Image

നഴ്സിംഗ് സമരത്തിന്റെ വേരുകള്‍ കേരളത്തിലേക്ക് പടര്‍ന്നപ്പോള്‍; ജീവന്റെ കാവലാളായ മാലാഖമാര്‍-4 (ആഷാ മാത്യു)

Published on 07 February, 2023
നഴ്സിംഗ് സമരത്തിന്റെ വേരുകള്‍ കേരളത്തിലേക്ക് പടര്‍ന്നപ്പോള്‍; ജീവന്റെ കാവലാളായ മാലാഖമാര്‍-4 (ആഷാ മാത്യു)
ഡല്‍ഹിയില്‍ തുടങ്ങിയ നഴ്‌സിംഗ് രംഗത്തെ സമരത്തിന്റെ വേരുകള്‍ കേരളത്തിലേക്കും പടര്‍ന്നിരുന്നു. കോലഞ്ചേരിയിലെ ആശുപത്രിക്ക് മുന്നില്‍ നഴ്‌സുമാര്‍ നടത്തിയ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നഴ്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍ ഭാരവാഹികളും ഡല്‍ഹിയില്‍ നിന്ന് എത്തി. വിന്‍സെന്റ് ഇമ്മാനുവലിനെപ്പോലെയുള്ള നിരവധി പ്രവാസി മലയാളികളും സമരത്തിന് എല്ലാവിധ പിന്തുണയും നല്‍കി നഴ്‌സുമാര്‍ക്കൊപ്പം നിന്നു. കേരളത്തില്‍ നഴ്‌സുമാര്‍ക്കായി സമരം നടത്തുകയും അവരുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന് മുന്നിലവതരിപ്പിക്കുകയും ആശുപത്രി മാനേജുമെന്റുകളുമായി സംസാരിക്കുകയും ചെയ്തത് യുഎന്‍എ എന്ന സംഘടനയായിരുന്നു. ജാസ്മിന്‍ ഷാ ആയിരുന്നു യുഎന്‍എയുടെ നേതാവ്.

കോട്ടയത്തെ ഭാരത് ആശുപത്രിയില്‍ യുഎന്‍എ യുടെ നേതൃത്തില്‍ നൂറു ദിവസത്തിലധികമാണ് നഴ്‌സുമാര്‍ തങ്ങളുടെ വേതന വര്‍ദ്ധനവാവശ്യപ്പെട്ട് സമരം ചെയ്തത്. ഒടുവില്‍ സമരം ഒത്തുതീര്‍പ്പായപ്പോള്‍ കിട്ടാനുള്ള ശമ്പളം ലഭിച്ചെങ്കിലും നഴ്‌സുമാരില്‍ പലര്‍ക്കും ജോലി നഷ്ടമായി. നഴ്‌സുമാരുടെ സംഘടനയെ നയിക്കുകയും മുന്നില്‍ നിന്ന് സംസാരിക്കുകയും ചെയ്ത മറ്റൊരാള്‍ ലിജു വെങ്ങല്‍ ആയിരുന്നു. അതിനിടെ യുഎന്‍എയെക്കുറിച്ചും ജാസ്മിന്‍ഷായെക്കുറിച്ചും വിവാദങ്ങളുയരുകയും ചെയ്തിരുന്നു. എങ്കിലും സമരങ്ങള്‍ തുടരുകയും മിനിമം വേതനം നടപ്പിലാക്കാന്‍ ആവശ്യപ്പെട്ട് കോടതി ഇടപെടലുകള്‍ ഉണ്ടാകുകയും ചെയ്തു.

അതേസമയം നഴ്‌സുമാരുടെ ശമ്പളവും തൊഴില്‍ സാഹചര്യവും മെച്ചപ്പെടുത്തുന്നതിനുള്ള കോടതിയുടേയും സര്‍ക്കാരിന്റേയും ഉത്തരവുകള്‍ അനുസരിക്കുന്നതില്‍ സ്വകാര്യ ആശുപത്രികള്‍ ഇപ്പോഴും വിമുഖത കാണിക്കുന്നുണ്ട്. കുറഞ്ഞ വേതനവും അധിക ജോലിഭാരവും സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരെ ഇപ്പോഴും സമ്മര്‍ദ്ദത്തിലാക്കുന്നു. പിഎഫ് ഉള്‍പ്പെടെയുള്ള യാതൊരു വിധ ആനുകൂല്യങ്ങളും പല ആശുപത്രികളും ഇപ്പോഴും നല്‍കുന്നില്ല. പല ആശുപത്രികളിലേയും നഴ്സുമാരും വിദ്യാര്‍ത്ഥികളും സമരത്തിന് പരോക്ഷമായി പിന്തുണ നല്‍കുകയും എന്നാല്‍ ഉള്ള ജോലി കൂടി നഷ്ടപ്പെടുന്ന ഭയത്താല്‍ പ്രത്യക്ഷത്തില്‍ മുന്നോട്ടു വരാതിരിക്കുകയും ചെയ്തു.

ബോണ്ട് എന്ന ഊരാക്കുടുക്കില്‍ കുടുങ്ങി അനുഭവിച്ച മാനസിക സമ്മര്‍ദ്ദം വിവരിക്കാന്‍ കഴിയില്ലെന്ന് അന്നത്തെ വിദ്യാര്‍ത്ഥികളിലൊരാള്‍ പ്രതികരിച്ചു. 75,000 രൂപ ലോണെടുത്താണ് നഴ്സിംഗ് പഠിച്ചത്. സാധാരണ ജോലിക്കാരായ മാതാപിതാക്കള്‍ക്ക് കഴിവുണ്ടായിട്ടല്ല, ജോലി കിട്ടിയാല്‍ കടം എത്രയും വേഗം വീട്ടാമല്ലോ എന്ന കണക്കുകൂട്ടലിലാണ് ലോണെടുത്ത് പഠിപ്പിച്ചത്. എന്നാല്‍ പഠിത്തം കഴിഞ്ഞെങ്കിലും ബോണ്ട് കാലാവധി പൂര്‍ത്തിയാക്കേണ്ടി വന്നതിനാല്‍ സാലറി ലഭിച്ചില്ല. പഠിത്തം കഴിഞ്ഞിട്ടും ഉടുതുണി വാങ്ങാന്‍ പോലും വീട്ടുകാരെ ആശ്രയിക്കേണ്ടി വന്ന ഗതികേടാണ് ഉണ്ടായിരുന്നത്. ലോണ്‍ തിരിച്ചടവ് മുടങ്ങിയതോടെ പലിശ വര്‍ദ്ധിക്കാന്‍ തുടങ്ങി. ഒരുവില്‍ രണ്ട് ലക്ഷം രൂപ തിരിച്ചടച്ചാണ് ലോണ്‍ ക്ലോസ് ചെയ്തത്. എടുത്തതിലും ഇരട്ടിയിലധികം തുക തിരിച്ചടക്കേണ്ടി വന്നു.

നല്ല മനസ്സുള്ളൊരാളുടെ സഹായം കിട്ടിയതു കൊണ്ട് മാത്രമാണ് അപ്പോഴെങ്കിലും ലോണ്‍ തിരിച്ചടക്കാന്‍ കഴിഞ്ഞതെന്നും ഇന്ന് അയര്‍ലന്‍ഡില്‍ നഴ്സായ വ്യക്തി പറഞ്ഞു. പിന്നീട് ബോണ്ട് കാലാവധി പൂര്‍ത്തിയാക്കിയ ശേഷം കേരളത്തില്‍ നഴ്സായി തുടര്‍ന്നാല്‍ ജീവിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായതോടെ ഇന്ത്യയ്ക്ക് പുറത്തേക്ക്  പോവാൻ ശ്രമിക്കുകയായിരുന്നു. ഇപ്പോള്‍ അയര്‍ലന്‍ഡില്‍ നഴ്സായി ജോലി ചെയ്യുകയാണ്. കേരളത്തിലേയും അയര്‍ലന്‍ഡിലേയും നഴ്സിംഗ് അനുഭവം രണ്ട് തലങ്ങളിലുള്ളതാണെന്ന് അവർ   പറയുന്നു. കേരളത്തില്‍ ആഴ്ചയില്‍ ഏഴ് ദിവസവും വിശ്രമമില്ലാത്ത ജോലിയും എന്നാല്‍ ശമ്പളയിനത്തില്‍ യാതൊരു പുരോഗതിയും ഇല്ലാതിരിക്കുമ്പോള്‍ അയര്‍ലന്‍ഡില്‍ ആഴ്ചയില്‍ മൂന്നു ദിവസം മാത്രമാണ് ജോലിയുള്ളത്.

തുടക്കത്തില്‍ തന്നെ മികച്ച സാലറിയും ലഭിച്ചു. ഇവിടെ നഴ്സുമാര്‍ക്ക് അര്‍ഹമായ അംഗീകാരവും ബഹുമാനവും ലഭിക്കുന്നു. എന്ത് സഹായത്തിനും ആശുപത്രി അധികൃതരും സഹപ്രവര്‍ത്തകരും കൂടെയുണ്ടാകും. ഓരോ ചെറിയ പരിശ്രമങ്ങള്‍ക്കു പോലും അഭിനന്ദനവും പ്രോത്സാഹനവും ലഭിക്കും. കഴിവുകള്‍ അംഗീകരിക്കപ്പെടും. എന്നാല്‍ കേരളത്തിലായിരുന്നപ്പോള്‍ എത്ര കഠിനാധ്വാനം ചെയ്താലും അത് കാണാനും അഭിനന്ദിക്കാനും ആരുമില്ലായിരുന്നു. മറിച്ച് കുറവുകളെന്തെങ്കിലും വന്നു പോയാല്‍ അതിന് കൃത്യമായ പണിഷ്മെന്റുകള്‍ ലഭിക്കുകയും ചെയ്യും. ഇങ്ങനെയൊരു സാഹചര്യം തുടരുമ്പോള്‍ ഇനിയും പഠിച്ചിറങ്ങുന്ന ഒരാള്‍ പോലും കേരളത്തില്‍ നഴ്സായി ജോലി ചെയ്യാന്‍ ആഗ്രഹിക്കില്ലെന്നും യുവതി പറഞ്ഞു. കേരളത്തിൽ  നഴ്സുമാര്‍ക്ക് അര്‍ഹമായ അംഗീകാരവും നല്ല ശമ്പളവും നല്‍കിയിരുന്നുവെങ്കില്‍ ഒരാള്‍ പോലും കടല്‍ കടക്കാതിരുന്നേനെ. അവരുടെ സേവനം നമ്മുടെ സംസ്ഥാനത്തിന് തന്നെ ലഭിച്ചേനെ. എന്നാല്‍ അത് സംഭവിക്കാത്തിടത്തോളം വിദ്യാര്‍ത്ഥികള്‍ കടല്‍ കടക്കുമെന്നും യുവതി പറഞ്ഞു.

തുടരും...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക