Image

ജീവിതം ഒരു സ്വപ്നമാണോ... അതോ ഒരു  സ്വപ്നം പോലെയാണോ നമ്മുടെ ജീവിതവും...(ശ്രീകുമാർ ഉണ്ണിത്താൻ)

Published on 24 February, 2023
ജീവിതം ഒരു സ്വപ്നമാണോ... അതോ ഒരു  സ്വപ്നം പോലെയാണോ നമ്മുടെ ജീവിതവും...(ശ്രീകുമാർ ഉണ്ണിത്താൻ)

ആകാശങ്ങള്‍ക്കുമപ്പുറം മനോഹരമായ ഒരു  ലോകമുണ്ടെന്നും  അവിടെ നമ്മളിൽ നിന്നും വിട്ട് പിരിഞ്ഞ ആത്മാക്കൾ  സുഖമായി  ജിവിക്കുന്നുണ്ടെന്നും എനിക്ക്   പറഞ്ഞു തന്നത്    മുത്തശ്ശി ആയിരുന്നു. ഞാൻ ഓമനിച്ചു  വളർത്തിയ പട്ടിക്കുഞ്ഞ്  മരിച്ചപ്പോൾ  എനിക്ക് വലിയ വിഷമം ആയി. ഉറങ്ങാതെ കരഞ്ഞുകൊണ്ട് നടന്ന എന്റെ    കുഞ്ഞികണ്ണുകള്‍ തുടച്ചു കൊണ്ട് മുത്തശ്ശി മുറ്റത്തെ തിണ്ണയിൽ   മടിയിൽ കിടത്തി   നക്ഷത്രങ്ങളെ കാട്ടിതന്നിട്ട് ചോദിച്ചു,  ഉണ്ണിക്ക് ഇതിലേത് നക്ഷത്രത്തെയാണ് ഇഷ്‌ടമെന്ന് .   അന്ന് ഒരു നക്ഷത്രം ഒത്തിരി പ്രകാശം ഉള്ളതായി തോന്നി. അതിനു  എന്നോട് എന്തോ പറയാനുള്ളത് പോലെ തോന്നി...

മുത്തശ്ശി കഥ  പറയുവാൻ തുടങ്ങിയപ്പോൾ  തന്നെ ആ കഥയിൽ ആകൃഷ്‌ടനായി ആകാശത്തേക്ക് നോക്കി കിടന്നു .   മിക്ക രാവുകളിലും  മുത്തശിയുടെ മടിയിൽ കിടന്ന് കഥകൾ കേൾക്കുന്ന  പതിവുണ്ടായിരുന്നു. കഥകൾ കേട്ടാൽ   പിന്നെ ഞാൻ ആ  കഥയിൽ ലയിച്ചു  അതിലെ ഓരോ കഥാപാത്രങ്ങളും ഞാൻ ആയി സങ്കൽപിക്കും. അങ്ങനെ ഞാൻ ഒരു സ്വപ്ന ലോകത്തേക്ക് വഴുതി വീഴും.    ആകാശത്തിനും അപ്പുറത്ത് മരിച്ചു പോയവര്‍ക്ക് വസിക്കാനായി  മനോഹരമായ ഒരു ലോകമുണ്ട് .. അവിടെ അവര്‍ സന്തോഷത്തോടെ കഴിയും എന്നും  അവരെ സ്നേഹിക്കാനും അവര്‍ക്ക് സ്നേഹിക്കാനും അവിടെ ഒരുപാടു മാലാഖമാര്‍ ഉണ്ട്, .. എല്ലാം കേട്ട് തല കുലുക്കി കഥ കേട്ട് കിടന്നു.

പക്ഷേ അപ്പോഴേക്കും  തനിക്കു  തന്റെ  പപ്പിയേ  കാണാനാവില്ലല്ലോ  എന്ന്  പറഞ്ഞു വീണ്ടും  കരഞ്ഞപ്പോള്‍ രാത്രിയില്‍ ആകാശത്ത് കാണുന്ന  ആ  പ്രകാശമുള്ള  നക്ഷത്രമായി ആ പപ്പി  വരുമെന്ന് പറഞ്ഞു മുത്തശ്ശി തന്റെ കണ്ണുകള്‍ തുടച്ചു  .നിഗുഢമായ  ആകാശത്തിനും അപ്പുറമുള്ള ലോകത്തേ കുറിച്ച് അറിയാൻ എനിക്ക് ഏറെ ആകാംഷയുണ്ടായിരുന്നു.

 ആകാശം നിറയെ നക്ഷതങ്ങൾ ആയിരുന്നു, ഞാൻ മുത്തശ്ശിയോട് ആയി ചോദിച്ചു ഈ നക്ഷത്രങ്ങൾ  വീണ്ടും മനുഷ്യരായി പുനർജനിക്കുമോ? ഞാൻ പിന്നെയും ഓരോ ചോദ്യങ്ങൾ  തുടർന്നു, സഹികെട്ട് മുത്തശ്ശി  പറഞ്ഞു എൻറെ കുട്ടീ അതൊക്കെ നിനക്കു വലുതാവുമ്പോ മനസിലാവും. കുട്ടിക്ക് അറിയുമോ ഈ  ഭൂമിയിൽ പലതരം മനുഷ്യരുണ്ട്. മിക്കവർക്കും രാത്രിയിൽ ആകാശത്തു നോക്കി കിനാവ് കാണുവാൻ ഇഷ്‌ടമാണ്‌. ഈ ആകാശം മുട്ടെ ഓരോരുത്തരുടെയും സ്വപ്നങ്ങൾ  ഉണ്ട്, ഒരുപാടു ആഗ്രഹിച്ചതും കൈവിട്ടു പോയതും നേടി എടുത്തതും എല്ലാം… ഈ ആകാശത്തു  നോക്കിയാൽ നമുക്ക്  അതൊക്കെ  സ്വപ്നത്തിൽ കാണാൻ പറ്റും.

അയ്യോ ഇതയേറെ സ്വപ്നങ്ങൾ  നമുക്കുണ്ടോ ഞാൻ ആശ്ചര്യത്തോട് മുത്തശ്ശിയോട് ചോദിച്ചു!!!!  മുത്തശ്ശിയുടെ മറുപടി ഇങ്ങനെ ആയിരുന്നു, നീ ഈ കാണുന്ന നക്ഷത്രങ്ങൾ എല്ലാം ഓരോ കിനാവുകൾ ആണ്. ആരുടെയൊക്കയോ നഷ്‌ടപ്പെട്ട സ്വപ്നങ്ങൾ . ആ നഷ്‌ടപ്പെർട്ടവർ ഇന്നും  ആകാശത്തു നോക്കി  അവരുടെ നഷ്‌ടസ്വപ്നങ്ങളെ അയവിറക്കുന്നുണ്ടാകും . ഓരോ നക്ഷത്രങ്ങൾക്കും ഓരോ കഥകൾ പറയുവാനുണ്ടാവും മുത്തശ്ശി പറഞ്ഞു തുടങ്ങി ....

ഒരിടത്ത്  ഒരിടത്ത്     ഒരു കുഞ്ഞു മാലാഖയെ പോലെ ഒരു കുട്ടിയുണ്ടായിരുന്നു, നീല നിറമുള്ള  കുഞ്ഞു കണ്ണുകളും നിറഞ്ഞ പുഞ്ചിരിയുമായി  അവൾ നാട്ടിൽ ഏവർക്കും പ്രിയപ്പെട്ടവൾ ആയിരുന്നു.  വളരെ കുസൃതിയുള്ള അവൾ ആൺകുട്ടികളെ പോലെ മരങ്ങൾ  കയറിയും, വാചക കാസർത്തു നടത്തിയും ഏവരുടെയും  പ്രിയങ്കരിയായ അവളെ നാട്ടുകാർ കൃഷ്ണ   എന്ന് വിളിച്ചു. എങ്കിലും അവൾ  മനസ്സ്  നിറയെ വേദനയുമായാണ്  ജിവിച്ചത്, ഒറ്റപ്പെടിൽ തന്നെയായിരുന്നു കാരണം.   ഒരിക്കല്‍ അവളെ കണ്ടവര്‍ പിന്നെ ഒരിക്കലും മറക്കാന്‍ കഴിയുമായിരുന്നില്ല അത്ര മാത്രം ഓമനത്തവും നിഷ്കളങ്കതയുമായിരുന്നു ആ മുഖത്ത് . ആരിലും വാത്സല്യം ഉളവാക്കുന്ന രീതിയില്‍ അവള്‍ ഹൃദ്യമായി പുഞ്ചിരിക്കുമായിരുന്നു. അവളുടെ മുഖത്തെ പുഞ്ചിരി  പതിനാലാം രാവില്‍ പൂനിലാവ്‌ പൊഴിയുന്നത് പോലെ ആയിരുന്നു.

അവളുടെ മനസ്സ് നിറയെ നൊമ്പരങ്ങൾ ആയിരുന്നു.  പക്ഷേ അവളുടെ നൊമ്പരങ്ങളെയും  വേദനകളെയും  ഒരിക്കല്‍ പോലും മറ്റുള്ളവർ അറിയാതിരിക്കാൻ അവൾ  ശ്രദ്ധിച്ചിരുന്നു.  അമ്മയില്ലായിരുന്ന അവൾ അമ്മയുടെ സ്‌നേഹം എന്ത് എന്നറിയാനോ   അല്ലെങ്കിൽ  നൊന്തു പെറ്റ അമ്മയെ കണ്ണ് കുളിര്‍ക്കെ ഒരു നോക്കു കാണുവാനോ  ഭാഗ്യമുണ്ടായിരുന്നില്ല .  അന്ധകാരം നിറഞ്ഞാടിയ അവളുടെ ജീവിതത്തില്‍ സ്വപ്നങ്ങള്‍ മാത്രമായിരിക്കാം അവളോട്‌ കിന്നാരം പറഞ്ഞിരുന്നത് . അത്രമാത്രം  ജീവിതത്തിൽ അവൾ വിഷമിച്ചിട്ടുണ്ട്. ഉണ്ണിക്ക് അറിയുമോ അമ്മയില്ലാത്ത കുട്ടികളുടെ മനസ്സ്!!  അത് നമുക്ക് പറഞ്ഞു അറിയിക്കാൻ പറ്റില്ല. അത് അനുഭവിച്ചറിഞ്ഞെങ്കിൽ മാത്രമേ ആ  മാസികാവസ്ഥ മനസിലാവുകയുള്ളു. 'അമ്മ കുഞ്ഞുങ്ങൾക്ക് നൽകുന്ന സ്നേഹം മറ്റാർക്കും നൽകാൻ കഴിയില്ല , അമ്മക്ക് പകരം 'അമ്മ മാത്രമേയുള്ളൂ...............
 
അന്ന് ഒരു ദിവസം കൃഷ്ണയുടെ  ജന്മ ദിനമായിരുന്നു.സ്വന്തം ജന്മദിനം പോലും അറിയുവാന്‍ കഴിയാത്ത അവളെ  നോക്കിനിന്ന ഒരു നക്ഷത്രത്തിന്  വലിയ വിഷമം ആയി. ആ  നക്ഷത്രം അവളുടെ അമ്മയുടെ നക്ഷത്രമായിരിക്കാം, അവളുടെ അവസ്ഥയിൽ കഷ്‌ടം തോന്നിയ  ആകാശത്തിലെ താരാഗണത്തില്‍ നിന്ന് ആ   കുഞ്ഞു നക്ഷത്രം  ഒരു ബാലന്റെ രൂപം പൂണ്ടു ഭൂമിയിലേക്കിറങ്ങി വന്നു. അവന്റെ കണ്ണുകളില്‍ കൃഷ്ണ എന്ന  കുഞ്ഞു മാലാഖയുടെ മുഖം  തിളങ്ങി നിന്നു. അവന്‍ കൊണ്ട് വന്ന സമ്മാനമായ  തൂവെള്ള നിറത്തിലുള്ള  വസ്ത്രം അവളെ അണിയിച്ചപ്പോള്‍ അവള്‍ ശരിക്കും ഒരു കുഞ്ഞു മാലാഖയായി മാറി.

അവള്‍ അവനെ അനിൽ  എന്ന് വിളിച്ചു .അവള്‍ക്ക്  ആദ്യമായി കിട്ടിയ കളികൂട്ടുകാരനെ അവൾക്കു വളരെ ഇഷ്‌ടമായി.  ഇന്നുവരെ ആരും കാണിക്കാത്ത സ്നേഹം അവൻ അവളോട് കാണിച്ചു. അല്ലെങ്കിലും  ഒരാൺകുട്ടി ഒരു പെൺകുട്ടിയെ സ്നേഹിക്കുബോൾ ആ  സ്നേഹത്തിന്  പകരം വെക്കാൻ മറ്റൊന്നില്ല .  അവളോടൊത്തു കളിച്ചും ചിരിച്ചും നടന്ന അവൻ അവളെ  സന്തോഷിപ്പിക്കാനായി    അവളുടെ അമ്മയെ കാണിച്ചു കൊടുത്തു. അവള്‍ “അമ്മേ” എന്ന് വിളിച്ചു പക്ഷേ അവളുടെ വിളിക്ക് അപ്പുറത്തായിരുന്നു ആ  അമ്മ. ആ  നക്ഷത്ര മണ്ഡലത്തെ നോക്കി അവിടെ നിന്റെ അമ്മ സന്തോഷത്തോടു കൂടിയുണ്ട്  എന്ന് കൃഷ്ണയേ വിശ്വസിപ്പിച്ചു .

മുത്തശ്ശി എന്നോടായി പറഞ്ഞു , മരിച്ചവർ സന്തോഷത്തോടു ഇരിക്കുന്നു  എന്ന് വിശ്വസിക്കാനാണ്‌  നമുക്ക് ഇഷ്‌ടം.. .  അമ്മയെപ്പറ്റി ഓർത്തപ്പോൾ  ഒരു സങ്കടം നിഴലിച്ചുവെങ്കിലും അനിലിന്റെ സാനിദ്ധ്യം അവള്‍ക്ക് പ്രിയപ്പെട്ടതായത്  കൊണ്ട് തന്നെ എല്ലാം എളുപ്പം മറന്നു. അവൾ അവനോടൊപ്പം കളികളിൽ മുഴുകി .

അവൻ  കൃഷ്ണയെയും  കൂട്ടി കടല്‍തീരത്തേക്ക്  പോയി . കടല്‍ കണ്ടു , തിര കണ്ടു .മണ്‍ തരികളെ കണ്ടു, കടലോരത്തു സന്തോഷം പങ്കുവെക്കുന്ന കുറെ ആളുകളെ കണ്ടു.  ജീവിതത്തിൽ സന്തോഷിക്കുന്ന മനുഷ്യരും ഉണ്ട് എന്ന് കണ്ട അവൾ  അവരോടൊപ്പം സന്തോഷത്തിൽ പങ്കുകൊണ്ടു ..കൃഷ്ണയും അനിലും ഈ ഭൂമിയിലെ മാലാഖമാരായി പറന്നു നടന്നു. അവരുടെ ലോകത്ത് അവര്‍ മാത്രം. അവര്‍ക്ക് മാത്രം അറിയാവുന്ന ഭാഷയില്‍ അവര്‍ സംസാരിച്ചു, അവര്‍ക്ക് മാത്രം കാന്നുന്ന കാഴ്ചകള്‍ അവര്‍ കണ്ടു . ആ കടപ്പുറത്തു മണ്ണപ്പം ചുട്ടും കണ്ണ്  പൊത്തിയും കളിച്ചു .അങ്ങനെ അവൾ  അവളുടെ ബാല്യം വീണ്ടെടുത്തു ആരത്തുല്ലസിച്ചു നടന്നു.

 ചിലപ്പോ അങ്ങനെ ആണ് , നമ്മുടെ പ്രിയപ്പെട്ടവര്‍ നമ്മുടെ കൂടെ ഉണ്ടായല്‍ സമയത്തിനു വേഗത കൂടി പോവും. നേരം പോകുന്നത് അവര്‍ അറിയില്ല .  നേരം സന്ധ്യ മയങ്ങി. സൂര്യൻ അസ്തമയത്തിന്റെ താഴ്‌വരയില്‍ എത്തി ....ചന്ദ്രൻ  കാര്‍മേഘങ്ങളേ തള്ളി മാറ്റി മെല്ലെ തല പൊക്കി അവരെ നോക്കി ചിരിച്ചു. കൃഷ്ണ  അത്ഭുതത്തോടെ അതിലുമേറെ സന്തോഷത്തോടെ  ആകാശത്തെ നക്ഷത്രകൂട്ടങ്ങളെ കണ്ട് ആർത്തുല്ലസിച്ചു. പക്ഷേ അവളുടെ സന്തോഷത്തിന് ആയുസ്സ് തീരെ കുറവായിരുന്നു...

അവൻ കൃഷ്ണയെ നോക്കി  മെല്ലെ പറഞ്ഞു "എനിക്ക് പോവാന്‍ നേരമായി"
"എവിടേക്ക് " കൃഷ്ണയുടെ  ചിരി പതിയെ  മാഞ്ഞു...
ആകാശത്തിലേക്ക്  തെളിഞ്ഞു വരുന്ന നക്ഷത്രങ്ങളെ നോക്കി അവൻ  പറഞ്ഞു " ദെ  അങ്ങോട്ട് നോക്ക് . കണ്ടോ ..ഒരു പാട് നക്ഷത്ര കൂട്ടങ്ങളെ കണ്ടോ ? അവരാണ് എന്റെ കൂട്ടുകാര്‍ , അവരുടെ അടുത്തേക്ക് പോവണം "

"പോവണോ ? പോവാതിരുനൂടെ ? കൃഷ്ണ  ചോദിച്ചത് വളരെ പെട്ടന്നായിരുന്നു.

"പോവതിരിക്കാനാവില്ല , എനിക്ക്  ഒരു ദിവസത്തെ സമയം മാത്രമാണുള്ളത്  അത് കഴിഞ്ഞാൽ  , ആകാശത്തെ നക്ഷത്ര കൂട്ടങ്ങള്‍ എന്നെ കാത്തിരിക്കുന്നുണ്ടാവും. അവൾക്കു അത് വിശ്വസിക്കാൻ ആയില്ല..
"എങ്കില്‍ ......എന്നെ കൂടെ കൊണ്ട് പോകാമോ?" അവള്‍ കരഞ്ഞു കൊണ്ട് ചോദിച്ചു .."എനിക്ക് വേണ്ട  കൂട്ടുകാര്‍ ഇല്ലാത്ത ലോകം, അമ്മേ എന്ന് വിളിക്കാനാവാതെ .. അമ്മയെ കാണാതെയുള്ള ലോകം എനിക്ക് വേണ്ട " അവള്‍ കരയാന്‍ തുടങ്ങി ....
.
കൃഷ്ണ നീ കരയാതിരിക്കു.... ജീവിതത്തിൽ വളരെ അധികം സന്തോഷങ്ങൾ ഉള്ള ഒരു ജീവിതമായിരിക്കും  നിന്നെ കാത്തിരിക്കുന്നത്‌. അവൻ അവളെ വീട്ടിൽ കൊണ്ടുചെന്നാക്കിയിട്ട് അവിടെ നിന്നും മടങ്ങി... അവൾ  പിന്നെയും  തകർന്ന സ്വപ്നങ്ങളുടെ ചിറകു പിടിച്ചു ഒറ്റക്കുള്ള   ജീവിതത്തിലേക്ക്  തിരികെ പോകുന്നത്  അവനെ വളരെ വിഷമിപ്പിച്ചു  പക്ഷേ വേറെ നിവർത്തിയില്ലല്ലോ … അവൻ താരമണ്ഡലത്തിലേക്ക് യാത്രയായി.

കൃഷ്ണ  ആകാശത്തിലെക്ക് നോക്കിയപ്പോൾ  നക്ഷത്ര ഗണത്തില്‍ നിന്ന് ഒരു  കുഞ്ഞു നക്ഷത്രം  അവളെ  നോക്കി വീണ്ടും  ചിരിക്കുന്നു. അത് അനിൽ  ആയിരിക്കാം... .മുത്തശ്ശി വീണ്ടും എന്നോടായി പറഞ്ഞു  മരിച്ചവര്‍ ആകാശത്തില്‍ ഒരു  നക്ഷത്രമായി നമ്മുടെ കൂടെ എന്നും കാണും. അല്ലെങ്കിൽ തന്നെ  നമുക്ക് അങ്ങനെ വിശ്വസിക്കാനാണ് ഇഷ്‌ടം, കാരണം നമുക്ക് നഷ്‌ടപ്പെട്ടവർ ഏത് ലോകത്തായാലും സുഖമായിരിക്കുന്നു  എന്ന് വിശ്വസിക്കാനാണ് നമുക്ക് ആഗ്രഹം .... എല്ലാം ഒരു വിശ്വാസം .... ജീവിതം ഒരു സ്വപ്നമാണോ അതോ  സ്വപ്നം   പോലെയാണോ നമ്മുടെ ജീവിതവും ..... ആർക്കറിയാം ഉണ്ണി ....

#  Our life is like a dream-Article by Sreekumar Unnithan

Join WhatsApp News
Mary Mathew 2023-02-24 20:03:26
Yes Unnithan life is a drama in between birth and death .Act well accordingly and make the dream come true .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക