Image

ചിത്രത്തൂണുകൾ ചിരിക്കുമ്പോൾ (കഥ- മനോഹർ തോമസ്)

Published on 02 February, 2023
ചിത്രത്തൂണുകൾ ചിരിക്കുമ്പോൾ (കഥ- മനോഹർ തോമസ്)

 കേണലിൻറെ കൈയിൽ നിന്ന് ആ വീട് വാങ്ങുമ്പോൾ അകെ ഉള്ള ഒരു സമാധാനം,  തന്നെ ഇവിടെ ആരും തിരിച്ചറിയില്ല എന്നതായിരുന്നു .നോർത്ത് കരോളിനയിൽ ആൾതാമസം വളരെ കുറഞ്ഞ “ ടോപ് സോയിൽ”
ദ്വീപ് .ദർശനം പുഴയിലേക്കായി അയാൾതന്നെ പണിത എല്ലാ  
സൗകര്യങ്ങളും ഉള്ള വീട് .  പുറകിലായി കണ്ണെത്താദൂരം നീണ്ടുകിടക്കുന്ന  ചോളവയലുകൾ ,അതിനിടയിലൂടെ വളഞ്ഞും പുളഞ്ഞും പോകുന്ന താറിട്ട റോഡ് അവസാനിക്കുന്നത് അകലെ ഗ്രാമത്തിലാണ് .വിളിപ്പാടകലെ പുഴക്ക് കുറുകെ ഒരു പാലം . പാലം കടന്നു ചെല്ലുന്നത് മിലിട്ടറി കണ്ടോൺമെൻറ്
കെട്ടിടങ്ങളിലേക്ക് ആണ് . പട്ടാളക്കാരുടെ ട്രക്കുകൾ തുരുതുരെ പോകുന്നതുകാണാം .

            കോൺക്രീറ്റ് വനാന്തരമായ ന്യൂയോർക്കിൽ നിന്ന് പോരുമ്പോൾ ഭാര്യയെ ഓർമിപ്പിച്ചു . “ നമുക്കിനി ഒരു തിരിച്ചുപോക്കില്ല .ഇനി എല്ലാം അവിടെ തീരും .”
ചിന്നു  എന്നും അങ്ങിനെയാണ് .മറുത്തൊന്നും  പറയില്ല . നിവൃത്തിയുണ്ടെങ്കിൽ ഒന്നും പറയില്ല . ട്രക്കിൽ കെട്ടിപ്പെറുക്കി കൊണ്ടുവന്ന സാധന ങ്ങൾ അടുക്കിവെക്കാൻ ഒരു മാസം തന്നെ എടുത്തു .അങ്ങിനെ പറിച്ചു നട്ടപോലെ ജീവിതം തുടങ്ങി .

               ഓർത്തുവെക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു .വെറുതെ ഇരിക്കുമ്പോഴും , മറക്കാൻ ശ്രമിക്കുമ്പോഴും കടന്നൽക്കൂടിന് ഏറു കൊണ്ടമാതിരി അതെല്ലാം തിക്കി തിരക്കി വന്ന് അലോസപ്പെടുത്തിക്കൊണ്ടിരിക്കും . അന്നത്തെ കാലം ,കോളേജിൽ നിന്ന് മാസ്റ്റേഴ്സ് കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ വളരെ പണിപ്പെട്ടിട്ടാണ് പെൻസിൽവേനിയ യൂണിവേഴ്സിറ്റിയിൽപി എച്‌ ഡി  ചെയ്യാൻ ചാൻസ് കിട്ടിയത് .
പിറവം വലിയപള്ളിയിലെ കത്തനാരായ അപ്പന് ,വീടും പള്ളിയും വിട്ട് ഒരു ജീവിതമുണ്ടായിരുന്നില്ല . ഒറ്റ പുത്രനായ എൻ്റെ യാത്ര അപ്പന് താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു . യാത്ര അയക്കാൻ എയർപോർട്ടിൽ വന്ന അപ്പൻ കൈയിൽ പിടിച്ചിട്ട് ചോദിച്ച ചോദ്യം നെഞ്ചിൽ വീണാണ് പൊള്ളിയത് ; “ ഇനി നിന്നെ ഞാൻ കാണുമോ മോനെ ? “

        അന്ന് രാജ്യങ്ങൾ തമ്മിലുള്ള ദുരം വളരെ വലുതായിരുന്നു .നാൽപ്പതു വയസ്സിൽ നാട്ടിലെത്തുമ്പോൾ അപ്പൻറെ ആഗ്രഹപ്രകാരം ഒരനാഥ പ്പെണ്ണിന്
ജീവിതം കൊടുക്കാൻ പറഞ്ഞപ്പോൾ ,അനുസരിക്കേണ്ടി വന്നു .അങ്ങിനെയാണ് ചിന്നു എൻ്റെ ജീവിതത്തിലേക്ക് വന്നത് .മകൻറെ വരവോടെ ജീവിതം ആകെ മാറി .അപ്പൻ അവൻറെ തല തൊട്ട് മാമോദിസ മുക്കി .വലിയപള്ളി വികാരിയായ അപ്പൻറെ അതേ നാമധേയം !!

           പോളിൻറെ വരവോടെ ജീവിതത്തിന് നിറഭേദങ്ങൾ ഉണ്ടാവാൻ തുടങ്ങി .
ഒരു പുതുജീവൻ ,ഏതു കുടുംബാന്തരീക്ഷത്തിലും ഐശ്വര്യങ്ങളും ,വരദാനങ്ങളും , സ്രേയസ്സും കൊണ്ടുവരുമെന്ന പഴമൊഴി യാഥാർഥ്യമായി .
നാൽപ്പതു വയസ്സിൽ ആപത്തില്ലാതെ ചിന്നു പ്രസവിച്ചതുതന്നെ അതിൻ്റെ തുടക്കമായിരുന്നു .നല്ലൊരു വീട് ,ബാങ്ക് ബാലൻസ് ,ഒരു പാട് പടവെട്ടിയ എൻ്റെ
പ്രൊഫസർ തസ്തിക .
                   ചെറിയ സംഭവങ്ങളുടെ താളമേളങ്ങളോടെ ജീവിതം നീങ്ങി .
വെരിസാനോ പാലത്തിനു താഴെ ചൂണ്ടയിടാൻ പോകുന്നത് ഞായറഴ്ച രാവിലെകളിലെ പതിവായിരുന്നു .പല രാജ്യക്കാർ ,പല വേഷക്കാർ , അടിക്കടി കാണുമ്പോൾ അവർ കുശലം പറയും . കമ്പി അതിരിനും , നിരത്തി ഇട്ടിരിക്കുന്ന ബെഞ്ചുകൾക്കും ഇടയിലായി എട്ടടി പാതയുണ്ട്  .അതിലൂടെ സൈക്കിൾ സവാരിക്കാർ വേഗം കടന്നുപോകും .എൻ്റെ ശ്രദ്ധമുഴുവൻ
പൊങ്ങിലായിരിക്കും . അതുകൊണ്ട് പുറകിൽ ബെഞ്ചിൽ ഇരിക്കുന്ന ചിന്നുവിനെയും ,പോളിനെയും ശ്രദ്ധിക്കാൻ കഴിയാതെ പോയി .വഴിവാണിഭക്കായനായ ബലൂൺകാരൻ അതിലെ വന്നു .എതിരെ വരുന്ന സൈക്കിളുകാരെ ശ്രദ്ധിക്കാതെ പോൾ ഓടി .സൈക്കിൾ കൊച്ചിനെ ഇടിച്ചില്ല ,
ശക്തമായ ബ്രേക്കിൽ അയാൾ തെറിച്ചു വീണു . കമന്നു വീണ കൊച്ചിൻറെ പുറത്തേക്ക് സൈക്കിൾ മറിഞ്ഞു . പൊക്കിയെടുക്കുമ്പോൾ ചുണ്ട് രണ്ടായി
പിളർന്ന് ,രക്തത്തിൽ കുളിച്ചു . അടുത്ത ആസ്പത്രിയിലേക്ക് ഒരോട്ടമായിരുന്നു .
പ്ലാസ്റ്റിക് സർജറി വേണ്ടിവന്നു .

               അഞ്ചു വയസ്സുള്ള പോളിനെ മുൻസീറ്റിൽ ഇരുത്തി കാറോടിക്കുമ്പോഴാണ് എതിരെ ഒരു ശവവണ്ടി വരുന്നത് .അവൻ ആകാംക്ഷ പൂണ്ടു . “ വയസ്സാകുമ്പോൾ എല്ലാവർക്കും ,അസുഖങ്ങൾ വരും . കുറെ കഴിയുമ്പോൾ അവർ മരിക്കും ,അവരെ സെമിത്തേരിയിൽ കൊണ്ടുപോയി കുഴിച്ചിടും .നിന്നെ കുളിപ്പിക്കുന്നതും ,ഉടുപ്പുമാറ്റുന്നതും ,ചോറ് വാരിത്തരുന്നതും ഞാനല്ലേ . ഞാൻ സുഖമില്ലാതെ കിടന്നാൽ നീയെന്നെ
നോക്കില്ലേ ? “
ഒരു നിമിഷാർദ്ധം , “ It all depends what you leave me in the will . “
അറിയാതെ കണ്ണുകൾ തുളിമ്പിപ്പോയി !!!!!

അങ്ങിനെയായിരുന്നു പോളിന്റെ ബാല്യകാലം .മിതഭാഷി ,പഠിക്കാൻ മിടുക്കൻ .കരാട്ടെ പഠിച്ചു ബ്ലാക്ക് ബെൽറ്റ് വരെ എടുത്തു .എം ബി എ കഴിഞ്ഞു
വോൾ സ്ട്രീറ്റിൽ ജോലിക്ക് ചേരുമ്പോൾ ഇരുപത്തിനാലു വയസ്സ് . അതുവരെ എൻ്റെ
നിഴൽ പോലെ നടന്നിരുന്ന പോൾ സിറ്റിയിലേക്ക് താമസം മാറ്റണമെന്ന് പറഞ്ഞു
ഒന്ന് രണ്ട് പ്രാവശ്യം ഒരു ചൈനക്കാരൻ പയ്യൻ വീട്ടിൽ വന്നിരുന്നു .കൂട്ടുകാരനാണ് എന്ന് പറഞ്ഞു .ഞങൾ അതത്ര കൂട്ടാക്കിയില്ല .

           പുതിയ അപ്പാർട്മെൻറ് മാറുമ്പോൾ ,ചിന്നുവും ഞാനും സാധനങ്ങൾ എല്ലാം കെട്ടിപ്പെറുക്കി കൂടെ പോയിരുന്നു .ലോവർ മാൻഹാട്ടൻറെ പടിഞ്ഞാറേ അറ്റം .ഗെകളും ,ലെസ്ബിയൻസും ,നടമാടുന്ന - ഡ്രഗ്ഗുകൾ പെയ്യുന്ന ഭൂമിക .
അറിയാതെ ചോദിച്ചു ; “ ഇവിടെ ത്തന്നെ വേണോ  താമസം ? “
ചോദ്യം അവനത്ര ഇഷ്ടപ്പെട്ടില്ല .ഒന്നും മറുപടി പറഞ്ഞു കേട്ടില്ല .

        രാത്രികളുറങ്ങാതെ , തെളിവെട്ടത്തിൽ കുളിച്ചു നിൽക്കുന്ന തെരുവുകൾ .
“ പൊത്തുകൾ “ എന്നറിയപ്പെടുന്ന ഡ്രഗ് ജോയന്റുകളുടെ ആസ്ഥാനം .
ചൈനക്കാരൻ പയ്യൻ എപ്പോഴും  കൂടെയുണ്ടായിരുന്നു . പല പ്രാവശ്യം വീട്ടിൽ
കൊണ്ടുവന്നപ്പോൾ  ‘ മേലിൽ ഇവനെ ഇവിടെ കൊണ്ടുവരരുതെന്ന്  ‘
പറയേണ്ടിവന്നു . വേശ്യകളും ,പിമ്പുകളും വെലഞ്ഞു നടക്കുന്ന ,ലോകത്തിൻറെ നാനാ ഭാഗങ്ങളിൽ നിന്നും വന്നടിയുന്ന വൈകൃതങ്ങൾക്ക്
താവളമാകാൻ പറ്റിയ സ്ഥലം . അവിടെയാണ് ഞാനെൻറെ ആത്മാവിൽ സൂക്ഷിച്ചു വളർത്തിയ മകൻ പോയി പെട്ടിരിക്കുന്നത് .

   ഒരിക്കൽ ചിന്നു പറഞ്ഞു , “ അവർ ,ഭാര്യാ ഭർത്താക്കന്മാരെ പോലെ ആണെന്ന്
പോളൊരിക്കലും തിരിച്ചു വരില്ല എന്നും പറഞ്ഞത്രെ .”

     ഒരു ദിവസം ഫോൺ വന്നു , “ 'അമ്മ ഇവിടം വരെ ഒന്ന് വരണം . ഡാഡിയെ കൊണ്ടുവരരുത് . സ്നേഹം കൊണ്ട് അന്ധനായിപ്പോയ
ആ മനസ്സിന് എന്നോട് ക്ഷമിക്കാനാകില്ല . “

     അവൾ തനിയെ പോയി . അവനിഷ്ടമുള്ളതെല്ലാം ഉണ്ടാക്കി കൊണ്ടുപോയിരുന്നു . മകനെപ്പറ്റിയുള്ള ആളുകളുടെ ചോദ്യത്തിനു മുമ്പിൽ
ഞാനറിയാതെ പതറാൻ തുടങ്ങി .പള്ളിയും ,ജോലിയും ,ആൾക്കൂട്ടവും എനിക്കന്യമായി . അങ്ങിനെയാണ് നോർത്ത് കരോളിനക്കുള്ള യാത്ര തീരുമാനിച്ചത് .

          ഗ്ലാസ്സുകൊണ്ട് മറച്ച മുൻവശത്തെ വരാന്ത . ട്യൂലിപ് ചെടികൾ നിരത്തി നട്ടിരിക്കുന്നു . വരാന്തയുടെ ഇരുവശത്തുമായി രണ്ട്  ചിത്രത്തൂണുകൾ .നിറയെ
കൊത്തുപണികൾ ചെയ്ത അവ ഗതകാലത്തിന്റെ അന്തസ്സിനെ ഓർമ്മിപ്പിക്കുന്നു . പുഴയിൽ നിന്ന് തുടരെ അടിക്കുന്ന കാറ്റിൽ ചോളവയലുകൾ  ചാഞ്ചക്കം ആടുന്നു .

         അവിടത്തെ ജീവിതം ശാന്തമായിരുന്നു എന്ന് പറയേണ്ടതില്ലല്ലൊ . ചിന്നുവിന് വേണ്ടി ഒരു പച്ചക്കറി തോട്ടം ഉണ്ടാക്കി .മഞ്ഞു പെയ്യാത്ത കാരണം
എന്ത് നടാനും മടിക്കേണ്ട .ശനിയാഴ്ച്ചകളിൽ ചിലപ്പോൾ ഗ്രാമത്തിലെ ഒരു ബാറിൽ പോയിരുന്ന് “ ബ്ലഡി മേരി “ കഴിക്കും .  ചിലപ്പോൾ ചിന്നുവിനെയും കൊണ്ടുപോകും . അവൾക്ക് “ മാർഗരീറ്റ “ വാങ്ങി കൊടുക്കും . അയലക്കം  ആരും ഇല്ലാതിരുന്ന കാരണം മനുഷ്യസംസർഗം തീരെ കുറഞ്ഞു .

       വർഷങ്ങൾ നിരങ്ങി നീങ്ങിയത് അറിഞ്ഞില്ല .ഒരു ദിവസം പോളിൻറെ ഒരു
ഫോൺ വന്നു .അവന് എങ്ങിനെയാണ് ഫോൺ നമ്പർ കിട്ടിയതെന്ന് അത്ഭുതമായി . ഇതായിരുന്നു ഉള്ളടക്കം “ ഞാൻ സെൻറ് ലൂയിസ് ഹോസ്പിറ്റലിലാണ് .അമ്മ ഇവിടെ വരെ വരണം .വരുകയാണെങ്കിൽ അധികം താമസിക്കരുത് . ഒന്നും കൊണ്ടുവരേണ്ട .”

 അവൾ കൂടെച്ചെല്ലാൻ ആവുന്നത്ര പറഞ്ഞു .ഞാൻ പോയില്ല .മനസ്സുകൊണ്ട് ഞാനാ വാതിൽ ചാരിയിരുന്നു . അവളെ എയർപോർട്ടിൽ കൊണ്ടുപോയി വിട്ടു .    
          എയ്‌ഡ്‌സ്‌ വാർഡ് കണ്ടപ്പോഴെ അവൾക്കു കാര്യം മനസ്സിലായി .അവൾ ഒരുദിവസം കഴിഞ്ഞാണ് വന്നത് . കാറിന്റെ ശബ്ദം അകലെന്നു കേട്ടു. ..റോഡിൻറെ വളവുതിരിഞ്ഞു ഇടവഴിയിലേക്ക് കയറുന്ന കണ്ടു .കണ്ണാടിച്ചില്ലിൽ മഴത്തുള്ളികൾ വീഴുന്നകാരണം ഒന്നും വ്യക്തമല്ല .മഴ
പെയ്യുകയാണോ ? അല്ല ! കണ്ണീർകണങ്ങൾ  എൻ്റെ കണ്ണാടിച്ചില്ലുകളെ
നനച്ചതാണ് !!

# Story by- Manohar Thomas

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക