Image

ബി.ബി.സി.: ദ മോദി റിവഞ്ച്? (ദല്‍ഹികത്ത്  : പി.വി.തോമസ് )

പി.വി.തോമസ് Published on 19 February, 2023
ബി.ബി.സി.: ദ മോദി റിവഞ്ച്? (ദല്‍ഹികത്ത്  : പി.വി.തോമസ് )

ബി.ബി.സി. എന്ന അന്താരാഷ്ട്ര മാധ്യമ സ്ഥാപനം 2002-ലെ ഗുജറാത്തു വംശഹത്യയെ സംബന്ധിച്ച് രണ്ടു ഭാഗങ്ങളായി നിര്‍മ്മിച്ച ഡോക്യുമെന്ററി വിവാദമായതിനെ തുടര്‍ന്ന് ഫെബ്രുവരി 14 മുതല്‍ മൂന്നു ദിവസത്തേക്ക് കേന്ദ്രസര്‍ക്കാരിന്റെ ആദായ നികുതി വിഭാഗം ബി.ബി.സിയുടെ ദല്‍ഹി മുബൈ ഓഫീസുകളില്‍ നടത്തിയ മിന്നല്‍ പരിശോധന(റെയ്ഡ്) അഥവ സര്‍ക്കാരിന്റെ ഭാഷയില്‍ 'സര്‍വ്വെ'  ആഗോള വ്യാപകമായ പ്രതികരണം ഉണ്ടാക്കിയിരിക്കുകയാണ്. കാരണം ഇത് മാധ്യമ സ്വാതന്ത്ര്യത്തിന്മേല്‍ നടത്തിയ നഗ്നമായ കടന്നാക്രമണം ആണ്. ഇത് ഒരു പ്രതികാര നടപടി ആയും കണക്കാക്കപ്പെടുന്നു. മാധ്യമ ലോകത്തെ ഒന്നടങ്കം ഭയത്തിന്റെ നിഴലില്‍ നിറുത്തുവാനുള്ള ഒരു ശ്രമമായും ഇതിനെ കാണുന്നു. ഭരണാധികാരിയുടെ ഭൂതകാല തെറ്റുകളെ എടുത്തു കാണിച്ച് കണക്കു ചോദിക്കുന്നതിനെ തടയുവാനുള്ള ഒരു ഉദ്യമവും ആയിരിക്കാം കേന്ദ്ര സര്‍ക്കാരിന്റെ 'സര്‍വ്വെ' എന്ന റെയ്ഡ്. ബി.ബി.സി.യുടെ കണക്കുകളിലുള്ള നിയമലംഘനങ്ങള്‍, പ്രത്യേകിച്ചും 'ട്രാന്‍സ്ഫര്‍ പ്രൈസിംങ്ങ്', ലാഭവിഹിതം അനധികൃതമായി കടത്തുന്നതും മറ്റും, പരിശോധിക്കുകയാണ് സര്‍വ്വെയുടെ ഉദ്ദേശം എന്നാണ് ഗവണ്‍മെന്റിന്റെ വിശദീകരണം. ഇന്‍ഡ്യയില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ ഏതു വിദേശകമ്പനി ആയാലും ശരി ഇവിടത്തെ നിയമങ്ങള്‍ പാലിക്കണമെന്നും വിശദീകരണം ഉണ്ട്. ഇതെല്ലാം ശരിതന്നെ. പരിശോധനയില്‍ എന്തു ലഭിച്ചു എന്നത് ഇനി വെളിപ്പെടുവാനിരിക്കുന്നതേയുള്ളൂ. അതെന്തുതന്നെ ആയാലും ഗവണ്‍മെന്റ് ഈ റെയ്ഡിനായി തെരഞ്ഞെടുത്ത സമയം  സംശയാസ്പദം ആണ്. ഗുജറാത്തു വംശഹത്യയെയും അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോദിയെയും തുറന്നു കാണിക്കുന്ന ബി.ബി.സി. ഡോക്യുമെന്ററിയെ വിദേശകാര്യ മന്ത്രാലയം ചിത്രീകരിച്ചത് ഇത് ഒരു വിദേശഗൂഢാലോചനയുടെ ഭാഗം ആണെന്നും ഇന്‍ഡ്യക്ക് എതിരെയുള്ള ആക്രമണം ആണെന്നും ആണ്. ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംങ്ങ് മന്ത്രാലയം ഉടന്‍ തന്നെ 2021-ലെ ഇന്‍കം ടാക്‌സ് ചട്ടങ്ങള്‍, 2000-ത്തിലെ ഐ.റ്റി. നിയമം 69-എ പ്രകാരവും ഡോക്യുമെന്ററിയുടെ പ്രദര്‍ശനം തടഞ്ഞിരുന്നു. അത് ഫലവത്തായില്ല എന്നതു മറ്റൊരു കാര്യം. ഇന്‍ഡ്യ ഏമ്പാടും കോളേജ്-യൂണിവാഴ്‌സിറ്റി കാമ്പസുകള്‍ ഈ ഡോക്യുമെന്ററി മൊബൈലിലും കമ്പ്യൂട്ടറിലും ആയി കാണുകയുണ്ടായി, ചിലയിടങ്ങളില്‍ വൈദ്യുതി വിച്ഛേദിച്ചിട്ടും. ഇതിന്റെ എല്ലാം പിറകെയാണ് റെയ്ഡ് എന്ന സര്‍വ്വെ. റെയ്ഡില്‍ മാധ്യമപ്രവര്‍ത്തകരെയും വിധേയരാക്കി. മാധ്യമ പ്രവര്‍ത്തകര്‍്ക്ക് കണക്കുമായി എന്ത് ബന്ധം? സാധാരണഗതിയില്‍ ഒന്നും ഇല്ല. പക്ഷേ, അവര്‍ക്കും ഈ പ്രഹസനത്തിന് നിന്നു കൊടുക്കേണ്ടതായി വന്നു. ബി.ജെ.പി. ബി.ബി.സി.യെ അഴിമതിയുടെ കോര്‍പ്പറേഷന്‍ എന്നു വിളിച്ച് അധിക്ഷേപിക്കുകയുണ്ടായി. മാധ്യമങ്ങളെ തേജോവധം ചെയ്യുക ആ സ്ഥാപനങ്ങളില്‍ റെയ്ഡുകള്‍ നടത്തുക എന്നത് ഈ സര്‍ക്കാരിന്റെ ഒരു സാധാരണ സ്വഭാവം ആണ്. ഇതിനു മുമ്പ് ന്യൂസ് ലോണ്ടറി(2021), എന്‍.ഡി.റ്റി.വി.(2017) ന്യൂസ് ക്ലിക്ക്, ദൈനീക് ഭാസ്‌ക്കര്‍(രണ്ടും 2021, 'ദവയര്‍', 'ദ ക്വിന്റ്' തുടങ്ങിയ മാധ്യമങ്ങളും മിന്നല്‍ പരിശോധനകള്‍ക്ക് വിധേയമായിട്ടുണ്ട്. ബി.ബി.സി.യും ഇവരെല്ലാം തമ്മിലുള്ള പൊതുബന്ധം ഇവര്‍ ഗവണ്‍മെന്റിന്റെ ഔദ്യോഗീക നയങ്ങളെ വിമര്‍ശിക്കുന്ന വിമതന്മാര്‍ ആണെന്നുള്ളതാണ്. ഇവരെയൊന്നും സര്‍ക്കാര്‍ വഹിക്കുകയില്ല. റെയ്ഡ് എന്ന മാരകായുധത്തിലൂടെ ശ്വാസം മുട്ടിക്കുകയാണ്. വരുതിക്ക് വരുത്തുവാന്‍ ശ്രമിക്കുകയാണ്. വലിയൊരു സംഘം മാധ്യമങ്ങളെ ചങ്ങാത്ത മുതലാളിമാരെക്കൊണ്ട് സ്വന്തമാക്കി അനുസരണയുള്ളവരാക്കിയിട്ടുണ്ട് ഗവണ്‍മെന്റ്, മാധ്യമവേട്ട ഇങ്ങനെ പലവിധം ആണ്. സാമൂഹ്യ പ്രതിബദ്ധതയുള്ള സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ചും മറ്റും ഈ വക സര്‍വ്വകള്‍ക്ക് വിധേയമായിട്ടുണ്ട്. അധികാരികളെ ചോദ്യം ചെയ്യുന്നത്, അവരെ തുറന്നുകാട്ടുന്നത്, രക്തപങ്കിലമായ അവരുടെ ഭൂതകാലത്തിലേക്ക് വെളിച്ചം വീഴുന്നത് എല്ലാം തെറ്റായി മാറിയിരിക്കുന്നു. അങ്ങനെയുള്ളവര്‍ ദേശവിരുദ്ധരായി മുദ്രകുത്തപ്പെടുന്നു. ഇന്‍ഡ്യ പടര്‍ന്നു പന്തലിക്കുന്ന ഒരു മതേതര, ഉദാര ജനാധിപത്യ രാജ്യമാണെന്നും ഭരണഘടനാനുസൃതമായ സ്വാതന്ത്ര്യവും ഇവിടെ സുരക്ഷിതമാണെന്നുള്ള വിശ്വാസം തകര്‍ന്നുകൊണ്ടിരിക്കുകയാണ്. ജി-20-ന്റെ നേതാവ് എന്ന നിലയില്‍ എന്തു സന്ദേശം ആണ് ഈ വക മാധ്യമ റെയ്ഡുകളിലൂടെ ഇന്‍ഡ്യ ലോകത്തിന് നല്‍കുന്നത്? വിദേശകാര്യ മന്തരാലയത്തിന് പരിപൂര്‍ണ്ണമായ അവകാശം ഉണ്ട് ബി.ബി.സി. ഡോക്യൂമെന്ററി വിമര്‍ശിക്കുവാന്‍. ഇത് ഒരു പ്രചരണതന്ത്രമാണെന്നും വികലമായ ഒരു വിചാരധാരയുടെ പ്രകടനം ആണെന്നും മന്ത്രാലയം പറയുമ്പോള്‍ അത് അവരുടെ ജോലിയുടെ ഭാഗം ആണ്. പക്ഷേ നിരോധനവും റെയ്്ഡും അസഹിഷ്ണുതയുടെ ഫലം ആണ്. ജനാധിപത്യത്തിന്റെ നാലം തൂണിനെ തകര്‍ക്കുന്നത് ഏകാധിപതികളുടെ ഭരണസ്വഭാവം ആണ്. ബി.ബി.സി.ക്ക് എതിരെ നടത്തിയ 'സര്‍വ്വെ' നടത്തിയത് ഐ.റ്റി. നിയമത്തിലെ 133- എ. പ്രകാരം ആണ്. എന്തുകൊണ്ട് ഇങ്ങനെയുള്ള റെയ്ഡുകള്‍, സര്‍വ്വെകള്‍ അദാനിപോലുളള ചങ്ങാത്ത മുതലാളിമാരില്‍ പ്രയോഗിക്കുന്നില്ല. ഓഹരി രംഗത്തെ വന്‍ തകര്‍ച്ചക്ക് അദാനി ആരെ കണക്കു ബോധിപ്പിക്കും? എന്തുകൊണ്ടാണ് ഗവണ്‍െന്റ് അദാനിക്കെതിരെയുള്ള സംയുക്ത പാര്‍ലിമെന്ററി കമ്മിറ്റി അന്വേഷണം തടഞ്ഞത്? എന്തുകൊണ്ടാണ് ഗവണ്‍െന്റ് ഭരണഘടനാനുസൃതമായ ജനാധിപത്യത്തെ തകിടം മറിക്കുവാന്‍ ശ്രമിക്കുന്നത്? ഇന്‍ഡ്യ ജനാധിപത്യത്തിന്റെ മാതാവ് ആണെന്നാണ് പ്രധാനമന്ത്രി മോദി പ്രകീര്‍ത്തിക്കുന്നത്. പക്ഷേ, ആരാണ്, എന്തിനാണ് എന്നിട്ടും ജനാധിപത്യ മൂല്യങ്ങളെ ചവിട്ടിമെതിക്കുന്നത്? തെറ്റായ പ്രതിപാദനങ്ങളെ, വ്യാഖ്യാനങ്ങളെ തിരുത്തേണ്ടതായിട്ടുണ്ട് എന്നാണ് ഇന്‍ഡ്യയുടെ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ ബി.ബി.സി. ഡോക്യുമെന്ററിയുടെ പശ്ചാത്തലത്തില്‍ പറയുന്നത്. ശരിയാണ്. പക്ഷേ, ആര്‍ക്കാണ് 2002-ലെ ഗുജറാത്ത് വംശഹത്യയില്‍ പ്രതിപാദനം തെറ്റിപ്പോയത്? മാധ്യമങ്ങള്‍ക്കോ ഔദ്യോഗികപക്ഷത്തിനോ? ബി.ബി.സി. ഒരു മാധ്യമധര്‍മ്മം മാത്രം ആണ് നിര്‍വ്വഹിച്ചത്. അതിനായി ബി.ബി.യെ കുരിശില്‍ തറക്കുവാന്‍ തത്രപ്പെടുന്നവര്‍ ചരിത്രത്തെ വളച്ചൊടിക്കുവാന്‍ ശ്രമിക്കുകയാണ്. 2002- ലെ ഗുജറാത്ത് വംശഹത്യ ഒരു സത്യം ആണ്, യാഥാര്‍ത്ഥ്യം ആണ്. അത് റിപ്പോര്‍ട്ടു ചെയ്യുക മാത്രമാണ് ബി.ബി.സി. ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ ചെയ്തിട്ടുള്ളത്. അതില്‍ ഒന്നു മാത്രമാണ് 'ഇന്‍ഡ്യ: ദ മോദി ക്വസ്റ്റിയന്‍.' അത് ബി.ബി.സി.: ദ മോദി റിവഞ്ച് ആയി മാറ്റരുത്. അതും നിയമത്തിന് മുകളില്‍ അല്ല എന്ന ഗവണ്‍മെന്റിന്റെ സമീപനം വളരെ ശരിയാണ്. ഇത് എല്ലാവര്‍ക്കും ബാധകം ആയിരിക്കണം. ഗുജറാത്തു വംശഹത്യയിലെ പ്രതികളെ ഏതെല്ലാം കോടതി ശിക്ഷിച്ച് ഗവണ്‍മെന്റ് അവരെ ശിക്ഷ ഇളവു ചെയ്തുവിട്ട് അയച്ചാലും ആ രക്തക്കറ, ആ പൈശാചികത്വം ചരിത്രത്തിന്റെ താളുകളില്‍ നിന്നും കഴുകി കളയുവാനാകില്ല. അതിന്റെ ആസൂത്രകരും നടത്തിപ്പുകാരും നിയമത്തിന്റെ മുമ്പില്‍ കുറ്റവാളികള്‍ അല്ലെന്ന് കോടതി വിധിച്ചാലും അവര്‍ കാലത്തിന്റെ മുമ്പില്‍ എന്നും 'മാസ് മര്‍ഡേഴ്‌സ്'  തന്നെ ആയിരിക്കും. ഇതൊക്കെ തന്നെയാണ് ബി.ബി.സി. ഡോക്യുമെന്ററിയും ഓര്‍മ്മപ്പെടുത്തുന്നത്. ഇതുപോലുള്ള സത്യങ്ങള്‍ പൊള്ളുന്നതാണ്. അതുകൊണ്ടാണ് ഈ വക നിരോധനവും, റെയ്ഡും എല്ലാം.

BBC: The Modi Revenge?
Join WhatsApp News
Mr Press 2023-02-22 23:31:56
Pinarayi government is doing the same thing. The Asianet news anchor, Vinu V John is being harassed by the Kerala police for his criticism of Ellamaram Karim's sarcastic remark of the autorickshaw driver's injury at the Bharath bandh. Where are the press people in Kerala and US? It seems that they are all pro left. Shame on them!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക