Image

ദുബായിലെ എന്റെ വികൃതികള്‍ (ചെറുകഥ: ചിഞ്ചു തോമസ് )

ചിഞ്ചു തോമസ് Published on 19 February, 2023
ദുബായിലെ എന്റെ വികൃതികള്‍ (ചെറുകഥ: ചിഞ്ചു തോമസ് )

ടാക്‌സി പറഞ്ഞ സമയത്തിനും പത്ത് മിനിറ്റ് മുന്‍പേ വന്നു. അതൊരു കാരണമാണമാക്കി  ഞാന്‍  ശെരിക്ക് തലതോര്‍ത്താതെ മുടി ചീകാതെ ഓടിക്കയറി  ടാക്‌സിയില്‍ ഇരുന്നു. സലൂണിലേക്കുള്ള പോക്കാണ്. ബിസിനസ്സ് ടാക്‌സിയായതുകൊണ്ട്  നല്ല വൃത്തി, മാന്യനായ ഡ്രൈവര്‍, കുടിവെള്ളം അങ്ങനെ തുടങ്ങി എല്ലാ സൗകര്യങ്ങളും ഉണ്ട്. ടാക്‌സിയില്‍ കയറുമ്പോഴേ ഡ്രൈവര്‍  ചിരിച്ചുകൊണ്ട്, ഹൗ ആര്‍ യൂ ? എന്ന് ചോദിക്കും. എനിക്ക് ഹൗ ആര്‍ യൂ ? ഐ ആം ഫൈന്‍ എന്ന ചോദ്യോത്തരത്തിനോട് പണ്ടേ പുച്ഛമായിരുന്നു. ഫൈന്‍ അല്ലെങ്കില്‍ ഐ ആം നോട്ട് ഫൈന്‍ എന്ന് പറഞ്ഞാല്‍ എന്താ എന്നൊക്കെയായിരുന്നു എന്റെ സംശയങ്ങള്‍. നമ്മള്‍ക്ക് നോട്ട് ഫൈന്‍, നോട്ട് വെല്‍ എന്നൊന്നും പറഞ്ഞു ശീലമില്ലല്ലോ! ഞാനും പ്രായം കൂടിയപ്പോള്‍ ഐ ആം ഫൈന്‍ എന്ന് പറയാന്‍ പഠിച്ചു. എന്നാലും ചിലപ്പോഴൊക്കെ കുട്ടിക്കളി കൂടുമ്പോള്‍ ഐ ആം നോട്ട് റിയലി കൂള്‍ എന്നൊക്കെ പറഞ്ഞിരുന്നു. 

സലൂണില്‍ ചെന്ന ഞാന്‍ അവര്‍ പറഞ്ഞിട്ട് ഒരു മൂലയില്‍ വെയിറ്റ് ചെയ്തു. ആ സമയം പാട്ട് പ്രാക്റ്റീസ് ചെയ്തുകൊണ്ടിരുന്നു. നാളെ വീട്ടില്‍ ഒരു വല്യ പാര്‍ട്ടിയുണ്ട്. മോന്റെ ബര്‍ത്‌ഡേയ് സെലിബ്രേഷന്‍. കുഞ്ഞിനെ ഓമനിക്കുന്ന പാട്ട് പാടണമെന്നു ഞാന്‍ തന്നെ  തീരുമാനിച്ച് ഞാന്‍ പ്രാക്ടീസ് ചെയ്യുന്നു. പ്രാക്ടീസ് ചെയ്യുമ്പോള്‍പ്പോലും കരച്ചിലാണ്. അതിന്റെ വരികള്‍ മനസ്സില്‍ തട്ടി പാടുമ്പോള്‍ അങ്ങനെയാണ്.  നാളെ പാട്ട് പാടുന്നതിന്റെ ഇടയില്‍  പബ്ലിക് ആയി നിന്ന് കരയാനുള്ള എല്ലാ വഴികളും ഞാന്‍ തന്നെ ഒപ്പിക്കുകയാണ്. പുറമേ പരുക്കന്‍ സ്വഭാവമാണ് എന്ന് തോന്നുമെങ്കിലും കുഞ്ഞുങ്ങളെപ്പോലെയുള്ള മനസാണ്! ആര് കാണാന്‍ ? കണ്ടിട്ട് എന്ത് കാര്യം ?

അങ്ങനെ ഒരു മൂലയില്‍ വെള്ളം ഇറ്റിറ്റു വീഴുന്ന തോര്‍ത്താത്ത മുടിയുമായി ഇരിക്കുന്ന ഞാന്‍. വല്യമമ്മി ഇത് കണ്ടെങ്കില്‍ വഴക്കുപറയും. മുടിയില്‍നിന്നു വെള്ളം ഇറ്റിറ്റു വീണുകൊണ്ടിരുന്നാല്‍ കണ്ണീര് തോരത്തില്ല എന്ന് പറയും. ആരും കാണല്ലേ എന്ന് വിചാരിച്ചിരുന്ന എന്നോട് അധികം എന്നോട് മിണ്ടിയിട്ടില്ലാത്ത സലൂണിലെ മുടിവെട്ടുകാരി അവള്‍ പോയ വഴിക്ക് എന്നോട് പറഞ്ഞിട്ട് പോയി 'മാഡം യു ആര്‍ വെരി പ്രീറ്റി'. അവള്‍ കളിയാക്കിയതാണോ എന്നറിയാത്ത ഞാന്‍ വളിച്ച ചിരി പകര്‍ന്നു. വേഗം മൊബൈല്‍ ക്യാമറ എടുത്ത് എന്നെ നോക്കി. വീട്ടില്‍ നില്‍ക്കുന്ന പോലെ. ഒരുപക്ഷേ ദുബായില്‍ ഇത്രെയും മെനകെട്ട് നടക്കുന്നത് ഞാന്‍ മാത്രമായിരിക്കും! 

ഫിലിപ്പിനോ പെണ്ണുങ്ങളാണ് സലൂണില്‍ കൂടുതല്‍. നല്ല പെരുമാറ്റവും മിടുക്കികളുമാണ്. തണുത്ത് വിറച്ചിരിക്കുന്ന എന്നെ അവര്‍ ഉള്ളിലേക്ക് വിളിച്ചു. ഞാന്‍ പോയി. 

കുടിക്കാന്‍ എന്ത് വേണം? ഒരുവള്‍ ചോദിച്ചു. അവള്‍ക്ക് എന്നെ വല്യ ഇഷ്ട്ടമാണ്. വാരി കോരി ടിപ്പ് കൊടുക്കുന്നത് ഒരുപക്ഷേ ഞാന്‍ മാത്രമായിരിക്കും.

കോഫി, ഞാന്‍ പറഞ്ഞു. 

നോ മില്‍ക്ക് ? അവള്‍ ചോദ്യമട്ടില്‍. 

വിത്ത് മില്‍ക്ക് , ഞാന്‍ തറപ്പിച്ചു പറഞ്ഞു. 

അടുത്തവള്‍ അതിനൊരു ഷോര്‍ട്ട് ഫോം പറഞ്ഞു ത്രീ ഇന്‍ വണ്‍ എന്ന് !

 അത് എന്തുവാ? , ഞാന്‍ ചോദിച്ചു. 

ഷുഗര്‍ , മില്‍ക്ക് ആന്‍ഡ് കോഫി പൗഡര്‍ ആണ് ത്രീ ഇന്‍ വണ്‍, അവള്‍ മറുപടി പറഞ്ഞു. 

അല്ല ടു ഇന്‍ വണ്‍ മതി എന്ന് ഞാനും. 

അതെന്തുവാ എന്ന് അവള്‍ ചോദിച്ചു. 

നോ ഷുഗര്‍, അപ്പോള്‍ ടു ഇന്‍ വണ്‍ ആയില്ലേ? , ഞാന്‍ തിരിച്ചു  ചോദിച്ചു.

അങ്ങനെ ഒരു ഷോര്‍ട്ട് ഫോം ഉണ്ടോ ? കേട്ടിട്ടില്ല ? അവള്‍ പറഞ്ഞു.

ആ ! ഞാന്‍ ത്രീ ഇന്‍ വണ്‍ തന്നെ ആദ്യമായി കേള്‍ക്കുവാ!

എന്റെ ആ  തമാശ ഫിലിപ്പിനോ പെണ്ണുങ്ങള്‍ക്ക് ഇഷ്ട്ടമായി. സാധാരണ എനിക്ക് കാപ്പി ഉണ്ടാക്കി ഞാന്‍ വരുമ്പോഴേ എനിക്ക് തന്നുകൊണ്ടിരുന്നത് ഒരു ഇന്ത്യന്‍ പെണ്ണായിരുന്നു. 

എന്നോട് ഫിലിപ്പിനോ പെണ്ണുങ്ങള്‍ ചോദിച്ചു, പെഡിക്യൂര്‍ മാനിക്യൂര്‍ ഹെയര്‍ കട്ട് ഇതൊക്കെ എല്ലേ ബുക്ക് ചെയ്ത സര്‍വീസുകള്‍  ? 
ഇതൊക്കെതന്നെയാണ് ബുക്ക് ചെയ്തത് പക്ഷേ കഴിഞ്ഞ ആഴച്ചയാ പെഡിക്യൂര്‍ മാനിക്യൂര്‍ ചെയ്തത് അതുകൊണ്ട് എനിക്ക് നഖത്തില്‍ പുതിയ കളര്‍ മാത്രം അടിച്ചാല്‍ മതി പിന്നെ ഹെയര്‍ സെറ്റ് ചെയ്ത് തന്നാല്‍ മതി. മുടി നല്ല ഭംഗിക്ക് സെറ്റ് ചെയ്തിടാനോ നഖത്തില്‍ ചുറ്റിനും പറ്റിക്കാതെ കളര്‍ അടിക്കാനോ എനിക്ക് അറിയില്ല. അതുകൊണ്ട് ആ സലൂണ്‍കാര്‍ക്ക് എന്നെ കൊണ്ട് ചാകരയാണ്. നഖം വെട്ടാന്‍ വരെ ഞാന്‍ സലൂണിലാണ് പോകുന്നത്. ഞാന്‍തന്നെ കളര്‍ ചെയ്താലോ നഖം വെട്ടിയാലോ ഹെയര്‍ സെറ്റ് ചെയ്യാന്‍ നോക്കിയാലോ കോഴി ചികയുന്നതുപോലെയായിരിക്കും. അതുകൊണ്ട് ആ പണി സലൂണ്‍കാര്‍ക്ക് ഞാന്‍ തീറെഴുതിയിരുന്നു.

അവര്‍ എന്നെ മെനയാക്കി. സന്തോഷത്തോടെ ഞാന്‍ വീട്ടില്‍ തിരിച്ചുപോകാന്‍ ബുക്ക് ചെയ്ത ടാക്‌സിയിലേക്ക് കയറി.  

ഹൗ ആര്‍ യൂ മാഡം ? ഡ്രൈവറുടെ പതിവ് ചോദ്യം.

എനിക്ക് കുറുമ്പ് തോന്നി. ഐ ആം ഫൈന്‍ എന്ന് കേള്‍ക്കാന്‍ ഇരിക്കുന്ന ആളോട്  ഐ ആം നോട്ട് ഓക്കേ എന്ന് ഞാന്‍ പറഞ്ഞു.

അയാള്‍ ഒരു പാകിസ്ഥാനിയായിരുന്നു. 

വാട്ട് ഹാപ്പെന്‍ഡ് മാഡം?

ഞാന്‍ അതിനൊന്നും പറയാതെ പുറത്തേക്ക് നോക്കിയിരുന്നു. 

എന്ത് വല്യ ഹോട്ടല്‍ ആണ് ! എപ്പോഴും ഇവിടെ വരാറുണ്ടോ?

അയാള്‍ മാഡം വിളി നിര്‍ത്തിയിരുന്നു. 

ഇടക്കൊക്കെ വരാറുണ്ട്. 

ഐ ആം നോട്ട് ഓക്കേ എന്ന് പറഞ്ഞതുകൊണ്ടാകണം അയാള്‍ക്ക് കരുതല്‍ ഉണ്ടായിരുന്നു. അയാള്‍ എന്റെ പ്രശ്‌നം അറിയാന്‍ ശ്രമിക്കുകയാണ് എന്ന് എനിക്ക് മനസ്സിലായി. കൂടാതെ ആ ഹോട്ടലും അവിടെനിന്ന് ഇറങ്ങി വന്ന ഞാന്‍ നോട്ട് ഓക്കേ എന്ന് പറഞ്ഞതും കാരണം അയാള്‍ എന്തൊക്കെയോവിചാരിച്ചുകൂട്ടിയിരുന്നു. ഹോട്ടലില്‍ സലൂണും ഓഫീസുമൊക്കെയുണ്ട് എന്ന് അയാള്‍ക്ക് അറിവുണ്ടായിരുന്നില്ല എന്ന് എനിക്കും മനസ്സിലായി.

നാട്ടില്‍ തിരിച്ചുപൊക്കുടേ? അയാള്‍ ചോദിച്ചു.

ആ പോകണം.

ഇവിടെ ആള്‍ക്കാര്‍ ഉപദ്രവിക്കുമോ ?

ഞാന്‍ ഒന്നും പറഞ്ഞില്ല.

ഇപ്പോള്‍ എന്തിനാ വില്ലയില്‍ പോകുന്നത് ?

അവിടെ പോകേണ്ട ആവശ്യമുണ്ട്.

അയാള്‍ റോഡില്‍ ബ്ലോക്ക് ആയപ്പോള്‍ മിററിലൂടെ എന്നെ നോക്കി. കേരളത്തില്‍ നിന്നാണോ ?

അതേ. എങ്ങനെ മനസ്സിലായി?

കണ്ണ് കണ്ടപ്പോള്‍. 

എന്റെ റൂംമേറ്റ്‌സും കേരളത്തില്‍ നിന്നാണ്, അയാള്‍ പറഞ്ഞു.

ഈ വഴിയില്‍ ഈ സമയം ബ്ലോക്ക് ആണ്. അല്ലാരുന്നേല്‍ എപ്പോഴേ നിങ്ങള്‍ക്ക് പോകേണ്ടുന്ന വില്ല എത്തിയേനേ എന്നോ!

ആണോ?

അതെ.

ഈ വഴി ആദ്യമായി ആണോ?

ആണ്.

ഇവിടെ വില്ലയിലൊക്കെ ഇങ്ങനെ പോകാറുണ്ടോ ?

ഞാന്‍ ഒന്നും പറഞ്ഞില്ല. പിന്നെ അയാള്‍ കൂടുതലൊന്നും എന്നോട് ചോദിച്ചില്ല. എങ്കിലും സ്‌നേഹത്തിന്റെ കരുതലിന്റെ സ്പന്ദനം അയാളുടെ ചുറ്റിനുമുണ്ട് എന്ന് ഞാന്‍ അറിഞ്ഞു.

ഒടുവില്‍ വില്ല എത്തി. ഞാന്‍ ഇറങ്ങി. 

എങ്ങനെയെങ്കിലും നാട്ടില്‍ പോകൂ. അയാള്‍ സ്‌നേഹം നിറച്ച് എന്നോട് പറഞ്ഞു. ഞാന്‍ തലയാട്ടി. 
അയാള്‍ ഞാന്‍ ഒരു പ്രോസ്ടിട്യൂറ്റ് ആണെന്ന് വിചാരിച്ചിരുന്നു. 

ആ വില്ല എന്റെയാണെന്നും ഞാന്‍ ഒരു സലൂണില്‍ പോയതാണെന്നും ഐ ആം നോട്ട് ഓക്കേ എന്ന് ഒരു കുസൃതിക്ക് പറഞ്ഞതാണെന്നും എനിക്ക് പറയാന്‍ തോന്നിയില്ല. ജീവിതത്തില്‍ ഒരുപക്ഷേ ഒരിക്കല്‍ മാത്രം കണ്ടുമുട്ടുന്ന ആള്‍! അയാളുടെ കരുതല്‍ ഞാന്‍ അതേപോലെ സ്വീകരിച്ചു. യാത്രപറഞ്ഞു. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക