Image

മല്ലി.. (കവിത: നൈന മണ്ണഞ്ചേരി)

Published on 12 February, 2023
മല്ലി.. (കവിത: നൈന മണ്ണഞ്ചേരി)

മൈനസ് ഡിഗ്രിതണുപ്പ് ആസ്വദിക്കാൻ

 മൂന്നാറിൽ  വന്നപ്പോഴാണ്

അവളെ ആദ്യമായി കണ്ടത്..

തണുപ്പ് പെയ്തൊഴിയാത്ത താഴ്വരയിൽ

ഒരു മഞ്ഞു തുള്ളി പോലെ   അവൾ..

മഞ്ഞിലുറഞ്ഞ് ഒഴുകാൻ മടിച്ചു നിന്ന അരുവിയിൽ

 ഒരു ജലകണമായി അവൾ..

 
  അവൾ പേര്പറഞ്ഞു മല്ലി..

 മല്ലിപ്പൂവ് ചൂടിയിരുന്നതു കൊണ്ടാകാം

മല്ലിയ്ക്ക്  മല്ലിപ്പൂവിന്റെ മണമായിരുന്നു

അവളുടെ  കൂടയിൽ നിറയെ പൂവുകളുണ്ടായിരുന്നു

മുല്ലമൊട്ട് പൊഴിയുന്ന ചിരിയുമായി

അവൾ ചോദിച്ചു,’’പൂവ് വേണമാ സാർ.’’.


വേണ്ടെങ്കിലും അവൾ ചോദിച്ചതു കൊണ്ട് വാങ്ങി

പിന്നെ രൊമ്പ നന്ദി പറഞ്ഞ്  പൂവുമായി അവൾ

 അകലേക്ക് ഓടിയോടിപ്പോയി,മങ്ങിയ

 മഞ്ഞിന്റെ കാഴ്ച്ചകൾക്കപ്പുറം എങ്ങോ മറഞ്ഞു


പിന്നൊരിക്കൽ വന്നപ്പോൾ മല്ലിയില്ല, ചെമ്പകമായിരുന്നു

അവളെ കണ്ട പ്പോൾ  മല്ലിയെ ഓർത്തു

വെറുതെ ചോദിച്ചു,എങ്കെ മല്ലി?

ചോദ്യം കേട്ടപ്പോൾ അവളുടെ മുഖം വല്ലാതായി,

അറിഞ്ഞില്ലേ,സാർ , അവളെ പുലി പിടിച്ചു


ഞെട്ടലോടെ.ഒട്ടൊരു നൊമ്പരത്തിൻ ഇടർച്ചയോടെ

 ചോദിച്ചു,ഇങ്കെയും പുലിയാ ചെമ്പകം?

മെല്ലെ  സ്വരം താഴ്ത്തി അവൾ ചൊല്ലി

കാട്ടു പുലിയല്ല, സാർ നാട്ടുപുലി..


നാട്ടുപുലി പിടിച്ച  മല്ലിയെ ഓർത്ത്

പുലി കുടഞ്ഞ  പെൺ ജന്മങ്ങളെയോർത്ത്

മനം പിടഞ്ഞു,ചെമ്പകത്തിന്റെ കൺകളിൽ തെളിയുന്ന

ഭീതിയിൽ നോക്കി മന്ത്രിച്ചു,നാട്ടുപുലിയുടെ
കൈകളിൽ ഒടുങ്ങാതിരിക്കട്ടെ  നിന്റെ ജന്മം..

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക