Image

CC 8/AD 36   ജൂദാസ് ഇസ്‌ക്കാരിയോത്ത് (നോവല്‍ അധ്യായം-14: സലിം ജേക്കബ്)

Published on 05 February, 2023
CC 8/AD 36   ജൂദാസ് ഇസ്‌ക്കാരിയോത്ത് (നോവല്‍ അധ്യായം-14: സലിം ജേക്കബ്)

'എത്രയും പ്രിയപ്പെട്ട സീസര്‍,
    
കഴിഞ്ഞ രണ്ട് ഇലക്ഷന്‍ വേളയിലും നമ്മെ വന്നു കണ്ടത് ഓര്‍മ്മ കാണുമല്ലോ. സഭയുടെ ഏറ്റവും അത്യാവശ്യകാര്യത്തിനായി എന്റെ പ്രത്യേക ദൂതന്‍ ഫാ. ജോണ്‍സണെ ഞാന്‍ അങ്ങോട്ടയയ്ക്കുന്നു. കാര്യങ്ങള്‍ അദ്ദേഹം നേരില്‍ പറയും. അടുത്തതവണ സംസ്ഥാനം സന്ദര്‍ശിക്കുമ്പോള്‍ തീര്‍ച്ചയായും അരമനയിലേക്കു വരണം. ദൈവാനുഗ്രഹവും സമാധാനവും ഇന്നുമെന്നേക്കും ഉണ്ടാകട്ടെ എന്നു പ്രാര്‍ത്ഥിച്ചുകൊണ്ട് ദൈവനാമത്തില്‍'.

തന്റെ രാജ്യത്തിന്റെ തെക്കേയറ്റത്തെ ചെറിയ സംസ്ഥാനത്തിലുള്ള മതമേധാവിയായ യോഹോന്‍ മാര്‍ ഐവാന്‍ഹോയുടെ എഴുത്ത് ബാലിശമായി തോന്നിയെങ്കിലും പ്രധാനമന്ത്രിയുടെ മുഖത്ത് ഒരു ഭാവവ്യത്യാസവും ഉണ്ടായില്ല. കത്തുമായി പ്രൈവറ്റ് സെക്രട്ടറി ജോര്‍ജിനോടൊപ്പം തന്നെ വന്നുകണ്ട ഫാ. ജോണ്‍സണുമായി സംസാരിച്ചതിനുശേഷം ഓഫീസിലെത്തിയ രാജീവ് സീസര്‍, തന്റെ പി.എസ്. ജോര്‍ജിനെ വിളിപ്പിച്ചു. ഇതിനകം ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വരുത്തിയ ജോര്‍ജ്, കേസില്‍ ജൂദാസിനനുകൂലമായ വിധിയുണ്ടായാലുള്ള ഭവിഷ്യത്ത് പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ക്രിസ്തുമതം ന്യൂനപക്ഷമായതുകൊണ്ട്, അതിനെ നശിപ്പിക്കാന്‍ ഭുരിപക്ഷമതക്കാര്‍ കരുതിക്കൂട്ടി കേസ് സ്വാധീനിച്ചു എന്ന് പുരോഹിതവൃന്ദം വ്യാഖ്യാനിച്ചേക്കാം. അങ്ങനെ വന്നാല്‍ ക്രിസ്തീയസഭ നമുക്കെതിരെ തിരിയും. യുഗങ്ങളായി നമ്മളെ പിന്തുണച്ചുവരുന്ന അവരുടെ വോട്ടുകിട്ടിയില്ലെങ്കില്‍ ആ സംസ്ഥാനം തീര്‍ച്ചയായും കൈവിട്ടുപോകും. കൂടാതെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരം ഈ പ്രശ്‌നം വളര്‍ന്ന് ഒരു കലാപമായി മാറാനും സാധ്യതയുണ്ട്.

'നമ്മളെന്താണിപ്പോള്‍ ചെയ്യേണ്ടത്?' പ്രധാനമന്ത്രിയുടെ വാക്കുകളില്‍ അക്ഷമയുടെ ലാഞ്ചന കലര്‍ന്നിരുന്നു.
'സര്‍, ജഡ്ജി വരദാത്തോസിനെക്കുറിച്ച് ഇന്റലിജന്‍സിന്റെ നിഗമനങ്ങളാണിവ'. ചെറിയ ഒരു ഫയല്‍ മേശപ്പുറത്തുവച്ച ശേഷം ജോര്‍ജ് തുടര്‍ന്നു. 
'ഇന്നുവരെ തെറ്റായ ഒന്നും ചെയ്യാത്ത ഒരു വ്യക്തി. സ്വഭാവദൂഷ്യങ്ങളൊന്നും തന്നെയില്ല. യാതൊരുവിധ ദൗര്‍ബല്യങ്ങളും'.

'അങ്ങനെയെങ്കില്‍ കേസ് വേറെ ബെഞ്ചിലേക്കു മാറ്റാമല്ലോ, അല്ലെങ്കില്‍ ജഡ്ജിയെതന്നെ മാറ്റിയാല്‍പോരെ?' വാച്ച് നോക്കിക്കൊണ്ട് പ്രധാനമന്ത്രി വീണ്ടും അക്ഷമ പ്രകടിപ്പിച്ചു. പക്ഷേ, അങ്ങനെ ചെയ്താലുണ്ടാകുന്ന ഭവിഷത്തുകള്‍ ജോര്‍ജിന്റെ കുശാഗ്രബുദ്ധി അപഗ്രഥിച്ചു കഴിഞ്ഞിരുന്നു.

'സര്‍, ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ഒരു കേസാണിത്. മാത്രമല്ല, ആംനസ്റ്റി ഇന്റര്‍നാഷണല്‍പോലുള്ള മനുഷ്യാവകാശ സംഘടനകള്‍ക്ക് ഈ കേസില്‍ താല്പര്യമുണ്ട്. ആ സ്ഥിതിക്ക് ജഡ്ജിയെ മാറ്റിയാല്‍ അത് പൊല്ലാപ്പാവും'. 

'സര്‍,.......' പ്രധാനമന്ത്രിയുടെ ചെവിയില്‍ ജോര്‍ജ് എന്തോ മന്ത്രിച്ചു. 

തന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ബുദ്ധിയില്‍ രാജീവ് സീസറിന് അതിശയം തോന്നി. ഇതുപോലെ പല ജോര്‍ജുമാരുള്ളതുകൊണ്ടാണല്ലോ താനീ കസരേയില്‍ വന്നതും ഇപ്പോഴും ഇവിടെത്തന്നെ ഇരിക്കുന്നതും. 

ജോര്‍ജ് ഡയല്‍ ചെയ്ത ഫോണ്‍ വാങ്ങിയശേഷം പ്രധാനമന്ത്രി വളരെ സൗഹാര്‍ദ്ദത്തോടെ പറഞ്ഞു തുടങ്ങി.

'ശ്രീ വരദാത്തോസ്, ഞാന്‍ സീസര്‍. താങ്കളുടെ ഓരോ വിധിന്യായവും ഞാന്‍ ശ്രദ്ധിക്കാറുണ്ട്. Your are doing well! Keept it up. പിന്നെ, ഞാന്‍ വിളിച്ചത് പ്രധാനപ്പെട്ട ഒരു കാര്യം അറിയിക്കാനാണ്. സുപ്രീംകോടതിയുടെ ബെഞ്ചില്‍ മൂന്നു മാസത്തിനുള്ളില്‍ ഒരൊഴിവ് ഉണ്ടാകും. താങ്കള്‍ സീനിയോരിറ്റിയില്‍ പിന്നിലാണെങ്കിലും, സംശുദ്ധനായ ഒരു വ്യക്തിയെന്ന നിലയില്‍ താങ്കളെ തിരഞ്ഞെടുക്കണം എന്നെനിക്ക് ആഗ്രഹമുണ്ട്. തലസ്ഥാനത്തേക്കു വരാന്‍ താങ്കള്‍ക്ക് വിരോധമില്ലെങ്കില്‍..............'
“ O.K. Mr. വരദാത്തോസ് നമുക്ക് അടുത്തുതന്നെ നേരില്‍കാണാം'.

റിസീവര്‍ താഴെ വച്ചശേഷം പ്രധാനമന്ത്രി ജോര്‍ജിനോടായിപ്പറഞ്ഞു. 
'എന്റെ ഭാഗം കഴിഞ്ഞു. ഇനി പന്ത് തന്റെ കളത്തിലാണ്'.

ഒരു മന്ദഹാസവുമായി ജോര്‍ജ് എന്ന പ്രൈവറ്റ് സെക്രട്ടറി തന്റെ കസേരയില്‍ തന്നെ ഇരുന്നു. അടുത്തപരിപാടിക്കായി പ്രധാനമന്ത്രി ഓഫീസില്‍ നിന്നും ഇറങ്ങുകയും ചെയ്തു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക