Image

വിദ്യാഭ്യാസത്തില്‍ വെള്ളം ചേര്‍ക്കുന്ന വാഴകള്‍ (ബ്ലെസന്‍,ഹ്യൂസ്റ്റന്‍)

Published on 04 February, 2023
വിദ്യാഭ്യാസത്തില്‍ വെള്ളം  ചേര്‍ക്കുന്ന വാഴകള്‍ (ബ്ലെസന്‍,ഹ്യൂസ്റ്റന്‍)

ഇന്ന് കേരളം ഗൗരവമായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന ഒരു വിഷയമാണ് ചിന്ത ജെറോമിന്റെ ഡോക്ടറേറ്റ് പ്രബന്ധം. യുവജനകമ്മീഷന്‍ അദ്ധ്യക്ഷ കൂടിയായ ചിന്ത ജെറോം ഡോക്ടറേറ്റ് എടുത്തിരിക്കുന്നത് കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നാണെന്നത് ഏറെ രസകരം. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ചിന്തയ്ക്ക് ഡോക്ടറേറ്റ് നല്‍കിയിരിക്കുന്നത് കേരളത്തിലെ സര്‍വ്വകലാശാലകളില്‍ ഒന്നാം നിരയില്‍ നില്‍ക്കുന്നതും പ്രശസ്തവും പഴക്കമേറിയതുമായ കേരളാ സര്‍വ്വകലാശാലയാണെന്നതാണ്. ഡോക്ടറേറ്റ് ലഭിക്കുന്നതിനുള്ള പ്രബന്ധത്തിലാണ് അബദ്ധമെന്ന മൂന്നക്ഷരം പറ്റിയിരിക്കുന്നത്. അബദ്ധമാണോ അലക്ഷ്യമാണോ അതോ അറിവില്ലായ്മയാണോ എന്നത് ഒരു ചോദ്യചിഹ്നമായി ഈ വിവാദത്തിനു മുന്നില്‍ ഉത്തരം കിട്ടാതെ നില്‍പ്പുണ്ട്. ചാനലുകള്‍ക്ക് ചാകരയായി പകലന്തിയോളം ചിന്തയുടെ  പ്രബന്ധം ചര്‍ച്ച ചെയ്യപ്പെടുന്നതല്ലാതെ അതിലെ തെറ്റ് എത്രമാത്രമാണെന്ന് കണ്ടെത്തുന്നില്ല. ചാനലുകള്‍ ഈ വിഷയം മത്സരിച്ച് ചര്‍ച്ച ചെയ്ത് റേറ്റ് കൂട്ടാന്‍ തെരുവ് നായ്ക്കളെപ്പോലെ കടിപിടി കൂടുമ്പോള്‍ പൊതുജനം അന്തംവിട്ട് നില്‍ക്കുകയാണ്. അവരില്‍ പല അഭിപ്രായക്കാര്‍ ഉണ്ടെന്നതാണ് സത്യം. ഇത്ര വിവാദമാക്കാന്‍ ഇത് അത്രയേറെ പ്രാധാന്യമുള്ളതാണോയെന്ന് ചിന്തിക്കുന്നവരാണ് ഒരു ഭാഗമെങ്കില്‍ ഇതില്‍ ശക്തമായ വീഴ്ച വന്നിട്ടുണ്ടെന്ന് കരുതുന്നവരാണ് മറ്റൊരു വിഭാഗം. 

ഇത് കേവലം രാഷ്ട്രീയ വിവാദമായി ഒരു കൂട്ടര്‍ കരുതുമ്പോള്‍ ഇത് ഞങ്ങളെ ബാധിക്കുന്നില്ലയെന്ന് ചിന്തിക്കുന്നവരുമുണ്ട്. എന്നാല്‍ എല്ലാവര്‍ക്കുമറിയാവുന്ന ഒരു സത്യമുണ്ട് ചിന്തയുടെ പി.എച്ച്.ഡി.യില്‍ എന്തോ പിശകുണ്ടെന്ന്. കേരളത്തില്‍ ഒരു പി.എച്ച്.ഡി. പ്രബന്ധത്തിന് ഇത്രയേറെ വാര്‍ത്താ പ്രാധാന്യമുണ്ടാകുന്ന് ഇതാദ്യമാണ്. ഒരു പ്രബന്ധം ഇത്രയേറെ കോളിളക്കം സൃഷ്ടിക്കുന്നതും ഇതാദ്യമാണ്. 

ലോകത്തില്‍ ആയിരക്കണക്കിന് യൂണിവേഴ്‌സിറ്റികളും പതിനായിരക്കണക്കിന് പ്രബന്ധങ്ങളും ഡോക്ടറേറ്റ് നേടുന്നതിനുവേണ്ടി സമര്‍പ്പിച്ചിട്ടുണ്ട്. അതില്‍ പലതും വിവാദമായിട്ടുമുണ്ട്. പക്ഷെ അതൊക്കെ പിശകും തെറ്റും അറിവില്ലായ്മയും അലസതയുംകൊണ്ടല്ല മറിച്ച് അതില്‍ അടങ്ങിയിരിക്കുന്ന ആശയപരമായ അഭിപ്രായവ്യത്യാസംകൊണ്ടാണ്. എന്നാല്‍ കേരള യൂണിവേഴ്‌സിറ്റിയില്‍ അത് അറിവില്ലായ്മയും അലസതയുമൊക്കെകൊണ്ടാണ്. അതിന് എത്ര ന്യായീകരണം നിരത്തിയാലും ആരൊക്കെ അതിന് ആവരണം ചെയ്താലും അത് കേരള യൂണിവേഴ്‌സിറ്റിയുടെ പേരിനെ കളങ്കപ്പെടുത്തിയെന്ന് തന്നെ പറയാം. അതിലേറെ അപമാനിപ്പെടുത്തുകയും ചെയ്തുയെന്നതിന് യാതൊരു സംശയവുമില്ല. അത് മായ്ച്ചുകളയാന്‍ സെനറ്റും സിന്‍ഡിക്കേറ്റും എത്ര പ്രബന്ധമവതരിപ്പിച്ചാലും സാധിക്കില്ലെന്നു തന്നെ പറയാം. കാരണം അത്രമേല്‍ യൂണിവേഴ്‌സിറ്റിയുടെ പേരിനെ കളങ്കപ്പെടുത്തി ചിന്ത ജെറോമിന്റെ പ്രബന്ധത്തിലെ പിഴ. 

അബദ്ധമെന്ന് പറഞ്ഞ് തടിതപ്പാന്‍ ശ്രമിച്ച ചിന്ത ജെറോം അത് എത്രമാത്രം ഗുരുതരമായ പിഴയാണെന്ന് ബോദ്ധ്യമില്ലാതെയാണോ പറഞ്ഞത്. ഒരു തീസ്സിസ് സമര്‍പ്പിക്കുന്നത് ഒരു ദിവസംകൊണ്ടല്ല. കുറഞ്ഞത് മൂന്നോ നാലോ വര്‍ഷമെടുക്കും. ഏത് വിഷയത്തിലാണോ ഡോക്ടറേറ്റ് എടുക്കുന്നത് അതിനെക്കുറിച്ച് ആഴമായ അറിവു നേടിയിട്ടാണ് പ്രബന്ധം അവതരിപ്പിക്കുന്നതും അവതരിപ്പിക്കേണ്ടത്. സമര്‍ത്ഥനായ ഒരു ഗൈഡിന്റെ നേതൃത്വത്തിലാണ് തീസ്സിസ് സമര്‍പ്പിക്കുന്നതും റിസേര്‍ച്ച് ചെയ്യുന്നതും. തീസ്സിസ് തയ്യാറാക്കുന്നതും പൂര്‍ത്തീകരിക്കുന്നതിനും മുന്‍പ് ഈ ഗൈഡിന്റെ വിദഗ്ദ്ധ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും സമര്‍പ്പണാര്‍ത്ഥി തേടേണ്ടതുണ്ട്. അതുകൂടാതെ ഈ ഗൈഡ് പ്രബന്ധം വായിച്ച് തെറ്റുണ്ടെങ്കില്‍ അത് തിരുത്തുകയും ചെയ്തതിനുശേഷമാണ് പ്രബന്ധം യൂണിവേഴ്‌സിറ്റി കമ്മിറ്റിയുടെ മുന്‍പാകെ അവതരിപ്പിക്കുക.

അങ്ങനെ വിവിധ ഘട്ടത്തില്‍ക്കൂടി കടന്നാണ് ഒരു പ്രബന്ധം അവതരിപ്പിക്കുന്നത്. ഓരോ ഘട്ടത്തിലൂടെയും കടന്നുപോകുമ്പോള്‍ ചെറുതും വലുതുമായ തെറ്റുകള്‍ കണ്ടെത്തിയാല്‍ അത്  തിരുത്തിയതിനുശേഷം വീണ്ടും സമര്‍പ്പിക്കേണ്ടതാണ്. ഈ ഘട്ടങ്ങളെല്ലാം പൂര്‍ത്തീകരിച്ചശേഷമാണ് ചിന്ത ജെറോമിന്റെ പ്രബന്ധത്തിന് അംഗീകാരം നല്‍കിയത്.  അത് വായിക്കേണ്ടവരെല്ലാം ശ്രദ്ധാപൂര്‍വ്വം വായിട്ടിച്ചാണ് ആ പ്രബന്ധം അംഗീകരിക്കുന്നത്. അവര്‍ക്കെന്തെങ്കിലും സംശയമുണ്ടെങ്കില്‍ അത് വിശദീകരിക്കാന്‍ പ്രബന്ധാവതാരകന് കഴിയണം. 

ഇതില്‍ ആര്‍ക്കെങ്കിലും തെറ്റുണ്ടെന്ന് കണ്ടെത്താമായിരുന്നു. എന്നാല്‍ ആരും തന്നെ ആ തെറ്റുകള്‍ കണ്ടെത്തിയില്ലായെന്നത് അവരുടെ ഉത്തരവാദിത്വമില്ലായ്മയാണെന്നതില്‍ യാതൊരു സംശയവുമില്ല. ചന്തയില്‍ നിന്ന് മീന്‍ വാങ്ങിയാല്‍ പോലും ചെകിള പൊളിച്ച് പോസ്റ്റുമോര്‍ട്ടം നടത്തി പഴുത്തതാണോ പച്ചയാണോയെന്ന് നോക്കുന്ന മലയാളിയോട് ഒരു ചെറിയ തെറ്റുപോലും കണ്ടുപിടിക്കുന്നതെങ്ങനെയെന്ന് പഠിപ്പിക്കേണ്ട കാര്യമില്ല. അങ്ങനെയുള്ള മലയാളികളുടെ നാട്ടിലെ വിദ്യാഭ്യാസത്തിന്റെ അത്യുന്നതമായ ആലയമായ സര്‍വ്വകലാശാലയിലാണ് തെറ്റുകളുടെ ഘോഷയാത്രയായ ഒരു പ്രബദ്ധം അംഗീകരിച്ചത്. 

ഇവിടെ ഒരു നഗ്നസത്യം ഒളിഞ്ഞു കിടപ്പുണ്ട്. പ്രബന്ധം കടന്നുപോകേണ്ട വഴികളിലൂടെയല്ല പോയിട്ടുള്ളത് എന്ന് പല ഘട്ടങ്ങളില്‍ കൂടി കടന്നുപോകുമ്പോള്‍ ഏത് തെറ്റും ആരെങ്കിലുമൊക്കെ കണ്ടുപിടിക്കാനുള്ള സാഹചര്യമുണ്ട്. നേരായ മാര്‍ഗ്ഗത്തില്‍ കൂടിയാണോ ഈ തീസ്സിസ് സമര്‍പ്പണം നടത്തിയിട്ടുള്ളതെന്ന ഒരു ചോദ്യമുയരുമ്പോള്‍ അത് യൂണിവേഴ്‌സിറ്റിയെയാണ് പ്രതികൂട്ടിലാക്കുന്നത്. അതിസൂക്ഷ്മ പരിശോധന നടത്തി മാത്രം ചെയ്യേണ്ടിടത്ത് അലസതയോടെയുള്ള പ്രവര്‍ത്തനം നടത്തിയ യൂണിവേഴ്‌സിറ്റിയുടെ പ്രവര്‍ത്തനമാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഇതുവരെ യൂണിവേഴ്‌സിറ്റി നടത്തിയിട്ടുള്ള മൂല്യനിര്‍ണ്ണയം പോലും സംശയത്തിന്റെ നിഴലിലായിയെന്നു തന്നെ പറായം. 

ആര് തെറ്റ് ചെയ്തുയെന്നല്ല വീഴ്ച വരുത്തിയെന്നല്ല ചിന്തിക്കേണ്ടത്. അതിന്റെ ആഴമാണ് അളക്കേണ്ടത്. അതില്‍ ആരൊക്കെയാണ് ഉള്‍പ്പെട്ടിട്ടുണ്ടെന്നു കൂടിയും ചിന്തിക്കേണം. അധികാരവും അകത്തളത്തില്‍ പിടിപാടുമുള്ളവര്‍ക്കും വളഞ്ഞ വഴിയില്‍ കൂടി നേടാമെന്നുള്ള ചിന്ത പൊതുജനത്തിനുണ്ടാക്കാന്‍ ഇതുവഴി കഴിഞ്ഞു. നാളെ ആയിരങ്ങള്‍ക്ക് അറിവ് പകരേണ്ടുന്നവര്‍ നാടിനെ നയിക്കാന്‍ നാളെ ഇറങ്ങേണ്ടുന്നവര്‍ നേടിയ ബിരുദം നേരായ മാര്‍ഗ്ഗത്തില്‍ കൂടിയല്ലെങ്കില്‍ അവര്‍ക്കെങ്ങനെ ശരിയായ വിവരങ്ങള്‍ പകര്‍ന്നു നല്‍കാന്‍ കഴിയും. ഒരു രാജ്യത്തെ തകര്‍ക്കാന്‍ ആറ്റം ബോംബോ മറ്റായുധങ്ങളോ ഒന്നും തന്നെ വേണ്ട. അവിടുത്തെ വിദ്യാഭ്യാസത്തില്‍ മായം ചേര്‍ത്താല്‍ മതി. ഇതൊരു ആപ്തവാക്യമാണ്. എന്നാല്‍ അതിലൊരു വലിയ സത്യമുണ്ട്. കുതന്ത്രത്തില്‍കൂടി വിദ്യാഭ്യാസം നേടുന്നവര്‍ ശരിയായ അറിവ് നേടിയവരല്ല. അതുകൊണ്ടുതന്നെ അവരില്‍ക്കൂടി ശരിയായ അറിവ് ഭാവിതലമുറ നേടുകയുമില്ല. അങ്ങനെയുള്ളയൊരു തലമുറയില്‍ കൂടി ഒരു രാഷ്ട്രവും വളര്‍ച്ചയുടെ പടവുകള്‍ തേടാറില്ല. 

കേരള യൂണിവേഴ്‌സിറ്റിയില്‍ എസ്.എഫ്.ഐ.യുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കാലത്ത് നടന്ന ഒരു കപട ഡോക്ടറേറ്റിനെതിരെയുള്ള  ഒരു സമരം ഓര്‍മ്മ വരികയുണ്ടായി. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ ആ സമരം അനവസരത്തിലും അര്‍ത്ഥശൂന്യവുമായ ഒരു സമരമെന്ന് പറയുക തന്നെ ചെയ്യാം. അത് കേരള സര്‍വ്വകലാശാലയില്‍ മാത്രമല്ല കേരളത്തില്‍ തന്നെ ഏറെ കോളിളക്കം സൃഷ്ടിക്കുകയുണ്ടായി. 

അതും വ്യാജ പി.എച്ച്.ഡി. എന്ന് ആരോപിച്ചായിരുന്നു. ഈ അടുത്തകാലത്ത് അന്തരിച്ച ജെ.വി. വിളനിലത്ത് 92 ലെ കരുണാകരന്‍ സര്‍ക്കാര്‍ കേരള സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സിലറായി നിയമിക്കുകയുണ്ടായി. വൈസ് ചാന്‍സിലറാകാനുള്ള എല്ലാ യോഗ്യതകളുമുണ്ടായിരുന്നിട്ടും അദ്ദേഹത്തിന് ലഭിച്ച വിദേശ സര്‍വ്വകലാശാലയുടെ ഡോക്ടറേറ്റ് വ്യാജമാണെന്ന് ആരോപിച്ചുകൊണ്ട് എസ്.എഫ്.ഐ. സമരം നടത്തുകയുണ്ടായി. അദ്ദേഹത്തെ മാറ്റണമെന്നായിരുന്നു അവര്‍ ആവശ്യപ്പെട്ടത്. ആ സമരം കേരളത്തിലങ്ങോളമിങ്ങോളം ക്രമസമാധാന നില തകര്‍ത്തുകൊണ്ട് പ്രതിസന്ധി സൃഷ്ടിച്ചു. സത്യത്തില്‍ ആ ആരോപണത്തില്‍ യാതൊരു കഴമ്പുമില്ലായിരുന്നുയെന്നതായിരുന്നു സത്യം. വിളനിലത്തിന്റെ ചില നടപടി സിന്‍ഡിക്കേറ്റിലെ ചിലര്‍ക്ക് ദഹിച്ചില്ലായെന്നതായിരുന്നു അതിനു കാരണം. കാള പെറ്റുയെന്ന് കേട്ടയുടനെ കയറെടുത്തുകൊണ്ട് എസ്.എഫ്.ഐ. തെരുവിലിറങ്ങിയെന്നതാണ് സത്യം. 

പോലീസും എസ്.എഫ്.ഐ. നേതാക്കളും തെരുവില്‍ ഏറ്റുമുട്ടി. വിളനിലത്തെ യൂണിവേഴ്‌സിറ്റി കവാടത്തില്‍ കയറ്റാത്തവിധം സമരം ശക്താക്കി. സമരം ശക്തമായി തുടരുന്നതിനിടെയാണ് സമരത്തിനു നേതൃത്വം നല്‍കാന്‍ മുന്‍പില്‍ നിന്ന ഒരു വിദ്യാര്‍ത്ഥി നേതാവിനെ കോപ്പിയടിക്ക് പിടികൂടുന്നത്. അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ല. ആ കോപ്പിയടി സംഭവം നാട്ടില്‍ പാട്ടായതോടെ സമരത്തിന്റെ തീവ്രത കുറഞ്ഞു. പിന്നീട് അത് പിന്‍വലിക്കുകയും വിളനിലം കാലാവധി പൂര്‍ത്തീകരിക്കുകയും വൈസ് ചാന്‍സിലറാകാനുള്ള എല്ലാ യോഗ്യതകളും അദ്ദേഹത്തിനുണ്ടായിരുന്നുയെന്നതാണ് എടുത്തു പറയേണ്ട കാര്യം. 

അന്ന് അനാവശ്യ സമരത്തിന് നേതൃത്വം നല്‍കിയവരുടെ പിന്‍തലമുറയില്‍പ്പെട്ടവര്‍ക്കെതിരെ തെളിവുകളുടെ അടിസ്ഥാനത്തില്‍ ആരോപണങ്ങളും ആക്ഷേപങ്ങളും ഉയരുമ്പോള്‍ കാലം കാത്തുവച്ച കാവ്യനീതിയെന്നേ പറയാന്‍ സാധിക്കുകയുള്ളു. കേരള യൂണിവേഴ്‌സിറ്റിയെ അപമാനപ്പെടുത്തിയ മറ്റൊരു സംഭവമായിരുന്നു എണ്‍പതിന്റെ ആരംഭത്തിലെ മാര്‍ക്ക് തട്ടിപ്പ് കേസ്. എം.ബി.ബി.എസ്സും എഞ്ചിനീയറിങ്ങിനും അഡ്മിഷന്‍ കിട്ടാന്‍ വേണ്ടി മാര്‍ക്ക് ലിസ്റ്റ് തിരുത്തിയതായിരുന്നു. കേരള യൂണിവേഴ്‌സിറ്റിയെ മാത്രമല്ല കേരളത്തെയാകമാനം പ്രതിക്കൂട്ടിലും അപമാനിക്കുകയും ചെയ്ത സംഭവമായിരുന്നു. 

ഇങ്ങനെ ഓരോ സംഭവങ്ങളും കേരള യൂണിവേഴ്‌സിറ്റിയില്‍ ഉത്തരവാദിത്വപ്പെട്ടവരുടെ അലസതയും പിടിപ്പുകേടുംകൊണ്ട് നടക്കുമ്പോള്‍ സര്‍വ്വകലാശാലയുടെ നിലവാരമാണ് തകര്‍ന്നുപോകുന്നത്. നാളെ എവിടെ നിന്ന് പഠിച്ചിറങ്ങിയെന്നു ചോദിക്കുമ്പോള്‍ കേരള സര്‍വ്വകലാശാലയില്‍ നിന്ന് എന്ന് അഭിമാനത്തോടെ പറയാന്‍ വരുംതലമുറയ്ക്ക് കഴിയണമെങ്കില്‍ അതില്‍ കാര്യക്ഷമത ഉണ്ടായിരിക്കണം. കഴിവും കരുത്തുമായിരിക്കണം അതിന്റെ നേതൃത്വത്തില്‍ ഉണ്ടാകേണ്ടത്. ഇംഗ്ലീഷില്‍ തെറ്റുവരുത്തി എഴുത്ത് എഴുതിയ വൈസ് ചാന്‍സിലറുള്ള നാടാണ് കേരളമെന്ന് ഗവര്‍ണ്ണര്‍ പറഞ്ഞതു തന്നെ നമ്മുടെ സര്‍വ്വകലാശാലയുടെ നേതൃത്വത്തിലിരിക്കുന്നവരുടെ നിലവാരത്തെയാണ്. നിലവാരമില്ലാത്തവരിരുന്നാല്‍ ആ സ്ഥാനവും നിലവാരമില്ലാതെയാകും.     

ബ്ലെസന്‍ ഹ്യൂസ്റ്റന്‍ : blessonhouston@gmail.com

#vazhakkula -article by blesson huston

Join WhatsApp News
PHds easy 2023-02-04 14:38:21
How many of US based Malayalees go through these steps? They get PHd's with the spur of a moment. They are High School graduates today; tomorrow they are PHd holders! You need examples?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക