(ഇതിനുമുന്‍പ് എന്റെ ഓര്‍മ്മകള്‍ എന്ന പേരില്‍ ചിലത് എന്തൊക്കെയോ ഞാന്‍ എഴുതുകയുണ്ട ായി.…ഇപ്പോള്‍ തോന്നുന്നു അതിനെ കുറിച്ച് വിശദമായ് എഴുതാം എന്ന്. കാരണം എന്റെ പേരക്കുട്ടികള്‍ക്കും മററുചില ബന്ധുമിത്രാദികള്‍ക്കും കൂടുതല്‍ അറിയണം എന്ന ആവശ്യപെടലും, ഇതൊക്കെ വരുംതലമുറകള്‍ക്കു പഴയകാര്യങ്ങള്‍ അറിയുവാന്‍ ഉപകരിക്കും എന്ന തിരിച്ചറിവും ആണ് ഈ എഴുത്തിനു പിന്നില്‍)
എന്റെ കുട്ടിക്കാലം
(കുട്ടിക്കാലത്തെ കുറിച്ചു പറയുമ്പോള്‍ എന്റെ ഇല്ലമായ 'കിള്ളിമംഗലം' വിശേഷങ്ങള്‍ പറയുന്നതോടൊപ്പം എന്റെ അമ്മാത്തായ 'ദേശമംഗലം' ഓര്‍മ്മകളും ഒരേപോലെ പറയാതെ വയ്യ. ഞാന്‍ ജനിച്ചതുതന്നെ അവിടെയായിരുന്നു. അങ്ങനെയുള്ളപ്പോള്‍ ഈ കുറിപ്പു തുടങ്ങുന്നത് എന്റെ ജനനം തൊട്ടുതന്നെയാവട്ടെ അല്ലേ.)
ആയിരത്തിതൊള്ളായിരത്തി മുപ്പത്തഞ്ച് (1935) ആഗസ്റ്റ് മുപ്പതാം തിയ്യതി ആണ് ഞാന്‍ ജനിച്ചത്. അതായത് കൊല്ലവര്‍ഷം ആയിരത്തി ഒരുനൂറ്റിപ്പതിനൊന്ന് (1111) ചിങ്ങമാസത്തിലെ ഉത്രം നക്ഷത്രത്തില്‍, തിയ്യതി ഓര്‍മ്മയില്ല (ഉത്രത്തില്‍ മുക്കാല്‍; സ്ത്രീകള്‍ക്ക് നല്ലതാണത്രെ).
അച്ഛന്റേയും അമ്മയുടേയും വിവാഹംകഴിഞ്ഞ് ആറേഴു കൊല്ലം കഴിഞ്ഞാണ് ഞാന്‍ ഉണ്ട ായത്. കുട്ടികള്‍ ഉണ്ടാവില്ലേ എന്ന് അമ്മയ്ക്ക് വിഷമം ഉണ്ട ായിരുന്നുവത്രേ. ഒരുപുലാശ്ശീരി ചിറ്റശ്ശിയമ്മയോട് 'എനിക്ക് അതിനൊന്നും ഭാഗ്യം ഉണ്ട ാവില്ലേ; ആവോ' എന്ന് പറയുമായിരുന്നുവത്രെ. ഏതായാലും കുട്ടിയുണ്ട ായി. എന്നാല്‍ ആ കുട്ടി വികലാംഗയായിരുന്നു എന്നു മാത്രം. അപ്പോള്‍ കുട്ടി ഉണ്ട ാവാതിരിക്കുക ആയിരുന്നു ഭേദം എന്ന് വിചാരിച്ചുവോ ആവോ? കാലിനായിരുന്നു കുഴപ്പം. പിന്നെ കാല്‍ ശരിയാവാന്‍ ഉഴിച്ചിലും ഷൂസ് ഇടുവിക്കലും ഒക്കെ ആയി ഒരുവിധം നടക്കാറായി. അപ്പോള്‍ സമാധാനം ആയിട്ടുണ്ട ാകും അമ്മക്ക്.
ഒരുപുലാശ്ശേരി ചിറ്റശ്ശിയമ്മ അമ്മാത്തെ (ദേശമംഗലം) മുത്തച്ഛന്റെ അമ്മാമന്റെ മകള്‍ ആയിരുന്നു. അമ്മയുടെ ചിറ്റശ്ശിയമ്മ ആയിരുന്നു. അവര്‍ രണ്ട ുപേരും സമപ്രായക്കാരും സുഹൃത്തുക്കളും ആയിരുന്നു. ഇല്ലത്തെ (കിള്ളിമംഗലം) മരുമകന്‍ (മുത്തശ്ശന്റെ ഓപ്പോളുടെ മകന്‍) കുഞ്ചുവേട്ടനാണ് ചിറ്റശ്ശ്യമ്മയെ വേളി കഴിച്ചിരുന്നത്.
എന്നേയും അനിയനേയും അമ്മാത്താണ് പ്രസവിച്ചത്. അതുകൊണ്ട ് അന്നൊന്നും ഇല്ലത്ത് താമസിച്ച ഓര്‍മ്മ എനിക്കില്ല. എന്നെ എടുത്ത് അമ്പലത്തില്‍ തൊഴുവിച്ച കാര്യം അച്ചോത്തെ രാമവാരിയരും മറ്റും പറഞ്ഞുകേട്ടിട്ടുണ്ട്.
അനിയനെ പ്രസവിച്ചതോടുകൂടി അമ്മ കിടപ്പിലായതിനാല്‍, അമ്മ മരിക്കുന്നതുവരെ ഇല്ലത്തേക്ക് അധികം പോയതായി എന്റെ ഓര്‍മ്മയില്‍ ഇല്ല. അനിയന്റെ ചോറൂണ് കഴിഞ്ഞപ്പോള്‍ ഗുരുവായൂര്‍ തൊഴീക്കാന്‍ കൊണ്ട ുപോകുന്നതിനുവേണ്ട ി എടോനെ മഹള്‍ മുത്തശ്ശിയമ്മ അമ്മാത്തുവന്നത് ഓര്‍മയുണ്ട ്. എന്നാല്‍ എന്തോ കാരണം കൊണ്ട ് ഗുരുവായൂര്‍ പോക്ക് നടന്നില്ല. ഒരുപക്ഷെ അമ്മക്ക് അസുഖം കൂടിയതുകൊണ്ട ാകാം പോകാതിരുന്നത്.
അനിയനെ നോക്കാന്‍ (പാല്‍ കൊടുക്കുക, മുതലായവക്ക്) കാര്‍ക്കൊള്ളിയമ്മയെ ഏര്‍പ്പാടാക്കി. എന്നാല്‍ കാര്‍ക്കൊള്ളിയമ്മയ്ക്ക് വൃത്തിപോരാ എന്നു പറഞ്ഞ് മൂത്തിരിങ്ങോട്ടെ ഇച്ചമ്മയാണത്രെ അനിയന്റെ കാര്യങ്ങള്‍ നോക്കിയിരുന്നത്. അനിയന് ചോറൂണിന് പുതിയ വളകള്‍ ഉണ്ട ാക്കിയപ്പോള്‍ 'എനിയ്ക്ക് ആ വളകള്‍ ഇടണം' എന്നു പറഞ്ഞു ഞാന്‍ വാശി പിടിക്കുമ്പോള്‍ മുത്തശ്ശിയമ്മ (അമ്മയുടെ അമ്മ) സമ്മതിക്കില്ല. 'ആയി' (ആയ കുട്ടികളെ നോക്കാന്‍ നിലക്കുന്ന സ്ത്രീ, ആയി എന്നാണ് ഞങ്ങള്‍ വിളിച്ചിരുന്നത്) ഊണു കഴിക്കുമ്പോള്‍ വിളമ്പിയ ചോറു മുഴുവന്‍ ആയിതന്നെ ഉണ്ണണം എന്നു പറഞ്ഞു ഞാന്‍ വാശി പിടിച്ചിരുന്നുവത്രേ. എന്തിനെന്ന് ഇല്ലാതെയാണ് ഞാന്‍ വാശി പിടിച്ചിരുന്നത്. എന്നാല്‍ എന്നെ ആരും ശിക്ഷിക്കുന്നത് അമ്മയ്ക്ക് ഇഷ്ടമായിരുന്നില്ല. അമ്മാത്ത് താമസിക്കുമ്പോള്‍ ഒരു പ്രാവശ്യം അച്ഛന്റെ കൈയില്‍നിന്നും, ഒരിക്കല്‍ മുത്തശ്ശന്റെ കൈയില്‍നിന്നും അടി കിട്ടിയിട്ടുണ്ട്.
രാത്രിയില്‍ എനിക്ക് ഒരു മരുന്നു കഴിക്കാന്‍ ഉണ്ട ായിരുന്നു. ചൂടുവെള്ളം ചേര്‍ത്താണ് മരുന്നു കഴിക്കേണ്ട ത്. ഫ്‌ളാസ്‌കില്‍ ചൂടുവെള്ളം ഉണ്ട ാക്കി അടുക്കളയില്‍ ജനലിന്മേല്‍ വയ്ക്കും. ആരെങ്കിലും മരുന്ന് എടുത്തു തരും. അങ്ങനെ ആയിരുന്നു പതിവ്. ഒരു ദിവസം ഞാന്‍തന്നെ ഫ്‌ളാസ്‌ക് എടുത്തു ഗ്ലാസ്സിലേക്ക് വെള്ളം ഒഴിച്ചപ്പോള്‍, വെള്ളം എന്റെ കാലിന്മേല്‍ക്കൂടി ഒഴുകി. ചൂട് സഹിക്കാതെ ഞാന്‍ കരച്ചിലായി. വെള്ളം വീണിടത്ത് വലിയൊരു പൊള്ളന്‍ ഉണ്ട ായി. അടുത്തുള്ള ആസ്പത്രിയില്‍ പോയി മരുന്നു വയ്ക്കുകയായിരുന്നു കുറെ ദിവസം.
വാസുദേവ മുത്തപ്ഫന്‍ അമ്മാത്തെ പടിഞ്ഞാറേ മാളികയില്‍ കുടുംബസമേതം വന്നു താമസിക്കാറുണ്ട ായിരുന്നു. മുത്തപ്ഫന്‍ തൃപ്പൂണിത്തുറ കോവിലകത്തുനിന്നാണ് കല്യാണം കഴിച്ചിരുന്നത്. മൂത്തമകന്‍ ദേവദാസിനു എന്നേക്കാള്‍ അഞ്ചാറു മാസമേ പ്രായം കൂടുകയുള്ളു. ഒരിക്കല്‍ മൂന്നു ചക്രമുള്ള സൈക്കിളും കൊണ്ട ുവന്നിരുന്നു. അതുകണ്ട പ്പോള്‍ ഞാനും സൈക്കിളിനുവേണ്ട ി വാശി പിടിച്ചു. അമ്മ, കോഴിക്കോട്ട് പഠിക്കുകയായിരുന്ന നാരായണമ്മാമനോട്, ഒരു മുച്ചക്ര സൈക്കിള്‍ വാങ്ങിക്കൊണ്ടുവരാന്‍ പറഞ്ഞു. അമ്മാമന്‍ സൈക്കിള്‍ വാങ്ങിക്കൊണ്ട ുവന്നു. ഒരു ചാക്കില്‍ കെട്ടിയാണ് കൊണ്ടുവന്നത്. പിന്നെ അതഴിച്ച് അതിന്റെ ഭാഗങ്ങള്‍ എല്ലാം നട്ടും ബോള്‍ട്ടും ഇട്ടു മുറുക്കി. ഞാന്‍ ആ സൈക്കിള്‍ അമ്മാത്തെ കുളപ്പുരക്കെട്ടില്‍ ഓടിച്ചുകൊണ്ട ിരുന്നു. കുളപ്പുരക്കെട്ട് വലുതാണ്; ധാരാളം സ്ഥലം. ഇഷ്ടംപോലെ ഓടിക്കാം. ഒരു തവണ കാളകണ്‌ഠേശ്വരത്തേക്ക് അതില്‍ കയറി തൊഴാന്‍ പോവുകയും ചെയ്തു.
അമ്മാത്ത് മൂന്ന് ആനകള്‍ ഉണ്ട ായിരുന്നു. ഏറ്റവും വലുത് ഗോപാലന്‍. പിന്നെ രാമചന്ദ്രന്‍, ചെറുത് അയ്യപ്പന്‍. ഗോപാലന്‍ എന്ന ആനയ്ക്ക് ഇടയ്ക്ക് മദമിളകും. അപ്പോള്‍ വലിയ പരാക്രമമൊക്കെ കാണിക്കും. ഒരിക്കല്‍ ഞങ്ങള്‍ കാളകണ്‌ഠേശ്വരത്തേയ്ക്ക് തൊഴാന്‍ പോയ സമയത്ത് ആനക്ക് മദമിളകി. അത് മേലെപ്പാതയില്‍ക്കൂടി ഓടി. ഞങ്ങളോട് വേഗം മടങ്ങുവാന്‍ പറഞ്ഞ് ആളെ അയച്ചു. അപ്പോഴേക്കും ഞങ്ങള്‍ തൊഴുതു മടങ്ങിപ്പോരുകയായിരുന്നു. കുറച്ചു ദൂരമുള്ളതിനാല്‍ വേഗം നടന്നു. ഭാഗ്യംകൊണ്ട ് ആനയുടെ മുമ്പിലൊന്നും ചെന്നു ചാടിയില്ല. ആനയെ ചിലപ്പോള്‍ വടക്കുപുറത്തുള്ള ഗേറ്റിന്റെ അടുത്ത് കൊണ്ട ുവരും. അപ്പോള്‍ അതിന്റെ വായില്‍ പഴമോ മറ്റെന്തെങ്കിലും തീറ്റ സാധനങ്ങളോ ഇച്ചമ്മയും മുത്തശ്ശിയമ്മയും കൊടുക്കും. അനിയനെക്കൊണ്ട ും കൊടുപ്പിക്കും. എനിക്ക് അതിന്റെ വായില്‍ വച്ചു കൊടുക്കാന്‍ പേടിയായിരുന്നു. അതുകൊണ്ട ് ഞാന്‍ ഒന്നും കൊടുക്കാറില്ല.
അച്ഛന്‍ വേളി കഴിക്കുന്ന കാലത്ത് അമ്മാത്തെ പുര അത്ര വലുതായിരുന്നില്ലത്രേ. പിന്നെ വാസുദേവ മുത്തപ്ഫനാണ് പുതിയ പുരപ്പണിയുടെ മേല്‍നോട്ടം വഹിച്ചത്. കാണിപ്പയ്യൂര്‍ നമ്പൂതിരിയുടെ തച്ചുശാസ്ത്ര വിധിപ്രകാരം ആണ് പണിതത്. നാലിറയത്തിന് വീതി അധികം പാടില്ല എന്ന് ആരോ (തറക്കിലെ വാരിയര്‍ ആണെന്നു തോന്നുന്നു) പറഞ്ഞുവത്രെ. വീതി ആകാം എന്ന് മറ്റെയാളും പറഞ്ഞു. ഒടുവില്‍ വീതി കൂട്ടിയാണ് പണിതത്. അതുകൊണ്ടായിരിക്കാം അമ്പതു കൊല്ലം ആകുമ്പോഴേക്കും അത് പൊളിക്കേണ്ട ിവന്നു. പുരപ്പണിക്കാലത്ത് ആണത്രേ അമ്മാത്തെ വലിയ മുത്തശ്ശ്യമ്മയുടെ ഷഷ്ടിപൂര്‍ത്തി ഉണ്ട ായത്. അത് വാടാനാംകുര്‍ശ്ശി വച്ചാണ് ആഘോഷിച്ചത് എന്ന് കേട്ടിട്ടുണ്ട്. പുതിയ കെട്ടിടങ്ങള്‍, മുറ്റം എല്ലാം വളരെ വലുതായിരുന്നു. അമ്മാത്ത് എത്താറാവുമ്പോള്‍ ആദ്യം കാര്‍ ഷെഡ് കാണാം. മൂന്നു കാര്‍ ഉണ്ടായിരുന്നു. മൂന്നും നിര്‍ത്താനും കാര്‍ കഴുകാനും വെള്ളം ഒഴുകിപ്പോകാനും ഉള്ള സൗകര്യം അവിടെ ഉണ്ട ായിരുന്നു. ഇടതുവശത്ത് പാര്‍ക്ക്. അത് അമ്പലമതിലിനോട് ചേര്‍ന്നായിരുന്നു. കാര്‍ഷെഡ്ഡിനു മുമ്പില്‍ പടിപ്പുരമാളിക; അതിന്റെ മുകളിലെ മുറിയിലാണ് കുഞ്ഞനുജന്മുത്തപ്ഫന്‍ വരുമ്പോള്‍ താമസിച്ചിരുന്നത്. അതിന്റെ വലതുവശത്ത് മംഗളവിലാസം എന്ന പത്തായപ്പുര. കുഞ്ഞനുജമ്മാമനും കുഞ്ഞിക്കുട്ടമ്മാമനും അവിടെയാണ് ഉണ്ടാവുക. താഴത്തെ നിലയില്‍ കൃഷ്ണമ്മാമന്‍. പടിപ്പുരമാളികയുടെ മുന്‍പില്‍ വലിയ മുറ്റം. ആ മുറ്റം കടന്നാല്‍ സാക്ഷാല്‍ അമ്മാത്ത്.
നാലു നടുമുറ്റവും കിണറും ഉള്ളതുകൊണ്ട് എത്ര കെട്ട് എന്നാണ് പറയേണ്ട ത് എന്നറിയില്ല. മുറ്റത്തിന്റെ വടക്കുവശം ഊട്ടു പുരയും കലവറയും. ആ ഊട്ടുപുരയുടെ പടിഞ്ഞാറ് അമ്പലം. ഊട്ടുപുരയുടെയും അമ്പലത്തിന്റെയും നടുവില്‍ക്കൂടി കാറില്‍ കിഴക്കോട്ടു വന്നിട്ടാണ് സ്ത്രീകള്‍ കാര്‍ ഇറങ്ങുന്നത്. അവിടെ മതിലും ഗേറ്റും ഉണ്ട ്. അത് കടന്നാല്‍ അമ്മാത്തെ വടക്കുപുറത്തു എത്താം. പ്രധാനപുരയുടെ തെക്കുവശത്ത് വലിയ മുറ്റം. ആ മുറ്റത്തിന്റെ തെക്കുഭാഗത്ത് മതിലുണ്ട്; ഗേറ്റും. ആ ഗേറ്റ് കടന്നാല്‍ കാര്യസ്ഥന്‍മാര്‍ കണക്കെഴുതുന്ന കച്ചേരി എന്ന പത്തായപ്പുര. തെക്കുഭാഗത്തെ മുറ്റവും വളരെ വലുതാണ്, ആ മുറ്റത്തിന്റെ കിഴക്കുഭാഗത്തുള്ള ഗേറ്റ് കടന്ന് ലേശം തെക്കോട്ട് പോയാല്‍ കിഴക്കേ മാളികയായി. അമ്മാമന്മാര്‍, കുഞ്ചുമുത്തപ്ഫന്‍, കുഞ്ചുണ്ണിമുത്തപ്ഫന്‍, കുഞ്ഞന്‍മുത്തപ്ഫന്‍ എന്നിവര്‍ വന്നാല്‍ കിഴക്കേ മാളികയില്‍ ആണ് താമസിക്കുക. അമ്പലത്തിന്റെ പടിഞ്ഞാറ് ഒരു പത്തായപ്പുര ഉള്ളതില്‍ വലിയ മുത്തപ്ഫന്റെ ഭാര്യയും മക്കളും വന്നാല്‍ താമസിക്കും. പടിഞ്ഞാറുഭാഗത്ത് വേറെ ഒരു മാളികയുള്ളതില്‍ വാസുദേവമുത്തപ്ഫനും അമ്മിണിത്തമ്പുരാനും മക്കളും വരുമ്പോള്‍ താമസിക്കും. അമ്പലത്തിനോടു ചേര്‍ന്ന് വലിയ അമ്പലക്കുളവും ഉണ്ട ായിരുന്നു.
നമ്പൂതിരിമാര്‍ക്ക് കുളിക്കാന്‍ വേറെ കുളമുണ്ട ായിരുന്നു. പിന്നെ അടുക്കളക്കുളം, പാത്രം കഴുകുന്ന കുളം എന്നിവയും ഉണ്ട ായിരുന്നു. കുളപ്പുരക്കെട്ടു വളരെ വലുതായിരുന്നു. രണ്ടു ഭാഗത്തുനിന്നും കുളത്തിലേക്ക് ഇറങ്ങാന്‍ പടവുകള്‍ ഉണ്ട ായിരുന്നു. ഒന്ന് ശുദ്ധം മാറിയാല്‍ ഇറങ്ങുന്നതും മറ്റേത് കുളി കഴിഞ്ഞ് കയറുന്നതും ആയിരുന്നു. ഊഞ്ഞാല്‍ ഇടുന്നത് കുളപ്പുരക്കെട്ടില്‍ ആയിരുന്നു. അമ്പലത്തില്‍ തൊഴുവാന്‍ പോയാല്‍ അമ്മാമന്മാര്‍ പാര്‍ക്കില്‍ ഉണ്ടെ ങ്കില്‍ അങ്ങോട്ട് വിളിക്കും. അപ്പോള്‍ പാര്‍ക്കിലേയ്ക്ക് പോകും. അവിടെ കുറേനേരം ഇരിക്കും. വര്‍ത്തമാനം പറയും. ചിലപ്പോള്‍ കുഞ്ഞനുജമ്മാമന്‍ ഫോട്ടോ എടുക്കും. കുഞ്ഞനുജമ്മാമനും നാരായണമ്മാമനും ഫോട്ടോ എടുക്കല്‍ ഹോബിയായിരുന്നു. ചിലപ്പോള്‍ വലിയ മുത്തഫന്റെ മക്കള്‍ (അവര്‍ തൃശ്ശൂര്‍നിന്ന് വന്നിട്ടുണ്ടെ ങ്കില്‍) കണ്ട ാല്‍ അങ്ങോട്ട് ചെല്ലാന്‍ പറയും. അവര്‍ക്ക് പടിഞ്ഞാറേപ്പാട്ട് നിന്നാല്‍ മതിലകത്ത് നില്‍ക്കുന്ന ഞങ്ങളെ കാണാന്‍ പറ്റും. ഞങ്ങള്‍ അങ്ങോട്ട് ചെന്നാല്‍ കളിക്കോപ്പുകളോ മറ്റോ തരും.
അമ്മ കിടക്കുന്ന വടക്കേന്റെ മുകളിലേക്ക് അച്ഛനും അമ്മാമന്മാരും വരാറുണ്ട്. അവര്‍ സംസാരിച്ചുകൊണ്ട ിരിക്കും. ഒരു തത്തയെ വളര്‍ത്തിയിരുന്നു. അതിനേയും കൊണ്ട ാവും ചിലപ്പോള്‍ വരുന്നത്. ഇച്ചമ്മമാരോ മുത്തശ്ശ്യമ്മമാരോ അങ്ങനെ വരാറില്ല.
തത്തച്ചമ്മയും പാപ്പുച്ചമ്മയും ആണ് അന്ന് വിവാഹം കഴിയാത്ത ഇച്ചമ്മമാര്‍. അവര്‍ പഠിക്കുന്ന കെട്ടിന്റെ മുകളിലെ രണ്ട ാം നിലയിലേയ്ക്ക് ഞാന്‍ പോവാറുണ്ട ്. എന്റെ ഷൂസിന്റെ ലേസ് പൊട്ടിയാല്‍ കമ്പിളിനൂലുകൊണ്ട ് ഷൂ കെട്ടിത്തരും. അവര്‍ക്ക് ഞങ്ങളെ വളരെ ഇഷ്ടമായിരുന്നു. കൂടലാറ്റുപുറത്തെ ഇച്ചമ്മയുടെ വിവാഹം എന്റെ ചോറൂണ് കഴിഞ്ഞ് അധികം താമസിയാതെ ആയിരുന്നുവെന്നു അച്ഛന്‍ പറഞ്ഞു അറിയാം. മൂത്തിരിങ്ങോട്ടെ ഇച്ചമ്മയുടെ വിവാഹം എന്നായിരുന്നുവെന്ന് നല്ല നിശ്ചയം ഇല്ല. അമ്മ മരിക്കുമ്പോള്‍, ഇച്ചമ്മ സാവിത്രിയെ പ്രസവിച്ചു കിടക്കുകയായിരുന്നുവത്രെ. അമ്മ മരിച്ച വിവരം അറിഞ്ഞപ്പോള്‍ ഇച്ചമ്മയ്ക്ക് മനസ്സിനു സുഖം ഇല്ലാതായത്രേ. എനിക്ക് നാലു വയസ്സുള്ളപ്പോള്‍ അമ്മയുടെ ചികിത്സയ്ക്ക് മദ്രാസ്സിലേക്ക് പോയി. പത്തു മാസം മദ്രാസ്സില്‍ താമസിച്ചു ചികിത്സിച്ചു. ടി.ബി. ആയിരുന്നു രോഗം. അതിന് അന്ന് അലോപ്പതിയില്‍ ചികിത്സ ഉണ്ടായിരുന്നില്ല. അതുകൊണ്ട ് അമ്മ രക്ഷപ്പെട്ടില്ല. ഞങ്ങള്‍ നാട്ടിലേക്ക് മടങ്ങി.
പിന്നീട് ഇല്ലത്തായിരുന്നു താമസം. ഞങ്ങള്‍ക്ക് ദീക്ഷയുമായിരുന്നു.
ആയിരത്തി ഒരുനൂറ്റിപ്പതിനാറില്‍ (1116) കൊടുങ്കാറ്റും വെള്ളപ്പൊക്കവും ഉണ്ട ായി. എനിക്ക് പനിയായിരുന്നു. രാത്രി തുടങ്ങിയ മഴയും കാറ്റും നിലയ്ക്കുന്നില്ല. മാങ്ങ തുരുതുരാ വീഴുന്നുണ്ട ായിരുന്നു. മാവുകള്‍ കുറേയെണ്ണം കടപുഴകി വീണു. അടുക്കളമുറ്റത്തുള്ള മാവിന്റെ കൊമ്പു പൊട്ടി കുളപ്പുരയുടെയും അടുക്കളയുടെയും മുകളില്‍ വീണു. അടുക്കളയ്ക്ക് അത്രയധികം കേടു പറ്റിയില്ല. കുളപ്പുരയും കക്കൂസും നിലംപൊത്തി. കുഞ്ചുണ്ണിയപ്ഫന്റെ അമ്മ നേരത്തെ എണീറ്റ് മാങ്ങ പെറുക്കുന്നുണ്ട ായിരുന്നു. അപ്പോഴേക്കും തൊടിയിലേക്ക് വെള്ളം കയറിത്തുടങ്ങിയിരുന്നു. മഴയും കാറ്റും നില്‍ക്കാനുള്ള ഭാവമൊന്നുമില്ല. കുഞ്ചുണ്ണി അഫന്റെയമ്മ മാങ്ങ പെറുക്കല്‍ നിര്‍ത്തി. വെള്ളം കയറുകതന്നെയാണ്. മുറ്റത്തും വെള്ളമെത്തി. എനിക്ക് അത് രസമായിട്ടാണ് തോന്നിയത്. പക്ഷെ മഴ കൊള്ളാനോ വെള്ളത്തില്‍ കളിക്കാനോ ഒന്നും സമ്മതിക്കില്ല; പനിയല്ലേ. വെള്ളം പിന്നേയും കയറാന്‍ തുടങ്ങിയപ്പോള്‍ രാമപ്ഫനും മറ്റ് അപ്ഫന്മാരുംകൂടി അകത്തേക്ക് വെള്ളം കയറാതിരിക്കാന്‍ വാതിലുകള്‍ അടയ്ക്കാന്‍ തുടങ്ങി. അപ്പോള്‍ ആരോ പറഞ്ഞു 'വാതിലടച്ചാല്‍ വാതില്‍ പൊളിയും, പുരയ്ക്കും കേടാണ്' അതുകൊണ്ട ് വാതില്‍ അടയ്ക്കുന്ന പരിപാടി നിര്‍ത്തി. വെള്ളം നടുമുറ്റത്ത് നിറഞ്ഞപ്പോള്‍ അപ്ഫന്മാര്‍ ഒരു ചെമ്പ് നടുമുറ്റത്തെ വെള്ളത്തില്‍ ഇറക്കിവെച്ചു അതില്‍ കയറി തുഴയാന്‍ തുടങ്ങി. പനിയായതുകാരണം എനിക്ക് അതിലൊന്നും കയറാന്‍ പറ്റിയില്ല. ഉച്ച കഴിഞ്ഞപ്പോഴേക്കും അടുപ്പിലും വെള്ളം കയറി. നാലിറയത്തും മുട്ടിനു വെള്ളമെത്തി. കോണിപ്പടിമേലും (2 പടി വരെ) വെള്ളം കയറിയിരുന്നു. ഇല്ലത്ത് താമസിക്കാന്‍ പറ്റാത്ത അവസ്ഥയായി. അപ്പോള്‍ പള്ളിശ്ശേരിക്ക് പോകാന്‍ തീരുമാനിച്ചു. ആത്തേമ്മാരോളും കുട്ടികളും പള്ളിശ്ശേരിക്ക് പുറപ്പെട്ടു. ഇല്ലത്തെ അമ്പലവും കുറച്ച് ഉയര്‍ന്ന സ്ഥലത്താണ്. മുറ്റത്ത്, വലിയവരുടെപോലും കഴുത്തിനു മീതെ വെള്ളം ഉണ്ട്. കുട്ടികളെയൊക്കെ എടുത്ത് പത്തായപ്പുരയുടെ ഇറയത്ത് കൊണ്ട ുനിര്‍ത്തി. മറ്റുള്ളവരൊക്കെ എങ്ങനെയോ നനഞ്ഞുകുളിച്ച് പത്തായപ്പുരയില്‍ എത്തി. അമ്പലമുറ്റത്തും മുട്ടിനു വെള്ളം ഉണ്ട ായിരുന്നു. പോകുന്ന വഴിക്ക് കുഞ്ചുണ്ണിയപ്ഫന്‍ ആരെയോ തൊട്ട് അശുദ്ധമായി. അപ്പോള്‍ അമ്പലമുറ്റത്ത് തന്നെ മുങ്ങി ശുദ്ധമായി. രാമപ്ഫനും കുഞ്ചുണ്ണിയപ്ഫനും ഓനിച്ചുണ്ണികള്‍ ആയിരുന്നു. നമ്പൂതിരിമാര്‍ എല്ലാവരും അമ്പലത്തില്‍ തന്നെയാണ് ഊണുകഴിച്ചത്. കിടക്കാന്‍ പത്തായപ്പുര ഉണ്ട ല്ലോ. പള്ളിശ്ശേരിക്ക് പോയവര്‍ പിറ്റേന്ന് ഉച്ചയ്ക്കുശേഷം തിരിച്ചുപോന്നു. അപ്പോഴേക്കും വെള്ളം ഇറങ്ങിയിരുന്നു. എന്നാല്‍ ഇല്ലത്തെത്തിയപ്പോഴത്തെ സ്ഥിതി വളരെ കഷ്ടമായിരുന്നു. നിലം ചളിപിളിയായിരുന്നു. എങ്ങനെയാണ് അത് വൃത്തിയാക്കിയതെന്ന് എനിക്കറിഞ്ഞുകൂടാ. നിലം ചാണകം മെഴുകുന്നതായിരുന്നു. പിന്നീട് അങ്ങനെയൊരു വെള്ളപ്പൊക്കം ഞാന്‍ കണ്ട ിട്ടില്ല. 1099-ല്‍ ഇതിലും ഭീകരമായ വെള്ളപ്പൊക്കം ഉണ്ട ായിട്ടുണ്ട ത്രേ. അത് ഞങ്ങള്‍ കുട്ടികള്‍ കണ്ട ിട്ടില്ലല്ലോ.
ഞാന്‍ സ്‌കൂളില്‍ ചേര്‍ന്നതിനു ശേഷം തോടുകളും പാടവും വര്‍ഷക്കാലത്ത് ഒന്നാവാറുണ്ട ്. അപ്പോള്‍ വരമ്പ് ഒന്നും കാണില്ല. നടക്കുന്നതിനിടയില്‍ അറ്റക്കഴായയില്‍ ചെന്നു ചാടും. ആകെ നനയും. പിന്നെ സ്‌കൂള്‍ വിടുന്നതുവരെ നനഞ്ഞിരിക്കണം. വെള്ളം വല്ലാതെ കൂടുതലുണ്ടെ ങ്കില്‍ അച്ഛന്‍ സ്‌കൂളില്‍ പോകേണ്ടെ ന്നു പറയും. അതായിരുന്നു പതിവ്.
സ്‌കൂളില്‍ ഒന്നാം ക്ലാസ്സ് മുതല്‍ ഇംഗ്ലീഷ് പഠിപ്പിച്ചിരുന്നു. സ്‌കൂളിന്റെ പേരുതന്നെ ഇ.ന്‍.ബി.വി. (ഇംഗ്ലീഷ് നമ്പൂതിരി ബാലികാ വിദ്യാലയം) പാഞ്ഞാള്‍ എന്നായിരുന്നു. നല്ല തമാശയുള്ള പേര്. ഇംഗ്ലീഷ് നമ്പൂതിരി ബാലിക; ഇതെന്തൊരു നമ്പൂതിരി ബാലിക ആണാവോ. എനിക്ക് പലപ്പോഴും ചിരി വന്നിട്ടുണ്ട്.
അതിരിക്കട്ടെ, ഇനി പഠന കാര്യങ്ങളെപറ്റി പറയാം, മൂന്നാം ക്ലാസ് മുതല്‍ സംസ്‌കൃതം ഉണ്ട്. നാലാം ക്ലാസ് കഴിഞ്ഞാല്‍ മലയാളം ഇല്ല; സംസ്‌കൃതം പഠിച്ചാല്‍ മതി. ഏഴാം ക്ലാസ്സില്‍ പബ്ലിക് പരീക്ഷയാണ്. ആദ്യമൊക്കെ ഏഴാം ക്ലാസ്സിലെ പരീക്ഷയ്ക്ക് സംസ്‌കൃതവും ഇംഗ്ലീഷും കണക്കും മാത്രമേ ഉണ്ട ായിരുന്നുള്ളൂ. ഞാന്‍ ഏഴിലായപ്പോഴേക്കും ഹിസ്റ്ററിയും ജോഗ്രഫിയും (ചരിത്രവും ഭൂമിശാസ്ത്രവും) കൂടി പരീക്ഷയ്ക്ക് വിഷയങ്ങളായിരുന്നു. സയന്‍സ് പരീക്ഷയില്ലാത്തതുകൊണ്ട് അത് പഠിപ്പിക്കുകയും ഇല്ല. പാട്ടും കൈകൊട്ടിക്കളിയും ഒക്കെ പഠനവിഷയങ്ങള്‍ ആയിരുന്നു. അഞ്ചും ആറും ക്ലാസ്സുകള്‍ ഒരു കൊല്ലംകൊണ്ട ് കഴിയും. അരക്കൊല്ലപ്പരീക്ഷ കഴിഞ്ഞാല്‍ ആറാം ക്ലാസ്സില്‍ എത്തും. അധികം വര്‍ഷങ്ങള്‍ നഷ്ടപ്പെടാതെ ഏഴാം ക്ലാസ്സ് പാസ്സാവാം. പാഞ്ഞാള്‍ അമ്പലത്തില്‍ സദ്യയുണ്ടെ ങ്കില്‍ അത് കഴിഞ്ഞേ ക്ലാസ് തുടങ്ങൂ. സ്‌കൂളില്‍ എന്തു വേഷം ധരിച്ചു വരണമെന്ന് നിര്‍ബ്ബന്ധം ഒന്നുമില്ല. മാഷന്മാര്‍ മുണ്ടും മേല്‍മുണ്ട ും ധരിച്ചു വരും. ടീച്ചര്‍മാര്‍ സെറ്റ്മുണ്ട ു ധരിച്ചുവരുന്നവരും സാരി ഉടുത്തു വരുന്നവരും ഉണ്ട്. പെണ്‍കുട്ടികള്‍ ഉടുപ്പോ പാവാടയും ബ്ലൗസുമോ അല്ലെങ്കില്‍ മുണ്ട ും ബ്ലൗസുമോ ധരിക്കും. ദുര്‍ലഭം ചില ആണ്‍കുട്ടികള്‍ ഷര്‍ട്ട് ഇടുന്നവരും ഉണ്ട ായിരുന്നു. ഒരു ദിവസം എന്റെ ക്ലാസ്സിലെ രണ്ട ു പെണ്‍കുട്ടികള്‍ പുടവ ഒക്കും കൊളുത്തും വെച്ച് ഉടുത്തുവന്നു. അതൊരു തമാശ. ഞാന്‍ ആറാം ക്ലാസ്സില്‍ ആയ കൊല്ലം അത് പബ്ലിക് സ്‌കൂള്‍ ആക്കി മാറ്റി. അക്കൊല്ലം കുറച്ച് നായര്കുട്ടികള്‍ ചേര്‍ന്നു. ഞാന്‍ ഏഴാം ക്ലാസ്സിലായപ്പോള്‍ ആ ക്ലാസ്സില്‍ ആകെ ഏഴു കുട്ടികളെ ഉണ്ട ായിരുന്നുള്ളൂ. രണ്ട ു പെണ്‍കുട്ടികളും അഞ്ചു ആണ്‍കുട്ടികളും. അവര്‍ ഞാന്‍, ഏഴിക്കോട്ടേ ശ്രീദേവി, നെല്ലിക്കാട്ടിലെ കൃഷ്ണന്‍, നീലകണ്ഠന്‍, ഭവദാസന്‍, വയ്ക്കാക്കര കൃഷ്ണന്‍, കറുത്തെടത്തെ കൃഷ്ണന്‍ എന്നിവര്‍ ആയിരുന്നു. എല്ലാവരും ജയിക്കുകയും ചെയ്തു.
ഞാന്‍ സ്‌കൂളില്‍ ചേര്‍ന്ന കൊല്ലം എന്റെ അമ്മാത്തെ പാപ്പു ഇച്ചമ്മ ടൈഫോയ്ഡ് പിടിച്ചു മരിച്ചു. ഒരിക്കല്‍ എന്റെ കൂടെ കുഞ്ഞിച്ചമ്മ അമ്മാത്തയ്ക്ക് വന്നു. തത്തച്ചമ്മ കഥകളിപ്പദം പഠിച്ചിരുന്നു. ഞങ്ങള്‍ രണ്ട ുപേരും പാട്ട് പഠിപ്പിക്കുന്ന പടിഞ്ഞാറ്റിയുടെ മുകളിലേക്ക് പോയി. മുണ്ട ായ വെങ്കിടകൃഷ്ണ ഭാഗവതരായിരുന്നു തത്തച്ചമ്മയെ പഠിപ്പിച്ചിരുന്നത്. കുഞ്ഞിച്ചമ്മ പാട്ട് ആസ്വദിച്ചുകൊണ്ട ിരുന്നു. എനിക്ക് ഭാഗവതരുടെ കൈയും കലാശവും കണ്ട ് ചിരി വരുകയാണ് ഉണ്ട ായത്. തത്തച്ചമ്മ നന്നായി പാടുമായിരുന്നു. ഒരിക്കല്‍ ആകാശവാണിയില്‍ പാടാന്‍ ക്ഷണം കിട്ടി. എന്നാല്‍ വാസുദേവമ്മാമന്‍ പോകേണ്ടെ ന്നു പറഞ്ഞു. അങ്ങനെ അവസരം നഷ്ടപ്പെട്ടു. അത് കഷ്ടമായി സ്ത്രീകള്‍ അന്തപ്പുരത്തില്‍ ഒതുങ്ങിക്കൂടിയാല്‍ മതി എന്ന ചിന്താഗതിയായിരുന്നു അക്കാലത്ത്.
അമ്മാത്ത് മിക്കപ്പോഴും കഥകളി ഉണ്ട ാവും. അപ്പോള്‍ ഇല്ലത്തുനിന്ന് അപ്ഫന്മാരും മറ്റും അമ്മാത്തയ്ക്ക് കളി കാണാന്‍ വരാറുണ്ട ായിരുന്നു. കഥകളി ഉള്ള ദിവസം പകലേ കേളികൊട്ട് തുടങ്ങും. കളിയുണ്ടെ ന്നു ആള്‍ക്കാരെ അറിയിക്കുവാനുള്ളതാണ് കേളികൊട്ട്. അങ്ങനെ ആളുകള്‍ കൂടും.
ഒരിക്കല്‍ അമ്മാത്തെ കിഴക്കേ കെട്ടില്‍ വച്ചു സിനിമ കാണിച്ചതും ഓര്‍മ്മയുണ്ട ്. ഒരു മുണ്ട ് കെട്ടി അതിന്മേല്‍ ആണ് പടം പ്രദര്‍ശിപ്പിച്ചത്. പ്രത്യേകിച്ചൊരു കഥയൊന്നും ഉണ്ട ായിരുന്നില്ല. എന്തോ സര്‍ക്കസ്സോ മറ്റോ ആയിരുന്നു അത്. ഇടയ്ക്ക് ചില സായിപ്പന്മാര്‍ അമ്മാത്ത് വരുന്നത് കണ്ട ിട്ടുണ്ട ്. എന്തിനാണ് വരുന്നതെന്നൊന്നും അറിയില്ല.
ഞങ്ങള്‍ മദ്രാസ്സില്‍ താമസിക്കുമ്പോള്‍ വലിയമ്മാമനും കൂടല്ലൂരെ ഉണ്ണിയേട്ടനും അവിടെ കോളേജില്‍ പഠിക്കുന്നുണ്ട ായിരുന്നു. ഉണ്ണിയേട്ടന്‍ സ്വയം സോപ്പ് ഉണ്ട ാക്കി കൊണ്ട ുവന്നു തരാറുണ്ട ായിരുന്നു. ഒന്ന് അമുക്കുമ്പോഴേക്കും അത് പൊടിഞ്ഞുപോകും എന്നേയുള്ളൂ. ഉണ്ണിയേട്ടന്‍ ഡോക്ടര്‍ ആയി. ന്യൂറോളജിസ്റ്റ്. വല്യമ്മാമന്‍ ബി.എ. ഓണേഴ്‌സ് പാസ്സായി. വല്യമ്മാമന് റിസര്‍വ് ബാങ്കില്‍ ജോലി കിട്ടിയെങ്കിലും മുത്തശ്ശന്‍ ജോലിക്ക് പോകാന്‍ സമ്മതിച്ചില്ല. ദേശമംഗലത്തെ നമ്പൂതിരി ജോലിയെടുക്കുന്നത് അഭിമാനക്ഷയമല്ലേ. എന്നാല്‍ കുഞ്ഞന്‍മുത്തപ്ഫന്‍ പാലക്കാട്ട് കോളേജില്‍ ലക്ചറര്‍ ആയി. പിന്നീട് മദ്രാസിലെ ഗിണ്ട ി എഞ്ചിനീയറിംഗ് കോളേജില്‍ പ്രൊഫസര്‍ ആയി. മുത്തശ്ശന്റെ അമ്മയ്ക്ക് മുത്തശ്ശനടക്കം ഒമ്പത് ആണ്‍കുട്ടികളും മൂന്നു പെണ്‍കുട്ടികളും ഉണ്ട ായിരുന്നു.
മുത്തശ്ശനും വലിയമുത്തപ്ഫനും കുഞ്ഞനുജന്മുത്തപ്ഫനും കുഞ്ഞിക്കുട്ടമുത്തപ്ഫനും വാസുദേവമുത്തപ്ഫനും അ.ഗ.ഠ.ഗ.ങ. എന്ന ഇനിഷ്യല്‍ ആണ് ഉപയോഗിച്ചിരുന്നത്. മറ്റുള്ളവര്‍ ദേശമംഗലം എന്നതിന്റെ ഉ ഇനിഷ്യല്‍ ആയി ഉപയോഗിച്ചു. ആദ്യം പറഞ്ഞ ഇനിഷ്യല്‍ വന്നതിന് ഒരു കഥ ഉണ്ട ്. 'എ' എന്ന അക്ഷരം അവണാവ് എന്നതിനും 'കെ' എന്നത് കിരാങ്ങാട്ട് എന്നും 'ടി' തെക്കിനിയേടം എന്നും അവസാനത്തെ 'കെ' കാഞ്ഞൂര്‍ എന്നും സൂചിപ്പിക്കുന്നു. കിരാങ്ങാട്ട് മൂന്ന് സഹോദരന്മാര്‍ ഉണ്ട ായിരുന്നുവത്രേ. മൂത്ത ആള്‍ വിവാഹം കഴിച്ചു. പണ്ടെ ാന്നും അനുജന്മാര്‍ വിവാഹം കഴിക്കില്ല. മൂന്നുപേരും ഒരുമിച്ച് ആണ് ഊണു കഴിക്കാന്‍ വരുന്നത്. ആദ്യം ഏട്ടന് മോര് കൂട്ടാറാവും. അതിനാല്‍ മരപ്പിലാവിലയില്‍ (മരംകൊണ്ട ുള്ള പ്ലാവില) നല്ല മോര് വച്ചിട്ടുണ്ട ാകും. അത് ഏട്ടന് വിളമ്പിക്കൊടുക്കും. പിന്നെയുള്ളത് വെള്ളം ഒഴിച്ച മോരാണ്. അത് അനുജന്മാര്‍ക്ക് കൊടുക്കും. ഒരു ദിവസം അനുജന് ആദ്യം മോരു കൂട്ടാറായി. മോരുകൂട്ടിയപ്പോള്‍ അനുജന്‍ പറഞ്ഞുവത്രേ. ഇന്ന് നല്ല മോരാണല്ലോ എന്ന്. അപ്പോള്‍ ഏട്ടന്‍ പറഞ്ഞു. ദിവസേന നല്ല മോരു തന്നെയാണല്ലോ പതിവ് എന്ന്. 'ഇനി ഒന്നിച്ചു താമസിച്ചാല്‍ ശരിയാവില്ല, അതുകൊണ്ട ് ഭാഗിക്കാം'. അങ്ങനെ അവര്‍ വേറെ വേറെ താമസം തുടങ്ങി. ഒരാള്‍ തെക്കിനി പൊളിച്ചുകൊണ്ട ുപോയി. അതു തെക്കിനിയേടം എന്ന പേരില്‍ അറിയപ്പെട്ടു. മറ്റേയാള്‍ വടുക്കിനി പൊളിച്ചുകൊണ്ട ുപോയി പുര പണിതു അത് വടുക്കിനിയേടവുമായി. ഇതില്‍ തെക്കിനിയേടത്തെ വകയാണ് ദേശമംഗലത്തുകാര്‍. ദേശമംഗലത്തെ മനയെ കാഞ്ഞൂര്‍ മന എന്നാണ് അന്നാട്ടുകാര്‍ പറയുക. കടലാശ്ശേരിയില്‍ വലിയമ്മാമന് ഭാഗത്തില്‍ കിട്ടിയ ഇല്ലമാണ് അവണാവുമന. ഞാന്‍ എസ്.എസ്.എല്‍.സി. ജയിച്ചപ്പോഴേക്കും അമ്മാമന്‍ കടലാശ്ശേരിയില്‍ താമസം തുടങ്ങിക്കഴിഞ്ഞിരുന്നു. ഞാന്‍ അമ്മാമന് കത്തയയ്ക്കാത്തത് കൊണ്ട ് അമ്മാമന്‍ എവിടെയാണെന്ന് എനിക്ക് നിശ്ചയം ഉണ്ട ായിരുന്നില്ല.
അമ്മാത്തെ മുത്തശ്ശന്റെ മുത്തശ്ശനാണത്രെ വ്യവസായം തുടങ്ങിയത്. ഒരു സേട്ടുവോ മറ്റോ നിര്‍ബ്ബന്ധിച്ചപ്പോള്‍ ഷെയര്‍ എടുത്തു. അങ്ങനെയാണ് തുടക്കം. കോഴിക്കോട്ടെ കോട്ടന്‍ മില്‍, ഷോര്‍ണൂര്‍ ഓട്ടുകമ്പനി എന്നിവ ആയിരുന്നു വ്യവസായശാലകള്‍. അതെല്ലാം നല്ല നിലയില്‍ നടത്തിക്കൊണ്ടു പോയിരുന്നു. മുത്തശ്ശന് വ്യവസായത്തെക്കാള്‍ ഭൂമി വാങ്ങുന്നതിലായിരുന്നു താല്‍പ്പര്യം എന്നു ചിലര്‍ പറയുന്നതു കേട്ടിട്ടുണ്ട ്. കോഴിക്കോട്ടെ മില്‍ കുഞ്ഞനുജന്‍ മുത്തപ്ഫന്‍ ആണ് നോക്കി നടത്തിയിരുന്നത്. അവിടെ തൊഴിലാളി സമരം തുടങ്ങി. പിന്നീട് അത് ഗവണ്മെന്റ് ഏറ്റെടുക്കുകയോ മറ്റോ ആണ് ഉണ്ട ായതെന്ന് തോന്നുന്നു. ഓട്ടുകമ്പനി ഭാഗത്തില്‍ വാസുദേവമുത്തപ്ഫനായിരുന്നു. ഇപ്പോള്‍ അതൊക്കെ വിറ്റുപോയിരിക്കുന്നു. കോഴിക്കോട്ട് അരി, ഉപ്പ്, പലവ്യഞ്ജനങ്ങള്‍, എന്നിവയുടെ വില്പനയുടെ കുത്തക അമ്മാത്തോര്‍ക്ക് ആയിരുന്നു. അരിയുടെത് കുഞ്ഞിക്കുട്ടമുത്തപ്ഫനും ഉപ്പിന്റേത് കുഞ്ചുമുത്തപ്ഫനും പലചരക്കിന്റെത് വലിയമ്മാമനും ആണ് നോക്കി നടത്തിയിരുന്നത്. അമ്മയുടെ പേരിലും ഷെയര്‍ അരിക്കച്ചവടത്തില്‍ ഉണ്ട ായിരുന്നു. ഞാന്‍ കോഴിക്കോട്ട് പഠിക്കുമ്പോള്‍ ഒരു ദിവസം വലിയമ്മാമന്‍ എന്തോ കടലാസ്സ് ഒപ്പിടുന്നതു കണ്ട ു. അപ്പോള്‍ അമ്മാമന്‍ പറഞ്ഞു. ഇത് നിനക്കും അനിയനും കൂടി ഉള്ള ഷെയറിന്റെ കടലാസ്സാണ്. ഇപ്പോള്‍ ഓരോരുത്തര്‍ക്കും 500 രൂപ വീതം ഉണ്ട ് എന്ന്. അപ്പോള്‍ എനിക്ക് അതിനെപ്പറ്റി ഒന്നും മനസ്സിലായില്ല. പിന്നീട് ആവശ്യം വന്നപ്പോള്‍ ഞാന്‍ അതെടുക്കുകയും ചെയ്തു. അമ്മയുടെ പണ്ട ങ്ങള്‍ വിറ്റ പൈസയും അമ്മാമന്റെ കൈയില്‍ ആയിരുന്നു. അമ്മാത്ത് ഭാഗം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് അവകാശപ്പെട്ട പൈസ അമ്മാമനെ ഏല്‍പ്പിക്കുകയായിരുന്നു.
എന്റെ വാശി മാറ്റാന്‍ ചിലപ്പോള്‍ അച്ഛന്‍ എന്നെ അടിക്കില്ല; എന്നാല്‍ അറയിലിട്ടടയ്ക്കും. പിന്നെ ഒരാളും തുറന്നു തരില്ല. ഞാന്‍ അനിയനെ അടിച്ചതിനു എന്നെ അടിച്ച അച്ഛന്‍; ഒരിക്കല്‍ അനിയനെ അടിച്ചപ്പോള്‍ ഞാനും 'അച്ഛന്‍ അനിയനെ അടിക്കാന്‍ പാടില്ലെന്ന്' പറഞ്ഞു.
എല്ലാക്കൊല്ലവും അനിയന്റെ (വാസുദേവന്‍) പിറന്നാള്‍ക്ക് (ആദ്യമൊക്കെ അച്ഛന്റെ പിറന്നാള്‍ക്കായിരുന്നു) 'ഭഗവതി പാട്ട്' നടത്താറുണ്ട ായിരുന്നു (ഭാഗം കഴിയുന്നതുവരെ). അരിപ്പൊടി, മഞ്ഞള്‍പ്പൊടി, കരിപ്പൊടി, പച്ചപൊടി (ഇലകള്‍ പൊടിച്ചുണ്ട ാക്കിയ) എന്നിവ കൊണ്ട ാണ് ഭഗവതിയുടെ രൂപം വരച്ചിരുന്നത് വാഴാലിക്കാവിലെ രണ്ട ് വെളിച്ചപ്പാടന്മരും ഉണ്ട ാവും. കലികയറിയ അവര്‍ വാളുകൊണ്ട ് തല വെട്ടി പൊളിക്കുന്നതു കാണാന്‍ എനിക്ക് ഭയമായിരുന്നു. അതിനാല്‍ ആ സമയം ഞാന്‍ കണ്ണുകളടച്ചിരിക്കും. കുറുപ്പന്മാര്‍ ആണ് പാടുന്നത്. അവസാനം അച്ഛനോട് കല്പ്പിക്കുകയും പതിവാണ്.
തത്തേടത്തി (പ്രിയദത്ത, കൈപ്പഞ്ചേരി മഹള്‍, മുറ്റത്തുകാട്ടിലെ ആത്തേമ്മാര്‍, കിള്ളിമംഗലത്തെ മരുമകള്‍ടെ മകള്‍) വിശേഷങ്ങള്‍ക്കൊക്കെ ഇല്ലത്തുണ്ട ാവും. ഞങ്ങള്‍ കൂട്ടുകാരായിരുന്നു. ഒരിക്കല്‍ ഞങ്ങള്‍ (ഞാന്‍, കുഞ്ഞപ്ഫന്‍, തത്തേടത്തി മുതുകുര്‍ശ്ശി കുഞ്ഞനുജേട്ടന്‍, അനിയന്‍) ടോയ് കളിക്കുകയായിരുന്നു. എണ്ണുന്നത് തത്തേടത്തിയായിരുന്നു. ഞങ്ങള്‍ ഒളിച്ചു. തത്തേടത്തി ഞങ്ങളെയെല്ലാം (കുഞ്ഞനുജേട്ടനെ ഒഴികെ) കണ്ട ുപിടിച്ചു. ഏട്ടന്‍ എവിടെയാണ് ഒളിച്ചിരിക്കുന്നത് എന്ന് ഞങ്ങള്‍ക്കും അറിയില്ലായിരുന്നു. തത്തേടത്തി അമ്പലത്തിന്റെ മതിലകത്തേയ്ക്ക് തെരയാന്‍ പോയി. അപ്പോള്‍ ഞങ്ങള്‍ കുഞ്ഞനുജേട്ടാ, തത്തേടത്തി മതിലകത്തേക്ക് തെരയാന്‍ പോയി. വന്നോളൂ' എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. ഏട്ടന്‍ തെക്കേ പത്തായപ്പുരയുടെ തട്ടിന്‍പുറത്ത് നിന്ന് കോണിപ്പടി ചാടിയിറങ്ങി ഓടി പൂമുഖത്തേക്ക് കയറാന്‍ തുടങ്ങുമ്പോള്‍ തട്ടിത്തടഞ്ഞു വീണു. കരിങ്കല്ലു കല്‍പ്പട ആയിരുന്നു. വീഴ്ച്ചയില്‍ കയ്യിന്റെ എല്ലൊടിഞ്ഞു. അന്ന് പ്ലാസ്റ്റര്‍ ഇടുന്ന ഏര്‍പ്പാടൊന്നും ഇല്ല. പിന്നെ കുറെ ദിവസം ഉഴിച്ചിലും രണ്ട ു പരന്ന വടി വച്ചു കെട്ടലും ഒക്കെയായിരുന്നു. അങ്ങനെ ഒടിവ് മാറി.
ഒരു ദിവസം രാവിലെ കിടക്കയില്‍ എഴുന്നേറ്റിരുന്നു ഞങ്ങള്‍ രണ്ട ു പേരുംകൂടി ഭയങ്കര തല്ല്. എന്താ കാരണം എന്നോര്‍മയില്ല. അടിയും നുള്ളും മാന്തലും ഒക്കെയായി. പരിക്ക് കൂടുതല്‍ പറ്റിയത് എനിക്കാണ്. തത്തേടത്തി നുള്ളുമ്പോള്‍ ഒരേ സ്ഥലത്തുതന്നെ വിടാതെയാണ്. ഞാനാണെങ്കില്‍ ഒരിക്കല്‍ ഒരിടത്ത് നുള്ളിയാല്‍ പിന്നെ വേറൊരു ഇടത്താണ് നുള്ളുക. നഖവും ഇല്ല. അതുകൊണ്ട ് തത്തേടത്തിക്ക് മുറിവൊന്നും പറ്റിയില്ല. എന്റെ കൈയിന്മേല്‍ മുറിവില്‍നിന്ന് ചോര പൊടിഞ്ഞു. അതൊക്കെ ഒരു കഥ. ചെറിയമ്മ എന്ന് സൂചിപ്പിച്ചുവല്ലൊ, ചെറിയമ്മയേ അച്ഛന്‍ (എന്റെ അമ്മ മരിച്ചതിനുശേഷം) വിവാഹം ചെയ്തതാണ്. അതില്‍ എനിക്ക് രണ്ട ് അനിയന്മാരും നാല് അനിയത്തിമാരും ഉണ്ട ്. അങ്ങനെ അച്ഛന് ഞങ്ങള്‍ എട്ടു മക്കള്‍ ഉണ്ട ്. നാരായണന്റെ (ചെറിയമ്മയുടെ മകന്‍) ചോറൂണ് അതി ഗംഭീരമായ് നടത്തിയത് എന്റെ ഓര്‍മ്മയില്‍ ഉണ്ട ്. അന്ന് ദേവീപ്രീതിക്കായ് പാന എന്ന വഴിപാട് നടത്തിയിരുന്നു. മുറ്റത്ത് പന്തലിട്ട് അവിടെ വാഴപ്പിണ്ട ികൊണ്ട ് അമ്പലം ഉണ്ട ാക്കി, കുരുത്തോലകൊണ്ട ് അലങ്കരിച്ച് അതിനുള്ളില്‍ ചടങ്ങ് നടത്തുകയായിരുന്നു. രണ്ട ് വെളിച്ചപ്പാടന്മാരും ഉണ്ട ായിരുന്നു, പിന്നെ ഗുരുതിയും. അതില്‍ രസമായ് തോന്നിയത് കുറെ നായന്മാര്‍ മുണ്ടെ ാരു പ്രത്യേക രീതിയില്‍ ഉടുത്ത് ഒരു വടി രണ്ടു കൈയിലുമായി പിടിച്ച് താളത്തില്‍ ചുവടുകള്‍ വച്ചുകൊണ്ട ് ആ അമ്പലത്തിനു പ്രദക്ഷിണം വക്കുന്നതാണ്. ഇതിന്റെ പൂര്‍ണ്ണ രൂപവും കഥയും എല്ലാം വാസുദേവപ്ഫനു അറിയുമായിരിക്കും. ചോറൂണിനു ഓട്ടൂരെ മഹള്‍ അമ്മാമി (ചെറിയമ്മയുടെ ഏടത്തി) വന്നതായ് ഓര്‍ക്കുന്നില്ല, എന്നാല്‍ കടമ്പൂരെ മഹള്‍ അമ്മാമിയും കുഞ്ചുമുത്തപ്ഫനും വന്നതായി ഓര്‍ക്കുന്നു.
ഞാനും അനിയനും തത്തേടത്തിയും മെഴുവിലെ സരോജിനിയും കൂടി ഒരു നാടകം അഭിനയിച്ചു. നാടകം എഴുതിയത് ഞാന്‍ തന്നെ. ഡയറക്ഷനും ഞാന്‍ തന്നെ. ഒരു നോവല്‍ വായിച്ച് അതിന്റെ മാതൃകയില്‍ എഴുതിയതാണ് ആ നാടകം. കാഴ്ചക്കാര്‍ മുത്തശ്ശ്യമ്മമാര്‍. കര്‍ട്ടന്‍ അവരുടെ ഉടുക്കാനുള്ള, രണ്ട ു മുണ്ട ് കൂടിയ ശീലകള്‍. പിന്നെ അച്ഛനോട് ചോദിച്ചപ്പോള്‍ കപ്പും സോസറും തന്നു. ആദ്യം അവതരിപ്പിച്ചത് വടക്കേ കെട്ടില്‍ വച്ച്. പിന്നൊരു ദിവസം മോളിലെ തളത്തില്‍ വച്ചും. അച്ഛന്റെ അറയില്‍ ഇരുന്ന് അച്ഛന്‍ അത് കേട്ടിരുന്നു. അതുകൊണ്ട ് വായനശാല പ്രസിദ്ധീകരിച്ച മാസികയില്‍ അച്ഛന്‍ അതിനെപ്പറ്റി ഒരു ലേഖനം എഴുതി. നാടകത്തിന്റെ കഥയെപ്പറ്റിയല്ല എഴുതിയത്. കുട്ടികള്‍ക്ക് വായനശാല അവതരിപ്പിക്കുന്ന നാടകങ്ങള്‍ പ്രചോദനം ഏകുന്നു എന്ന് ഉദാഹരിക്കാനാണ്, ഞങ്ങള്‍ നാടകം അവതരിപ്പിച്ച കാര്യം എഴുതിയത്. കൂടാതെ ആ നാടകം അതില്‍ ചേര്‍ക്കുകയും ചെയ്തു; ഇത് മാസികയില്‍ ചേര്‍ത്തു എന്നു വച്ച് മറ്റു കുട്ടികള്‍ എഴുതുന്നത് പ്രസിദ്ധീകരിക്കും എന്ന് മോഹിക്കണ്ട എന്നൊരു താക്കീതും കൊടുത്തിരുന്നു. ആ എഴുതിയത് രാമപ്ഫന്‍ ആയിരുന്നു എന്ന് ഞാന്‍ ഊഹിക്കുന്നു.
പാഞ്ഞാള്‍ സ്‌കൂള്‍ പബ്ലിക് സ്‌കൂള്‍ ആക്കുന്നതിനു മുന്‍പ്, അഷ്ടമിക്കും പതിനാല്, വാവ്, പ്രതിപദം എന്നിവയ്ക്കും ആയിരുന്നു അവധി തന്നിരുന്നത്. പിന്നെ ഓണം, പൂജവെപ്പ്, തിരുവാതിര, വേനല്‍ക്കാലം എന്നിവയ്ക്കായിരുന്നു അവധി കിട്ടിയിരുന്നത്. പബ്ലിക് സ്‌കൂള്‍ ആക്കിയപ്പോള്‍ ശനിയും ഞായറുമായി അവധി ദിനങ്ങള്‍. വേനലവധി എന്നൊന്നുമല്ല പറഞ്ഞിരുന്നത്. കൊല്ലപ്പൂട്ടല്‍ എന്നായിരുന്നു. ആകെ രണ്ട ു പരീക്ഷകളെ ഉള്ളൂ. അരക്കൊല്ലപ്പരീക്ഷയും കൊല്ലപ്പരീക്ഷയും. ഇല്ലത്ത് വന്നാല്‍ എന്താണ് പഠിക്കുന്നതെന്ന് ആരും അന്വേഷിക്കുകയില്ല. പോയി വായിക്കൂ എന്ന് അച്ഛന്‍ ചിലപ്പോള്‍ പറയും എന്നു മാത്രം. കണക്ക് ചെയ്യാനുണ്ടെ ങ്കില്‍ അപ്ഫന്മാരോട് ഇതിന്റെ വഴി പറഞ്ഞു തരൂ എന്നാവശ്യപ്പെടും. അവര്‍ ആ എഴുതിക്കോളൂ എന്ന് പറഞ്ഞു വഴിയും ചെയ്യേണ്ട രീതിയും പറഞ്ഞു തരും.
ഒരിക്കല്‍ കാവപ്ഫനും കുഞ്ഞിച്ചമ്മയും തത്തേടത്തിയും ഏഴില്‍ പഠിക്കുന്ന കാലത്താണ് എന്നു തോന്നുന്നു തിരൂപ്പാട് മാഷ് ഒരു ഇമ്പോസിഷന്‍ കൊടുത്തു. അവര്‍ എഴുതിക്കൊണ്ട ് പോയി. അത് തെറ്റാണ് വീണ്ട ും എഴുതാന്‍ പറഞ്ഞു. അപ്പോഴും തെറ്റാണെന്ന് പറഞ്ഞു. എന്നാല്‍ ശരി എന്താണ് എന്ന് പറഞ്ഞു കൊടുത്തില്ല. പിന്നേയും എഴുതാന്‍ പറഞ്ഞു. ദിവസേന എഴുതേണ്ട എണ്ണവും കൂടിക്കൂടി വന്നു. അവസാനം ആരാണ് തോറ്റത് അല്ലെങ്കില്‍ ജയിച്ചത് എന്ന് നിശ്ചയമില്ല.
അമ്മാത്ത് വിശേഷമുണ്ട ാകുമ്പോള്‍ ഞങ്ങളെ കൊണ്ട ുപോകാന്‍ കാര്‍ അയയ്ക്കും. ഇല്ലത്തേക്ക് കാര്‍ വരുകയില്ല. പാഞ്ഞാള്‍ സ്‌കൂളിന്റെ അടുത്തുവരെയേ കാര്‍ വരൂ, അവിടെ വന്നാല്‍ ഡ്രൈവര്‍ വന്നു വിവരം തരും.
കിള്ളിമംഗലത്തേക്ക് വരുവാന്‍ റോഡ് ഉണ്ട ായിരുന്നില്ല. രണ്ട ു തോടും തോട്ട്യാലും കൂടിച്ചേരുന്ന മൂന്നും കൂട്യോടത്ത് പാലം പണിയാന്‍ വേണ്ട ി സാമാനങ്ങള്‍ കൊണ്ട ുവന്നിട്ടുവത്രേ. പക്ഷെ പിറ്റേ ദിവസം അതെല്ലാം എടുത്തുകൊണ്ട ുപോയി പൈങ്കുളത്ത് തോടിനു പാലം പണിതു. അങ്ങനെ കൂടലാറ്റ്പുറത്തേക്ക് കാര്‍ പോകാറാക്കി. മാത്തൂരെ അനുജന്‍ പറഞ്ഞ വിവരമാണിത്. അമ്മാത്തെ മുത്തശ്ശന്റെ മക്കള്‍ (ചിറ്റൂരെ മരുമക്കള്‍) തന്നെയാണ് കിള്ളിമംഗലത്തും കൂടലാറ്റ്പുറത്തും ഉള്ളത്. അപ്പോഴേക്കും അമ്മ മരിച്ചതു കൊണ്ട ാണോ അങ്ങനെ ചെയ്യാന്‍ തീരുമാനിച്ചത് ആവോ.…അനുജന്‍ പറഞ്ഞതില്‍ നിന്ന് എനിക്ക് അങ്ങനെയാണ് തോന്നിയത്.
എന്റെ സൈക്കിള്‍ ഇല്ലത്തേക്ക് കൊണ്ട ുവന്നിരുന്നു. ഞാന്‍ അകത്ത് സൈക്കിള്‍ ഓടിച്ചാല്‍ രാമപ്ഫന്റെ അമ്മ മാത്രം ശകാരിക്കുമായിരുന്നു. നിലം കേടുവരുമത്രേ. അതുകാരണം മുറ്റത്ത് ആക്കി സൈക്കിള്‍ ഓടിക്കല്‍. അതുകാരണം വേഗം ടയര്‍ കേടായി. ഒരു ദിവസം അത് പൊട്ടിവീഴുകയും ചെയ്തു.
മൂസു പള്ളിശ്ശേരി അപ്ഫന്മാര്‍ക്കു പാളകൊണ്ട ് ചെരുപ്പ് ഉണ്ടാക്കി കൊടുക്കുമായിരുന്നു. വിശറി ഉണ്ട ാക്കാനും അദ്ദേഹത്തിന് അറിയാമായിരുന്നു. മുള ഒരാള്‍ പൊക്കത്തില്‍ മുറിച്ചു അതിന്റെ അടിയില്‍ നിന്ന് ഒരടി പൊക്കത്തില്‍ ചവിട്ടി നില്‍ക്കാന്‍ പാകത്തില്‍ ഒരു പരന്ന മരക്കഷണം വച്ചു പിടിപ്പിക്കും. അങ്ങനത്തത് രണ്ടെ ണ്ണം ഉണ്ട ാക്കി, അതിന്റെ മുകളില്‍ പിടിച്ചു പടിയിന്മേല്‍ ചവിട്ടിക്കയറി ഓരോ മുള പൊക്കി വച്ചുകൊണ്ട ് നടക്കുന്നതും അന്നത്തെ ഒരു ഹോബി ആയിരുന്നു. അപ്ഫന്മാര്‍ ചെയ്യുന്നത് കണ്ട ് ഞാനും ആ പൊയ്ക്കാലിന്മേല്‍ നടക്കുമായിരുന്നു. അങ്ങനെ നടക്കാന്‍ നല്ല ബാലന്‍സ് വേണം. ഒന്ന് തെറ്റിയാല്‍ കമഴ്ന്നടിച്ച് വീഴും. പക്ഷെ ഞാന്‍ ഒരിക്കലും വീണില്ല, ഭാഗ്യം കൊണ്ട ്.
ഇല്ലത്തെ നാലിറയത്തുനിന്ന് പൂമുഖത്തേക്ക് കടക്കുന്ന സ്ഥലം, കെഴുക്കിനിയുടെ തെക്കുവശം തട്ടിട്ടതാണ്. കോണി വച്ചാലും പിന്നേയും കുറച്ചു മുകളിലേക്ക് എത്തിവലിഞ്ഞു കയറിയാലേ തട്ടിന്മുകളിലെത്തൂ. അപ്ഫന്മാര്‍ കയറുന്നതുപോലെ ഞാനും അങ്ങോട്ട് കയറിയിരുന്നു.
അമ്പലക്കുളത്തില്‍ 3 മുതലകള്‍ ഉണ്ട ായിരുന്നു. മുതല ഉണ്ടെ ങ്കിലും അടുക്കളക്കുളത്തില്‍ അക്കരെയ്ക്ക് നീന്തുന്നതും പതിവായിരുന്നു. അവ രാത്രിയില്‍ രണ്ട ു കാലിന്മേല്‍ നടക്കുമെന്ന് പണിക്കാരികള്‍ പറഞ്ഞുകേട്ടിട്ടുണ്ട ്. ഒരു ദിവസം വെളുപ്പാന്‍ കാലത്ത് അവര്‍ അമ്പലക്കുളത്തിലെ പാത്രം മോറുന്ന കടവില്‍, പാത്രം കഴുകാന്‍ ചെന്നപ്പോള്‍ ഒരാള്‍ വെളുത്ത മുണ്ട ും ചുറ്റി അവിടെ നില്‍ക്കുന്നുവത്രേ. അവര്‍ വിചാരിച്ചത് നമ്പൂതിരിമാര്‍ ആരെങ്കിലുമാവും എന്നാണ്. 'എന്താ തമ്പുരാന്‍ ഇവിടെ നില്‍ക്കുന്നത്' എന്ന് ചോദിച്ചപ്പോള്‍ ചെകിട്ടത്തു ഒരടി കൊടുത്ത് അത് കുളത്തിലേക്ക് ചാടിയത്രെ. അത് മുതലയായിരുന്നു എന്ന് അവര്‍ പറയുന്നു. കൊടുംകാറ്റില്‍ അമ്പലക്കുളത്തിലേക്ക് വീണ മാവിന്റെ തടിയില്‍ കയറി മുതല വായും പൊളിച്ചു കിടക്കുന്നത് പലപ്പോഴും കണ്ട ിട്ടുണ്ട ്. ഈച്ചയെ പിടിക്കാനാണത്രെ വായ് പൊളിച്ച് കിടക്കുന്നത്. ആ മാവിന്‍ തടി കുറേക്കാലം വെള്ളത്തില്‍ത്തന്നെ കിടന്നു. അത് കയറ്റാന്‍ വേണ്ട ി ആനയെ കൊണ്ട ു വന്നു. എന്നാല്‍ കുളത്തില്‍ നിറച്ചു ചേറായത് കാരണം ആന ഇറങ്ങാന്‍ കൂട്ടാക്കിയില്ല. തടി അവിടെത്തന്നെ കുറേക്കാലം മുതലകള്‍ക്ക് കയറിക്കിടക്കാനുള്ള ഉപകരണമായി ഉണ്ട ായിരുന്നു. ഒരിക്കല്‍ ആരോ 'അതാ മുതല' എന്ന് വിളിച്ചു പറഞ്ഞു, മുതലയെക്കാണാന്‍ ഞാന്‍ ഓടി. തട്ടിത്തടഞ്ഞു വീണു. പുരികത്തിന്റെ ഭാഗം പൂമുഖത്തെ തട്ടികയിന്മേല്‌കൊണ്ട ് മുറിഞ്ഞു, അച്ഛന്‍ അവിടെ ഇരിക്കുന്നുണ്ട ായിരുന്നു. ഉടനെ ടിങ്ച്ചര്‍ ഓഫ് അയഡിനില്‍ പഞ്ഞി മുക്കി മുറിവില്‍ വച്ചു. മുറിവ് രണ്ടു ദിവസം കൊണ്ട് ഉണങ്ങി.
ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ വല്യമ്മാമന്‍ എനിക്ക് ഒരു പാര്‍ക്കര്‍ 51 പേന തന്നു. അതിന് അന്ന് 53 രൂപയാണ് വില. അന്നത്തെ ഏറ്റവും വിലപിടിച്ച പേന ആയിരുന്നു അത്. ആ പേന കൊണ്ട ാണ് ഞാന്‍ പിന്നീട് പരീക്ഷ എഴുതിയത്. ഞാനും കുഞ്ഞനുജമ്മാമനും കൂടി ഒരു തര്‍ക്കം ഉണ്ടായി. അമ്മാമന്റെ പേനയോ എന്റെ പേനയോ ഏതാണ് കൂടുതല്‍ നല്ലത് എന്ന്. അമ്മാത്തുവച്ചാണ് തര്‍ക്കിച്ചത്. രണ്ട ു പേരും വിട്ടുകൊടുക്കാന്‍ ഭാവമില്ല. അപ്പോള്‍ കുഞ്ഞിക്കുട്ടമ്മാമന്‍ പറഞ്ഞു എന്റെ പേനയാണ് അധികം നല്ലതെന്ന്. അപ്പോള്‍ കുഞ്ഞനുജമ്മാമന്‍ തോറ്റ് തന്നു.
ആ കാലത്ത് വസൂരി പിടിപെടുന്നത് പതിവാണ്. അതിനാല്‍ ആ രോഗം വരാതിരിക്കാന്‍ കുത്തിവെപ്പ് നടത്തും. സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ക്ക് സ്‌കൂളില്‍ വന്നു കുത്തിവയ്ക്കും. അല്ലാത്തവര്‍ക്കെല്ലാം വീടുകളില്‍ വന്നാണ് കുത്തിവയ്ക്കുക. വാക്‌സിന്‍ കൈയിന്മേല്‍ രണ്ട ു സ്ഥലത്ത് പുരട്ടി സൂചിപോലെ ഒരു സാധനം അവിടെ വച്ച് ഒരു തിരിക്കലാണ്. വട്ടത്തില്‍ മുറിവുണ്ട ാകും. ചിലര്‍ക്ക് കാര്യമായി പഴുക്കില്ല. ചിലര്‍ക്കു നന്നായി പഴുക്കും. എനിക്ക് രണ്ട ാഴ്ചയോളം പനിയും പഴുപ്പും ഉണ്ട ായി. ഉണങ്ങിയപ്പോള്‍ രണ്ട ു വലിയ കലയായി. അനിയന് കുത്തിവച്ചിട്ടു അത് വല്ലാതെയൊക്കെ പഴുത്തു. പനി മാറാതെ പിച്ചും പേയും ഒക്കെ പറയാന്‍ തുടങ്ങി. ചേലക്കര നിന്ന് ഡോക്ടര്‍ അന്തോണിയെ കൊണ്ട ുവന്നു. അന്തോണിയുടെ ചികിത്സ തുടങ്ങിയിട്ടും വേഗം ഒന്നും മാറിയില്ല. മുത്തശ്ശ്യമ്മ അനിയനെ നോക്കാന്‍ കുളിക്കാതെ (ശുദ്ധമാവാതെ) അനിയന്റെ അടുത്തുതന്നെ ഇരിക്കുകയായിരുന്നു. ഒരിക്കല്‍ അച്ഛന്‍ ഡോക്ടറോട് സംസാരിക്കുമ്പോള്‍ കരയുകയായിരുന്നു എന്ന് അത് കണ്ട തത്തേടത്തി പറഞ്ഞു. മാറ്റിക്കൊടുക്കാം എന്ന് ഡോക്ടര്‍ ഉറപ്പു കൊടുത്തു. ഒരു മാസത്തോളം കഴിഞ്ഞപ്പോള്‍ പനിയും പഴുപ്പും മാറാന്‍ തുടങ്ങി. ഡോക്റ്റര്‍ വാക്ക് പാലിച്ചു. അച്ഛന്‍ അദ്ദേഹത്തിന് ഒരു മോതിരം സമ്മാനം കൊടുത്തു.
ഇല്ലത്ത് പണ്ട ് പഞ്ചസാര പുറത്താളത്തില്‍ ആണത്രേ സൂക്ഷിക്കുക. ഒരു ഭരണിയിലാക്കി ഉറിയിലോ മറ്റോ വയ്ക്കും, ആര്‍ക്കുവേണമെങ്കിലും ഇഷ്ടംപോലെ വാരിക്കൊണ്ട ുപോകാം. അന്നത്തെ കാലത്ത് ഇപ്പോള്‍ ഉള്ളതുപോലെയുള്ള വെളുത്ത പഞ്ചസാര ഇല്ല. ഇളം മഞ്ഞ നിറത്തില്‍ ഉള്ള പഞ്ചസാര അണ് അത്. 'സേലം പഞ്ചസാര' എന്നാണ് അതിനെ പറഞ്ഞിരുന്നത്. അതാണ് പഞ്ചാര പായസത്തിലും മറ്റും ഉപയോഗിച്ചിരുന്നത്. പഞ്ചാര പായസം അന്നൊക്കെ വളരെ അപൂര്‍വം ആയേ ഉണ്ട ായിരുന്നുള്ളു; അക്കാലത്തൊക്കെ അധികവും ഇടിച്ചു പിഴിഞ്ഞ പായസമാകും ഉണ്ട ാകുക. അതുപോലെ കിഴക്കേ അടുക്കളയ്ക്ക് പട്ടരടുക്കള എന്നും പറയും. പട്ടന്മാരായിരുന്നുവത്രേ വെപ്പ്. വിശേഷമുണ്ട ാകുമ്പോള്‍ മാത്രമാണോ എന്ന് അറിയില്ല, ഈ പട്ടന്മാര്‍ പപ്പടം കാച്ചുമ്പോള്‍ കുറെ അവരുടെ മഠങ്ങളിലേക്കും കൊണ്ട ുപോകാറുണ്ട ായിരുന്നുവത്രേ. അതുകൊണ്ട ാണെന്നു തോന്നുന്നു അവരെ വെപ്പുപണിയില്‍നിന്ന് ഒഴിവാക്കിയത്.
ഞാന്‍ കോഴിക്കോട്ടേക്ക് പോകുന്നതിനു മുമ്പ് എല്ലാ അഷ്ടമിക്കും നോയമ്പു നോല്‍ക്കണം എന്ന് മുത്തശ്ശ്യമ്മ പറയും. ഞാന്‍ അനുസരിക്കാറുമുണ്ട ്. എന്നാല്‍ എനിക്ക് ഗോതമ്പും ചാമയും ഒന്നും ഇഷ്ടമായിരുന്നില്ല. ഗോതമ്പിനെക്കാള്‍ ഭേദം ചാമയാണെന്ന് തോന്നി ഞാന്‍ ചാമച്ചോര്‍ ആണ് കഴിക്കാറുണ്ട ായിരുന്നത്. കൂട്ടാനും ഉപ്പേരിയും ഒന്നും എനിക്ക് ഇഷ്ടമായിരുന്നില്ല. കായ ഉപ്പേരിയാണെങ്കില്‍ തോലൊന്നും കഴിക്കില്ല. പയറുപ്പേരി ആണെങ്കില്‍ മണി മാത്രം കഴിക്കും. അതിനാല്‍ നോല്‍ക്കുന്ന ദിവസങ്ങളില്‍ നല്ല മോരും ശര്‍ക്കരയുമൊക്കെ ചോറില്‍ കൂട്ടി കഴിക്കാന്‍ തരുമായിരുന്നു. കോഴിക്കോട്ടേക്ക് പഠിക്കാന്‍ പോയതിനുശേഷം അഷ്ടമിനോല്‍മ്പു നിര്‍ത്തി.
തിരുവാതിരയ്ക്കും നോല്‍ക്കണം. അമ്മാത്ത് ഗോതമ്പും ചാമയും ഒന്നുമല്ല. അരിപോലെ തന്നെയുള്ള, വരിനെല്ലിന്റെ അരി, ചോറും ആണ്. അത് ഉണ്ണാന്‍ എനിക്ക് ഇഷ്ടമാണ്. അതുപോലെ തിരുവാതിരയ്ക്കും പതിന്നാലിനും പകലൂണായിരുന്നു. രാത്രി വെള്ളം പോലും കുടിക്കാന്‍ പാടില്ല. വെള്ളം കുടിക്കരുതെന്നു പറഞ്ഞാല്‍ അന്നെനിക്ക് ദാഹിക്കും. ഇല്ലത്തായാല്‍ വെള്ളം കുടിക്കട്ടേ എന്ന് ചോദിക്കാന്‍ പറ്റില്ല. അമ്മാത്തായാല്‍ വല്യമുത്തശ്ശ്യമ്മയോട് (മുത്തശ്ശന്റെ അമ്മ) അനുവാദം ചോദിച്ചാല്‍ ശിവനും ശ്രീപാര്‍വതിക്കും നമസ്‌കരിച്ചിട്ട് വെള്ളം കുടിച്ചോളൂ എന്നുപറയും. ഉടനെ നമസ്‌കരിച്ചിട്ട് വെള്ളം കുടിക്കും.
അച്ഛന്‍ കുറേക്കാലം പപ്പടം കൂട്ടിയിരുന്നില്ല. അത് ഉണ്ട ാക്കുന്നത് കണ്ട ിട്ട്, ഉണ്ട ാക്കുമ്പോള്‍ തീരെ വൃത്തി പാലിച്ചിരുന്നില്ല, അതാണ് പപ്പടം കൂട്ടാതായത്. ചില കാലത്ത് ആനയ്ക്ക് കൊടുക്കുന്നതുപോലെയുള്ള ചോര്‍ ആയിരുന്നു അച്ഛന്‍ കഴിച്ചിരുന്നത്. തവിട് കളയാതെയുള്ള അരി. അത് അരിച്ച് കല്ലുകളഞ്ഞു വേവിച്ചു വറ്റിച്ചത്. ചില കാലത്ത് അരിയും ചെറുപയറും കൂടി വേവിച്ചത്. ഈ പ്രത്യേക ഭക്ഷണം മിക്കവാറും രാത്രിയില്‍ ആണ് കഴിക്കുന്നത്. എന്തെങ്കിലും അസുഖം ഉണ്ട ായിട്ടാണാവോ, അതറിയില്ല.
ഞാന്‍ ഒരു ദിവസം രാവിലെ എഴുന്നേറ്റ് നോക്കുമ്പോള്‍ കുഞ്ഞിച്ചമ്മയെ കാണാനില്ല. കുഞ്ഞിച്ചമ്മ എവിടെയാണെന്ന് അന്വേഷിച്ചപ്പോഴാണ്, അച്ഛന്റേയും ചെറിയമ്മയുടെയും കൂടെ പോയി എന്നറിയുന്നത്. അവര്‍ മദ്രാസിലേക്കാണത്രെ പോയത്. അറിഞ്ഞാല്‍ ഞാന്‍ വാശി പിടിക്കും എന്നുവച്ചു, ഞാന്‍ ഉണരുന്നതിന് മുന്‍പേ പോയി. ഉ.ഒ. മുത്തപ്ഫന്‍ ചെറിയമ്മയുടെ ഏടത്തിയെ ആണ് വേളി കഴിച്ചിട്ടുള്ളത്. അവരുടെ അടുത്തേക്കാണത്രെ പോയത്. ഇനിയിപ്പോള്‍ കരഞ്ഞിട്ടൊന്നും കാര്യമില്ല. അച്ഛന് ഞങ്ങളെ വേണ്ട ായിരിക്കും.
ഇല്ലത്തെ വക ഒരു വായനശാല ഉണ്ട ായിരുന്നു. പേര് ജ്ഞാനപ്രദായിനി. വായനശാല വക നാടകം കളിക്കുമ്പോള്‍ അച്ഛനും അഭിനയിക്കാറുണ്ട ായിരുന്നുവത്രേ. പക്ഷെ എനിക്ക് ഓര്‍മ്മയായപ്പോഴേക്കും വായനശാലയുടെ പ്രവര്‍ത്തനം നിലച്ചിരുന്നു. അതിലെ പുസ്തകങ്ങളെല്ലാം അച്ഛന്റെ മുറിയില്‍ അമ്മയുടെ അലമാറയില്‍ സൂക്ഷിച്ചിട്ടുണ്ട ായിരുന്നു. അവധിക്കാലത്ത് അച്ഛന്റെ അനുവാദത്തോടുകൂടി ഞാന്‍ അതില്‍നിന്നു പുസ്തകങ്ങള്‍ എടുത്തു വായിക്കുമായിരുന്നു.
അങ്ങനെയാണ് ഞാന്‍ മംഗളോദയം മാസിക കണ്ട ത്, അതിലൊന്നോ രണ്ടേ ാ എണ്ണത്തില്‍ അച്ഛന്റെ കവിതകള്‍ ഉണ്ട ായിരുന്നു. ഒന്ന് 'എന്റെ നന്ദനം', മറ്റേത് 'അപ്പന്‍ തമ്പുരാന്‍ മരിച്ചപ്പോള്‍', അദ്ദേഹത്തെപ്പറ്റി എഴുതിയത്. ഒരു ദിവസം ഞാന്‍ പുസ്തകം എടുക്കാന്‍ ചെന്നപ്പോള്‍ അച്ഛന്‍ ''ആ മുറിയില്‍ ഒരു പാത്രത്തില്‍ ഒരു സാധനം ഉണ്ട ്. എടുത്തുകൊണ്ട ു വരൂ'' എന്ന് പറഞ്ഞു. ഞാന്‍ പാത്രം എടുത്തു കൊണ്ട ുവന്നു. അതില്‍ പൊരിയായിരുന്നു. എന്നോട് തിന്നുകൊള്ളാന്‍ പറഞ്ഞു. അത് മുഴവന്‍ ഞാന്‍ തിന്നു. അച്ഛന്‍ കുറച്ചേ തിന്നുള്ളൂ. കുന്നത്തെ രാമന്‍ കൊണ്ട ുവന്നു കൊടുത്തതാണ്. അപ്പോള്‍ അച്ഛന് സ്‌നേഹമുണ്ട ്. പ്രകടിപ്പിക്കാത്തതാണ്.
ഇപ്പോഴുള്ള വായനശാല പണിയുമ്പോള്‍ ഇല്ലത്തുള്ളവരും (അച്ഛന്‍ മുതല്‍ അപ്ഫന്മാരും അനിയനും ഉള്‍പ്പെടെ) നാട്ടുകാരും രാവിലെ മുതല്‍ വൈകുന്നേരം വരെ അദ്ധ്വാനിച്ചിട്ടാണ് പണി പൂര്‍ത്തിയാക്കിയത്.
ഇല്ലത്ത് കുട്ടികള്‍ക്ക് പ്രാതല്‍ ഊണായിരുന്നു എന്നു ഞാന്‍ മുന്‍പ് പറഞ്ഞിട്ടുണ്ട ല്ലോ. എന്നാല്‍ നെയ്യ്, ഉപസ്തരിക്കാനും നെയ്‌വിളക്കു കത്തിക്കാനും മാത്രമേ തികയൂ. അതിനാല്‍ അച്ഛന്‍ ഒരു കിഴക്കത്തി പശുവിനെ മേടിച്ചു, കുട്ടികള്‍ക്ക് നെയ്യ് കൂട്ടാന്‍ വേണ്ട ി. ആ പശു കുത്തുകാരിയായിരുന്നു; പ്രത്യേകിച്ചും പുതപ്പും കുടയുമായി വരുന്നവരെ കണ്ട ാല്‍ പശു കുത്താന്‍ ചെല്ലും. ഒരിക്കല്‍ പശുവിനെ അഴിച്ചുവിട്ട സമയത്താണ് പള്ളിശ്ശേരിയമ്മയുടെ വരവ്. ആരും ശ്രദ്ധിച്ചില്ല. പള്ളിശ്ശേരിയമ്മയുടെ നിലവിളി കേട്ട് ചെന്നു നോക്കുമ്പോള്‍ പശു ആ അമ്മയെ തട്ടിയിട്ട് തുടയിന്മേല്‍ കുത്തുന്നതാണ് കണ്ട ത്. ഉടനെ ആരോ പയ്യിനെ പിടിച്ചുകെട്ടി. മാധവന്‍ പള്ളിശ്ശേരിയുടെ അമ്മയായിരുന്നു അത്.
അച്ഛന്റെ സഹോദരിയായ ഇച്ചമ്മയെ മൂര്‍ത്തിയേടത്തെക്കു കൊടുത്തു. അന്ന് ഇല്ലത്തെ കാര്യങ്ങള്‍ നോക്കിയിരുന്നത് അമ്മാത്തെ വല്യമുത്തപ്ഫന്‍ ആയിരുന്നുവത്രേ. മൂര്‍ത്തിയേടം ആസ്സ്യനും ഇല്ലത്തോരു ആഢ്യന്മാരും ആയിരുന്നതിനാല്‍ ചില വഴക്കുകളൊക്കെ ഉണ്ട ായത്രേ. പെണ്‍കൊട കഴിഞ്ഞ് നാലാം ദിവസം കുളി കഴിഞ്ഞ് ശീല ഉടുപ്പിക്കുമ്പോള്‍ ഒക്കും കുളത്തും വച്ചേ ഉടുപ്പിക്കൂവെന്നു കരിപ്പാലെ ഇച്ചമ്മയും മറ്റും ശഠിച്ചു. മൂര്‍ത്തിയേടത്ത്‌നിന്ന് വന്നവര്‍ പാപ്പം വച്ചു ഉടുപ്പിക്കണമെന്നും ശഠിച്ചു. അതുപോലെ ചെറുതാലിയുടെ കാര്യത്തിലും, മലര്‍ത്തിത്താലി വേണമെന്ന് അവരും, കമഴ്ത്തിയതെ കെട്ടിക്കൂ എന്ന് ഇല്ലത്തോരും തര്‍ക്കിച്ചു. ഏതായാലും ഉടുക്കലും ചെറുതാലിയും ഇല്ലത്തെപ്പോലെയെ ഞാന്‍ കണ്ട ിട്ടുള്ളൂ. പിന്നീട് ജാക്കറ്റ് ഇടാന്‍ തുടങ്ങിയപ്പോള്‍ ആ പ്രശ്‌നം ഇല്ലാതായി. ഇപ്പോള്‍ ആര്‍ക്കും എന്തു വേഷവും ധരിക്കാമല്ലോ.
ആഢ്യന്മാരുടെ വേഷം ശ്രീപാര്‍വതിയുടെയും ആസ്സ്യന്മാരുടെത് ലക്ഷ്മീഭഗവതിയുടെതും ആണത്രേ. ഇരിഞ്ഞാലക്കുടക്കാരുടെ വേഷം ശിവന്റെയും ശ്രീപാര്‍വതിയുടെയും കാട്ടാളവേഷം ആണത്രേ. അപ്പോള്‍ ഈ തര്‍ക്കം ശൈവരും വൈഷ്ണവരും തമ്മിലുള്ള വഴക്കാണെന്നു തോന്നുന്നു.
എല്ലാ കൊല്ലവും വേനല്‍ കഴിഞ്ഞ് വര്‍ഷക്കാലം തുടങ്ങിയാല്‍ കുട്ടികള്‍ക്കെല്ലാം ചെങ്കണ്ണ് ഉണ്ട ാവും. അപ്പോള്‍ ഇളനീര്‍ക്കുഴമ്പോ മറ്റോ കണ്ണില്‍ ഒഴിക്കും. കണ്ണ് ചുകന്നിരിക്കും. കരടിറക്കവും ഉണ്ട ാവും. രാവിലെ കണ്ണ് മൂടിക്കെട്ടുന്നതുകാരണം കണ്ണ് മിഴിക്കാന്‍ പറ്റില്ല. വെള്ളംകൊണ്ട ് കണ്ണ് കുറേനേരം തുടച്ചാല്‍ മാതമേ കണ്ണ് മിഴിക്കാന്‍ പറ്റൂ. ഒരു കൊല്ലം ചേലക്കരനിന്ന് ഒരു പുതിയ മരുന്ന് കൊണ്ട ുവന്നു. കണ്ട ാല്‍ പച്ചവെള്ളം പോലെയാണ്. എന്നാല്‍ കണ്ണില്‍ ഒഴിച്ചാല്‍ ഭയങ്കര നീറല്‍ ആണ്. അതുകൊണ്ട ് ഞങ്ങളാരും ആ മരുന്നു കണ്ണില്‍ ഒഴിക്കാന്‍ സമ്മതിക്കില്ല എന്നാല്‍, കുഞ്ചുണ്ണിയപ്ഫന്റെ കണ്ണില്‍ അപ്ഫന്റെ അമ്മ അത് നിര്‍ബ്ബന്ധിച്ചു ഒഴിക്കും. കൂട്ടാക്കിയില്ല എങ്കില്‍ അടി നിശ്ചയം. എത്ര കിട്ടുമെന്നേ നിശ്ചയമില്ലാതുള്ളൂ.
ഞാന്‍ നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ പാഞ്ഞാള്‍ അമ്പലത്തില്‍ വച്ചു നാരായണന്‍ കൈപ്പഞ്ചേരിയുടെ കുട്ടിയുടെ ചോറൂണ് നടത്തുകയുണ്ട ായി. ഞങ്ങള്‍ സ്‌കൂള്‍ കുട്ടികള്‍ അതിനു പോയിരുന്നു. അവിടെവച്ചു നാരായണമ്മാമനെ കണ്ട ു. അമ്മാത്ത് (ദേശമംഗലം) ക്ഷണം ഉണ്ട ായിരുന്നു. അമ്മാത്തെ പ്രതിനിധി ആയിട്ടാണ് അമ്മാമന്‍ വന്നത്. എന്നോട് 'അമ്മാമന്‍ അമ്മാത്തേക്ക് വരുന്നുണ്ടോ' എന്ന് ചോദിച്ചു. പിറ്റേന്ന് സ്‌കൂള്‍ ഉണ്ടെ ന്ന ധാരണയില്‍ ഞാന്‍ വരുന്നില്ലെന്ന് പറഞ്ഞു. ഞാന്‍ സ്‌കൂളിലേക്ക് പോയി. അമ്മാമന്‍ നീലാണ്ട ന്‍ മാഷുടെ കൂടെ സ്‌കൂളിലേക്ക്, എന്റെ ക്ലാസിലേക്ക് വന്നു. നീലാണ്ട ന്‍ മാഷോട് എന്തോ പറഞ്ഞേല്‍പ്പിച്ചു. സ്‌കൂള്‍ വിട്ടപ്പോള്‍ മാഷ് എന്നോട് മാത്തൂര്‍ക്ക് വന്നാല്‍മതി എന്നും അമ്മാമന്‍ അവിടെ ഉണ്ടെ ന്നും പറഞ്ഞു. ഇനി എന്തു ചെയ്യാന്‍, ഞാന്‍ അപ്ഫന്മാരോട് അമ്മാമന്റെ കൂടെ അമ്മാത്തേക്ക് പോവുകയാണെന്ന് അച്ഛനോടും മുത്തശ്ശ്യമ്മ്യോടും പറയാന്‍ ഏല്‍പ്പിച്ചു. പുസ്തകസ്സഞ്ചി കൊടുത്തയച്ചു. മാത്തൂരുനിന്നു കാപ്പി കുടിച്ചു. അമ്മാമന്റെ കൂടെ പോയി. പോകുന്നവഴിക്ക് വാസുദേവ മുത്തപ്ഫന്റെ മാവിന്‍തോട്ടത്തില്‍നിന്ന് ഒട്ടുമാങ്ങ ശേഖരിച്ചിട്ടാണ് പോയത്. അവധിയായതിനാല്‍ അമ്മാത്ത് മൂന്നു ദിവസം താമസിച്ചു. പോരുമ്പോള്‍ എനിക്ക് ഉടുപ്പുകളും സോപ്പുകളും തന്നു. അമ്മാത്ത് ചെല്ലുമ്പോഴൊക്കെ മുത്തശ്ശന്റെ കൈയില്‍നിന്ന് കല്‍ക്കണ്ട വും മുന്തിരിങ്ങയും മേടിച്ചു തിന്നുക എന്റെ പതിവാണ്. ഇല്ലത്തെ മുത്തശ്ശന്റെ ചെല്ലത്തില്‍നിന്നു ഇരട്ടിമധുരമാണ് എടുത്തു തിന്നുക പതിവ്.
വേറൊരു തമാശ, പരീക്ഷ അടുത്താലുള്ള ഞങ്ങളുടെ പഠിപ്പാണ്. രാവിലെ നാലുമണിക്ക് എഴുന്നേറ്റു പഠിക്കാന്‍ തുടങ്ങും. ഒരു കോലുവിളക്ക് കത്തിച്ച് വച്ചിട്ടുണ്ട ാകും. അപ്ഫന്മാരും ഞാനും കുഞ്ഞിച്ചമ്മയും അതിന്റെ നാലുപുറവും ഇരിക്കും. എന്നിട്ട് വായിക്കാന്‍ തുടങ്ങും. വായന പതുക്കെയൊന്നും ആവില്ല. കുമ്പിട്ടിരുന്നു വയ്യാതായാല്‍ കിടക്കും. വെളിച്ചം കുറവായതിനാല്‍ അങ്ങനെ കിടന്നു അധികം വായിക്കാന്‍ പറ്റില്ല. അപ്പോള്‍ മലര്‍ന്നു കിടന്നു പുസ്തകം ഉയര്‍ത്തിപ്പിടിക്കും. കുറച്ചു കഴിയുമ്പോഴേക്കും കൈ കടയാന്‍ തുടങ്ങും. അങ്ങനെ കിടന്നു ഞാന്‍ ഉറങ്ങിപ്പോവും. ഓരോരുത്തരായി വായന നിര്‍ത്തും. വൈദ്യുതിയൊന്നും ഇല്ലല്ലോ. മണ്ണെണ്ണവിളക്കും പ്രചാരത്തില്‍ ആയിട്ടില്ല.
മുത്തശ്ശന്റെ (ഇല്ലത്തെ) സഹോദരിമാരില്‍ ഞാന്‍ അറിയുന്നവര്‍ ഒരുപുലാശ്ശേരി പേരശ്ശ്യമ്മ, മുതുകുര്‍ശ്ശി ചിറ്റശ്ശ്യമ്മ, പട്ടേരില്ലത്തെ ചിറ്റശ്ശ്യമ്മ, കരിപ്പാലെ ഇച്ചമ്മ, കാഞ്ഞൂരെ ചിറ്റശ്ശ്യമ്മ എന്നിവരാണ്. മുത്തശ്ശന്‍ പേരശ്ശ്യമ്മയെ ഒടപ്രന്നോള്‍ എന്നാണ് വിളിക്കാറ്. മാപ്പിള ലഹളക്കാലത്ത് ഒരുപുലാശ്ശേരിനിന്ന് അവരെല്ലാം ഓടിപ്പോന്നു ഇല്ലത്ത് താമസിക്കുമ്പോഴാണത്രെ അവണാവിലെ പേരശ്ശ്യമ്മയെ കൊടുത്തത്. മുത്തപ്ഫന്മാര്‍ പെരുമനത്ത് പോയി വന്നപ്പോഴാണ് അവണാവില്‍ നല്ല സ്ഥിതി ആണെന്ന് അറിഞ്ഞത്. അപ്പോള്‍ ഒരാളെ അങ്ങോട്ട് കൊടുക്കണം എന്ന് തീര്‍ച്ചയാക്കി. നറുക്ക് വീണത് പേരശ്ശ്യമ്മയ്ക്കാണ്. അങ്ങനെയാണത്രേ ആ വിവാഹം നടന്നത്.
ഒരുപുലാശ്ശേരി പേരശ്ശ്യമ്മ ഒരിക്കല്‍, ഞങ്ങള്‍ കുട്ടികള്‍ കളിക്കുമ്പോള്‍, പറഞ്ഞു ''എനിക്ക് വിമലയെ ഇങ്ങോട്ടുതന്നെ കൊടുക്കണമെന്ന് ആണ് മോഹം'' എന്ന് . ആത്മഗതമാണോ എന്നറിയില്ല. ഞാന്‍ വിചാരിച്ചത് ഞങ്ങളോട് പറയുകയാണെന്നാണ്. ഇത് ഞങ്ങളോട് പറഞ്ഞിട്ടെന്താ കാര്യം എന്ന് ഞാന്‍ വിചാരിച്ചു. എന്നാല്‍ പേരശ്ശ്യമ്മയുടെ ആഗ്രഹം സാധിച്ചു. വിമലച്ചെറിയമ്മയ്ക്ക് ഞങ്ങളെയെല്ലാം വലിയ സ്‌നേഹമായിരുന്നു. പട്ടേരില്ലത്തെ ചിറ്റശ്ശ്യമ്മയെ കുറിച്ചു അധികമൊന്നും പറയാനില്ല. ഒരു മകളെ ഉണ്ട ായിരുന്നുള്ളൂ. ആലമ്പിള്ളി ചിറ്റശ്ശ്യമ്മ ആയിരുന്നു ആ മകള്‍.
മുതുകുര്‍ശ്ശി ചിറ്റശ്ശ്യമ്മയുടെ സംസാരം കേള്‍ക്കാന്‍ നല്ല രസമാണ്. അവനവനു പറ്റിയ അബദ്ധങ്ങള്‍ സരസമായി വര്‍ണ്ണിക്കും. ഞങ്ങളുടെ കൂടെ ചിരിക്കുകയും ചെയ്യും. ഒരിക്കല്‍ തിരുനാവായില്‍ കുളിക്കാന്‍ പോയിട്ട്, മുങ്ങാന്‍ വെള്ളം നോക്കി നോക്കി പോയി കൂടെയുള്ളവരില്‍നിന്നു കുറെ ദൂരെ ആയതും, പിന്നെ ആരോ കൂട്ടുകാരുടെ അടുത്തു എത്തിച്ചതും ഒക്കെ സരസമായി വര്‍ണ്ണിക്കും. ഒപ്പം ചിരിക്കുകയും ചെയ്യും.
കരിപ്പാലെ ഇച്ചമ്മയാണ് എന്തെങ്കിലും സഹായത്തിനു വരുന്നത്. ഇച്ചമ്മയ്ക്കുള്ള ശീലകളും എണ്ണയും മറ്റും ഇല്ലത്തുനിന്നാണ് കൊടുത്തിരുന്നത്. ഇച്ചമ്മയുടെ പൈസ കുറച്ചു ഇല്ലത്ത് ഏല്‍പ്പിച്ചിട്ടുണ്ട ായിരുന്നുവത്രെ. അതിന്റെ പലിശ കൊണ്ട ാണ് ഇതെല്ലം ചെയ്തു കൊടുക്കുന്നത് എന്നാണ് ഇച്ചമ്മ പറയുക. ഭാഗം കഴിഞ്ഞപ്പോള്‍ അത് വല്യേ മുത്തപ്ഫന്റെ ഭാരമായി. കരിപ്പാലെ പുരപ്പണിക്കാലത്ത് ഇച്ചമ്മ ഇല്ലത്താണ് താമസിച്ചിരുന്നത്. ഇച്ചമ്മയുടെ സാധനങ്ങള്‍ ഒന്നും ആരും തൊടാന്‍ പാടില്ല. തൊട്ടാല്‍ ശകാരിക്കും. സ്വാര്‍ത്ഥത കുറച്ചു കൂടുതല്‍ ആയിരുന്നു. ഇച്ചമ്മയുടെ വളകള്‍ക്കു നല്ല നിറമുണ്ട ല്ലോ മുത്തശ്ശ്യമ്മയുടെയും അപ്ഫന്റെയമ്മമാരുടെയും വളകള്‍ക്കു ഒരു നിറവും ഇല്ലല്ലോ എന്ന് ഞാന്‍ പലപ്പോഴും വിചാരിക്കാറുണ്ട ്. ഒരിക്കല്‍ ഇച്ചമ്മയോട് ചോദിക്കുകയും ചെയ്തു. അപ്പോഴാണ് ''ഇത് നിന്റെ അമ്മയുടെ വളകള്‍ ആണ്. പഞ്ചലോഹം ആണ്. നിന്റെ അമ്മയ്ക്ക് സ്വര്‍ണംവള ഉണ്ട ാക്കിയപ്പോള്‍ എനിക്ക് തന്നതാണ്' എന്ന് പറഞ്ഞത്. ആദ്യകാലത്തൊന്നും ആത്തേമ്മാരോള് സ്വര്‍ണംവള ഇട്ടിരുന്നില്ല. ചിറ്റും ചെറുതാലിയും മറ്റാഭരണങ്ങളും ഒക്കെ സ്വര്‍ണം കൊണ്ട ാവാം. വള മാത്രം സ്വര്‍ണം പാടില്ല. ഇതിനടിസ്ഥാനം എന്താണാവോ.
അവണാവിലെ പേരശ്ശ്യമ്മ ചികിത്സയ്ക്കായി ഇല്ലത്ത് താമസിക്കുന്നതും ഓര്‍മയുണ്ട ്. കുഞ്ചുണ്ണിഏട്ടനും ഇല്ലത്ത് ഉണ്ട ാവും. ഒരു ദിവസം രാവിലെ നാലുമണിക്ക് പേരശ്ശ്യമ്മ അമ്പലക്കുളത്തില്‍ ചാടി നീന്താന്‍ തുടങ്ങി. ആരു പറഞ്ഞിട്ടും കയറുന്നില്ല. ഒടുവില്‍ കുഞ്ചുണ്ണിയേട്ടനെ വിളിച്ചു വരുത്തി. ഏട്ടന്‍ വന്നു കുറെ പറഞ്ഞതിന് ശേഷമാണ് പേരശ്ശ്യമ്മ കുളത്തില്‍നിന്നു കയറിയത്. പേരശ്ശ്യമ്മയ്ക്ക് എന്നെ വലിയ ഇഷ്ടമായിരുന്നു.
ഞാന്‍ നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആണ് കുഞ്ഞിച്ചമ്മയെ കൊടുത്തത്. അച്ഛന്റെ അമ്മാത്തേക്ക്. ആദ്യം നിശ്ചയിച്ചത് മുടങ്ങി. പിന്നെ കാവേട്ടന്‍ ആണ് വേളി കഴിച്ചത്. വരിക്കാശ്ശേരിക്ക് എന്താണ് സ്തീധനം കൊടുക്കേണ്ട ത് എന്നറിയാത്തതിനാല്‍ നൂറു പവന്‍ ആണ് കൊടുത്തത്.
കാഞ്ഞൂരെ ചിറ്റശ്ശ്യമ്മ കുറേക്കാലം ഇല്ലത്തേക്ക് വന്നിരുന്നില്ല. ചിറ്റശ്ശ്യമ്മയുടെ നമ്പൂതിരി മിശ്രഭോജനത്തിനോ മറ്റോ പങ്കെടുത്തതുകൊണ്ട ്, ഒരിക്കല്‍ ചിറ്റശ്ശ്യമ്മ ഇല്ലത്ത് വന്നപ്പോള്‍ 'എനിക്ക് നിന്നെ കാണണ്ട ഭ എന്ന് പറഞ്ഞു മുത്തശ്ശന്‍ വാതില്‍ കൊട്ടിയടച്ചുവത്രെ. അതാണ് വരാതായത്. കാഞ്ഞൂരുള്ളവരും നാട്ടുകാരും അവരെ ഒറ്റപ്പെടുത്തി. വളരെ ബുദ്ധിമുട്ടിയാണ് മക്കളെ വളര്‍ത്തിയത്. ചിറ്റശ്ശ്യമ്മയുടെ പ്രസവം അടുത്താല്‍ എടോനെ മഹള്‍ മുത്തശ്ശ്യമ്മ ഇത്തിരുവിനെ പറഞ്ഞയക്കും. അതിനാല്‍ അവളെ കിള്ളിമംഗലത്തുകാരും ഒറ്റപ്പെടുത്തിയെന്നു തോന്നുന്നു. കാഞ്ഞൂരെ വല്യേട്ടന്‍ ഇടയ്ക്ക് ചെറിയ മുത്തപ്ഫനെ കാണാന്‍ പത്തായപ്പുരയില്‍ വരുമായിരുന്നു. വന്നാല്‍ തോട്ടിലാണ് കുളിക്കുക. അകത്തെക്കൊന്നും വരില്ല.
ഞാന്‍ ഏഴാം ക്ലാസ്സിലായപ്പോഴാണെന്ന് തോന്നുന്നു കാഞ്ഞൂരെ ചിറ്റശ്ശ്യമ്മയും മകള്‍ കമലവും (അമ്മിണി) കൂടി ഇല്ലത്ത് വന്നു. ഞാനും കമലവും കൂട്ടുകാരായി. അവര്‍ മുത്തശ്ശനെ കണ്ട ു സംസാരിച്ചില്ല. ആരെയും തൊടുകയോ അടുക്കളയിലേക്കു കടക്കുകയോ ചെയ്തില്ല. പിന്നീട് ഇടയ്‌ക്കൊക്കെ വരിക പതിവായി. എന്നാലും അകത്ത് കടന്ന് പെരുമാറാറില്ല. രാമപ്ഫന്റമ്മയുടെ ഷഷ്ടിപൂര്‍ത്തി പിറന്നാള്‍ക്ക് വന്നപ്പോഴാണ്, അച്ഛന്‍ 'ഇനി ഇങ്ങനെ മാറി നില്‍ക്കുകയൊന്നും വേണ്ട ാ, ഇതിലുമധികമൊക്കെയാണ് എല്ലാവരും ചെയ്യുന്നത്' എന്ന് പറഞ്ഞത്. പിന്നീട് തൊട്ടുകൂടായ്മ ഒന്നും ഉണ്ട ായില്ല. ഞാന്‍ കോഴിക്കോട്ട് പഠിക്കുന്ന കാലത്ത് 'കോഴിക്കോട്ടേയ്ക്ക് പോകുമ്പോള്‍ അങ്ങോട്ട് വരണം, അച്ഛനോട് പറഞ്ഞാല്‍ മതി' എന്ന് എന്നെ ക്ഷണിക്കുകയും ഉണ്ട ായിട്ടുണ്ട ്. എന്നാല്‍ അന്നൊന്നും ഞാന്‍ പോയില്ല. രാമനുണ്ണിയുടെ വേളിക്കു ക്ഷണിച്ചപ്പോഴാണ് പോയത്. പിന്നെ പ്രഭയെ ചന്ദ്രന്‍ വേളി കഴിക്കുകയും ചെയ്തു .
ഇനി കുറച്ചു കോഴിക്കോടന്‍ വിശേഷങ്ങള്‍ ആവാം, ഞാന്‍ കോഴിക്കോട് പഠിച്ചിരുന്ന കാലത്തെപ്പറ്റി.
# memories- Savithri Mannazhi