Image

പെണ്ണിനെന്താ കുഴപ്പം?  (വിജയ് സി. എച്ച്)

Published on 16 February, 2023
പെണ്ണിനെന്താ കുഴപ്പം?  (വിജയ് സി. എച്ച്)

കഥാപ്രസംഗത്തിലും കഥകളിയിലും സ്ത്രീകൾ സാന്നിദ്ധ്യം അറിയിച്ചതിനു ശേഷവും ഏകദേശമൊരു പുരുഷ കലയായി നിലകൊള്ളുന്ന ആവിഷ്കാരമാണ് ഓട്ടംതുള്ളൽ. ആക്ഷേപഹാസ്യം പെണ്ണിനു പറ്റിയതല്ലെന്നൊരു മുൻവിധിയുള്ളതു കൊണ്ടായിരിക്കാം തുള്ളലിൽ വിവേചനം ഇന്നും നിലനിന്നു വരുന്നത്. 
മൂന്നൂറു വർഷത്തോളം പഴക്കമുള്ള ഈ നൃത്താവിഷ്കാരത്തിൽ മൂന്നോ നാലോ സ്ത്രീനാമങ്ങളേ ഇതുവരെ പറഞ്ഞു കേട്ടിട്ടുള്ളൂവെന്ന വസ്തുതയാണ് ശ്രീജാ വിശ്വം എന്ന ഇരിഞ്ഞാലക്കുടക്കാരിയെ ഒരു അപൂർവ പ്രതിഭയാക്കുന്നത്. 
മികച്ച തുള്ളൽ പ്രകടനത്തിന് കേരള കലാമണ്ഡലം നൽകുന്ന ഗീതാനന്ദം യുവ പ്രതിഭാ പുരസ്കാരം നേടിയ കലാകാരിയോടു തന്നെ സംവദിയ്ക്കണം രംഗാവതരണ മേഖലയിലെ ലിംഗസമത്വ യാഥാർത്ഥ്യങ്ങളറിയാൻ... 

🟥 സ്ത്രീ സ്വത്വം അവഗണിക്കപ്പെട്ടു 
പതിനെട്ടാം നൂറ്റാണ്ടിൽ തുള്ളലിൻ്റെ ഉത്ഭവകാലത്ത്, മഹാകവി കലക്കത്ത് കുഞ്ചൻ നമ്പ്യാർ, താൻ ആവിഷ്കരിച്ച കലാരൂപവുമായി ഒരു സ്ത്രീ അരങ്ങിൽ എത്തുമെന്ന് ഒട്ടും വിഭാവനം ചെയ്തിട്ടുണ്ടാവില്ല. അന്നത്തെ സാമൂഹിക പശ്ചാത്തലത്തിൽ വന്ദ്യ ഗുരുവിന് അങ്ങനെ ചിന്തിക്കാൻ കഴിയുമായിരുന്നില്ലല്ലൊ. പിന്നീട്, 1956-ൽ കേരള കലാമണ്ഡലത്തിൽ മലബാർ രാമൻ നായർ ആശാൻ്റെ നേതൃത്വത്തിൽ തുള്ളൽ കല പരിഷ്കരിച്ചപ്പോഴും തുള്ളലിൻ്റെ ആഹാര്യത്തിലേക്ക് (Costume) ഉൾപ്പെടുത്തിയത് കേരളത്തിലെ പുരുഷ കലകളുടെ സ്വാധീനമുള്ള സംഗതികളായിരുന്നു. മുഖത്ത് മനയോലയ്ക്ക് ചുറ്റുമായുള്ള വെള്ള വളയം, കച്ചയ്ക്ക് നടുവിലായുള്ള ഒറ്റ നാക്ക്, മുതലായവയെല്ലാം പുരുഷ കലകളുടെ വ്യതിരിക്തമായ ആഹാര്യ, അല്ലെങ്കിൽ വസ്ത്രധാരണ, സവിശേഷതകളാണ്. തുള്ളലിൻ്റെ മാറിവന്ന കാലങ്ങളിലെല്ലാം സ്ത്രീ സ്വത്വം പതിവായി അവഗണിക്കപ്പെടുകയായിരുന്നു.  


🟥 വിവേചനം ദൗർഭാഗ്യകരം 
ഒരു തുള്ളൽ ആർട്ടിസ്റ്റിൻ്റെ അരങ്ങും അവതരണവും മറ്റുള്ളവരുടേതിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. അരങ്ങു നിയന്ത്രിച്ചു, ശ്രുതി ചേർത്തുകൊണ്ട് പാടി അഭിനയിക്കുക എന്നതു തന്നെ കായികമായൊരു വെല്ലുവിളിയാണ്. തുടക്കം മുതൽ ഒടുക്കം വരെ, ഒന്നൊന്നര മണിക്കൂർ ജനങ്ങളോട് ഊർജ്ജസ്വലതയോടെ ആശയവിനിമയം നടത്തണം. കഥപറയുന്ന ആളും കുറേ കഥാപാത്രങ്ങളുമായി, ഒരൊറ്റ വ്യക്തി മാറിമാറി അവതരിച്ചു അഭിനയിക്കുന്നത്, തുള്ളൽകാരനായാലും, തുള്ളൽകാരിയായാലും, ഏറെ ശ്രമകരമാണ്. എന്നാൽ, പുരുഷകലയെന്ന് പൂർണമായും അറിയപ്പെടുന്ന കഥകളിയിൽ പോലും അരങ്ങിൽ നിരവധി സ്ത്രീകൾ സജീവമായി നിലനിൽക്കുമ്പോൾ, അത്ര തന്നെ ശാരീരികവും ആഹാര്യപരവുമായ സാങ്കേതികത്വമില്ലാത്ത തുള്ളലിൽ കാണുന്ന വിവേചനം ദൗർഭാഗ്യകരമാണ്. എല്ലാ മേഖലകളിലും, ലിംഗഭേദമെന്യേ എല്ലാവരും സജീവമായി പ്രവർത്തിയ്ക്കുന്ന കാലഘട്ടമല്ലേയിത്? 
🟥 പെണ്ണിനെന്താ കുഴപ്പം? 
നർമ്മം പ്രയോഗിക്കുന്നതിൽ വ്യക്തിഗത ഭാവനകൾ കൂടി പ്രകടമാക്കാവുന്ന കലാരൂപമാണ് തുള്ളൽ. ശരിയാണ്, സാമൂഹികമായ കാഴ്ചപ്പാടുകളുടെ ചില പരിധികൾ ഉണ്ടാകുന്നുണ്ട്. അവനവൻ്റെ അഭിരുചിയും കൂടി കഥാപാത്രങ്ങളിലൂടെ പ്രകടമാക്കാവുന്ന തുള്ളലിൽ ആർട്ടിസ്റ്റിൻ്റെ ആവിഷ്കാര സ്വാതന്ത്ര്യവും, സദസ്സിൻ്റെ അംഗീകാരവുമാണ് പരിപാടിയുടെ വിജയം. ഒരു സ്ത്രീ സമൂഹമധ്യത്തിലെ വേദികളിൽ എത്തുമ്പോൾ, കളരിയിൽ പഠിച്ച് ഉറപ്പിച്ചതിൻ്റെ ആത്മവിശ്വാസം സദസ്യരുടെ മനോഭാവം മൂലം ചിലപ്പോഴെങ്കിലും ചോർന്നു പോകാറുണ്ട്. എന്താണോ ഉദ്ദേശിക്കുന്നത് അത് ആ രീതിയിൽ തന്നെ അവതരിപ്പിക്കുവാനുള്ള എൻ്റെ കഴിവുകേടാണോ, അതോ വിഷയം അതേപടി കഥാപാത്രങ്ങളുടെ വാക്കുകളായി സ്വീകരിക്കാൻ സദസ്സിലെ സാധാരണക്കാർക്കുള്ള സങ്കോചമാണോ ഇതിനു കാരണം എന്നറിയില്ല. രണ്ടുവശവും ഈ സമൂഹത്തിൻ്റെ ഭാഗം തന്നെയാണല്ലോ! ഒരു യുവ കലാകാരി രൗദ്രഭാവത്തിൽ, ചടുലമായ ചുവടുകളോടെ വേദിയിൽ നിന്ന് സദസ്യരെ നോക്കി, 'നോക്കെടാ നമ്മുടെ മാർഗ്ഗേ കിടക്കുന്ന മർക്കടാ നീയങ്ങു മാറിക്കിട ശഠാ...' എന്ന് ചൂണ്ടി പറയുമ്പോഴും, 'കനകം മൂലം കാമിനി മൂലം കലഹം പലവിധമുലകിൽ സുലഭം' എന്ന പൊതു സത്യങ്ങൾ വിളിച്ചു പറയുമ്പോഴും, പലർക്കും ആ ആർട്ടിസ്റ്റിനെ അംഗീകരിക്കാനാകുന്നില്ല. നമ്പ്യാരാശാൻ പാടിയതേ ഞാൻ പാടിയുള്ളൂ, തുള്ളിയതേ ഞാൻ തുള്ളിയുള്ളൂ. എനിയ്ക്കു മുമ്പെ അനവധി പുരുഷന്മാർ ഇതെല്ലാം പാടിയപ്പോഴും, അതിനൊത്തു തുള്ളിയപ്പോഴും, ഒരു പ്രശ്നവും ഇവിടെ ഉണ്ടായിരുന്നില്ലല്ലൊ! പെണ്ണിനെന്താ കുഴപ്പം? 


🟥 പരിഹാസച്ചിരികൾ 
നാടൻ മട്ടിലുള്ള അംഗചലനങ്ങളാൽ ആക്ഷേപവും, നർമ്മവും കലർന്ന സാമൂഹിക വിശകലനങ്ങൾ നടത്തുന്നതാണ് തുള്ളൽ. എന്നാൽ, സറ്റയർ സ്ത്രീ പറയുമ്പോൾ, ചിലപ്പോൾ അപ്രതീക്ഷിതമായ പ്രതികരണങ്ങളുണ്ടാകുന്നു. കാൽ ഭാഗം പ്രേക്ഷകരിലെങ്കിലും പരിഹാസച്ചിരികൾ ഉയരുന്നു. സമൂഹത്തിൽ ആൺകുട്ടികളോളം മാനിക്കപ്പെടുന്നവരല്ല പെൺകുട്ടികൾ. അതിനാൽ, ആൺകുട്ടികളുടെയത്ര ആത്മവിശ്വാസം പെൺകുട്ടികൾക്കില്ല. ഒരിയ്ക്കൽ, നമ്പ്യാരാശാൻ്റെ അർത്ഥവത്തായ ചില തത്വചിന്തകൾ അരങ്ങിൽ പറഞ്ഞു ഫലിപ്പിക്കാൻ ശ്രമിച്ചപ്പോൾ, അതിൻ്റെ വ്യാപ്തിയിലേക്ക് എത്താൻ ചില ചെറുപ്പക്കാരായ ആസ്വാദകർക്ക് ബുദ്ധിമുട്ടുള്ളതായും, വേണ്ട രീതിയിൽ അതിനുള്ള പ്രതികരണം അവരുടെ ഭാഗത്തുനിന്ന് ലഭിക്കാതിരുന്നതായും നിരീക്ഷിച്ചിട്ടുണ്ട്. പറയുന്നത് ഞാനായതുകൊണ്ട്, മുൻവിധിയോടെയാണ് വിലയിരുത്തുന്നത്. കലാകാരിയെ വില കുറച്ചു കാണുന്നതുകൊണ്ട്, അവൾ പറയുന്നതിനും വിലയുണ്ടാകില്ലല്ലൊ! പെണ്ണിൻ്റെ കഴിവിനെ ഉൾക്കൊള്ളാനും അംഗീകരിക്കാനും അവർക്ക് മനസ്സു വരുന്നില്ല എന്നതാണ് വാസ്തവം. അരങ്ങ് ഫലിപ്പിക്കുന്നതിനായി തുള്ളലിലെ പുരുഷന്മാർ എടുക്കുന്നതിനേക്കാൾ എഫർട്ടും റിസ്കും ഞാൻ എടുക്കുന്നുണ്ട്. എന്നിട്ടും വളരെ പ്രതീക്ഷയോടെ വരച്ചുകാട്ടുന്ന ഹാസ്യം രസിച്ചുകൊണ്ട് ചെറുതായൊന്നു ചിരിക്കുന്നതു പോലും വലിയ കുറച്ചിലായി അവർക്ക് അനുഭവപ്പെടുന്നു. തൊട്ടടുത്തിരുന്ന് മനസ്സ് തുറന്നു ചിരിക്കുന്ന മുതിർന്നവരും സ്ത്രീകളും ഇത്തരക്കാർക്കൊരു പ്രചോദനമാകുന്നുമില്ല. ഈയിടെയായി അൽപം വ്യത്യാസം കാണാനാകുന്നുണ്ട്. കലാഹൃദയമുള്ള ചെറുപ്പക്കാരും, കൗമാരക്കാരും, ഉശിരുള്ള സംഘാടകരും ആസ്വാദകരായി മുൻനിരയിൽ ഇരുന്ന് തുള്ളൽ ആസ്വദിക്കാൻ തുടങ്ങിയതോടെ വിവേചനത്തിന് വലിയ മാറ്റങ്ങളാണ് വന്നുകൊണ്ടിരിയ്ക്കുന്നത്. 


🟥 തുള്ളലിലെ തുടക്കം 
ഇരിഞ്ഞാലക്കുടയിലുള്ള കല്ലേറ്റുംകരയിലാണ് ജനിച്ചു വളർന്നത്. അവിടെയുള്ള മലയാളം പണ്ഡിറ്റ് രാഘവ പൊതുവാൾ മാഷുടെ കീഴിൽ അക്ഷരശ്ലോകവും കാവ്യകേളിയും പഠിച്ചു കൊണ്ടാണ് കലയും സാഹിത്യവും ആദ്യമറിയുന്നത്. അക്കാലത്ത് ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ പരിപാടികളുടെ ഭാഗമായി സാമൂഹിക പ്രസക്തിയുള്ളൊരു വിഷയമെടുത്ത് തുള്ളൽ സാഹിത്യം രചിച്ച് അരങ്ങിൽ അവതരിപ്പിയ്ക്കാൻ മാഷ് എന്നോട് ആവശ്യപ്പെട്ടു. എൻ്റെ തുള്ളൽ കണ്ടതിനു ശേഷം, 'നർമ്മബോധമുള്ള കുട്ടി'യെന്ന് മാഷ് അഭിപ്രായപ്പെട്ടത് അന്ന് ഒമ്പതു വയസ്സുള്ള ഞാൻ അഭിമാനത്തോടെ കേട്ടത് ഇന്നും ഓർക്കുന്നു. തുടർന്ന് തുള്ളൽ ശാസ്ത്രീയമായി അഭ്യസിക്കാൻ ആരംഭിച്ചു. 2001-ൽ സംസ്ഥാനതല കലോത്സവത്തിൽ മികച്ച തുള്ളൽ പ്രതിഭയ്ക്കുള്ള സമ്മാനം നേടി. 


🟥 കലാമണ്ഡലത്തിൽ 
തുള്ളലിനെ കൂടുതലറിയാൻ സ്വാഭാവികമായും കലാമണ്ഡലത്തിലെ നാലുവർഷ തുള്ളൽ കോഴ്സിനു ചേർന്നു. അരങ്ങേറ്റത്തിനു ശേഷം, പഠനകാലത്തു തന്നെ നിരവധി വേദികളിൽ ഞാ൯ തുള്ളി. പ്രതിഫലം ഇല്ലാതെയും, സ്വീകരിച്ചും തുള്ളിയിട്ടുണ്ട്. തുടക്കത്തിൽ പക്കവാദ്യക്കാരുടെ വേതനം പോലും സ്വയം ഏറ്റെടുത്തിട്ടുമുണ്ട്. 2006-ൽ കലാമണ്ഡലത്തിലെ കോഴ്സ് കഴിഞ്ഞതോടുകൂടി ഒരു സജീവ തുള്ളൽ കലാകാരിയായി ഞാൻ സമൂഹത്തിലേയ്ക്ക് ഇറങ്ങിച്ചെന്നു. 
🟥 പെണ്ണായാൽ... 
ആൺകുട്ടികളെപ്പോലെ സ്വതന്ത്രരായി യാത്ര ചെയ്യാനോ, മുഴുവൻ കാര്യങ്ങളും സ്വന്തമായി നിർവഹിക്കാനോ ഉള്ള സാമൂഹിക പശ്ചാത്തലം പെൺകുട്ടികൾക്ക് ഇപ്പോഴും ഉണ്ടെന്നു തോന്നുന്നില്ല. അരങ്ങുകൾ എപ്പോഴും വൈകുന്നേരങ്ങളിൽ ആയിരിക്കുമല്ലൊ. അതിനാൽ രാത്രി യാത്രകൾ അനിവാര്യമാണ്. വിവാഹത്തിനു മുമ്പെ അച്ഛനായിരുന്നു (വിശ്വം) എല്ലാ പിൻതുണയും നൽകിയത്. ജോലി സമയം മാറ്റിവെച്ചും, കുറഞ്ഞ സമയത്ത് കൂടുതൽ ജോലികൾ ചെയ്തുo, മകളെ ഒരു കലാകാരിയായി കാണാനുള്ള ആഗ്രഹം കൊണ്ടും അച്ഛൻ പ്രോത്സാഹിപ്പിച്ചുകൊണ്ട് കൂടെ നിന്നു. പാലക്കാട്, കോഴിക്കോട്, എറണാകുളം ജില്ലകളിലെല്ലാം പരിപാടികൾ വരുമ്പോൾ അച്ഛൻ്റെ ജോലി സമയത്തിനു ശേഷം എന്നെയും കൊണ്ട് ദൂരയാത്രകൾ ചെയ്തു. ഉറക്കം ഒഴിച്ച് വണ്ടിയോടിച്ച് വൈകിയ രാത്രികളിലാണ് വീട്ടിൽ തിരിച്ചെത്തുക. അതുവരെയും അമ്മ (ഉഷ) ഉറങ്ങാതെ കാത്തിരിക്കും. പിറ്റേന്നും അച്ഛൻ ജോലിക്ക് പോകുന്നു. 


🟥 അരങ്ങുകൾ, അവാർഡുകൾ  
2009-ൽ എൻ്റെ ഗുരുനാഥന്മാരിൽ പ്രഥമഗണനീയനായ കലാമണ്ഡലം ഗീതാനന്ദനാശാൻ ചെയ്തു നിർത്തിയ ഭാഗം മുതൽ 'കല്യാണസൗഗന്ധികം' അവതരിപ്പിച്ചത് എൻ്റെ അരങ്ങുകളിലെ ഏറ്റവും വൈകാരികവും അനുഗ്രഹീതവുമായ ഒന്നാണ്. പുതിയ ആവിഷ്കാരമായി നമ്പ്യാരാശാൻ്റെ ജീവചരിത്രം (കുഞ്ചൻ നമ്പ്യാർ ചരിതം) രചനയും ആവിഷ്കാരവും നിർവഹിച്ചു കേരള സംഗീത നാടക അക്കാദമി ഹാളിൽ തുള്ളിയതും, 2019-ലെ പ്രളയത്തിൻ്റെ തുള്ളൽ ആവിഷ്കാരം തൃശ്ശൂർ തേക്കിൻകാട് മൈതാനിയിൽ അവതരിപ്പിച്ചതും പ്രധാന അരങ്ങുകളായി ഓർക്കുന്നു. കൂടുതൽ പ്രേക്ഷകർ ആവശ്യപ്പെടുന്നതും, ഞാൻ ചെയ്തിട്ടുള്ളതും ഓട്ടൻ തുള്ളലാണ്. ശീതങ്കനും, പറയനും കൂടെത്തന്നെയുണ്ട്. മറ്റു അംഗീകാരങ്ങൾക്കൊപ്പം, കലാമണ്ഡലം പ്രഥമ ഗീതാനന്ദം യുവ പ്രതിഭാ പുരസ്കാരവും, കലാമണ്ഡലം വടക്കൻ കണ്ണൻ നായർ പുരസ്കാരവും നേടാനായത് തുള്ളൽ ജീവിതത്തിലെ ധന്യതകളായി കരുതുന്നു. കലാജീവിതം വിവാഹത്തോടെ നിന്നു പോകാതിരിക്കാൻ, കലയുടെ മൂല്യം അറിയുന്നൊരാളെ തന്നെ വിവാഹം ചെയ്യണമെന്ന് ഗീതാനന്ദനാശാൻ ഉപദേശിച്ചിരുന്നു. വയലിൻ കലാകാരനായ ഭർത്താവ് ജയദേവാണ് ഇന്നെൻ്റെ പ്രചോദനസ്രോതസ്സ്‌. മകൾ ചാരുകേശി നാലാം ക്ലാസ്സിൽ പഠിക്കുന്നു.

# vijai CH Article

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക