Image

കൊട്ടേഷൻ (ബാംഗ്ലൂർ ഡേയ്‌സ്-33: ജോണ്‍ കുറിഞ്ഞിരപ്പള്ളി)

Published on 19 February, 2023
കൊട്ടേഷൻ (ബാംഗ്ലൂർ ഡേയ്‌സ്-33: ജോണ്‍ കുറിഞ്ഞിരപ്പള്ളി)

നേരം വെളുത്തുവരുന്നതേയുള്ളു.

ആരോ വാതിലിൽ വന്നുമൂട്ടി  വിളിക്കുന്നു.എഴുന്നേൽക്കാൻ മടിച്ചു ഞാൻ  ഉറക്കം നടിച്ചു കണ്ണടച്ചു കിടന്നു.അവസാനം ജോർജ്‌കുട്ടിഎഴുന്നേറ്റ് വാതിൽ തുറന്നു.കൊല്ലം രാധകൃഷ്ണൻ വാല് ബാലകൃഷ്ണൻ,ഹുസ്സൈൻ,ഗംഗാധരൻ അങ്ങനെ   അസോസിയേഷൻ മെമ്പർമാർ പത്തുപതിനഞ്ചുപേർ വാതിൽക്കലും മുറ്റത്തുമായി നിൽക്കുന്നു.

"എന്താ ?എന്തുപറ്റി?എല്ലാവരുംകൂടി .........."

പറഞ്ഞുപൂർത്തിയാക്കാൻ കാത്തുനിൽക്കാതെ കൊല്ലം രാധാകൃഷ്ണൻ പറഞ്ഞു,"നമ്മളുടെ അസോസിയേഷൻ ഇപ്പോൾ കാര്യമായ പ്രവർത്തനങ്ങളൊന്നും ഇല്ലാതെ ആകെക്കൂടി തണുത്തുപോയിരിക്കുന്നു.ഇന്ന് കാലത്തു് പത്തുമണിക്ക് ശിവാജിനഗറിൽ നമ്മളുടെ മുഖ്യമന്ത്രിയും മറ്റ് ഏതാനും വി.ഐ.പി.കളും എത്തുന്നു.അവർക്ക് സ്വീകരണം കൊടുക്കാൻ സാധിക്കുമോ എന്ന് പാർട്ടി സെക്രട്ടറി വിളിച്ചു ചോദിച്ചിരുന്നു.മാറ്റ് അസോസിയേഷൻകാർ വിവരം അറിയുന്നതിനുമുൻപ് നമ്മൾക്ക് അത് ഏറ്റെടുക്കണം,നല്ല പബ്ലിസിറ്റി കിട്ടും.ഇത് പെട്ടെന്നുള്ള പരിപാടി ആയതുകൊണ്ടാണ് ഇങ്ങനെ വിളിച്ചുചോദിച്ചത്,എന്നാണ് പാർട്ടി സെക്രട്ടറി പറഞ്ഞത്."

"ഞാൻ ,നമ്മളുടെ പ്രസിഡണ്ടിനെ വിളിച്ചു് എഴുന്നേൽപ്പിക്കട്ടെ,പുള്ളിക്കാരൻറെ അഭിപ്രായവുംകൂടി അറിയണമല്ലോ."ജോർജ്‌കുട്ടി വന്ന് എന്നെ വിളിച്ചു."ദാ,തന്നെ അന്വേഷിച്ചു് ആരാണ് വന്നിരിക്കുന്നത് എന്ന് നോക്ക്,നമ്മളുടെ കാഥികൻ കൊല്ലം രാധാകൃഷ്ണൻ ."

എല്ലാവരുംകൂടി ഒമ്പതുമണിക്ക് ശിവാജിനഗർ ബസ്സ് സ്റ്റാൻഡിൽ ഒന്നിച്ചുകൂടാം .എന്നിട്ട് മുഖ്യമന്ത്രി താമസ്സിക്കുന്ന ഹോട്ടലിൽ പോയി അദ്ദേഹത്തെ കാണാം എന്ന്‌ തീരുമാനിച്ചു.

ഞങ്ങൾ കൃത്യ സമയത്തുതന്നെ  ശിവാജിനഗർ ബസ്സ്‌ സ്റ്റാൻഡിൽ ഒന്നിച്ചുകൂടി .മുഖ്യമന്ത്രി താമസ്സിക്കുന്ന ഹോട്ടലിലേക്ക് പോകുന്നതിനുമുമ്പ്  വിളിച്ചു .അവർക്ക് അങ്ങനെ യാതൊരുവിവരവും കിട്ടിയിട്ടില്ല.പാർട്ടി സെക്രട്ടറി എന്ന് പറഞ്ഞു വേറേ ഏതോ അസോസിയേഷൻ ആൾക്കാർ  രാധാകൃഷ്ണനെ പറഞ്ഞു പറ്റിച്ചതായിരുന്നു.

"രാവിലെ ഓരോ പണിയും കൊണ്ടിറങ്ങിയിരിക്കുന്നു,മനുഷ്യരെ ഉറങ്ങാനും സമ്മതിക്കില്ല"ഞങ്ങൾ കൊല്ലം രാധാകൃഷ്ണനേയും കൂട്ടുകാരെയും വിട്ട് തിരിച്ചു ബസ്സ് സ്റ്റാൻഡിൽ നിന്നും അടുത്തുള്ള സെൻറ് മേരീസ് ബസിലിക്കയുടെ മുമ്പിൽക്കൂടി കൊമേർഷ്യൽ സ്ട്രീറ്റിലേക്ക് നടന്നു.

സെൻറ് മേരിസ് ചർച്ചിൻ്റെ  അടുത്ത്  മലയാളത്തിൽ ഒരു ബോർഡ് തൂങ്ങിക്കിടക്കുന്നു,"കൊട്ടേഷന് സമീപിക്കുക."

ആ ബോർഡ് അതും മലയാളത്തിൽ കൊട്ടേഷന് സമീപിക്കുക എന്ന ബോർഡ് ഞങ്ങൾ രണ്ടുപേരെയും ഞെട്ടിച്ചുകളഞ്ഞു.

"നമ്മൾ മലയാളികളുടെ പേര് നശിപ്പിക്കാൻ ഓരോരുത്തരും ഇറങ്ങിക്കോളും.കളിച്ചു കളിച്ചു് ഇപ്പോൾ കൊട്ടേഷന് പരസ്യമായി ബോർഡ് വച്ച് ആളുകളെ ക്യാൻവാസ് ചെയ്യാൻ തുടങ്ങിയാൽ എന്ത് ചെയ്യും?"ജോർജ്‌കുട്ടി പറഞ്ഞു.

ശരിയാണ് എന്ന് എനിക്കും തോന്നി.

"ഏതായാലും നമ്മൾക്ക് ഒന്ന് കയറിനോക്കാം"ഞാൻ പറഞ്ഞു.ജോർജ്‌കുട്ടിക്കും സമ്മതം.ഞങ്ങൾ അവിടേക്ക് കയറിച്ചെന്നു.ഒരു മേശയുടെ പിറകിൽ ഒരു പെൺകുട്ടി ഇരിക്കുന്നു."എന്താ?"പെൺകുട്ടി ചോദിച്ചു.മെലിഞ്ഞു ഒരു ചുള്ളിക്കമ്പ് പോലുള്ള ഈ പെൺകുട്ടിയാണോ കൊട്ടേഷൻ നടത്തുന്നത് എന്ന് ഞങ്ങൾ അത്ഭുതപെടാതിരുന്നില്ല.

"ഞങ്ങൾ കൊട്ടേഷൻ തരാൻ വന്നതാണ്.ആരാണ് കൊട്ടേഷൻ നടത്തുന്നത്?"

പെൺകുട്ടി അകത്തേക്ക് നോക്കി," അമ്മാ..".എന്ന് നീട്ടി വിളിച്ചു.ഒരു തടിച്ച സ്ത്രീ അകത്തുനിന്നും ഇറങ്ങി വന്നു.

"എന്താ? എന്തുവേണം?"

"കൊട്ടേഷൻ വിശദവിവരം അറിയാൻ വന്നതാണ്.പെട്ടന്ന് കാര്യം നടക്കണം.ആരും അറിയാൻപാടില്ല.

ആ സ്ത്രീ പറഞ്ഞു,"അതിബുദ്ധി അപകടകരം "

"ആരും അറിയാതെ കാര്യം രഹസ്യമായിരിക്കണം."

"അരമന രഹസ്യം അങ്ങാടിപ്പാട്ട്."സ്ത്രീ.

"അതെങ്ങനെ ശരിയാകും?"ദൃക്‌സാക്ഷികൾ ഉണ്ടാകാൻ പാടില്ല".

"കണ്ണുള്ളവർ കാണട്ടെ,ചെവിയുള്ളവർ കേൾക്കട്ടെ.അല്ലാത്തവർ പോയി തെണ്ടട്ടെ."ആ സ്ത്രീ ഇടക്കുകയറി പറഞ്ഞു.

"കാര്യങ്ങൾ നടത്തുന്ന രീതി,മാർഗ്ഗം എന്താണ്?"ജോർജ്‌കുട്ടി ചോദിച്ചു.

"മനസ്സുണ്ടെങ്കിൽ മാർഗ്ഗവും ഉണ്ടാകും."

"അത് ഞങ്ങൾക്ക് അറിയാം.നിങ്ങൾ കൊട്ടേഷൻ എങ്ങനെയാണ് നടത്തുന്നത് എന്ന് പറയൂ."ജോർജ്‌കുട്ടി വീണ്ടും ചോദിച്ചു.

"വേണ്ടത് വേണ്ടപ്പോൾ തോന്നണം."സ്ത്രീ പറഞ്ഞു.

നിങ്ങൾ കളിക്കാതെ നിങ്ങളുടെ റേറ്റ് പറയൂ.ഞങ്ങൾക്ക് ഒരുത്തൻറെ നടുവ് അടിച്ചു ഒടിക്കണം.തൽക്കാലം അത്രയും മതി"

"എടുത്തുചാട്ടക്കാരൻറെ നടുവ് ഓടിച്ചെ വിടൂ  വിധി ".

"നിങ്ങളെന്താ പഴഞ്ചൊല്ല്  പറഞ്ഞു കളിക്കുകയാണോ?"എനിക്ക് ദേഷ്യം വന്നു.

"പഴഞ്ചൊല്ലിൽ പതിരില്ല."

സൂചി കൊണ്ടു എടുക്കേണ്ടത് തൂമ്പ കൊണ്ടു എടുക്കരുത്,ജോർജ്‌കുട്ടിയും വിട്ടുകൊടുക്കാനുള്ള ഭാവമില്ല..

" സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട."തൻ്റെ തലയിലെ മുടി തടവിക്കൊണ്ട് ആ സ്ത്രീ പറഞ്ഞു.

" തെളിച്ച വഴിയേ പോയില്ലെങ്കിൽ, പോകുന്ന വഴിയേ തെളിക്കുക."ജോർജ്‌കുട്ടി ചൂടായി.

"വായിൽ തോന്നിയത് കോതക്ക് പാട്ടു" എന്തെങ്കിലും പറയണമല്ലോ എന്നുവിചാരിച്ചു് ഞാൻ പറഞ്ഞു.

പെട്ടന്ന് ആ സ്ത്രീ പറഞ്ഞു,"വാക്കും പഴഞ്ചാക്കും  ഒരുപോലെ."

"വടി കൊടുത്തു അടി വാങ്ങരുത്."ജോർജ്‌കുട്ടി ഇടയ്ക്ക് എൻ്റെ രക്ഷക്ക് എത്തി.

"വാളെടുത്തവൻ വാളാൽ."

 "വല്ലഭനു പുല്ലും ആയുധം."ഞാൻ വിട്ടുകൊടുത്തില്ല.

."എന്നാൽ  ഉപ്പു തിന്നവൻ വെള്ളം കുടിക്കും."

ഇത് കേട്ട് നിന്നിരുന്ന ചുള്ളിക്കമ്പ് പറഞ്ഞു,"'അമ്മ,മതി,ഇത്രയും മതി,ഇനി അവർക്ക് താല്പര്യമുണ്ടെങ്കിൽ അവർ വാങ്ങും".

"എന്ത് വാങ്ങും എന്നാണ്  കുട്ടി പറയുന്നത്?"ഞാൻ ചോദിച്ചു.

"നിങ്ങളല്ലേ പറഞ്ഞത് നിങ്ങൾക്ക് Quotation വേണം എന്ന്.ദാ ഒരു ബോക്സിന് അൻപതുരൂപ.നിങ്ങൾക്ക് ആവശ്യമുള്ള quotations ഇതിൽ നിന്നും എടുത്ത് നാട്ടുകാർക്ക് അയച്ചു കൊടുക്കാം.ഇപ്പോൾ ചിലർ സോഷ്യൽ മീഡിയകളിൽ നാട്ടുകാരെ നന്നാക്കാൻ quotations തേടി നടക്കുകയാണ്.രാവിലെ good morning ,പിന്നെ ഉച്ചക്ക്,വൈകുന്നേരം എല്ലാം നാട്ടുകാരെ നന്നാക്കാനുള്ള quotations തികയുന്നില്ല."

ജോർജ്‌കുട്ടി  അമ്പതുരൂപ എടുത്തുകൊടുത്തു ഒരു പാക്കറ്റ് quotations വാങ്ങി.ഞാൻ സൂത്രത്തിൽ പുറത്തേക്കക്ക് കടക്കാൻ നോക്കുമ്പോൾ ജോർജ്‌കുട്ടി പറഞ്ഞു,ഈ ചേട്ടനും ഒരു quotation  കൊടുക്ക്"..

ചുള്ളിക്കമ്പ്  ഒരു പാക്കറ്റ് എടുത്ത് എൻ്റെ നേരെ നീട്ടി.ഞാൻ അത് വാങ്ങുന്നതിനിടയിൽ ചുള്ളിക്കമ്പ് ഒരു ചോദ്യം,"നിങ്ങൾ മറ്റേ പാർട്ടിക്കാരുടെ കൊട്ടേഷൻ ആണ് എന്ന് കരുതി അല്ലേ ?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക