മൂന്നാം ക്ലാസിലെ പ്രണയം; തലക്കെട്ടു കേള്‍ക്കുമ്പോള്‍ തന്നെ ഒരു വല്ലായമ് തോന്നും, അല്ലേ! പക്ഷെ, വിശ്വസിക്കാം. കാരണം ഇതൊരു സംഭവകഥയാണ്. പാല്‍കുട്ടന്‍ എന്നു കളിയാക്കു പേരില്‍ വിളിക്കപ്പെട്ടിരുന്ന എട്ടു വയസുകാരനായ ഒരു കുട്ടിയാണ് ഇതിലെ നായകന്‍. അവനും സഹപാഠികളായ ജോണ്‍ എന്ന വില്ലന്‍ കഥാപാത്രവും ക്ലാസിലെ പെണ്‍കുട്ടികളില്‍ ഏറ്റവും സുന്ദരിയായ എലിസബെത്തും തമ്മിലുണ്ടായ ത്രികോണ പ്രണയത്തിന്റെ യഥാര്‍ത്ഥ കഥയാണ് ഇത്, ഏതാണ്ട് പഴയകാല സിനിമകളിലേതു പോലെ.(സ്വകാര്യതയെ മാനിച്ച് കഥാനായകന്റെ യഥാര്‍ത്ഥ പേരു മറച്ചുവെച്ചിരിക്കുന്നു).
കാലം: 1950 കളുടെ മദ്ധ്യം
സ്ഥലം: മദ്ധ്യകേരളത്തിലെ ഒരു കൊച്ചു ഗ്രാമം.
പ്രശാന്ത സുന്ദരമാണ് ഈ ഗ്രാമം. കുന്നും മലകളും താഴ് വാരങ്ങളും ചേര്‍ന്ന ഭൂപ്രദേശം. വിശാലമായ രണ്ടു തടാകങ്ങളും ഇവിടെയുണ്ട്. ഹരാഭഭംഗി നിറഞ്ഞൊഴുകുന്ന നെല്‍പാടങ്ങള്‍ നോക്കെത്താ ദൂരത്തോളം നീണ്ടു കിടന്നിരുന്നു. തല ഉയര്‍ത്തി നില്‍ക്കുന്ന കേരവൃക്ഷങ്ങള്‍, മാവ്, പ്ലാവ്, ആഞ്ഞിലി തുടങ്ങിയ വന്‍ മരങ്ങള്‍ എല്ലാം ഇടതിങ്ങി നില്‍ക്കുന്നു. കൂടാതെ, പൂമരങ്ങള്‍ വാഴത്തോപ്പുകള്‍, കായ്ഫലം നല്‍കുന്ന ധാരാളം സസ്യലതാദികള്‍ എന്നിവയും ദേശത്തിന്റെ മനോഹാരിതയ്ക്കു മാറ്റു കൂട്ടിയിരുന്നു.
ഗ്രാമത്തിലെ ഏക പ്രൈമറി സ്‌ക്കൂളിന്റെ സ്റ്റാന്‍ഡേര്‍ഡ് IIIB ക്ലാസ് മുറിയിലേക്കു നമുക്കൊന്നു ചെല്ലാം. വിദ്യാര്‍ത്ഥികളായ പാല്‍ക്കുട്ടനും ജോണും സുഹൃത്തുക്കളാണെങ്കിലും അവര്‍ തമ്മില്‍ എല്ലാ കാര്യത്തിലും കടുത്ത മത്സരം ഉണ്ടായിരുന്നു. അവന്‍ എന്തു ചെയ്താലും അതു ജോണിനും ചെയ്യണം! ശാന്തശീലനായ പാല്‍ക്കുട്ടന്‍ ക്ലാസിലെ നല്ല കുട്ടികളുടെ കൂട്ടത്തില്‍ ഉള്‍പ്പെട്ടിരുന്നുവെങ്കിലും, നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍, അവന്‍ ആളു ചിമിട്ടനായിരുന്നു. അവനു എലിസബെത്തിനോടു പ്രത്യേക ഒരു ഇഷ്ടം തോന്നി. വില്ലനായ ജോണിനും തോന്നി ഇതേ വികാരം. മുന്‍ ബഞ്ചുകളില്‍ പെണ്‍കുട്ടികളും പിന്‍ബഞ്ചുകളില്‍ ആണ്‍കുട്ടികളും ഇരിക്കുന്നതായിരുന്നു ക്ലാസിലെ ചിട്ട. എലിസബെത്തിന്റെ നേരേ പിമ്പില്‍ തന്നെ ഇരിക്കുന്നതിനായിരുന്നു പാല്‍ക്കുട്ടനും ജോണും തമ്മില്‍ നിലനിന്നിരുന്ന പ്രധാന മത്സരം. ഇതിന്റെ പേരില്‍ അവര്‍ തമ്മില്‍ പലപ്പോഴും ഉന്തും തള്ളും നടന്നിരുന്നുവെങ്കിലും ഭാഗ്യവശാല്‍ അതൊന്നും ക്ലാസ് ടീച്ചറായ കൊച്ചുപാപ്പിസാറിന്റെ ശ്രദ്ധയില്‍പ്പെട്ടില്ല. ഒരു ദിവസം തന്റെ നോട്ട്ബുക്കില്‍ കട്ടിത്താളിന്റെ ഉള്‍വശത്തു പാല്‍ക്കുട്ടന്‍ തന്റെ പേരും എലിസബെത്ത് എന്നും എഴുതി ജോണിനെ കാണിച്ചു. 'കണ്ടോടാ, ഞങ്ങള്‍ തമ്മിലാ ഇഷ്ടം' എന്നു സമര്‍ത്ഥിക്കാന്‍. ജോണ്‍ ഒട്ടും വിട്ടുകൊടുത്തില്ല. അവനും തന്റെ നോട്ട്ബുക്കില്‍ തന്റെ പേരും എലിസബെത്ത് എന്നും ചേര്‍ത്തെഴുതി പാല്‍ക്കുട്ടനെ കാണിച്ചു കൊടുത്തു. അങ്ങനെ അവന്‍ കാര്യങ്ങള്‍ സമാസമമാക്കി. ഈ സംഭവവും സാററിയാതെ പോയതിനാല്‍ ഇരുവരും തല്‍ക്കാലം രക്ഷപ്പെട്ടു. എന്നാല്‍, പലനാള്‍ കള്ളന്‍ ഒരു നാള്‍ പിടിയില്‍ എന്ന ചൊല്ലുപോലെ അവസാനം അതിനുള്ള സമയം വന്നു.
ഒരു ദിവസം ഉച്ചക്കു സ്‌ക്കൂള്‍ വിട്ടപ്പോള്‍ യാദൃശ്ചികമായി പാല്‍ക്കുട്ടനും എലിസബെത്തും ഒന്നിച്ച് വാതിലിലൂടെ പുറത്തേക്കു പോകുവാന്‍ ഇടയായി. മുഖാമുഖം വന്നപ്പോള്‍ അവര്‍ ഒന്നു ചിരിച്ചു. പുറകെ നടന്നു വന്നിരുന്ന ജോണിന് ഇതു തീരെ സഹിച്ചില്ല. പിറ്റെ ദിവസം മുതല്‍ അവന്‍ പാല്‍ക്കുട്ടന്റെ പേരു പറഞ്ഞ് അവളെ കളിയാക്കുവാന്‍ തുടങ്ങി. ഇതു പല ദിവസം തുടര്‍ന്നപ്പോള്‍ അവള്‍ കരയുവാന്‍ തുടങ്ങി, നേരേ പോയി കൊച്ചു പാപ്പിസാറിനോടു പരാതി പറഞ്ഞു. നന്നേ കര്‍ശനക്കാരനായ സാറിന്റെ മുമ്പില്‍ വിഷയം എത്തിയതോടെ കാര്യങ്ങള്‍ക്ക് ഏതാണ്ടൊരു തീരുമാനമായി. ജോണിനെയും പാല്‍ക്കുട്ടനെയും ക്ലാസ്മുറിയുടെ മുമ്പിലേക്കു വിളിച്ചു നിര്‍ത്തി, കേസ് വിതാരം ആരംഭിച്ചു. കാര്യം മഹാകുരുത്തംകെട്ടവനാണെങ്കിലും പിടിക്കപ്പെട്ടാല്‍ സത്യമെ പറയുകയുള്ളൂ എന്നതു ജോണിന്റെ പ്രത്യേകതയായിരുന്നു. അവന്‍ മണിമണിപോലെ സംഭവിച്ചതെല്ലാം സാറിനെ അറിയിച്ചു. 'നീട്ടെടാ കൈ' എന്നാജ്ഞാപിച്ചുകൊണ്ട് അദ്ദേഹം അവന്റെ കൈവെള്ളയില്‍ നാലു കനത്ത അടി പാസാക്കി. കൂടാതെ, മേലാല്‍ ഇത്തരം സംഭവങ്ങള്‍ ഇവിടെ കേട്ടുപോകരുതെന്നു താക്കീതും നല്‍കി. തന്നെ അടിക്കാതെ, 'കുഞ്ഞു ചീത്തകൂട്ടുകെട്ടിലൊന്നു പെടാതെ സൂക്ഷിക്കണം' എന്ന് ഉപദേശിച്ചു വിടും എന്ന പ്രതീക്ഷയോടെ കാത്തുനിന്നിരുന്ന പാല്‍ക്കുട്ടനോടായിരുന്നു സാറിന്റെ അടുത്ത ഗര്‍ജ്ജനം. 'നീയും നീട്ടെടാ കൈ, മൊട്ടേന്നു വിരിയുന്നതിനു മുമ്പു തുടങ്ങിയല്ലോടാ പ്രേമം' എന്നു ശകാരിച്ചുകൊണ്ട് അവന്റെ കൈവെള്ളയിലും കൊടുത്തു നാലു പ്രഹരങ്ങള്‍. അങ്ങനെ കേസ് വിസ്താരവും പ്രണയവും എല്ലാം പെട്ടെന്നു തന്നെ നടന്നു. 'ഞാന്‍ എന്തു ചെയ്തിട്ടാ ഈ കാലമാടന്‍ എന്നെ തല്ലിയത്' എന്നു പിറുപിറുത്തുകൊണ്ട് പാല്‍ക്കുട്ടന്‍ തന്റെ സീറ്റില്‍ പോയിരുന്നു. (ഇതിനിടെ പറയാന്‍ വിട്ടുപോയി, കട്ടി മീശയും കറുത്തിരുണ്ട രൂപവുമുള്ള കൊച്ചുപാപ്പിസാറിനു കുട്ടികള്‍ ഇട്ടപേരായിരുന്നു കാലമാടന്‍). അങ്ങനെ തന്റെ ആദ്യ പ്രണയത്തിന് ഇപ്രകാരം ഒരന്ത്യം സംഭവിച്ചതോടെ പെണ്‍കുട്ടികള്‍ ഇരിക്കുന്ന ഭാഗത്തേക്കു നോക്കുവാന്‍ പോലും അവനു കുറേകാലത്തേക്കു പേടിയായിരുന്നു.
പ്രൈമറി സ്‌ക്കൂള്‍ പഠനം കഴിഞ്ഞതോടെ പാല്‍ക്കുട്ടന്‍ മറ്റൊരു സ്‌ക്കൂളിലേക്കു മാറി. വര്‍ഷങ്ങള്‍ പിന്നെയും കഴിഞ്ഞു. അങ്ങനെ കുട്ടികള്‍ എല്ലാവരും വളര്‍ന്നു. അവരാരെയും പാല്‍ക്കുട്ടന്‍ പിന്നീടു കണ്ടിട്ടില്ല. കൊച്ചു പാപ്പിസാര്‍ പ്രായമായി മരിച്ചതായി അറിഞ്ഞു. എലിസബെത്ത് വിവാഹം കഴിഞ്ഞ് നാട്ടില്‍ എവിടെയോ ഉണ്ടെന്നറിഞ്ഞു. പാല്‍ക്കുട്ടന്‍ സമര്‍ത്ഥനായി പഠിച്ച് ഒരു കോളേജ് അദ്ധ്യാപകനായി. എലിസബെത്ത് എന്നു പേരുള്ള മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചു, വിവിധ രാജ്യങ്ങളില്‍ ദീര്‍ഘകാലത്തെ അദ്ധ്യാപനത്തിനു ശേഷം വിരമിച്ചു. ഭാര്യയും മക്കളും കൊച്ചുമക്കളും ഒക്കെയായി കഴിയവെ, ഒരു ദിവസം അയാള്‍ ഭാര്യയോടു തന്റെ ബാല്യകാല പ്രണയത്തെക്കുറിച്ചു പറഞ്ഞു. കഥ കേട്ടപ്പോള്‍ അവളുടെ പ്രതികരണം ഇപ്രകാരമായിരുന്നു: എങ്കിലും നിങ്ങള്‍ ആളു കൊള്ളാമല്ലോ, എട്ടാം വയസില്‍ സഹപാഠിയെ കേറി പ്രണയിച്ചെന്നോ? ഏതായാലും ആശിച്ച ആ എലസബെത്തിനെ കിട്ടിയില്ലെങ്കിലും സുന്ദരിയായ മറ്റൊരു എലിസബെത്തിനെ ഭാര്യയായി കിട്ടിയല്ലോ! കൂടാതെ പൊട്ടിച്ചിരിച്ചുകൊണ്ട് അവള്‍ മറ്റൊരു ചോദ്യം കൂടി ചോദിച്ചു: അന്നത്തെ ആ നോട്ട്ബുക്ക് നിങ്ങളിപ്പോഴും സൂക്ഷിച്ചുവെച്ചിട്ടുണ്ടോ?
*(ഈ കഥയിലെ പാല്‍ക്കുട്ടന്‍ ആരെന്നു വായനക്കാരില്‍ ചിലര്‍ക്കെങ്കിലും ഊഹിക്കുവാന്‍ കഴിയുമെന്നു കരുതുന്നു.