Image

സംശയം - ഒരു രോഗമാണ്. ആണോ? ആവില്ല (നര്‍മം: ചിഞ്ചു തോമസ്)

Published on 07 February, 2023
സംശയം - ഒരു രോഗമാണ്. ആണോ? ആവില്ല (നര്‍മം: ചിഞ്ചു തോമസ്)

ബുദ്ധി വികസിക്കുന്ന നാൾ മുതൽക്കേ എനിക്ക് എല്ലാത്തിനോടും സംശയമാണ്. എന്റെ സംശയങ്ങൾ എത്രെ ഉണ്ട് എന്ന്  ഉദാഹരണങ്ങൾ സഹിതം വ്യക്തമാക്കാം.

An apple a day keeps the doctor away, എന്ന് കേട്ടതും സംശയമന്യേ ആപ്പിൾ ദിവസവും കഴിച്ചു തുടങ്ങി. ആപ്പിളിന്റെ കുരുവും. 

മമ്മി പറഞ്ഞുതന്നു 'ആപ്പിളിന്റെ കുരു കഴിക്കരുത്'. 

'എന്താ കാരണം ' , ഞാൻ തിരക്കി. സ്വാഭാഭികം!

കാരണം പറയാൻ പാവം എന്റെ മമ്മിക്ക് അറിയില്ലായിരുന്നു. ഉത്തരം തരാത്തതുകൊണ്ട് പരമ പുച്ഛത്തോടെ മമ്മിയുടെ ഉപദേശം തള്ളി കുരുവടക്കം ആപ്പിൾ കഴിച്ചുതുടങ്ങി. ദിവസം ഒരെണ്ണം വെച്ച് മാത്രം  കഴിച്ചതുകൊണ്ടും നാട്ടിൽ രുചിയുള്ള ആപ്പിൾ കിട്ടാത്തതുകൊണ്ടും അധികം നാൾ ആപ്പിൾ തീറ്റ തുടർന്നില്ല. അതുകൊണ്ട് ഇപ്പോഴും ജീവിച്ചിരിക്കുന്നു. ഗുരു എന്ന സിനിമയുടെ പ്രചോദനഫലമായി , ‘ഇനി നിങ്ങളൊക്കെ ഉപേക്ഷിക്കുന്ന കുരുവിൽ കണ്ണ്തുറക്കുന്നതിനായുള്ള എന്തെങ്കിലും ഉണ്ടോ’? എന്നുള്ള ഇതിനോട് അനുബന്ധമായ സംശയവും ആപ്പിൾ കുരു കഴിക്കാൻ എന്നെ പ്രേരിപ്പിച്ചു. എന്തായാലും ഇപ്പോഴും ജീവിച്ചിരിക്കുന്നു!

ജാക്ക്പോട്ട് എന്ന ഒരു സിനിമയിൽ കുതിര ഓടുന്നതുകണ്ട് ശിരകളിൽ രക്തപ്രവാഹം കേറി, ഏറി..ഇരിപ്പുറയ്ക്കാതെ 'നമ്മുടെ വീട്ടിലും ഉണ്ടല്ലോ നാല് കാലുകളുള്ള ജീവികൾ , അവറ്റകളെകൊണ്ട് എന്ത് പ്രയോജനം എന്ന് വിചാരിച്ച് , എന്നെ അവരുടെ മുതുകിൽ കയറ്റി വീടിന്റെ നാലുപാടും ഒന്നോടട്ടെ, നാല് പേര് കാണട്ടെ ' എന്ന് ചിന്തിച്ച് എരുത്തിലിൽ കെട്ടിയിരുന്ന പശുവിന്റെ മുകളിൽ വലിഞ്ഞു കയറാൻ നോക്കിയതും, വീട്ടിലെ സംശയംകൂടിയ കൊച്ചാണെന്ന് കരുതി, യജമാനനോടുള്ള കൂറ് കൊണ്ട് അധികം പരുക്കുകൾ വരുത്താതെ എനിക്കിട്ട് ചവിട്ടുകൾതന്നു ഓടിച്ചുവിട്ടതും, മാറി നിന്ന് കരഞ്ഞുകൊണ്ട് ചവിട്ടുകിട്ടിയ ഭാഗം തിരുമ്മുന്നതും ഇന്നലത്തെപ്പോലെ ഇന്നും ഓർക്കുന്നു. പശുവിന്റെ പുറത്ത് കയറ്റാത്തതിലുള്ള അമർഷം എനിക്ക് ഉണ്ടായിരുന്നു കുറേ നാൾ അവളോട്. 

എന്റെ തീരെ കുഞ്ഞിലേ, ‘തേപ്പുപെട്ടി തൊടരുത് , കൈപൊള്ളും’, എന്ന് കേട്ടിട്ട്  ‘എന്താണ് കൈ പൊള്ളൽ’? എന്ന് സംശയം ചോദിച്ചു തുടങ്ങി. ചൂടാണ് എന്ന് പറഞ്ഞുതന്നുനോക്കി. ‘ചൂട് ആയാൽ എങ്ങനെ കൈപൊള്ളും’? എന്നായി എന്റെ അടുത്ത സംശയം. ഗത്യന്തരം ഉണ്ടായില്ല മമ്മിക്ക്. സംശയം മാറാതെ എനിക്കും. അവസാനം പൊള്ളൽ എന്താണ് എന്നറിയാൻ തേപ്പുപെട്ടിയിൽ കൈ വെച്ചു നോക്കേണ്ടി വന്നു. അപ്പോൾ മമ്മി കൈ വെള്ളയിൽ ഐസ് വെച്ചു തന്നു. അന്ന് ഐസിന്റെ കോച്ചുന്ന തണുപ്പ് എന്താണെന്ന് സംശയമില്ലാതെ മനസ്സിലാക്കി.

Gravitational force അഥവാ ഗുരുത്വാകർഷണ ബലം എന്താണെന്ന് പഠിച്ച കാലം. അന്നൊക്കെ പേരക്ക എടുത്ത് റോഡിന്റെ മുകളിലേക്ക് വീടിന്റെ വക്കത്തുനിന്നും എറിയും. പേരക്ക മുകളിലോട്ടുപോയിട്ട് താഴേക്ക് പതിക്കും. പതിക്കുന്നത് റോഡിൽക്കൂടി പോകുന്ന ലോറിയുടെ ഗ്ലാസ്സിലേക്കോ ഒക്കെ ആയിരിക്കും. ചിലപ്പോൾ ലോറിക്കാർ ഏറു വരാൻ സാധ്യതയുള്ള വീട്ടിലോട്ടൊക്കെ അന്വേഷിച്ചു പോകും. മമ്മി കൈ മലർത്തും. സ്വാഭാവികമായ സംശയ ധ്രുവീകരണങ്ങൾ മാത്രം!

അങ്ങനെ സംശയങ്ങൾ! അത് മാറ്റാനുള്ള ഉദ്യമങ്ങൾ!  എല്ലാം കുഴപ്പം പിടിച്ചതും അപകടകാരിയുമാണ്. എങ്കിലും സംശയങ്ങളാണ് മനുഷ്യരെക്കൊണ്ട് കൂടുതൽ ചിന്തിപ്പിക്കുന്നത്. ഇപ്പോഴും ഉത്തരം കിട്ടാത്ത പല സംശയങ്ങളും എനിക്കുണ്ട്. സംശയ ധ്രുവീകരണത്തിനുള്ള പല ഉദ്യമങ്ങളും എന്നെ ഹരം കൊള്ളിക്കാറുമുണ്ട്. 

എന്റെ സംശയങ്ങൾക്ക് സമാനമായ സംശയങ്ങൾ ഈ ഇടയായി കേട്ടുതുടങ്ങി. 

സീബ്ര ക്രോസ്സ് ചെയ്യുമ്പോൾ സീബ്ര ക്രോസ്സിങ് , അപ്പോൾ ക്യാമൽ ക്രോസ്സ് ചെയ്യുമ്പോൾ അത് ക്യാമൽ ക്രോസ്സിങ് ആകുമോ ? , എന്റെ മകന്റെ സംശയം. തികച്ചും സ്വാഭാവികമായ സംശയം!

ഞാൻ ചോദിച്ചു സീബ്രയും ക്യാമൽഉം ഒക്കെ ആണോടാ റോഡ് ക്രോസ്സ് ചെയ്യുന്നേ? മനുഷ്യരെല്ലിയോ? 

തീർത്തും പുച്ഛത്തോടെ അവൻ എന്നോട് ചോദിച്ചു ,' പിന്നെ എന്തുകൊണ്ട് ഹ്യൂമൻ ക്രോസ്സിങ് എന്ന് ഇട്ടില്ല'?

ഉത്തരമില്ല. നിറം കറുപ്പ് വെളുപ്പ് എന്നൊക്കെ പറയാൻ എനിക്ക് തന്നെ ഒരു വിശ്വാസക്കുറവ്. ഒരു സംശയം! 

“ഏതായാലും നീ അത് വിട്ടുകള. പോട്ടെ! അതുകാരണം നീ റോഡ് ക്രോസ്സ് ചെയ്യുമ്പോൾ തോന്നിയപോലെ പോവണ്ട. ക്ഷമിച്ചേക്ക്”, എന്നൊക്കെ പറഞ്ഞ് അവനെ ആശ്വസിപ്പിച്ചു.

അവൻ ആണുങ്ങളേയും പെണ്ണുങ്ങളേയും കുറിച്ച് പല വിധത്തിലുള്ള സംശയങ്ങൾ എന്നോട് വിശ്വാസത്തിന്റെ പുറത്ത് ചോദിക്കുന്നുണ്ട്. അതിനൊക്കെ ‘ക്ഷമിക്ക് മോനെ കുറച്ചു നാൾകൂടെ , സമയമാകുമ്പോൾ നീ എല്ലാം മനസ്സിലാക്കും’ എന്ന് ഉപദേശിച്ചു കൊടുക്കുന്നുണ്ട്. 

എന്റെ കുട്ടിക്കാലത്തും എനിക്ക് ഇതേ സംശയം തോന്നിയിട്ടുണ്ട്. ഞാൻ അത് മമ്മിയോടോഡാഡിയോടോചോദിക്കാൻ നിൽക്കാതെ എന്നെ അക്ഷരം പഠിപ്പിച്ച മാഷിനോട് നേരിട്ട് കാണിച്ചു ചോദിച്ചു. ആ സംഭവം ഇങ്ങനെയാണ് : എന്നെ കുളിപ്പിക്കുകയായിരുന്നു ജോലിക്കാരി. ഞങ്ങൾ പരസ്പരം വെള്ളം എറിഞ്ഞും ചിരിച്ചും കളിച്ചും രസിച്ചു കുളിച്ചു. അപ്പോഴാണ് എനിക്ക് ആണുങ്ങളെക്കുറിച്ച് സംശയം തോന്നിയത്. ആ സമയം വീട്ടിൽ ആണായി എന്നെ പഠിപ്പിക്കാൻ വന്ന സാർ മാത്രം. സാറിനോട് തന്നെ സംശയം ചോദിക്കാം, എനിക്ക് മലയാള അക്ഷരം പറഞ്ഞു മനസ്സിലാക്കിത്തെരുന്ന സാർ ആണ്. സാറിന് ഇതൊക്കെ വരും നിസ്സാരമാകും എന്ന് ഞാൻ ഓർത്തു. എന്നെ തോർത്തുന്ന വഴി ഞാൻ ഓടി സാറിന്റെ അടുത്തു പോയി. കൊച്ചു കുട്ടിയെല്ലേ ഞാൻ! പോയി ഉടുപ്പിട് കൊച്ചേ, എന്ന് പറഞ്ഞ് സാർ ചായ കുടി തുടർന്നു. ഞാൻ അപ്പോൾ സംശയം ചോദിച്ചിട്ടുണ്ടായിരുന്നില്ല. 
സാർ, സാറിന്  ഈ വക സാധനങ്ങളൊക്കെ ഉണ്ടോ എന്ന് വളരെ നിഷ്കളങ്കമായി ഞാൻ ചോദിച്ചു. ജോലിക്കാരി ‘ഇങ്ങോട്ടു വാ കൊച്ചേ’എന്ന് അലറി, സാർ ‘പോ കൊച്ചേ’ എന്ന് അമറി. ഇവരുടെ അലർച്ച കേട്ട് മമ്മി അടുക്കളയിൽനിന്ന് ഓടി വന്നു. ‘പോയി തുണിയിട് കൊച്ചേ’ എന്ന് പറഞ്ഞ് മമ്മിയും വേലക്കാരിയും എന്നെ പിടിച്ചു വലിച്ചുകൊണ്ടു പോയി. ആ സംഭവം പറഞ്ഞ് വീട്ടിൽ എപ്പോഴും ചിരിയായിരുന്നു. സാർ ഡാഡിയെ അക്ഷരം പഠിപ്പിച്ചിരുന്ന സാർ ആയിരുന്നു. പക്ഷേ ആ സംശയം ‘പിന്നെ മനസ്സിലാകും’ എന്നൊന്നും ആരും എനിക്ക് പറഞ്ഞുതന്നില്ല!

അവളുടെ സംശയം അറിവുകേടായിക്കണ്ട് കുട്ടിത്തമായിക്കണ്ട്  ക്ഷമിച്ചേക്ക് , മമ്മി സാറിനോട് പറഞ്ഞു.

എന്റെ പരാക്രമങ്ങൾ കണ്ട സാർ ചിരിച്ചു ചിരിച്ചു എങ്ങനെയോ പറഞ്ഞൊപ്പിച്ചു, ‘സംശയം ശെരിക്കും നല്ലതാണ്.. ‘ 

# humor Article by chinchu Thomas

Join WhatsApp News
Mary Mathew 2023-02-07 07:43:35
Doubt is a sign of intelligence Don’t worry But make it clarify with your kids Otherwise they go through deferent backroads and end up in deep ponds and drown
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക