Image

മൃദുല പറയാത്തത് - എലിസബത്ത് ജോർജ് കോടിയിൽ (വായന: ഡോ. കുഞ്ഞമ്മ ജോർജ്ജ് )

Published on 22 February, 2023
മൃദുല പറയാത്തത് - എലിസബത്ത് ജോർജ് കോടിയിൽ (വായന: ഡോ. കുഞ്ഞമ്മ ജോർജ്ജ് )

" ജീവിച്ചതല്ല ജീവിതം, പറഞ്ഞു കേൾപ്പിക്കുവാൻ വേണ്ടി നാം എന്ത് ഓർമ്മയിൽ വയ്ക്കുന്നു എന്നതാണ് ജീവിതം"( ഗബ്രിയേൽ ഗാർസിയ മാർക്കേസ് )
 കഥ പറയണമെങ്കിൽ അടുക്കും ചിട്ടയും ഉള്ള ഓർമ്മകൾ വേണം. എലിസബത്ത് ജോർജ് കോടിയിലിന്റെ 'മൃദുല പറയാത്തത് '
എന്ന ചെറുകഥാ സമാഹാരത്തിലെ എല്ലാ കഥകളും ഈ നിയമം പാലിക്കുന്നു.
 ഫെയ്സ്ബുക്കിൽ മാഡം എഴുതിയിരുന്നതെല്ലാം ശ്രദ്ധയോടെ വായിച്ചിട്ടുണ്ട്. ഉള്ളിൽ ഒരു കഥാകാരി ഉള്ളതുപോലെ അപ്പോഴെല്ലാം തോന്നിയിരുന്നു. അത് ശരിയായിരിക്കുന്നു, എന്ന് ഈ കഥാസമാഹാരം തെളിവായി എന്റെ മുമ്പിൽ. ഇപ്പോൾ ഞാൻ മാഡം എന്ന വിളി മാറ്റി ചേച്ചി എന്ന് വിളിക്കുന്നു. കുഞ്ഞമ്മ ഡോക്ടർക്ക് കെട്ടിപ്പിടിച്ചൊ രുമ്മ, എന്ന് എണ്ണമില്ലാതെ ഹഗ് ചെയ്ത ചേച്ചിയാണ് എലിസബത്ത് ജോർജ് കോടിയിൽ. അതേ ചൂടോടെ രണ്ടുവരി ചേച്ചിയുടെ എഴുത്തിനെ കുറിച്ചും പുസ്തകത്തെക്കുറിച്ചും കുറി ക്കുകയാണ് ഞാനിവിടെ. ഒരിക്കൽ സന്ദർഭവശാൽ ഇങ്ങനെയൊരു കഥാസമാഹാരം ഉണ്ടാകുന്നു എന്ന് ചേച്ചി എന്നോട് പറഞ്ഞിരുന്നു.
ഒറ്റ വരിയിൽ എഴുതിയാൽ എലിസബത്ത് ജോർജ്  കോടിയിൽ ഈ കഥാ സമാഹാരത്തിൽ ഒതുങ്ങേണ്ട എഴുത്തുകാരി അല്ല. അറിയപ്പെടുന്ന ഒരു നോവലിസ്റ്റ് ആകുവാൻ ചേച്ചിക്ക് ഇനിയും സമയമുണ്ട്.
ഇതിലെ 22 കഥകളും 22 രീതിയിൽ അത്രയും തന്നെ വിഷയങ്ങളിൽ നിന്നും കൊരുത്തെടുത്തവയാണ്.  പ്രതിഭയുള്ള ഒരു എഴുത്തുകാരിയെ വായനയിൽ ഉടനീളം നമുക്കു കാണാം. 'മൃദുല പറയാതിരുന്നത് ' എന്ന കഥ ഒരു  ചെറുകഥയ്ക്കപ്പുറം വലിയ ക്യാൻവാസിന് ഉതകുന്നതാണ്.. തെറ്റിപ്പിരിഞ്ഞ ദമ്പതികൾ ആകട്ടെ, സ്നേഹിച്ച് പിരിഞ്ഞു പോയവരാകട്ടെ വീണ്ടും ഒന്നിക്കുന്ന ഒരു ഒപ്ടിമിസം ഒന്ന് രണ്ട് കഥകളിൽ കാണാൻ കഴിയുന്നുണ്ട്.

 'പ്രേതബാധയുള്ള വീട്, മനുഷ്യമനസ്സിലെ സ്വാർത്ഥതയും  ഉറഞ്ഞു കൂടിയ ദുർഗന്ധവും ഒരുപോലെ വായനക്കാരെ
ഞെട്ടിക്കുന്നുണ്ട്.
ശക്തമായ മാരിറ്റൽ അഫയേഴ്സും അത്രയും തന്നെ ശക്തമായ എക്സ്ട്രാ മാരിറ്റൽ അഫയേഴ്സും
ഇതിലെ പല കഥകൾക്കും സാക്ഷ്യം
വഹിക്കുന്നുണ്ട്.
കഥാകാരി എന്ന നിലയിൽ ശക്തമായ സാന്നിധ്യം തെളിയിച്ച എഴുത്തുകാരിയാണ് എലിസബത്ത് ജോർജ്  കോടിയിൽ. ആദ്യമായി പ്രസിദ്ധകൃതമായ കഥ 1982 ജനയുഗം ആഴ്ചപ്പതിപ്പിൽ വന്ന 'എന്റെ പാവം ശബരിയേട്ടൻ' എന്ന കഥയാണ്. 2013 മുതൽ കേരളകൗമുദി ഓണം വിശേഷൽ പതിപ്പ്, വാർഷികപതിപ്പ് എന്നിവയിൽ എലിസബത്ത് മാഡം കഥ എഴുത്തിൽ  സജീവമായിരുന്നു. 2022ലേക്കും ഈ കഥയെഴുത്ത് നീളുന്നുണ്ട്.
നോവലിസ്റ്റ് കെ കെ സുധാകരൻ അവതാരിക എഴുതിയ ഈ കഥാസമാഹാരത്തിന് വി അനിലാലിന്റെ മനോഹരമായ ആസ്വാദനവും ഉണ്ട്.
നിത്യജീവിതത്തിൽ കണ്ടുമുട്ടിയ ചില മനുഷ്യരെയും വളരെ രസകരങ്ങളായ സന്ദർഭങ്ങളെയും കഥാകാരി വരച്ചിടുന്നു. നല്ല കയ്യടക്കം, ലളിതമായ ആഖ്യാനശൈലി, ഇവ ഈ കഥകളെ  കൂടുതൽ എടുപ്പുള്ളതാക്കുന്നു.
മനോഹരമായ കവർ പേജ്, ലേ ഔട്ട്, വായനായോഗ്യമായ ഫോണ്ട് എന്നിവ ഈ ബുക്കിനെ ഏറെ ആകർഷകമാക്കുന്നു.
എലിസബത്ത് ചേച്ചിക്ക് കെട്ടിപ്പിടിച്ചൊരുമ്മ. ഒപ്പം ആ വിരലുകൾ ഇനിയും എഴുത്തിനായി ചലിക്കട്ടെ എന്ന ആശംസകളോടെ.

സ്നേഹപൂർവ്വം
 Dr. Kunjamma George 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക