ഗവേഷണങ്ങളിലൂടെ അവിതർക്കിതമായ സത്യങ്ങൾ കണ്ടെത്തുകയാണ് ഗവേഷകർ ചെയ്യുന്നത്. അവരുടെ ഗവേഷണപ്രബന്ധങ്ങളിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾക്ക് നമ്മൾ അപ്രമാദിത്യം കൽപ്പിക്കുന്നു. അത്തരം പഠനക്കുറിപ്പുകളിൽ അബദ്ധങ്ങൾ ഉണ്ടാകും എന്ന് നമ്മൾ പ്രതീക്ഷിക്കുന്നില്ല.
ഇയ്യിടെ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം സമർപ്പിച്ച ഗവേഷണപ്രബന്ധത്തിലെ പ്രമാദമായ ഒരു തെറ്റിനെക്കുറിച്ചുള്ള ചർച്ചകളാണ്. അവർക്ക് ആ ഗവേഷണം സമർപ്പിച്ചതിലൂടെ ഡോക്ടറേറ്റ് എന്ന ബിരുദം സർവകലാശാല നൽകുകയുണ്ടായി. എന്നാൽ ഈ ഡോക്ടറേറ്റ് പദവി പിൻവലിക്കണമെന്നും, അവർക്ക് ഗവേഷണത്തിന് ഗൈഡ് ആയിരുന്ന മുൻ പ്രോ വൈസ് ചാൻസിലർ ഡോ. അജയകുമാറിന്റെ ഗൈഡ്ഷിപ്പ് സസ്പെൻസ് ചെയ്യണമെന്നുമുള്ള ആവശ്യങ്ങളുമായി ഒരു വിഭാഗം മുന്നോട്ട് വന്നിരിക്കുന്നതുമായ ഒരു സ്ഥിതിവിശേഷമാണ് സംജാതമായിരിക്കുന്നത് .
മലയാളത്തിലെ പ്രശസ്ത കവികളിൽ ഒരാളായ ചങ്ങമ്പുഴയുടെ "വാഴക്കുല" എന്ന കവിത വൈലോപ്പിള്ളി ശ്രീധരമേനോൻ എഴുതിയതാണെന്നു ഡോക്ടറേറ്റ് ലഭിക്കാൻ വേണ്ടി തയ്യാറാക്കിയ ഒരു പ്രബന്ധത്തിൽ എഴുതി ചേർത്തു എന്നത് അവിശ്വസനീയംതന്നെ. . പഴയ സിനിമ ലേഖനത്തിറെ കോപ്പി. ബോധി കോമൺസ് എന്ന പോർട്ടലിൽ 2010ൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് വാഴക്കുല വൈലോപ്പിള്ളിയുടേതാക്കിയത്. വസ്തുത പിഴവും അക്ഷരതെറ്റും അതേപടി പകർത്തിയാണ് ചിന്ത പ്രബന്ധം തയ്യാറാക്കിയത് എന്ന് ചിലർ കണ്ടെത്തി സർവ്വകലാശാലയെ അറിയിച്ചതായി വാർത്ത മാധ്യമങ്ങൾ പറയുന്നു. അവർ അങ്ങനെ ഉത്തരവാദിത്തമില്ലാതെ പ്രവർത്തിച്ചെങ്കിലും എങ്ങനെ പേരെടുത്ത സർവകലാശാല അത്തരം തെറ്റുകൾ കാണാതെ അവർക്ക് ഡോക്ടറേറ്റ് നൽകി എന്നുള്ളത് ചിന്തനീയം തന്നെ.
ജന്മി-കുടിയാൻ വ്യവസ്ഥിതികളിലെ നെറികേടുകൾ തൊലിപൊളിച്ച് കാണിച്ച വാഴക്കുല എന്ന കവിതയുടെ പ്രാധാന്യം തലമുറകൾ മാറിയിട്ടും ഇന്നും മങ്ങാതെതന്നെ നിലനിൽക്കുന്ന ഒന്നാണ്. സവർണ്ണരെ മാത്രം മനുഷ്യരാക്കി കണക്കാക്കി മറ്റുള്ളവരെ അടിമകളാക്കി വച്ചിരുന്ന സാമൂഹികവ്യവസ്ഥയുടെ ഒരു നേർ ഛായാ ചിത്രമാണ് ഈ കവിത എന്ന കേട്ടറിവെങ്കിലും ഇല്ലാത്ത ഒരു മലയാളിയും ഉണ്ടാകില്ല എന്നുതന്നെവേണം പറയാൻ. അത്തരത്തിൽ പ്രസക്തമായ ഒരു കവിതയെക്കുറിച്ച് നടത്തിയ പരാമർശത്തിൽ വന്നു എന്ന് പറയുന്ന തെറ്റ് സമ്പൂർണ്ണ സാക്ഷരകേരളത്തിന്റെ വിദ്യാഭ്യാസ വ്യവസ്ഥിതിക്കുതന്നെ നാണക്കേടാണെന്ന് പറയാം.
വാഴക്കുല എന്ന കാവ്യത്തിലെ താഴെ പറയുന്ന വരികൾ ഒരിക്കലെങ്കിലും ഒരു മലയാളി കേൾക്കാതിരിക്കില്ല. .
” കരയാതെ മക്കളെ..കല്‍പ്പിച്ചു..തമ്പിരാ
ഒരു വാഴ വേറെ …ഞാന്‍ കൊണ്ടു പോട്ടെ !”
മലയന്‍ നടക്കുന്നു — നടക്കുന്നു മാടത്തി-
ലലയും മുറയും നിലവിളിയും !
അവശന്മാ,രാര്‍ത്തന്മാ,രാലംബഹീ
രവരുടെ സങ്കടമാരറിയാന്‍?
പണമുള്ളോര്‍ നിര്‍മിച്ച നീതിക്കിതിലൊന്നും
പറയുവാനില്ലേ?-ഞാന്‍ പിന്‍വലിച്ചു !…
തമ്പുരാന്റെ ആജ്ഞ അനുസരിച്ച് വെട്ടിയ കുലയുമായി മലയപുലയൻ നടന്നു നീങ്ങുമ്പോൾ പാവപ്പെട്ട അവന്റെ കുട്ടികൾ കുടിലിൽ കിടന്നു അലമുറ കൂട്ടുന്ന രംഗം കവി എത്രയോ ഹൃദയസ്പർശിയായി ആവിഷ്കരിച്ചിരിക്കുന്നു.
പണമുള്ളോർ നിർമിച്ച നീതിക്കിതിലൊന്നും പറയുവാനില്ലേ എന്ന് കവി ചോദിക്കുന്നപോലെ നമുക്ക് സർവകലാശാലയോട് ചോദിക്കേണ്ടിയിരിക്കുന്നു. “ഈ പ്രബന്ധം പരിശോധിക്കാൻ നിയുക്തനായ വ്യക്തി മതിയായ അറിവുള്ള വ്യക്തിതന്നെയായിരുന്നോ അല്ലെങ്കിൽ അദ്ദേഹം ഇതിനെയൊക്കെ വളരെ നിസ്സാരമായി കണ്ടതാണോ?” അതോ ഇത് മാനുഷികമായ തെറ്റോ? അതോ അശ്രദ്ധയോ?
ചങ്ങമ്പുഴയുടെ ഈ കൃതി രചിച്ചിട്ട് ഇപ്പോൾ 85 വർഷങ്ങൾ പിന്നിട്ടു. അന്നത്തെ സമൂഹത്തിൽ ആ കവിതക്ക് വലിയ സ്വാധീനവും ചലനവും സൃഷ്ടിക്കാൻ കഴിഞ്ഞു. പ്രതികരിക്കാൻ കഴിയാതെ പാവം മലയപുലയൻ തന്റെ മക്കൾക്കായി നട്ടു വളർത്തിയ വാഴക്കുല സ്വന്തം ചുമലിൽ വച്ച് ജന്മിയുടെ ഗൃഹത്തിലേക്ക് കണ്ണീരോടെ നടന്നുപോകുന്ന ചിത്രം നിസ്സഹായതയുടെ ദയനീയ ചിത്രമാണ്. വളരെ മനോഹരമായ ഈ കവിത ഇന്നത്തെ തലമുറക്കാരുടെ ചുണ്ടിലും തത്തികളിക്കുന്നു എന്നു പറയാം. കാരണം കവി വളരെ ധീരതയോടെ കുറിച്ചിട്ട ഈ വരികൾ അന്നത്തെ ജന്മിത്തത്തിന്റെ അടിത്തറ ഇളക്കാൻ പര്യാപ്തമായിരുന്നു. "ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരെ നിങ്ങൾ തൻ പിന്മുറക്കാർ "പാവപ്പെട്ടവന്റെ അധ്വാനത്തെ ചൂഷണം ചെയ്യുന്ന ജന്മിത്ത മനോഭാവങ്ങൾക്ക് മുന്നിൽ മുഷ്ടിചുരുട്ടി നിന്നു ഈ കവിത. ഇത്രയും പ്രശസ്തമായ കവിതയുടെ രചയിതാവ് ആരെന്നു അറിയാത്ത ഒരാൾക്ക് ഡോക്ടറേറ്റ് നൽകുന്നതിലൂടെ സർവകലാശാലയും വിദ്യാർത്ഥിയും പരിഹാസ പാത്രങ്ങളാകുകയാണ് ചെയ്തത്.
വാർത്താ മാധ്യമങ്ങളിലൂടെ ഈ വിഷയത്തെകുറിച്ചുള്ള ചർച്ചകളിൽ ശ്രദ്ധേയമായ ഒന്ന് ഈ വിഷയത്തിലും ജാതിയെ വലിച്ചിഴക്കാൻ ശ്രമിക്കുന്നു എന്നതാണ്. വാഴക്കുല എന്ന കവിതയെക്കുറിച്ച് പരാമര്ശിക്കുന്നതിൽ വരുത്തിയ തെറ്റ് അല്ലെങ്കിൽ പ്രബന്ധം കോപ്പി അടിച്ചു എന്ന പ്രശ്നത്തിന് മതിയായ പ്രതിവിധി കണ്ടെത്തേണ്ടത് കരയോഗക്കാരാണെന്നും, കാരണം ചങ്ങമ്പുഴയും, വൈലോപ്പിള്ളിയും രണ്ടുപേരും നായന്മാരാണെന്നതാണ് (ഒന്ന് പിള്ള മറ്റേത് മേനോൻ) എന്നതാണ് ന്യായീകരണം. കേരളത്തിന്റെ നവീകരണം എവിടെ എത്തിനിൽക്കുന്നു എന്നതാണ് ചിന്തിക്കേണ്ടത്. നവോത്ഥാനത്തിന്റെ പേരിൽ ഒരുകാലത്ത് തോളിൽ കയ്യിട്ട് മുന്നോട്ടു നടക്കാൻ തുടങ്ങിയ സമൂഹം ഇന്ന് നവോത്ഥാനത്തിന്റെ പേരിൽ അവർ ഒന്നിച്ച് നടന്നുവന്നതിനേക്കാളും പുറകോട്ട് തിരിച്ചു പോകുന്നുവോ എന്നുവേണം സംശയിക്കാൻ
തനിക്ക് ഡോക്ടറേറ്റ് ലഭിക്കാൻ വേണ്ടിയുള്ള പ്രബന്ധത്തിൽ വാഴക്കുല വൈലോപ്പിള്ളിയുടെ എന്ന് വിശ്വസിക്കുകയും എഴുതുകയും ചെയ്യുന്ന ഒരു ബിരുദധാരിക്ക് രണ്ടു കവികളെക്കുറിച്ചും ജ്ഞാനം കുറവാണെന്നു മനസ്സിലാക്കാം. വാഴക്കുല എന്ന കവിത വായനക്കാരിൽ വിപ്ലവോർജ്ജം പകരുമ്പോൾ വൈലോപ്പിള്ളിയുടെ "മാമ്പഴം" എന്ന കവിത ഹൃദയസ്പര്ശിയാണ്. അമ്മയും മകനും തമ്മിലുള്ള തെളിഞ്ഞ സ്നേഹബന്ധത്തിന്റെ ഒരു ചിത്രം അത് നൽകുന്നു. മകന്റെ അകലവിയോഗത്തിൽ വിലപിക്കുന്ന മാതൃഹൃദയത്തിന്റെ സ്പന്ദനങ്ങൾ ഓരോ വരികളിലുമുണ്ട്. 84 വർഷങ്ങൾക്കുമുമ്പ് ആ കവിത അച്ചടിച്ചുവന്നപ്പോൾ കേരളം മുഴുവൻ തേങ്ങി. ഓരോ അമ്മമാരും അതിലെ വരികൾ വായിച്ച് വിതുമ്പി കരഞ്ഞു. അത്രയും പ്രശസ്തമായ കവിത എഴുതിയ കവിയെ തിരിച്ചറിയാത്ത ഒരാൾക്ക് ഡോക്ടറേറ്റ് നൽകുന്ന ഒരു സർവ്വകലാശാലയുടെ ഇനിയുള്ള തീരുമാനങ്ങൾ തീർച്ചയായും ജനങ്ങളെ സംശയകുലരാക്കും.
കേരളം സാക്ഷരതയിൽ മുന്നിട്ട് നിൽക്കുന്ന എന്നഭിമാനിക്കുമ്പോൾ ഇത്തരം അബദ്ധങ്ങൾ ആ മികവിനു മങ്ങലേൽപ്പിക്കുന്നു. വിദ്യാഭാസമേഖല ഉന്നത നിലവാരം പുലർത്തുന്നില്ലെങ്കിൽ പുരോഗതി മന്ദഗതിയിലാകും. ഇങ്ങനെ ഓരോ സംഭവവികാസങ്ങൾ ഉണ്ടാകുമ്പോൾ അതിനെ ഗൗരവതരമായി സമീപിക്കേണ്ടത് ഉത്തരവാദിത്തമുള്ളവരുടെ ചുമതലയാണ്. രാഷ്ട്രീയ സ്വാധീനവും, വ്യക്തിബന്ധങ്ങളും ഇടപെട്ട് പലരെയും രക്ഷിക്കാൻ ശ്രമിക്കുമ്പോൾ അധഃപതനത്തിലേക്ക് വഴുതിവീഴുന്നത് നമ്മുടെ സാംസ്കാരിക നിലവാരമാണ്.
ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ