Image

ജോര്‍ജിയന്‍ അനുഭവം (ചിഞ്ചു തോമസ്)

Published on 22 February, 2023
ജോര്‍ജിയന്‍ അനുഭവം (ചിഞ്ചു തോമസ്)

യൂറോപ്യൻ ഏഷ്യൻ ഭൂഖണ്ഡങ്ങളുടെ ജംഗ്ഷനിലാണ് ജോർജിയ എന്ന കൊച്ചു രാജ്യം. ജോർജിയ ഒരു പാവപ്പെട്ട രാജ്യമാണ്. തണുപ്പുകാലത്ത് ചൂട് തെരുന്ന നല്ല കമ്പിളി വസ്ത്രങ്ങൾ ഇല്ലാത്തതിനാൽ കൈയിലുള്ള പഴകിയതും കീറിപ്പറിഞ്ഞതുമായ കുറേ വസ്ത്രങ്ങൾ ഒന്നൊന്നിന് മുകളിലായിട്ട്  ശരീരത്തിന്റെ അളവിലും പതിന്മടങ് വലുപ്പത്തിൽ ബൊമ്മ മാതിരി നടന്ന് പ്രധാനപ്പെട്ട ജോർജിയൻ സ്വീറ്റ് ആയ ചർ ച്ച് ഖേലയും മുന്തിരിങ്ങയും വിൽക്കുന്ന കുറേ ജോർജിയൻ സ്ത്രീകളെ വഴിയിൽ കാണാം. റോഡിന്റെ വക്കിലിരുന്നു ജോർജിയൻ ഭാഷയിൽ പരസ്പരം വിശേഷങ്ങളും കുറ്റങ്ങളുമൊക്കെ പറയുന്ന പെണ്ണുങ്ങൾ ടൂറിസ്റ്റുകളെ കണ്ടാൽ സംസാരം നിർത്തി അവരുടെ കൈയിലുള്ള സാധനങ്ങൾ വാങ്ങാൻ അപേക്ഷിക്കും. സ്ത്രീകൾ ചുവന്നു തുടുത്ത സുന്ദരികളാണ്. ജന്മനാ കിട്ടിയവ. അവരുടെ സൗന്ദര്യം മറയ്ക്കുന്നതുപോലെയുള്ള അഴുക്ക് ദേഹത്ത് പറ്റിപ്പിടിച്ചിരിക്കുന്നുണ്ട്.  ദാരിദ്ര്യമാണ് അവരുടെ ശരീരത്തിലും വസ്ത്രങ്ങളിലും മായാതെ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കിന്റെ കാരണം. അവരുടെയൊക്കെ കണ്ണുകളിൽ ശാന്തത,സമാധാനം. മുഖത്തെപ്പോഴും ചിരിക്കാനറിയാവുന്ന കവിളുകൾ കണ്ണുകൾ ചുണ്ടുകൾ. അന്നന്നത്തെ ഭക്ഷണത്തിനുള്ള വക തേടുന്നവരാണ് അവരൊക്കെ. പണം കൂട്ടി ബാങ്കിൽ നിക്ഷേപിക്കുന്ന മോഹമൊന്നും അവരുടെ ചിന്താ മണ്ഡലത്തിന്റെ വക്കിൽ കൂടെപ്പോലും പോയിട്ടില്ല. അവരുടെ സന്തോഷത്തിന്റെ രഹസ്യവും അതുതന്നെയാകും-  കുറേ അറിവില്ലായ്മകൾ! ഒന്നും അധികം ചിന്തിക്കാനില്ലാത്തവർ. മോഹമില്ലാത്തവർ. ഇന്നുള്ളത് കഴിക്കണം. ഇന്ന് ജീവിക്കണം. നാളെത്തെക്കാര്യം നാളെ. ആദിമ മനുഷ്യരെപ്പോലെ. ഏറ്റവും വിലകുറഞ്ഞു കിട്ടുന്ന നീളൻ ബ്രഡ് കൊണ്ട് അവരുടെ വയർ നിറയ്ക്കാനാകും. ബാക്കി വരുന്ന അവരുടെ കൈയിലുള്ള മുന്തിരിങ്ങകൾ, അവകൊണ്ട്  മുൻപേ ഉണ്ടാക്കി വെച്ചിരിക്കുന്ന മുന്തിരിച്ചാറുകൾ , ആത്മാവിന്  ആനന്ദം പകരാൻ മതിയായവ. അത്രയൊക്കെയേയുള്ളു അവരുടെ ആവശ്യങ്ങൾ. അത്ര ചെറിയ ജീവിതങ്ങൾ ജോർജിയൻ വഴിയരികിൽ കാണാം.

റ്റിബിലിസിയിൽനിന്ന് ലൊപ്പോട്ടയിലേക്കുള്ള രണ്ട് മണിക്കൂർ നീണ്ട കാർ യാത്രയ്ക്ക് ഞങ്ങൾ കണ്ടെത്തിയ ഡ്രൈവർ ആയിരുന്നു മാമുക്ക. റ്റിബിലിസിയിലെ ഒരു സ്ട്രീറ്റ് കാണിച്ചുതന്നിട്ട് പുള്ളി പറഞ്ഞുതന്നു ജോർജ് ഡബ്ളിയു ബുഷ് എന്നാണ് ആ സ്ട്രീറ്റിന്റെ പേര്. ബുഷ് വന്നപ്പോൾ ആൾക്കൂട്ടത്തിൽനിന്നും ഒരാൾ ഗ്രനേഡ് എറിഞ്ഞു. പക്ഷേ അത് പൊട്ടിയില്ല. നല്ല മനുഷ്യനാണ് ബുഷ്. പക്ഷേ അമേരിക്കയുമായി അടുക്കാൻ റഷ്യക്കാർ സമ്മതിക്കുന്നില്ല! ഈ കാര്യങ്ങളൊക്കെ പറഞ്ഞുതന്നത് ജോർജിയൻ ഭാഷയും മുറി ഇംഗ്ലീഷും ബാക്ക്ഗ്രൗണ്ട് മ്യൂസിക് ആക്കിയിട്ട് ആംഗ്യ ഭാഷയിലായിരുന്നു. ഞങ്ങൾ തിരിച്ചു പല സംശയങ്ങൾ ചോദിച്ചതും ആംഗ്യ ഭാഷയിലായിരുന്നു. എന്റെ ഭർത്താവിന് ആംഗ്യ ഭാഷയിൽ ചോദിക്കാൻ മടിയായിട്ട് പുള്ളി ഇൻറർനെറ്റിൽ അതിന്റെ ചരിത്രം പരതി. എനിക്ക് അയാൾ പറയുന്ന ആംഗ്യ ഭാഷയിൽ മനസ്സിലാക്കിയാൽ മതിയായിരുന്നു. ഞാനും അയാളും പല ചോദ്യോത്തരങ്ങളും ആംഗ്യ ഭാഷയിൽ പരസ്പരം പറഞ്ഞു. എങ്കിലും ശെരിക്കും കാര്യങ്ങൾ മനസ്സിലാക്കാൻ ഇൻറർനെറ്റിൽ കാര്യങ്ങൾ പരതിയ ആളുടെ സഹായം വേണ്ടി വന്നു.

മാമുക്ക  കുന്നിൻ ചരുവുകൾ കാണുന്നിടത്തൊക്കെ കാർ നിർത്തിത്തന്നു. പച്ചപ്പ് മൂടിയ കുന്നുകളിൽ പച്ച പുല്ല് ചെറുകെ മപ്പുകൊണ്ട് വലിച്ചെടുത്ത് ചവച്ചരച്ച് കഴിക്കുന്ന പശുക്കളെ കാണാം. (നമ്മുടെ നാടുകളിൽ പണ്ടൊക്കെ സമ്പന്നതയുടെ പ്രതീകമായിരുന്നു പശുക്കൾ. വീടുകളിൽ പശുക്കളുണ്ടെങ്കിൽ പാലും തൈരും നൈയ്യും വയർ നിറയെ കഴിക്കുന്ന ആളുകൾ എന്ന മതിപ്പ്. ) കുന്നുകൾക്ക് എടുപ്പുതോന്നാൻ ഏകാകിയായ  മരങ്ങൾ. ആ മരങ്ങൾ അനുഭവിക്കുന്ന വിരഹവേദന കണ്ടില്ല എന്ന് നടിച്ചു. കുട്ടിക്കാനത്ത് സ്ഥിരമായി മലകയറിയിരുന്ന എനിക്ക് അതൊന്നുമൊരു പുത്തരിയായിരുന്നില്ല. അവിടുത്തേപ്പോലെയുള്ള വളഞ്ഞു പുളഞ്ഞ ഒഴുക്കമുള്ള  റോഡുകൾ. ഭൂമിയുടെ പലഭാഗങ്ങൾക്കും സാമ്യതയുണ്ട്. ഒരേപോലെ തോന്നിക്കുന്ന പല സ്ഥലങ്ങൾ പല വഴികൾ. 

എന്നെ അത്ഭുതപ്പെടുത്തിയത് അവിടെയുള്ള വണ്ടികളാണ്. ചില വണ്ടികൾക്ക് സ്റ്റീയറിങ് വലത്ത് ചിലതിന് ഇടത്ത്! അപ്പോൾ റോഡ് നിയമങ്ങൾ ? 
ഏതാണ് നിയമപരമായി ശെരി ? വലത്ത് സ്റ്റീയറിങ് ഉള്ളതോ അതോ ഇടത്ത് സ്റ്റീയറിങ് ഉള്ളതോ ? , ഞാൻ ചോദിച്ചു.

രണ്ടും ഓടിക്കാം. അങ്ങനെ പ്രത്യേക നിയമങ്ങൾ ഒന്നുമില്ല, മാമുക്ക പറഞ്ഞു.

അപ്പോഴാണ് മാമുക്കയുടെ വണ്ടി ഓടീര് ഞാൻ ശ്രദ്ധിച്ചത്. ഇൻഡിക്കേറ്റർ ഇടില്ല. ഹോണടി ഇല്ല. ഒന്നിനും പ്രത്യേക നിയമമില്ല എന്ന് അപ്പോൾ മനസ്സിലായി. എല്ലാം ഒരു ശരണം വിളിയിലാണ്. ദൈവമേ കാത്തോളണേ.. ഞാൻ ദൈവത്തിൽ ശരണം അർപ്പിച്ചു.  മാമുക്കക്ക്  വെള്ളംകുടി കുറവാണ്. വെള്ളത്തിന് പകരം വൈൻ. അത് തെരുന്ന സന്തോഷം. ആ സന്തോഷത്തിൽ ഇടത്തോട്ടും വലത്തോട്ടും തിരിയുന്ന ലെക്കു കെട്ട സ്റ്റിയറിംഗ്! 
 
റ്റിബിലിസിയിൽ പരിശുദ്ധനായ അന്ദ്രയോസ് പുണ്യാളന്റെ പേരിലുള്ള ബ്ലൂ മോണാസ്റ്ററി എന്ന് അറിയപ്പെട്ടിരുന്ന ഓർത്തഡോക്സ് പള്ളിയിൽ ഞങ്ങൾ പോയി. പള്ളിയുടെ മുന്നിൽ കുറേ സ്ത്രീകൾ മുന്തിരിങ്ങ വിൽക്കാൻ നിന്നിരുന്നു. എന്റെ മകന് അന്ന് ഒരു വയസ് ആയിട്ടില്ല. നടക്കാൻ പഠിച്ചതിലുള്ള സന്തോഷം കാരണം തുള്ളി തുളുമ്പി അവൻ അവിടെയെല്ലാം ഓടി നടന്നു. അവിടെ നിന്നിരുന്നു ഒരു സ്ത്രീയുടെ അടുത്തു ചെന്ന് അവരുടെ മുന്തിരിങ്ങ കുട്ട നോക്കി അവൻ കലപില ചിലച്ചു. അവർ ഏറ്റം സന്തോഷത്തോടെ ഒരു ചെറിയ കുല മുന്തിരി അവന് കൊടുത്തു. ഞാൻ വേണ്ട വേണ്ട എന്ന് പറഞ്ഞു. അവർ ആംഗ്യ ഭാഷയിൽ സാരമില്ല എന്നും പറഞ്ഞു. ഞാൻ പൈസ എത്രെയാണ് ആ മുന്തിരിക്ക്  എന്ന് ചോദിച്ചു. അവർ അത് ചിരിച്ചു കളഞ്ഞു. എന്റെ മോൻ തുളുമ്പി നടന്ന് നടന്ന് കൈയിലിരുന്ന മുന്തിരിക്കുല ദൂരെ വലിച്ചെറിഞ്ഞു. അത് കണ്ടതും ആ സ്ത്രീ ഓടിച്ചെന്ന് അഴുക്കിൽ വീണ മുന്തിരി ആർത്തിയോടെ എടുത്ത് അവരുടെ തുണിയിൽ തുടച്ചു. അവർ പിന്നെയും എന്റെ മകന്റെ നേരെ അത് നീട്ടി. ഞാൻ ഓടിപ്പോയി അവരുടെ കൈയിൽനിന്ന് ആ മുന്തിരി വാങ്ങി. അവർ അനുഭവിച്ച ദാരിദ്ര്യം  ഞാൻ അറിഞ്ഞു. അവർക്ക് ഭക്ഷണത്തിനോട് അങ്ങനെയുണ്ടായ ബഹുമാനത്തെ ഞാൻ ആദരിച്ചു. താഴെ വീണാൽ അഴുക്കായി ആ  ഭക്ഷണം. അത് പിന്നെ കഴിച്ചാൽ അസുഖം വരും എന്ന് പറഞ്ഞു പഠിപ്പിക്കുന്ന നമ്മൾ, അത് അറിയാത്ത ആ സ്ത്രീ. ചെളിയിൽ വീണ മുന്തിരി ഭക്തിയോടെ എടുത്ത് തുടച്ച് പിന്നെയും വാത്സല്യം തുളുമ്പുന്ന കൈകളിൽ നിന്നും  കൊടുക്കുന്ന ആ സ്ത്രീ. ആരാണ് കേമർ?

 എന്റെ പേഴ്സിൽ അപ്പോൾ ഉണ്ടായിരുന്നത് പെറുക്കി എടുത്ത് അവരുടെ കൈകളിൽ ഞാനും വെച്ചു കൊടുത്തു. അവർ അത് വാങ്ങാതെ മോന് വെറുതേ കൊടുത്തതാണ് എന്ന് ആംഗ്യ ഭാഷ കാട്ടി. മോൻ തുളുമ്പി പലയിടത്തോട്ട് ഓടിക്കൊണ്ടിരുന്നു. ഞാൻ പെട്ടെന്നുതന്നെ അവരോട് ഇത് എന്റെ സന്തോഷത്തിന് എന്ന് പറഞ്ഞ് ഇനി ഒരിക്കലും അവർക്ക് കൊടുക്കാൻ കഴിയില്ല എന്ന് അറിഞ്ഞുകൊണ്ട് അവസാന ചിരി പകർന്ന് ഞാൻ അവിടെനിന്നും മോന്റെ പുറകേ ഓടി. 

റ്റിബിലിസിയിലെ  ഞങ്ങളുടെ അവസാന രാത്രിയിൽ മഴ പെയ്യുന്നുണ്ടായിരുന്നു. അങ്ങനെ ജോർജിയയിലെ മഴയും കണ്ടു. മോൻ മഴയത്ത് ഓടിക്കളിച്ചു. അവന്റെ പുറകേ ഓടി എന്റെ ഭർത്താവും. അപ്പോൾ അവിടെ മാമുക്ക വന്നു. മോന് ഒരു കളിപ്പാട്ടവുമായിട്ടായിരുന്നു മാമുക്കയുടെ വരവ്. ഒരു കാർ. ആ കാർ കാണുമ്പോൾ മാമുക്കയും റ്റിബിലിസിയും അവിടുത്തെ മനുഷ്യരും ഓർമ്മയിൽ വരും. ലോകത്തെ പല സ്ഥലങ്ങളും വഴികയും സാമ്യമുണ്ട് എന്ന് പറഞ്ഞതുപോലെ അന്ന് അവിടെ പെയ്ത മഴയും എല്ലായിടത്തേയും മഴപോലെ. മഴ വന്നണയുമ്പോഴുള്ള കുളിർമ്മ എല്ലായിടത്തും ഒന്നുതന്നെ. 

#The Georgian experience-ARTICLE CHINCHU THOMAS

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക