
top photo: ജോർജ് ഐസക്, റോഡ്‌സ് മാസിക യുടെ പുതിയ ലക്കം.
ഇരുനൂറു വർഷം മുമ്പ് തുറന്ന കോട്ടയം സിഎംഎസ് കോളജിൽ സേവനം ചെ യ്തു കൊടൈക്കനാലിൽ അന്തരിച്ച പ്രൊഫ. ആർതർ ബാഗ്‌ഷോയാണ് ഞാൻ അടുത്തറിഞ്ഞ ലോകത്തിലാദ്യത്തെ എംഎ ഓക്സൺ. ടിഎസ് എലിയറ്റ് മരണമടഞ്ഞ 1965 ജനുവരി 4നു അദ്ദേഹം എടുത്ത ദി വേസ്റ്റ്ലാന്റിനെ ക്കുറിച്ചുള്ള ക്ലാസ് എങ്ങിനെ മറക്കാൻ! യുധ്ധക്കെടുതികൾ മൂലം ഊഷരഭൂമിയായ ലോകത്തെക്കുറിച്ചു പറയുമ്പോൾ എലിയറ്റിനോടൊപ്പം ബാഗ്‌ഷോയുടെ തൊണ്ട വരണ്ടു, ശബ്‍ദം ഇടറി, കണ്ണുകൾ നിറഞ്ഞു.
മാഞ്ചെസ്‌ററിനടുത്ത് ഡെർബിഷെയറിലെ ഗ്ലോസപ്പിൽ ചെരുപ്പുകുത്തിയുടെ മകനായി ജനിച്ച ബാഗ്ഷോ (1906-1987) ചർച്ച് മിഷനറി സൊസൈറ്റിയുടെ കേരളം കണ്ട അവസാനത്തെ മിഷനറിയായിരുന്നു. 1957ലാണ് കോട്ടയത്തെത്തിച്ചേർന്നത്. സിഎംഎസിൽ അദ്ധ്യാപകനായി ചേർന്ന അദ്ദേഹം 1963 ടി.ആർ. സുബ്രമണ്യം റിട്ടയർ ചെയ്തപ്പോൾ ഇംഗ്ലീഷ് വകുപ്പ് മേധാവിയും പ്രൊഫസറും വൈസ് പ്രിൻസിപ്പലുമായി.
കൊടൈക്കനാലിൽ ഇടയ്ക്കിടെ വിശ്രമത്തിനു പോകാറുണ്ടായിരുന്നു അദ്ദേഹം. 1970ൽ 66ആം വയസിൽ സ്വയം വിരമിച്ച് അവിടേക്കു പോയ അദ്ദേഹം സെന്റ് പീറ്റേഴ്സ് പള്ളി വികാരിയായി. ഹൃദ്രോഗം മൂലം വാൻ അലൻ ഹോസ്പിറ്റലിൽ കഴിയുബോഴായിരുന്നു അന്ത്യം. 1987 ഒക്ടോബർ 13നു അന്തരിച്ചു. സെന്റ് പീറ്റേഴ്‌സിൽ തന്നെ അടക്കി. അവിവാഹിതൻ.

സഹോദരി മേരി റോയിയുടെ മൃതദേഹത്തിനരികിൽ മകൾ അരുന്ധതിയെ ആശ്വസിപ്പിക്കുന്നു.
യുദ്ധവും കെടുതികളും പ്രളയവും ഭൂകമ്പവും മൂലം ജനലക്ഷങ്ങൾ എരിഞ്ഞടങ്ങുമ്പോൾ ഞാൻ കോട്ടയത്ത് മറ്റൊരു ഓക്‌സ് ഫഡ് മാസ്റ്ററെ കണ്ടുമുട്ടുന്നു. ഏപ്രിൽ 16നു 95 തികയുന്ന ജോർജ് ഐസക്. 1952ൽ റോഡ്‌സ് സ്കോളർഷിപ് നേടിയ ആദ്യത്തെ മലയാളി. ഓക്സ്ഫഡിൽ എക്കണോമിക്സ് പഠിച്ച ജോർജ് 1953ൽ തെംസ് നദിയിൽ കേംബ്രിഡ്ജിനെതിരെ നടന്ന മത്സരത്തിൽ ഓക്സ്ഫഡിന്റെ തുഴയെറിഞ്ഞ ആൾ ആയിരുന്നു. എട്ടു തുഴക്കാരിൽ വെള്ളക്കാരനല്ലാത്ത ഒരേ ഒരാൾ. ബിബിസി റേഡിയോയുടെ റണ്ണിങ് കമന്ററി അന്നുണ്ടായിരുന്നു.

ആ നല്ലനാളുകൾ ഓർമ്മിച്ചെടുക്കുന്നതു ഭാര്യ സൂസി
"യഥാർത്ഥത്തിൽ എന്നേക്കാൾ മുമ്പേ റോഡ്‌സ് സ്‌കോളറായ ഒരു മലയാളി ഉണ്ടായിരുന്നു. ബർമ്മാ ഷെല്ലിൽ ജോലി ചെയ്തിരുന്ന സി.ആർ. വാരിയർ." നഗരപ്രാന്തത്തിലെ പാക്കിൽ പാലത്തിങ്കൽ വീട്ടിൽ ജീവിത സായാഹ്നം പിന്നിടുന്ന ജോർജി എന്ന ജോർജ് ഐസക് എന്നോട് അടക്കം പറഞ്ഞു. "പക്ഷെ വാരിയർ ഇന്ത്യയിൽ മടങ്ങിയെത്തിയ ഉടൻ മരണപെട്ടു".

പിറന്നാൾ കേക്ക് മുറിക്കുന്ന ജോർജി
ലണ്ടനിൽ ഉണ്ടായിരുന്ന അമേരിക്കൻ സുഹൃത്ത് ഡാനിയൽ പാട്രിക്ക് മൊയ്നിഹാനെ എന്നെന്നും ഓർക്കും. "ഞാൻ ഓക്സ്ഫഡിലും അദ്ദേഹം 84 കിമീ. അകലെ ലണ്ടൻ സ്‌കൂൾ ഓഫ് എക്കണോമിക്സിലുമാണ് പഠിച്ചതു്. പക്ഷെ ലണ്ടനിൽ പോകുമ്പോഴക്കെ അദ്ദേഹത്തിന്റെ കൂടെയാണ് ഞാൻ താമസിച്ചിരുന്നത്. മൊയ്നിഹാൻ സെനറ്ററും ക്ലിന്റൺ ഉൾപ്പെടെ പല പ്രസിഡന്റമ്മാരുടെ ഉപദേശകനുമായി. ഇന്ത്യയിൽ അംബാസഡറും,"
ഞാൻ പഠിച്ച ബാലിയോൾ കോളേജ് സ്‌കോട്ടിഷ് ഭരണാധികാരി റോബർട്ട ബ്രൂസിന്റെ മാതാവിന്റെ പേരിലുള്ള സ്ഥാപനമാണ്. ആ ർണോൾഡ് ടോയമ്പി, ഗ്രഹാം ഗ്രീൻ, ആൽഡസ് ഹക്സിലി, ജൂലിയൻ ഹക്സിലി, മാത്യു ആർനോൾഡ്, ജെറാൾഡ് മാൻലി ഹോപ് കിൻസ്, റോബർട്ട് സതി, എ. സി. സ്വിൻബേൺ, അമിത് ചൗധരി, വേദ് മേത്ത, ഹാരോൾഡ് മാക് മില്ലൻ, ബോറിസ് ജോൺസൻ, ബിൽ ക്ലിന്റൺ മുതലായവർ പഠിച്ച സ്ഥാപനം.

അമ്മ സൂസിയും ഭാര്യ സൂസിയുമൊപ്പം കുടുംബം; അമ്മയും മകൾ മേരിറോയിയും
"മൂന്ന് തവണ ബക്കിംഗ്ഹാം കൊട്ടാരത്തിലേക്കു ഞങ്ങൾക്ക് ക്ഷണം വന്നതാണ്. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ചക്രവർത്തിനിയെന്ന നിലയിൽ എലിസബേത് രാജ്ഞിയെക്കാണാൻ എനിക്ക് താല്പര്യം ഉണ്ടായില്ല. ഇന്നിപ്പോൾ കാലം മാറി ഒരു ഇൻഡ്യാക്കാരൻ ഋഷി സുനക് ബ്രിട്ടൻ ഭരിക്കുന്നത് കാണുമ്പോൾ എനിക്ക് രോമാഞ്ചം,'' ജോർജ് പറഞ്ഞു.
പച്ചപ്പാടം പാദസരം തീർക്കുന്ന പത്തേക്കർ മലയോരത്തിനു നടുവിലാണ് പാലത്തിങ്കൽ വീട്. ഒരുകാലത്ത് ഇരുനൂറു സ്ത്രീകൾ വരെ ജോലി ചെയ് തിരുന്ന പാലാട്ട് അച്ചാറിന്റെ പ്രധാന ഫാക്ടറി മലമുകളിൽ അടഞ്ഞു കിടക്കുന്നു. "ഞങ്ങൾക്ക് പ്രായമായി. ആരുണ്ട് നോക്കി നടത്താൻ? മകൻ മർക്കോസ് ദുബായിയിൽ , മകൾ ക്രിസ്റ്റിന ലണ്ടനിൽ," ജോർജിയുമായുള്ള വിവാഹത്തിന്റെ അര നൂറ്റാണ്ടു തികച്ച സൂസി പരിതപിക്കുന്നു.

യുഎസിൽ മിഷിഗണിൽ നിന്നുള്ള റോഡ്‌സ് സ്‌കോളർ റേച്ചൽ മെറിറ്റ്
ക്രിസ്റ്റീനയുടെ മകൻ മാത്യു റെക്സ് എഡിൻബറോ സർവകലാശാലയിൽ,നിന്ന് ഒന്നാം ക്ലാസ് ഓണേഴ്‌സിൽ എൻജിനീയറിങ്ങിൽ മാസ്റ്റേഴ്സ് നേടിയതാണ് ആഹ്ളാദകരമായ ഏറ്റവും ഒടുവിലത്തെ വാർത്ത. അനുജൻ ആറോൺ റെക്സ് പ്രശസ്തമായ ഈറ്റൺ കോളജിൽ നിന്ന് എല്ലാവിഷയങ്ങളിലും എപ്ലസോടെ ക്ലാസ്സിൽ ഒന്നാമതായി. ഫുൾ സ്കോളര്ഷിപ്പോടെയാണ് പഠിച്ചതു്. റോഡ്‌സ് സ്‌കോളറുടെ കൊച്ച് മകൻ അത്രയുമെങ്കിലും ചെയ്യേണ്ടേ?
മർക്കോസ് ദുബൈയിൽ ബിസിനസിലാണ്. മക്കളിൽ മർക്കോസ് ജോർജ് ഐസക് അവിടെ ഒരു വിദേശ യുണിവേസിറ്റി കാമ്പസിൽ ഇന്റർനാഷണൽ ബിസിനസ് മാനേജ്‌മെന്റ് പഠിക്കുന്നു. ജോഷ്വ ആന്റണി മർക്കോസിന്റെ പഠനം ന്യുയോർക്കിലാണ്. സ്കോളർഷിപ്പോടെ.

സ്കോളർമാർ കെജി അടിയോടി, ഗിരീഷ് കർനാട്, മോണ്ടെക് സിംഗ്, കവിത ഡൊമിനിക്, ഗൗരി പിള്ള
ജോർജ് ഐസക് ഡൽഹി ജീസസ് ആൻഡ് മേരി, സെന്റ് കൊളമ്പസ് സ്‌കൂളുകളിലാണ് പഠനം തുടങ്ങിയത്. സെന്റ് സ്റ്റീഫൻസിൽ ഒരു വർഷവും മദ്രാസ് ക്രിസ്ത്യൻ കോളജിൽ അഞ്ചു വർഷവും പഠിച്ചു ഇക്കണോമിക്‌സിൽ ബിഓണേഴ്സ് നേടി. ഒരു വർഷം എംസിസിയിൽ പഠിപ്പിക്കുകയും ചെയ് തു.
രണ്ടുവർഷത്തെ ഓക്സ്ഫഡ് പഠനം കഴിഞ്ഞു ജോർജ് കിൽബേൺ കമ്പനിയിൽ കവനന്റഡ് അസിസ്റ്റന്റ് ആയി തുടക്കം കുറിച്ചു. സ്‌റ്റോക്ക്ഹോമിൽ സ്കാൻഡിനാവിസ്‌കൻ ബാങ്കിലും മെറ്റൽ ബോക്സ് കമ്പനിയുടെ ലണ്ടൻ, കൽക്കട്ട ഓഫീസുകളിയും ജോലി ചെയ്‌തു. അവിടെനിന്നെല്ലാം ആർജിച്ച ബിസിനസ് സെൻസ് നാട്ടിൽ അമ്മ തുടങ്ങിവച്ച അച്ചാർ ബിസിനസ് മുന്നോട്ടു കൊണ്ടു പോകാൻ പ്രചോദനം നൽകി.

1953ലെ ലണ്ടൻ വള്ളംകളിയിൽ ഒന്നാമത് തുഴയെറിയുന്ന ജോർജ്; ട്രോഫികളിൽ പെട്ട തുഴ
"ഞാൻ ജോലി ചെയ്ത മെറ്റൽ ബോക്സ് കമ്പനിയുടെ ടിൻ ബോക്സിലാണ് വിലകൂടിയ സിഗരറ്റും മറ്റും പായ്ക്ക് ചെയ്തിരുന്നത്. പാലാട്ട് അച്ചാറിനോടൊപ്പം ഇറക്കിയ പൈനാപ്പിൾ സ്ലൈസ് അടക്കം ചെയ്യാനും ആ ടിന്നുകൾ ഉപയോഗിച്ചു," ഒന്ന് രണ്ടു ടിന്നുകൾ എടുത്തു കാണിച്ചുകൊണ്ട് ജോർജ് പറഞ്ഞു.
അസാമാന്യ ധിഷണാശക്തിയുള്ള ആളായിരുന്നു അമ്മ. "എൻജിനീയർ അച്ചൻ" എന്ന് വിളിപ്പേരുള്ള അയ്മനം പത്തിൽ ജോൺ കുര്യന്റെ മകളായി നാഗർകോവിലിൽ ജനിച്ചു. തമിഴ് നാട് സർവീസിൽ നിന്ന് റിട്ടയർ ചെയ്ത ശേഷം സിഎസ്‌ഐ സഭയിൽ ചേർന്ന് വൈദികനായതോടെയാണ് നാട്ടുകാർ പിതാവിനെ എൻജിനീയർ അച്ചൻ എന്ന് വിളിച്ചത്.

ജോർജിയും ലണ്ടൻ സുഹൃത്ത് മുൻ അമേരിക്കൻ അംബാസഡർ ഡാനിയൽ പാട്രിക് മൊയ്നിഹാനും
സൂസി വിവാഹം കഴിച്ചത് കോട്ടയം പാലത്തിങ്കൽ പിവി ഐസക്കിനെ. ഇന്ത്യ, ബർമ, സിലോൺ അധികാരാതിർത്തിയുള്ള ഇമ്പീരിയൽ എന്റമോളജിസ്റ്. യൂറോപ്പിൽ ആയിരുന്നുമധുവിധു. അവർക്കു നാലുമക്കൾ. ജോർജ്, ജോൺ, അച്ചാമ്മ, മേരി റോയി (അരുന്ധതി റോയിയുടെ അമ്മ).
മദ്രാസ് വിമൻസ് കോളജിൽ ബിരുദത്തിനു പഠിക്കുമ്പോൾ കോളേജ് സന്ദർശിച്ച ഗാന്ധിജിയെ ഹാരമണിയിക്കാൻ സൂസിക്കു ഭാഗ്യം സിദ്ധിച്ചു. ടെന്നിസ് അറിയാവുന്ന പെൺകുട്ടി എന്ന നിലയിൽ ബ്രിട്ടീഷ് വൈസ് റോയി ലിൻലിത്ഗോയോടൊപ്പം മിക്സഡ് ഡബിൾസിൽ കളിക്കാനും കഴിഞ്ഞു.

2022 ൽ സ്‌കോളറായ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരി റിതിക മുക്കർജി, 19
ജനീവയിൽ വയലിനിലും ലണ്ടനിൽ സംഗീതത്തിലും അവഗാഹം നേടിയാണ് അമ്മ മടങ്ങി വന്നത്. കോട്ടയത്തെ 'സിംഗിംഗ് ക്ലബ്ബി'ന്റെ ജീവനാഡിയായിരുന്നു. അമ്മ പാലാട്ട് ബ്രാൻഡിൽ തുടങ്ങിയ കടുമാങ്ങ അച്ചാർ, ജാം, സ്ക്വാഷ്, കാൻഡ് പൈനാപ്പിൾ, കറി പൗഡർ തുടങ്ങിയവക്ക് നല്ല ജനപ്രീതിയുണ്ടായി. ബ്രാൻഡഡ് അച്ചാറുകൾ ഒന്നും ഇല്ലാതിരുന്ന കാലഘട്ടം.
ഇംഗ്ലണ്ടിൽ നിന്ന് മടങ്ങി വന്ന മകൻ ജോർജ് കമ്പനിക്കു പുതിയ രൂപ ഭാവങ്ങൾ നൽകി."അമ്മയുടെ സൽപ്പേരും മകന്റെ പാക്കിങ്ങും" നാടാകെ പടർന്നു പിടിച്ചു. ഒപ്പം കൂടിയ ജോര്ജിന്റെ ഭാര്യ മൂവാറ്റുപുഴ സ്വദേശിനി സൂസി കേരളത്തിലെ ചെറുകിട വ്യവസായി സമൂഹത്തിൽ പ്രമുഖ സ്ഥാനത്തേക്കുയർന്നു. നല്ല കർഷകക്കുള്ള പുരസ്‌ക്കാരവും നേടി. "സൂസി കൊച്ചമ്മ" എന്ന അമ്മ 92 ആം വയസിൽ 2000ലാണ് അന്തരിച്ചത്.

വാഷിങ്ങ്ടണിലെ ശ്രേയ, നവവരൻ കോളിൻ തോമസ് മർഫിയുമൊത്ത്. പിതാവ് ഡോ. ഖലിൽ ഐസക് മത്തായി, അമ്മ സർജൻ വൈസ് അഡ് മിറൽ ഷീല
മഹാരാഷ്ട്ര ഗവർണർ ആയിരുന്ന ഡോ. പി വി. ചെറിയാൻ ഉൾപ്പെടെ നിരവധി പ്രഗത്ഭമതികളുടെ തറവാട് കൂടിയാണ് പതിമൂന്നാം തലമുറയിൽ എത്തിനിൽക്കുന്ന പാലത്തിങ്കൽ. ബ്രിട്ടീഷ് വാഴ്ചക്കാലത്തു മദ്രാസിൽ നിന്ന് എംബിഎസ് പാസായി മിലിറ്ററി സർവീസിൽ കയറിയ ചെറിയാൻ രണ്ടാം ലോകമഹായുദ്ധകാലത്ത് വിദേശത്ത് യുദ്ധമേഖലകളിൽ സേവനം ചെയ്തു.
ഗ്ലാസ്‌ഗോയിൽ നിന്ന് എഫ്ആർഎഫ് പിഎസും എഡിൻബറോയിൽ നിന്ന് എഫ്ആർസിഎസും പാസ്സായ അദ്ദേഹം അഖിലേന്ത്യ ഇഎൻടി അസോസിയേഷന്റെ ആദ്യത്തെ പ്രസിഡന്റ് ആയിരുന്നു. ചെറിയാനും ഭാര്യ താരാ ചെറിയാനും മാറിമാറി മദ്രാസ് മേയർമാർ ആയി. അദ്ദേഹം നിയമസഭാകൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു, ചെയർമാനുമായി. 1964ൽ ഗവർണർ.

ഐസക് പാലത്തിങ്കൽ, ഭാര്യ സുശീല; കുടുംബ യോഗം ഭാരവാഹികൾ ജേക്കബ് കുര്യൻ, പ്രദീപ്, എലിസബത്ത് ഐസക്, മേരി കുര്യൻ
പാലത്തിങ്കലെ പ്രഗത്ഭരുടെ കൂട്ടത്തിൽ വർക്കി മജിസ്‌ട്രേട് എന്നറിയപ്പെട്ടിരുന്ന മാത്തൻ വർക്കിയെ ആദ്യം ഓർക്കണം. 1882ൽ റീഡിങ് ക്ലബ് ആയി ആരംഭിച്ച കോട്ടയം പബ്ലിക് ലൈബ്രറിയുടെ ജോയിന്റ് സെക്രട്ടറി ആയിരുന്നു. ആർച്ച് ഡീക്കൻ ജോൺ കെല്ലി ആയിരുന്നു സെക്രട്ടറി. കോട്ടയത്തെ ഇന്ത്യയിൽ ആദ്യത്തെ സമ്പൂർണ സാക്ഷരത നേടിയ നഗരമാക്കുന്നതിൽ ലൈബ്രറി വഹിച്ച പങ്കു നിസ്തുലമാണ്.
കോട്ടയം ബാങ്ക് സ്ഥാപകനും മുനിസിപ്പൽ ചെയർമാനുമായിരുന്ന ഇട്ടി ഐപ്പ്, കുടുംബയോഗം സ്ഥാപക പ്രസിഡന്റ്. ഡോ. പി ഐ ജോർജ്, എൽഐസി അസിസ്റ്റന്റ് ഡിവിഷണൽ മാനേജർ എ.ഐ. ഐപ്, അദ്ധ്യാപകർക്കുള്ള ദേശീയ പുരസ്കാരം നേടിയ കോട്ടയം എംടി ഹൈ സ്‌കൂൾ ഹെഡ് മാസ്റ്റർ പി. ഐ. ജോസഫ്, പെൻസിൽവേനിയ യൂണിവേഴ്‌സിറ്റിയിൽ പഠിച്ചു ഗുവാഹത്തി യൂണിവേഴ്സിറ്റിയിൽ എക്കണോമിക്‌സ് പ്രൊഫസറും ഡീനും യുനെസ്‌കോ കൺസൽട്ടന്റുമായ ഡോ.പിസി തോമസ് എന്നിവരെയും മറക്കാനാവില്ല.
തിരുവിതാംകൂറിലും മലബാറിലും വൻ തോട്ടങ്ങൾ സ്ഥാപിച്ച പി. ഐ. ഉമ്മൻ, നീലഗിരി പ്ലാന്റേഴ്‌സ് അസോസിയേഷൻ ചെയർമാൻ ആയിരുന്ന ഭാസി ജോസഫ് ഐപ്പ്, റോട്ടറി ഡിസ്ട്രിക്ട് ഗവർണറും 1982ലെ റോട്ടറി പോൾ ഹാരിസ് ഫെല്ലോയുമായ അറക്കൽ എഐ എബ്രഹാം എന്നിവരും സ്മരണാർഹർ.
കുടുംബയോഗം പ്രസിഡന്റ് ആയിരിക്കെ 2009ൽ കുടുംബ ചരിത്രം പ്രസിദ്ധീകരിച്ച ഐസക് പാലത്തിങ്കൽ ആണ് മറ്റൊരാൾ. 28 ലക്കം മുടങ്ങാതെ ഇറങ്ങിയ പാലത്തിങ്കൽ വാർത്താ പത്രിക ആരംഭിച്ചതും വെബ്സൈറ് തുറന്നതും ഐസക്കിന്റെ നേതൃത്വത്തിലാണ്. ഒഇഎൻ ഇന്ത്യയുടെ ചീഫ് ജനറൽ മാനേജർ (ടെക്നിക്കൽ) ആയിരുന്നു.
ഉള്ളാട്ടിൽ ബാങ്കേഴ്‌സും ചിറ്റ് ഫണ്ട്സും തുടങ്ങിയ ഐസക് തോമസ് ആണ് മറ്റൊരാൾ. ഉള്ളാട്ടിൽ കുടുംബാന്ഗവും ഉത്തരേന്ത്യയിൽ റെയിൽവേ ഉദ്യോഗസ്ഥനുമായിരുന്ന ജോർജ് തോമസിന്റെ കുടുംബത്തിൽ മക്കളും കൊച്ചു മക്കളുമായി ഒരു ഡസൻ പേർ സൈന്യത്തിൽ ക്യാപ്റ്റൻ മുതൽ മേജർ ജനറൽ വരെ ആയതു അപൂർവ ബഹുമതി തന്നെ. മേജർ ജനറൽ ബിനോയ് പുന്നൻ ആണ് അവരിൽ പ്രമുഖൻ.
ഖലീൽ ഐസക് മത്തായിയും ഭാര്യ ഷീല സാമന്ത മത്തായിയും നേവിയിലെ സ്പെഷ്യലിസ്റ് ഡോക്ടർമാർ. ഖലീൽ ന്യൂറോസർജറിയിലും ഷീല നിയോനാറ്റോളജിയിലും വിദഗദ്ധർ. ഇരുവരും വിശിഷ്ട സേവാ മെഡൽ നേടിയവരാണ്. ഷീലയാകട്ടെ നവ്സേനാ മെഡലും നേടി. സർജൻ വൈസ് അഡ്മിറൽ ആയി പ്രമോഷൻ നേടി ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസിൽ ഡയറക്ടർ ജനറൽ ആണിപ്പോൾ. ഡൽഹി സെന്റ് സ്റ്റീഫൻ സിൽ പഠിച്ച മകൾ ശ്രേയ ഹാർവാർഡ് ബിസിനസ് സ്‌കൂളിൽ പഠിച്ച് വാഷിങ്ങ്ടണിൽ മക്കിൻസിയിൽ ജോലി.
ഇന്ത്യൻ നീതിന്യായ ചരിത്രത്തിൽ മുഴങ്ങിക്കേട്ട പേരുകളാണ് പാലത്തിങ്കൽ ജോർജ് ഐസക്കും സഹോദരി മേരി റോയിയും. സഹോദരൻ പിതൃസ്വത്ത് കയ്യടക്കി വച്ചതിനെതിരെ സ്വത്തിൽ സ്ത്രീ, പുരുഷന്മാർക്ക് തുല്യാവകാശം സ്ഥാപിച്ചു കിട്ടാൻ വേണ്ടി മേരി സുപ്രീം കോടതി വരെ പോയി ഐതിഹാസിക വിജയം നേടി.
പള്ളിക്കൂടം എന്ന വേറിട്ട സ്‌കൂൾ നടത്തി പ്രശസ്തയായ മേരി (90) സഹോദരനോട് ക്ഷമിച്ചും കലഹങ്ങൾ എല്ലാം അവസാനിപ്പിച്ചുമാണ് കഴിഞ്ഞ സെപ്റ്റംബർ ഒന്നിന് കടന്നു പോയത്. അന്ത്യയാത്ര ചൊല്ലാൻ എത്തിയ ജോർജി മേരിയുടെ മകൾ അരുന്ധതിയെ ചുംബിച്ചു ആശ്വസിപ്പിക്കുന്ന രംഗം ആരുടെയും കണ്ണിനെ ഈറനണിയിക്കുന്നതായിരുന്നു. ബുദ്ധിയിലും ശക്തിയിലും മുമ്പിൽ നിന്ന, വേർപാടിൽ വിതുമ്പിയ, ഇങ്ങിനെയൊരു സഹോദരനെ കിട്ടാൻ മേരി വീണ്ടും ജനിക്കണം!