Image

എഴുത്തുകാർ സർവത്ര,  വായനക്കാരില്ലത്രെ! (വിജയ് സി. എച്ച്)

Published on 02 February, 2023
എഴുത്തുകാർ സർവത്ര,  വായനക്കാരില്ലത്രെ! (വിജയ് സി. എച്ച്)

അമേരിക്കൻ കഥാകൃത്തായിരുന്ന ജോൺ വില്യം ചീവറിൻ്റെ 'വായനക്കാരില്ലെങ്കിൽ എഴുതാനാകില്ല' എന്ന ധൈഷണിക വിചാരം പുനഃപരിശോധിക്കണമെന്നാണ് മലയാളം അക്ഷര ലോകത്തെ യാഥാർത്ഥ്യങ്ങൾ നൽകുന്ന സൂചന. എഴുത്തും വായനയും പരസ്പര പൂരകങ്ങളാണെന്ന കാര്യം, ഇക്കാലങ്ങളിൽ നമുക്കു സാക്ഷ്യം വഹിക്കേണ്ടിവരുന്ന വസ്തുതകളുമായി ശരിയ്ക്കും സ്വാരസ്യത്തിലാണോ?   
അല്ലെന്നാണ് ഈയിടെ സമാപിച്ച ഷാർജാ അന്താരാഷ്ട്ര പുസ്തകോത്സവം മുതൽ കേരളത്തിൽ അങ്ങോളമിങ്ങോളം അരങ്ങേറിക്കൊണ്ടിരിയ്ക്കുന്ന അക്ഷരമേളകളും, ബന്ധപ്പെട്ട നിരവധി പരമാർത്ഥങ്ങളും തുറന്നു കാട്ടുന്നത്. 
 2022-ലെ ലോക വായന ദിനത്തിൻ്റെയന്ന് രണ്ടെഴുത്തുകാർ അന്നു നടക്കുന്ന തങ്ങളുടെ പുതിയ പുസ്തകങ്ങളുടെ പ്രകാശന ചടങ്ങുകളെക്കുറിച്ച് അഭിമാനപൂർവം സംവദിയ്ക്കുന്നൊരു ആക്ഷേപഹാസ്യം ഒരു മുൻനിര മലയാള പത്രത്തിൽ പ്രത്യക്ഷപ്പെട്ടത് പരക്കെ ചർച്ച ചെയ്യപ്പെട്ടിരുന്നു. അതിശയോക്തിയുടെ അംശമുണ്ടാകാമെങ്കിലും സംശയമുണ്ട്, കേരളത്തിൽ വായനക്കാരേക്കാളേറെ എഴുത്തുകാരാണോ? 
പ്രശസ്ത കവിയും, സാഹിത്യ നിരൂപകയും, ചെറുകഥാകൃത്തും, മലയാളം അധ്യാപികയുമായ രാജേശ്വരി പുതുശ്ശേരിയുടെ കണ്ടെത്തലുകളിലൂടെ...

🟥 ഷാർജ ഫെസ്റ്റിലെ നേർക്കാഴ്ച്ചകൾ 
മഹാമാരിയ്ക്കു മുമ്പു നടന്ന ഷാർജ രാജ്യാന്തര മേളയിൽ പുസ്തകങ്ങളുടെ പുതുമണം ആസ്വദിച്ചു നടക്കവെയാണ് എൻ്റെയുമൊരു പുസ്തകം അവിടെ പ്രകാശനം ചെയ്യണമെന്ന മോഹമുദിച്ചത്. ബുക്കുഫെസ്റ്റുകളൊക്കെ ബുദ്ധിജീവികൾക്കുള്ളതല്ലേ എന്നൊരു തോന്നലായിരുന്നു അതുവരെ ഉള്ളിൽ! അങ്ങനെ, കഴിഞ്ഞ നവംബറിൽ, 15 ലക്ഷം പുസ്തകങ്ങളുമായെത്തിയ മിഡിലീസ്റ്റ് മാമാങ്കത്തിൽ, 'വഴിപിരിഞ്ഞവർ’ എന്ന എൻ്റെ കവിതാസമാഹാരവും പ്രകാശിതമായി. പരന്നു കിടക്കുന്ന വിൽപനശാലകളും, കണ്ണഞ്ചിപ്പിയ്ക്കുന്ന സദസ്സുകളും, ഇടയ്ക്ക് ചുടുചായ നുണഞ്ഞുള്ള സൗഹൃദസംഭാഷണങ്ങളുമെല്ലാം 'വാക്ക് പ്രചരിപ്പിക്കുക'യെന്ന അക്ഷരോത്സവ സൂക്തത്തിന് വർണ്ണാഭയേകി. 'ഒരു ചെറു കടലാസു കീറിൽ എഴുതാം ഞാനെൻ്റെ ജീവിതമത്രയു'മെന്ന് ഉൽഘോഷിയ്ക്കുന്ന ഇളംതലമുറക്കാരും, 'എഴുതിത്തെളിഞ്ഞവർക്കെന്തിന് തൂലിക’യെന്ന് തങ്ങളുടെ പ്രകടനങ്ങളിലൂടെ നിരൂപിയ്ക്കുന്ന എഴുത്താശാന്മാരുമായിരുന്നു ഇടനാഴികളുടെ അലങ്കാരം! പ്രായ-ലിംഗഭേദമന്യേ ഉത്സവത്തിനെത്തിയവരിൽ ഏറിയ കൂറും ലഭ്യമായ ഒരാളെക്കൊണ്ട് അടുത്തു കിട്ടിയ മറ്റൊരാൾക്ക് തങ്ങളുടെ പുതിയ കൃതികൾ നൽകി പ്രകാശന കർമ്മം നിർവ്വഹിയ്ക്കുന്നതിൻ്റെ തിരക്കിലാണ്. പുസ്തക ചർച്ചകളേക്കാളേറെ അവിടെ അരങ്ങേറിക്കൊണ്ടിരിയ്ക്കുന്നത് ഫോട്ടോ സെഷനുകളാണെന്നും, ഇതൊരു സാർവദേശീയ സംഭവമല്ല, മറിച്ച് ഒരു മലയാളി മഹാമഹമാണെന്ന ധാരണയും സന്ദർശകർക്കുണ്ടാകുന്നത് സ്വാഭാവികം! മനുഷ്യർക്ക് മാത്രം സാധ്യമാകുന്നൊരു അത്ഭുത സിദ്ധിയാണ് വായനയെന്നതിൽ തർക്കമില്ല, പക്ഷെ കൗതുകം കൊണ്ടെങ്കിലും പുതിയ പുസ്തകങ്ങൾ ഒന്നു തുറന്നു നോക്കുന്നവർ അധികമില്ലെന്നറിഞ്ഞത് നിർഭാഗ്യകരമായി തോന്നി. 'വഴിപിരിഞ്ഞവരു'ടെ വിധിയും മറ്റൊന്നായിരുന്നില്ല. 

🟥 എഴുത്തുകാർ വായനക്കാരോട് കെഞ്ചുമ്പോൾ... 
ലോകത്തെ ഏറ്റവും വലിയ ബുക്ക്ഫെയറുകളിൽ ഒന്നായി അറിയപ്പെടുന്ന ഷാർജ ഫെസ്റ്റിലും പുസ്തകമേളകളിലെ പതിവു പിന്നാമ്പുറങ്ങൾ കാണാൻ കഴിഞ്ഞു. തങ്ങൾക്കു പ്രതിഭയുണ്ടെന്നു വായനക്കാരെ അറിയിക്കേണ്ട ചുമതല സ്വയം ഏറ്റെടുത്തതുകൊണ്ടാകാം നവാഗത എഴുത്തുകാരിൽ പലരും തങ്ങളുടെ പുസ്തകങ്ങൾ വാങ്ങൂ പ്ലീസ്, വാങ്ങൂ പ്ലീസ് എന്ന് അർത്ഥിച്ചു സന്ദർശകരുടെ പിന്നാലെ നടക്കുന്നത്! എഴുത്തുകാരുടെ മുന്നിൽ ചെന്നു പെടാതിരിക്കാൻ ധൃതിയിൽ വഴിമാറി നടക്കുന്ന അവരുടെ സുഹൃത്തുക്കളുടെയും പരിചയക്കാരുടെയും പരിഭ്രമങ്ങൾ. അത്തരം എഴുത്തുകാർ മറ്റു വേദികളിൽ ചെന്ന് തങ്ങളുടെ പുസ്തകങ്ങളെല്ലാം വിറ്റഴിഞ്ഞെന്നു വീമ്പിളക്കുമ്പോൾ, മേളയിൽ പങ്കെടുക്കാൻ എത്തിയവരെ വഴിയിൽ തടഞ്ഞു നിർത്തി നിർബന്ധിപ്പിച്ചു വാങ്ങിപ്പിച്ചിട്ടല്ലേ അതു സംഭവിച്ചതെന്ന് സദസ്യരിൽ ചിലർ ശബ്ദമുയർത്തി പ്രതികരിയ്ക്കുന്ന ദൃശ്യങ്ങൾ. ഒരു ഗ്രന്ഥകർത്താവിന് ഇതിൽപരം ലജ്ജാവഹമായ മറ്റെന്തെങ്കിലുമുണ്ടോ? മനുഷ്യരെ വേട്ടയാടിപ്പിടിച്ചു അവരിൽ അടിച്ചേൽപിക്കേണ്ടതാണോ പുസ്തകങ്ങൾ? മലയാള സിനിമയിലെ ഒരു പേരെടുത്ത അഭിനേതാവ്, തൻ്റെ പുസ്തകം വാങ്ങിയാൽ മാത്രമേ താനുമൊത്ത് ഫോട്ടോയെടുക്കുവാൻ അനുവദിയ്ക്കുകയുള്ളൂവെന്ന് ശഠിക്കുന്നതും, അതു കേട്ടു തന്നെയൊക്കെ വളർത്തിയ മലയാളികളെ വേണം പറയാനെന്നു പിറുപിറുക്കുന്ന ആരാധകരും മൂല്യച്യുതിയല്ലാതെ മറ്റെന്താണ് വിളിച്ചോതുന്നത്? തങ്ങൾക്ക് കഴിവുണ്ടെന്നും അത് ഏതു വിധേനയും കച്ചവടമാക്കണമെന്നുമുള്ള എഴുത്തുകാരുടെയും കലാകാരന്മാരുടെയും അത്യാർത്തിയല്ലേ അവരെ യാചനയിലും വിലകുറഞ്ഞ വിലപേശലിലും കൊണ്ടുചെന്നെത്തിക്കുന്നത്? അത്രയേറെ വായനാശീലം കുറഞ്ഞവരാണോ മലയാളികൾ? നൈപുണ്യമുള്ളവരെ തേടി ഇന്നും വായനക്കാരുടെ നീണ്ട നിരയുണ്ട്. എംടിയും, സി. രാധാകൃഷ്ണനും, സുഗതകുമാരി ടീച്ചറും മുതൽ ബെന്യാമിൻ വരെയുള്ളവർക്ക് എന്തുകൊണ്ട് ഈ ഗതികേട് വന്നുചേർന്നില്ല? അവരുടെ പുസ്തകങ്ങൾ ചോദിച്ചു വാങ്ങുന്ന മലയാളികൾ എന്തുകൊണ്ട് പുത്തനെഴുത്തുകാരെ തിരസ്കരിക്കുന്നു? വായനക്കാരുടെ ആസ്വാദന നിലവാരം ഉയർന്നതാണോ, അതോ നവാഗതരുടെ നിലവാരമില്ലായ്മയാണോ ഈ ദുഃരവസ്ഥയ്ക്കു കാരണം? ഇടവിട്ട നാളുകളിൽ സംസ്ഥാനത്തുടനീളം ലിറ്റററി ഫെസ്റ്റുകളും, മീറ്റുകളും, കാർണിവെല്ലുകളും, വർക്ക്ഷോപ്പുകളും നടത്തുന്നർ ഈ വിഷയവുമൊന്നു ചർച്ചക്കെടുത്താൽ അതിനെയൊരു അക്ഷര നിലപാടെന്നു വിശേഷിപ്പിക്കാമായിരുന്നു! 

🟥 എഴുത്തുകാരുടെ ആരാധ്യത 
വായനയിലുണ്ടായിരുന്നത് പൊതു നന്മയെ ഉദ്ദേശിച്ചുകൊണ്ടുള്ള, തൻ്റെയുൾപ്പെടെയുള്ളവരുടെ  ജീവിതങ്ങളായിരുന്നുവെങ്കിൽ, വായനക്കാരന് എഴുത്തുകാരനോട് ആരാധന തോന്നുക സ്വാഭാവികമാണ്. ഒരു പുസ്തകം പരക്കെ വായിക്കപ്പെടാനുള്ള ഏറ്റവും അടിസ്ഥാനപരമായ കാരണവുമിതാണ്. നോവലും, ചെറുകഥയും, കവിതയും മുതൽ സയൻസ് ഫിക്ഷൻ വരെ ഒരാൾ വായിക്കുന്നത് തൻ്റെ അനുഭവവും, അഭിരുചിയും, വ്യക്തിഗത വൈകാരികതയും അവയിൽ അൽപം ചേർത്തുകൊണ്ടാണ്. ഈ ലോകത്തെ എല്ലാ മനുഷ്യരുടെയും അഭിലാഷങ്ങളും വേവലാതികളും വർഗ-വർണ-ഭാഷ-ദേശമന്യേ ഒന്നാണെങ്കിലും, വായനക്കാരന് ഉൾക്കൊള്ളാൻ പറ്റാത്തതൊന്നും വായിക്കപ്പെടില്ല. സാമൂഹിക യാഥാർത്ഥ്യങ്ങളാണെങ്കിൽ പോലും, അപ്രിയമെങ്കിൽ അർഹിക്കുന്ന ആവേശത്തോടെ അവയും വായിക്കപ്പെടില്ല. തകഴിയുടെ 'ചെമ്മീൻ' അത്യന്തം വായിക്കപ്പെടാനുള്ള കാരണം അമ്പതുകൾ മലയാളികളുടെ മനസ്സിലുണ്ടാക്കിയ അനുരണനങ്ങളാണ്. പൊറ്റെക്കാടിൻ്റെ 'നാടൻ പ്രേമ'വും, ബഷീറിൻ്റെ 'ബാല്യകാലസഖി'യും, സി. രാധാകൃഷ്ണൻ്റെ 'നിഴൽപാടുകളും', മലയാറ്റൂരിൻ്റെ 'വേരുകളും', അന്തർജനത്തിൻ്റെ 'അഗ്നിസാക്ഷിയും', എംടിയുടെ 'നാലുകെട്ടും' ഇന്നും വായിക്കപ്പെടുന്നത് അവയിലെ കഥാപാത്രങ്ങളുമായി എവിടെയൊക്കെയോ വായനക്കാർ തങ്ങൾക്ക് അനുരൂപത കണ്ടെത്തുന്നതുകൊണ്ടാണ്. കഥയോടു തോന്നുന്ന ഇഷ്ടമപ്പാടെ കഥാകൃത്തിനോടുള്ള ആദരവായി പരിണമിക്കുന്നു. അർത്ഥവും ശബ്ദമധുരവും സഹിതമായി ഇരിയ്ക്കുന്നതാണു സാഹിത്യം. തുറന്നെഴുത്തിൻ്റെ നിർവചനത്തിൽ അലങ്കോലവും, അരാജകത്വവും, രതിയും, ആത്മരതിയും വാരിവിതറുന്നതിന് ആധുനികതയുടെയൊ, അത്യന്താധുനികതയുടെയൊ, ഉത്തരാധുനികതയുടെയൊ ആനുകൂല്യം ലഭിക്കുകയില്ല. ഇത്തിരി ഉല്ലാസത്തോടെ വായിച്ചവർ പോലും അടുത്ത നിമിഷത്തിൽ അതിനെ തള്ളിപ്പറയും. ഇത്തരം എഴുത്തുകാർ ആരാധ്യരാവില്ലെന്നു മാത്രമല്ല, ജീർണ്ണതകളുടെ വ്യാപാരികളായി അറിയപ്പെടുകയും ചെയ്യുന്നു. ഈ പൂതലിപ്പിൽപ്പെട്ടു ശ്വാസം മുട്ടുന്നുണ്ടെങ്കിലും നിലവാരമുള്ള കഥാ-കവിതാ സാഹിത്യം ഇടയ്ക്കിടെ അതിൻ്റെ സ്വത്വം തെളിയിക്കുന്നുണ്ടെന്നതാണ് ഒറ്റപ്പെട്ട ശുഭവാർത്ത! 

🟥 പുസ്തകമുള്ളത് ഒരു പദവിയോ? 
മു൯ കാലങ്ങളിൽ പ്രതിഭാധനരായ കുറച്ച് എഴുത്തുകാരും ബാക്കിയുള്ളവരെല്ലാം വായനക്കാരുമായിരുന്നു. അധികം വായിക്കുകയും അൽപം എഴുതുകയും ചെയ്തിരുന്ന ആ എഴുത്തുകാർ സമൂഹത്തിൻ്റെ ആരാധനാ ബിംബങ്ങളായി മാറി. അവരുടെ ആശയങ്ങളെ വായനക്കാർ തങ്ങളുടെ ജീവിതത്തിലേയ്ക്ക് പകർത്തുകയും ചെയ്തു. എന്നാൽ, ജനാധിപത്യം സോഷ്യൽ മീഡിയ ഏറ്റെടുത്ത നാളുകളിൽ കുറേ വായിച്ചു കുറച്ചെഴുതുകയെന്ന സർഗശാസ്ത്രം തലകീഴായി മറിഞ്ഞു. ഇത്തിരി വായിച്ചു ഒത്തിരി എഴുതുകയും, അതു വീണ്ടും ആധുനീകരിക്കപ്പെട്ട്, ഒന്നും വായിക്കാതെ എല്ലാം എഴുതുവാനും കഴിയുമെന്നായി! മാത്രമല്ല, മാർക്ക് സക്കർബർഗിൻ്റെ ഔദാര്യത്തിൽ എഴുത്തുകാരനും, എഡിറ്ററും, പബ്ലിഷറും ഒരൊറ്റ വ്യക്തിയായി മാറി. ഇത് സമഗ്രമായൊരു സ്ഥാനക്കയറ്റം. എന്തെഴുതിയാലും അതു പ്രസിദ്ധീകരിച്ചു കിട്ടുമെന്നത് ഒരു വന്യസ്വപ്നത്തിൻ്റെ സാക്ഷാൽക്കാരമല്ലേ! സ്വാഭാവികമായും ഈ സൗഭാഗ്യം നൽകിയ ആത്മവിശ്വാസവും അത്യന്തം ബൃഹത്തരമായിരുന്നു. എന്തിന് ഓൺലൈൻ, സ്വപ്നങ്ങളെല്ലാം അച്ചടിയിൽ തന്നെ കാണണം. സമൂഹ മാധ്യമങ്ങളുടെ അതിപ്രസരത്തിൽ കണ്ണഞ്ചി നിൽക്കുന്ന മലയാളികൾക്ക് പുസ്തകങ്ങൾ സ്വന്തം പേരിൽ ഇറക്കുകയെന്നത് ഒരു അലങ്കാരമോ പദവിയോ ആയി മാറാൻ പിന്നെ അധിക സമയം വേണ്ടിവന്നില്ല. ആചാര്യന്മാരായ ഗ്രന്ഥകർത്താക്കളുടെ ഗണത്തിൽ കണ്ണടച്ചു തുറക്കുന്ന വേഗതയിൽ അങ്ങനെ പലരുമെത്തി! പുസ്തക പ്രകാശന ദൃശ്യങ്ങൾ പ്രചരിപ്പിച്ചു തുടങ്ങുന്നതോടെ സോഷ്യൽ മീഡിയയിൽ അവരാണ് താരങ്ങൾ. സ്വന്തം പോസ്റ്റുകളും കൂട്ടുകാരെകൊണ്ടു ചെയ്യിപ്പിക്കുന്ന ശുപാർശ പോസ്റ്റുകളും അണപൊട്ടി ഒഴുകുന്നു. അറിയുന്ന വിലാസങ്ങളിലേക്കെല്ലാം സൗജന്യമായി പുസ്തകം അയക്കാനും തുടങ്ങി. വാനോളം പുകഴ്ത്തപ്പെട്ട കൃതി വായിച്ചു നോക്കുമ്പോൾ മാത്രമാണ് അനുവാചകർ തങ്ങൾക്കു പറ്റിയ അബദ്ധം തിരിച്ചറിയുന്നത്. അതോടെ ചില വായനക്കാർക്ക് കുറച്ചു നാളേയ്ക്ക് വായനയോടു തന്നെ വിരക്തി തോന്നിയേക്കാം. തുടർന്ന്, ഒന്നോ രണ്ടോ പുസ്തകങ്ങൾ ഇറക്കിയവർ പലരും എഴുത്തു മേഖലയിൽ നിന്നു തന്നെ അപ്രത്യക്ഷരാകുന്നു. വായിക്കുന്നതിനോടൊപ്പം വളരുന്ന എഴുത്തുകാർക്കേ മികച്ച ഉള്ളടക്കം കാഴ്ചവെക്കാനാകൂ. കാമ്പുള്ള സാഹിത്യ സംവാദങ്ങളും മുതിർന്ന എഴുത്തുകാരുമായുള്ള സാഹിത്യ ചർച്ചകളും വെട്ടിത്തിരുത്തലുകളും ഇല്ലാതാവുമ്പോൾ പുസ്തകങ്ങൾ പൊങ്ങച്ചത്തിൻ്റെ മാത്രം പ്രതീകങ്ങളായി ചുരുങ്ങുന്നു. 
🟥 പ്രസാധകർക്ക് ഇത് കച്ചവടകല 
ഒരു പുസ്തകം വിപണിയിലെത്തുമ്പോൾ ആരെഴുതി എന്നതുപോലെ ആരു പ്രസിദ്ധീകരിച്ചെന്നും വായനക്കാർ ശ്രദ്ധിക്കാറുണ്ട്. ഏറെ വർഷത്തെ പാരമ്പര്യമുള്ളവരും, സ്വന്തമായി പ്രസ്സോ, പ്രദർശന-വിതരണ സൗകര്യങ്ങളോ, ചിലപ്പോൾ ഒരു ഓഫീസു പോലുമില്ലാത്തവരും പുസ്തക സ്വപ്നം സാക്ഷാൽകരിക്കാൻ എഴുത്തുകാരുടെ കൂടെയുണ്ടാകും. പുസ്തക പ്രസാധനത്തിലെ അവിഭാജ്യ ഘടകമാണ് എഡിറ്റിങ്. വിഷയാധിഷ്ഠിതമായി രചനകളെ മിനുക്കിയെടുക്കേണ്ടതും, വിഷയത്തിൻ്റെ അന്തഃസത്ത ചോരാത്ത വിധം എഡിറ്റു ചെയ്യേണ്ടതും പ്രസാധകരുടെ ഉത്തരവാദിത്വങ്ങളാണ്. പക്ഷെ,  പ്രസാധകനാകാൻ ഒരു ഡെസ്ക്ടോപ്പോ അല്ലെങ്കിൽ ഒരു ലേപ്ടോപ്പോ മാത്രം മതിയെന്ന നിലയിലേയ്ക്ക് കാര്യങ്ങൾ ലളിതമായിട്ട് കാലം കുറെയായി. കൂൺ പോലെ മുളച്ചുപൊങ്ങിയ കുഞ്ഞു കുഞ്ഞു പ്രസാധകർ എഴുത്തുകാരെ ഓടിയിട്ടു പിടിയ്ക്കുന്നതിനാൽ പ്രശസ്ത അച്ചടിക്കാർക്കും വ്യവസ്ഥകളിൽ അയവു ചെയ്യേണ്ടി വന്നു. എന്നാൽ, നവാഗത എഴുത്തുകാരുടെ പുസ്തകഭ്രമം മുതലെടുക്കുവാൻ പ്രസാധക കല കൈകാര്യം ചെയ്യുന്ന രണ്ടു വിഭാഗത്തിലുള്ളവർക്കും അറിയാം. ഇളമുറക്കാർ മുക്കിലും മൂലയിലുമിരുന്ന് എഴുത്തുകാരെ ഒളിയമ്പെയ്തു വീഴ്ത്തുന്നത് കണ്ടറിയുന്ന കാരണവന്മാരും ഇപ്പോൾ കച്ചവടം നിലനിർത്തുകയെന്ന ഉദ്ദേശ്യത്തോടെ, പുതിയവരും പത്ഥ്യമെന്ന് തങ്ങളുടെ പ്രവർത്തനങ്ങളിലൂടെ തെളിയിച്ചുകൊണ്ടിരിക്കുന്നു. അച്ചടിച്ചിലവ് മാത്രം നൽകിയാൽ മതിയെന്നതിൽ തുടങ്ങുന്ന മൃദുവാക്കുകൾ ശരിയ്ക്കും അച്ചടിയിൽ അവസാനിക്കുമ്പോഴേയ്ക്കും ഗ്രന്ഥകർത്താവ് ആവുകയെന്ന മോഹം വേണ്ടായിരുന്നെന്നു തോന്നിയ അക്ഷരസ്നേഹികൾ അനവധിയാണ്! 

🟥 കവർ പ്രകാശനമെന്ന കോമാളിത്തം 
കോവിഡിൻ്റെ കൊച്ചനിയനായി പിറവികൊണ്ട ഒരു പ്രതിഭാസമാണ് കവർ പ്രകാശനം. ഒരു പുസ്തകത്തെ അതിൻ്റെ പുറംചട്ട നോക്കി വിലയിരുത്തരുതെന്ന പ്രയോഗം ജോർജ്ജ് ഇലിയറ്റ് രചിച്ച 'ദ മിൽ ഓൺ ദ ഫ്ളോസ്സ്' എന്ന നോവൽ ഏറെ ജനകീയമാക്കിയിരുന്നു. വിക്ടോറിയൻ കാലം കഴിഞ്ഞു കോവിഡ് കാലമെത്തിയപ്പോൾ നാം ഈ രൂപകവാക്യത്തിന് എൻ-95 മുഖംമൂടി കെട്ടി. നമ്മുടെ അക്ഷര ദിനങ്ങൾ ചട്ടച്ചർച്ചകളിൽ ആണ്ടുപോയി. പളപളപ്പൻ ഫോട്ടോഷോപ്പ് സേമ്പിളുകൾ സൃഷ്ടിച്ചെടുത്ത്, ഏത് ഏറ്റവും നല്ല കവർ എന്നതിലൊരു തീരുമാനമെടുക്കാൻ എഴുത്തുകാർ സോഷ്യൽ മീഡിയയിൽ ഒത്തുകൂടി. തുടർന്ന്, "ചട്ടപ്രകാശനത്തിൽ ഞാനും പങ്കുചേരുന്നു" എന്ന് കൂട്ടുകാർ പോസ്റ്റുകളിട്ടു. വിവരമുള്ള കഥാകൃത്ത് പുറംചട്ടകൊണ്ടു തന്നെ തൻ്റെ പ്രണയാക്ഷരങ്ങൾക്ക് വായനക്കാരെ ഉറപ്പുവരുത്തുകയായിരുന്നു. അതെ, അതുതന്നെയാണ് ബുദ്ധി! നിഘണ്ടുകൾ അടിയറവു പറയുന്ന പേരുകൾ പുസ്തകങ്ങൾക്കിടുന്നതാണ് ഇപ്പോഴത്തെ മറ്റൊരു മോടി. എന്നാൽ, ഇത്തരം സചിത്ര കെട്ടുകാഴ്ചകൾ ഇല്ലാത്ത കാലത്തും മനോഹരമായ കാവ്യങ്ങളും, കഥകളും, നോവലുകളും, നിരൂപണങ്ങളും, യാത്രാവിവരണങ്ങളുമെല്ലാം വായനക്കാർ വാങ്ങി വായിച്ചിരുന്നുവെന്നതും, ഇപ്പോഴും അതേ തേജസ്സോടെ അവ വിപണിയിലുണ്ടെന്നുള്ളതും ഓർത്തെടുക്കാൻ ആവരണ ആവേശത്തിനു മാറ്റിവെയ്ക്കുന്ന നേരത്തിൻ്റെ ആയിരത്തിലൊരംശം മാത്രം മതി. ചട്ടകളല്ല, അവയ്ക്കിടയിലുള്ളതാണ് ചിന്തനീയം! 
🟥 എഡിഷനിൽ എത്ര പുസ്തകമെന്നത് പരമരഹസ്യം! 
ഒന്നോ രണ്ടോ മാസത്തിനുള്ളിൽ തങ്ങളുടെ പുസ്തകങ്ങളുടെ രണ്ടാമത്തെയും മൂന്നാമത്തെയും എഡിഷനുകൾ ഇറങ്ങിയെന്ന് ഊറ്റം കൊള്ളുന്ന എഴുത്തുകാരുണ്ട്. ഓരോ എഡിഷനിലും നാലായിരമോ അയ്യായിരമോ കോപ്പികൾ അച്ചടിക്കുന്നുണ്ടെന്ന വിശ്രുതരുടെ കണക്ക് ചിന്തയിലുള്ളവർ, നവാഗത എഴുത്തുകാരെ മമതയോടെ വിലയിരുത്താൻ ഈ അബദ്ധ ധാരണ മാത്രം മതി. പുതിയവരാണെങ്കിൽ അമ്പതു മുതൽ അഞ്ഞൂറു വരെ പ്രതികൾ അച്ചടിക്കുന്നതാണ് ഇന്നിൻ്റെ രീതി. ബാക്കി പ്രിൻ്റ് ഓൺ ഡിമേൻഡ്! പ്രകാശന കർമ്മത്തിനെത്തിയവർ ഓരോ കോപ്പിയെടുത്താൽ തന്നെ ആദ്യമച്ചടിച്ചതിൽ ബാക്കിയെത്ര കാണും! അതിനാലാണ് എഡിഷനിൽ എത്ര പുസ്തകമെന്നത് പരമരഹസ്യമായി സൂക്ഷിക്കുന്നത്. പ്രതികളുടെ എണ്ണത്തിൽ എഴുത്തുകാർ നിലനിർത്തിപ്പോരുന്ന അവ്യക്തത പ്രസാധകരുടെയും ഒരു തുറുപ്പു ചീട്ടാണ്. ശരി, നമുക്ക് വിനോദ് ആലത്തിയൂരിനോടു ചോദിയ്ക്കാം. യുവകലാകാരൻ ഈയിടെ സാഹിത്യ ചക്രവാളത്തിലെ ധ്രുവനക്ഷത്രം. തുല്യവൈഭവം കാവ്യമെഴുത്തിലും, ചിത്രരചനയിലും, പ്രഭാഷണത്തിലുമുണ്ടെന്നതാണ് വിനോദിൻ്റെ നാമവിശേഷണം. "എൻ്റെ പുസ്തകങ്ങൾക്ക് അഞ്ഞൂറു വീതം കോപ്പികളാണ് അച്ചടിച്ചത്. പ്രകാശനങ്ങൾ നിർവഹിച്ചത് മലയാളത്തിലെ മുതിർന്ന എഴുത്തുകാരുമാണ്," വിനോദ് വ്യക്തമാക്കി. അദ്ദേഹത്തിൻ്റെ ആദ്യ കവിതാസമാഹാരം 2014-ലും, രണ്ടാമത്തേത് 2016-ലും പട്ടാമ്പി സംസ്കൃത കോളേജിൽ നടന്ന കവിതയുടെ കാർണിവലിൽ പുറത്തിറക്കി. ആദ്യ കവിതാചിത്ര പ്രദർശനം തുഞ്ചൻ പറമ്പിൽ, ഭാഷാപിതാവിൻ്റെ പേരിലുള്ള ഉത്സവത്തിൽ, 2012-ൽ അരങ്ങേറി. പുതിയ പുസ്തകം നിരവധി പ്രശസ്തർ ഒരുമിച്ചു സാരഥ്യം വഹിച്ച ചടങ്ങിൽ ഈയിടെ പ്രകാശനം ചെയ്യപ്പെട്ടു. ഈ പുസ്തകത്തിൻ്റെ അച്ചടിച്ചർച്ചകളിൽ വിനോദിൻ്റെ പത്നി രമ്യ സഗൗരവം ഇടപെട്ടു. "മുന്നെ ഇറക്കിയ പുസ്തകങ്ങളെക്കൊണ്ട് വീട് നിറഞ്ഞു കവിഞ്ഞിരിയ്ക്കുന്നു. ആദ്യം അവ നീക്കം ചെയ്യാനായി എന്തെങ്കിലും ചെയ്യൂ," രമ്യ ആവശ്യപ്പെട്ടു. അൽപം ഒന്നാലോചിച്ചതിനു ശേഷം, അദ്ധ്യാപികയായ വീട്ടമ്മ കൂട്ടിച്ചേർത്തു: "പുതിയ പുസ്തകത്തിൻ്റെ മൂന്നു കോപ്പികൾ മാത്രം അച്ചടിച്ചാൽ മതി. ഒന്ന് ഗ്രന്ഥകർത്താവിന്, ബാക്കിയുള്ളത് പ്രകാശനച്ചടങ്ങിൽ പുസ്തകം നൽകുന്നയാൾക്കും, സ്വീകരിക്കുന്നയാൾക്കും!" 
🟥 നമുക്ക് വായന തുടങ്ങാം 
വായന മരിച്ചിട്ടില്ല, മെലിഞ്ഞിട്ടേയുള്ളൂ. ഈ ലോകം വൈജ്ഞാനികമായി തുടരാൻ എഴുത്തു കുറച്ചു, നമുക്ക് വായന കൂട്ടാം. വളയാതെ, വിളയാം! ഡിജിറ്റലായാലും അച്ചടിച്ചതായാലും വിജ്ഞാനത്തിന് വൈരൂപ്യമില്ല. ഫൂട്ട്പാത്തിൽ നിന്നായാലും ബുക്ക്സ്റ്റോറിൽ നിന്നായാലും, തിരഞ്ഞെടുക്കേണ്ടത് വിജ്ഞാനമേകുന്ന പുസ്തകങ്ങളാണ്. അവയിൽ ജീവിതങ്ങളുണ്ടാകണം. "വായനക്കാരൻ മരണത്തിനു മുമ്പ് ആയിരക്കണക്കിന് ജീവിതങ്ങൾ ജീവിച്ചു തീർക്കുന്നു. എന്നാൽ, ഒന്നും വായിക്കാത്തവൻ ഒരൊറ്റ ജീവിതം മാത്രം ജീവിയ്ക്കുന്നു," ചിന്തകനായ നോവലിസ്റ്റ് ജോർജ് റേമൻഡ് മാർട്ടിൻ പറഞ്ഞിരുന്നു. 

# Article by Vijai CH

Join WhatsApp News
വിദ്യാധരൻ 2023-02-02 19:06:52
നിലവാരം ഇല്ലാത്ത എഴുത്തിനും എഴുത്തുകാർക്കും കാരണം വായനശീലം ഇല്ലാത്തതുകൊണ്ടാണ് എന്ന പ്രസ്താവനയോട് യോജിക്കുന്നു. ഈ വിഷയത്തെ സാധുകരിക്കാൻ താങ്കൾ അവതരിപ്പിച്ചിരിക്കുന്ന സംഗതികൾ, ഈ വിഷയത്തെ കുറിച്ച് ചിന്തിച്ചിട്ടുള്ളവർക്ക് ഒരു പുത്തരിയല്ല. കേരളത്തിൽ മാത്രമല്ല അമേരിക്കയടക്കം ലോകത്തിൽ എല്ലായിടത്തും വായനാശീലം 'മെലിഞ്ഞു' പോയി എന്നത് വളരെ സത്യമാണ് അമേരിക്കയിൽ വായനക്കാരിലും ഏറെ എഴുത്തുകാരാണെന്ന് സുധീർ പണിക്കവീട്ടിൽ എന്ന എഴുത്തുകാരൻ പലപ്പോഴും ഈ മലയാളിയിൽ എഴുതി കണ്ടിട്ടുണ്ട്. ഈ അവസരത്തിൽ അതോർത്തുപോയി എന്നു മാത്രം. . വായനക്കാരനെ സംബന്ധിച്ചടത്തോളം, വായനയിൽകൂടി അറിവ് നേടാനും അറിയപ്പെടാത്ത ലോകങ്ങളിൽ സഞ്ചരിക്കാനുമാണ് താത്പര്യം. വായനാശീലം ജന്മസിദ്ധമായ വാസനയിൽ നിന്ന് ഉണ്ടാവുന്ന ഒന്നാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. നിങ്ങൾ ലേഖനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ. പണ്ട് കാലത്ത് ചുരുക്കം എഴുത്തുകാർ മാത്രെമേ ഉണ്ടായിയുരുന്നുള്ളു അവർ വായനാശീലം ഉള്ളവരായിരുന്നു അവർ പ്രതിഫലേച്ഛ (അവാർഡ് ) കൂടാതെ എഴുതിയിരുന്നു. എന്നാൽ ഇന്നത്തെ എഴുത്തുകാരെ സംബന്ധിച്ചടത്തോളം മറ്റുള്ളവർ വായിക്കണം എന്നില്ല. അതിലുപരി നിങ്ങൾ പറഞ്ഞതുപോലെ 'പൊങ്ങച്ചം ' നിലനിർത്താനും മറ്റുള്ളവരുടെ മുന്നിൽ ബുദ്ധിജീവി ചമയാനുള്ള ഒരു ഉപാധിയായും ഉപയോഗിക്കുന്നു. ഇതുകൂടാതെ ഇവർ പ്രതിഫലേച്ഛയിൽ (അവാർഡിൽ ) മാത്രം കണ്ണ് നട്ടിരിക്കുന്നവരാണ് . സ്തുതിപാടകരെയാണ് ഇവർക്ക് ഇഷ്ടം. ഇവർ മനസിലാക്കാത്ത സത്യം ഇവർ എഴുതി വിടുന്ന ചവറുകൾ ജനം വായിക്കുന്നില്ല എന്നതാണ് . നൈനാൻ മാത്തുള്ള എന്ന വ്യക്തി എന്നെ കുറിച്ച് ഞാൻ എഴുതിയിരിക്കുന്ന ഒരു അഭിപ്രായത്തിന് മറുപടിയായി എഴുതിയിരിക്കുന്ന അഭിപ്രായം, അദ്ദേഹം അനേകം പുസ്തകങ്ങൾ എഴുതി എഡിറ്റ് ചെയ്യ്പ്പിച്ച് പ്രസിദ്ധീകരിച്ചിട്ടുള്ള ആളാണ് അതുകൊണ്ട് 'വിദ്യാധരന്' അതിനെ കുറിച്ചൊന്നും അറിയില്ല എന്നാണ്. അദ്ദേഹം പറഞ്ഞത് ശരിയായിരിക്കാം തെറ്റായിരിക്കാം . പക്ഷെ അദ്ദേഹത്തിൻറെ ലക്‌ഷ്യം താൻ ഇത്രയും പുസ്തകങ്ങൾ എഴുതിയിട്ടുണ്ടെന്ന് വായനക്കാരെ അറിയിക്കുകയാണ് . അതിന് എന്നെ കരു ആക്കി എന്നേയുള്ളു . വായനക്കാർ ഇല്ലാതെ വരുമ്പോൾ എഴുത്തുകാർക്ക് വരുന്ന ഗതികേടിന് ഉദാഹരണമാണിത് . ആർ ഈശ്വര പിള്ളയുടെ രണ്ടു കവിതാ ശകലങ്ങൾ ഇവിടെ ചേർക്കുന്നു . വായനയുടെ ഗുണം എന്താണെന്ന് ആ കവിതകൾ വ്യക്തമാക്കുന്നു "വർത്തിച്ചീടുന്നൊരിക്കൽ ഗുരുവിനു സമമായി മിത്രമായി മറ്റൊരിക്കൽ വർത്തിച്ചിടും പിതാവായ്, സപദി ജനനിയായ് കാന്തയായും കദാചിൽ വർത്തിച്ചിടുന്നു വാഗീശ്വരിയുടെ നടനാരാമ- മായ്, സർവകാലം വർത്തിച്ചിടുന്നു സാക്ഷാൽ സുരതരു സദൃശം പുസ്തകം ഹസ്തസംസ്ഥം " ഒരിക്കൽ ഗുരുവിനു തുല്യമായും മറ്റൊരിക്കൽ മിത്രമായും പിതാവായും മാതാവായും ഭാര്യയായും സ്ഥിതി ചെയ്യും . പിന്നീടൊരിക്കൽ വാക്കുകളുടെ അധ്വീശ്വരിയായ സരസ്വതീദേവിയുടെ വിലാസ നടനത്തിനുള്ള ആരാമമായും ഇരിക്കും. കല്പ ദ്രുമത്തിന് തുല്യമായി എല്ലാ കാലവും കൈയിലിരിക്കുന്ന പുസ്തകത്തിന് കഴിയും .(കയ്യിൽ കൊണ്ട് നടന്നാൽ പോരാ വായിക്കണം ) "വായിപ്പോർക്കരുളുന്നുന്നനേക വിധമാം വിജ്ഞാനവും ഏതെങ്കിലും ചോദിപ്പോർക്കുചിതോത്തരങ്ങളരുളി- ത്തീർക്കുന്നു സന്ദേഹവും വാടിപ്പോർക്കുതകുന്ന യുക്തി പലതും ചൂണ്ടികൊടുക്കുന്നു വൃഥാ- ഖേദിപ്പൊർക്കരുളുന്നു സാന്ത്വനവച- സ്സുൽക്കൃഷ്ടമാം പുസ്തകം " ഇത് വായിച്ചു മനസിലാക്കാൻ എളുപ്പമായതുകൊണ്ട് അർഥം വിവരിക്കുന്നില്ല സമയോചിതമായ ഈ ലേഖനം എഴുതിയ എഴുത്തുകാരന് ആശംസകൾ . വിദ്യാധരൻ
Ninan Mathullah 2023-02-03 11:51:22
Vidhyadharan's reply to my comment is 'ariyethra ennathinu payar anghazhi'. Most people can see only one side of things. Besides those who want to do propaganda here harp on the same idea always. Vidhyadharan thinks it was a grave mistake that happened in the thesis, and that the Sky is going to fall down. My question was how many thesis are submitted each year and PhD given a year in Kerala and India? Was any of those thesis analyzed through a lens as this one and leaked it to media to make it a news? While I was studying at University of Cochin (CUSAT), each department had several students doing research. They submit thesis and get PhD. Most of their subjects have nothing to do with the day to day life of common man. None of those thesis are analyzed like this one. It is all part of big politics. Some in the opposition need a tool to beat Pinarayi Vijayan government to bring them down and then come to power in the next election. Several news channels owned by supporters of opposition are supporting them to change public opinion. About my mentioning six books published, quote from his comment- 'പക്ഷെ അദ്ദേഹത്തിൻറെ ലക്ഷ്യം താൻ ഇത്രയും പുസ്തകങ്ങൾ എഴുതിയിട്ടുണ്ടെന്ന് വായനക്കാരെ അറിയിക്കുകയാണ് . അതിന് എന്നെ കരു ആക്കി എന്നേയുള്ളു . വായനക്കാർ ഇല്ലാതെ വരുമ്പോൾ എഴുത്തുകാർക്ക് വരുന്ന ഗതികേടിന് ഉദാഹരണമാണിത് '. Publishing a book is proclaiming to the whole world that a book is published and that public is welcome to read it. It is my job to tell it to the public instead of hiding it. If you encourage reading support writers, try to read the book and write a comment after reading it. I didn't publish the books for any financial gain but to educate people on what I believe is right. All the books except one ('Metamorphosis of an Atheist' as I printed 2500 copies of it and in English), almost all copies are sold or distributed free. 'Bibilinte Daivikatha' was sold out by 2015. I didn't make money as most of the sellers didn't give me any money back after selling the book, and I didn't try to collect from them also. I wish with Vidhayadharan with much knowledge on literary subjects, write and publish a book. Writing comments in 'emalayalee' comment column will stay in the internet world as comment, and people not going to see it again after you leave this world. So I encourage you to write and publish a book with your ideas in it. Jesus said, “No one lights a lamp and puts it in a place where it will be hidden, or under a bowl. Instead they put it on its stand, so that those who come in may see the light. (Luke 11:33). “You are the light of the world. A town built on a hill cannot be hidden' (Mathew 5:14). It is my job to proclaim my ideas and books published for the benefit of readers.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക