Image

സുബി സുരേഷ് (ചിഞ്ചു തോമസ്) 

ചിഞ്ചു തോമസ് Published on 23 February, 2023
സുബി സുരേഷ് (ചിഞ്ചു തോമസ്) 

ഭൂമിയില്‍ പിറന്നു വീഴുമ്പോള്‍ മുതല്‍ തുടങ്ങുന്ന ഓട്ടമാണ്. അതൊരു കൂട്ടയോട്ടമാണ്. കൂടെയോടുന്നത് കൈകുഞ്ഞുങ്ങള്‍ മുതല്‍ വടി കുത്തിയാല്‍പ്പോലും നേരെ നില്‍ക്കാനുള്ള  അരോഗ്യമില്ലാത്തവര്‍ വരെ. ഓട്ടത്തിനിടയില്‍ നമ്മള്‍ പല കാര്യങ്ങള്‍ പഠിക്കുന്നു. പലരേയും പരിചയപ്പെടുന്നു.  ഓടിക്കൊണ്ടിരിക്കുമ്പോള്‍ നിലത്തു വീണുപോകുന്നത് ചിലപ്പോള്‍ കുട്ടികള്‍ ചിലപ്പോള്‍ യുവതീ യുവാക്കള്‍ ചിലപ്പോള്‍ മധ്യ വയസ്‌കര്‍ ചിലപ്പോള്‍ വൃദ്ധര്‍. ആരു വേണമെങ്കിലും വീഴാം. വീണുപോയവര്‍  വിചാരിക്കുന്നുണ്ടാകും എനിക്ക് ഇനിയും ചെയ്തു തീര്‍ക്കാന്‍ ജോലികള്‍ ഉണ്ടെന്ന്. കുട്ടികള്‍ പറയുന്നുണ്ടാകും ഞാന്‍ കളിച്ചു തീര്‍ന്നില്ല അമ്മേയെന്ന്. എന്ത് ചെയ്യാനാണ്? നിസ്സഹായരാണ് മനുഷ്യര്‍. 

24 ന്യൂസിലെ ശ്രീകണ്ഠന്‍ നായര്‍ സാറിനോട് ഒരു ടിവി പ്രോഗ്രാമിന്റെ ഇടയില്‍ സുബി തന്നെ കെട്ടാന്‍ നടക്കുന്ന ആളെക്കുറിച്ചു പറഞ്ഞു, അയാളെ ചൂണ്ടിക്കാട്ടിക്കൊടുത്തു.. 'ചുമ്മാ പറഞ്ഞതാണ് എന്ന് പിന്നെ പറയരുത്' എന്ന് ശ്രീകണ്ഠന്‍ സാര്‍ പറഞ്ഞു. കല്യാണത്തിന് പോകേണ്ടിയിരുന്ന വീട്ടില്‍ അവള്‍ മരിച്ചു കഴിഞ്ഞ്  ശ്രീകണ്ഠന്‍ സാര്‍ പോയപ്പോള്‍ അമ്മ പറയുന്നത് കേട്ടു ' അവള്‍ എന്നെയും പറ്റിച്ചു രാഹുലിനെയും പറ്റിച്ചു '. സുന്ദരിയായി അണിഞ്ഞൊരുങ്ങി വയലറ്റ് ഡ്രെസ്സുമിട്ട് നെയില്‍ പോളിഷിട്ടു മൊബൈല്‍ മോര്‍ച്ചറിയില്‍ കിടക്കുന്ന സുബിയെ കണ്ട് അമ്മ കരഞ്ഞു ' നീ എന്നോട് പറയാതെ ഈ ഡ്രസ്സ് ഇട്ടല്ലേ'!  'ഞാന്‍ കൂടി ഓര്‍ത്തില്ല അമ്മേ ഇവിടെ ഈ നേരം കെട്ട നേരത്ത് ഇങ്ങനെ കിടക്കേണ്ടി വരുമെന്ന്' എന്നവള്‍ പറയുന്നുണ്ടാകും.

 അച്ഛന്‍ ഉപേക്ഷിച്ചു പോയപ്പോള്‍ വീട് നേരേ നിര്‍ത്താന്‍ തുടങ്ങിയ അതിവേഗ ഓട്ടത്തിനിടയില്‍ അവള്‍ അവളെ ശ്രദ്ധിച്ചില്ല.  ആര്‍മിയില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്ന അവള്‍ ആ മോഹം താഴിട്ടുപൂട്ടി ഒരു ഡാന്‍സര്‍ ആയി ജോലി ആരംഭിച്ചു. ഇടയ്ക്ക് വീട്ടില്‍ സാധനങ്ങള്‍ എന്തൊക്കെയുണ്ട് എന്ന് അന്വേഷിച്ചു വരുന്ന കുടുംബ സുഹൃത്തിനെക്കൊണ്ട്  അമ്മയെ വിവാഹം കഴിപ്പിച്ചു. 'അമ്മക്ക് വേണ്ടേ ഒരു ജീവിതം. ഞങ്ങളെ നോക്കാന്‍ മാത്രം അല്ലല്ലോ അമ്മ'. അമ്മയുടെ പുതിയ ഭര്‍ത്താവിനെ അവള്‍ സ്‌നേഹം നിറച്ച് അച്ഛാ എന്ന് വിളിച്ചു.  ഒരു വീട് വെച്ചു. ഒരു വീട് അനിയനും വെച്ചു കൊടുത്തു. അവസാനം കൂടെ കൂട്ടാന്‍ ആഗ്രഹിച്ച രാഹുലിന്റെ കൈയില്‍നിന്ന് പിടിവിട്ട് അവള്‍ നിലത്തു വീണു.

കുട്ടികളെ കൈയിലെടുത്ത് കുട്ടിപട്ടാളത്തില്‍ നിന്ന് പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച അവള്‍ അനിയന്റെ കുഞ്ഞന്റെ കൂടെ കൊഞ്ചിക്കളിച്ചു. അമ്മയ്ക്കും അച്ഛനും അനിയനും നാത്തൂനും മകള്‍ക്കും സുബി ജീവനായിരുന്നു. ചെറിയ കാര്യങ്ങള്‍ക്കുപോലും  പെട്ടെന്ന് കരയുന്ന അവള്‍  വീട്ടുകാരെ അവസാനം വരെ താങ്ങി ഒരു നിലയിലെത്തിച്ചു. 

അവസാനനാളുകളില്‍ അവളുടെ വയര്‍ വീര്‍ത്തു വരുന്നത് ആരും ശ്രദ്ധിച്ചില്ല. അവളുടെ വയറ്റില്‍ വെള്ളം നിറയുന്നതായിരുന്നു. മാരകമായ പല അസുഖങ്ങളുടെയും ലക്ഷണം. അവളുടെ കൈകള്‍ ഉണങ്ങി വരുന്നതും വയറിന്റെ ഭാഗം വീര്‍ത്തു വരുന്നതും നീര് വെച്ച പോലെ തോന്നുന്നതും ആരും ശ്രദ്ധിച്ചില്ല. അവളുടെ ശരീരത്തിലെ മാറ്റങ്ങള്‍ അവള്‍ പോലും നോക്കിയില്ല. കുറേ സ്റ്റേജ് പ്രോഗ്രാമ്മുകള്‍: അവള്‍ക്ക് അതായിരുന്നു ആവേശം. കാശ് ഉണ്ടാക്കാന്‍ ഉള്ള അത്യാഗ്രഹമല്ല. അവളുടെ ലഹരിയായിരുന്നു അത്. 

നമ്മള്‍ എല്ലാവരും ഒരു ഓട്ടത്തിലാണ്. ആര്‍ക്കും ആരേയും ഒന്നിന്റെ പേരിലും കുറ്റപ്പെടുത്താന്‍ കഴിയില്ല. ഓട്ടം തുടങ്ങിയാല്‍ ഒരു നാള്‍ ഉറപ്പായും വീഴും. എങ്കിലും നമ്മളാല്‍ കഴിയുന്ന രീതിയില്‍ ഓടാന്‍ നമ്മള്‍ നമ്മളെ സഹായിക്കണം. ഒരു പിഴവ് നമ്മളെ നോക്കുന്നകാര്യത്തില്‍ വരുത്താതെ നമ്മള്‍ ശ്രെദ്ധിക്കണം. മറ്റുള്ളവരില്‍ എന്തെങ്കിലും പിഴവ് കണ്ടാല്‍ പറഞ്ഞു കൊടുക്കുകയും സഹായിക്കുകയും പറ്റുമെങ്കില്‍ കൈത്താങ്ങാകുകയും വേണം. കൂടെ ഉള്ളവര്‍ വീണുപോയാല്‍ നമ്മളുടെ ഓട്ടത്തിന് എന്ത് ആനന്ദമാണുള്ളത് ?

കലാഭവന്‍ മണി അവള്‍ക്ക് കല്യാണത്തിന് കൊടുക്കാം എന്ന് പറഞ്ഞ പത്തു പവന്‍ സ്വര്‍ണ്ണം ഒരു കടമായി അവള്‍ അവശേഷിപ്പിച്ചില്ല.  കലാഭവന്‍ മണി ഒരു കടക്കാരനായി അവളുടെ മുന്‍പില്‍ നിന്നില്ല. അവള്‍ കല്യാണം കഴിച്ചില്ല. ചിരിപ്പിക്കാന്‍ മാത്രം അറിയാവുന്ന അവള്‍ എല്ലാവരേയും നോക്കി  ഒരു കള്ളച്ചിരി ചിരിച്ച് യാത്രയായി.

Join WhatsApp News
Jayan varghese 2023-02-23 15:32:14
തലതല്ലി ചിരിച്ചാർത്തു തലമുറ വരും പോകും സമയത്തിൻ രഥചക്ര മുരുണ്ടു നീങ്ങും, അനുസ്യൂത, മവിരാമമൊഴുകുമീ പ്രവാഹത്തിൽ ഒരുവെറും കുമിളയായ് നമ്മൾ തീരും ! ആരുടെ മരണവും വേദനയാണ്. വേദനിക്കുന്നവരോടൊപ്പം ചേർന്ന് നിൽക്കുന്നു. ജയൻ വർഗീസ്.
Sudhir Panikkaveetil 2023-02-24 01:53:32
ഹൃദയസ്പർശിയായ അനുസ്മരണം. ചുരുങ്ങിയ വാക്കുകളിൽ അകാലത്തിൽ പൊലിഞ്ഞുപോയ ഒരു കലാകാരിയുടെ ജീവന്റെ സ്പന്ദനങ്ങൾ.മരിച്ചാലും ജീവിക്കുന്നവർ കലോപാസകർ. ശ്രീമതി ചിഞ്ചു തോമസിന് നന്ദി.
Mallu 2023-02-24 02:26:27
Great article
മുല്ല കാക്ക 2023-02-24 12:36:14
മരണമൊരു സത്യമെന്നിരിക്കെ കരയുവാനില്ലവകാശമാർക്കും. “ഇന്ന് ഞാൻ നാളെ നീ” എന്ന സത്യം നന്ന്‌ എല്ലാരും ഓർത്തിടുകിൽ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക