കോഴിക്കോട്ടെ എന്റെ വിദ്യാഭ്യാസകാലം
ഞാന്‍ അമ്മാത്തുനിന്നു വാസുദേവമ്മാമന്റെയും കുഞ്ചുമുത്തപ്ഫന്റെയും കൂടെ കോഴിക്കോട്ടേക്ക് പോയ കാര്യം മുന്‍പ് എഴുതിയിട്ടുണ്ടല്ലോ. വേണ്ടത്ര ഡ്രസ്സ് പോലും എടുക്കാതെയാണ് ഞാന്‍ പോയത്. അതിനെപ്പറ്റി ഒന്നും ഞാന്‍ ആലോചിച്ചിരുന്നില്ല. പിന്നെ അവിടെ ചെന്നിട്ടാണ് ഡ്രസ്സ് എടുത്തത്. അമ്മ ഇല്ലാത്തതിന്റെ കുഴപ്പമാണ് അതൊക്കെ.
അമ്മാത്ത് കുളത്തില്‍ കുളിക്കുമ്പോള്‍ എന്റെ കാലിന്മേല്‍ എന്തോ കുത്തിയിട്ടുണ്ടായിരുന്നു. അത് എന്താണെന്ന് അറിയില്ല. അതിന്റെ വേദന കൂടി. ഒരു പൊള്ളന്‍ ആയി. ഡോക്ടര്‍ നാരായണസ്വാമിയെ കാണിച്ചു. ഡോക്ടര്‍ ഒരു തണുത്ത വെള്ളം കാലിന്മേല്‍ ചീറ്റി. എന്നിട്ട് പൊള്ളന്‍ കീറി. പഴുപ്പ് കളഞ്ഞു. മരുന്ന് വച്ച് കെട്ടി. വേദന മാറി. മുറിവ് ഉണങ്ങി.
വല്യമ്മാമനും വാസുദേവമ്മാമനും ഒരേ വീട്ടിലായിരുന്നു താമസിച്ചിരുന്നത്, വല്യമ്മാമന്‍ ദീക്ഷ വീടാതെയാണ് കോഴിക്കോട്ടേക്ക് വരുന്നതെന്ന് മനസ്സിലായപ്പോള്‍ വാസുദേവമ്മാമന്‍ വേറെ വീട് വാടകയ്ക്ക് എടുത്തു താമസം അങ്ങോട്ട് മാറ്റി.
വാസുദേവമ്മാമന്‍ എന്നെ സ്‌കൂളില്‍ ചേര്‍ക്കാന്‍ കൊണ്ടുപോയി. ആദ്യം ടീച്ചര്‍ എന്നെ ഏഴാം ക്ലാസ്സിലെ ചേര്‍ക്കാന്‍ പറ്റൂവെന്നു പറഞ്ഞുവത്രേ. അത് പറ്റില്ലെന്ന് അമ്മാമന്‍ ശഠിച്ചു. ഒടുവില്‍ എട്ടാം ക്ലാസ്സില്‍ തന്നെ ചേര്‍ത്തു. ഒരു ടെസ്റ്റ് എടുത്തു. ആദ്യമൊക്കെ അവിടത്തെ കുട്ടികളുടെ നിലവാരത്തിലെത്താന്‍ എനിക്ക് വിഷമം അനുഭവപ്പെട്ടിരുന്നു. ഇവിടെ ഞാന്‍ സയന്‍സ് പഠിച്ചിട്ടെ ഇല്ലല്ലോ. അവിടത്തെ സ്‌കൂളില്‍ ഏഴാം ക്ലാസ്സില്‍തന്നെ ഗ്രാഫും മറ്റും (കണക്കില്‍) പഠിപ്പിച്ചിരുന്നു. അങ്ങനെ പലതും.
ഞാന്‍ ചേര്‍ന്ന സ്‌കൂളിന്റെ പേര് അച്യുതന്‍ ഗേള്‍സ് ഹൈസ്‌കൂള്‍ ചാലപ്പുറം (A.G.H.S. CHALAPPURAM) എന്നാണ്. ഈ 'അച്യുതന്‍' എന്നത് ഒരു മുന്‍സിപ്പല്‍ ചെയര്‍മാന്റെ പേരാണെന്ന് ആണ് അറിയാന്‍ കഴിഞ്ഞത്. നടുവില്‍ ഒരു മുറ്റവും നാലുപുറവും കെട്ടിടങ്ങളും. ഒരു ഭാഗം ഉയര്‍ത്തിയിട്ടുണ്ട്. അവിടേക്ക് മരംകൊണ്ടുള്ള കോണിയുണ്ട്. ഹെഡ്മിസ്‌ട്രെസ് മിസ്സിസ് തോമസ് ആയിരുന്നു. അവര്‍ കാറില്‍ സ്വയം ഡ്രൈവ് ചെയ്താണ് വരാറ്. എട്ടാം ക്ലാസ്സിന് ഫോര്‍ത്ത് ഫോം എന്നാണ് പറയുക. ഹൈസ്‌കൂള്‍ ക്ലാസ്സുകള്‍ എല്ലാം ഓരോ ഡിവിഷനെ ഉണ്ടായിരുന്നുള്ളൂ. മലയാളവും സംസ്‌കൃതവും പഠിപ്പിക്കാന്‍ മാത്രം ഒരു മാഷ് ഉണ്ടായിരുന്നു. അദ്ദേഹത്തെ മുന്‍ഷി എന്നാണ് വിളിച്ചിരുന്നത്. മാഷന്മാര്‍ കോട്ടിടണമെന്ന് നിയമമുണ്ട്. പാന്റ് വേണ്ട; മുണ്ട് ചുറ്റാം. ബാക്കിയെല്ലാവരും സ്ത്രീകള്‍. S.S.L.C.. പരീക്ഷ നടത്തുന്നത് മദ്രാസ് യുണിവേഴ്‌സിറ്റി ആയിരുന്നു. മലബാര്‍ മുഴുവനായി മദ്രാസ് സംസ്ഥാനത്തിന്റെ (പ്രൊവിന്‍സ്) ഒരു ജില്ലയായിരുന്നു.
സ്‌കൂള്‍ തുറക്കുമ്പോഴേക്കും വല്യമ്മാമന്‍ എത്തി. കൂടെ നിത്ത്യാത്തത്തിന് (നിത്യാത്തം എന്നാല്‍ ദിവസവും ഉള്ള ചാത്തം, അമ്മാവന് ദീക്ഷ ആയിരുന്നുവല്ലോ) ആലനും (ആലാത്തുരേ നാരയണന്‍) വന്നിരുന്നു. അയാള്‍ ഫിഫ്ത് ഫോമില്‍ പഠിക്കുകയും ചെയ്തു.
ഞാന്‍ കുളി സ്‌കൂള്‍ വിട്ടു വന്ന ശേഷമാക്കി. ദീക്ഷ ഉള്ളപ്പോള്‍ ശുദ്ധം വേണമല്ലോ. അവിടെ കുളം ഉള്ളതുകൊണ്ട് വൈകുന്നേരത്തെ കുളി കുളത്തിലായിരുന്നു.
അക്കൊല്ലം ഞാന്‍ റിക്ഷയില്‍ ആണ് സ്‌കൂളില്‍ പോയിരുന്നത്. അമ്മാമന്‍ കാര്‍ വാങ്ങിയിരുന്നില്ല. അതുകൊണ്ടാണ് റിക്ഷ (അത് വലിക്കുന്നത് മനുഷ്യനാണ്) ഏര്‍പ്പാടാക്കിയത്. എനിക്ക് കൂട്ടിന് കോവിലകത്തെ ഒരു കുട്ടിയും ഉണ്ടായിരുന്നു. ആ കുട്ടി മടങ്ങര്‍ലിയുടെ മകള്‍ ആയിരുന്നു. എന്നെക്കാള്‍ ചെറിയ കുട്ടി ആയിരുന്നു. 'മടങ്ങര്‍ലി' കുഞ്ഞിക്കുട്ടമുത്തപ്ഫന്റെ കാഷ്യര്‍ ആയിരുന്നു. വാസുദേവമ്മാമന്‍ കുറച്ചു അകലെയായിരുന്നു താമസിച്ചിരുന്നത്. അതുകൊണ്ട് ഞാന്‍ ആദ്യത്തെ കൊല്ലം ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ കുഞ്ഞിക്കുട്ടമുത്തപ്ഫന്റെ താമസസ്ഥലമായ റിട്രീറ്റിലേക്കാണ് പോയിരുന്നത്. അതുവരെ കൂട്ടിന് യമുനയും (ഏറാടിമാരുടെ അവിടത്തെ) ഉണ്ടാവും. തിരിച്ചു പോരാറാവുമ്പോള്‍ യമുന വന്നു വിളിക്കും. മുത്തപ്ഫന്റെ ഭാര്യയുടെ സഹോദരിയുടെ മകളാണ് യമുന. എന്റെ ക്ലാസില്‍ നമ്പൂതിരിക്കുട്ടി ആയിട്ട് ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മുസ്ലിംകുട്ടിയും ഒരാളെ ഉണ്ടായിരുന്നുള്ളൂ. ക്രിസ്ത്യന്‍ കുട്ടികള്‍ രണ്ടുപേരും; അതിലൊരാള്‍ ഹെഡ് മിസ്‌ട്രെസ്സിന്റെ മകള്‍ തന്നെ ആയിരുന്നു. രണ്ടു പട്ടരുകുട്ടികളും ഒരു വാരസ്സ്യാര് കുട്ടിയും ഉണ്ടായിരുന്നു. കോഴിക്കോട്ടുകാരെക്കാള്‍ മറ്റു സ്ഥലങ്ങളില്‍നിന്ന് വന്നു (ജോലിക്കായി) താമസിക്കുന്നവരായിരുന്നു അധികം. മാങ്കാവില്‍നിന്ന് മൂന്നുനാല് പേരെ ഉണ്ടായിരുന്നുള്ളൂ. യമുനയും എന്റെ ക്ലാസ്സില്‍ത്തന്നെ ആയിരുന്നു. സംസ്‌കൃതം പഠിക്കുവാന്‍ പത്തുപന്ത്രണ്ടു പേരെ ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ സംസ്‌കൃതം പീരിയഡ് ഞങ്ങള്‍ ഒഴിവുള്ള ക്ലാസ്സ്മുറി അന്വേഷിച്ചു പോകേണ്ടിവന്നു.
ആ കൊല്ലം ആഗസ്റ്റ് പതിനഞ്ചാം തിയതി ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി. സ്‌കൂളിലും ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ മുന്‍കൂട്ടി തുടങ്ങിയിരുന്നു. ടാബ്ലോയില്‍ ഞാന്‍ ഒരു മുസ്ലിം പെണ്‍കുട്ടിയുടെ വേഷം കെട്ടി നിന്നു. എന്നെ കണ്ടിട്ട് എന്റെ ക്ലാസ്സ്ടീച്ചര്‍ക്കുപോലും മനസ്സിലായില്ല. ലീലാവതി എന്ന കുട്ടിയാണ് ആ വേഷം കെട്ടിയത് എന്ന് വിചാരിച്ച് ടീച്ചര്‍ ആ കുട്ടിയോട് വേഷം നന്നായിരുന്നു എന്ന് പറഞ്ഞപ്പോള്‍ 'ഞാനല്ല മുസ്ലിം വേഷം കെട്ടിയത്; അത് സാവിത്രിയാണ്' എന്ന് ലീലാവതി പറഞ്ഞപ്പോള്‍ ടീച്ചര്‍ എന്നെ അഭിനന്ദിച്ചു. അതുപോലെ സ്റ്റേജില്‍ പാട്ടുപാടി മാര്‍ച്ച് നടത്തുന്നതിലും ഞാന്‍ ആണ്‍കുട്ടിയുടെ വേഷം ധരിച്ച് പങ്കെടുത്തിരുന്നു. കുഞ്ചുമുത്ത—പ്ഫന്റെ ഡ്രൈവര്‍ പാറന്‍ അത് കണ്ടുകൊണ്ട് നില്‍ക്കുന്നുണ്ടായിരുന്നു. പാറന്‍ എന്നെ കൊണ്ടുപോകാന്‍ കാറുംകൊണ്ട് വന്നതാണ്. പിന്നീട് അമ്മാമനോടും മുത്ത—പ്ഫനോടും അതിന്റെ വിവരണവും നടത്തി. വൈകുന്നേരം ഞങ്ങള്‍ ടൌണില്‍ ഘോഷയാത്ര കാണാന്‍ പോയി.
ഞങ്ങള്‍ക്ക് ഒരു കൊല്ലം ആറു നോണ്‍ഡിറ്റെയില്‍ഡ് വീതം പഠിക്കാന്‍ ഉണ്ടായിരുന്നു. രണ്ടെണ്ണം കാല്‍ക്കൊല്ലപ്പരീക്ഷക്ക്; വേറെ രണ്ടു പുസ്തകങ്ങള്‍ അരക്കൊല്ലപ്പരീക്ഷയ്ക്ക്; കൊല്ലപ്പരീക്ഷയ്ക്ക് ഇവയൊന്നുമല്ല, മറ്റു രണ്ടു പുസ്തകങ്ങളാണ്. ഇംഗ്ലീഷിന്റെ കാര്യമാണ് പറഞ്ഞത്. മൂന്നു കൊല്ലവും ഇങ്ങനെ തന്നെയായിരുന്നു. ഗേള്‍സ് സ്‌കൂള്‍ ആയതുകാരണം ഞങ്ങള്‍ക്ക് പാട്ടും തുന്നലും ഹോം സയന്‍സും പഠനവിഷയങ്ങള്‍ ആയിരുന്നു. ഹോം സയന്‍സില്‍ രോഗികളെ പരിചരിക്കുന്ന വിധം, കുക്കിംഗ്, പൂന്തോട്ട നിര്‍മ്മാണം, വീട് പണിയുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവയൊക്കെ ഉണ്ടായിരുന്നു. സ്‌കൂള്‍ ഇല്ലാത്ത രണ്ടു ദിവസങ്ങളില്‍ കുക്കിംഗ് ക്ലാസ് ഉണ്ടായിട്ടുണ്ട്. ഞാനടക്കം ചെറിയ കുട്ടികള്‍ നോക്കിനിന്നാല്‍ മതി. വലിയ കുട്ടികള്‍ ടീച്ചറുടെ മേല്‍നോട്ടത്തില്‍ കുക്കിംഗ് നടത്തിക്കൊള്ളും. ഞങ്ങള്‍ക്ക് കഴിക്കേണ്ട ഭാരമേ ഉള്ളൂ. ഞങ്ങളുതന്നെ പൈസ എടുത്തിട്ടാണ് കുക്കിങ്ങിനു വേണ്ട സാധനങ്ങള്‍ വാങ്ങിയിരുന്നത്. മാസംതോറും ആറേകാല്‍ രൂപ ഫീസ് ഉണ്ടായിരുന്നു.
തുന്നലിനുള്ള സാമഗ്രികളും വാങ്ങണം. 3 കൊല്ലം കൊണ്ട് കുഷന് കവര്‍ (അതിന്മേല്‍ എംബ്രോയ്ഡറി ചെയ്തത്) പാവാട, ജാക്കറ്റ് എന്നിവ തുന്നാന്‍ പഠിപ്പിച്ചു തന്നു.
ഗെയിംസില്‍നിന്ന് എന്നെ ഒഴിവാക്കാന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കൊടുക്കേണ്ടി വന്നു. എന്നിട്ടും ചിലപ്പോഴെല്ലാം എക്‌സര്‍സൈസിലും ചില കളികളിലും പങ്കെടുക്കാന്‍ പറയാറുണ്ട്. നാലു മണിമുതല്‍ അഞ്ചു മണിവരെ ചെടികള്‍ക്ക് നനയ്ക്കാന്‍ വേണ്ടി സ്‌കൂളില്‍ നില്‍ക്കുകയും വേണ്ടിവന്നിരുന്നു.
ഫോര്‍ത്ത് ഫോമില്‍ പഠിക്കുമ്പോള്‍ ഞാന്‍ അമ്മയുടെ ചാത്തത്തിനു ഇല്ലത്തേയ്ക്ക് വന്നു. അത് കഴിഞ്ഞാല്‍ എന്റെ പിറന്നാള്‍ ആയല്ലോ. അതിനാല്‍ അച്ഛനും അനിയനുംകൂടി എന്റെകൂടെ കോഴിക്കോട്ടേക്ക് വന്നു. അവരുടെകൂടെ ഒരു ദിവസം ഷോപ്പിങ്ങിനു പോയി. വാസുദേവമ്മാമന്റെ സ്റ്റേഷനറിക്കടയില്‍നിന്നു സാധനങ്ങള്‍ വാങ്ങി. ശ്യാമ ചെറിയ കുട്ടിയായിരുന്നത് കാരണം ഇരുത്തി ആട്ടാന്‍ പറ്റുന്ന ഒരു ഊഞ്ഞാല്‍, ഞാന്‍ പറഞ്ഞിട്ട് വാങ്ങി. ആ താമസത്തിനിടയിലാണ് അമ്മാമന്‍ അനിയനെ ഊണു കഴിക്കുന്നതെങ്ങനെ എന്ന് പഠിപ്പിച്ചത്.
ഞാന്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍, ടീച്ചര്‍ ഒരു ഇംഗ്ലീഷ് ബുക്ക് തന്നിട്ട്, അത് സോവിയറ്റ് യുണിയനെ പറ്റിയുള്ളതായിരുന്നു, ഓരോ ബെഞ്ചിലുള്ള കുട്ടികളോടും ഒരദ്ധ്യായം വായിച്ചു ചുരുക്കിയെഴുതി, അത് കാണാപ്പാഠം പഠിക്കുവാന്‍ പറഞ്ഞു. എന്നിട്ട് അത് കാണാതെ പ്രസംഗിക്കണം. എന്റെ ബെഞ്ചില്‍ എന്നെയാണ് ഏല്‍പ്പിച്ചത്. ഞാന്‍ അത് പഠിക്കുകയും ചെയ്തു. പക്ഷെ മുത്തശ്ശന്റെ ഷഷ്ടിപൂര്‍ത്തിക്കു ഇല്ലത്തേക്ക് പോന്നിട്ട് പ്രസംഗിക്കേണ്ട ദിവസം എനിക്ക് തിരിച്ചെത്താന്‍ പറ്റിയില്ല. എന്റെ ബെഞ്ചിലെ മറ്റാരെങ്കിലും പ്രസംഗിച്ചിട്ടുണ്ടാവും. അക്കൊല്ലം വാര്‍ഷികാഘോഷം നടത്താന്‍ തീരുമാനിച്ചിരുന്നു. അതിന്റെ പിരിവിനു ടീച്ചര്‍മാര്‍ മാങ്കാവിലെ അമ്മാമന്റെ വീട്ടിലേക്കു വന്നിരുന്നു. അന്ന് ഞാന്‍ ടീച്ചറുടെ കാറില്‍ അവരുടെ കൂടെയാണ് സ്‌കൂളില്‍നിന്നു മടങ്ങിയത്. പിറ്റേന്ന് സ്‌കൂളില്‍ വന്നപ്പോള്‍, എന്നെ ടീച്ചറുടെ മടിയില്‍ ഇരുത്തിയാണ് കൊണ്ടുപോയതെന്നു പറഞ്ഞു മറ്റു കുട്ടികള്‍ കളിയാക്കിയിരുന്നു.
ഞാന്‍ ഫോര്‍ത്ത് ഫോമില്‍ പഠിക്കുമ്പോള്‍, 1947-ല്‍ മുത്തശ്ശന്റെ ഷഷ്ടിപൂര്‍ത്തിക്കും 1949-ല്‍ അനിയന്റെ ഉപനയനത്തിനും വാസുദേവപ്ഫന്റെ വേളിക്കും, ഇല്ലത്തേക്ക് വരികയുണ്ടായി. അക്കൊല്ലം സ്‌കൂള്‍ വാര്‍ഷികാഘോഷം ആദ്യം വിചാരിച്ച ദിവസം നടന്നില്ല. ഗംഭീര മഴ തുടങ്ങി. മുറ്റത്ത് നടത്താനാണ് പരിപാടിയിട്ടിരുന്നത്. അതിനാല്‍ പിന്നീടൊരു ദിവസത്തേക്ക് മാറ്റിവച്ചു. സ്‌കൂള്‍ അടയ്ക്കുന്ന ദിവസമോ മറ്റോ ആയിരുന്നു അത്. ഞാന്‍ അതിനു നില്‍ക്കാതെ ഇല്ലത്തേക്ക് പോന്നു.
ആ അവധിക്കാലത്ത് വല്യമ്മാമന്‍ ദീക്ഷ വീടി, നാരായണമ്മാമന്റെ വേളി എടോനെനിന്നു നടത്തി. അടുത്ത കൊല്ലം നാരായണമ്മാമന്‍ അമ്മാമിയെ കോഴിക്കോട്ടാക്കി മദ്രാസ്സിലേക്ക് പഠിക്കാന്‍ പോയി. ആയിടെയാണ് 'എവര്‍ സില്‍വര്‍' എന്ന പേരില്‍ സ്റ്റെയിന്‍ലസ് സ്റ്റീല്‍ പ്ലേറ്റുകളും പാത്രങ്ങളും കടകളില്‍ കിട്ടിത്തുടങ്ങിയത്. മദ്രാസിലെ കിട്ടൂ. അതുകൊണ്ട് നാരായണമ്മാമനോട് എല്ലാവര്‍ക്കും പ്ലേറ്റുകള്‍ വാങ്ങിക്കൊണ്ടുവരാന്‍ വല്യമ്മാമന്‍ ഏല്‍പ്പിച്ചു. അങ്ങനെ ഞങ്ങള്‍ സ്റ്റെയിന്‍ലസ് സ്റ്റീല്‍ പ്ലേറ്റ് ഉപയോഗിച്ചുതുടങ്ങി.
നാരായണമ്മാമന്‍ വന്നശേഷം എനിക്ക് അമ്മാമന്റെ വക ഇംഗ്ലീഷ് ടൂഷന്‍ തുടങ്ങി. ഇംഗ്ലീഷില്‍ ഗ്രാമര്‍ മിസ്‌ടേക് ഇല്ലാതെ എഴുതാന്‍ എനിക്ക് ബുദ്ധിമുട്ടില്ല. എന്നാല്‍ സംസാരിക്കാന്‍ പേടിയാണ്. തെറ്റുമോ എന്ന പേടി. മറ്റുള്ളവര്‍ സംസാരിച്ചാല്‍ എനിക്ക് മനസ്സിലാക്കാന്‍ വിഷമമില്ല. അമ്മാമന്‍ എന്നെ സംസാരിക്കാനൊന്നും പഠിപ്പിച്ചില്ല. ടൂഷന്‍ അധിക ദിവസമൊന്നും ഉണ്ടായില്ല. ക്യാരംസ് കളി, ശീട്ടുകളി എന്നിവയും അമ്മാമന്മാരോടൊപ്പം കളിച്ചിരുന്നു. വല്യമ്മാമനെ തോല്പിക്കാന്‍ വിഷമമില്ല. നാരായണമ്മാമനെ തോല്പിക്കാനാണ് ബുദ്ധിമുട്ട്.
ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഞാന്‍ ഋതുമതിയായി. അമ്മാമന്‍ ഇല്ലത്തേക്ക് വിവരം പറയാനും ഇല്ലത്തേക്ക് പറഞ്ഞയക്കണോ എന്ന് ചോദിക്കാനും കാര്ക്കനെ (വാസുദേവമ്മാമന്റെ ഡ്രൈവര്‍) പറഞ്ഞയച്ചു. അച്ഛന്‍ മദ്രാസ്സിലേക്ക് ചെറിയമ്മയേയും കുട്ടികളെയും കൂട്ടി പോയിരിക്കയായിരുന്നു. മുത്തശ്ശ്യമ്മ അച്ഛന്റെ അമ്മാത്തേക്കും പോയിരിക്കയായിരുന്നു. അതുകൊണ്ട് അമ്മാമന്റെ ഇഷ്ടപ്രകാരം ചെയ്തുകൊള്ളാന്‍ മുത്തശ്ശന്‍ പറഞ്ഞു. മദ്രാസിലേക്ക് ഫോണ്‍ ചെയ്യണമെങ്കില്‍ ട്രങ്ക് ബുക്ക് ചെയ്യണം. രാവിലെ വിളിച്ചാല്‍ വൈകുന്നേരമേ കിട്ടൂ. അവസാനം കിട്ടിയപ്പോള്‍ അച്ഛനും ഇല്ലത്തേക്ക് പറഞ്ഞയക്കണ്ട എന്നാണ് പറഞ്ഞത്. അങ്ങനെ എന്റെ പഠിപ്പ് തുടര്‍ന്നു. എന്നാല്‍ മാസത്തില്‍ മൂന്നു ദിവസം ലീവ് എടുക്കേണ്ടി വന്നിരുന്നു. കാരണം കാറില്‍ അമ്മാമന്റെ ഒപ്പം ഇരിക്കാന്‍ പറ്റില്ലല്ലോ. അവിടെ ആ കാര്യങ്ങള്‍ എല്ലാം പഴയ മട്ടായിരുന്നു. മണ്ണാത്തിയും മാറ്റും ഒക്കെയായി. സ്‌കൂള്‍ ദിവസങ്ങള്‍ കുറെ നഷ്ടപ്പെട്ടു. അച്ഛനും മറ്റും മദ്രാസ്സില്‍ ഉള്ളതുകൊണ്ട് ആ ക്രിസ്തുമസ് അവധിക്കു ഞാന്‍ അങ്ങോട്ട് പോയി. അനിയന് ഒരു ഓപ്പറേഷന്‍ നടത്തിയിരുന്നു. അച്ഛന്‍ കോഴിക്കോട്ട് വന്നു എന്നെ കൊണ്ടുപോവുകയാണ് ഉണ്ടായത്.
ഒന്‍പതാം ക്ലാസ്സില്‍ ഞങ്ങള്‍ക്ക് ഓപ്ഷണല്‍ ഉണ്ടായിരുന്നു. ഞാന്‍ കെമിസ്ട്രി ആണ് എടുത്തത്. ഭൂരിപക്ഷം കുട്ടികളും ആ വിഷയം എടുത്തതുകൊണ്ട് ഞാനും അതെടുത്തു എന്നേയുള്ളൂ. ടെക്സ്റ്റ് തന്നെ കിട്ടാന്‍ ഇല്ലായിരുന്നു. ആഴ്ചയില്‍ രണ്ടു ദിവസം പ്രാക്ടിക്കല്‍ ചെയ്യാന്‍ നാലുമണി മുതല്‍ അഞ്ചുമണിവരെ ലാബില്‍ ഉണ്ടായിരിക്കണം. പ്രാക്ടിക്കല്‍ കഴിഞ്ഞ് നടന്ന് മാങ്കാവില്‍ എത്തുമ്പോഴേക്കും സന്ധ്യയാകും. പരീക്ഷക്കാലത്ത് ടീച്ചറുടെ ടെക്സ്റ്റ് വാങ്ങിയിട്ടാണ് പഠിച്ചിരുന്നത്. എന്നാല്‍ ടെക്സ്റ്റ് ഇല്ലാത്ത മറ്റു കുട്ടികളും ഉണ്ടായിരുന്നു. അവരും ടീച്ചറോട് പുസ്തകം ചോദിക്കും. ഒരു പുസ്തകമല്ലേ ഉള്ളൂ. എല്ലാവര്‍ക്കും കൂടി കൊടുക്കാനും പറ്റില്ലല്ലോ. നോണ്‍ ഡിറ്റെയില്‍ഡും ചിലത് കിട്ടാതെ ബാംഗ്ലൂരില്‍നിന്നോ മറ്റോ വരുത്തുക ഉണ്ടായിട്ടുണ്ട്.
എസ്.എസ്.എല്‍.സി.ക്കാര്‍ക്ക് സെന്റോഫ് കൊടുക്കുന്നത് ഫോര്‍ത്ത് ഫോംകാരും ഫിഫ്ത് ഫോംകാരും കൂടിയായിരുന്നു. ആദ്യം പറഞ്ഞവര്‍ കലാപരിപാടികളും രണ്ടാമത് പറഞ്ഞവര്‍ ടീ പാര്‍ട്ടിയും ഒരുക്കും.
ഞങ്ങളുടെ സ്‌കൂളില്‍ S.S.L.C.ക്ക് സെന്റര്‍ ഉണ്ടായിരുന്നില്ല. ട്രെയിനിംഗ് സ്‌കൂളില്‍ ആയിരുന്നു പരീക്ഷ. അത് കുറെ ദൂരെയായിരുന്നു. അപ്പോള്‍ ഞങ്ങള്‍ മാങ്കാവിലുള്ള കുട്ടികള്‍ കുതിരവണ്ടി ഏര്‍പ്പാടാക്കി. ഉച്ചഭക്ഷണത്തിന് എന്റെ കൂട്ടുകാരെല്ലാം ഹോട്ടലില്‍ പോവുകയാണെന്ന് പറഞ്ഞപ്പോള്‍, ഞാനും ഹോട്ടലില്‍ പോയ്‌ക്കൊള്ളാം എന്ന് അമ്മാമനോട് പറഞ്ഞു. ആ ഹോട്ടല്‍ വെജിറ്റേറിയന്‍ ആയിരുന്നില്ല. ഉച്ചവെയിലില്‍ നടക്കുകയും വേണം. അതുകൊണ്ട് പിറ്റേന്ന് മുതല്‍ എനിക്ക് ഉച്ചയ്ക്ക് കഴിക്കാനുള്ളത്, ഞാന്‍ പറഞ്ഞ കാരണം, അമ്മാമന്‍ കൊടുത്തയക്കാന്‍ തുടങ്ങി. പ്രാക്റ്റിക്കല്‍ പരീക്ഷ ഞങ്ങളുടെ സ്‌കൂളില്‍ വച്ചു തന്നെയായിരുന്നു. കോഴിക്കോട്ടെ കുതിരവണ്ടി എനിക്ക് ഇഷ്ടമാണ്. ഒരു ഗാംഭീര്യമൊക്കെയുണ്ട്. പാലക്കാട്ടെ കുതിരവണ്ടി എനിക്ക് ഇഷ്ടമല്ല. അത് കാളവണ്ടിപോലെ ആണ്. കാളയ്ക്ക് പകരം കുതിരയെ കെട്ടുന്നു എന്നേ ഉള്ളൂ.
ആദ്യത്തെ കൊല്ലം ഓണത്തിനു വരുമ്പോള്‍ ഞാന്‍ രണ്ടു പന്ത് കൊണ്ടുവന്നിരുന്നു അനിയനും നാരായണനും കൊടുക്കാന്‍. നാരായണനോട് ഇഷ്ടമുള്ള പന്ത് എടുത്തുകൊളളാന്‍ പറഞ്ഞപ്പോള്‍, വാസുദേവന് ഇഷ്ടം ഉള്ളത് എടുത്തോട്ടെ. മറ്റേത് നാരായണന് കൊടുത്താല്‍ മതി എന്ന് ചെറിയമ്മ പറഞ്ഞതുകൊണ്ട് അങ്ങനെ ചെയ്തു. അതുപോലെ വിഷുവിന് കുറെ പടക്കവും മറ്റും കൊണ്ടുവന്നു.
ഞാന്‍ ഇല്ലത്തേക്ക് അച്ഛനും അനിയനും, തത്തേടത്തിക്കും തത്തച്ചമ്മയ്ക്കും കത്ത് എഴുതുക പതിവായിരുന്നു. തത്തച്ചമ്മ എന്നെ പാലക്കാട്ടയ്ക്ക് ക്ഷണിച്ചു, കുറച്ചു ദിവസം താമസിക്കാന്‍. പത്താംക്ലാസ് പരീക്ഷ കഴിഞ്ഞപ്പോള്‍ ഞാന്‍ ഇല്ലത്തേക്ക് പോന്നു.
നാരായണമ്മാമനു ഫോട്ടോ എടുക്കല്‍ ഒരു ഹോബിയായിരുന്നു. ഞങ്ങളുടെ എല്ലാം കുറെ ഫോട്ടോ എടുത്തിരുന്നു, ഒരിക്കല്‍ എന്റെ ഒരു ഫോട്ടോ എടുത്തത് വളരെ നന്നായി തോന്നി, ഞാന്‍ ഇല്ലസ്‌ട്രേറ്റഡ് വീക്കിലിയിലേക്ക് അയച്ചുകൊടുത്തു; യങ്ങ് ഫോക്‌സ് ലീഗില്‍ അംഗം ആയി ചേര്‍ന്നപ്പോള്‍. വെറുതെ അയച്ചു കൊടുത്താല്‍ അവര്‍ പ്രസിദ്ധീകരിക്കില്ലെന്ന് അമ്മാമന്‍ പറഞ്ഞു. എന്റെ ഫോട്ടോ വെറുതെ പോകുമോ എന്ന് വിചാരിച്ച് എനിക്ക് വിഷമമായി. എന്നാല്‍ അടുത്ത എഡിഷന്‍ വന്നപ്പോള്‍ എന്റെ ഫോട്ടോ സഹിതം കാലിക്കറ്റില്‍നിന്നുള്ള മെമ്പര്‍ കെ.സാവിത്രി എന്ന് ചേര്‍ത്തിരുന്നു. അപ്പോള്‍ എനിക്ക് സന്തോഷമായി. വാസുദേവപ്ഫന്‍ അത് കണ്ടു. അനിയന് കാണിച്ചു കൊടുത്തു. അനിയന്‍ ആ ഫോട്ടോ വെട്ടിയെടുത്തു സൂക്ഷിച്ചിരുന്നു.
വാസുദേവമ്മാമന്‍ ഗണപത് ഹൈസ്‌കൂളിന്റെ അടുത്ത് വീട് വാടകയ്ക്ക് എടുത്ത് താമസം തുടങ്ങിയപ്പോള്‍, രണ്ടാമത്തെ കൊല്ലം മുതല്‍ ഉച്ചക്ക് ഊണ് അവിടെയാക്കി. അവിടേയ്ക്കും പോകാന്‍ കൂട്ടുകാര്‍ ഉണ്ടായിരുന്നു. കോമളവല്ലി, കമലാദേവി, സുശീല എന്നിവരായിരുന്നു അവര്‍. സുശീല കെ. കുഞ്ഞിരാമമേനോന്റെ മകള്‍ ആയിരുന്നു. കുഞ്ഞിരാമമേനോന്‍ പ്രശസ്ത വക്കീല്‍ ആയിരുന്നു.
എസ്.എസ്.എല്‍.സി. പരീക്ഷ കഴിഞ്ഞപ്പോള്‍ ഞാന്‍ ഇല്ലത്തേക്ക് പോന്നു. പിന്നെ ജയിച്ചെന്ന് അറിഞ്ഞിട്ട് സര്‍ട്ടിഫിക്കറ്റ് മേടിക്കാന്‍ പോലും കോഴിക്കോട്ടേക്ക് പോവുകയുണ്ടായില്ല.
ഇനി എന്റെ കുട്ടിക്കാലത്തെ ഓര്‍മ്മയില്‍ പറയാനുള്ളത് പുത്തന്‍ പുരയിലെ താമസത്തേകുറിച്ചാണ്.
Read before part:
https://emalayalee.com/vartha/283897