Image

ആര് വന്നെന്ന് പറയണം? (ചിഞ്ചു തോമസ്)

Published on 13 February, 2023
ആര് വന്നെന്ന് പറയണം? (ചിഞ്ചു തോമസ്)

ഒരു ഫോക്സ്വാഗൻ കാർ എരുമേലി ടൗൺ വഴി പൊയ്ക്കൊണ്ടിരിക്കുകയാണ്. ലിസി വലത്തുഭാഗത്ത് കാണുന്ന ഓരോ കെട്ടിടങ്ങളുടെയും പേര് വേഗം വേഗം വായിക്കുകയാണ്. അവൾ നോക്കിയിരുന്ന പേര് ഒരു കെട്ടിടത്തിനും കാണുന്നില്ല. അപ്പോഴേക്കും കാർ എരുമേലി ടൗൺ കടന്നിരുന്നു.

“നീ കാർ ഒന്നുകൂടെ എരുമേലി ടൗൺ വഴി ഓടിക്ക് “, ലിസി അഭിയോട്  പറഞ്ഞു.

“ഈ അമ്മച്ചിക്ക് എന്നതാ കിറുക്കാണോ?”, അഭി ചിന്തിച്ചു. 

“ഇന്നലെയും എരുമേലിവഴി കറങ്ങി. കഴിഞ്ഞ ആഴ്ച്ചയും കറങ്ങി. വീട്ടിൽ സ്ഥിരമായി ഡ്രൈവർ ഇല്ലാഞ്ഞിട്ടാ, ഉണ്ടാരുന്നേൽ അമ്മച്ചി എന്നും എരുമേലി വഴി കറങ്ങിയേനേ,: അഭി ലിസിയോട് വലിയ ഒരു കാര്യം കണ്ടു പിടിച്ചപോലെ ഒരൊഴുക്കിൽ അങ്ങ് പറഞ്ഞു.

ലിസി അതൊന്നും ശ്രദ്ധിച്ചില്ല.

അഭി കാർ പിന്നെയും എരുമേലി ടൗണിലേക്ക് തിരിച്ചു. ലിസി ഇടതുഭാഗത്തുള്ള കെട്ടിടങ്ങളുടെയൊക്കെ പേര് വായിച്ചുകൊണ്ടിരുന്നു. 

കാർ പിന്നെയും എരുമേലി ടൗൺ കഴിഞ്ഞു. ലിസിയുടെ കണ്ണ് നിറഞ്ഞു. അത് കണ്ട് അഭി കാർ ഒരു വശത്തേക്ക് ഒതുക്കി. ലിസി കാറിന് പുറത്തേക്ക് നോക്കി അഭി കാണാതെ കണ്ണ് തുടച്ചു.

“നീ എന്തിനാ കാർ നിർത്തിയത്,“ ലിസി ചോദിച്ചു.

എരുമേലി ടൗണിൽക്കൂടെ ഒന്നൂടെ  പോണോ എന്നറിയാൻ!

ഇനി വേണ്ട , നമുക്ക് വീട്ടിൽ പോകാം.

എനിക്ക് അങ്ങനെ പോകാൻ പറ്റില്ല. അമ്മച്ചിക്ക് എന്താണോ കാണേണ്ടത് അത് ഞാൻ ഇന്ന് കണ്ടിട്ടേ വീട്ടിൽ പോകുന്നുള്ളൂ.

എനിക്ക് ഒന്നും കാണാനില്ല. ലിസി മുഖം കുനിച്ചു. ലിസിക്ക് നിയന്ത്രണങ്ങൾ നഷ്ട്ടപ്പെട്ടു. പൊട്ടിക്കരഞ്ഞു.

അഭി ഒന്നും മിണ്ടാതെ ഇരുന്നു. എത്ര വേണമെങ്കിലും കരഞ്ഞോട്ടെ. എത്ര നേരം പിടിച്ചുനിൽക്കും.

ലിസി കരഞ്ഞുതീർത്തു. ഒരു സങ്കടക്കടൽ ഒഴുകിപ്പോയി. ഇപ്പോൾ അവളുടെ ഉള്ള് ഒരു തരിശുഭൂമി മാത്രം. അവർ മിണ്ടാതെ കുറച്ച് നേരം കഴിച്ചുകൂട്ടി.

അമ്മച്ചിക്ക് ഞാൻ മോനെപ്പോലെ ആണെങ്കിൽ എന്നോട് പറ. അമ്മച്ചി എന്താ തിരയുന്നത് എരുമേലി ടൗണില്?

ലിസി പറഞ്ഞു, “ പണ്ട് അവിടെ ഒരു ട്യുഷൻ സെന്റർ ഉണ്ടായിരുന്നു. ഇപ്പോൾ അത് അവിടെ കാണാനില്ല”.

“അയ്യേ , അമ്മച്ചി പഠിച്ച ഒരു ട്യൂഷൻ സെന്ററാണോ ഇത്രയും നാൾ നോക്കിക്കൊണ്ടിരുന്നത്! അത് അവിടെ ഇപ്പോഴും ഉണ്ടെങ്കിൽ ഇന്ന് ഞാൻ അത് കണ്ടുപിടിച്ച് അമ്മച്ചിയെ അവിടെക്കൊണ്ട് നിർത്തിത്തരും. പക്ഷേ ഇനിയും പഠിക്കണം എന്ന് പറഞ്ഞേക്കരുത് “, അഭി തന്നെ പറഞ്ഞുചിരിച്ചു.

ലിസിക്ക് പ്രസന്നതയായി. അവർ പിന്നെയും കാറെടുത്ത് എരുമേലി ടൗണിലേക്ക് പോയി. അവിടെയുണ്ടായിരുന്ന ഓട്ടോക്കാരോടൊക്കെ തിരക്കി, പണ്ട് അവിടെ ഉണ്ടായിരുന്ന ഐ എ എസ് ട്യൂഷൻ സെന്ററിനെക്കുറിച്ച്.  ഓട്ടോക്കാരുടെ കൂട്ടത്തിൽ പ്രായംചെന്ന ഒരാൾ ഉണ്ടായിരുന്നു. അയാൾ പറഞ്ഞു , ’മോനേ ഇത് പുതിയ റോഡാണ്. ഐ എ എസ് ട്യൂഷൻ സെന്റർ ഉള്ളത് പണ്ടത്തെ എരുമേലി ടൗണിൽ ആണ്. മോൻ ഇപ്പോൾ നിൽക്കുന്നത് പുതിയ എരുമേലി ടൗണിലും. മോൻ എന്റെ പുറകേ വന്നാൽ മതി. ഞാൻ അവിടെക്കൊണ്ടാക്കാം,“ ആ മനുഷ്യൻ അത് പറഞ്ഞിട്ട്  ഓട്ടോ എടുത്തു.

“കോളടിച്ചല്ലോ ! സംഭവം ഇപ്പോഴും ഉണ്ട്. അത് പഴയ വഴി. ഇത് പുതിയ വഴി.“  അഭി ലിസിയുടെ താടിയിൽ പിടിച്ച് കൊഞ്ചിപ്പിച്ചു.

അഭി കാർ ഓട്ടോയുടെ പുറകേ വിട്ടു. മുൻപോട്ട് പോകുംതോറും റോഡിന്റെ വീതി കുറഞ്ഞു വന്നു. ഇരു വശങ്ങളിലും പഴയ കെട്ടിടങ്ങളാണ്. അവിടെ കടകൾ ഉണ്ടെങ്കിലും തിരക്ക് കുറവായിരുന്നു. ആ ഭാഗം ഇരുണ്ട പ്രദേശംപോലെ തോന്നിച്ചു. ലിസി മാനത്തേക്ക് നോക്കി. മേഘം ഇരുണ്ട് മൂടുന്നു.

പെരുമഴ വരാൻ പോകുന്നു അഭീ.

എത്ര മഴ വന്നാലും നമ്മൾ ഇന്ന് ട്യൂഷൻ സെന്റർ കണ്ടിട്ടേ പോകൂ , അഭി തറപ്പിച്ചു പറഞ്ഞു.
ഒരാൾ ഇവിടെ ട്യൂഷൻ കിട്ടാതെ കരഞ്ഞലച്ച് ഇരിക്കുമ്പോഴാ..!

ലിസിക്ക് സന്തോഷം നിയന്ത്രിക്കാൻ ആകാതെ ചിരിച്ചുകൊണ്ടിരുന്നു. 

“അരക്കിറുക്ക് , മുക്കാക്കിറുക്ക് , മുഴുക്കിറുക്ക് എന്നൊക്കെ കേട്ടിട്ടേയുള്ളൂ “, അഭി ആത്മഗതം പറഞ്ഞു.

ഓട്ടോ ഒരു വശത്ത് നിർത്തി. കാറും ഒതുക്കി. അവർ പുറത്തിറങ്ങി. ലിസി അവൾ ഇറങ്ങി നിന്ന സ്ഥലത്തെ കെട്ടിടം ശ്രദ്ധിച്ചു. ലിസി കാണാൻ കൊതിച്ച ഐ എ എസ് ട്യൂഷൻ സെന്റർ. ആ കെട്ടിടത്തിൽ അങ്ങനെതന്നെ പേര് എഴുതിയിരുന്നു. 

ഇപ്പോഴും ഇവിടെ ട്യുഷൻ നടത്തുന്നുണ്ടോ ?, ലിസി ഓട്ടോക്കാരനോട് ചോദിച്ചു.

ഉണ്ട്. ഇത് പണ്ടുമുതലുള്ള ട്യൂഷൻ സെന്ററല്ലേ. ഞാൻ ഇവിടെയാ പഠിച്ചത്. എന്റെ കൊച്ചുമക്കൾ ഇപ്പോൾ ഇവിടെയാ പഠിക്കുന്നതും.

ലിസി പുഞ്ചിരിച്ചു. സോളിറ്റെയർ ഡയമണ്ട് കുത്തി വെച്ചേക്കുന്ന കണക്ക്  തിളക്കമാർന്ന നക്ഷത്രങ്ങളാൽ അലങ്കരിക്കപ്പെട്ട ആകാശ സൗന്ദര്യം പോലെ വശ്യമായിരുന്നു ലിസിയുടെ പുഞ്ചിരിയും. അവൾ കൈയിലുണ്ടായിരുന്ന പണം മുഴുവൻ ആ ഓട്ടോ ഓടിച്ച മനുഷ്യന് കൊടുത്തു.

എന്തിനാ ഇത്രയും പണം ?

ചേട്ടൻ കൊച്ചുമക്കൾക്ക് പുതിയ ഉടുപ്പുകൾ വാങ്ങിക്കൊടുക്ക് എന്ന് പറഞ്ഞിട്ട് ലിസി ആ കെട്ടിടത്തിലേക്ക് നോക്കി നിന്നു കണ്ണ് നിറയെ.

ഇവിടെയാണോ പഠിച്ചത് ? ലിസിയോട് ഓട്ടോക്കാരൻ ചോദിച്ചു. ലിസിയുടെ മറുപടി ഒരു മന്ദഹാസം മാത്രമായിരുന്നു.

“ആരാ” എന്ന് ചോദിച്ചുകൊണ്ട് അവിടേക്ക് ഒരാൾ കടന്നുവന്നു. അയാളെ ലിസിക്ക് അറിയാമായിരുന്നു.

ഓട്ടോക്കാരൻ ലിസിയെ ചൂണ്ടിക്കാണിച്ചു എന്നിട്ട് പറഞ്ഞു ,’ ഇവർ ഇവിടെ പഠിച്ചതാണ്. ഇവർക്ക് ഇവിടം കാണണമെന്ന് പറഞ്ഞു. അത്കൊണ്ട് ഇവരെ ഇവിടം കാണിക്കാൻ വന്നതാണ്’.

ലിസി ഓട്ടോക്കാരനെ നോക്കി കണ്ണുകൊണ്ട് മിണ്ടാതിരിക്ക് എന്ന് പറയാൻ നോക്കി. 

ഏത് വർഷമാണ് ഇവിടെ പഠിച്ചത് ? , പുതുതായി വന്നയാൾ ചോദിച്ചു.

ഞാൻ ഇവിടെ പഠിച്ചിട്ടില്ല.

അതുകേട്ട് ഓട്ടോക്കാരനും അഭിയും പരസ്പരം നോക്കി അന്ധാളിച്ചു. പുതുതായി വന്നയാൾ ഓട്ടോക്കാരനെ നോക്കി.

ഈ കെട്ടിടത്തിന്റെ മുതലാളിയെ എനിക്കറിയാം, ലിസ്സി അവിടെ തങ്ങിനിന്ന മൗനം ഭേദിച്ചു. അവൾക്ക് മാത്രമേ ഉത്തരം നല്കാൻ കഴിയുമായിരുന്നുള്ളൂ.

ഓ അങ്ങനെ. എങ്ങനെയാണ് ജോർജിനെ പരിചയം? കൂടെ ജോലി ചെയ്തതാണോ?

അത്.. , ലിസി പറയാൻ മടിച്ചു.

പറഞ്ഞോ.. ജോർജ് എന്റെ അടുത്ത കൂട്ടുകാരനാ. അവൻ വീട്ടിലുണ്ട്. ഞാൻ അവനെ വിളിച്ചോണ്ട് വരണോ?

ജോർജ് വീട്ടിലുണ്ടെല്ലേ..

ഉണ്ട്. കാണണോ?

മഴ ഇരച്ച് പെയ്യാൻ തുടങ്ങി. ലിസി സാരിത്തുമ്പ് തലയിലിട്ടു.

‘ഞാൻ പോട്ടെ രഞ്ജിത് . കണ്ടതിൽ ഒത്തിരി സന്തോഷം’, ലിസി യാത്ര ചോദിച്ചു.

‘അല്ല നിങ്ങൾക്ക് എങ്ങനെ എന്റെ പേര് അറിയാം?’

ലിസി കണ്ണ് മറയുന്നപോലെ ചിരിച്ചു കാണിച്ചു.

ജോർജിനെ കണ്ടിട്ട് പൊക്കുടേ ?

ഞാൻ പിന്നെ വന്ന് കണ്ടോളാം. ലിസി സന്തോഷംകൊണ്ട് എന്ത് ചെയ്യണം എന്നറിയാത്ത പോലെയുള്ള സ്ഥിതിയിലായി.

അവർ കാറിലേക്ക് ഓടിക്കയറി. കാർ സ്റ്റാർട്ടാക്കി. ലിസി ആ കെട്ടിടത്തിലേക്ക് നോക്കി ചിരിച്ചു കൊണ്ടിരുന്നു. മുഖം പുതുമണവാളനെ കണ്ട പുതുമണവാട്ടിയെപ്പോലെ!
മഴയ്ക്ക് നല്ല താളമായിരുന്നു. മഴ ജനാലയിലൂടെ കാറിന്റെ ഉള്ളിലേക്കും പെയ്തുകൊണ്ടിരുന്നു.

രഞ്ജിത്തിനെ ലിസി കൈവീശിക്കാണിച്ചു യാത്ര ചോദിച്ചു..

‘ജോർജിനോട് ആര് വന്നെന്ന് പറയണം ‘?,  രഞ്ജിത്ത് ഉറക്കെ ചോദിച്ചു.

മരക്കഴുത വന്നിരുന്നു എന്ന് പറഞ്ഞാൽ മതി. ലിസി അത് പറഞ്ഞയുടനെ എന്തൊക്കെയോ ആലോചിച്ച് അറിയാതെ പൊട്ടിച്ചിരിച്ചു. 

രഞ്ജിത്തും അതുകണ്ട് പലതും മനസ്സിലാക്കി തലയാട്ടി.

ലിസി അഭിയുടെ മുഖത്തേക്ക് നോക്കി. അവൻ അതൊക്കെക്കണ്ട് ഒന്നും മിണ്ടാതെ  ഇരിക്കുന്നുണ്ടായിരുന്നു. വലിയ ഒരു സന്തോഷം ലിസി അനുഭവിക്കാൻ കാരണക്കാരനായതിന്റെ സംതൃപ്തി അഭിക്ക്  ഉണ്ടായിരുന്നു. അഭി പുറത്തേക്ക് നോക്കി ചിരിച്ചുകൊണ്ട് കാറ് മുൻപോട്ടെടുത്തു. 

#Chinchu Thomas-Valentines Day

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക