Image

നെല്ലിൻ്റെ കാവലാൾ (വിജയ് സി. എച്ച്)

Published on 07 February, 2023
നെല്ലിൻ്റെ കാവലാൾ  (വിജയ് സി. എച്ച്)
ഇക്കഴിഞ്ഞ റിപബ്ലിക് ദിനത്തിൽ ചെറുവയൽ രാമനെ തേടിയെത്തിയ പത്മശ്രീയ്ക്ക് നൂറു മേനി തിളക്കം!
കേരളത്തിൽ ആദ്യമായി ഒരു നെൽകൃഷിക്കാരൻ പത്മപുരസ്കാര നിറവിലെത്തിയത് ചിങ്ങക്കൊയ്ത്തിന് തയ്യാറായി നിൽക്കുന്ന പാടം കാണുമ്പോഴുള്ള ആഹ്ളാദമാണ് ഓരോ മലയാളിയ്ക്കും നൽകുന്നത്.
കാലഹരണപ്പെട്ടു കൊണ്ടിരിയ്ക്കുന്ന അമ്പത് അപൂർവ ഇനം നെൽവിത്തുകൾ തൻ്റെ മൂന്നേക്കർ പാടത്ത് കൃഷി ചെയ്തു സംരക്ഷിച്ചു പോരുന്ന മഹത്തായ ദൗത്യത്തിനുള്ള അംഗീകാരമാണ് ഈ വയനാട്ടുകാരൻ നേടിയ ദേശീയ പുരസ്കാരം.
"ഇത് കേരളത്തിലെ ഓരോ കർഷകൻ്റെയും വിജയമാണ്. ഞാൻ ഒരു നിമിത്തം മാത്രം," രാമേട്ടൻ എന്ന് എല്ലാവരും വിളിയ്ക്കുന്ന നെല്ലിൻ്റെ കാവലാൾ പറഞ്ഞു തുടങ്ങി...
🟥 ഇരട്ടി മധുരം
പ്രളയങ്ങളും, മണ്ണിടിച്ചിലും, സമയം പാലിക്കാതെയെത്തുന്ന പ്രാദേശിക മഴകളും, ലോകത്തൊട്ടാകെയുള്ള കാലാവസ്ഥാ വ്യതിയാനവും, ഒപ്പം കൃഷി ഉല്പന്നങ്ങളുടെ വിലയിടിവും മൂലം വലയുന്ന കൃഷീവലന്മാർക്ക് മീനമാസത്തിലെ കൊടുംചൂടിൽ എത്തിയ പുതുമഴയാണ് ഈ പുരസ്കാരം. പുതുമഴ, കുളിർമഴ! ഈ പത്മശ്രീയ്ക്ക് അതിനാൽ ഇരട്ടി മധുരമാണ്. ചോരനീരാക്കി കൃഷിചെയ്തുണ്ടാക്കുന്ന നെല്ലിനാണ് ഇന്ന് ഒരു വിലയുമില്ലാത്തത്. കൃഷിപ്പണി ആർക്കും വേണ്ടാതായി. രാജ്യം തന്ന ഈ അംഗീകാരം കേരളത്തിലെ നെൽകൃഷിക്കാരൻ്റെ ഉള്ളിൽ വീശിയ കുളിർക്കാറ്റാണ്. കാർഷിക സംസ്കൃതിയ്ക്കുള്ള അംഗീകാരം കൂടിയാണിത്!
🟥 'മുള്ളൻ കയമ'യുടെ പായസം
അവാർഡ് വിവരം അറിഞ്ഞതു മുതൽ 'മുള്ളൻ കയമ' നെല്ലിൻ്റെ അരികൊണ്ട് പായസമുണ്ടാക്കി വീട്ടിൽ എത്തുന്നവർക്കൊക്കെ കൊടുത്തുകൊണ്ടിരിയ്ക്കുന്നു! സന്തോഷം പങ്കിടാൻ നിത്യവും ദൂര ദിക്കുകളിൽ നിന്നു പോലും കൃഷിക്കാരും സാധാരണക്കാരും എത്തിക്കൊണ്ടിരിക്കുന്നു. എൺപതു ശതമാനം മൂപ്പിൽ കൊയ്തെടുത്ത മുള്ളൻ കയമയുടെ രുചി അറിഞ്ഞാൽ, പായസം മാത്രമല്ല, കഞ്ഞിയും, ചോറും, പലഹാരങ്ങളും അതു കൊണ്ടു ഉണ്ടാക്കിയതു മാത്രമേ ആരും കഴിയ്ക്കൂ! ഞാറു പറിച്ചു നട്ടതിനു ശേഷം, അഞ്ച്-അഞ്ചര മാസം വളർച്ചയുള്ള സുഗന്ധ നെല്ലാണ് മുള്ളൻ കയമ. അതിൻ്റെ വെള്ള തവിടിൻ്റെ സ്വാദ് ഒന്നു വേറെത്തന്നെയാണ്! 'മരത്തൊണ്ടി'യാണ് അടുത്ത രുചിയരി.
🟥 ഗോത്ര സംസ്കൃതി
വയനാട് ജില്ലയിലെ മാനന്തവാടി നഗരത്തിനടുത്തുള്ള എടവക പഞ്ചായത്തിലെ കമ്മന എന്ന ഗ്രാമ പ്രദേശത്താണ് പണ്ടുകാലം മുതലേ ഞങ്ങളുടെ ഗോത്രം താമസിച്ചു വരുന്നത്. മാനന്തവാടി പുഴയോടു ചേർന്നു കിടക്കുന്ന ഇടമാണ് എടവക. ജില്ലയിൽ അവശേഷിക്കുന്ന പുരാതന തറവാടുകളിലൊന്നാണ് ഞങ്ങളുടെ കുറിച്യ ഗോത്രം. കുറിച്യക്കാരായ ഞങ്ങളുടെ തൊഴിൽ മാത്രമല്ല, ജീവിത രീതിയും, സംസ്കൃതിയും കൂടിയാണ് നെൽകൃഷി. നെല്ലു കൂടാതെ, പല തരത്തിൽപ്പെട്ട മരങ്ങളും, ഔഷധസസ്യങ്ങളും, പച്ചക്കറികളും, പുല്ലുവർഗങ്ങളും ഞങ്ങൾ വളർത്തുന്നു. അമ്മാവൻ ആയിരുന്നു ഗോത്രത്തിൻ്റെ കാരണവർ. എൻ്റെ പതിനേഴാം വയസ്സിൽ അദ്ദേഹം മരിച്ചു. അതോടെ എഴുപതിലധികം കുടുംബങ്ങളുള്ള വലിയ തറവാടിൻ്റെയും, 22 ഏക്കർ കൃഷിഭൂമിയുടെയും, കന്നുകാലികളുടെയും ചുമതല ഏറ്റെടുക്കേണ്ടിവന്നു. അമ്മാവൻ എന്നെ ഏൽപിച്ചുപോയ നെൽവിത്തുകൾ കാത്തുസൂക്ഷിക്കുക എന്നതായിരുന്നു എനിയ്ക്കു ലഭിച്ച ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്വം. വർഷാവർഷം അവ കൃഷിചെയ്തു പുതിയ വിത്തുകൾ ഉൽപാദിപ്പിക്കേണ്ടേ? എൻ്റെ കയ്യിൽ വന്നുചേർന്ന വിത്തിനങ്ങളെ ഞാൻ കഷ്ടപ്പെട്ട് സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്തു. കാരണവന്മാർ കാത്തുസൂക്ഷിച്ചു കൈമാറിയെത്തിയ അപൂർവ നെൽവിത്തുകളാണവ. നാടിനു വേണ്ടി, നാളേയ്ക്കു വേണ്ടി അവ കാത്തുസൂക്ഷിച്ചേ മതിയാകൂ. എന്നാൽ, നാട്ടിൽ പൊതുവെ സംഭവിച്ചുകൊണ്ടിരിയ്ക്കുന്ന അണുകുടുംബ വ്യവസ്ഥിതി കുറിച്യാ ഗോത്രത്തെയും സ്വാധീനിച്ചു. പലർക്കും നെൽകൃഷിയോട് താൽപര്യമില്ലാതായി. തുടർന്ന് കൃഷിഭൂമി വിഭജിയ്ക്കപ്പെട്ടു. അവസാനം എനിയ്ക്കു വന്നുചേർന്നത് മൂന്ന് ഏക്കർ ഭൂമിയും അമ്പതിനം നെൽവിത്തുകളുമാണ്.
🟥 കൃഷിരീതി
നേരിട്ടു വിതക്കേണ്ടതാണെങ്കിൽ, വെള്ളത്തിൻ്റെ ലഭ്യതയും കാലാവസ്ഥയും കണക്കിലെടുത്ത് പാടത്തിൻ്റെ ഇത്തിരി ഇടത്ത് ഒരോ വിത്തും വളർത്തുന്നു. മണ്ണിൻ്റെ വളക്കൂറും ഒരു ഘടകമാണ്. ഞാറു വളർത്തി പറിച്ചു നടേണ്ട ഇനമാണെങ്കിൽ, അങ്ങനെ ചെയ്യുന്നു. പന്നിമൂക്കിൻ്റെ ഇരുവശത്തും ഞാറിൻ മുടികൾ കെട്ടിത്തൂക്കി, ചുമലിലേറ്റി നടാൻ ഉദ്ദേശിക്കുന്ന ഇടത്തേക്കു കൊണ്ടുപോകുന്നു. ഓക്കവെളിയൻ, ചേറ്റുവെളിയൻ, മണ്ണുവെളിയൻ മുതലായ ഇനങ്ങൾ രണ്ടു മീറ്ററോളം ഉയരത്തിൽ വളരും. ഇവയുടെ നെല്ലു വിളയാൻ ഏകദേശം ആറു മാസം വേണം. മരത്തൊണ്ടി, പാൽവെളിയൻ, കരിമ്പായ വിത്തുകൾ ഒന്നര മീറ്റർ ഉയരത്തിൽ വളർന്ന്, അഞ്ചു മാസം കൊണ്ടു മൂപ്പെത്തും. ഓണമൊട്ടനും, കുന്നൻകുളമ്പനും, കുങ്കുമശാലിയ്ക്കും മറ്റും നാലു മാസത്തെ വളർച്ചയേയുള്ളൂ. തൊണ്ണൂറാംതൊണ്ടിയും, കുഞ്ഞുഞ്ഞിയും, കുഞ്ഞിച്ചീരയും മൂന്നു മാസത്തിൽ കൊയ്യാം. തലമുറകളായി സംരക്ഷിച്ചു കൈവശം വന്നവയാണ് ഈ വിത്തുകൾ. പുതിയ കാലത്തെ കർഷകർക്കും, സാധാരണ മലയാളികൾക്കും ചിലപ്പോൾ കേട്ടുപരിചയം കൂടിയില്ലാത്ത അറുപതിൽ പരം ഇനങ്ങൾ കൃഷി ചെയ്തുവന്നിരുന്ന മണ്ണാണിത്. പക്ഷെ, പ്രതികൂലമായ കാലവസ്ഥയും മറ്റു പ്രായോഗിക ബുദ്ധിമുട്ടുകളും നിമിത്തം, ഇപ്പോൾ അത് അമ്പത് ഇനങ്ങളായി ചുരുങ്ങി. വയനാടൻ പ്രദേശത്തെ വൃഷ്ടിയെ ആശ്രയിച്ചുവേണം വിത്തിറക്കാൻ. മുന്നെ കൃത്യമായി ലഭിച്ചിരുന്ന കുംഭമഴയും, മിഥുനമഴയും, ചിങ്ങമഴയും ഇക്കാലങ്ങളിൽ നാനാവിധമായിരിയ്ക്കുന്നു. അതത് ഇനത്തിന് യോജിക്കുന്ന ശീതോഷ്ണസ്ഥിതിയിലാണ് വിത്തുകൾ വിതയ്ക്കുന്നത്. അനുഭവം കൊണ്ടു നേടേണ്ടതാണ് ഈ ജ്ഞാനം. സർക്കാർ സഹായത്തിനൊന്നും നിൽക്കാതെ, സ്വന്തമായ നിലയിലാണാണ് ചിലവുകൾ വഹിയ്ക്കുന്നത്.
🟥 പൂർണ്ണമായും ജൈവകൃഷി
ഫലപുഷ്‌ടിയ്ക്കായി ചാണകവും, പച്ചിലവളങ്ങളും മാത്രമാണ് ഉപയോഗിക്കുന്നത്. രാസവളങ്ങളോ കീടനാശിനിയോ ഉപയോഗിക്കുന്നില്ല. മണ്ണിൻ്റെ പ്രതിരോധശക്തി കുറയാനുള്ള പ്രധാന കാരണം രാസവളങ്ങളാണ്. കീടങ്ങളെത്തി നെല്ലിനെ നശിപ്പിക്കുന്നതും ഇക്കാരണത്താലാണ്. ജനിതക വിത്തുകൾക്കും, സങ്കരയിനങ്ങൾക്കും കീടങ്ങളെ ചെറുക്കാനാനുള്ള ത്രാണിയില്ല. താൽക്കാലികമായ, ഉയർന്ന വിളവെടുപ്പ് ഉദ്ദേശിച്ചുകൊണ്ട് കൃഷിഭൂമിയെ ദുഷിപ്പിക്കുന്നതാണ് ക്രമേണ സസ്യജാലങ്ങളുടെ വംശംനാശത്തിൽ കലാശിയ്ക്കുന്നത്. നെൽവിത്തുകളുടെ കാവൽക്കാരനാകാനാണ് എൻ്റെ പ്രയത്നങ്ങളൊക്കെയും. ഒന്നും അന്യംനിന്നു പോകരുത്. പുതിയ തലമുറയ്ക്കു വേണ്ടി മറ്റെന്താണ് നമുക്കു കരുതിവെയ്ക്കാനുള്ളത്? നമ്മുടെ എല്ലാ പൈതൃകങ്ങളും, കാർഷിക സംസ്കൃതിയും കേടുവരാതെ സൂക്ഷിക്കാനും പരിപാലിക്കാനുമുള്ള വലിയ പ്രചോദനമാണല്ലൊ വന്നെത്തിയ ഈ പത്മശ്രീ പുരസ്കാരം തന്നെ!
🟥 ഹീനമായ പ്രകൃതിവിരുദ്ധ പ്രവർത്തനം
ഞണ്ടും, ഞവിഞ്ഞിയും, മണ്ണിരയുമെല്ലാം മണ്ണിൻ്റെ അവിഭാജ്യ ഘടകങ്ങളാണ്. അവ മണ്ണിൻ്റെ ഐശ്വര്യമാണ്. മണ്ണു സംരക്ഷണത്തിൽ അവയുടെ പങ്ക് നിസ്തുലമായതെന്ന് ശാസ്ത്രീയമായി തെളിയിച്ചതാണ്. എന്നാൽ, വിവേചനമില്ലാത്ത കീടനാശിനി പ്രയോഗം പ്രയോജനകരമായ ജീവജാലങ്ങളെയെല്ലാം മണ്ണിൽ നിന്ന് അകറ്റി. അങ്ങനെ മണ്ണിന് പ്രകൃത്യാ ഉള്ള പ്രതിരോധ ശക്തി നഷ്ടപ്പെട്ടു. മനുഷ്യൻ ചെയ്യുന്ന ഏറ്റവും ഹീനമായ പ്രകൃതിവിരുദ്ധ പ്രവർത്തനം കീടനാശിനി പ്രയോഗമാണ്. നാം പ്രകൃതിയിലേയ്ക്കു തിരിച്ചു വരണം. മനുഷ്യൻ്റെ പ്രകൃതമാണ് പ്രകൃതി. മണ്ണിനെ സ്നേഹിച്ചു നോക്കൂ. അത് നമ്മെ ചതിക്കില്ല. സത്യമാണ് പ്രകൃതി!
🟥 അനുഭവങ്ങൾ സമ്പത്ത്
എനിയ്ക്ക് അഞ്ചാം ക്ലാസ്സു വരെ മാത്രമേ പഠിക്കാൻ കഴിഞ്ഞുള്ളൂ. അപ്പോഴേക്കും ബാദ്ധ്യതകൾ ഏറ്റെടുത്ത് വയലിൽ ഇറങ്ങേണ്ടിവന്നു. കാർഷിക അനുഭവങ്ങളും ജീവിതാനുഭവങ്ങളുമാണ് എൻ്റെ ഏറ്റവും വലിയ സമ്പത്ത്. വിത്തുസംരക്ഷണ രീതികളും കൃഷി സമ്പ്രദായങ്ങളും ചോദിച്ചറിയാൻ പലരും എൻ്റെ അടുത്ത് എത്താറുണ്ട്. എല്ലാവരും എന്നെക്കാളും വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ്. ഡെൽഹിയിലെ ജെ.എൻ.യു-വിൽ നിന്നു പോലും വിദ്യാർത്ഥികൾ എത്താറുണ്ട്. കാർഷിക മേഖലയിൽ ഗവേഷണം ചെയ്യുന്നവർ പതിവു സന്ദർശകരാണ്. മെല്ലെ, മെല്ലെ മാധ്യമങ്ങൾ എനിയ്ക്ക് 'വിത്തച്ഛൻ' എന്ന വിശേഷണം നൽകി. ഇംഗ്ളീഷ് പത്രങ്ങളിലും മേഗസീനുകളിലും 'ജീൻ ബേങ്ക്' എന്നായി സ്ഥാനനാമം! വെള്ളാനിക്കരയിലെ കേരള കാർഷിക സർവകലാശാലയുടെ ജനറൽ കൗൺസിലിൽ ഉള്ളവരെല്ലാം കാർഷിക ശാസ്‌ത്രജ്ഞന്മാരും വലിയ വൈജ്ഞാനികരും മറ്റുമാണ്. കൗൺസിലിൽ എന്നെപ്പോലെ ഒരംഗം ഞാൻ മാത്രമേയുള്ളൂ. ഇതും ഒരു ജീവിതാനുഭവമല്ലേ!
🟥 വിത്തുകൾ വില്പനയ്ക്കില്ല
വളരെ അടുത്ത ആത്മബന്ധമാണ് വിത്തുകളോടുള്ളത്. കഷ്ടപ്പാടുകൾ ഏറെ സഹിച്ചാണ് അവയെ കാത്തുസൂക്ഷിക്കുന്നതും. അതിനാൽ അവ വിപണനം ചെയ്യാൻ മനസ്സു വരാറില്ല. വിത്തുകൾ തേടിയെത്തുന്നവർ ആവശ്യപ്പെടുന്ന ഇനങ്ങൾ നൽകാറുണ്ട്. അത് കൊണ്ടുപോയി അവരുടെ ഭൂമിയിൽ വിതച്ചുണ്ടാക്കുന്ന നെല്ലിൽ നിന്ന് ഞാൻ നൽകിയ അത്രയും അളവ് തിരിച്ചു നൽകണമെന്നേ ആവശ്യപ്പെടാറുള്ളൂ. കൃഷി ഒരു തൊഴിൽ മാത്രമല്ല, ഒരു പരമ്പരാഗത ജീവിതരീതിയും കൂടിയാണ്. ശ്രേഷ്ഠമായൊരു പരിഷ്‌കൃതിയാണ്. വിത്ത് വിതയ്ക്കാനും, ഞാറ് പറിക്കാനും, നടാനും, ജലസേചനത്തിനും, വളം ചേർക്കുന്നതിനും, കൊയ്യുന്നതിനും, മെതിക്കുന്നതിനും, നെല്ലുകുത്തുന്നതിനും പാട്ടുകളുണ്ട്. എല്ലാ പാരമ്പര്യനിഷ്ഠകളും നിലനിർത്തി കൊണ്ടുപോകണം.
🟥 പ്രകൃതിസൗഹൃദ ഭവനം
നൂറ്റമ്പതിലേറെ വർഷത്തെ പഴക്കമുള്ള വീട്ടിലാണ് ഞങ്ങൾ താമസിക്കുന്നത്. മണ്ണും ചെളിയും ഉപയോഗിച്ചു നിർമ്മിച്ച ഭിത്തികളും, വൈക്കോലും പുല്ലും ചേർത്തു മേഞ്ഞ മേൽഭാഗവും തികച്ചും പ്രകൃതിസൗഹൃദമാണ്. ട്രീറ്റ് ചെയ്തെടുത്ത മുളകളും വീട്ടിത്തടിയുമാണ് മേൽക്കൂര നിർമ്മിയ്ക്കാൻ ഉപയോഗിക്കുന്നത്. അമിതമായ ഉഷ്ണത്തെയും ശീതത്തെയും പ്രതിരോധിക്കാൻ പ്രാപ്തമാണ് ഇത്തരം നിർമ്മിതി. വയനാട്ടിൽ പണ്ടു മുതലേ എത്താറുള്ള പ്രകൃതി ക്ഷോഭങ്ങളെയും, അടുത്ത കാലത്തെത്തിയ രണ്ടു പ്രളയങ്ങളെയും ഞങ്ങളുടെ ഭവനം അതിജീവിച്ചു. പ്രകൃതിയോട് പറ്റുന്നത്ര ഇണങ്ങി ജീവിക്കാനാണിഷ്ടം.
🟥 ബ്രസീലിൽ ഇന്ത്യയുടെ പ്രതിനിധി
ബ്രസീലിലെ ബലേമിൽ വച്ചു നടന്ന അന്താരാഷ്ട്ര ശാസ്ത്ര കോൺഗ്രസ്സിൽ ഇന്ത്യയുടെ പ്രതിനിധിയായിരുന്നു. ഗോത്രവർഗക്കാരുടെ അവകാശങ്ങളും, ജൈവവൈവിധ്യത്തിൻ്റെ സംരക്ഷണവും എന്നതായിരുന്നു പ്രമേയം. അമ്പതു രാജ്യങ്ങളിലെ പ്രതിനിധികൾ എത്തിയിരുന്നു. സംഭാഷണം വിവർത്തനം ചെയ്യാൻ ആളുണ്ടായിരുന്നു. ബ്രസീലിൽ പോകുന്നതിനു മുന്നെ, ജൈവ വൈവിധ്യം ചർച്ച ചെയ്യാൻ ഹൈദരബാദിൽ ചേർന്ന കോൺഫറൻസിലും പങ്കെടുത്തു. വിവിധ കാർഷിക-സാംസ്കാരിക പരിപാടികളുമായി ബന്ധപ്പെട്ട് പല ഗൾഫു രാജ്യങ്ങളും സന്ദർശിച്ചു.
🟥 പുരസ്കാരങ്ങൾ
സംസ്ഥാന സർക്കാറിൻ്റെ 'കർഷക ജ്യോതി' പുരസ്കാരം കഴിഞ്ഞ വർഷം നേടുകയുണ്ടായി. അതിനു മുന്നെ, കേരള ഫോൿലോർ അക്കാദമിയുടെ 'പി. കെ. കാളൻ പുരസ്കാരം' ലഭിച്ചു. കൃഷി-നാടോടി വിജ്ഞാനീയത്തിൻ്റെ സംരക്ഷണത്തിൽ മികവു പുലർത്തുന്നവർക്കാണ് ഈ സംസ്ഥാന പുരസ്കാരം നൽകുന്നത്. മൂന്നു വർഷം മുന്നെ, കേന്ദ്ര സർക്കാരിൻ്റെ 'പ്ലേൻ്റ് ജിനോം സേവിയർ' പുരസ്കാരവും ലഭിച്ചിട്ടുണ്ട്. വിത്തുകളുടെ സംരക്ഷണം പരിഗണിച്ചാണ് ജിനോം സേവിയർ ലഭിച്ചത്. നിരവധി അവാർഡുകൾ വേറെയും നേടി. അവ തന്നവർക്കെല്ലാം നന്ദി പറയുന്നു.
🟥 കുടുംബം പ്രതീക്ഷ
എനിയ്ക്കിപ്പോൾ 73 വയസ്സായി. പത്നി ഗീതയും, മക്കളായ രമണിയും, രമേശനും, രജേഷും, രജിതയും, മരുമകൾ തങ്കമണിയും കൃഷിപ്പണിയിൽ വലിയ പിന്തുണയാണ് നൽകുന്നത്. പാരമ്പര്യം അവർ ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷ.
 
# Cheruvayal Raman Artcle by Vijai CH
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക