Image

വാഴക്കുലയുടെ ചിന്താശാസ്ത്രം (ജെ.എസ്. അടൂർ)

Published on 31 January, 2023
വാഴക്കുലയുടെ ചിന്താശാസ്ത്രം (ജെ.എസ്. അടൂർ)

കേരളത്തിലെ ഉന്നത വിദ്യാഭ്യാസം എന്ത് കൊണ്ടു ഉന്നതമല്ല?
"അല്‍പം പുളിപ്പ്‌ മുഴുവന്‍മാവിനെയും പുളിപ്പിക്കുന്നു."
കേരള യൂണിവേഴ്സിറ്റിയിലും കേരളത്തിലെ മറ്റു യൂണിവേഴ്സിറ്റിയിലും ആത്മാർത്ഥയോടെ സത്യസന്ധതയോടെ ഗവേഷണം നടത്തി നല്ല ഗവേഷണ തീസിസുകൾ ഉണ്ട്. അങ്ങനെ ഉള്ളവരുടെ എല്ലാ നല്ല ഗവേഷണ പ്രബന്ധങ്ങളെയുടെയും വിലകുറക്കാൻ ചില മോശം തീസിസുകൾ മതി.
പണ്ടൊക്കെ ബീഹാറിലും യു പി യിലുമൊക്കെ കൂലി കൊടുത്തു തീസിസ് എഴുതിക്കുന്നത് സാധാരണ. പത്തു വാചകം ഇഗ്ളീഷിൽ എഴുതാൻ ശേഷി ഇല്ലാത്ത ഒരാളെ അറിയാം. ഒരു സബ്ജറ്റിലും വിവരം ഇല്ല. ഇപ്പോൾ കേരളത്തിലും അതു പോലെ തീസിസ് വല്ലവരെയും വച്ചു എഴുതുന്നുണ്ടോ?
എന്തായാലും മോശം തീസിസ് തട്ടികൂട്ടിയവരെക്കാൾ മോശമാണ് അതു നോക്കിയ ഗൈഡും, എക് സ്‌റ്റെനൽ എക്സാമിനേഴ്‌സും
കേരളത്തിൽ ഉന്നത സ്ഥാനത്ത് ഉന്നത ശമ്പളം വാങ്ങി സർക്കാർ അധികാര വണ്ടിയിൽ പോകുന്നയാൾ. യുവാക്കൾക്ക് എല്ലാം മാതൃകയാകേണ്ട ഒരാളുടടെ തീസിസിലെ പ്രശ്നം വൈലോപ്പള്ളിയുടെ വാഴക്കുല പ്രശ്നം മാത്രം അല്ല.
It is a shame and sham
ഇതിലെ ഇഗ്ളീഷ് നിലവാരം അപാരം!!  സാധാരണ പി എച് ഡി തീസിസ് ഒക്കെ തുടങ്ങുതിന് മുമ്പ് കോഴ്സ് വർക്ക് ഉണ്ട്. അതിൽ റിസേർച് മെതഡോളജി, അക്കാഡമിക്  റൈറ്റിങ്, സൈറ്റേഷൻ, ബിബ്ലിയോ ഗ്രാഫി, റിസേർച് എത്തിക്സ്, ഡോമൈൻ നോളജ് എല്ലാമുണ്ട്. കുറഞ്ഞത് രണ്ട് റിസേർച് പേപ്പർ എഴുതി അവതരിപ്പിക്കണം.
ഇവിടെ അതൊന്നും ചെയ്യാതെയാണ് ഈ 'തീസിസ് ' എന്തെങ്കിലും ഒക്കെ വച്ചു തട്ടികൂട്ടിയത്. ഇവരൊക്കെയാണല്ലോ മാർക്സിസ്റ്റ് ' ബുദ്ധി ജീവികളും ' കമ്മ്യൂണിസ്റ് യുവ നേതാക്കളും എന്നറിഞ്ഞാൽ കാൾ മാർക്സ് ലണ്ടനിൽ കുഴിമാടത്തിൽ നിന്ന് എഴുനേറ്റ് വന്നു തള്ളിപ്പറയും.
Viju Cherukunnu എന്ന അധ്യാപകൻ തീസിസ് വായിച്ചിട്ട് എഴുതിയത് പങ്ക് വയ്ക്കുന്നു

ചിന്തയുടെ തീസിസ്
ഒരോടിച്ചുനോക്കല്‍
.......
ചിന്ത ജെറോമിന്റെ പി.എച്ച്.ഡി തീസിസ് വാര്‍ത്ത കണ്ടപ്പോള്‍ വലിയ പ്രശ്‌നമൊന്നും തോന്നിയില്ല. ചങ്ങമ്പുഴ എന്നെഴുതിയത് ആലുവാപ്പുഴ എന്നായിപ്പോയാല്‍ ഇപ്പോള്‍ എന്താണ്? അവരുടെ തീസിസ് മലയാള സാഹിത്യത്തെക്കുറിച്ചൊന്നുമല്ലല്ലോ എന്നുവെച്ച് ഒഴിവാക്കിക്കളഞ്ഞു.
ഒരുപക്ഷേ, ഈ തീസിസ് നാട്ടുകാര്‍ വായിച്ചുനോക്കട്ടെ എന്നുവെച്ച് ആരെങ്കിലും ട്രോള്‍ ആയി കൊളുത്തിവിട്ടതാണോ വാഴക്കുല വിവാദം? വാര്‍ത്ത വന്നതോടു കൂടി ഒരുപാടുപേര്‍ ആ പി.എച്ച്.ഡി തീസിസ് ഇന്‍ഫ്‌ലിബ്‌നെറ്റില്‍ നിന്ന് വായിച്ചുനോക്കിയിട്ടുണ്ടാകും. ഒരു പക്ഷേ ആദ്യമായിട്ടാകും ഈ റെപ്പോസിറ്ററിയില്‍ ഒരു തീസിസ് ഇത്രയധികം ആളുകള്‍ ക്ലിക്ക് ചെയ്യുന്നത്.
ഇപ്പോള്‍ ലഭ്യമായ തീസിസ് അനുസരിച്ചാണെങ്കില്‍ ഒരു പ്ലസ് ടു വിദ്യാര്‍ഥിയുടെ അസൈന്‍മെന്റിന്റെ നിലവാരം പോലുമില്ലാത്തതാണ് ആ തീസിസ്.
അതിന്റെ സര്‍ട്ടിഫിക്കറ്റ് പേജ് ഇന്‍ഫ്‌ലിബ്‌നെറ്റില്‍ ഇല്ലാത്തതിനാല്‍ സൂപ്പര്‍വൈസര്‍ ഈ തീസിസില്‍ ഒപ്പിട്ടിട്ടുണ്ടോ എന്നും അറിയാന്‍ വഴിയില്ല.  
ആരൊക്കെയായിരുന്നു ഈ തീസിസിന്റെ ഡോക്ടറല്‍ കമ്മിറ്റിയില്‍ ഉണ്ടായിരുന്നത്, തീസിസിന് മാര്‍ക്കിട്ട പ്രമുഖര്‍ എന്നും അവരുടെയൊക്കെ കമന്റുകള്‍ എന്തായിരുന്നു എന്നറിയാനുള്ള കൗതുകവുമുണ്ട്.
ഞാന്‍ ആദ്യമായിട്ടാണ് മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞുകൊണ്ടുള്ള ഒരു തീസിസ് കാണുന്നത്. കൂടാതെ അതിന്റെ അക്‌നോളജ്‌മെന്റ് പേജില്‍ എം.എ.ബേബി മുതല്‍ സ്വരാജും ഷംസീറും വരെയുള്ളവര്‍ക്ക് നന്ദി പറഞ്ഞിട്ടുമുണ്ട്. ഇവരൊക്കെ നിയന്ത്രിക്കുന്ന ഒരു അക്കാദമിക്-സര്‍വകലാശാലാ അധോലോകത്തില്‍ ഇങ്ങനെയൊരു തീസിസ് അംഗീകരിച്ചുവരുന്നത് സ്വഭാവികം. അക്ക്‌നോളജ്‌മെന്റില്‍ ഒരു വ്യക്തിയെ 'ബോണ്‍ ടീച്ചര്‍' എന്നു വിശേഷിപ്പിച്ചിരിക്കുന്നു. ചിലര്‍ അധ്യാപകരായി ജനിക്കുന്നുവെന്ന വിശ്വാസമാണ് ഇന്ത്യയിലെ ജാതിവ്യവസ്ഥയുടെ അടിത്തറ. കമ്യൂണിസ്റ്റുകളും അങ്ങനെ വിശ്വസിക്കുന്നതുകൊണ്ടാണ് അവരുടെ ആചാര്യന്മാര്‍ 'ബോണ്‍ കമ്യൂണിസ്റ്റു'കളായിരിക്കുന്നത്.  
എന്റെ വിലയിരുത്തലില്‍ പ്രാഥമികമായി പോലും അംഗീകരിക്കാനാവാത്ത തീസിസ് ആണിത്. ഗവേഷണ പ്രബന്ധം സമര്‍പ്പിക്കുന്നതിന് കേരള യൂണിവേഴ്‌സിറ്റി നിഷ്‌കര്‍ഷിക്കുന്ന ഫോര്‍മാറ്റ് ഉണ്ട്. അങ്ങനെയൊരു ഘടനയിലല്ല ഈ തീസിസ് ഉള്ളത്. ഇതില്‍ പ്രിഫേസ് എന്ന ഭാഗത്താണ് പ്രബന്ധത്തിന്റെ വാദവും അധ്യായങ്ങളുടെ ക്രമീകരണവും അവതരിപ്പിച്ചിരിക്കുന്നത്. പ്രിഫേസ് എന്നത് യൂണിവേഴ്‌സിറ്റിയുടെ ഫോര്‍മാറ്റില്‍ ഉണ്ടോ എന്നറിയില്ല. സാധാരണയായി ആമുഖം(introduction) ചാപ്റ്ററിലാണ് ഇക്കാര്യങ്ങള്‍ പറയേണ്ടത്. പ്രിഫേസ് തന്നെ ആമുഖം ആയി കണക്കാക്കിയാല്‍ ഈ പ്രബന്ധത്തിലെ റിസര്‍ച്ച് ക്വസ്റ്റ്യന്‍സ് എന്താണ് എന്ന് വ്യക്തമായി പറഞ്ഞിട്ടില്ല. ഏതൊരു പ്രബന്ധവും പരിശോധിക്കുന്നയാള്‍ ആദ്യം നോക്കുന്നത് എന്താണ് ഇദ്ദേഹത്തിന്റെ റിസര്‍ച്ച് ക്വസ്റ്റിയന്‍സ് എന്നാണ്.  ഇനി വേറെ ഏതെങ്കിലും സ്ഥലത്ത് ഇതുണ്ടോ എന്ന് അറിയില്ല. അതിന്റെ ഫിസിക്കല്‍ കോപ്പി കാണാത്തതുകൊണ്ട് ഉറപ്പിക്കുന്നില്ല.
നമ്മള്‍ പഠിക്കുന്ന മേഖലയില്‍ വിഷയവുമായി ബന്ധപ്പെട്ട് ഇതുവരെ ഉണ്ടായ പഠനങ്ങളുടെ അവലോകനം എല്ലാ പ്രബന്ധങ്ങളിലും ഉണ്ടാകേണ്ടതാണ്. Ilterature Survey Chapter. ഇന്ററസ്റ്റിങ്‌ലി, അങ്ങനെയൊരു ചാപ്റ്റര്‍ ഇതില്‍ ഇല്ല. വേണമെങ്കില്‍ Introduction ചാപ്റ്റര്‍ വളരെ അമച്വര്‍ ആയ, ഒരു ലിറ്ററേച്ചര്‍ സര്‍വേ ആണെന്ന് പറയാം. സര്‍വകലാശാലാ ഗവേഷണ മാനദണ്ഡങ്ങള്‍ അനുസരിച്ച് മെത്തഡോളജി, തിയറി, മെറ്റീരിയല്‍സ് എന്നിവ പ്രത്യേകമായി എടുത്തുപറയണം. പക്ഷേ അവിടത്തെ പി.വി.സി തന്നെയായിരുന്നു ഈ പ്രബന്ധത്തിന്റെ സൂപ്പര്‍വൈസര്‍ എങ്കില്‍ പിന്നെ എന്ത് പറയാനാണ്?

ഇനി പ്രബന്ധത്തിലെ ഒരു വാചകം നോക്കാം. This study also looks at the emergence of the superstar self of Malayalam cinema, into a commodity, after the 1990s, by using the theories of Richard Dyer, M.S.S. Pandian, S.V. Srinivasa, Caroline Osella, Filippo Osella and C.S.Venkiteswaran.
എം.എസ്.എസ് പാണ്ഡ്യന്റെ ഏതുവര്‍ക്കാണ് ഇവര്‍ പരാമര്‍ശിച്ചിരിക്കുന്നത് എന്നറിയാന്‍ റഫറന്‍സില്‍ പോയി നോക്കി. അങ്ങനെയൊന്ന് അവിടെയില്ല. ഇവിടെ പറയുന്ന ഇന്ത്യന്‍ ഫിലിം സ്‌കോളറിന്റെ പേര് എസ്.വി.ശ്രീനിവാസ് എന്നാണ്. ശ്രീനിവാസ അല്ല. അതും ചെക്ക് ചെയ്യാന്‍ റഫറന്‍സില്‍ പോയപ്പോള്‍ ഉള്ള പേരുകള്‍ രസകരം. എസ്.വി.ശ്രീനിവാസിന്റെ വര്‍ക്ക് ഇല്ല. പക്ഷേ, വേറെ രണ്ടുപേരുകള്‍ ഉണ്ട്. എം.എന്‍ ശ്രീനിവാസും ടി.എന്‍.ശ്രീനിവാസനും.
Srinivas, M.N. Social Change in Modern India. U of California P, 1963.
Srinivasan, T.N. “Indian Economic Reforms, Background, Rationale,
Achievements and Future Prospects.” Economic Reforms and Global
Integration, Stanford Publications, 2011
സി.എസ്.വെങ്കിടേശ്വരന്റെ എഴുത്തുകള്‍ പലപ്പോഴും ഇന്ത്യയിലും വിദേശത്തുമുള്ള ഫിലിം സ്‌കോളേഴ്‌സിന്റെ ആശയങ്ങളോ സിദ്ധാന്തങ്ങളോ ഉപയോഗപ്പെടുത്തിയിട്ടുള്ളതാണ്. റിച്ചാര്‍ഡ് ഡയറിന്റെയും മാധവപ്രസാദിന്റെയുമൊക്കെ സ്വാധീനം വളരെ ശക്തമായി ഉണ്ട്. പക്ഷേ, അദ്ദേഹം പ്രൊപ്പോസ് ചെയ്ത ഫിലിം തിയറി എന്താണ് എന്ന് എത്രയാലോചിച്ചിട്ടും പിടികിട്ടുന്നുമില്ല.
The theories of Richard Dyer, C.S. Venkiteswaran and Marx’s commodity fetish will be employed for the analysis. (197)
മറ്റൊരു വാചകം.
Marxist critics like Raymond Williams and Georgy Lukacs have provided well-known critiques of modernism and censured it for its apolitical and uncommitted approach to the social significance of art.
ബ്രിട്ടീഷ് കള്‍ച്ചറല്‍ മാര്‍ക്‌സിസ്റ്റ് ആയ റേയ്മണ്ട് വില്യംസിന്റെ ഏതു വര്‍ക്ക് ആണ് ക്വോട്ട് ചെയ്തതെന്ന് റെഫറന്‍സില്‍ പോയി നോക്കി. അങ്ങനെയൊന്നില്ല.
തീസിസ് എഴുത്തില്‍ സ്വാഭാവികമായും അനുവര്‍ത്തിക്കേണ്ട ചില കാര്യങ്ങളുണ്ട്. ആരുടെയെങ്കിലും എഴുത്ത്, പഠനം നമ്മള്‍ ഉപയോഗിക്കുകയാണെങ്കില്‍ അത് മറ്റുള്ളവര്‍ക്കുകൂടി മനസിലാക്കുന്ന തരത്തില്‍, സര്‍വകലാശാല നിഷ്‌കര്‍ഷിക്കുന്ന അക്കാദമിക് രീതികളനുസരിച്ച് cite ചെയ്യണം. ഒരു ചാപ്റ്ററില്‍ കുറച്ച് വാചകങ്ങള്‍ എടുത്തിട്ടതിനുശേഷം അതിന്റെ റഫറന്‍സ് കൊടുത്തിരിക്കുന്നത് Venkatesh 49 എന്നാണ്. ഈ വെങ്കടേഷ്, സത്യരാജ് വെങ്കടേശനോ സി.എസ്. വെങ്കിടേശ്വരനോ ആകാം. പക്ഷേ സത്യാരാജ് വെങ്കിടേശനും രാജേഷ് ജെയിംസും ചേര്‍ന്ന പേപ്പര്‍ ആണെങ്കില്‍ രണ്ടുപേരുടെയും പേരുകള്‍ വരണം. വെങ്കിടേശ്വരന്‍ ആണെങ്കില്‍ വെങ്കിടേഷ് എന്നത് തെറ്റാണ്. അതില്‍ തന്നെ വര്‍ഷം കൊടുത്തിട്ടുമില്ല.
പേജ് 226-ല്‍ ഗോപിനാഥ് എന്നു മാത്രം ബ്രാക്കറ്റില്‍ കൊടുത്തിട്ടുണ്ട്. അത് ആരാണെന്നുനോക്കാന്‍ റഫറന്‍സില്‍ പോയാല്‍ സോണി ജലരാജന്‍ രാജും സ്വപ്ന ഗോപിനാഥും ചേര്‍ന്നെഴുതിയ ആര്‍ട്ടിക്കില്‍ ആണെന്നു മനസിലാകും. അങ്ങനെയാണെങ്കില്‍ അതും തെറ്റായ രീതിയിലാണ് സൈറ്റ് ചെയ്തിരിക്കുന്നത്. ഈ പ്രബന്ധത്തിലെ പല പരാമര്‍ശങ്ങളും വാദങ്ങളും ഒരു സി.പി.എം സ്റ്റൈല്‍ പ്രസംഗത്തിലുള്ളതാണ്. വാദങ്ങളെ പിന്തുണയ്ക്കാന്‍ ആവശ്യമായ അക്കാമദിക് മെറ്റീരിയലുകള്‍ പലയിടത്തും ഇല്ല.
പ്രബന്ധത്തിലൊരിടത്ത് പിണറായി ഗവണ്‍മെന്റ് എന്ന് പ്രയോഗം വായിച്ച് അമ്പരന്നു. ഒന്നുകില്‍ the government lead by Communist leader Pinarayi Vijayan എന്നെഴുതാം. അല്ലെങ്കില്‍ പിണറായി ഗവണ്‍മെന്റ് എന്നത് ഞങ്ങള്‍ സി.പി.എമ്മുകാര്‍ സാധാരണയായി പ്രസംഗത്തില്‍ ഉപയോഗിക്കുന്ന പ്രയോഗം ആണെന്ന് വിശദീകരിക്കാം. നിങ്ങള്‍ കേള്‍ക്കുന്ന ഒരു എസ്.എഫ്.ഐ പ്രസംഗത്തിന്റെ (ജിമിക്കി കമ്മല്‍ മോഡല്‍) നിലവാരം കുറഞ്ഞ ഇംഗ്ലീഷ് പരിഭാഷ വായിക്കുന്ന ഫീല്‍ ആണ് ഈ തീസിസ് വായിക്കുമ്പോള്‍ തോന്നുക.
മറ്റൊന്ന്,
The 1990s saw a change in the Kerala model of governance and stateship
established by the first government of the Kerala state. The 1957 Kerala
government had come into power as a result of consistent struggles against an
unjust casteist society. The many struggles of the subaltern multitude made the
foundational base of the first EMS government. (230).
ഈ തീസിസ് കേരളത്തിന് പുറത്തോ വിദേശത്തോ ഉള്ള ഒരാള്‍ ഡൗണ്‍ലോഡ് ചെയ്ത് വായിക്കുകയാണെന്നിരിക്കട്ടെ. അവര്‍ സ്വാഭാവികമായും ചിന്തിക്കുക Whats this thing called EMS എന്നാണ്. അതൊരു പാര്‍ട്ടിയാണോ, ഒരാളുടെ പേരാണോ, അതോ ഇലക്ട്രോണിക് മീഡിയ സിസ്റ്റം ആണോ എന്നൊക്കെ ആലോചിച്ച് അന്തം വിടും.
വേറൊരു വാചകം.
This dissertation studied the ideological structuring of ten select movies from the timeline that starts from the 1990s and extends to the first two decades
of the twenty first century. This study of the top-grossing and influential Malayalam films of the 1990-2015 period has revealed that these films are as much a product of
globalization as they are producers of a globalized culture and society.
2015 നുശേഷം പിണറായി ഗവണ്‍മെന്റ് വന്നതോടെ മലയാള സിനിമയില്‍ ജാതിയുടെ പ്രശ്‌നങ്ങള്‍ ചിത്രീകരിക്കുന്നത് കൂടുതലായി വരുന്നുണ്ട് എന്നൊരു രസകരമായ വാചകവുമുണ്ട്.
ഈ തീസിസിന്റെ പ്രധാനമായിട്ടുള്ള പ്രശ്‌നം അതിലെ വാദങ്ങള്‍ പരസ്പരവിരുദ്ധമാണ് എന്നാണ്. ഒരിടത്ത് ന്യൂ ജനറേഷന്‍ സിനിമകള്‍ പുരോഗമനപരമാണ് എന്ന് പറയുന്നു. അതേസമയം തന്നെ, അത് ഗ്ലോബലൈസേഷന്റെ യുക്തിയാണ് എന്നു പറയുന്നു.
മറ്റൊന്ന് മലയാള സിനിമയെക്കുറിച്ചുള്ള ഒരു ഗവേഷണ പ്രബന്ധത്തില്‍, നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട ചില കൃതികളും പേരുകളും ഇവിടെ പരാമര്‍ശിച്ചിട്ടുപോലുമില്ല എന്നതാണ്. ഇതില്‍ പറയുന്ന ഫ്യൂഡല്‍ സിനിമകളെക്കുറിച്ചുള്ള വിശകലനവുമായി ബന്ധപ്പെട്ട് ജെനി റൊവീനയുടെ തെമ്മാടികളും തമ്പുരാക്കന്‍മാരും എന്നൊരു പുസ്തകമുണ്ട്. ആണത്തത്തെ കുറിച്ചും താരപദവിയെക്കുറിച്ചുമുള്ള ഒരു പഠനത്തില്‍ രതീഷ് രാധാകൃഷ്ണന്റെ തീസിസ് പരാമര്‍ശിക്കാതെ പോകാനേ ആവില്ല. പോസ്റ്റ് ലിബറലൈസേഷന്‍ മലയാള സിനിമ ആണ് തീസിസിന്റെ ടൈറ്റില്‍ എങ്കിലും റിറ്റി ലൂക്കോസിന്റെ ലിബറലൈസേഷന്‍സ് ചില്‍ഡ്രന്‍ എന്ന കേരളത്തില്‍ നടത്തിയ പുസ്തകം റഫറന്‍സില്‍ പോലും ചേര്‍ത്തിട്ടില്ല.
തിസിസിലെ ഒരു ചാപ്റ്ററില്‍ പറയുന്നത് ഇവിടെ ഉസ്താദ് ഹോട്ടല്‍ എന്ന സിനിമ വിശകലനം ചെയ്യുന്നുണ്ട് എന്നാണെങ്കിലും അവസാനം റഫറന്‍സില്‍ ചേര്‍ത്ത ഫിലിമോഗ്രാഫിയില്‍ ഈ ചിത്രം ഇല്ല.
ഇത്രയും അഭിപ്രായമൊന്നും പറയേണ്ടതില്ലെന്നറിയാം. പക്ഷേ, അഞ്ചും എട്ടും പത്തും വര്‍ഷങ്ങളൊക്കെ ഏതെങ്കിലും ഒരു വിഷയത്തിന്റെ പഠനത്തില്‍ മാത്രം മുഴുകി, കാര്യമായ പ്രതിഫലമോ വരുമാനമോ ഒന്നുമില്ലാതെ, ഇത്രയും കാലത്തെ മാനസികസമ്മര്‍ദങ്ങള്‍ അനുഭവിച്ച്, ജീവിതത്തിന്റെ പ്രധാനപ്പെട്ട കാലയളവ് ഗവേഷണത്തിനായി നീക്കിവെച്ചിട്ട് അവസാനം തൊഴില്‍ രഹിതരായി ജീവിക്കേണ്ടി വരുന്ന ആയിരക്കണക്കിന് ചെറുപ്പക്കാരുടെ പ്രയത്‌നങ്ങളെ ഓര്‍ക്കുമ്പോള്‍ ഇതൊക്ക പറയണമെന്ന് തോന്നുന്നു. കേരള സര്‍വകലാശാല പോലെ, കേരളത്തിലെ ഏറ്റവും പഴയ യൂണിവേഴ്‌സിറ്റിയില്‍, വളരെ പ്രഗത്ഭരെന്ന് കരുതുന്ന ആളുകള്‍ ഇരിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് എന്ന ഡിപാര്‍ട്ട്‌മെന്റില്‍ നിന്ന് ഇത്തരം ചവറുകള്‍ വരുന്നുവെന്നത് അവര്‍ക്ക് പ്രശ്‌നമാവില്ലെങ്കിലും നമ്മുടെ വിദ്യാഭ്യാസമേഖലയെ കുറിച്ച് ഉണ്ടാക്കുന്ന ധാരണ എന്തായിരിക്കുമെന്ന് ആലോചിക്കുന്നവര്‍ക്ക് ചിലപ്പോള്‍ വിഷമം തോന്നാം. എല്ലാറ്റിനുമപ്പുറത്ത് ഇത് സാധാരണക്കാരോട് കാണിക്കുന്ന ഒരു അറഗന്‍സ് ഉണ്ട്.l

# Vazhakkula- Article by J.S. Adoor

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക