളിലൊന്നും പ്രത്യക്ഷപ്പെടാതെ മറഞ്ഞു തന്നെയിരുന്നു.
വർഷങ്ങളെത്രയോ കൊഴിഞ്ഞു പോയി.ഒട്ടേറെ റോഡുകളും .വികസനപദ്ധതികളുംനഗരത്തിന്റെ മുഖഛായ തന്നെ മാറ്റി മറിച്ചു.മുപ്പത് വർഷം കൊണ്ട് പരിഷ്കാരിയായി നഗരവും
നാട്ടുകാരും മാറിക്കഴിഞ്ഞു.
കനാലിനരികിലുള്ള ചെമ്മൺ പാത വലിയൊരു ബൈപ്പാസായി.കോയമ്പത്തൂർ റോഡിൽ നിന്നും മലമ്പുഴ റോഡിനെ കൂട്ടിച്ചേർക്കുന്ന സമാന്തരപാതയായത് പരിണമിച്ചു.. വാഹനങ്ങളിൽ
തലങ്ങും വിലങ്ങും പായുന്നവർ ഒരിക്കൽ പോലും
ഓർക്കുവാൻ വഴിയില്ല.പിച്ചിച്ചീന്തിയെറിഞ്ഞ കുറെപാഴ് ജന്മങ്ങളുടെ കഥ . ചാമ്പൽക്കൂമ്പാരങ്ങളായി മണ്ണിലലിഞ്ഞ
നൊമ്പരങ്ങൾക്ക് ഉത്തരം നൽകുവാൻ അവരിലാരും അവിടെ ശേഷിച്ചിരുന്നില്ല.
ഹൗസിംഗ് കോളനിയിലും കൂണുകൾ മുളച്ച് പൊന്തിയ പോലെ
നിറയെ വീടുകളായി .തൊട്ടപ്പുറത്തുള്ള അയൽക്കാരനെ തിരിച്ചറിയാതെ തങ്ങളിലേക്കൊതുങ്ങി സ്വർഗ്ഗം തീർക്കുന്ന പേരറിയാത്ത കുറെ മനുഷ്യരും താമസത്തിനെത്തി.
നിലാവെളിച്ചത്തെപ്പോലും കടന്നു വരാൻ അനുവദിക്കാതെ വഴികളിലെല്ലാം നിയോൺ വിളക്കുകൾ പ്രകാശിച്ചു നിന്നു.
കുട്ടികളുറങ്ങികഴിഞ്ഞാൽ അർദ്ധരാത്രി വരെ മീര ഇപ്പോൾ ജനൽപ്പാളികളും തുറന്നിട്ട് നിൽക്കാറില്ല.വൈകുന്നേരങ്ങളിൽ കനാൽക്കരയിലെ പടിക്കെട്ടുകളിലും പോയിരിക്കാറില്ല.
കൗതുകം തോന്നിച്ചിട്ടുള്ള കാഴ്ചകളിലെല്ലാം ഇന്ന് ചീറിപ്പായുന്ന വാഹനങ്ങളുടെ ഇരമ്പങ്ങൾ മാത്രം അവശേഷിക്കുന്നു. ചുടുചോരയുടെ ഗന്ധവും, തീ ജ്വാലകളുടെ വന്യമായ തിളക്കവും എങ്ങോട്ടോ പാലായനം ചെയ്ത കുറെ പാവങ്ങളുടെ ഉള്ളു പൊള്ളിക്കുന്ന കണ്ണുനീരും അവളുടെ ഓർമ്മകളെ ഇന്നും ശ്വാസം മുട്ടിക്കാറുണ്ട്.