Image

പിറക്കാതെ പോയ പെണ്‍കുട്ടി(കവിത)—രാജശ്രീ പിന്റോ

രാജശ്രീ പിന്റോ Published on 02 August, 2012
പിറക്കാതെ പോയ പെണ്‍കുട്ടി(കവിത)—രാജശ്രീ പിന്റോ
മകളെ….
അരികെ ഈ അമ്മതന്‍ ഹൃദയം
പിളര്‍ന്നൊഴുകുമീ കണ്ണീരിന്‍ വേദന
പിരിയുമായിരുന്നില്ല നമ്മള്‍
ഒരു നിമിഷമെന്‍ നെടുവീര്‍പ്പിന്‍
നിസ്വനം നീ കേട്ടിരുന്നെങ്കില്‍.

ഒരു ബീജ സങ്കലനത്തില്‍
പാതി വഴിയിലെവിടെയോ
മടങ്ങിയപ്പോള്‍; അ
റിഞ്ഞതില്ല
നിനയ്ക്കായി ഒരുക്കിയ ഗര്‍ഭപാത്രത്തില്‍
സ്്‌നേഹം വഴിയും കുളിരും സുരക്ഷയും.

വിണ്ണിലെ താരാഗണങ്ങള്‍ക്കിടയില്‍
എവിടെയോ കണ്‍ചിമ്മി തുറക്കുമ്പോള്‍
നീയറിക:-
മണ്ണില്‍ അമ്മതന്‍ ഇരുളടഞ്ഞ
മനസ്സില്‍ നീ, തീരാദുഃഖത്തില്‍
തിരിനാളമായെന്ന്….

ഉണ്മയാം ലോകത്തന്നു നീ
അമ്മയെ തേടി അലഞ്ഞിരുന്നോ?
നിനക്കൊപ്പം കളിക്കുവാന്‍, ചിരിക്കുവാന്‍
കഥപറഞ്ഞുറങ്ങുവാന്‍ അവിടെയാരുണ്ട്
ഓമലേ..?

വെണ്‍മയോലും നിന്‍ പൂവുടല്‍
യൗവനം തലോടി തളിര്‍ത്തിരിക്കാം
എന്റെ മാറിലെ ദുഗ്ധം നുകര്‍ന്നുറങ്ങും
കൈക്കുഞ്ഞായി നീയെനിക്കിന്നും.

താരാട്ടുപാടി ഉറക്കി ഞാന്‍ ഉണരുമ്പോള്‍
കിനാക്കളായി നീ മറഞ്ഞിടുന്നു.
അറിയുന്നു ഞാന്‍, നിനയ്ക്കായ്
നെയ്തത്രയും പാഴ്കിനാക്കളെന്ന്
എന്നില്‍ പെയ്തിറങ്ങിയതെല്ലാം
ദുഃഖത്തില്‍ പെരുമഴയെന്ന്
തിരികെയെത്താത്ത നിന്‍ പാതയില്‍
വഴികണ്ണുമായി ഞാന്‍ ജന്മാന്തരങ്ങള്‍
കാത്തിരിയ്ക്കാം…

എന്റെ അശ്രുകണങ്ങളില്‍ നീ
പുനര്‍ജനിക്കുമെങ്കില്‍
ജനകമനസ്സില്‍ പ്രതിസ്ഫുരണങ്ങളില്‍
'ജാനകി' യെന്ന പോലെ
'മാനസപുത്രിയായി' എന്റെ മാറില്‍
വാത്സല്യത്തിലേക്ക് വാരിപുണരുമായിരുന്നു.
പിറക്കാതെ പോയ പെണ്‍കുട്ടി(കവിത)—രാജശ്രീ പിന്റോ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക