READ Magazine format: https://profiles.emalayalee.com/us-profiles/jacob-eapen/
Read as PDF: https://emalayalee.b-cdn.net/getPDFNews.php?pdf=284070_Jacob%20Eapen-profile.pdf
പുതുതലമുറ ആരോഗ്യത്തോടെ വളർന്നുവരേണ്ടത് ഒരു രാജ്യത്തിന്റെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. കുട്ടികൾക്ക് മികച്ച ചികിത്സ ലഭ്യമാകുന്നതും രോഗങ്ങളെ പ്രതിരോധിക്കാനുള്ള ശേഷി വർദ്ധിപ്പിക്കുന്നതും വികസനത്തിന്റെയും സമ്പന്നതയുടെയും അളവുകോലായാണ് കണക്കാക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ലോക പ്രശസ്തനായ ശിശുരോഗവിദഗ്ധനും അമേരിക്കൻ മലയാളിയുമായ ഡോ.ജേക്കബ് ഈപ്പന്റെ കർമ്മപഥം ഏറെ പ്രസക്തമാണ്. വൈദ്യശാസ്ത്രരംഗം കച്ചവടവൽക്കരിക്കപ്പെട്ടതോടെ, സേവനതല്പരതയെക്കാൾ സാമ്പത്തിക നേട്ടങ്ങൾക്ക് ഊന്നൽകൊടുക്കുന്ന ഡോക്ടർമാരിൽ നിന്ന് വ്യത്യസ്തനാണ് ഡോ.ഈപ്പൻ. പൊതു ആരോഗ്യ സംവിധാനങ്ങളിൽ പ്രവർത്തിക്കാൻ അദ്ദേഹം തീരുമാനം എടുത്തതും ഇക്കാരണം കൊണ്ടാകാം.
29 വർഷം അലമേഡ കൗണ്ടിയിലെ ഹെൽത്ത് സിസ്റ്റത്തിൽ പീഡിയാട്രീഷ്യനായും പത്തുവർഷം മെഡിക്കൽ ഡയറക്ടറായും പ്രവർത്തിച്ച ഡോക്ടർ, കൗണ്ടിയിലെ പൊതു ആരോഗ്യ രംഗത്തെ പോളിസികൾ അടക്കം പല ഉത്തരവാദിത്തങ്ങളും സ്തുത്യർഹമായി നിറവേറ്റി.ലോകത്തിലെ മികച്ച നൂറ് ആശുപത്രികളുടെ പട്ടികയിലുള്ള ഫ്രീമോണ്ടിലെ വാഷിംഗ്ടൺ ഹോസ്പിറ്റലിൽ 2004 മുതൽ ബോർഡ് ഓഫ് ഡയറക്ടറാണ്. നോർത്തേൺ കാലിഫോർണിയയിൽ ഒരു പൊതു തിരഞ്ഞെടുപ്പിൽ വിജയിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് അദ്ദേഹം.
യുണൈറ്റഡ് നേഷൻസ് ഹൈ കമ്മീഷണർ ഓഫ് റെഫ്യൂജീസിന്റെ (യുഎൻഎച്ച്സിആർ)പബ്ലിക് ഹെൽത്ത് അഡ്വൈസറായ ആദ്യ ഏഷ്യൻ വംശജനായ ഡോക്ടർ എന്ന ഖ്യാതി വേറെ.
കഴിഞ്ഞ ആറ് തവണ നടന്ന തിരഞ്ഞെടുപ്പുകളിലും വിജയം ആവർത്തിച്ചു എന്ന അപൂർവതയും ഡോക്ടറുടെ ക്രെഡിറ്റിലുണ്ട്.
6 അമേരിക്കൻ പ്രസിഡന്റുമാർക്ക് ലഭിച്ചിട്ടുള്ള 'എലിസ് ഐലൻഡ് മെഡൽ ഓഫ് ഓണർ' അടക്കം നിരവധി പുരസ്കാരങ്ങൾ നൽകി യു.എസ് സർക്കാർ ആദരിച്ചിട്ടുള്ള ഡോ.ജേക്കബ് ഈപ്പന്റെ സംഭാവനകൾ, ജന്മനാട് വേണ്ട വിധം തിരിച്ചറിഞ്ഞിട്ടുണ്ടോ? കേരളത്തിൽ വോളണ്ടറി മെഡിക്കൽ അഡ്വൈസറായി പ്രവർത്തിക്കാൻ തയ്യാറായിട്ടും 'ഇന്നർ പൊളിറ്റിക്സ്' അതിന് വിലങ്ങുതടിയാകുന്നതടക്കമുള്ള കാര്യങ്ങൾ ഇ-മലയാളി വായനക്കാരോട് ഡോ.ജേക്കബ് ഈപ്പൻ തുറന്നുപറയുന്നു...
#Dr. Jacob Eapen, profile