Image

ചിത : (കവിത : സന്ധ്യ എം)

സന്ധ്യ എം Published on 01 February, 2023
ചിത : (കവിത : സന്ധ്യ എം)
 
പാവമത്രേ ശനി പാവമത്രേ
കുടിച്ചാലും വീണാലും 
കുത്തിമ്മറിഞ്ഞങ്ങ് കുപ്പിയുടച്ചാലും
 പാവമത്രേ .. അവൻ ..പാവമത്രേ
 
പത്തിൽ തോറ്റതും 
പെറ്റമ്മ മുന്നിൽ 
പാഴ് വക്ക് ചൊല്ലി മറുത്തതും
പാത്തുനെയും പാറുനെയും
പൗലെടെ പെണ്ണിനെയും
പഞ്ചാരയിട്ടു മയക്കിയതും
മനക്കട്ടിയൊട്ടുമില്ലഞ്ഞത്രേ 
 
പത്രോസ് ചേട്ടന്റെ പുകപ്പുരയിൽ 
നിന്ന് റബ്ബർ ഷീറ്റ് പത്തങ്ങ് കട്ടതും
ഗതികെട്ടത്രേ .. ശനി 
ഗതികെട്ടത്രേ ..
 
കുട്ടേട്ടൻ നട്ടൊരു തെങ്ങിൻ
മുകളിലെ കള്ളും കുടവും ..
നാരായണി നട്ടൊരു
വാഴക്കുലച്ചതും
കാണാതെ പോയത് നാട്ടിൽ
 പാട്ടായതവനറിഞ്ഞിട്ടുതന്നെന്ന് ..
 
അധികാരികൾക്കതിൽ കാര്യമില്ലത്രേ ..
ശനി പാവമാത്രേ ..പഞ്ചപാവമത്രേ..
 
അക്ഷരം കഷ്ട്ടത്തിൽ പഠിച്ചൊരുവൻ
പേനയാൽ അധ്വാനിക്കുന്നോൻ
മാന്യതയിൽ മര്യാദയോടെ
 മുഖമൊതുക്കുന്നവൻ ശുക്രൻ
 
അവൻ ശക്തനത്രേ .. അതിശക്തനത്രേ... 
 
ലോണെടുത്തവൻ നാലു മുറിയുള്ള
വീട് കെട്ടിപ്പൊക്കിയതും ..
അടുക്കളയൊന്നുപ്പുതുമോടിയിൽ
 ഒരുക്കിയതും....
 
ആർഭാടമത്രേ ... ആർഭാടം ...
 
കാത്തൂനെ പ്രണയിച്ചക്കുറ്റത്തിന്
 നാടുനീളെയൊൻ തെറിപ്പാട്ട് കേട്ട്
മോശപ്പെട്ടൊരു കൊഞ്ഞണനായി
കാരണവരുടെ കാൽ തൊട്ട് വണങ്ങി
കെട്ടിയവളുടെ കഴുത്തിൽ താലി ..
 
കുറ്റമത്രേ... അത് കൊടും കുറ്റമത്രേ ...
 
ശുക്രൻ ശുദ്ധമായി ചിന്തിക്കുന്നുപോൽ
ചിതയിൽ ചിന്തകളൊടുങ്ങുവരേ 
ചിന്തിക്കുന്ന പോൽ ...
 
അവൻ ദുഷ്ട്ടനത്രേ ... പെരും ദുഷ്ട്ടനത്രേ...
 
അന്ത്യത്തിൽ അഗ്നികൈയിലുറങ്ങും നേരം
 
ശനി തലയിൽ കറുപ്പത്രേ പുതയ്ക്കുന്നു ...
ശുക്രനോ വെള്ളപുതയ്ക്കുന്നു ..
 
നേരും നെറിയും എന്താണ് ?
 
കണ്ണിൽ കണ്ടത് തെറ്റോ
കാതിൽ കേട്ടത് കളവോ
കഥയെല്ലാം നിറം മാറുന്നതെന്തെ ?
ഇങ്ങനെ കഥയെല്ലാം മാറുന്നതെന്തെ?
 
സന്ധ്യ എം
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക