Image

പവിത്ര ഭൂമിക്കു പുതിയ മുഖങ്ങൾ: വെങ്ങാനൂരിൽ 3000 പേരുടെ പുത്തൻ  കാമ്പസ് (കുര്യൻ പാമ്പാടി)

Published on 12 February, 2023
പവിത്ര ഭൂമിക്കു പുതിയ മുഖങ്ങൾ: വെങ്ങാനൂരിൽ 3000 പേരുടെ പുത്തൻ  കാമ്പസ് (കുര്യൻ പാമ്പാടി)

മഹാത്മജിയുടെ പാദസ്പർശം കൊണ്ട് പവിത്രമായ മണ്ണാണ്.  ആ മണ്ണിൽ  ജനിച്ചു വളർന്നു വീരേതിഹാസങ്ങൾ രചിച്ച  അയ്യങ്കാളിയെ 1937 ജനുവരി 14നു നേരിൽകണ്ട് അദ്ദേഹത്തെ  "പുലയരാജാവ്" എന്നു വിളിച്ചത് ഗാന്ധിജി.  

അരനൂറ്റാണ്ടിനുശേഷം, 1999 ജൂലൈ 7നു, ആ മണ്ണിൽ ജനിച്ചു വളർന്ന ഒരു ചെറുപ്പക്കാരൻ കാശ്മീരിലെ മഞ്ഞുമൂടിയ കാർഗിലിൽ പാകിസ്ഥാൻ പടയെ തുരത്തുന്ന ജീവന്മരണ പോരാട്ടത്തിൽ വീരമൃത്യു വരിച്ചു--ക്യാപ്‌റ്റൻ ജെറി പ്രേംരാജ്.

കോവളത്തിനു വിളിപ്പാടകലെ വെങ്ങാനൂരിൽ കണ്ടുമുട്ടിയ ഇതിഹാസ പുരുഷന്മാർ

ഭാരത് ജോഡോ യാത്രയുടെ തുടക്കത്തിൽ രാഹുൽ ഗാന്ധി  അയ്യങ്കാളി സ്മൃതി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തി. സ്‌കൂളിന്റെ ശതാബ്ദി ഉദ്‌ഘാടനം ചെയ്തത്  അന്നത്തെ മുഖ്യമന്ത്രി  വി എസ്. അച്യുതാനന്ദൻ.

റെയിൽവേ സ്റ്റേഷനും ട്രാൻസ്‌പോർട് സ്റ്റേഷനും സന്ധിക്കുന്ന തിരുവനന്ത പുരത്തിന്റെ സിരാകേന്ദ്രമായ തമ്പാന്നൂരിൽ നിന്ന്  കഷ്ട്ടിച്ചു 13 കിമീ അകലെയാണ് വെങ്ങാനൂർ എന്ന ചരിത്ര ഭൂമി. കോട്ടയത്തുനിന്നു സ്റ്റേറ്റ് ഹൈവേ നമ്പർ വൺ വഴി   കഴക്കൂട്ടത്തെത്തി എൻഎച് 66 വഴി അവിടെ എത്താൻ മൂന്ന് മണിക്കൂർ.

 വെങ്ങാരൂരിലെ രക്തസാക്ഷി--കാർഗിലിൽ മരിച്ച ക്യാപ്റ്റൻ ജെറി പ്രേംരാജ്, അമ്മ ചെല്ലത്തായി  

വിഴിഞ്ഞത്ത് രൂപം കൊള്ളുന്ന ആഴക്കടൽ തുറമുഖവും കോവളവും അഞ്ചുകി മീ അടുത്ത്.  2014ൽ  ടൂറിസം വകുപ്പ് എട്ടേക്കറിൽ വിരിച്ചൊരുക്കിയ  ആർട്സ് ആൻഡ് ക്രാഫ്റ്സ് വില്ലേജ് രണ്ടിന്റെയും വിളിപ്പാടകലെ    വെള്ളാറിൽ. ഗ്രാമപഞ്ചായത്തു ആയിരുന്ന  വെങ്ങാനൂരിനെ പകുത്തു ഒരു ഭാഗം സിറ്റി കോർപറേഷന്റെ ഭാഗമാക്കിയിട്ടു 13 വർഷമായി.

നൂറു വാർഡുകൾ അടങ്ങിയ കോർപറേഷന്റെ 59ആം  വാർഡ് ആണ് വെങ്ങാനൂർ. ജെഡിഎസിലെ സിന്ധു വിജയൻ കൗൺസിലർ.  കഴക്കൂട്ടത്ത് തുടങ്ങി പള്ളിത്തുറ  കടലോരത്ത് അവസാനിക്കുന്ന സിറ്റിക്ക്  215 ച കിമീ  വിസ്താരമുണ്ട്. പത്തുലക്ഷം ജനം.  

വെങ്ങാലൂരിന്റെ പുതിയ മുഖം-- കോപ്പറേഷൻ കൗൺസിലർ സിന്ധു വിജയൻ

"വലിയൊരു വാർഡ് ആണ് എന്റേത്, എല്ലായിടവും ചുറ്റിക്കാണാൻതന്നെ സമയം എടുത്തു," ജീവിതത്തിൽ ആദ്യമായി തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ച സിന്ധു വിജയൻ പറയുന്നു. സിന്ധു മൂന്നു സീറ്റിന്റെ ഭൂരിപക്ഷം ഉള്ള  ഭരണകക്ഷിയിലെ ഏക ജെഡി(എസ്) അംഗമാണ്. നികുതി അപ്പീൽ കമ്മിറ്റി അധ്യക്ഷയാണ്. കോർപറേഷനിൽ എവിടെയും സഞ്ചരിക്കാം. കാറും ഡ്രൈവറും റെഡി.

ബാലരാമപുരത്തടുത്ത് കല്ലമ്പലത്തു ജനിച്ച സിന്ധുവിനെ വിജയൻ  വെങ്ങാനൂർക്ക് വിവാഹം കഴിച്ചു കൊണ്ടു വന്നതാണ്. ആദ്യ പരീക്ഷണത്തിൽ തന്നെ സിന്ധു ബിജെപി കോട്ട പിടിച്ചെടുത്തപ്പോൾ  വലിയ അന്ഗീകാരം. എസ്എസ്എൽസി ജയിച്ച ശേഷം വീട്ടിലെ പ്രാരാബ്ധം മൂലം ചെറുപ്പത്തിലേ ജോലിക്കു പോയ ആളാണ് സിന്ധു. 18 വർഷം  ഒരു റേഷൻ കടയിൽ സെയിൽസ് ഗേൾ ആയിരുന്നു.

118 വർഷം മുമ്പ് അയ്യൻ‌കാളി സ്ഥാപിച്ച സ്‌കൂൾ; ഹെഡ്മിസ്ട്രസ് അജിതയും സമ്മാനം നേടിയ കുട്ടികളും  

അഞ്ചു സെന്റെ ഉള്ളു കിടപ്പാടം.  സ്ഥലം പാട്ടത്തിനെടുത്ത് പച്ചക്കറി  കൃഷി ചെയ്യുന്ന ആളായിരുന്നു വിജയൻ. സുഖമില്ലാത്തതിനാൽ അതും നിലച്ചു. "ജനങ്ങൾക്കു എല്ലാം അറിയാം. എനിക്ക് കിട്ടിയ 210  വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഒരുപാടുപേർ സഹതാപ വോട്ടു നൽകിയവരാണ്,'' എന്ന് സിന്ധു. രണ്ടു ആണ്മക്കളിൽ വിവാഹിതനായ മൂത്തയാൾക്കു പോസ്റ്റ് ഓഫീസിൽ താൽക്കാലിക ജോലി ഉണ്ട്.

ഒന്നേകാൽ നൂറ്റാണ്ടു മുമ്പ്പുലയകുട്ടികൾക്കു സവർണകുട്ടികളോടൊപ്പം പഠിക്കാൻ  പണിമുടക്ക് സമരം സംഘടിപ്പിക്കുകയും അടിച്ചമർത്തലിനോട് പ്രതിഷേധിക്കാൻ സ്വന്തമായി വില്ലുവണ്ടി വാങ്ങി സഞ്ചരിക്കുകയും ചെയ്ത അയ്യങ്കാളി 28 വർഷം  ശ്രീമൂലം പ്രജാസഭയിൽ നോമിനേറ്റഡ് മെമ്പർ ആയിരുന്നു. ഡപ്യുട്ടി സ്പീക്കർ കേശവശസ്ത്രിയായിരുന്നു മകളുടെ ഭർത്താവ്.

മൂവായിരം കുട്ടികൾ പഠിക്കുന്ന മലങ്കര ഹയർ സെക്കണ്ടറി സ്‌കൂൾ.

നഗരത്തിൽ യൂണിവേഴ്‌സിറ്റികോളജിനൊട് ചേർന്നുള്ള വിക്ടോറിയ ജൂബിലി ടൗൺ ഹാളിനു കഴിഞ്ഞ വർഷമാണ് അയ്യങ്കാളി ഹാൾ എന്ന് പുനർനാമകരണം ചെയ്തത്. അതിന്റെ മുമ്പിൽ അദ്ദേഹത്തിന്റെ പ്രതിമയും സ്ഥാപിച്ചു. 1896ൽ  വിക്ടോറിയ  രാജ്ഞിയുടെ കിരീടധാരണത്തിന്റെ അമ്പതാം വാർഷികത്തിൽ ശ്രീമൂലം തിരുനാൾ മഹാരാജാവ് പണിയിച്ചു സമർപ്പിച്ചതാണ് ഹാൾ.

അയ്യങ്കാളി അന്ത്യവിശ്രമം കൊള്ളുന്ന വെങ്ങാനൂരും ഉണ്ട്  സ്മൃതി മണ്ഡപവും അർദ്ധകായ പ്രതിമയും. ആദ്ദേഹം സ്ഥാപിച്ച സാധുജന പരിപാലന സംഘത്തിന്റെ ഓഫീസിനോടും യുപിസ്‌കൂളിനോടും ചേർന്നാണ് സ്മാരകം. എല്ലാക്കൊല്ലവും അയ്യൻ‌കാളി ജന്മദിനവും ജയന്തിയും ഘോഷിക്കാറുണ്ട്. 2019ൽ  സ്‌കൂൾ ഏറ്റെടുത്ത കെപിഎംഎ സ് എന്ന കേരള പുലയർ മഹാസഭ യാണ് ഇതിനു നേതൃത്വം നൽകുന്നത്.

പാറശാല ബിഷപ് തോമസ് യൗസേബിയൂസ് റോമിൽ; യുഎസിൽ  

ഒരു കാലത്തു മുപ്പതു ഡിവിഷൻ വരെ ഉണ്ടായിരുന്നു. പിന്നീട് അധോഗതിയായി. ഇപ്പോൾ 134  കുട്ടികളുണ്ട്. പ്രീപ്രൈമറിയിൽ 24 പേരും. 25 അദ്ധ്യാപകർ ഉണ്ടായിരുന്നു, കുട്ടികൾ കുറഞ്ഞതിനാൽ 15 പേർ  പ്രൊട്ടക്ഷൻ നേടി മറ്റിടങ്ങളിലാണ്. സ്‌കൂൾ ബസുകളും പേരിനു മാത്രം. തിരുവനന്തപുരത്തുനിന്നു പോലും കുട്ടികൾ വന്നു പഠിച്ചിരുന്നു. സ്‌കൂളിന് പിന്നിലെ ഗ്രൗണ്ടിൽ രണ്ടു ബസുകൾ കിടക്കുന്നതു കണ്ടു.

സ്‌കൂളിന്റെ ഉടമസ്ഥാവകാശം തലമുറകൾ മാറി മറിഞ്ഞു വന്നതോടെ ഉത്തരവാദപ്പെട്ടവർ ഇല്ലാതായി.  ജീർണിച്ച സ്‌കൂൾ കെട്ടിടം നന്നാക്കാൻ പോലും ആളില്ലാതെ വന്നു. അങ്ങിനെയാണ് കേരള പുലയ മഹാസഭ എന്ന കെപിഎംഎസ് 2019ൽ  സ്‌കൂൾ വിലക്ക് വാങ്ങുന്നത്. അവർ സ്‌കൂളിന്റെ റോഡരികിലുള്ള കെട്ടിടം ഓടുമേഞ്ഞു  പുതുക്കി പണിതു.

മലങ്കര സ്‌കൂൾ 103 ആം വാർഷികം മന്ത്രിവീണാ ജോർജ് ഉദ്‌ഘാടനം ചെയ്യുന്നു, എം വിൻസെന്റ് എംഎൽഎ, ബിഷപ് തോമസ് യൗസേബിയൂസ്

ഒരുനൂറ്റാണ്ടു കഴിഞ്ഞപ്പോൾ  സ്‌കൂളിന്റെ ശുക്രദശ ആരംഭിച്ചതായി തോന്നുന്നുവെന്ന് മൂന്നു  പതിറ്റാണ്ടിലേ
റെയായി പ്രധാനാധ്യാപികയായിരിക്കുന്ന  ടി. അജിത വിശ്വസിക്കുന്നു. സോഷ്യോളജിയിൽ മാസ്റ്റേഴ്സും ബിഎഡും ഉള്ള അജിതയെ നയിക്കുന്നത് ആ ശുഭ പ്രതീക്ഷയാണ്.  

സ്‌കൂളിലെ അദ്ധ്യാപകരിൽഒരാൾ പോലും അയ്യൻകാളിയുടെ സമൂഹത്തിൽ പെട്ടയാളല്ല. അമ്മ സുധർമ്മയുടെ മരണശേഷം  ഓഫീസ് അസിസ്റ്റന്റ് ആയി കയറിയ എസ് പി  ഷാനി മാത്രമുണ്ട് അപവാദമായി.  പകരക്കാരനായിട്ടു പത്തു വർഷമായി.

മഹാത്മാ അയ്യൻ‌കാളിഹാൾ; അനുസ്‌മരണ സ്റ്റാമ്പ്

എന്നാൽ വെങ്ങാനൂരിന്റെ ഭാഗ്യം തെളിയുന്നത് മറ്റൊരു സ്ഥാപനത്തിലൂടെയാണ്. 1920ൽ വിക്രമൻ പിള്ള, പദ്‌മനാഭപിള്ള, സരസ്വതി അമ്മ എന്നിവർ മാനേജര്മാരായി തുടങ്ങിയ സ്ഥാപനം ഇന്ന് വിപിഎസ് മലങ്കര ഹയർസെക്കണ്ടറി സ്‌കൂൾ ആണ്. നഴ്‌സറി മുതൽ ഹയർ സെക്കണ്ടറി വരെ മൂവായിരത്തോളം ആൺകുട്ടികളും പെൺകുട്ടികളും പഠിക്കുന്ന സ്ഥാപനം.

ആരംഭിച്ചു ഒരു നൂറ്റാണ്ടിനു ശേഷം 2018 ൽ  മലങ്കര സഭയുടെ പാറശാല രൂപത സ്‌കൂൾ വിലയ്ക്ക് വാങ്ങുകയായിരുന്നു. മൂന്നേക്കർ കാമ്പസും ഒന്നര ഏക്കർ പ്ലേ ഗ്രൗണ്ടും. പഴയ കെടിടങ്ങൾക്കു പകരം മനോഹരമായ മൂന്നുനിലക്കെട്ടിടങ്ങൾ ഉയർന്നു. ആരെയും വിസ്മയിപ്പിക്കുന്ന സ്‌കൂൾ സമുച്ചയം.  ടൈലുകൾ പാകിയ  വിസ്തൃതമായ അങ്കണം. നിരനിരയായി സ്‌കൂൾ ബസുകൾ. സ്ഥാപകരുടെ ഓർമ്മയ്ക്ക് വിപിഎസ് എന്ന ഇനിഷ്യലുകൾ പേരിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.  

ബെർളിനും ഭാര്യ ഷീജയും  മാർ യൂസേബിയസും ഫാ. തോമസ് വട്ടപ്പാറയുമൊപ്പം

പത്തനംതിട്ട മൈലപ്ര സ്വദേശി തോമസ് മാർ യൗസേബിയസ് നായിക്കംപറമ്പിൽ അധ്യക്ഷനായ പാറശാല രൂപതയുടെ കീഴിലാണ് സ്ഥാപനം. റോമിൽ പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന്  ഡോക്ട്രേറ് നേടിയ ആദ്ദേഹം ഏഴുവർഷം അമേരിക്ക-കാനഡ രൂപതയുടെ ആദ്യത്തെ അധിപനായിരുന്നു. ലോങ്ങ് ഐലൻഡിൽ കെന്നഡി വിമാനത്താവളത്തിനടുത്ത് മലങ്കര സഭയുടെ ആദ്യപള്ളി സ്ഥാപിച്ചത് താൻ ആണെന്നു  അദ്ദേഹം പറഞ്ഞു.  

ഞാനിതു എഴുതുമ്പോൾ അദ്ദേഹം അമേരിരിക്കയിലെ നെവാഡ സ്റ്റേറ്റിൽ  റീനെയിലാണ്. 16 നു മടങ്ങും. "എന്നെ എങ്ങിനെ കണ്ടു പിടിച്ചു?" അദ്ദേഹം എന്നോട് ഫോണിൽ  ചോദിച്ചു. എന്റെ പിതാവ് വർഗീസ് മൈലപ്ര അടുത്ത് നെല്ലിക്കാലയിൽ നെല്ലിക്കാലാ വീട്ടിലെയാണ്, " എന്ന് മറുപടി. ആദ്ദേഹം സംതുഷ്ടനായി. 17നു മടങ്ങിയെത്തിയ ശേഷം പാറശ്ശാലയിലേക്കു വരാൻ അദ്ദേഹം ക്ഷണിച്ചു.

ഫാ. തോമസ് വട്ടപ്പറമ്പിൽ ആണ് വെങ്ങാനൂർ സ്‌കൂളിന്റെ അഡ്മിനിസ്ട്രേറ്റർ. പ്രിൻസിപ്പൽ പി. വിൻസെന്റ്, ഹെഡ്മിസ്ട്രസ് എം.ആർ. ബിന്ദു, പിടിഎ പ്രസിഡന്റ് ആർ. ജയകുമാർ, വൈസ് പ്രസിഡന്റ് ബെർളി സ്റ്റീഫൻ, സ്റ്റാഫ് സെക്രട്ടറി സി ജയ്‌സൺ. സ്‌കൂൾ അങ്കണത്തിൽ രാഷ്‌ട്രപതി വിവി ഗിരി നട്ട മാവ് വളർന്നു പൂവിട്ടു ആകാശത്തേക്ക് മിഴിനട്ടു നിക്കുന്നു.

വെങ്ങാനൂരിന്റെ താരം--ക്രിക്കറ്റർ സഞ്ജു സാംസൺ, ഭാര്യ ചാരുലത, കുടുംബം 

പ്രഗത്ഭരായ നിരവധി പേർ വെങ്ങാനൂർ സ്‌കൂളിൽ പഠിച്ചിറങ്ങിയിട്ടുണ്ട്. സിഎസ്‌ഐ ദക്ഷിണ കേരള ഭദ്രാസന ബിഷപ് ധർമ്മരാജ് റസാലം, മുൻ ബിഷപ്പും സിഎസ്‌ഐ മുൻ മോഡറേറ്ററുമായ ജെ.ഡബ്ലിയു ഗ്ലാഡ് സ്റ്റൺ, ഹൈക്കോടതി ജഡ്ജി എം.ആർ.  ഹരിഹരൻ നായർ, മികച്ച അധ്യാപകർക്കുള്ള പുരസ്ക്കാരം നേടിയ കെആർ സുരേഷ്‌കുമാർ, എൻ രാമകൃഷ്ണൻ നായർ, എഴുത്തുകാരനായ പ്രൊഫ. ജി എൻ പണിക്കർ എന്നിങ്ങനെ.

പാർലമെന്റ് അംഗമായിരുന്ന പി. വിശ്വംഭരൻ,  അധ്യാപകർക്കുള്ള ദേശിയ പുരസ്‌ക്കാരവും അയ്യങ്കാളിയെക്കുറിച്ചുള്ള ഡോക്കുമെന്ററിയുടെ പേരിൽ സംവിധാനത്തിനുള്ള സ്റ്റേറ്റ്  അവാർഡും നേടിയ കെ ആർ മധു, സിനിമ സംവിധായകനും നടനുമായ സതീശ് വെങ്ങാനൂർ, ഐപിഎസ് നേടിയ ടി. രാമചന്ദ്രൻ എഴുത്തുകാരൻ അജിത് വെണ്ണിയൂർ  എന്നിവരും അക്കൂടെ വരും.

രൂപതയ്ക്ക് മറ്റു രണ്ടു ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ട്. ഒന്ന്, കാട്ടാക്കടക്കടുത്ത് നെല്ലിക്കാട് മദർ തെരേസ ആർട് സ്  ആൻഡ് സയൻസ് കോളജ്. അൺ എയ്‌ഡഡ്‌. രണ്ടു, ധനുവച്ചപുരത്തിനടുത്ത് ഇടഞ്ഞിയിലെ സാൻതോം ആർട്സ് ആൻഡ് സയൻസ് കോളജ്.  ഇത് എയ്‌ഡഡ്‌ ആണ്.

വിപിഎസ് മലങ്കര  ഹയർ സെക്കണ്ടറി സ്‌കൂൾ ആണ് ഇന്ന് വെങ്ങാനൂരിലെ ഏറ്റവും വലിയ പൊതു സ്ഥാപനം. പക്ഷെ അതുകൊണ്ടായില്ല.

തിരുവനന്തപുരം നാലാംചിറയിലെ   മാർ ഈവാനിയോസ് വിദ്യാനഗർ പോലെ വെങ്ങാനൂരും ഒരു വിദ്യാഭ്യാസ ഹബ് ആകണമെന്നാണ് മോഹമെന്നു  പിടിഎ വൈസ് പ്രസിഡന്റ് ബെർലിൻ സ്റ്റീഫൻ   പറയുന്നു. വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന കോളജുകൾ, എൻജിനീയറിങ് കോളജ്, ഹോസ്റ്റലുകൾ, ധ്യാനകേന്ദ്രം കൺവെൻഷൻ സെന്റർ തുടങ്ങിയവ നിറഞ്ഞതാന് വിദ്യാനഗർ.

വെങ്ങാനൂരിനു മിഴിവേകുന്ന പുതുമുഖങ്ങൾ വേറെയുമുണ്ട്.  ക്രിക്കറ്റർ സഞ്ജു സാംസൺ അവരിൽ ഒരാളാണ്. പതിനെട്ടാം വയസിൽ കളി തുടങ്ങിയ സാംസൺ പിറ്റേ വർഷം ഐപിഎല്ലിൽ കളിച്ച്  ഏവരെയും വിസ്മയിപ്പിച്ചു. രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനാണ്. കഴിഞ്ഞ ലേലത്തിൽ 15 കോടിയായിരുന്നു  മൂല്യം.

പിതാവു സാംസൺ വിശ്വനാഥൻ ഡൽഹിയിൽ ഉദ്യോഗസ്ഥാനായിരുന്നു. കുട്ടിക്കാലം മുതലേ മകന് ക്രിക്കറ്റിൽ പരിശീലനം നൽകി. അമ്മ ലിസിയും അനുജൻ സെലിയും ഒപ്പം നിന്നു. ഡൽഹി റോസറി സ്‌കൂളിലാണ് ആദ്യം പഠിച്ചതു്. മാർ ഈവാനിയോസിൽ നിന്ന് ബിഎ നേടി.  ഗേൾ ഫ്രണ്ട്  ചാരുലത രമേശാണ് ജീവിത പങ്കാളി.

ബാംഗ്ളൂരിലുളും ഹൈദരാബാദിലും   സാംസണ് സ്വത്തുക്കളുണ്ട്.  വെങ്ങാനൂരിലും വീട് വാങ്ങി.  മുമ്പിൽ വലിയ ബോർഡും സ്ഥാപിച്ചു. പക്ഷെ അത് കാട്ടുവള്ളികൾ കയറി മറഞ്ഞിരിക്കുന്നു.  ഗേറ്റ് താഴിട്ടു പൂട്ടിയ നിലയിലാണ്. വല്ലപ്പോഴുമേ ആളുണ്ടാവൂ. .

എങ്കിലും സാംസന്റെ നേതൃത്വത്തിൽ രാജസ്ഥാൻ റോയൽസ് കസറുമ്പോൾ വെങ്ങാനൂരിലെ ചെറുപ്പക്കാർ ആവേശം കൊള്ളുന്നു. ചിലർ പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നു. സാംസൺ അറിയുന്നുണ്ടോ ആവോ?

A new campus for 3000 students in Venganur

Join WhatsApp News
Vaikom madhu 2023-02-13 02:22:38
Good. Very very informative story
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക