Image

മഹാസഖ്യത്തെ പുനര്‍ജീവിപ്പിക്കാന്‍ (ലേഖനം: സാം നിലമ്പള്ളില്‍)

Published on 09 February, 2023
മഹാസഖ്യത്തെ പുനര്‍ജീവിപ്പിക്കാന്‍ (ലേഖനം: സാം നിലമ്പള്ളില്‍)

പാമ്പും കീരിയും കരടിയും പുലിയും കൂടിച്ചേര്‍ന്ന് പണ്ടത്തെ മഹാസഘ്യം ഒന്നുകൂടി പരീക്ഷിക്കാനാണ് നമ്മുടെ കാരണഭൂതനായ പിണറായി വിജയനും,  ബീഹാറലെ അവസരവാദി രാഷട്രീയക്കാരനായ നീതീഷ് കുമാറും പിന്നെ കേജരിവാളെന്ന കുറ്റിച്ചൂലും ബാക്കി പ്രധാനമന്ത്രിസ്ഥാന മോഹികളുംകൂടി വിഘനടവാദി ചന്ദ്രശേഖര റാവുവിന്റെ കാര്‍മ്മികത്വത്തില്‍  തെലുങ്കാനയിലെ ഖമ്മത്ത് സമ്മേളിച്ചത്.പൂജാകര്‍മ്മങ്ങളോടെ തുടങ്ങിയ മഹാസമ്മേളനത്തില്‍ കേരളമുഖ്യനും കൈകൂപ്പിനിന്ന് ദൈവങ്ങളുടെ അനുഗ്രഹങ്ങള്‍ക്കുവേണ്ടി  കണ്ണീരോടെ പ്രാര്‍ത്ഥിക്കുന്ന പടം പത്രങ്ങളില്‍കണ്ട് കേരളജനത അത്ഭുതപ്പെട്ടു., ഇങ്ങനെയും ഒരു ഭക്തിയോ?

ഈ മഹാന്മാരെല്ലാം അവിടെകൂടിനിന്ന് പ്രാര്‍ത്ഥിച്ചത് 2024 ല്‍ നടക്കാന്‍പോകുന്ന ലോകസഭാ  ഇലക്ഷനില്‍ ബി ജെ പിയെയും നരേന്ദ്ര മാദിയെയും തറപറ്റിച്ച് തങ്ങളുടെ സഖ്യത്തിന് രാജ്യംഭരിച്ച് കുട്ടിച്ചേ റാക്കാന്‍ ഒരവസരംകൂടി നല്‍കണമേയെന്നാണ്. പണ്ടും ഇതുപോലെ മഹാസഖ്യങ്ങളുണ്ടാക്കി ഭരിച്ചുനോക്കിയതാണല്ലോ. അന്ന് സ്ഥനമാനങ്ങള്‍ക്കുവേണ്ടി തെരുവുപട്ടികളെപ്പോലെ കടിപിടികൂടി രാജ്യസമ്പത്ത് ഓരോരുത്തരുടെയും കീശയിലാക്കി കാലാവധികഴിയുംമുന്‍പ്  പടിയിറങ്ങിയ വീരന്മാരാണല്ലോ ഇവരൊക്കെ.. ഈപ്രാവശ്യം അങ്ങനെയൊന്നും സംഭവിക്കത്തില്ലെന്ന് ആണയിട്ട്പറഞ്ഞ്  ജനമെന്ന കഴുതയെ  വിശ്വസിപ്പിക്കാനായാല്‍ ഭവിജയീഭവ' എന്ന് അവര്‍ ആശംസിച്ചെങ്കിലോ?

അവിടെയാണല്ലോ പ്രശ്‌നം. ജനം പഴയതെല്ലാം മറന്ന് വോട്ടുനല്‍കി വിജയിപ്പിച്ചാല്‍തന്നെ ആരാകും പ്രധാനമന്ത്രി?  

എല്ലാംകൊണ്ടും പ്രധാനമന്ത്രിസ്ഥാനത്തിന് യോഗ്യന്‍ താന്‍തന്നെയാണന്ന് നമ്മുടെ വയനാടന്‍ പപ്പുക്കുട്ടന്‍. കന്യാകുമാരിമുതല്‍ കാഷ്മീര്‍വരെ താടിവടിക്കാതെ കണ്ടെയ്‌നര്‍ യാത്രനടത്തി ജനപിന്‍തുണ ആര്‍ജ്ജിച്ചവനാണ് ഞാന്‍. തന്നെയല്ല ഒരു പ്രധാനമന്ത്രി കുടുംബത്തില്‍ ജനിച്ചവനാണ്. പിന്‍തുടച്ചാവകാശം അനുസരിച്ച് എനിക്കാണ് ചീട്ടുവീഴേണ്ടത്. 

അതങ്ങ് പള്ളീപ്പോയി പറഞ്ഞാല്‍മതിയെന്ന് ബീഹാര്‍ മുഖ്യന്‍ നിതീഷ് കുമാര്‍. എന്റെ ജാതകത്തിലുണ്ട് ഞാന്‍ പ്രധാനമന്ത്രിയാകുമെന്ന്. ജാതകം എഴുതിയിരിക്കുന്നത് മറ്റാരുമല്ല, ബംഗളൂരിലെ മഹാജോത്സ്യനായ ദേവഗൗഡസ്വാമിയാണ്. അദ്ദേഹത്തിന്റെ ജാതകത്തിലും ഉണ്ടായിരുന്നു ഇതുപോലൊരു നിയോഗം. എന്തുചെയ്യാന്‍ ഒരുവര്‍ഷംപോലും തികച്ചുഭരിക്കാന്‍ അദ്ദേഹത്തിന് ഭാഗ്യമുണ്ടായില്ല. പ്രധാനന്ത്രിയാകാന്‍ പപ്പുക്കുട്ടന്‍ തെക്കുവടക്കാണ് നടന്നതെങ്കില്‍  കിഴക്കുപടിഞാറ് കാറിലോ ട്രെയിനിലോ യാത്രക്ക്  ഞാനും തയ്യാറാണ്.

'ഇങ്ങനെ അങ്ങോട്ടുമിങ്ങോട്ടും നടന്നാല്‍ പ്രധാനമന്ത്രിയാകാമെന്ന് ആരും മോഹിക്കേണ്ട. എന്നെനോക്കു. ഞാന്‍ ആന്ധ്ര സംസ്ഥാനത്തെ രണ്ടായി കീറിമുറിച്ചവനാണ്. പ്രധാനമന്ത്രയായാല്‍ ഇതുപോലെ എല്ലാസംസ്ഥാനങ്ങളെയും മൂന്നോനലോ കഷണങ്ങളായി മുറിക്കാന്‍ എനിക്ക് സാധിക്കും. അതൊരു വിപ്‌ളവപരമായ നടപടില്ലേ? അവസരോചിതമായി അഭിപ്രായങ്ങള്‍ മാറ്റിമറിക്കാനുള്ള എന്റെ കഴിവിനെയോര്‍ത്ത് തെലുങ്കാനയിലെ കുരങ്ങന്മാര്‍വരെ അസൂയപ്പെടാറുണ്ട്.' 

'തനിക്ക് അങ്ങനെയുള്ള അതിമോഹങ്ങളൊന്നും ഇല്ലന്ന് പിണറായി സഹാവ് തീര്‍ത്തുപറഞ്ഞു. വയസായി വരികയാണ് , അമേരിക്കയിലൊക്കെപോയി ചികിത്സയൊക്കെ കഴിഞ്ഞുവന്നതാണ്. തന്നെയല്ല കേരളത്തിലൊഴികെ ഇന്‍ഡ്യയില്‍ മറ്റൊരിടത്തും മേമ്പൊടിക്കുപോലും ഒരു കമ്മ്യൂണിസ്റ്റുകാരനെ കാണാനില്ല. ആകെയുള്ളത് ഒരു യച്ചൂരിയാണ്.  അതുകൊണ്ട് ആര് പ്രധാനമന്ത്രി ആയലും ഞങ്ങളുടെ ഒന്നോരണ്ടോ എം പി മാരുടെ (അത്രയും പറയാനെ ഇപ്പോള്‍ സാധിക്കുന്നുള്ളു) പിന്‍തുണ വാഗ്ദാനം ചെയ്യുന്നു. പിന്നെ നിങ്ങള്‍ നിര്‍ബന്ധിക്കുകയാണെങ്കില്‍ എന്റെ മരുമകനെ പ്രധാനമന്ത്രിയാക്കുന്നതില്‍ എനിക്ക് വിരോധമില്ല. കുടുംബ പാരമ്പര്യവും പറഞ്ഞുകൊണ്ട് ഒരുപയ്യന്‍ ഇതിലേ പോകുന്നതുകണ്ടു. എര്‍ കണ്ടീഷന്‍ചെയ്ത കണ്ടെയ്‌നറിലിരുന്നുകൊണ്ട് യാത്രചെയ്താല്‍ പ്രധാനമന്ത്രിയാകാമെന്ന് ഇയാളോട് ആരാണ് പറഞ്ഞത്. ഗാന്ധിജി ചെരുപ്പുപോലുമില്ലാതെ വെയിലും മഴയും സഹിച്ചാണ് പദയാത്രകള്‍ നടത്തിയതെന്ന് പുതിയ ഗന്ധി അറിഞ്ഞിരിക്കേണ്ടതാണ്.

'നിങ്ങള്‍ മഹാസഘ്യമോ മഹത്തല്ലാത്ത സഘ്യമോ എന്തുവേണമെങ്കിലും രൂപീകരിച്ചുകൊള്ളു.' ബംഗാളില്‍നിന്ന് ഒരു പെണ്‍കടുവായുടെ മുരള്‍ച്ച കേട്ടു. 'പക്ഷേ, പ്രധാനമന്ത്രയെ തെരഞ്ഞെടുക്കുമ്പോള്‍ ഞാന്‍കൂടി അവിടെവേണം. ബംഗാളില്‍ എന്റെ സ്വധീനം പഴയതുപോലെ ഇല്ലെന്നാണ്  ജനങ്ങള്‍ പറയുന്നത് .സിംഗൂരും നന്ദിഗ്രാമും പഴങ്കഥയായി മാറിക്കഴിഞ്ഞു. പുതിയ തലമുറക്ക് അതിലൊന്നും വലിയ താല്‍പര്യമില്ല. അവരൊക്കെ ഇപ്പോള്‍ നരേന്ദ്ര മാദിയെയാണ് ഹീറോയായി കാണുന്നത്. അടുത്ത ലോക്‌സഭാ ഇലക്ഷനില്‍ ബംഗാളില്‍ സീറ്റുകളെല്ലാം ബി ജെ പി തൂത്തുവാരുമെന്നാണ് ത്രിണമുല്‍കോണ്ഗ്രസ്സുകാരുടെ അഭിപ്രായം. അതുകൊണ്ടാണ് ഞാനുംകൂടി നിങ്ങളുടെകൂടെ ചേരാമെന്ന് വിചാരിക്കുന്നത്. പ്രധാനമന്ത്രി ആകുകയെന്നത് എന്റെ വലിയൊരു മോഹമാണ്.'

'ഈ പെണ്ണുംപിള്ള ഉണ്ടെങ്കില്‍ ഞാനും എന്റെ പാര്‍ട്ടിയും സഖ്യത്തിനില്ല, ഒള്ളകാര്യം  ഇപ്പോഴേ പറഞ്ഞേക്കാം.' പിണറായി ചൂടായി.  'ഞങ്ങടെ അന്നംമുട്ടിച്ച സ്ത്രീയാണിവര്‍. പത്തുമുപ്പത്തഞ്ചു വര്‍ഷങ്ങള്‍ സ്വന്തംപോലെ ഞങ്ങള്‍ കൊണ്ടുനടന്നിരുന്ന സംസ്ഥാനത്തിപ്പോള്‍ പാര്‍ട്ടിയുടെ കൊടിയും പൊടിയും കാണാനില്ല.'

'അത് നിങ്ങളുടെ കയ്യിലിരിപ്പിന്റെ ഫലമല്ലായിരുന്നോ, വിജയന്‍ സഹാവേ.' തെലുങ്കാനാ സിംഹം പല്ലിളിച്ചുകാണിച്ചു.'നല്ലതുപോലെ ഭരിച്ചിരുന്നെങ്കില്‍ സംസ്ഥാനം നഷ്ടപ്പെടുമായിരുന്നോ. ഇപ്പോള്‍ ബംഗാളികള്‍ നാടുവിട്ട് അന്യസംസ്ഥാനങ്ങളില്‍ മൈക്കാടുപണി ചെയ്യുകയല്ലേ., കുറെപേര്‍ നിങ്ങടെ കേരളത്തിലും ഉണ്ടല്ലോ കുറെപേര്‍'.

'തെലുങ്കാനാ റാവു അങ്ങനെപറയല്ലേ,' വിജയന്‍ ഇടപെട്ടു. 'നിങ്ങള്‍ ബൂര്‍ഷ്വാസികള്‍ക്ക് ഞങ്ങളുടെ തത്വസംഹിത എന്താണന്ന് അറിയാത്തുകൊണ്ടാണ് ഇങ്ങനെ പറയുന്നത്. നിങ്ങള്‍ക്ക് അറിയാമോ, സോവ്യറ്റ് യൂണിയന്‍ തകര്‍ന്നപ്പോള്‍ ഞങ്ങളുടെ ഹൃദയമാണ് പിളര്‍ന്നത്. പിന്നെ ചങ്കിലെ ചങ്കായ ചൈനയുണ്ടല്ലോ കമ്മ്യൂണിസം രക്ഷിക്കാനെന്ന ആശ്വസത്തിലാണിപ്പോള്‍. സദ്ദാം ഹുസൈനെ അന്നാട്ടുകാര്‍ തൂക്കിലേറ്റിയപ്പോള്‍ ഹര്‍ത്തല് നടത്തിയവരാണ് ഞങ്ങള്‍. ലോകത്തില്‍ മറ്റൊരിടത്തും, എന്തിന് ഇറാക്കില്‍പോലും, ഇങ്ങനെയൊരു പ്രതിക്ഷേധം ഉണ്ടായില്ല. കേരളത്തിലും പാര്‍ട്ടി ക്ഷീണിച്ചുകൊണ്ടിരിക്കയാണ്. കോണ്‍ഗ്രസ്സുകാരുടെ  പിടിപ്പുകേടുകൊണ്ടാണ് ഞങ്ങള്‍ പിടിച്ചുനില്‍കുന്നത്.'

'അതെല്ലാം ശരിതന്നെ പിണറായി സഹാവെ,' നിതീഷ്‌കുമാര്‍ പറഞ്ഞു. 'പക്ഷേ, എന്നെ പ്രധാനമന്ത്രിയാക്കണം. അതിന് നിങ്ങടെ ഒന്നല്ലെങ്കില്‍ രണ്ട് എം പി മാരുടെ പന്തുണ എനിക്കുണ്ടാകണം'

അതന്നേരം ആലോചിക്കാമെന്ന് പിണറായി

'അതിനുവെച്ചവെള്ളമങ്ങ് വാങ്ങിയേര് നിതീഷേ,' ചന്ദ്രശേഖര റാവു ഇടപെട്ടു. 'ഈ മീറ്റിങ്ങ് വിളിച്ചുകൂട്ടിയതുതന്നെ എന്നെ പ്രധാനമ്ന്തിസ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കണം എന്ന് നിങ്ങളോട് ആവശ്യപ്പെടാനാണ്.'

'ഞാന്‍ പിന്നെന്തിനാ ഡല്‍ഹീന്ന് മഫ്‌ളറും കഴുത്തില്‍ചുറ്റി ബദ്ധപ്പെട്ടുവന്നത്?' കേജരിവാള്‍ ക്ഷോഭിച്ചു.  'എന്നെ പ്രധാനമന്ത്രിയാക്കിയാല്‍ എല്ലാ ഇന്‍ഡ്യാക്കാര്‍ക്കും വൈദ്യതിയും വെള്ളവും സൗജന്യമായി നല്‍കും. വേണ്ടിവന്നാല്‍ പെട്രോളും സൗജന്യമാക്കും.'

'അതിനുള്ള പണം തന്റെ തറവാട്ടീന്ന് കൊണ്ടുവരുമോ കേജരീ? വെറുതെ വിടുവായത്തം പറയാതെ അടുത്ത ട്രെയിന്‍ പിടിക്കാന്‍നോക്ക്.' എല്ലാ പ്രധാനമന്ത്രി മോഹികളും ഒന്നിച്ചുപറഞ്ഞു

അങ്ങനെ മഹാസഘ്യം തുടക്കത്തിലെ തല്ലിപിരിഞ്ഞു.

സാം നിലമ്പള്ളില്‍.
samnilampallil@gmail.com

# Article by Sam Nilampallil

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക